ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, July 01, 2024

മെറ്റയ്ക്കു പറ്റിയത്

𝑊ℎ𝑒𝑛 𝑀𝑒𝑡𝑎 𝐴𝐼 (𝑚𝑎𝑑𝑒 𝑤𝑖𝑡ℎ 𝐿𝑙𝑎𝑚𝑎 3) ℎ𝑖𝑡 𝐼𝑛𝑑𝑖𝑎:
തെറ്റല്ലയോ ചെയ്തതു? ലാമ മൂപ്പു-
മുറ്റുന്നതിന്മുമ്പതു ചാറ്റിലാക്കി!
പറ്റുന്നതും സൂക്ഷ്മതയാർന്നു വേണം
മെറ്റേടെ 'ഏ ഐ' ഉപയോഗമാക്കാൻ!

(ഇന്ദ്രവജ്ര)

Labels: , ,

Wednesday, September 11, 2019

റെസ്പോൺസിബിൾ AI

(അല്പം നീണ്ട ലേഖനമാണ്. വായിക്കാൻ സമയമില്ലെങ്കിൽ അവസാനത്തെ ഭാഗം മാത്രം ഓടിച്ചുനോക്കിയാലും മതി.)

‘ഓറിയ, നീ എഴുതൂ’ എന്ന പേരിൽ മലയാള മനോരമയിൽ വന്ന കുറിപ്പ് നിങ്ങളിൽ ചിലരെങ്കിലും വായിച്ചുകാണും. സ്ലീബയും ഫാബിനും ചേർന്ന് നിർമ്മിച്ചെടുത്ത, പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ പ്രവർത്തിക്കുന്ന, കവിയും ചിത്രകാരിയുമാണ് ഓറിയ കാത്തി.

മേൽപ്പറഞ്ഞ കുറിപ്പിൽ മനോരമ ലേഖകൻ ജിക്കു വർഗീസ് ജേക്കബ് എഴുത്തിച്ചേർത്ത ഒരു വരിയുണ്ട്:

“ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ മൗലിക കവിത എഴുതാനും ചിത്രം വരയ്ക്കാനും കഴിയുമോ? അങ്ങനെ വരച്ചാൽ സ്വത്തവകാശം ആർക്ക് തുടങ്ങിയ ചോദ്യങ്ങളും ഇവരുടെ ഗവേഷണം ഉയർത്തുന്നു.”

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പൊതുവേ സംശയത്തോടേ വീക്ഷിക്കുന്നവരെ കൂടുതൽ ദോഷൈകദൃക്കുകളാക്കാനേ ഇത്തരം ചോദ്യങ്ങൾ സഹായിക്കുകയുള്ളൂ. Responsible AI എന്നത് AI-യുടെ center of excellence ആയി പരിഗണിക്കപ്പെടുന്ന, മൈക്രോസോഫ്റ്റ് ഉൾപ്പെടേയുള്ള, പല സ്ഥാപനങ്ങൾക്കും ഇന്ന് വെറും ആലങ്കാരികവാക്കുകളല്ല.

ബിസിനസ് സ്റ്റാൻഡേഡിൽ നികിത പുരി എഴുതിയ ‘Being human’ എന്ന ലേഖനത്തിൽ [1, 2] ഇക്കാര്യത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട്. (ലേഖനത്തിന്റെ ഫോക്കസ് വേറേ ആയതുകാരണം Responsible AI-യെപ്പറ്റി ഈ കുറിപ്പിൽ അധികം വിശദീകരിച്ചിട്ടില്ല.)

Responsible AI-യെപ്പറ്റി കുറച്ചുകൂടി വിശദീകരിക്കാനാണ് ഈ കുറിപ്പ്.

മനുഷ്യകുലത്തിന്റെ ചരിത്രത്തിൽ, നമുക്കുവേണ്ടി തീരുമാനങ്ങളെടുക്കുവാൻ കമ്പ്യൂട്ടറുകളെ ചുമതലപ്പെടുത്തിയ ആദ്യതലമുറയാണ് നമ്മുടേത്. ഈ തീരുമാനങ്ങളെല്ലാം കമ്പ്യൂട്ടറുകളെ ഏൽപ്പിക്കുന്നതിനു മുമ്പ് മനുഷ്യർ തന്നെയാണ് കാലാകാലങ്ങളായി എടുത്തിട്ടുള്ളത്. അതിനാൽ തന്നെ, ഇക്കാര്യത്തിൽ കമ്പ്യൂട്ടറുകൾ വീഴ്ചവരുത്തരുത് എന്നത് അടിസ്ഥാനപരമായ ആവശ്യമായിരിക്കുന്നു.

കമ്പ്യൂട്ടറിനെ എങ്ങനെയാണ് നൈതികതയും ധാര്‍മ്മികതയും പഠിപ്പിക്കുക?

ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ, ഏതൊരു AI മോഡലിന്റേയും കൃത്യത (accuracy) ആ മോഡൽ ഉണ്ടാക്കാൻ (train) ഉപയോഗിച്ച data-യെ അനുസരിച്ചിരിക്കും. Data-യിലെ പോരായ്മകളും മുൻ‌വിധികളും (bias) ഉപയോഗങ്ങളിലും ആപ്പുകളിലും കയറിപ്പറ്റും.  മനഃപൂർവ്വമല്ലാതെ കയറിപ്പറ്റുന്ന പക്ഷപാതങ്ങളെ പരമാവധി ഒഴിവാക്കാൻ AI-based decision making applications ചില മാനദണ്ഡങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.

അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് fairness. AI systems should treat all people fairly. നമ്മളോരോരുത്തരുടേയും ഭാവിയെ ബാധിക്കുന്ന രീതിയിലുള്ള തീരുമാനങ്ങൾ എടുക്കാനധികാരമുള്ള ആളുകളിൽത്തന്നെ (human decision makers) fairness കുറഞ്ഞുവരുന്ന കാലത്ത് AI systems-ൽ fairness ഉറപ്പാക്കേണ്ടത് വിശ്വാസ്യതയുടെകൂടി പ്രശ്നമാണ്.  പ്രസിദ്ധമായ COMPAS (Correctional Offender Management Profiling for Alternative Sanctions) recidivism prediction algorithm-ൽ വന്ന പാകപ്പിഴകൾ നമുക്കു മുന്നിലുണ്ട്. COMPAS, അമേരിക്കൻ ഐക്യനാടുകളിലെ  പല കോർട്ടുകളും ഉപയോഗിക്കുന്ന ഒന്നാണ്. After analyzing the model predictions by COMPAS, it was discovered that black defendants were often predicted to be at a higher risk of recidivism than they actually were. Black defendants who did not recidivate over a two-year period were nearly twice as likely to be misclassified as higher risk compared to their white counterparts (45% vs. 24%). White defendants who re-offended within the next two years were mistakenly labeled low risk almost twice as often as black re-offenders (48% vs. 28%).  [Link].

രണ്ടാമത്തേത് inclusiveness ആണ്. AI systems should empower and engage everyone. വാണിജ്യാടിസ്ഥാനത്തിൽ വിൽക്കപ്പെടുന്ന, Microsoft, Face++, IBM എന്നിവർ നിർമ്മിച്ച  face recognition ആപ്ലിക്കേഷനുകളിൽ പോലും നിറം കുറവുള്ള വനിതകളുടെ (females with darker skin color) face recognition കൃത്യത വളരെക്കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. All classifiers performed worst on darker female faces (21%−35% error rate). തൊലിവെളുത്ത ആണുങ്ങളുടെ face recognition-ൽ 0%-1% ആയിരുന്നു error rate. ചുരുക്കത്തിൽ, ഈ സൊഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചയിടങ്ങളിൽ ആഫ്രിക്കൻ-അമേരിക്കൻ വനിതകൾക്ക് വളരെ മോശമായ സേവനമാണ് ലഭ്യമായത്.

Transparency ആണ് അടുത്തത്. AI systems should be understandable. Model Interpretability എന്നത് വളർന്നുവരുന്ന ഒരു Machine Learning ശാഖയാണ്. You should be able to explain why your model made the predictions it did. നിങ്ങൾ ബാങ്ക് ലോണിന് അപേക്ഷിക്കുന്നു എന്നുവയ്ക്കുക. ഓൺലൈൻ അപേക്ഷകൾ പലതും മിനിട്ടിനുള്ളിൽ തന്നെ ഉത്തരം (ലോൺ കിട്ടുമോ ഇല്ലേ) ലഭിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത്തരം ആപ്ലിക്കേഷനുകൾക്കു പിന്നിൽ ഒരു  Machine Learning Model ആണ് തീരുമാനമെടുക്കുന്നത്. നിങ്ങളുടെ ലോൺ അപേക്ഷ ഈ മോഡൽ തള്ളുന്നു എന്നു കരുതുക. എന്തുകൊണ്ടാണ് ലോൺ പാസാവാതെ പോയത് എന്നറിയാൻ നിങ്ങൾക്കു വഴിയുണ്ടോ? പലപ്പോഴും ആ മോഡൽ തയ്യാറാക്കിയ ഡാറ്റാ സയന്റിസ്റ്റിനു പോലും റിസൽട്ട് വ്യാഖ്യാനിക്കാൻ പ്രയാസമായി വരും. അപേക്ഷ തള്ളാൻ കാരണം നിങ്ങളുടെ gender, ethnicity തുടങ്ങിയ കാരണങ്ങൾ വല്ലതുമാണോ? അതോ നിങ്ങളുടെ വാർഷിക വരുമാനം കുറവായതു കൊണ്ടോ? എന്തു പരിഹാരക്രിയ ചെയ്താൽ ലോൺ കിട്ടുമെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? Wolf vs Husky ക്ലാസിഫിക്കേഷൻ പ്രസിദ്ധമാണ്. The model was achieving high accuracy when predicting an animal wolf or a husky. But when model interpretability was used, the reason for classifying a wolf as a wolf was the presence of snow in the pictures. The classifier predicted “Wolf” if there was snow (or light background at the bottom), and “Husky” otherwise, regardless of animal color, position, or pose. In short, instead of a Wolf v Husky classifier, we got a perfect snow detector! കൂടുതൽ വായനയ്ക്ക്: “Why Should I Trust You?” Explaining the Predictions of Any Classifier.

Privacy ആണ് ഇനിയുള്ളത്. AI systems should be secure and respect privacy. Latanya Sweeney, currently a Professor of Government and Technology in Residence at Harvard University, famous for her k-anonimity paper noted that "87% of the U.S. population is uniquely identified by date of birth, gender, postal code." Latanya Sweeney, then a MIT graduate student in computer science, was able to identify the medical records of William Weld (then Massachusetts Governor) in the Massachusetts Group Insurance Commission (GIC) database.

AI സിസ്റ്റങ്ങൾക്ക് വേണ്ടുന്ന ഗുണങ്ങളിലൊന്നാണ് algorithmic accountability. ഇക്കഴിഞ്ഞ മാർച്ചിൽ US Department of Housing and Urban Development വിവേചനമാരോപിച്ച്  ഫേയ്‌സ്‌ബുക്കിനെതിരേ കേസ് കൊടുത്തിരുന്നു.  Fair Housing Act അതിലംഘിച്ചു എന്നതായിരുന്നു ഫേയ്‌സ്‌ബുക്കിനെതിരേയുള്ള ആരോപണം. വീടും അപ്പാർട്ടുമെന്റും മറ്റും പണം കൊടുത്ത് പരസ്യങ്ങൾ ചെയ്യുമ്പോൾ ചില ജാതി/മത/ലിംഗ വിഭാഗങ്ങളെ  ഉൾപ്പെടുത്താനോ ഒഴിവാക്കാനോ ഫേയ്‌സ്‌ബുക്ക് സഹായിക്കുന്നത് വിവേചനപരമാണ് എന്നതായിരുന്നു കേസിന്റെ കാതൽ. ഈ സാഹചര്യത്തിലാണ് US കോൺഗ്രസ് Algorithmic Accountability Act of 2019 അവതരിപ്പിച്ചിരിക്കുന്നത്.

സങ്കീർണ്ണമായ സന്ദർഭങ്ങളുടെ പ്രതലം മാത്രമേ നമ്മൾ കണ്ടുതുടങ്ങിയിട്ടുള്ളൂ. AI Systems-ന്റെ വ്യാപനം നൈതികതയുടെ (ethics) മാത്രം കാര്യമല്ല. അപൂർവ്വമെന്നു പെട്ടെന്നു തോന്നുന്ന ഒരു സാങ്കല്പിക സാഹചര്യം പരിഗണിക്കുക.

നിങ്ങൾ Level-5 automation ഉള്ള കാറിൽ സഞ്ചരിക്കുന്നു (ഇത് അത്ര വിദൂരഭാവിയല്ല). മുന്നിൽ ഒരു സ്ത്രീയും കുട്ടിയും പെട്ടെന്ന് റോഡ് മുറിച്ചു കടക്കുന്നു. ബ്രേയ്ക്ക് ചെയ്താലും അവരെ ഇടിച്ചു തെറിപ്പിക്കാതെ കാർ നിർത്താൻ പറ്റില്ല എന്ന സ്ഥിതി. ലെവൽ-5 automation-ൽ എല്ലാ തീരുമാനങ്ങളും autonomous driving system ആണ് എടുക്കുന്നത് എന്നത് ശ്രദ്ധിക്കുക. ഇവിടെ driving system-നു മുന്നിലുള്ള ഓപ്ഷനുകൾ നോക്കാം.

