Wednesday, January 25, 2006

കല്‍ക്കട്ട വിളിക്കുന്നു

വടക്കേ അമേരിക്ക (യു. എസ്. എ) യില്‍ സ്ഥിരതാമസമല്ലാത്ത പല ഇന്ത്യാക്കാര്‍ക്കും അമേരിക്കന്‍ ന്യൂസ് എന്നാല്‍ CNN എന്നാണ് ധാരണ. CNN-ന്‍റെ അമേരിക്കന്‍ ന്യൂസ് ഡെസ്ക് വല്ലപ്പോഴുമവതരിപ്പിക്കുന്ന ഇന്ത്യാ വിശേഷങ്ങള്‍ ഏറിയവയും പക്ഷപാതത്തിന്‍റെ കടുത്ത നിറക്കൂട്ടില്‍ ചാലിച്ചതായിരിക്കും. അമേരിക്കന്‍ മാധ്യമങ്ങളുടെ ഈ തോന്നിവാസത്തില്‍ അനല്പമായ അരിശത്തോടെ പ്രതികരിക്കാനും ഈ ചാനലുകളെ ബഹിഷ്കരിക്കാനും ഇത്തലമുറയിലെ അമേരിക്കന്‍വാസികളായ ഇന്ത്യാക്കാര്‍ (ഈയുള്ളവനുള്‍പ്പടെ) ശ്രദ്ധിക്കാറുണ്ട്.

ഈ സാഹചര്യത്തിലാണ് "കേള്‍ക്കാന്‍ കൊള്ളാവുന്ന" മാധ്യമങ്ങളായ Public Broadcasting Service (PBS)-ന്‍റെയും National Public Radio (NPR)-യുടെയും പ്രസക്തി വര്‍ദ്ധിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ സാധാരണഗതിയില്‍ വാര്‍ത്തകള്‍ സ്പിന്‍ ചെയ്യാറില്ല. PBS ഏതാനും മാസങ്ങള്‍ക്കു മുമ്പ് സംപ്രേഷണം ചെയ്ത ഒരു മണിക്കൂര്‍ നീണ്ട അമിതാഭ് ബച്ചനുമായുള്ള അഭിമുഖം ഒരു ഇന്ത്യക്കാന് ലഭിച്ച ഏറ്റവും നല്ല മീഡിയ കവറേജ് ആയിരുന്നു എന്ന് പറയാം. (ഓപ്പറ വിന്‍ഫ്രി ഷോയിലും ഡേവിഡ് ലെറ്റര്‍മാന്‍ ഷോയിലും ഐശ്വര്യാ റായ്-ക്ക് കിട്ടിയ "സ്ലോട്ട്" ഓര്‍ത്തുകൊണ്ട് തന്നെയാണ് ഞാനിതു പറയുന്നത്.)

കല്‍ക്കട്ടയിലെ ഒരു അനാധാലയത്തില്‍ ജനിച്ച്, അമേരിക്കന്‍ ദമ്പതികളാല്‍ ദത്തെടുക്കപ്പെട്ട മൂന്ന് പെണ്‍കുട്ടികള്‍ അവരുടെ വളര്‍ത്തച്ഛന്‍മാരോടും വളര്‍ത്തമ്മമാരോടുമൊപ്പം സ്വന്തം വേരുകള്‍ തേടി ഇന്ത്യയിലെത്തുന്ന കഥയാണ് "കല്‍ക്കട്ട വിളിക്കുന്നു" എന്ന 20 മിനിട്ടുമാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയിലൂടെ PBS അവതരിപ്പിക്കുന്നത്. സ്നേഹസമ്പന്നരായ മാതാപിതാക്കളാല്‍ "വെള്ളക്കാരന്‍റെ സംസ്കാരത്തില്‍" (തെറ്റായ അര്‍ഥത്തിലല്ല) വളര്‍ത്തപ്പെട്ട മൂന്നു പെണ്‍കുട്ടികള്‍ക്കും ചുറ്റുമുള്ള "ബന്ധുക്കളില്‍" നിന്നും തങ്ങള്‍ വ്യത്യസ്ഥരാണെന്ന് എന്നും തോന്നിയിരുന്നു. അവരോരോരുത്തരും തങ്ങളിലെ ഇന്ത്യക്കാരിയെ കണ്ടെത്തുകയാണ് യാത്രയ്ക്കൊടുവില്‍.