Assume the AI model is trained to be optimized for the safety of the people involved (driver, passenger[s], pedestrians). ഇതിൽ തന്നെ ആർക്കാണ് കൂടുതൽ പ്രാധാന്യം എന്നു ഒരു ഡ്രൈവറോടു ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? സ്വന്തം സുരക്ഷ ഒന്നാമത്? പാസഞ്ചർ സീറ്റിലിരിക്കുന്ന തന്റെ ഏറ്റവും പ്രിയപ്പെട്ടയാളിന്റെ സുരക്ഷ തന്നേക്കാളും പ്രധാനപ്പെട്ടത്? അറിയാതെ വാഹനത്തിന്റെ മുന്നിൽ വന്നുപെട്ട തന്റെ സ്വന്തം കുട്ടിയുടെ സുരക്ഷ ഏറ്റവും പ്രധാനമായത്?

എന്നാൽ ഈ സാഹചര്യത്തിൽ, ബന്ധങ്ങളെ ഒഴിവാക്കിയാലോ? നിങ്ങൾ ടാക്സിയിലാണ്. മുന്നിൽ നിങ്ങൾക്ക് പരിചയമില്ലാത്ത ഒരു സ്ത്രീയും കുട്ടിയും പെട്ടെന്ന് റോഡ് മുറിച്ചു കടക്കുന്നു. നിർത്താൻ സമയമില്ല. വലതു വശത്തേയ്ക്ക് വെട്ടിച്ചുമാറ്റിയാൽ മുന്നിലുള്ള സ്ത്രീയേയും കുട്ടിയേയും രക്ഷിക്കാം. പക്ഷേ, വലതു വശത്ത് വലിയൊരു കന്മതിലാണ്. അതിലിടിച്ചാൽ യാത്രക്കാരനായ നിങ്ങളുടെ കാര്യം ചിലപ്പോൾ അപകടത്തിലാവും. ഇനി ഇടതുവശത്തേയ്ക്കു വെട്ടിയ്ക്കാമെന്നു വച്ചാലോ അവിടെ നിൽക്കുന്ന മൂന്നു വൃദ്ധന്മാരെ ഇടിച്ചു തെറിപ്പിക്കേണ്ടി വരും. ഈ മാർഗ്ഗത്തിൽ സ്വന്തം സുരക്ഷയും ഉറപ്പല്ല (AI systems do not have this issue). ആരെങ്കിലും മരിക്കാതെ തരമില്ല എന്നു വരുമ്പോൾ, ഡ്രൈവറുടെ ഭാഗത്തു നിന്നു നോക്കിയാൽ ഏതാണ് ശരിയായ തീരുമാനം?

യാത്രികന്റെ സുരക്ഷയാണോ മറ്റു സഹജീവികളുടെ സുരക്ഷയിലും വലുത്? യാത്രക്കാരനായ/യാത്രക്കാരിയായ ഒരാളിന്റെയോ ജീവനാണോ അതോ, പല സമൂഹങ്ങളിലും പരസഹായമർഹിക്കുന്നവർ എന്നു കരുതിപ്പോരുന്ന, രണ്ടുപേരുടെ സംഘമായ സ്ത്രീയുടേയും കുട്ടിയുടേയും ജീവനോ? അതുമല്ലെങ്കിൽ, ജീവിതം ജീവിച്ചുതീർത്തെന്ന് പൊതുവേ കരുതുന്ന മൂന്നു വൃദ്ധജനങ്ങളുടെ ജീവനോ? എണ്ണം കൊണ്ടോ പ്രായം കൊണ്ടോ, ലിംഗവ്യത്യാസം കൊണ്ടോ തീരുമാനിക്കാവുന്നതാണോ ആര് ജീവിക്കണം എന്നത്? ഇത്തരം തീരുമാനങ്ങൾ Machine Learning Model വികസിപ്പിച്ചെടുത്ത/train ചെയ്ത data scientist(s) ആണോ എടുക്കേണ്ടത്? The decisions usually made by states, courts, and other governmental bodies are going to be decided by AI systems.

അതുകൊണ്ടു കൂടിയാണ് നൈതികതയും ധാര്‍മ്മികതയും മുൻനിർത്തിയുള്ള Responsible AI പ്രാരംഭങ്ങൾക്ക് സാംഗത്യമേറുന്നത്.

Labels:

Thursday, December 17, 2009

മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ

വെറും 140 അക്ഷരങ്ങളിൽ താഴെ ജീവിതം വിവരിക്കാനുതകുന്ന റ്റ്വിറ്റർ എന്ന സർവീസിനെ ആർക്കും പരിചയപ്പെടുത്തേണ്ടുന്ന കാര്യമില്ലല്ലോ. എന്നാൽ കേട്ടോളൂ: റ്റ്വിറ്ററിന്‍റെ മലയാള ഭാഷാവിവേചനത്തിൽ പ്രതിഷേധിച്ചു് ബ്ലോഗുകറുപ്പിക്കേണ്ടുന്ന നേരമായി. എന്താണെന്നോ? 140 അക്ഷരങ്ങൾ എണ്ണിപ്പെറുക്കി മലയാളഭാഷയിൽ റ്റ്വീറ്റു ചെയ്യാൻ ചെന്നു നോക്കൂ. വിവരമറിയും.

140 പോയിട്ടു്, അതിന്‍റെ പകുതി എണ്ണം പോലും അക്ഷരങ്ങളില്ലാത്ത ഒരു വാചകവുമായി റ്റ്വീറ്റാൻ ചെന്നപ്പോൾ റ്റ്വിറ്റർ പറയുകയാണു് ഒരക്ഷരം കൂടുതലാണെന്നു്. ഇതു് പോലീസിനു് എല്ലു കൂടിയതുപോലെയൊന്നുമല്ല. റ്റ്വിറ്റർ പറഞ്ഞാൽ പറഞ്ഞതാണു്. മലയാളികളേ, നമ്മൾ ഇതെങ്ങെനെ സഹിക്കും!

ഹുതാശനശ്ചന്ദനപങ്കശ്ശീതളമായ മനസ്സുകൾക്കുടമകളായ മൂപ്പനേയും മുഗ്ദ്ധസ്സാന്നിദ്ധ്യക്വാണനേയുമ്പോലുള്ള നിരക്ഷരകുക്ഷികളെല്ലാമിക്ഷണമിക്ഷിതിവിട്ടകലേണം.

എന്നതായിരുന്നു റ്റ്വിറ്ററിലൂടെ ഞാൻ ആഹ്വാനം ചെയ്യാൻ ഉദ്ദേശിച്ചതു്. സ്പേയ്സസ് (അകലം), ചില്ലു്, വിരാമ ചിഹ്നം എന്നിവയുൾപ്പടെ വെറും 66 അക്ഷരങ്ങൾ മാത്രമാണു് ഈ വാചകത്തിലുള്ളതു്. എന്നാൽ റ്റ്വിറ്ററിന്‍റെ കണ്ണിൽ ഈ വാചകത്തിൽ 141 ക്യാരക്റ്റേഴ്സ് ഉണ്ടുപോലും. (ചില്ലുകളെ സാധാരണഗതിയിൽ അക്ഷരങ്ങളായി കൂട്ടാറില്ലെങ്കിലും പദപ്രശ്നത്തിൽ ചില്ലിനെ അക്ഷരമാക്കി കണക്കാക്കാറുണ്ടു്.)

എന്താ ഇതിങ്ങിനെ? ലാറ്റിൻ സ്ക്രിപ്റ്റ് ഉപയോഗിക്കുന്ന ഇംഗ്ലീഷുപോലുള്ള ഭാഷകളിൽ ഒരു യൂണികോഡ് ക്യാരക്റ്റർ കോഡ് ഒരു ഗ്ലിഫിനെ പ്രതിനിധാനം ചെയ്യുന്നതിനാൽ 140 അക്ഷരങ്ങളുള്ള വാക്കുകൾക്കും വാചകങ്ങൾക്കും 140 യൂണികോഡ് ക്യാരക്റ്റർ കോഡുകൾ ഉപയോഗിച്ചാൽ മതി. എന്നാൽ, പലപ്പോഴും ഒന്നിലധികം ക്യാരക്റ്ററുകൾ ഉപയോഗിച്ചു് ഒരു ഗ്ലിഫ് നിർമ്മിച്ചെടുക്കുന്ന മലയാളം പോലുള്ള കോം‍പ്ലക്സ് സ്ക്രിപ്റ്റ് ഭാഷകൾക്കു് 140 അക്ഷരമെത്താൻ 200-ഉം 250-ഉം വരെ ക്യാരക്റ്ററുകൾ ഉപയോഗിക്കേണ്ടി വരുന്നു. 66 അക്ഷരങ്ങളുള്ള വാചകമുണ്ടാക്കാൻ 141 യൂണികോഡ് ക്യാരക്റ്റർ കോഡുകൾ ഉപയോഗിക്കേണ്ടി വന്നതാണു് മുഗ്ദ്ധസാന്നിദ്ധ്യക്വാണനുപറ്റിയ തെറ്റു്.

ഉദാഹരണത്തിനു്, മലയാളം പദപ്രശ്നത്തിൽ ഗ്ദ്ധ്യ എന്നത് ഒരു അക്ഷരമായി കണക്കാക്കുമ്പോൾ റ്റ്വിറ്റർ അതിനെ ഏഴക്ഷരമായാണു് എണ്ണുക. ഗ്ദ്ധ്യ എന്ന അക്ഷരമുണ്ടാക്കാൻ ഗ, ്, ദ, ്, ധ, ്, യ എന്നീ ഏഴു യൂണികോഡ് കഥാപാത്രങ്ങൾ രംഗത്തുണ്ടു് എന്നതു തന്നെ കാരണം. ഇതുപോലുള്ള അക്ഷരക്കൂട്ടമങ്ങൊന്നായ് അർത്ഥം ഭേദിച്ചിടുംപടിയോ അല്ലാതെയോ ഉപയോഗിക്കുന്ന മലയാളികളെയാണു് റ്റ്വിറ്ററിന്‍റെ അക്ഷരമെണ്ണൽ വെട്ടിലാക്കുന്നതു്.

ചുരുക്കത്തിൽ, ഓരോ റ്റ്വീറ്റുകളിലും 140 ക്യാരക്റ്റർ അനിവദനീയമാണെങ്കിലും, സാധാരണമലയാളിയ്ക്കു് 50-നും 80-നും ഇടയ്ക്കു അക്ഷരങ്ങൾ മാത്രമേ ഒരു റ്റ്വീറ്റിൽ കൊള്ളിക്കാനാവുന്നുള്ളൂ. അതായതു്, ലാറ്റിൻ സ്ക്രിപ്റ്റ് ഉപയോഗിക്കുന്നവർ ഒരു പ്രാവശ്യം റ്റ്വീറ്റു ചെയ്യുന്നിടത്തു്, കോം‍പ്ലക്സ് സ്ക്രിപ്റ്റ് ഉപയോഗിക്കുന്നവർ രണ്ടോ അതിലധികമോ റ്റ്വീറ്റുകൾ ചെയ്യേണ്ടി വരുന്നു. ചില നേരത്തു് (ഇബ്രുവല്ല) എഴുതാനുള്ളതു മുഴുവൻ എഴുതാനാവാതെ വല്ലാത്ത ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന മലയാളി റ്റ്വിറ്റർ ഉപഭോക്താക്കളുടെ എണ്ണം ചില്ലറയല്ല.



(ചിത്രം: ആദിത്യന്‍റെ റ്റ്വീറ്റ്)

ഒരു റ്റ്വീറ്റിൽ പറയാനുള്ള വക പല റ്റ്വീറ്റിലാക്കേണ്ടി വരുമ്പോൾ തന്നെ പറയാനുള്ളതിന്‍റെ പഞ്ഛ് നഷ്ടപ്പെടും. മുമ്പെഴുതിയതിന്‍റെ ബാക്കിയാണു് രണ്ടാമതെഴുതിയത് എന്ന ആമുഖത്തോടെ രണ്ടാമത്തെ റ്റ്വീറ്റ് തുടങ്ങാമെന്നുവച്ചാൽ ആമുഖം പകുതിയിലേറെ സ്ഥലമപഹരിക്കും. ഇതു് ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അവഗണനയല്ലെങ്കിൽ പിന്നെയെന്താണു്?

ഈ ‘കീഴാളൻ’ മനോഭാവം റ്റ്വിറ്ററിൽ മാത്രം ഒതുങ്ങുന്നില്ല. വിൻഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തിൽ ഡയറക്റ്ററികളുണ്ടാക്കാൻ 260 ക്യാരക്റ്റേഴ്സിനു പകരം മലയാളിക്കു ലഭിക്കുന്നതു് 150-ൽപ്പരം അക്ഷരങ്ങൾ മാത്രം. വിൻഡോസിലെ മറ്റുപല ആപ്ലികേയ്ഷനുകളിലും ഫയൽ പേരുകൾക്കും മറ്റും ക്യാരക്റ്റർ പരിധിയുണ്ടു്. എന്തിനു്, ഡൊമൈൻ പേരുകൾക്കുള്ള 63 ക്യാരക്റ്റർ ലിമിറ്റുപോലും മലയാളിക്കു് സ്വന്തമാക്കണമെങ്കിൽ കൂട്ടക്ഷരങ്ങളോ സ്വരചിഹ്നങ്ങളോ ഉപയോഗിക്കാതെ വേണം എന്നതാണു് അവസ്ഥ.

മൈക്രോസോഫ്റ്റ് വേഡ് പോലുള്ള സോഫ്റ്റ്‍വെയറുകൾ അക്ഷരങ്ങളുടെ എണ്ണം തെറ്റായി പറയുന്നതും പ്രശ്നമാണു്. അക്ഷരങ്ങളുടെ എണ്ണത്തിൽ കൃത്യതവേണ്ടുന്ന ഒന്നാണല്ലോ ശ്ലോകനിർമ്മാണം. സമവൃത്തങ്ങളിലുള്ള ശ്ലോകങ്ങളിൽ വരികളിലെ എണ്ണം തുല്യമാവേണ്ടതുണ്ടു്. ഒരു വരിയിൽ വെറും 11 അക്ഷരങ്ങൾ വേണ്ടുന്ന രഥോദ്ധതവൃത്തത്തിലെ ഈ ശ്ലോകത്തിനു് (കുത്തും കോമയുമുൾപ്പടെ 58 അക്ഷരങ്ങൾ) 108 അക്ഷരങ്ങളുണ്ടെന്നാണു് മൈക്രോസോഫ്റ്റ് വേഡ് പറയുന്നതു്. കുറേക്കൂടി പ്രാവർത്തികമായി ചിന്തിച്ചാൽ, മത്സരപ്പരീക്ഷയ്ക്കോ മറ്റോ 1000 അക്ഷരത്തിൽ കുറയാതെ ലേഖനം എഴുതുക എന്ന നിബന്ധനയുണ്ടെന്നു വിചാരിക്കുക. വേഡിൽ എഴുതുന്ന ലേഖനത്തിലെ അക്ഷരങ്ങളുടെ എണ്ണം സ്വയം എണ്ണിനോക്കേണ്ടുന്ന ഗതികേടു വരുന്നു.

ഇക്കാര്യം അധികം പ്രയാസമില്ലാതെ പരിഹരിക്കാവുന്നതേയുള്ളൂ. ക്യാരക്റ്റർ എണ്ണുന്നതിനു പകരം ഖ്ലസ്റ്ററുകൾ എണ്ണുക. ക്യാരക്റ്ററുകളെ സം‌യോജിപ്പിച്ചോ [combined] അടുക്കിയോ [stacked] ഉണ്ടാക്കിയെടുക്കുന്ന ഗ്ലിഫിനെയാണു് ഖ്ലസ്റ്റർ എന്നു വിളിക്കുന്നതു്. ഇപ്പോൾത്തെന്നെ, വിഘടിക്കാനാവാത്ത ഖ്ലസ്റ്ററുകളെ (indivisible clusters) വിൻഡോസ് ആപ്ലികേയ്ഷനുകളെല്ലാം ഒരു entity ആയാണു് കണക്കാക്കുന്നതു്. നോട്പാടിലും വേഡിലും മറ്റും ഇത്തരം ഖ്ലസ്റ്ററുകൾ ഒരുമിച്ചാണു് സെലക്റ്റ് ആവുന്നതു്. Arrow keys ഉപയോഗിച്ചു് navigate ചെയ്താൽ, ഒരു ഖ്ലസ്റ്റർ ചാടിക്കടക്കാൻ ഒരു ഖഴ്സർ നീക്കം (cursor move) മതി. അതായതു്, മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ എന്നെഴുതിയിട്ടു് arrow keys ഉപയോഗിച്ചു് മു മുതൽ ൻ വരെ എത്തിപ്പെടാൻ എട്ടുതവണ ഖഴ്സർ നീക്കിയാൽ മതി. മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ എന്ന വാക്കിനു് 24 അക്ഷരമുണ്ടെന്നതിനു പകരം 8 ഖ്ലസ്റ്റേഴ്സ് ഉണ്ടെന്നു പറഞ്ഞാൽ അതു് മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ എന്ന വാക്കിലെ അക്ഷരങ്ങളുടെ എണ്ണമായി നമുക്കു് കണക്കാക്കാവുന്നതേയുള്ളൂ. (ഈ ഉച്ചാരണമൊക്കെ ശരിയാണോ ഭഗവാനേ! കർമ്മഫലം, അല്ലാതെന്തു്?)

വൃത്തസഹായി അക്ഷരങ്ങളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നുണ്ടു് എന്നതു് അത്ഭുതത്തിനു് വകനൽകേണ്ടുന്ന കാര്യമല്ല. വേഡ് ഒഴികെയുള്ള എഡിറ്റിംഗ് സോഫ്റ്റ്‍വെയറുകൾ ഈ പ്രശ്നം എങ്ങനെയാണു് പരിഹരിച്ചിരിക്കുന്നതു് എന്നറിയാൻ താല്പര്യമുണ്ടു്.

(മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ ഈ പോസ്റ്റിന്‍റെ ഐശ്വര്യം.)

Labels: , ,

Thursday, November 05, 2009

മൈക്രോസോഫ്റ്റിന്‍റെ ‘ന്‍റ’

ശ്രീ. സന്തോഷ് തോട്ടിങ്ങലിന്‍റെ പേരുവച്ചു് നവംബർ മാസം ജനപഥത്തിൽ അച്ചടിച്ചുവന്ന യൂണികോഡ്: മലയാളത്തിന് സംഭവിക്കുന്നതെന്ത്? എന്ന ലേഖനത്തിലെ വളരെച്ചെറിയ ഒരു ഖണ്ഡികയാണു് ഈ പോസ്റ്റിനു് ആധാരം.



ലേഖനത്തിന്‍റെ മറ്റുഭാഗങ്ങളെപ്പറ്റി അഭിപ്രായം പറയാതെ ഇക്കാര്യം മാത്രം പറയുന്നതു് ഈ ഖണ്ഡികയിൽ മൈക്രോസോഫ്റ്റ് വിരോധം മൂലം സംഭവിച്ചുപോയ ചില തെറ്റുകൾ ചൂണ്ടിക്കാട്ടാനാണു്. (കുത്തക ഫോണ്ട്, മോശപ്പെട്ട ഫോണ്ട്, മൈക്രോസോഫ്റ്റ് പ്രതിനിധികൾ, എന്നൊക്കെ പെരുപ്പിച്ചു് പറഞ്ഞു് വായനക്കാരനെ ഇക്കിളിയിടാൻ ലേഖനം ഉപകരിക്കുന്നുണ്ടു് എന്നു മാത്രം പറഞ്ഞു വയ്ക്കുന്നു.)

ഒന്നാമതു്, കാർത്തിക ഫോണ്ടുപയോഗിച്ചു് ന്‍റ എന്നെഴുതിയാൽ ന്റ എന്നേ കാണുള്ളൂ എന്നതു് തെറ്റു്. അറ്റോമിക് ചില്ലിനു മുമ്പുള്ള (ലേഖകൻ പറയുന്ന 5.1 പതിപ്പിനു മുമ്പുള്ള) ഈ സ്ക്രീന്‍ ഷോട്ട് നോക്കുക.



രണ്ടാമതു്, പ്രസ്തുത യൂണികോഡ് മീറ്റിംഗിൽ മൈക്രോസോഫ്റ്റ് ‘പ്രതിനിധികൾ’ ഉണ്ടായിരുന്നില്ല. മൈക്രോസോഫ്റ്റിനെ പ്രതിനിധീകരിച്ചു് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മൂന്നാമതു്, “അവരുടെ ഫോണ്ട് നിലവിൽ ന്‍റ എന്നെഴുതിയാൽ ന്റ എന്നു കാണിക്കുന്നതുകൊണ്ടു്” എന്ന നിരീക്ഷണം ശരിയല്ല (എന്നു് മുകളിൽ കണ്ടതാണല്ലോ).

നാലാമതു്, മുകളിൽപ്പറഞ്ഞ പ്രകാരം മൈക്രോസോഫ്റ്റ് പ്രതിനിധികൾ ആവശ്യപ്പെടുകയും യൂണികോഡ് അതങ്ങു് അംഗീകരിക്കുകയും ചെയ്തതല്ല. [എഡിറ്റ്: ഇനി പറയുന്ന വാചകം ശരിയല്ല. യൂണികോഡ് മീറ്റിംഗില്‍ വോട്ടെടുപ്പു് ഉണ്ടായിട്ടില്ല. സമവായത്തിലൂടെയാണു് തീരുമാനമായതു്.] ഒന്നിനെതിരേ മൂന്നു വോട്ടുകൾക്കാണു് ൻ + ് + റ എന്നതു് അംഗീകരിക്കപ്പെട്ടതു്. അതിൽത്തന്നെ ആദ്യ രണ്ടു വോട്ടുകൾ മൈക്രോസോഫ്റ്റിന്‍റേതായിരുന്നില്ല.

അഞ്ചാമതു്, “എന്നാണു് അറിയാന്‍ കഴിഞ്ഞതു്” എന്നതു് രസകരമായ രക്ഷാകവാടമാണു്. അതായതു് “ഞാൻ അന്വേഷിച്ചുമനസ്സിലാക്കിയിടത്തോളം” എന്നു് വായനക്കാർ അനുമാനിക്കുക. “അന്വേഷിക്കാതെ ഊഹിച്ചിടത്തോളം” എന്നു് അനുമാനിക്കാതിരിക്കുക.

പത്തു വാചകങ്ങൾ പോലും തികച്ചില്ലാത്ത ഒരു ഖണ്ഡികയിലാണു് നാലോളം ഫാക്ച്വൽ തകരാറുകൾ നിറഞ്ഞു നിൽക്കുന്നതു്. ഇപ്പറഞ്ഞ യൂണികോഡ് മീറ്റിംഗിൽ പങ്കെടുത്തിട്ടൊന്നുമല്ല ഞാനും ഇക്കാര്യം എഴുതി വിടുന്നതു്. എന്നാൽ എനിക്കു് “ആധികാരികമായി അറിയാൻ കഴിഞ്ഞതു്” ഇപ്രകാരമാണു്.

(കുറിപ്പു്: ഞാൻ മൈക്രോസോഫ്റ്റ് ജീവനക്കാരനല്ല; മൈക്രോസോഫ്റ്റിനെ പ്രതിനിധാനം ചെയ്യുന്നുമില്ല.)

Labels: , ,

Wednesday, November 05, 2008

വിഷ്വല്‍ സ്റ്റുഡിയോ മലയാളം CLIP

വിഷ്വല്‍ സ്റ്റുഡിയോ 2008 മലയാളം റ്റൂള്‍റ്റിപുകള്‍ കാണിക്കാനുതകുന്ന ക്യാപ്ഷന്‍സ് ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് (CLIP) പുറത്തിറങ്ങി. ഒന്നാം വേര്‍ഷനില്‍ ഭാഗികമായ ലോകലൈസേയ്ഷന്‍ ആണു് ലഭ്യമാവുക. വിദ്യാര്‍ത്ഥികളേയും സോഫ്റ്റ്‍വെയര്‍ ഡെവലപ്മെന്‍റ് തുടങ്ങുന്നവരേയും ഉദ്ദേശിച്ചുള്ളതാണു് ഈ പായ്ക്ക്. വിഷ്വല്‍ സ്റ്റുഡിയോയുടെ പൂര്‍ണ്ണമായ ഭാഷാ വേര്‍ഷന്‍ ലഭ്യമാക്കുന്നതിന്‍റെ മുന്നോടിയായി CLIP-നെ കാണാം.

സെന്‍റ്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിലെ ഒരു സംഘമാണു് മലയാളം ലോകലൈസേയ്ഷന്‍ സാക്ഷാത്കരിച്ചതു്. ഈ പായ്ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡു ചെയ്യാം.

Labels: ,

Tuesday, August 26, 2008

റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറം

വിന്‍ഡോസ് ലൈവ്, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വാക്കുകള്‍ക്കു വേണ്ടി സ്വീകരിച്ചിരിക്കുന്ന മലയാള പദങ്ങള്‍ അനുയോജ്യമായവയാണോ എന്നു് നിങ്ങളുടെ അഭിപ്രായമാരായുന്നു.

നിങ്ങള്‍ ചെയ്യേണ്ടതു് ഇത്രമാത്രം:

  1. വിന്‍‍ഡോസ് ലൈവിന്‍റെ റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറം സൈറ്റ് സന്ദര്‍ശിച്ചു് നിങ്ങളുടെ ഹോട്മെയിലോ മറ്റേതെങ്കിലും ലൈവ്-ഐഡിയോ (ജി-മെയില്‍, യാഹൂ മെയില്‍ എന്നിവ ലൈവ് ഐഡി ആയി ഉപയോഗിക്കാം) ഉപയോഗിച്ചു് ലോഗിന്‍ ചെയ്യുക.
  2. ഗ്ലോസറി എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക.
  3. നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ Suggest Translation or Vote എന്ന ലിങ്കില്‍ ക്ലിക്കു ചെയ്തു്, റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അവ സമര്‍പ്പിക്കാം.
മലയാളത്തിനു പുറമേ, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, തമിഴു്, തെലുങ്കു് എന്നീ ഭാഷകളിലും ഇത്തരം വിന്‍‍ഡോസ് ലൈവിന്‍റെ റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറങ്ങളുണ്ടു്.