വായിക്കുക, കാണുക: http://www.pbs.org/frontlineworld/rough/2006/01/india_calcutta.html

6 പ്രതികരണങ്ങൾ:

 1. ഉമേഷ്::Umesh

  അമേരിക്കൻ ഐക്യനാടുകളിൽ ജനിച്ചുവളർ‍ന്ന പലർ‍ക്കും ലോകം എന്നു പറഞ്ഞാൽ യു. എസ്. എ. എന്നു മാത്രമാണെന്നു തോന്നിയിട്ടുണ്ടു്. അവരുടെ ദേശീയകായികപരിപാടികളിൽ പലതിനെയും അവർ‍ “ലോക ചാമ്പ്യൻഷിപ്പ്” എന്നാണു വിളിക്കാറുള്ളതു്. “ഇൻഡ്യൻസ്” എന്നു പറഞ്ഞാൽ പണ്ടേതോ സായിപ്പൂ തെറ്റി വിളിച്ചു പോയ അവിടത്തെ ആദിവാസികളും.

  അവിടെ താമസിക്കുന്ന ചില മലയാളികൾ‍ക്കെങ്കിലും വടക്കേ അമേരിക്ക എന്നു പറഞ്ഞാൽ യു. എസ്. എ. എന്നാണു തോന്നുന്നതു് എന്നു് ആദ്യവാക്യത്തിൽ നിന്നു മനസ്സിലായി. കാനഡയും മെക്സിക്കോയും മെക്സിക്കോയ്ക്കു തെക്കു കിടക്കുന്ന ചില ഇണ്ട്രിപിണ്ട്രി രാജ്യങ്ങളും വടക്കേ അമേരിക്കയുടെ ഭാഗമല്ല എന്നു വരുമോ?

 2. Reshma

  ഡേവിഡ് ലെറ്റര്‍മാന്‍ ഷോയിൽ ഐശ്വര്യയുടെ അഭിമുഖം കണ്ടിട്ട് ചമ്മലായിരുന്നു തോന്നിയത്.രണ്ടുപേരുടേയും മുൻ‍ധാരണകൾ മാറാതെ ഇഴഞ്ഞു പോയ അഭിമുഖം.ഈ അമേരിക്ക അമേരിക്ക എന്ന് പറഞ്ഞാൽ ഒരു രാജ്യമല്ലെന്ന് എനിക്ക് മനസ്സിലായത് ഒരു കനേഡിയൻ സഹപാഠിയുടെ ദേഷ്യം കണ്ടായിരുന്നു .
  എന്തയാലും ഇവിടത്തെ വിശേഷങ്ങളുമായി വരുന്ന ബ്ലോഗ് നന്നായി :)

 3. സ്വാര്‍ത്ഥന്‍

  ങേ, അമേരിക്ക ഒരു രാജ്യം പോലുമല്ലെന്നോ? എന്നിട്ടാണോ അവര്‍ നമ്മള്‍ ഇന്ത്യാക്കാര്‍ക്കിട്ടും പണിയുന്നത്? ‘കണ്ട്രികള്‍‘...

 4. സിബു::cibu

  എന്റെ(എന്റെ കൂട്ടുകാരുടേയും) കാറിലെ ഡിഫാള്‍ട്ട് റേഡിയോസ്റ്റേഷന്‍ ചിക്കാഗോ പബ്ലിക് റേഡിയോ ആണ്. അത്‌, ലോക്കല്‍ പ്രോഗ്രമ്മുകള്‍ കൂടാതെ, National Public Radio, Public Radio International, BBC എന്നിവയില്‍ നിന്നുള്ള പരിപാടികളും റിലേ ചെയ്യുന്നു. അതില്‍ എനിക്കിഷ്ടമുള്ള പരിപാടികളുടെ കുറച്ചു സെലക്ഷന്‍ ഇതാ:

  അമേരിക്കന്‍ ജീവിതം:
  http://www.thislife.org/

  ആക്റ്റിവിസം:
  http://www.chicagopublicradio.org/programs/worldview/series.asp

  ദിവസേനയുള്ള വാര്‍ത്താപ്രസന്റേഷന്‍:
  http://www.theworld.org/

  എല്ലാറ്റിലും എനിക്കേറ്റവും ഇഷ്ടം വൈകുന്നേരം ആറരയ്ക്കുള്ള മാര്‍ക്കറ്റ് അവലോകനമാണ്:
  http://marketplace.publicradio.org/
  ‘നാളികേരം ക്വിന്റലിന് മുപ്പത്‌രൂപ‘ എന്നല്ലാതെ എങ്ങനെ കച്ചവടത്തെ പറ്റിയുള്ള ഗഹനവും രസകരവും ആയ കാര്യങ്ങള്‍ അവതരിപ്പിക്കാം എന്നതിവിടെ കാണാം. എനിക്കീ പ്രോഗ്രാം ക്രിയേറ്റിവിറ്റിയുടെ അങ്ങേത്തലയാണ്.

  വാണിങ്: കേട്ടുതുടങ്ങിയാല്‍ ബ്ലോഗുപോലെ ഒരു അഡിക്ഷനായിപ്പോവും.

 5. സന്തോഷ്

  ഉമേഷ്: അമേരിക്കന്‍ ഐക്യ നാട് എന്നതിനു പകരം വടക്കേ അമേരിക്ക എന്നെഴുതിയത് തെറ്റുതന്നെ. നോട്ടപ്പിഴയാണ്, ക്ഷമിക്കുക.
  സിബു: താങ്കള്‍ പറയുന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഞാനും എന്‍റെ സുഹൃത്തുക്കളില്‍ പലരും പബ്ളിക് റേഡിയോയുടെ ശ്രോതാക്കളാണ്.
  രേഷ്മ: നന്ദി!

  സസ്നേഹം,
  സന്തോഷ്

 6. മന്‍ജിത്‌ | Manjith

  ഇതിനേക്കാള്‍ വല്യ തമാശ അമേരിക്കന്‍ ഐക്യനാടുകളില്‍ ജനിച്ചു വളര്‍ന്ന ഒരുവന്‍ സി.എന്‍.എന്‍ പോലുള്ള വാര്‍ത്താ ചാനലുകള്‍ പോലും ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ്. ലോകത്തെപ്പറ്റി ഒരു ജ്ഞാനവുമില്ലാത്ത ഇവരാണ് ലോകം നന്നാക്കാനിറങ്ങുന്നത്!
  ഓര്‍മ്മയില്ലേ, നമ്മുടെ ബുഷ് പ്രസിഡന്റാകുന്നതിനു മുന്‍പ് നടന്ന ടെലി സംവാദം. ഒന്നു രണ്ടു ലഘു ചോദ്യങ്ങളിലൂടെ ലോകം മുഴുവന്‍ ബുഷണ്ണന്റെ ലോകവിവരം അന്നു കണ്ടിരുന്നു.
  ചോദ്യം 1: ഇന്ത്യയുടെ പ്രധാനമന്ത്രിയാര്‍?
  ഉത്തരം:അറിയില്ല.
  ചോദ്യം 2: പാക്കിസ്ഥാനില്‍ ഇപ്പോള്‍ ആരാണ്‍ ഭരണം നടത്തുന്നത്.
  ഉത്തരം: അറിയില്ല. പക്ഷേ അവിടെ ഒരു ജനറല്‍ ജനാധിപത്യം പുനസ്ഥാപിച്ചതായി കേട്ടിരുന്നു.
  പോരേ പൂരം മുഷാറഫിന്റെ പട്ടാളം നവാസ് ഷെരീഫിനെ അട്ടിമറിച്ചിരിക്കുമ്പോഴാ ബുഷണ്ണന്റെ ഈ ഉത്തരം.
  തനി പൊട്ടനായ ബുഷിനെ അമേരിക്കക്കാര്‍ രണ്ടു തവണ പ്രസിഡന്റാക്കി.

  അല്പം വിവരമുണ്ടായിരുന്നു എന്നതായിരിക്കാം അല്‍‌ഗോറിന്റെ അയോഗ്യത.

  അല്ല നമ്മുടെ ഇന്ത്യയും ഈ അവസ്ഥയിലേക്കാണോ പോകുന്നത് എന്ന ന്യായമായ സംശയം എനിക്കില്ലാതില്ല.

  കേള്‍ക്കുന്നില്ലേ, ചാനലുകളില്‍ നിറയുന്ന ആ ചോദ്യം.

  ഈ കമന്റ് ആര്‍ക്കുവേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്യുന്നത്?