Labels: ,

Monday, June 23, 2008

മലയാളമെഴുതാന്‍ കീമാന്‍ വെബും

റ്റെക്നികല്‍ കാര്യങ്ങള്‍ എന്തെങ്കിലും ഒരു വരി എഴുതിപ്പോയാല്‍ ഇരുപതു ശതമാനം വായനക്കാരെ (അതായതു് ഒരാള്‍!) നഷ്ടമാവുമെന്നു കൂട്ടിയാല്‍ മതി എന്നു നല്ലപാതി നിര്‍ദ്ദേശിച്ചതനുസരിച്ചാണു് ഈയിടെയായി ഞാന്‍ ആ ദിശയിലേയ്ക്കു തിരിയാത്തതു്. ഉമേഷ് എഴുതിയ കമന്‍റിടാന്‍ ഒരു പുതിയ വഴി എന്ന ലേഖനം വായിച്ചപ്പോള്‍ കമന്‍റായി പറഞ്ഞതിനു പുറമേ, ഇത്രയും കൂടി പറഞ്ഞുവയ്ക്കണമെന്നു തോന്നി.

റ്റ്രാന്‍സ്‍ലിറ്ററേഷന്‍ കീബോഡുകള്‍ക്കു് ഇന്നിക്കാണുന്ന ‘ജനപ്രീതി’ കിട്ടാനുള്ള ഒരു കാരണം റ്റവള്‍റ്റുസോഫ്റ്റ് എന്ന കമ്പനിയുടെ കീമാന്‍ എന്ന ഉല്പന്നമാണു്. ഈ അടുത്തകാലത്തു് വെബ്-മാത്രമായ ഒരു കീമാന്‍ വേര്‍ഷന്‍ റ്റവള്‍റ്റുസോഫ്റ്റ് ലഭ്യമാക്കുകയുണ്ടായി. മലയാളമുള്‍പ്പടെ നാനൂറോളം ഭാഷകള്‍ ഇങ്ങനെ വെബ് ഇന്‍റര്‍ഫേയ്സിലൂടെ ഇപ്പോള്‍ കീമാന്‍ വെബ് എന്ന പേരില്‍ ലഭ്യമാണു്.

കീമാന്‍ വെബിന്‍റെ ബീറ്റ ആര്‍ക്കും സൌജന്യമായി ഉപയോഗിക്കാവുന്ന തരത്തില്‍ ഇവിടെ ലഭിക്കും. നിങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ഒരു മലയാളം കീബോഡ് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടതു് ഇത്രമാത്രം:

  1. ആദ്യമായി ഇവിടെ ചെന്നു് പേരും നാളുമൊക്കെ കൊടുത്തു് ഒരു പുതിയ അകൌണ്ട് തുടങ്ങുക.
  2. അതുകഴിഞ്ഞു്, നിങ്ങളുടെ ഈ-മെയിലിലേയ്ക്കു വരുന്ന ഓഥറൈസേയ്ഷന്‍ കോഡ് ഉപയോഗിച്ചു് നിങ്ങളുടെ സൈറ്റിനുവേണ്ടി കീബോഡ് സംസ്ഥാപിക്കുക.
  3. മലയാളത്തില്‍ മൂന്നുതരം കീബോഡുകള്‍ കീമാന്‍ വെബില്‍ ഉണ്ടു് (Mozhi, Inscript, ISIS). നിങ്ങള്‍ക്കനുയോജ്യമായതു തെരഞ്ഞെടുക്കുക.
  4. കീബോഡിന്‍റെ പ്രദര്‍ശനം തുടങ്ങിയ മറ്റു സെറ്റിംഗുകള്‍ തീരുമാനിക്കുക.
  5. കീമാന്‍ വെബ് തരുന്ന HTML കോഡ്/ജാവാസ്ക്രിപ്റ്റ് കോപി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ കൂട്ടിച്ചേര്‍ക്കുക.
  6. ഇത്രയുമായാല്‍ പിന്നെ നിങ്ങളുടെ ബ്ലോഗിലുള്ള റ്റെക്സ്റ്റ് ഏരിയയ്ക്കടുത്തു് കീമാന്‍ ബട്ടണ്‍ പ്രത്യക്ഷപ്പെടുകയായി.
  7. ഇനി തീരുമാനിക്കേണ്ടതു് ഇത് ഫലപ്രദമായി എങ്ങനെ ബ്ലോഗ്സ്പോട്ട് ബ്ലോഗുകളില്‍ ഉപയോഗിക്കാം എന്നതാണു്. കമന്‍റുകള്‍ ബ്ലോഗര്‍ എന്ന ഡൊമൈന്‍ വഴിയാണു് സ്വീകരിക്കുന്നതെന്നതിനാലും, സാധാരണ ബ്ലോഗ്പോസ്റ്റുകളില്‍ റ്റെക്സ്റ്റ് ഏരിയ (textarea) ഉണ്ടാവില്ല എന്നതിനാലും ഈ സം‌യോജനം ശ്രമകരമാണു്. രണ്ടുവഴികള്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു:
    • ഒരു പോസ്റ്റില്‍, കമന്‍റെഴുതാന്‍ തക്ക വലിപ്പത്തില്‍ ഒരു റ്റെക്സ്റ്റ് ഏരിയ ഉണ്ടാക്കി (താഴെക്കാണുന്ന വിധം), ആ പോസ്റ്റ് കമന്‍റെഴുതാനുള്ളവര്‍ക്കു് എളുപ്പം കാണത്തക്ക വിധം ബ്ലോഗില്‍ സ്ഥിരം ലിങ്കായി സ്ഥാപിക്കുക.
    • കമന്‍റെഴുതാന്‍ തക്ക വലിപ്പത്തില്‍ ഒരു റ്റെക്സ്റ്റ് ഏരിയ ഒരു പുതിയ പേയ്ജ് എലമെന്‍റായി ബ്ലോഗില്‍ ചേര്‍ക്കുക. ഇതായിരിക്കും കമന്‍റെഴുത്തുകാര്‍ക്കു് കൂടുതല്‍ സൌകര്യപ്രദമായ മാര്‍ഗ്ഗം.
  8. പിന്നെ, ഇതുപോലുള്ള മുട്ടുപോക്കു ന്യായങ്ങള്‍ക്കു് ഇടമില്ലാതാവും!
കീമാന്‍ വെബ് ഉപയോഗിക്കുന്ന ഉദാഹരണം (താഴെക്കാണുന്ന റ്റെക്സ്റ്റ് ഏരിയയില്‍ ക്ലിക് ചെയ്യുമ്പോള്‍ അതിന്‍റെ വലതുവശത്തു് കീമാന്‍ വെബ് ബട്ടണുകള്‍ തെളിയുന്നതു് ശ്രദ്ധിക്കുക:



റ്റെക്സ്റ്റ് ഏരിയയില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന കീമാന്‍ വെബ് ബട്ടണുകളില്‍ കീബോഡ് ബട്ടണ്‍ ക്ലിക് ചെയ്യുക. അപ്പോള്‍ ഇത്തരം ഒരു കീബോഡ് പ്രത്യക്ഷമാവും. (ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു് മൈക്രോസോഫ്റ്റിന്‍റെ മലയാളം കീബോഡ് ഉപയോഗിക്കുന്നവര്‍ക്കു പരിചിതമായ Inscript കീബോഡാണു്. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം റ്റവള്‍റ്റുസോഫ്റ്റ് മൊഴി കീബോഡുകൂടി ചേര്‍ത്തിട്ടുണ്ടു്.)



ബാക്കിയുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ ഷിഫ്റ്റ് ക്ലിക് ചെയ്താല്‍ മതി.



(സ്പഷ്ടമാക്കല്‍: റ്റവള്‍റ്റുസോഫ്റ്റിന്‍റെ ഒരു എക്സിക്യൂട്ടീവുമായി സംസാരിക്കാനും അദ്ദേഹം നല്‍കിയ ഡെമോ കാണാനും എനിക്കു് അവസരമുണ്ടായിട്ടുണ്ടു്. അതല്ലാതെ റ്റവള്‍റ്റുസോഫ്റ്റുമായി മറ്റു ബിസിനസ് ബന്ധമോ കീമാന്‍ വെബിനോടു് പ്രത്യേകാഭിമുഖ്യമോ എനിക്കില്ല.)

ജൂണ്‍ 25: ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം റ്റവള്‍റ്റുസോഫ്റ്റിന്‍റെ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അവസരമുണ്ടായി. അവര്‍ മലയാളത്തിനു വേണ്ടി മൊഴി കീബോഡു കൂടി ലഭ്യമാക്കിയിട്ടുണ്ടു്. ഈ പോസ്റ്റിലെ റ്റെക്സ്റ്റ് ഏരിയ ഇപ്പോള്‍ മൊഴി കീബോഡാണു് ഉപയോഗിക്കുന്നതു്.

Labels: , ,

Tuesday, June 10, 2008

സാധനങ്ങളുടെ കഥ

ഇരുപത്തയ്യായിരവും അതിനുമേലേയും രൂപ കൊടുത്തു് ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുന്ന സുഹൃത്തുക്കളും ബന്ധുക്കളുമുള്ള എനിക്ക് നൂറു ഡോളറില്‍ കൂടുതല്‍ തുക നല്‍കി യു. എസ്. ഏ-യില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ ഒരു സുഹൃത്തിനെ കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അതെ, നിങ്ങള്‍ ഊഹിച്ചതുതന്നെ: എനിക്ക്‌ നേരിട്ടറിയാവുന്ന ഏക ഐഫോണ്‍ ഉടമ തന്നെയാണു് ഈ മാന്യ വ്യക്തി.

നാനൂറ്റി തൊണ്ണൂറ്റൊമ്പതു് ഡോളറും റ്റാക്സും എണ്ണിക്കൊടുത്തു്, രണ്ടുവര്‍ഷത്തെ ഉടമ്പടിയും ഒപ്പുവച്ചു്, കഷ്ടി ഒരു വര്‍ഷം മുമ്പു് ഐഫോണ്‍ ഒന്നാം വേര്‍ഷന്‍ സ്വന്തമാക്കിയവനു്, വമ്പിച്ച വിലക്കുറവില്‍ (വെറും നൂറ്റി തൊണ്ണൂറ്റി ഒമ്പതു ഡോളര്‍ മാത്രം) 3G, GPS തുടങ്ങിയ ‘ആധുനിക’ സങ്കേതങ്ങളുമായി ഇറങ്ങുന്ന രണ്ടാം പതിപ്പിന്‍റെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സങ്കടവും ദേഷ്യവുമൊക്കെ ഒന്നിച്ചു തോന്നേണ്ടതാണു്. എന്നാല്‍ ആപ്പിളിന്‍റെ ഫാന്‍ബോയ് ആയ സുഹൃത്തിനാണെങ്കിലോ, ഇതും ആഘോഷനിമിഷം!

ഈ വാര്‍ത്തയ്ക്കിടയില്‍ പ്രസ്താവ്യമായ സംഗതിയെന്താണുണ്ടായതെന്നുവച്ചാല്‍, ‘സാധനങ്ങളുടെ കഥ’ (The Story of Stuff) ഒന്നുകൂടി കാണാന്‍ തരമായി. തിരക്കേറിയ ജീവിതമാണെന്നറിയാം. എന്നാലും ഇരുപതുമിനിറ്റു് മാറ്റിവച്ചു് ഇതൊന്നു കണ്ടുനോക്കൂ.

Labels: ,

Tuesday, April 29, 2008

അക്കക്രമീകരണം മലയാളത്തില്‍

ഓഫീസില്‍ നിന്നിറങ്ങാറാവുമ്പോള്‍ വീട്ടില്‍ നിന്നും ഫോണ്‍ വിളി വന്നാല്‍ ഒന്നുറപ്പിക്കാം: ഇന്നും ഇന്ത്യന്‍ സ്റ്റോറില്‍ നിന്നും എന്തോ വാങ്ങാനുണ്ടു്!

“എന്താ?” ഞാന്‍ സ്നേഹത്തോടെ ആരായും.
“തിരിച്ചു വരുന്ന വഴിയ്ക്കു് ഇന്ത്യന്‍ സ്റ്റോറില്‍ ഒന്നു കേറാമോ?”
“തീര്‍ച്ചയായും. ഇന്നു കണ്ടില്ലല്ലോ എന്നു് കടക്കാരനു തോന്നരുതല്ലോ!”
“ഓ, തമാശ കളഞ്ഞിട്ടു് ഇതൊന്നു എഴുതി എടുക്കൂ.”
“പറഞ്ഞോളൂ...”

സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ സാധനത്തിലൊതുങ്ങുന്ന ലിസ്റ്റു് നീണ്ടു നീണ്ടു പോകുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു: “അതൊരു മെയിലായിട്ടു് അയച്ചു തന്നാല്‍ മതി.”

മലയാളത്തില്‍ വന്ന ലിസ്റ്റിന്‍റെ നീളം കണ്ടു് ഒന്നു ഞെട്ടിയ ശേഷം, മൊത്തം എത്ര സാധനം ഉണ്ടെന്നറിയാന്‍ ലിസ്റ്റെടുത്തു് വേഡിലിട്ടൂ് ഓട്ടോമാറ്റിക് നമ്പറിംഗ് (സ്വയപ്രേരിത അക്കക്രമീകരണം?) ഇട്ടു നോക്കി. ഒന്നും രണ്ടുമല്ല, 11 ഐറ്റംസ്‌!

ലിസ്റ്റു കണ്ടപ്പോഴാണു് പലപ്പോഴും തോന്നിയിട്ടുള്ള, എന്നാല്‍ ഇതുവരെ ശ്രദ്ധിക്കാന്‍ സമയം കിട്ടാതിരുന്ന, ഒരു കാര്യം ശ്രദ്ധിച്ചതു്: മലയാളം ലിസ്റ്റായിരുന്നിട്ടു കൂടി അക്കക്രമീകരണത്തിനു് അറബിക് അക്കങ്ങള്‍ (1, 2, 3, തുടങ്ങിയവ) ആണു് ഉപയോഗിച്ചിരിക്കുന്നതു്.



എന്തായിരിക്കും ഇതിന്‍റെ കാരണം? ഒരു പക്ഷേ, ഇതു് വേഡിന്‍റെ ലീലാവിലാസമാവാമെന്നു ശങ്കിച്ചു്, പണ്ടു ചെയ്തതുപോലെ വേഡിന്‍റെ കീബോഡ് മലയാളമാക്കി നോക്കി.



എന്നിട്ടുണ്ടോ വല്ല മാറ്റവും?

ഈ പരീക്ഷണത്തില്‍ നിന്നും അക്കക്രമീകരണത്തിനുപയോഗിക്കുന്ന അക്കങ്ങള്‍ ഏതുരീതിയിലുള്ളതാവണമെന്ന തീരുമാനത്തില്‍ വേഡിനു വലിയ പങ്കില്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ പിന്നെ ഇതു നിയന്ത്രിക്കുന്നതു് വിന്‍ഡോസ് തന്നെയാവും. “നമുക്കു കണ്ടുപിടിക്കാം” എന്ന പഴയ മൂന്നാം ക്ലാസ് സയന്‍സ് പുസ്തകത്തിലെ വാചകം വീണ്ടും ഓര്‍ത്തു. എന്നാല്‍ പിന്നെ, കണ്ടുപിടിച്ചു കളയാം.

വിന്‍‍ഡോസില്‍, യൂസര്‍ ലൊകായ്ല്‍ (user locale) സെറ്റിംഗ് ആണു് സമയത്തിനും തീയതിക്കും അക്കക്രമീകരണങ്ങള്‍ക്കും നാണയമൂല്യത്തിനും മറ്റും മറ്റും എന്തൊക്കെ രീതികള്‍ ഉപയോഗിക്കണം എന്നു തീരുമാനിക്കുന്നതു്.

The user locale determines which default settings a user wants to use for formatting dates, times, currency, and large numbers. The user locale is not the language. The only influence the user locale has on the language is on the names of the days and months. For example, if you use the long date format to display "November 25, 1998," the "November" string will change based on the user locale.

- MSDN KB Article

ആഹാ! അപ്പോള്‍ അവനാണു വില്ലന്‍. എന്നാല്‍ പിന്നെ യൂസര്‍ ലൊകായ്ല്‍ മാറ്റി നോക്കാം എന്നു കരുതിയതും, ഫോണ്‍ വന്നല്ലോ!

“ഹലോ കടയിലെത്തിയോ? ഒരു സാധനം കൂടി വാങ്ങാനുണ്ടു്.”
“അതേ, ഞാന്‍ കുറച്ചു കഴിഞ്ഞേ ഇറങ്ങുകയുള്ളൂ. കടയിലെത്തുമ്പോള്‍ വിളിക്കാം.”
“ഉടനേ ഇറങ്ങുന്നെന്നു പറഞ്ഞതാണല്ലോ. ആശാരിപ്പണിയാണോ?”
“ഹേയ് അല്ല. കസ്റ്റമര്‍ എസ്കലേയ്ഷന്‍ കേയ്സാണു്. വീപി ഇന്‍‍വോള്‍വ്ഡ്, ഹൈ വിസിബിലിറ്റി.”
“ഇന്നു വരുന്നില്ലേ?”
“കോണ്‍ഫറന്‍സ് കോള്‍ നടക്കുന്നു. എന്നാലും ഞാന്‍ പെട്ടെന്നു് ഇറങ്ങാന്‍ നോക്കാം!”

അങ്ങനെ, സംഭാഷണം ഒരു വഴിക്കാക്കി, ഞാന്‍ വീണ്ടും സ്വയപ്രേരിത അക്കക്രമീകരണം മലയാളത്തിലാക്കാനുള്ള പ്രവൃത്തി തുടര്‍ന്നു.

Control Panel തുറന്നു്, Clock, Language, and Region എന്ന വിഭാഗത്തില്‍ നിന്നും Change Keyboards or other input methods എന്ന ലിങ്കില്‍ ക്ലിക് ചെയ്തു. അപ്പോള്‍ Regional and Language Options എന്ന ഡയലോഗ് പൊന്തി വന്നു. നേരേ Formats എന്ന റ്റാബിലേയ്ക്കു വിട്ടു. അവിടെ Current format ആയി ഉണ്ടായിരുന്ന English (United States) മാറ്റി Malayalam (India) ആക്കി.

(വിന്‍‍ഡോസ് XP ആണു് ഉപയോഗിക്കുന്നതെങ്കില്‍, Control Panel-ല്‍ നിന്നും Regional and Language Options എടുക്കുക. Regional Options റ്റാബില്‍ ഫോര്‍മാറ്റ് Malayalam (India) ആക്കുക.)



അതിനു ശേഷം വീണ്ടും പഴയ ലിസ്റ്റു നോക്കാന്‍ ചെന്നു. ഒരു വ്യത്യാസവുമില്ല!



ശ്ശെടാ, ഇതെന്തൊരു മറിമായം? അപ്പോഴാണു് മറ്റൊരു സൂത്രപ്പണിയെപ്പറ്റി ഓര്‍മ്മ വന്നതു്. ഒരു ചെറിയ കാര്യം കൂടി ചെയ്യാനുണ്ടു്. വീണ്ടും Regional and Language Options ഡയലോഗ് എടുത്തു് Formats റ്റാബിലേയ്ക്കു പോയി. അവിടെ ഇപ്പോള്‍ Current format Malayalam (India) ആണു്. ഈ ഡയലോഗിലുള്ള Customize this format... എന്ന ബട്ടണ്‍ അമര്‍ത്തി. തുടര്‍ന്നു വന്ന ഡയലോഗില്‍ Numbers റ്റാബില്‍ Use native digits എന്നതിന്‍റെ സെറ്റിംഗ് Never എന്നതില്‍ നിന്നും National എന്നാക്കി മാറ്റി.



വീണ്ടും പഴയ ലിസ്റ്റിലേയ്ക്കു്. ഹായ്, ഹായ്!



ഓട്ടോമാറ്റിക് നമ്പരുകള്‍ മാത്രമല്ല, സകല അക്കങ്ങളും മാറ്റി വേഡ് പ്രത്യക്ഷമായിരിക്കുന്നു. ചിത്രത്തില്‍ നോക്കിയാല്‍, ഫോണ്ട് വലിപ്പം, പേയ്ജ് എണ്ണം, വാക്കുകളുടെ എണ്ണം, സൂം ശതമാനം, ഡോക്യുമെന്‍റിന്‍റെ പേരിലെ അക്കം എന്നിവയെല്ലാം മലയാളത്തിലായതായി കാണാം. വെളുക്കാന്‍ തേച്ചതു പാണ്ടായതു പോലെ. ഈ മാറ്റം നടത്തിയാല്‍, വേഡു മാത്രമല്ല, അക്കങ്ങള്‍ കാണിക്കുന്ന മിക്ക പ്രോഗ്രാമുകളും സകല അക്കങ്ങളും ഈ രീതിയില്‍ പ്രദര്‍ശിപ്പിക്കും. ശ്രമിച്ചു നോക്കൂ!

(പിന്‍‍കുറിപ്പു്: ഈ പരീക്ഷണം നടത്തിയതിന്‍റെ ഫലമായാണു് ഞാന്‍ ഈ ബഗ്ഗ് ശ്രദ്ധിക്കുന്നതു്.)

Labels: , ,

Monday, April 21, 2008

കഥ പറയുന്ന മറുപടികള്‍

ജെ. ലളിതാംബിക ഐ. എ. എസ്-നെക്കുറിച്ചു് ഞാനൊരു കഥ കേട്ടിട്ടുണ്ടു്. പ്രീ-ഡിഗ്രിക്കു സഹപാഠിയായിരുന്ന ഒരു ഐ. എ. എസ് മോഹിയാണു് ഈ കഥ എന്നോടു പറഞ്ഞതു്.

ഐ. എ. എസ് ഇന്‍റര്‍വ്യൂവില്‍ ബോഡ് മെംബര്‍മാരിലൊരാള്‍ ലളിതാംബികയോടു് ജി. ശങ്കരക്കുറുപ്പിന്‍റെ ഒരു കവിത ചൊല്ലാമോ എന്നു ചോദിച്ചത്രേ. അതിനു മറുപടിയായി ലളിതാംബിക “ജി. ശങ്കരക്കുറുപ്പിന്‍റെ ഏതു കവിത വേണം?” എന്നു ചോദിച്ചുവെന്നും ബോഡ് മെംബര്‍ ആവശ്യപ്പെട്ട കവിത തന്നെ ചൊല്ലിക്കേള്‍പ്പിച്ചെന്നുമാണു് കഥ. (കഥയില്‍ സത്യമുണ്ടെന്നു് ഇവിടെ പറയുന്നു.)

ജി. ശങ്കരക്കുറുപ്പിന്‍റെ സകല കവിതകളും മനഃപാഠമായതിനാലാണു് ജെ. ലളിതാംബിക അങ്ങനെയൊരു മറുചോദ്യമെറിഞ്ഞതെന്നു് ഞാന്‍ വിശ്വസിക്കുന്നില്ല. ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണു് ഇത്തരത്തിലുള്ള മറു ചോദ്യങ്ങള്‍. അതുവഴി ചോദ്യകര്‍ത്താവിനെ (പലപ്പോഴും താനുദ്ദേശിക്കുന്ന) മറ്റൊരു പാതയിലേയ്ക്കു് നയിക്കാന്‍ ഉദ്യോഗാര്‍ത്ഥിക്കാവും. ആത്മവിശ്വാസത്തിലുപരി, തദ്വിഷയത്തില്‍ സമീപകാലത്തു നടന്ന സംഭവമോ സംഭവങ്ങളോ സൂചിതവിഷയങ്ങളാക്കുന്നതു് ഉദ്യോഗാര്‍ത്ഥിയുടെ വിഷയത്തിലുള്ള താല്പര്യത്തെ കാണിക്കാന്‍ സഹായിക്കുകയും ചെയ്യും.

ആത്മവിശ്വാസവും ധാര്‍ഷ്ട്യവും തമ്മിലുള്ള അന്തരം പലപ്പോഴും വളരെ നേര്‍ത്തതാകയാല്‍ ഇങ്ങനെയുള്ള മറുപടികള്‍ പറഞ്ഞാല്‍ ജോലി കിട്ടാതിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നു കരുതി‍ ആത്മവിശ്വസം പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങളില്‍ പോലും അത് അടക്കിവയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ടു്. എന്നാലും ഉദ്യോഗാര്‍ത്ഥികള്‍ ഇങ്ങനെ ആത്മവിശ്വാസം കാട്ടുന്നതു് എനിക്കിഷ്ടമാണു്. വര്‍ഷങ്ങള്‍ക്കു മുമ്പു് ഒരു ഇന്‍റര്‍വ്യൂവില്‍ ഞാന്‍ ഒരു ഉദ്യോഗാര്‍ത്ഥിയോടു ചോദിച്ചു: “What are the advantages of DLL Surrogates?”

“Would you like me to start with the advantages or shall I take a stab at the disadvantages first?” എന്ന മറുപടി എനിക്കിഷ്ടമായി. DLL Surrogates ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ടു് MSDN മാഗസിനില്‍ ഒരു ലേഖനം വന്നിട്ടു് അധികനാളായിരുന്നില്ല എന്നതാണു് ഈ മറുപടിയുടെ പിന്നിലെ കഥ.

ഓഫീസ് ലൈവ് റ്റീമിലേയ്ക്കു് എന്നെ ഇന്‍റര്‍വ്യൂ ചെയ്ത ഗ്വിനെത് മാര്‍ഷല്‍ എന്നോടു ചോദിച്ച ചോദ്യങ്ങളിലൊന്നിതാണു്: “What can you tell me about the Turkish-i?”

Sometimes, you've just got to say, “I don't give a flying %#@& about the Turkish 'i' today!” എന്നൊക്കെ മിനി-മൈക്രോസോഫ്റ്റ് പറയുമെങ്കിലും, വഴിയേ പോകുന്ന ആരെങ്കിലും റ്റര്‍ക്കിക്കോഴിയെപ്പറ്റി പറഞ്ഞാലും അതു് Turkish-i-യെപ്പറ്റിയാണോ എന്നു് ഇന്‍റര്‍നാഷണലൈസേയ്ഷനില്‍ ജോലി ചെയ്യുന്ന ആരും സംശയിക്കുക സ്വാഭാവികം. അങ്ങനെയാണു് ഈ വാര്‍ത്ത ഞാന്‍ വായിക്കുന്നതു തന്നെ.

[...] instead of writing the word “sıkısınca” he wrote “sikisince.” Ramazan wanted to write “You change the topic every time you run out of arguments” (sounds familiar enough) but what Emine read was, “You change the topic every time they are f***ing you” (sounds familiar too.)

സെല്‍ഫോണ്‍ SMS സോഫ്റ്റ്‍വെയറില്‍ Turkish-i ഇല്ലാതെ പോയതുമൂലമുണ്ടായ ദുരന്തം!

ഇനിയാരെങ്കിലും എന്നോടു് “What can you tell me about the Turkish-i?” എന്നു ചോദിച്ചാല്‍, ആ ജോലി കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഞാന്‍ പറയാന്‍ പോകുന്ന മറുപടി ഇതാവും: “I know it can kill people.”

Labels:

Friday, April 11, 2008

ബ്ലോഗര്‍ കമന്‍റ് ഫോളോ അപ്

ബ്ലോഗറിലേയ്ക്കു/ഗൂഗിളിലേയ്ക്കു ലോഗിന്‍ ചെയ്യാതെ കമന്‍റിടാനെത്തിയാല്‍ നിങ്ങള്‍ക്കു് ഫോളോ അപ് ഈ-മെയിലിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കില്ല. പലരും ഇതിനു പ്രതിവിധിയായി ആദ്യം Google/Blogger ഐഡന്‍റിറ്റി ഉപയോഗിച്ചു് ഒരു കമന്‍റിടുകയും പിന്നീടു് ഈ-മെയിലില്‍ കമന്‍റുകള്‍ കിട്ടാനുള്ള ചെക്ബോക്സ് ചെക്കു ചെയ്തുകൊണ്ടു് രണ്ടാമതൊരു ‘ശൂന്യകമന്‍റ്’ ഇടുകയും ചെയ്യുന്നു.

ഇങ്ങനെ രണ്ടു കമന്‍റുകള്‍ ഒഴിവാക്കാനായി ഇത്തരം അവസരത്തില്‍ ഞാന്‍ ചെയ്യുന്നതു് ഇതാണു്:

കമന്‍റ് റ്റൈപ്പു ചെയ്ത ശേഷം പബ്ലിഷ് ചെയ്യുന്നതിനു പകരം പ്രിവ്യൂ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ക്കു് കമന്‍റ് പ്രിവ്യൂ ദൃശ്യമാവും.



ഇപ്പോള്‍ പബ്ലിഷ് അമര്‍ത്തുന്നതിനു പകരം, പഴയ കമന്‍റു വിന്‍ഡോ നോക്കിയാല്‍ നിങ്ങള്‍ ലോഗിന്‍ ആയതായിക്കാണാം. ഇനി, ഈ-മെയില്‍ ഫോളോ അപിനുള്ള ചെക്ബോക്സ് ചെക്കു ചെയ്ത ശേഷം കമന്‍റ് പബ്ലിഷ് ചെയ്യാം.



എന്നാല്‍ പിന്നെ, ഒരു ഈ-മെയില്‍ ഫീല്‍ഡുകൂടി ഈ യൂസര്‍ ഇന്‍റര്‍ഫേയ്സില്‍ ഉള്‍പ്പെടുത്തിക്കൂടേ എന്നു ചോദിക്കുന്നവരുണ്ടാവാം. ഈ പ്രശ്നം, പക്ഷേ, ഏവര്‍ക്കും സ്വീകാര്യമായ രീതിയില്‍ പരിഹരിക്കുന്നതു് ശ്രമകരമാണു്.

Labels: , ,

Wednesday, February 27, 2008

സ്കോബിളിനെ കരയിച്ച റ്റെലസ്കോപ്

മുന്നറിയിപ്പു്: ഇന്നു് റ്റെക്നോളജിയുടെ ദിവസമാണെന്നു് തോന്നുന്നു. ഈ പോസ്റ്റും റ്റെക്നോളജിയെക്കുറിച്ചു തന്നെ. വിന്‍ഡോസ് സെര്‍വെര്‍ 2008, SQL സെര്‍വെര്‍ 2008, വിഷ്വല്‍ സ്റ്റുഡിയോ 2008 എന്നിവ റിലീസ് ചെയ്തതു് ഇന്നാണെങ്കിലും ഈ കുറിപ്പു് അതേപ്പറ്റിയല്ല.

റോബര്‍ട് സ്കോബിള്‍ 2006 ജൂണ്‍ വരെ MDSN ചാനല്‍-9-ന്‍റെ ചുമതലക്കാരനായിരുന്നു. മൈക്രോസോഫ്റ്റ് റ്റീമംഗങ്ങളേയും പുതിയ ഫീച്ചറുകളേയും ഡിവലപ്പര്‍ സമൂഹത്തിനു് പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയൊരു പങ്കു് വഹിച്ചിട്ടുണ്ടു്. പോഡ്റ്റെക് എന്ന കമ്പനിയില്‍ വി. പി. ആയി ജോലിമാറിയ ശേഷം, മൈക്രോസോഫ്റ്റിനെ ഭള്ളു പറയുക എന്നതായി ഇദ്ദേഹത്തിന്‍റെ പ്രധാനവിനോദം. ഈ ക്രൂരവിമര്‍ശനങ്ങള്‍ (1, 2) ചിലപ്പോഴെങ്കിലും അസ്ഥാനത്തോ അടിസ്ഥാന രഹിതമോ അല്ല എന്നതും സത്യമാണു്‌!

മൈക്രോസോഫ്റ്റ് റിസര്‍ച് ഇപ്പോഴും സ്കോബിളിന്‍റെ ഒരു സോഫ്റ്റ് കോര്‍ണര്‍ ആണെന്നു് നിസ്സംശയം പറയാം. റിസര്‍ച് ബില്‍ഡിംഗിനെപ്പറ്റി അദ്ദേഹം ചെയ്ത ഫോട്ടോ സ്റ്റോറിയും അന്നു തന്നെ അദ്ദേഹം എഴുതിയ ‘റിസര്‍ചേഴ്സ് എന്നെ കരയിച്ചു’ എന്ന ബ്ലോഗു പോസ്റ്റും ഇതിനുദാഹരണങ്ങളാണു്.

രണ്ടാഴ്ചയ്ക്കു മുമ്പു് തന്‍റെ ബ്ലോഗില്‍ സ്കോബിള്‍ ഇങ്ങനെ എഴുതി:

Curtis Wong and Jonathan Fay, researchers at Microsoft, fired up their machines and showed me something that I can’t tell you about until February 27th. I’m sure you’ll read about his work in the New York Times or TechCrunch, among other places. It’s too inspiring to stay a secret for long.

While watching the demo I realized the way I look at the world was about to change. While listening to Wong I noticed a tear running down my face. It’s been a long while since Microsoft did something that had an emotional impact on me like that.
സ്കോബിള്‍ പ്രവചിച്ചതു പോലെ റ്റെക്‍ക്രഞ്ച് അതൊരു കഥയാക്കി! പക്ഷേ, സ്കോബിള്‍ കണ്ടതു് എന്തായിരിക്കുമെന്നതു് ഊഹിക്കാന്‍ മാത്രമേ അവര്‍ക്കും കഴിഞ്ഞുള്ളൂ. ആദ്യകഥയ്ക്കു് ‘പഞ്ച്’ പോരെന്നു് തോന്നിയപ്പോള്‍ റ്റെക്‍ക്രഞ്ച് മറ്റൊരു കഥ മെനഞ്ഞു. അവരുടെ പുതിയ കഥ ചൂണ്ടിയതു് ഈ പേയ്ജിലേയ്ക്കാണെന്നു് മാത്രം.

മൈക്രോസോഫ്റ്റ് റിസര്‍ച് ജനറല്‍ മാനേയ്ജര്‍ കെവിന്‍ സ്കോഫീല്‍ഡ് പ്രതികരിച്ചു:

As is generally known, Scoble recently switched companies and is now working on a new offering for Fast Company. As part of that, he asked if he could come up and visit Microsoft Research's new building to record a segment on Microsoft's initiatives to make our workplace environment even better, cooler, and more conducive to enjoyable work. [...] I said ok.

As an aside, he mentioned that he'd heard rumors about our new research project and asked if he could see it as long as he was in town visiting us [...].

We said sure, but you can't talk about it [...]. Scoble agreed [...].

So we showed it to him and he loved it. I personally did not see him cry, but I was standing off to the side at the time and might have missed a tear or two. :-)
അപ്പോള്‍ എന്താണു് സ്കോബിളിനെ കരയിച്ച സംഗതി?

അതത്രേ വേള്‍ഡ് വൈഡ് റ്റെലസ്കോപ്. ഭൂമിലും ബഹിരാകാശത്തും സ്ഥാപിച്ചിട്ടുള്ള റ്റെലസ്കോപുകളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു് പ്രദര്‍ശിപ്പിക്കുന്ന ഒരു വിര്‍ച്വല്‍ റ്റെലസ്കോപ് ആണു് WWT. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ടു്.

ഇതായിരുന്നോ ആനക്കാര്യം എന്നു് അത്ഭുതപ്പെടുന്നവര്‍ക്കായി, ഈ ആപ്ലിക്കേയ്ഷന്‍ തന്നെ കരയിച്ചതെന്തുകൊണ്ടു് എന്നു് സ്കോബിള്‍ പറയുന്നതും കൂടി വായിക്കുക.

ഏപ്രില്‍ 11-നു് കൂട്ടിച്ചേര്‍ത്തതു്:
സ്കോബിള്‍ അവതരിപ്പിക്കുന്ന ഈ ഡെമോ കാണുക:

Labels: ,

ആറു തത്വങ്ങള്‍

പുതിയ കാര്യങ്ങള്‍ (സെര്‍വീസുകള്‍, പ്രോഡക്റ്റുകള്‍) ഉണ്ടാക്കുമ്പോള്‍ ചെയ്യേണ്ടുന്ന ആറു തത്വങ്ങളെക്കുറിച്ചു് പോള്‍ ഗ്രഹാം (1, 2) ഇങ്ങനെ പറയുന്നു (വിവര്‍ത്തനം മൂലം സത്ത നഷ്ടപ്പെടാതിരിക്കാന്‍ പോളിന്‍റെ ലേഖനത്തിലേതു് അപ്പടി പകര്‍ത്തുകയാണു്):

... find (a) simple solutions (b) to overlooked problems (c) that actually need to be solved, and (d) deliver them as informally as possible, (e) starting with a very crude version 1, then (f) iterating rapidly.

സോഫ്റ്റ്‍വെയര്‍ + സെര്‍വീസെസ് (S+S) കാലത്തേയ്ക്കു് പുരോഗമിക്കുന്ന കമ്പ്യൂട്ടര്‍ യുഗത്തിനു് ഈ തത്വങ്ങള്‍ വഴിവിളക്കാവുമെന്നതില്‍ സംശയം വേണ്ട.

(1996-ല്‍ ആദ്യത്തെ വെബ് ആപ്ലിക്കേയ്ഷനായ Viaweb നിര്‍മ്മിച്ചവരില്‍ ഒരാളാണു് പോള്‍ ഗ്രഹാം. പ്രോഗ്രാമര്‍, എഴുത്തുകാരന്‍, പ്രോഗ്രാമിംഗ് ലാംഗ്വേയ്ജ് ഡിസൈനര്‍ എന്നീ രംഗങ്ങളില്‍ പേരെടുത്തയാള്‍. 2002-ല്‍ പ്രസിദ്ധപ്പെടുത്തിയ A Plan for Spam സ്വയം പഠിക്കുന്ന സ്പാം ഫില്‍റ്ററിംഗിലെ വേദമാണു്. പോള്‍ ഇപ്പോള്‍ ആര്‍ക് എന്ന പുതിയ പ്രോഗ്രാമിംഗ് ലാംഗ്വേയ്ജിന്‍റെ പണിപ്പുരയിലാണു്.)

Labels: ,

Tuesday, January 29, 2008

മൈക്രോസോഫ്റ്റ് വേഡും ചില്ലും

മൈക്രോസോഫ്റ്റ് വേഡില്‍ ചില്ലക്ഷരങ്ങള്‍ നേരേ ചൊവ്വേ കാണുന്നില്ല എന്ന പരാതി വളരെക്കാലം മുമ്പേ കേട്ടുതുടങ്ങിയതാണ്. വേഡുപയോഗിക്കുമ്പോള്‍ ചില ‘അപാകതകള്‍’ ഉള്ളതായി മലയാളം എഴുതിത്തുടങ്ങിയ നാളുകളില്‍ തന്നെ തോന്നിയിരുന്നതിനാല്‍, ഞാന്‍ നോട്പാഡ് ആണ് എഡിറ്ററായി ഉപയോഗിച്ചു വന്നത്. അതു മാത്രമല്ല, ആദ്യകാലത്ത് റ്റ്രാന്‍സ്‍ലിറ്ററേയ്ഷന്‍ പ്രോഗ്രാമുകള്‍ അധികം ഉപയോഗിക്കാതിരുന്നതിനാല്‍ വേഡില്‍ പോലും ചില്ലുപ്രശ്നം എന്നെ ബാധിച്ചിരുന്നില്ല. പിന്നീട്, കീമാന്‍, കീമാപ് എന്നീ പ്രോഗ്രാമുകള്‍ ഉപയോഗിച്ചുതുടങ്ങിയപ്പോളാണ് പരാതികളില്‍ കഴമ്പുണ്ടല്ലോ എന്നു മനസ്സിലായത്.

എന്താണ് പ്രശ്നം?
റ്റ്രാന്‍സ്ലിറ്ററേഷന്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുമ്പോള്‍ വേഡ് 2003-യിലും വേഡ് 2007-ലും മലയാളം ചില്ലുകള്‍ എഴുതാന്‍ പറ്റുന്നില്ല. ചില്ലുകളിലുള്ള ZWJ ഉപേക്ഷിച്ച രൂപമാണ് വേഡില്‍ പ്രത്യക്ഷമാവുന്നത്. ഉദാഹരണത്തിന്, അവന്‍ എന്നെഴുതുമ്പോള്‍ അവന് എന്ന് കാണുന്നു. കാര്‍ കാറ് ആയും, നമ്മള്‍ നമ്മള് ആയുമേ വേഡില്‍ തെളിയുന്നുള്ളൂ.

എന്നാല്‍ ചില ഓഫീസ് പ്രോഗ്രാമുകളില്‍ (ഉദാ: എക്സല്‍) ഈ പ്രശ്നമില്ലാതെ ചില്ലുകള്‍ കാണുന്നുണ്ടു താനും.

(വിശദാംശങ്ങളില്‍ താല്പര്യമില്ലാത്തവര്‍ എന്താണ് പരിഹാരം? എന്ന ഭാഗം മുതല്‍ തുടര്‍ന്നു വായിക്കുക.)

വേഡിന്‍റെ കുരുത്തക്കേടിനു കാരണമന്വേഷിച്ചിറങ്ങിയ ഞാന്‍ എത്തിപ്പെട്ടത് സിയാദ് ഖാലിദി, സോംബാത് ലീസറപോങ് എന്ന രണ്ട് ഓഫീസ് പുലികളുടെ മുന്നിലായിരുന്നു. ഓഫീസ് 2003, ഓഫീസ് 2007 എന്നീ സ്യൂറ്റുകളിലെ വേഡ് ഉള്‍പ്പടെയുള്ള ചില ആപ്ലിക്കേയ്ഷനുകള്‍ കീമാന്‍, കീമാപ് തുടങ്ങിയ ഥേഡ് പാര്‍ട്ടി ഇന്‍പുട്ട് മെഥേഡ് എഡിറ്ററുകളുമായി ഉപയോഗിക്കുമ്പോള്‍ ചില്ലുകള്‍ ഉണ്ടാവുന്നില്ല എന്ന കാര്യം ഞാന്‍ ഈ മഹാന്മാരെ അറിയിച്ചു. മാത്രമല്ല, അടുത്ത ഓഫീസ് വേര്‍ഷനിലും (ഓഫീസ് 14) ഈ പ്രശ്നം നിലനില്‍കുന്നു എന്നും ഞാന്‍ ഇവരോട് പറഞ്ഞു.

എന്താണ് കാരണം?
രണ്ടു ദിവസം കഴിഞ്ഞ് എനിക്ക് ഒരു മെയില്‍ കിട്ടി. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ IME-യുടെ പ്രശ്നങ്ങളാണ്.

അതുകൊള്ളാമല്ലോ. പക്ഷേ, അങ്ങനെ പറഞ്ഞ് കൈ കഴുകരുതെന്നും ഇപ്പറഞ്ഞത് IME-യുടെ പ്രശ്നം തന്നെയാണെന്നത് എന്നെ ബോധ്യപ്പെടുത്തണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചു. അങ്ങനെ, സിയാദും സോബാതും എന്നെ അവരുടെ ഓഫീസിലേയ്ക്ക് ക്ഷണിച്ചു.

‘ഞാന്‍’ എന്ന വാക്ക് കീമാന്‍ ഉപയോഗിച്ച് എഴുതുമ്പോള്‍ (njAn) കീമാന്‍ അയയ്ക്കുന്ന വിന്‍ഡോസ് മെസ്സേജുകള്‍ അവര്‍ എനിക്ക് കാട്ടിത്തന്നു:



കീമാന്‍ ചെയ്യുന്നത് നോക്കൂ. വിന്‍ഡോസ് മെസ്സേയ്ജുകള്‍ കൊണ്ട് ഒരു കള്ളക്കളി തന്നെ. n കഴിഞ്ഞ് j അമര്‍ത്തുന്നതോടു കൂടി അദ്ദേഹം തുരുതുരാ VK_BACK മെസ്സേയ്ജുകള്‍ അയയ്ക്കുകയായി. എന്നു മാത്രമോ, WM_KEYDOWN, WM_CHAR, WM_KEYUP എന്നീ രീതിയിലല്ല മെസ്സേയ്ജുകള്‍ വേഡിന് കിട്ടുന്നത്. സാധാരണ ഗതിയില്‍, WM_KEYDOWN, WM_KEYUP മെസ്സേയ്ജുകള്‍ WM_CHAR ഇല്ലാതെ ആപ്ലിക്കേയ്ഷനു കിട്ടാറുണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ IME ചെയ്യുന്നത്, WM_IME* മെസ്സേയ്ജുകള്‍ ഒപ്പമയച്ച്, ഈ മെസ്സേയ്ജുകള്‍ ഉറവെടുക്കുന്നത് ഒരു IME-യില്‍ നിന്നാണെന്ന് എഡിറ്ററെ അറിയിക്കുകയാണ്.

എഴുതുന്നത് IME ഉപയോഗിച്ചാണെന്ന് വേഡ് അറിയേണ്ട കാര്യമുണ്ടോ? ഒരു എഡിറ്ററായതിനാല്‍ സ്പെല്‍ ചെക്കര്‍, ഗ്രാമര്‍ തുടങ്ങിയ ഭാഷപരമായ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി ഓരോ ക്യാരക്റ്ററിന്‍റെ പോലും ഭാഷ ഏതെന്ന് വേഡ് ഓര്‍ത്തുവയ്ക്കുന്നു. ഇവിടെ IME ചെയ്യുന്നത് ഒരു ഹാക് ആണെങ്കിലും വര്‍ക് ചെയ്യുന്നുണ്ട്. നമ്മുടെ പ്രശ്നം, പക്ഷേ, ചില്ലുകള്‍ കാണുന്നില്ല എന്നതാണ്. എന്തുകൊണ്ടാണ് ചില്ലുകള്‍ കാണാത്തത്? വേഡ് വിചാരിച്ചിരിക്കുന്നത് നാം ഇപ്പോഴും ഇംഗ്ലീഷിലാണെഴുതുന്നതെന്നാണ്. അങ്ങനെയല്ല എന്നു കരുതാന്‍ വേണ്ടിയുള്ള വിവരം IME വേഡിനു നല്‍കുന്നില്ല. അതിനാല്‍ ചില്ലുണ്ടാവാന്‍ അവശ്യം വേണ്ട ZWJ-യെ (ആണവ ചില്ല് നിലവില്‍ വരുന്നതു വരെ) വേഡ് വിസ്മരിക്കുന്നു. വേഡിനെ സംബന്ധിച്ചിടത്തോളം, ഡോക്യുമെന്‍റ് ഇപ്പോഴും ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് ഭാഷയിലെഴുതുമ്പോള്‍ ZWJ വേണ്ടല്ലോ.



ക്യാരക്റ്ററുകളുടേയും വാക്കുകളുടെയും ഭാഷ സൂക്ഷിക്കാത്ത ഓഫീസ് പ്രോഗ്രാമുകള്‍ ZWJ, ZWNJ തുടങ്ങിയവയെ വിസ്മരിക്കാത്തതിനാല്‍ അങ്ങനെയുള്ള പ്രോഗ്രാമുകളില്‍ ചില്ലുകള്‍ കാണുന്നതിന് വിഷമമില്ല.

എന്താണ് പരിഹാരം?
എന്തുകൊണ്ടാണ് വേഡ് ചില്ല് കാണിക്കാത്തത് എന്നറിഞ്ഞപ്പോള്‍ അതിന്‍റെ പരിഹാരവും എളുപ്പമായി. ഉപയോഗിക്കുന്ന കീബോഡ് മലയാളത്തിലാക്കുക. അല്ലെങ്കില്‍ നാം മലയാളം കീബോഡ് ഉപയോഗിക്കുന്നു എന്ന് വേഡിനെ അറിയിക്കുക. അപ്പോള്‍ വേഡ് ZWJ, ZWNJ എന്നിവയെ മറക്കില്ല. അതിനാല്‍ വേഡില്‍ മലയാളം എഴുതുന്നവര്‍ ഇങ്ങനെ ചെയ്യുക:

൧. മലയാളം കീബോഡ് ഇന്‍സ്റ്റോള്‍ ചെയ്യുക: Windows XP-യില്‍ എങ്ങനെ മലയാളം കീബോഡ് ഇന്‍സ്റ്റോള്‍ ചെയ്യാം എന്നത് ഈ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. വിന്‍ഡോസ് വിസ്തയാണ് ഉപയോഗിക്കുന്നതെങ്കില്‍, Control Panel-ല്‍ നിന്നും Regional and Language Option എടുക്കുക. Keyboards and Languages എന്ന റ്റാബിലേയ്ക്കു പോകുക. അവിടെ Change keyboards എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ Text Services and Input Languages എന്ന ഡയലോഗിലെത്തും. അവിടെ Add ബട്ടണ്‍ അമര്‍ത്തുക. Add Input Language എന്ന ലിസ്റ്റില്‍ നിന്നും Malayalam (India) എന്നതില്‍ അമര്‍ത്തുക. പിന്നീട് Keyboard എന്നതില്‍ നിന്നും Malayalam തിരഞ്ഞെടുത്ത ശേഷം OK അമര്‍ത്തുക. തുറന്നിരിക്കുന്ന എല്ലാ ഡയലോഗുകളും അടയ്ക്കുക.

൨. വേഡ് തുറക്കുക. എന്നിട്ട് നിങ്ങളുടെ കീബോഡ് മലയാളമാക്കുക.



൩. വേഡില്‍ കീബോഡ് മലയാളമാണെന്ന് ഉറപ്പുവരുത്തിയ ശേഷം njAn എന്ന് IME ഉപയോഗിച്ച് എഴുതി നോക്കൂ:



പ്രശ്ന പരിഹാരമായില്ലേ? ഒരു വിധം, എന്നാണുത്തരം. ഈ രീതി അവലംബിച്ചാലും ചിലപ്പോള്‍ ഒരു വരിയില്‍ ഒന്നില്‍ കൂടുതല്‍ ചില്ലക്ഷരങ്ങളുള്ള വാക്കുകളെഴുതിയാല്‍ ആദ്യത്തേതൊഴികെ ഒന്നും ശരിയായി വരുന്നില്ല എന്നു കാണാം. അതിന് താഴെപ്പറയുന്ന ഒരു മാര്‍ഗ്ഗമേ ഞാന്‍ കാണുന്നുള്ളൂ:

൪. IME ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍, കീമാനും കീമാപിനും പകരം IME ഡോക്യുമെന്‍റേയ്ഷന്‍ അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള മൈക്രോസോഫ്റ്റ് ഫൊണറ്റിക് ഇന്‍പുട്ട് റ്റൂള്‍ ഉപയോഗിക്കുക. കീമാന്‍, കീമാപ് എന്നിവയോട് വളരെ സമാനമാണ് ഈ റ്റൂളിലെ റ്റ്രാന്‍സ്‍ലിറ്ററേയ്ഷന്‍ സ്കീം. എന്നാല്‍ ചില വ്യത്യാസങ്ങളുണ്ടു താനും. (ഇത് ഏകീകരിക്കുവാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല.) അതല്ലെങ്കില്‍, IME ഒഴിവാക്കി മലയാളം കീബോഡ് നേരിട്ട് ഉപയോഗിക്കുക. അത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ഈ ലേഖനവുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ ചോദിച്ച് അവ ദൂരീകരിക്കാന്‍ മടിക്കരുത്.

Labels: , ,

Sunday, November 11, 2007

മറക്കുന്നില്ല ഞാന്‍

‘ഞാന്‍ മറന്നേ പോയി!’ എന്ന പരിഭവ വാചകത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓര്‍മ്മപ്പെടുത്തലുകളുടെ ഇക്കാലത്ത്, സന്ദര്‍ഭത്തിനൊത്ത് സൌകര്യപൂര്‍വ്വമോ, അഥവാ സത്യമായും അറിയാതെയോ മറന്നു പോകുമ്പോള്‍ കിട്ടുന്ന ആ സുഖാനുഭൂതിക്ക് ഇനി നാമെവിടെപ്പോവും?



കാല്‍കുലേയ്റ്ററുകളുടെ ഉപയോഗം വ്യാപകമായതോടെ മാനവരാശിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതിന് അറുതിയായി. GPS കണ്ടു പിടിച്ചതോടെ അപഥസഞ്ചാരവും നിലച്ചു. മറവിയുടെ വേരറുക്കുന്ന ഈ കടന്നുകയറ്റമെങ്കിലും നാം കണ്ടില്ലെന്ന് നടിച്ചുകൂടാ.

(ഫോണിന്‍റെ സ്ക്രീന്‍ഷോട് സോറ്റി പോകറ്റ് കണ്‍‍ട്രോളര്‍ പ്രൊ. ഉപയോഗിച്ച് എടുത്തത്.)

Labels: , , , ,

Wednesday, October 17, 2007

കാര്യം നിസ്സാരം

നിങ്ങള്‍ ഏറ്റവും വെറുക്കുന്ന വ്യക്തി ആരാണ്, അല്ലെങ്കില്‍ സംഗതി എന്താണ് എന്ന ചോദ്യം ഒരിക്കലെങ്കിലും നേരിടേണ്ടി വന്നിട്ടില്ലാത്തവരുണ്ടോ?

ഏറ്റവും വെറുക്കുന്ന വ്യക്തി ആരാണെന്ന് പറയാന്‍ മനസ്സില്ല! തല്‍ക്കാലം നിങ്ങളല്ല എന്നു മാത്രം.

ഇഷ്ടമല്ലാത്ത ഒരു സംഗതി പറയാം. പറഞ്ഞു കഴിയുമ്പോള്‍ ‘അയ്യേ, ഇതായിരുന്നോ’ എന്ന് ചോദിക്കരുത്. സംഗതി വളരെ നിസ്സാരമാണ്. നിങ്ങള്‍ ചോദിച്ചതു കൊണ്ട് പറയുന്നു എന്നു മാത്രം. സാധാരണ ഗതിയില്‍ ഇതൊരു പ്രശ്നമായി ഞാന്‍ അവതരിപ്പിക്കാറില്ല. എന്നാലും കാണുമ്പോള്‍ ചൊറിഞ്ഞു വരും. മലയാളം ചാനലുകളെല്ലാം ക്യാന്‍സല്‍ ചെയ്തതിനാല്‍ മറ്റു ചൊറിഞ്ഞു കേറുന്ന കാഴ്ചകളുടെ അഭാവത്തില്‍ ഇതിന് അല്പം പ്രാധാന്യമേറിയതുമാവാം.

ഏറ്റവും വെറുക്കുന്നത് എന്ന് പേരിടാന്‍ മാത്രമൊന്നുമില്ല. എന്നാല്‍ ഒട്ടും ഇഷ്ടമില്ലാത്ത സംഗതിയുമാണ്. പലപ്പോഴും നമുക്കിഷ്ടമില്ലാത്തതായ വസ്തുതകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ നാം അതിനെതിരെ പ്രതികരിക്കുമല്ലോ. എന്നാല്‍ ഈ സംഗതിയാവട്ടെ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. അതില്‍ നിന്നും ഇത് തീര്‍ത്തും അപ്രധാനമായതാണെന്ന് ധരിച്ചേക്കരുത്. അന്യരുടെ, അതും നമുക്ക് നല്ല പരിചയമില്ലാത്തവരുടെ സ്വഭാവവുമായി ബന്ധമുള്ള സംഗതിയായതിനാല്‍ ‘കറക്റ്റീവ് മെഷര്‍’ എടുക്കാന്‍ അമിത താല്പര്യം കാണിക്കാറില്ല എന്നു മാത്രം. ഇത് ‘ഇങ്ങിനി സംഭവിക്കാത്തവണ്ണം’ തിരുത്തുവാന്‍ വഴിയില്ലാതില്ല. എന്നാല്‍ അത്രയും ദൂരവ്യാപകമായ പ്രത്യാഘാതമുള്ള ഒരു നടപടി കൈക്കൊള്ളാന്‍ വിഷമമുണ്ട്. കാരണം മറ്റൊന്നുമല്ല, നമുക്ക് വളരെ വേണ്ടപ്പെട്ടവര്‍ ഇതു ചെയ്യുകയാണെങ്കില്‍ അത് അറിയാതിരിക്കാന്‍ ഇടവരരുതല്ലോ. ആള്‍ക്കാരെ നേര്‍വഴിക്കാക്കാന്‍ കിട്ടുന്ന ചാന്‍സ് നഷ്ടപ്പെടുത്തിക്കൂട!

ഇനിയും നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നില്ല. എന്നെ അലട്ടുന്ന ആ പ്രശ്നമെന്താണെന്നോ? ഈ-മെയിലുകള്‍ക്ക് റീഡ് റെസീറ്റ് ആവശ്യപ്പെടുന്ന നീച കൃത്യമാണത്.

വഴക്കുണ്ടാക്കാനോ തെറിവിളിക്കാനോ മുതിരുന്നതിനു മുമ്പ് പറയട്ടെ: ഞാന്‍ പറഞ്ഞില്ലേ, തീരെ നിസ്സാരമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാവുന്ന കാര്യമാണെന്ന്. റീഡ് റെസീറ്റ് ആവശ്യപ്പെടുന്നത്, ഒരുതരം വിശ്വാസമില്ലായ്മയും അതിലുപരി ചാരവൃത്തിയുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ അയച്ച ഈ-മെയില്‍ വായിച്ച ശേഷം, അത് വായിച്ചിട്ടില്ല എന്ന് ഞാന്‍ എന്തായാലും നിങ്ങളോട് പറയാന്‍ പോകുന്നില്ല. മറുപടി കണ്ടില്ലെങ്കില്‍ അതിനര്‍ഥം ഞാന്‍ വായിച്ചിട്ടില്ല എന്നു മാത്രമല്ല. വായിച്ച ശേഷം മറുപടി അയയ്ക്കേണ്ട എന്നു കരുതിയവയും പിന്നീട് മറുപടി അയയ്ക്കാം എന്നു കരുതിയവയും തമ്മില്‍ വേര്‍തിരിച്ച് അവതരിപ്പിക്കാന്‍ റീഡ് റെസീറ്റിനാവില്ല എന്നതാണ് എന്‍റെ ഏറ്റവും വലിയ പരാതി. അതിനാല്‍ സുഹൃത്തേ, ഇനി എനിക്ക് ഈ-മെയില്‍ അയയ്ക്കുമ്പോള്‍ റീഡ് റെസീറ്റ് ചോദിക്കരുതേ!

Labels:

Wednesday, September 05, 2007

ഷെയര്‍പോയ്ന്‍റ് ചോദ്യം

മൈക്രോസോഫ്റ്റ് ഷെയര്‍പോയ്ന്‍റ് സെര്‍വര്‍ മൂന്നാം വേര്‍ഷന്‍ (WSS v3) ഇന്ത്യയിലെ ജോലിസ്ഥലത്ത് ഉപയോഗിക്കുന്ന ആരെങ്കിലുമുണ്ടോ ബ്ലോഗുവായനക്കാരില്‍?

എങ്കില്‍ അവരോട് രണ്ടു വാക്ക് പറയണമെന്നുണ്ട്!

മൈക്രോസോഫ്റ്റ് ഷെയര്‍പോയ്ന്‍റ് സെര്‍വറിന്‍റെ ഉപയോഗ സാധ്യതയെപ്പറ്റിയും ഇന്ത്യയില്‍ പിന്തുടരുന്ന ചില ലോക്യാല്‍ (locale) രീതിയെപ്പറ്റിയും അറിയണമെന്നുണ്ട്. മൈക്രോസോഫ്റ്റ് (ഇന്ത്യ) ഷെയര്‍പോയ്ന്‍റ് സെര്‍വര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മറ്റു കമ്പനികളിലെ/സ്ഥാപനങ്ങളിലെ ഉപയോഗത്തെപ്പറ്റി അറിയാനാണ് താല്പര്യം. ഈ അറിവ്, ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിക്ക് സഹായകരമായിരിക്കും. സഹായമനസ്കര്‍ sanpil അറ്റ് മൈക്രോസോഫ്റ്റ്.കോം എന്ന വിലാസത്തിലേയ്ക്ക് ഒരു മെയിലയയ്ക്കാമോ?

Labels:

Wednesday, August 22, 2007

റ്റാഫിറ്റി

സില്‍വര്‍‍ലൈറ്റ് റ്റെക്നോളജിയുപയോഗിച്ച് വിന്‍‍ഡോസ് ലൈവ് സേര്‍ച്, റ്റാഫിറ്റി അവതരിപ്പിക്കുന്നു.

(റ്റാഫിറ്റി എന്നാല്‍ സ്വാഹീലി ഭാഷയില്‍ സേര്‍ചു ചെയ്യുക എന്നാണര്‍ഥം. കിഴക്കേ ആഫ്രിക്കയിലും കോം‍ഗോ പ്രദേശത്തും സംസാരിക്കുന്ന ബാന്‍റു ഭാഷയാണ് സ്വാഹീലി.)

സേര്‍ചിനാവുമെങ്കിലും പ്രദര്‍ശനത്തിന് യൂണികോഡ് വഴങ്ങില്ല എന്നത് റ്റാഫിറ്റിയുടെ ഈ ബേറ്റ വേര്‍ഷന്‍റെ പോരായ്മയാണ്. മറ്റുള്ള തെറ്റുകുറ്റങ്ങള്‍ അറിയിച്ചാല്‍ ബന്ധപ്പെട്ടവരിലെത്തിക്കാം.

Labels: ,

Monday, August 06, 2007

മിറവേള്‍ഡ് റ്റിവി



വിന്‍ഡോസ് വിസ്ത അള്‍ടിമേയ്റ്റോ വിന്‍ഡോസ് വിസ്ത ഹോം പ്രീമിയമോ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന ഒരു മീഡിയാസെന്‍റര്‍ ആപ്ലിക്കേഷനാണ് മിറവേള്‍ഡ് റ്റി. വി. ലോകത്തിലെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിഡിയോ സ്റ്റ്രീമുകള്‍ ഇതിലൂടെ കാണാവുന്നതാണ്. ദൂരദര്‍ശന്‍ ന്യൂസ് ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള പന്ത്രണ്ട് ചാനലുകള്‍ മിറവേള്‍ഡ് റ്റി. വി. യിലൂടെ ഇപ്പോള്‍ ലഭിക്കും.

Labels: ,

Monday, June 25, 2007

മലയാളം പാന്‍‍ഗ്രാം

ഭാഷയിലെ എല്ലാ അക്ഷരങ്ങളും ഒരു തവണയെങ്കിലും ഉപയോഗിച്ചുണ്ടാക്കുന്ന വാചകത്തിനെയാണ് പാന്‍‍ഗ്രാം എന്ന് വിളിക്കുന്നത്. മുപ്പത്തിമൂന്ന് അക്ഷരങ്ങളുള്ള The quick brown fox jumps over a lazy dog എന്നതായിരിക്കണം ഒരു പക്ഷേ സാങ്കേതികവിദ്യയില്‍ പ്രയോഗ സാധുതയുണ്ടായതും അധികമായി ഉപയോഗിച്ചതുമായ ആദ്യത്തെ ഇംഗ്ലീഷ് പാന്‍‍ഗ്രാം. ഈ വാചകത്തില്‍, o നാലു പ്രാവശ്യവും a, e, r, u എന്നിവ രണ്ടു പ്രാവശ്യവും ഉപയോഗിച്ചിരിക്കുന്നു.

ഇതില്‍ ചെറിയ വ്യതിയാനം വരുത്തിയെടുത്ത, മുപ്പത്തഞ്ച് അക്ഷരങ്ങള്‍ ഉള്ള The quick brown fox jumps over the lazy dog എന്ന വാചകമാണ് വിന്‍ഡോസ്, ഇംഗ്ലീഷുഭാഷയിലെ മാതൃകാ (sample) വാചകമായി അതിലെ പ്രോഗ്രാമുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. കൃത്യം ഇരുപത്താറ് അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷ് പാന്‍‍ഗ്രാമുകളും ദുര്‍ല്ലഭമല്ല.

റ്റെക്നികല്‍ അലേര്‍ട്ട് (വേണമെങ്കില്‍ ഇതൊഴിവാക്കിയും ഈ ലേഖനം വായിക്കാം എന്നര്‍ഥം): കൂട്ടത്തില്‍ പറയട്ടെ, വിന്‍ഡോസില്‍ റ്റ്രൂ റ്റൈപ്പ് ഫോണ്ടുകളില്‍ ഫോണ്ട് വ്യൂഅര്‍ പ്രോഗ്രാം Jackdaws love my big sphinx of quartz എന്ന പാന്‍‍ഗ്രാം ആണ് ഉപയോഗിച്ചിരുന്നത്. അത് വിസ്തയില്‍ ഒഴിവാക്കിയെന്ന് മൈക്കില്‍ കാപ്ലാന്‍ പറയുന്നു. ഇപ്പോള്‍ വിവിധ ഭാഷകളില്‍ ഈ വാചകം ലോകലൈസ് ചെയ്യുന്നതെങ്ങനെയെന്ന് ഇവിടെയും ഇവിടെയും വായിക്കുക (ഹിന്ദിയില്‍ ഇത് सारे जहाँ से अच्छा हिंदोस्तां हमारा ആണ്).

ജാപ്പനീസിനും ഹീബ്രുവിനും ഥായിക്കുമുള്‍പ്പടെ മുപ്പത്തഞ്ചോളം ഭാഷകളിലെ പാന്‍‍ഗ്രാമുകള്‍ വിക്കിപ്പീടിയയിലുണ്ട്. മലയാളത്തിനും വേണ്ടേ ഒരെണ്ണം. ബ്ലോഗിലെ സാഹിതീവല്ലഭര്‍ എന്തു പറയുന്നു?

Labels: