ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, August 07, 2006

കുത്തും കോമയും

പണ്ട് പണ്ട്, എന്നു വച്ചാല്‍ വളരെപ്പണ്ട്, കൃത്യമായിപ്പറഞ്ഞാല്‍ എന്തായിരിക്കണം ഓഫ് എന്ന് ബൂലോകര്‍ തിരിച്ചറിഞ്ഞിട്ടില്ലാതിരുന്ന കാലത്ത്, ബൌദ്ധിക സം‌വാദങ്ങള്‍ക്ക് പേരുകേട്ട മിടുക്കനായ ഒരു ബ്ലോഗര്‍ക്ക് ഓഫ് റ്റോപിക് ആയി ഒരു സംശയമുദിച്ചു. അന്ന് നിലവിലുണ്ടായിരുന്ന സാമാന്യ തത്വമനുസരിച്ച് അദ്ദേഹം അത് “ഓ.ടോ:” എന്ന രണ്ടക്ഷരം മുന്നില്‍ പിടിപ്പിച്ച് ആദ്യം കണ്ട ബ്ലോഗില്‍ക്കയറി കമന്‍റു വര്‍ഷം നടത്തി. (അതാണല്ലോ ഈ ഓഫ് റ്റോപിക്കിന്‍റെ ഗുണം. ഏത് ബ്ലോഗിലും ധൈര്യമായി കടന്നു ചെല്ലാം. മര്യാദരാമന്മാര്‍, ഓട്ടോ എന്നോ ഓഫ് എന്നോ ചില്ലറയായോ, ഇനി സമയമേറെയുള്ളവര്‍, ഓഫ് റ്റോപിക് എന്ന് മൊത്തമായോ മുന്നില്‍ പിടിപ്പിക്കാറുണ്ടെന്ന് മാത്രം. ഇന്നലെ കിട്ടിയ വാര്‍ത്ത: മിക്ക ബ്ലോഗര്‍മാരും വായനക്കാരും സമയം ഒട്ടും ഇല്ലാത്തവരാണത്രേ.)

ഏതായാലും ചോദ്യം ഇതായിരുന്നു:
ഓ.ടോ: ഈ കോമ (,) എന്ന സാധനം ഇംഗ്ലീഷുകാരനാണോ? അതോ മലയാളത്തിലും‍ ഇത് പണ്ടേ ഉള്ളതാണോ? [ലിങ്ക്]

[ഹൊ, ഈ ചോദ്യം ഒന്ന് തപ്പിയെടുക്കാന്‍ ഞാന്‍ പെട്ട പാട്... ഈ ഉപദേശമൊന്നും ഒട്ടും ഫലിച്ചില്ല.]

ഞാന്‍ “ഐ ഷാല്‍” വിളിച്ചു.

റ്റീം ഗെയിമുകളായ വോളീബോള്‍, ക്രിക്കറ്റ് എന്നിവയൊക്കെ കളിക്കുന്നവര്‍ക്കും കളിച്ചിട്ടുള്ളവര്‍ക്കും കണ്ടിട്ടുള്ളവര്‍ക്കും “ഐ ഷാല്‍” എന്നതിന്‍റെ അര്‍ഥം വിശദീകരിച്ചു കൊടുക്കേണ്ട കാര്യമില്ല. അങ്ങനെ അല്ലാത്തവര്‍ ശ്രദ്ധിക്കുക. ആകാശത്തേയ്ക്കുയര്‍ന്ന പന്ത് പിടിക്കാന്‍ നിന്നോടൊപ്പം ഞാനുമുണ്ടെടാ എന്ന രീതിയില്‍ നമ്മുടെ ഒരു റ്റീംമേയ്റ്റ് ഓടി വരുന്നു എന്ന് കരുതുക. ആ സന്ദര്‍ഭത്തില്‍ “ഞാനെടുക്കണോ അതോ നീയെടുക്കുമോ” എന്നൊക്കെ കൊച്ചു വര്‍ത്താനം ചോദിക്കാന്‍ സമയമില്ലല്ലോ. അപ്പോള്‍, മറ്റുമാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍, കുറുപ്പിന്‍റെ ഉറപ്പുപോലെ, പകുതിമനസ്സാലേ, നാം മറ്റവന് കൊടുക്കുന്ന ഉറപ്പാണ് “ഐ ഷാല്‍”. എന്നു വച്ചാല്‍ നീ മാറി നില്‍ക്ക്, ഇവനെ ഞാന്‍ കൈകാര്യം ചെയ്തോളാമെന്നര്‍ഥം. ഇവന്‍റെ പൂര്‍ണരൂപം “ഐ ഷാല്‍ ട്രൈ റ്റു റ്റേയ്ക് ഇറ്റ്, ലീവ് ദിസ് റ്റു മി” എന്നാകുന്നു.

ഈ ചോദ്യത്തിനെ ആധികാരികമായി കൈകാര്യം ചെയ്യാനായി ശ്രീ. കുട്ടികൃഷ്ണമാരാരുടെ “മലയാള ശൈലി” എന്ന പുസ്തകം തുറന്നു വച്ചു. പണ്ട് വായിച്ച ഓര്‍മയില്‍ നിന്നും, കുത്തിനെയും കോമയെയും പറ്റി ഈ പുസ്തകത്തില്‍ എന്തൊക്കെയോ പറയുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നു. വിഷയാനുക്രമം നോക്കിയ ഞാന്‍ ആഹ്ലാദചിത്തനായിച്ചമഞ്ഞു:

എട്ടാമധ്യായം: വിരാമ ചിഹ്നങ്ങള്‍ (പേജ് 126 മുതല്‍ 145 വരെ).

അയ്യോ, ചതിയായോ! “ഐ ഷാല്‍” എന്ന് പറഞ്ഞത് “ഐ ഷാല്‍ നോട്ട്” എന്നാക്കിയാലോ? അധികം തലപുണ്ണാക്കുന്നതിനു മുമ്പ്, ഇരുപത്തൊന്നു മിനുട്ടുകള്‍ മാത്രം കഴിയവേ, അതാ വന്നു ഉത്തരം:
കോമ നമുക്കു പണ്ടില്ലായിരുന്നു ശ്രീജിത്തേ. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കൂടെ കിട്ടിയതാണു്. [ലിങ്ക്]

ഏതായാലും നനഞ്ഞു, ഇനി കുളിച്ചിട്ട് കേറാം എന്നോര്‍ത്ത് ഞാന്‍ എട്ടാമധ്യായം വായിച്ചു തീര്‍ത്തു. വിരാമചിഹ്നങ്ങളെക്കുറിച്ചുള്ള കുട്ടികൃഷ്ണമാരാരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പകര്‍ത്തിവയ്ക്കാനുദ്ദേശിച്ചുള്ളതല്ല ഈ പോസ്റ്റ് എന്നതിനാല്‍, രസാവഹമായിത്തോന്നിയ തുടക്കം മാത്രം ഉദ്ധരിക്കുന്നു:
വിരാമചിഹ്നങ്ങളെസ്സംബന്ധിച്ച ഈ അധ്യായം തുടങ്ങുമ്പോള്‍, എഴുത്തച്ഛന്‍പാട്ടുപുസ്തകങ്ങളുടെ പഴയ ചില പതിപ്പുകളും മറ്റുമാണ് എന്‍റെ ഓര്‍മ്മയില്‍ വരുന്നത്: പദങ്ങള്‍ക്കിടയില്‍ ഒരകലവുമില്ലാതെ, വരിയെല്ലാം നിരത്തിച്ചേര്‍ത്തു ശീലുകള്‍ തീരുന്നേടത്തു വാക്യം വിരമിച്ചാലും ഇല്ലെങ്കിലും-പദസന്ധിയുണ്ടെങ്കില്‍ക്കൂടി-ഓരോ നക്ഷത്രപ്പുള്ളി (*) യുമിട്ട് അച്ചടിച്ചു തള്ളിയിരുന്ന ആ കോപ്പികള്‍, ആ സമ്പ്രദായം വിട്ടു പദം തിരിയ്ക്കലും വരി തിരിയ്ക്കലും ഇടയ്ക്കു ചില വിരാമചിഹ്നങ്ങള്‍ ചേര്‍ക്കലുമായി അച്ചടി പരിഷ്കരിച്ച് പരിഷ്കരിച്ച്, ഇപ്പോള്‍ കുറേ ബിന്ദു പംക്തിയും കുറേ പ്രശ്നാശ്ചര്യചിഹ്നങ്ങളും (.........! ! ??) ചില നക്ഷത്രപ്പുള്ളിവരികളും, അവയ്ക്കെല്ലാമിടയില്‍ കുറേ വാക്കുകളുമായി അച്ചടിക്കപ്പെട്ടതാണ് ഒന്നാംതരം കവിത എന്ന നിലയിലെത്തിയിരിക്കുന്നു.

ഇത് വായിച്ചപ്പോള്‍ പദ്യങ്ങളില്‍ ചിഹ്നങ്ങളിടുന്നതു സംബന്ധിച്ചുണ്ടായ ഒരു സംശത്തിന് ഉമേഷ് ഇങ്ങനെ പറഞ്ഞിരുന്നത് ഓര്‍മ വന്നു:
പണ്ടുള്ള കൃതികളില്‍ പദ്യത്തില്‍ ചിഹ്നങ്ങള്‍ കുറവായിരുന്നു. രണ്ടു വരി കഴിയുമ്പോള്‍ ഒരു . നാലു വരി കഴിയുമ്പോള്‍ . വരി തീര്‍ന്നതവിടെ എന്നറിയാനുള്ള ഈ ചിഹ്നങ്ങളല്ലാതെ മറ്റുള്ളവ കുറവായിരുന്നു. [ലിങ്ക്]

സത്യത്തില്‍ ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചത്, ഇന്ന് മലയാളം ബ്ലോഗുകളില്‍ കാണുന്ന ചില ചിഹ്നപ്രയോഗ വൈകല്യങ്ങളെക്കുറിച്ചാണ്. മലയാളം അധ്യാപകനില്‍ നിന്നും എനിക്ക് കിട്ടിയ ഉപദേശം കഴിവതും ഞാന്‍ പിന്തുടരാറുണ്ട്. അതുകൊണ്ടുതന്നെ, അസ്ഥാനത്തും സ്ഥാനം മാറിയും മറ്റുമിടുന്ന കുത്തും കോമയും മറ്റും കണ്ടാല്‍, ഇടശ്ശേരിയുടെ വരികള്‍ ഓര്‍ത്തിട്ടാവണം, എനിക്ക് പലപ്പോഴും ഒന്ന് കമന്‍റാന്‍ തോന്നും.
ഉപദേശത്തെ ശ്രദ്ധാപൂര്‍വമേ കൈക്കൊള്‍വൂ നാം
അപഥങ്ങളില്‍ വീഴുമന്യര്‍ക്കായ് സമ്മാനിക്കാന്‍!

പലപ്പോഴും കമന്‍റാനുള്ള അഭിവാഞ്ഛ ഞാന്‍ അടക്കി വയ്ക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല. “ഓ, എല്ലാമറിയുന്നവന്‍ വന്നേക്കുന്നു, എന്നെ നന്നാക്കാന്‍” എന്ന് ആര്‍ക്കും തോന്നരുതല്ലോ. ഒന്നുരണ്ടു തവണയേ ഞാന്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുള്ളൂ, പറഞ്ഞപ്പോഴെല്ലാം വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് എഴുത്തുകാരില്‍ നിന്നുണ്ടായത് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.

സാമ്പിള്‍ വെടിക്കെട്ടുകള്‍:
  1. കുത്ത്, കോമ, ചോദ്യ ചിഹ്നം, മറ്റ് കോപ്രായങ്ങള്‍ എന്നിവയില്‍ ഒട്ട് ശ്രദ്ധ വയ്ക്കുക. [ലിങ്ക്]

  2. വായനയ്ക്ക് ആകെയുള്ള ഒരു ഡിസ്ട്രാക്ഷന്‍, അമിതമായി ഉപയോഗിച്ചിരിക്കുന്ന അതിശയചിഹ്നങ്ങളാണ്. [ലിങ്ക്]
കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങള്‍ക്കുള്ളില്‍ അനവധി പുതിയ ബ്ലോഗുകള്‍ ഉണ്ടായതില്‍ പലതിലും ഇത്തരം “വൈകല്യങ്ങളുടെ ആഴവും വ്യാപ്തിയും” ഏറിവരുന്നതിനാലും ഇത്തരം സൂക്ഷ്മവശങ്ങള്‍ അപ്പപ്പോള്‍ ചൂണ്ടിക്കാണിക്കുക പ്രായോഗികമല്ലാത്തതിനാലും ഇതേക്കുറിച്ച് ഒരു ചെറിയ കുറിപ്പ് ഇടണമെന്ന് കരുതിയിരിക്കേയാണ് കോമയെപ്പറ്റിയുള്ള ചോദ്യം കണ്ടതും അതിലേയ്ക്ക് ശ്രദ്ധ മാറുകയും ചെയ്തത്. ഇനി അധികം കാടുകയറാതെ പറയാനുള്ളത് പറഞ്ഞിട്ട് പോയേക്കാം.

വിരാമചിഹ്നങ്ങള്‍
അല്പവിരാമം (കോമ), അര്‍ധവിരാമം (സെമിക്കോളന്‍), അപൂര്‍ണവിരാമം (കോളന്‍), പൂര്‍ണ വിരാമം (കുത്ത്) എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന വിരാമ (നിര്‍ത്തല്‍) ചിഹ്നങ്ങള്‍. ഇവയ്ക്കും ഈ ചിഹ്നങ്ങള്‍ക്ക് തൊട്ടു മുമ്പില്‍ വരുന്ന അക്ഷരത്തിനുമിടയ്ക്ക് അകലം (സ്പെയ്സ്) പാടില്ല. ഈ ചിഹ്നങ്ങള്‍ കഴിഞ്ഞാല്‍ സിംഗിള്‍ സ്പെയ്സ് വേണം താനും. പദങ്ങളെയോ മറ്റോ ചുരുക്കിയെഴുതാനായി പൂര്‍ണ വിരാമം ഉപയോഗിക്കുമ്പോഴും ഈ നിയമം ബാധകമാണ്. (പൂര്‍ണ വിരാമം കഴിഞ്ഞ് രണ്ട് സ്പെയ്സ് ആകാം/വേണം എന്ന് വാദിക്കുന്നവര്‍ ഉണ്ട്. പല എഡിറ്റിംഗ് സോഫ്റ്റ്വെയറുകളും ഇത് അംഗീകരിക്കുന്നുമുണ്ട്.)

ഉദാഹരണങ്ങള്‍:
ഒരു സംശയമുദിച്ചു . (തെറ്റ്)
ഒരു സംശയമുദിച്ചു. (ശരി)
പണ്ട് പണ്ട് , വളരെപ്പണ്ട് (തെറ്റ്)
പണ്ട് പണ്ട്,വളരെപ്പണ്ട് (തെറ്റ്)
പണ്ട് പണ്ട്, വളരെപ്പണ്ട് (ശരി)
ഓഫ് ടോപിക് എന്നത് ചുരുക്കി ഓ.ടോ. (തെറ്റ്)
ഓഫ് ടോപിക് എന്നത് ചുരുക്കി ഓ. ടോ. (ശരി)

ആശ്ചര്യചിഹ്നം
വളരെ ലളിതം, അമിതമായ ആശ്ചര്യചിഹ്ന പ്രയോഗം ഒഴിവാക്കുക.

ഉദാഹരണം:
എന്‍റെ ചങ്കൊന്നു കാളി! അവന്‍ മുന്നില്‍ നില്‍ക്കുന്നു! ഞാന്‍ തിരിഞ്ഞോടി! അവന്‍ പുറകേ വരരുതേയെന്ന് ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു!

കുട്ടികൃഷ്ണമാരാരുടെ വാക്കുകളില്‍, വിസ്മയം, വിഷാദം, ആഹ്ലാദം, പ്രാര്‍ഥന, നിന്ദ, പരിഹാസം മുതലായ ഭാവങ്ങള്‍ക്കുപയോഗിക്കുന്ന ചിഹ്നമാണ് ആശ്ചര്യചിഹ്നം അഥവാ സ്തോഭചിഹ്നം. ഇത് രണ്ടും നാലും നിരത്തി പ്രയോഗിക്കുന്നതും നിഷ്പ്രയോജനമത്രേ.

ഉദാഹരണം:
ഹൊ, എന്തൊരു ചൂട്!!! (അനാവശ്യം)
ഹൊ, എന്തൊരു ചൂട്! (ശരി)

ഇല്ലിപ്സിസ്
വാക്കുകളുടെ അഭാവമോ, വാചകത്തിന്‍റെ നിര്‍ത്തലോ സൂചിപ്പിക്കുന്ന ഇല്ലിപ്സിസ് (ellipsis) മൂന്ന് പൂര്‍ണ വിരാമങ്ങളുടെ സഞ്ചയമാണ്. ചിലര്‍ രണ്ട് പൂര്‍ണ വിരാമങ്ങള്‍ മാത്രമുപയോഗിക്കുന്നു. ചിലരാകട്ടെ മൂന്നില്‍ കൂടുതലും.

ഉദാഹരണങ്ങള്‍:
ശബ്ദം കൂടി വരുന്നുണ്ടോ.... (തെറ്റ്)
ശബ്ദം കൂടി വരുന്നുണ്ടോ.. (തെറ്റ്)
ശബ്ദം കൂടി വരുന്നുണ്ടോ ... (തെറ്റ്)
ശബ്ദം കൂടി വരുന്നുണ്ടോ... (ശരി)

ഉദ്ധാരണചിഹ്നങ്ങള്‍
ഒറ്റയായും ഇരട്ടയായുമുള്ള ഉദ്ധാരണചിഹ്നങ്ങളുടെ ഉപയോഗത്തില്‍ ചില പ്രശ്നങ്ങള്‍ കാണുന്നുണ്ട്. ഒന്നാമത്തേത്, ഒറ്റയായാലും ഇരട്ടയായാലും തുടക്കത്തിലുള്ള ചിഹ്നത്തിനു ശേഷവും അവസാനിക്കുന്ന ചിഹ്നത്തിനു മുമ്പിലും അകലം ഇടുന്നു എന്നതാണ്. ഈ സ്പെയ്സ് അനാവശ്യമാകയാല്‍ ഒഴിവാക്കേണ്ടതാണ്.

ഉദാഹരണം:
“ ഉണരുക നീയെന്‍ കുഞ്ഞേ!” (തെറ്റ്)
“ഉണരുക നീയെന്‍ കുഞ്ഞേ! ” (തെറ്റ്)
“ഉണരുക നീയെന്‍ കുഞ്ഞേ!” (ശരി)

രണ്ടാമത് കാണുന്ന പ്രശ്നം, വിരാമചിഹ്നങ്ങള്‍ ഉദ്ധരണിക്ക് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതാണ്.

ഉദാഹരണം:
“ദാ പേന”, ആരോ അവനോടു മന്ത്രിച്ചു. (തെറ്റ്)
“ദാ പേന,” ആരോ അവനോടു മന്ത്രിച്ചു. (ശരി)

അടുത്തത് ഇന്ന് ബൂലോഗത്തില്‍ കാണുന്ന ഏറ്റവും സാധാരണമായ നോട്ടപ്പിശകാണ്. ഇതിന് എഴുത്തുകാരേക്കാള്‍ അവര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറിനെയാണ് കുറ്റം പറയേണ്ടത്. അടയുന്ന ഒറ്റയും ഇരട്ടയുമായ ഉദ്ധാരണചിഹ്നങ്ങള്‍ക്കു പകരം (”, ’), തുറക്കുന്ന ഉദ്ധാരണചിഹ്നങ്ങള്‍ (“, ‘)വന്നുപെടുന്നതാണിത്. ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ഈ പിശക് കമന്‍റുകളിലും മറ്റും ധാരാളമായി കാണാം.

ഉദാഹരണം:
“അങ്ങിനെതന്നെയാണ്, യാതൊരു സംശയവുമില്ല.“ (തെറ്റ്)
“അങ്ങിനെതന്നെയാണ്, യാതൊരു സംശയവുമില്ല.” (ശരി)
സംഗതി ‘ലൈവ്‘ ആണ്. (തെറ്റ്)
സംഗതി ‘ലൈവ്’ ആണ്. (ശരി)

നിങ്ങള്‍ പോസ്റ്റു ചെയ്യുമ്പോള്‍ അടയുന്ന ഉദ്ധാരണചിഹ്നങ്ങള്‍ക്കു പകരം തുറക്കുന്ന ഉദ്ധാരണചിഹ്നങ്ങളാണ് വരുന്നതെങ്കില്‍, ഒരിക്കല്‍ക്കൂടി (അല്ലെങ്കില്‍ അടയുന്ന ഉദ്ധാരണചിഹ്നങ്ങള്‍ പ്രത്യക്ഷമാകുന്നതുവരെ) ആ കീ അമര്‍ത്തുക. അതിനുശേഷം അധികമായി പ്രത്യക്ഷമായ ചിഹ്നങ്ങള്‍ ഡിലീറ്റു ചെയ്തുകളഞ്ഞാല്‍ മതി.

വിസര്‍ഗം
വിസര്‍ഗത്തിനു (ഃ) പകരം കോളന്‍റെ (:) ഉപയോഗം ഇടയ്ക്കിടെ കാണാറുണ്ട്.

ഉദാഹരണം:
ദു:ഖം (തെറ്റ്)
ദുഃഖം (ശരി)

നെടുവര
ഒരു വാക്യത്തിനകത്ത് ആ വാക്യത്തോട് ബന്ധമുള്ള മറ്റൊരു വാക്യം വന്നാല്‍ ഇവയെ വേര്‍തിരിക്കുന്നതിന് നെടുവരകള്‍ ഉപയോഗിക്കാം. ബ്ലോഗര്‍മാര്‍ ഈ സമ്പ്രദായം അധികം ഉപയോഗിച്ചു കണ്ടിട്ടില്ല. നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല.

ഉദാഹരണം:
നെടുവരകള്‍ക്ക് - അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല. (തെറ്റ്)
നെടുവരകള്‍ക്ക് -അവ ഇണകളായാണ് വരിക- മുമ്പും ശേഷവും അകലം പാടില്ല. (തെറ്റ്)
നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക - മുമ്പും ശേഷവും അകലം പാടില്ല. (തെറ്റ്)
നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല. (ശരി)

വലയചിഹ്നങ്ങള്‍
തുടക്കത്തിലുള്ള വലയചിഹ്നത്തിനു ശേഷവും അവസാനിക്കുന്ന വലയചിഹ്നത്തിനു മുമ്പിലും അകലം ഇടാന്‍ പാടില്ല. എന്നാല്‍ തുടക്കത്തിലുള്ള വലയചിഹ്നത്തിനു മുമ്പും അവസാനിക്കുന്ന വലയചിഹ്നത്തിനു ശേഷവും അകലം വേണം താനും.

ഉദാഹരണം:
നിങ്ങള്‍ അയാളെ(പ്രതിയെ)കണ്ടോ? (തെറ്റ്)
നിങ്ങള്‍ അയാളെ ( പ്രതിയെ) കണ്ടോ? (തെറ്റ്)
നിങ്ങള്‍ അയാളെ (പ്രതിയെ ) കണ്ടോ? (തെറ്റ്)
നിങ്ങള്‍ അയാളെ (പ്രതിയെ) കണ്ടോ? (ശരി)

വലയചിഹ്നവും വിരാമചിഹ്നവും ഒരുമിച്ച് വരുമ്പോള്‍ എവിടെ വിരാമചിഹ്നം ഇടണം എന്ന് ചില സന്ദേഹങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഒരു വാചകം മുഴുവന്‍ വലയചിഹ്നത്തിനകത്താണെങ്കില്‍ ആ വാചകാന്ത്യത്തിലെ വിരാമചിഹ്നവും വലയത്തിനകത്താവണം. വാചകത്തിലെ അവസാനഭാഗം മാത്രമാണ് വലയചിഹ്നത്തിനകത്തെങ്കില്‍, വിരാമചിഹ്നം വലയത്തിന് പുറത്താവണം.

ഉദാഹരണങ്ങള്‍:
രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്ന് പറയുന്ന ഒരു കഥ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്). (തെറ്റ്)
രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്ന് പറയുന്ന ഒരു കഥ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) (ശരി)

ഇതാണ് സര്‍പ്പിണിയുടെ ത്ര്യക്ഷരഗണങ്ങളുടെ ലക്ഷണം (ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍.) (തെറ്റ്)
ഇതാണ് സര്‍പ്പിണിയുടെ ത്ര്യക്ഷരഗണങ്ങളുടെ ലക്ഷണം (ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍). (ശരി)

ഏതായാലും ഇത്രയും പറഞ്ഞസ്ഥിതിക്ക് സാമാന്യമായി കാണപ്പെടുന്ന മറ്റുരണ്ടു ന്യൂനതകള്‍ കൂടി ശ്രദ്ധയില്‍ പെടുത്താം.

അക്ഷരത്തെറ്റുകള്‍
ധാരാളമായി കാണുന്ന അക്ഷരത്തെറ്റുകളാണ് മറ്റൊരു കല്ലുകടി. അക്ഷരത്തെറ്റുകള്‍ക്കു കാരണം രണ്ടാണ്. പലപ്പോഴും ഒരു വാക്കോ ചിഹ്നമോ എങ്ങനെ കൃത്യമായി എഴുതും എന്നറിയില്ലാത്തതിനാലാണ് തെറ്റുകള്‍ വരുത്തുന്നത്. ഈ വിഭാഗത്തില്‍ വരുന്ന വാക്കുകളാണ് ഹൃദയം, അച്ഛന്‍ തുടങ്ങിയവ. ഇതും ഇതും ഈ പ്രശ്നം ഒരു പരിധിവരെ ഇല്ലാതാക്കും എന്ന് കരുതുന്നു. എന്നാല്‍ ചിലപ്പോഴാകട്ടെ, പദങ്ങളോടുള്ള പരിചയക്കുറവും അക്ഷരത്തെറ്റിന് കാരണമാവുന്നു. മേഖം, മയൂഘം എന്നൊക്കെയെഴുതുന്നത് അക്കാരണത്താലാണ്.

ഖണ്ഡിക തിരിക്കല്‍
വായനയ്ക്ക് അവശ്യം വേണ്ടുന്ന ഒന്നാണ് സമാനാശയങ്ങളോ സംഭവമോ വിവരിക്കുന്ന വാചകങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു ഖണ്ഡികയാക്കല്‍. ഇങ്ങനെ ചെയ്യുന്നതുവഴി വായനസുഖം കൂടും. വായനക്കാരന്‍റെ കണ്ണിനും ആനന്ദമുണ്ടാവും. മനസ്സിന് ഏകാഗ്രത കിട്ടും. ചില ആശയങ്ങളോ മറ്റോ വ്യക്തമാവാതെ പുനര്‍വായന വേണ്ടി വരുമ്പോള്‍ തൊട്ടു മുന്നിലെ പ്രായോഗിക തുടക്കമായ ഖണ്ഡികയുടെ തുടക്കത്തിലേയ്ക്ക് വായനക്കാരന് അനായാസം പോകാം.

ഇതൊക്കെ ഒറ്റനോട്ടത്തില്‍ കണ്ട ചില പ്രശ്നങ്ങളാണ്. ഇനിയും ഇത്തരം വല്ലതും കാണുമ്പോഴോ ആരെങ്കിലും ചൂണ്ടിക്കാണിച്ചാലോ ഈ പട്ടികയിലേയ്ക്ക് ചേര്‍ക്കാം. ഈ ലേഖനത്തിലെ തെറ്റുകളും ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. നല്ല മലയാളം എഴുതുന്നതോടൊപ്പം നല്ല രീതിയില്‍ എഴുതുന്നതും എഴുത്തിന്‍റെ ഭംഗി കൂട്ടുകയേയുള്ളൂ.

Labels: ,

21 Comments:

  1. Blogger രാജ് Wrote:

    സന്തോഷെ പതിവുപോലെ നല്ലൊരു ലേഖനം. വലയചിഹ്നങ്ങളില്‍ വാക്യാവസാനങ്ങളില്‍ വിരാമം ഞാനെപ്പോഴും വലയത്തിനകത്തു ഇട്ടിരുന്നു. ആ തെറ്റൊഴികെ മറ്റധികമൊന്നും എന്നെ ബാധിച്ചിട്ടില്ലെന്നു തോന്നുന്നു. എന്തായാലും ഈ കുറിപ്പു നന്നായി.

    മൊഴി കീമാന്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്കു്:

    ഉദ്ധാരണചിഹ്നങ്ങളെ കുറിച്ചു സന്തോഷ് എഴുതിയതു വായിക്കുക. കീമാന്‍ ഉപയോഗിക്കുമ്പോള്‍ ഒരു സ്പേസ് (space character) -നു ശേഷം പ്രയോഗിക്കുന്ന ആദ്യത്തെ ഉദ്ധാരണചിഹ്നം ‘ഓപ്പണിങ്’ ആയിരിക്കും, ഏതെങ്കിലും സ്വരം,വ്യജ്ഞനം,ചില്ലക്ഷരം, ‘?’, ‘.’, ‘ ‘/“ ’ എന്നിവയ്ക്കു ശേഷം പ്രയോഗിക്കുന്ന ഉദ്ധാരണചിഹ്നം ‘ക്ലോസിങ്’ ആയിരിക്കും. സാധാരണ നിലയില്‍ ഈ അപ്രോച്ച് മിക്ക വാചകങ്ങളും, വാക്കുകളും ശരിയായ ഉദ്ധാരണചിഹ്നങ്ങളോടെ (with opening and closing quotes) എഴുതുവാന്‍ സഹായിക്കുന്നതാണു്. എന്നാലും ‘!’, ന്യൂമറ‌ല്‍‌സ് എന്നിവയ്ക്കു ശേഷം ‘ക്ലോസിങ്’ ഉദ്ധാരണചിഹ്നം തനിയെ വരുന്നതല്ല. ഈ പ്രശ്നം അടുത്ത വേര്‍ഷനില്‍ ഫിക്സ് ചെയ്യുന്നതാകും.

    August 07, 2006 12:34 PM  
  2. Blogger ബിന്ദു Wrote:

    നന്നായി സന്തോഷ്‌. ഇനി എഴുതുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കും. :)

    August 07, 2006 12:40 PM  
  3. Blogger ഉമേഷ്::Umesh Wrote:

    വളരെ നന്നായി, സന്തോഷ്!

    ഇതിനെപ്പറ്റി എഴുതണമെന്നുണ്ടായിരുന്നു. ഞാന്‍ എഴുതുന്നതിനെക്കാളും ഭംഗിയായി സന്തോഷ് ഇതെഴുതി.

    ഒന്നു രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടേ:

    1) ഉദ്ധരണികളുടെ (“”, ‘’) പ്രശ്നം പലപ്പോഴും എഴുത്തുകാരന്റേതല്ല. പെരിങ്ങോടരുടെ കീമാനിലും വരമൊഴിയിലും ", ' എന്നിവ ടൈപ്പുചെയ്യുമ്പോള്‍ അവയെ ‘സ്മാര്‍ട്ട് ക്വോട്സ്’ ആക്കുന്ന അല്‍ഗരിതത്തില്‍ തെറ്റുകളുണ്ടു്. പലപ്പോഴും അടയ്ക്കുന്ന ക്വോട്ട് ഇടാന്‍ വേണ്ടി ഞാന്‍ കുറേ കുത്തുകളിട്ടിട്ടു് അതിട്ടിട്ടു പിന്നീടു കുത്തുകള്‍ മായ്ച്ചുകളയാറുണ്ടു്. ഇതുവരെ ആ ബഗ്ഗുകള്‍ എല്ലാം കൂട്ടിച്ചേര്‍ത്തു് സിബുവിനും പെരിങ്ങോടനും അയച്ചുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. മടി, മടി, മടി!

    2) “ദാ പേന”, ആരോ അവനോടു മന്ത്രിച്ചു.എന്നതു തെറ്റാണെന്നും, “ദാ പേന,” ആരോ അവനോടു മന്ത്രിച്ചു. എന്നതു ശരിയാണെന്നും പറയുന്നതിനോടു യോജിക്കാന്‍ കഴിയുന്നില്ല.

    3) നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല. എന്നതു ശരിയാണോ? രണ്ടിടത്ത്തും സ്പേസിട്ടാണു സാധാരണ കണ്ടിട്ടുള്ളതു്.

    4) അമേരിക്കന്‍ ഇംഗ്ലീഷില്‍ ചുരുക്കരൂപങ്ങളെ കാണിക്കാന്‍ (ക്രി. പി.) കുത്തിനു ശേഷം ഒരു സ്പേസും, പൂര്‍ണ്ണവിരാമത്തെ സൂചിപ്പിക്കാന്‍ കുത്തിനു ശേഷം രണ്ടു സ്പേസും ഉപയോഗിക്കുന്നു. ഞാന്‍ മലയാളത്തിനും അതു് ഉപയോഗിക്കാറുണ്ടു്. (സന്തോഷ് ഇതും പറഞ്ഞിട്ടുണ്ടു്.)

    മലയാളം വിക്കിപീഡിയയില്‍ കുത്തിനു ശേഷം സ്പേസിടാതിരിക്കുന്ന രീതിയാണു ചുരുക്കരൂപങ്ങള്‍ക്കു് ഉപയോഗിച്ചിരിക്കുന്നതു്. അതു മാറ്റണമെന്നു പറയണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി.

    നന്ദി!

    August 07, 2006 12:45 PM  
  4. Blogger Santhosh Wrote:

    പെരിങ്ങോടാ: താങ്കള്‍ ഈവക കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്ന് തോന്നിയിരുന്നു. പിന്നെ, സ്വരം,വ്യജ്ഞനം,ചില്ലക്ഷരം എന്നിവിടങ്ങളില്‍ കോമ കഴിഞ്ഞ് ഒരു സ്പേയ്സ് വേണം:)

    ബിന്ദു: :)

    ഉമേഷ്:
    1. ഉദ്ധരണികളുടെ കാര്യത്തില്‍ സ്മാര്‍ട് ക്വോട്സ് തന്നെ വില്ലന്‍.
    2. “അയ്യോ!” അവള്‍ നിലവിളിച്ചു എന്നു പറയുന്നതല്ലേ, “അയ്യോ”! അവള്‍ നിലവിളിച്ചു എന്നു പറയുന്നതിനേക്കാള്‍ ശരി? ഈ വാദത്തിന്‍റെ ഒരുറപ്പിനു വേണ്ടി ഞാന്‍ പല നോവലുകളും മറിച്ചു നോക്കി. കണ്ടതില്‍ ബഹുഭൂരിപക്ഷത്തിലും ഞാന്‍ പറഞ്ഞവിധമാണ് കൊടുത്തിരിക്കുന്നത്.
    3. നെടുവരകളുടെ കാര്യത്തിനായി കയ്യില്‍ കിട്ടിയ രണ്ടു പുസ്തകങ്ങള്‍ ഒന്നോടിച്ചു നോക്കി. രണ്ടിലും സ്പേയ്സ് ഇടാതെയാണ് കൊടുത്തിരിക്കുന്നത്. (മാരാരും ഈവിധമാണ് എഴുതിയിരിക്കുന്നത്, ഇങ്ങനെ വേണമെന്ന് പറയുന്നില്ലെങ്കിലും.)
    4. മൈക്രോസോഫ്റ്റ് വേഡ് ഉള്‍പ്പടെ പല സോഫ്റ്റ്വെയറുകളും വാചകാന്ത്യത്തിലെ പൂര്‍ണവിരാമത്തിനു ശേഷം ഒരു സ്പേയ്സും രണ്ടു സ്പേയ്സും അനുവദിക്കാറുണ്ട്. ഒരു സ്പേയ്സ് ഉപയോഗിക്കുന്നതാണ് എനിക്കിഷ്ടം.

    August 07, 2006 2:23 PM  
  5. Blogger ഉമേഷ്::Umesh Wrote:

    സന്തോഷ്,

    ആശ്ചര്യചിഹ്നം, ചോദ്യചിഹ്നം എന്നിവ ഉദ്ധരണിക്കുള്ളില്‍ കൊടുക്കണം. സംശയമില്ല. കാരണം, ആശ്ചര്യവും ചോദ്യവും ദ്യോതിക്കേണ്ടതു് അകത്തുള്ള ഭാഗത്തിനാണു്, പുറത്തുള്ളതിനല്ല. അകത്തുള്ളതു മാത്രമെഴുതിയാലും അവ വേണം.

    നേരേ മറിച്ചു്, അല്പവിരാമം (കോമ), അര്‍ദ്ധവിരാമം (സെമി-കോളന്‍) തുടങ്ങിയവ ആ ഉദ്ധരണിയെ ഉള്‍ക്കൊള്ളുന്ന വാക്യത്തിന്റെ ഭാഗമാണു്. അകത്തുള്ളതു മാത്രമെഴുതിയാല്‍ അവ ആവശ്യമില്ലല്ലോ. അതിനാല്‍ അവ ഉദ്ധരണിയുടെ പുറത്തു തന്നെ വേണം.

    നെടുവരകളുടെ കാര്യം എന്റെ തെറ്റാവണം. മറ്റെങ്ങും നോക്കാന്‍ സമയം കിട്ടിയില്ല.

    August 07, 2006 2:33 PM  
  6. Blogger രാജ് Wrote:

    ഉമേഷ്,
    മൊഴി കീമാപ്പിന്റെ പുതിയ വേര്‍ഷന്‍ (1.1.1) റിലീസ് ചെയ്തിട്ടുണ്ടു്. സ്മാര്‍ട്ട് ക്വോട്ട്സ് കുറേകൂടി പരിഷ്കരിച്ചിട്ടുണ്ടു്, കോമ, ആ‍ശ്ചര്യചിഹ്നം, മലയാളം-അറബിക് അക്കങ്ങള്‍ എന്നിവയ്ക്കു ശേഷവും ക്ലോസിങ് ക്വോട്ടുകള്‍ ശരിയാംവിധം പ്രിന്റ് ചെയ്യേണ്ടതാണു്. മറ്റൊരു പ്രത്യേകത പുതിയ വേര്‍ഷനില്‍ mnemonic keyboard layout ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ടെന്നുള്ളതാണു്. കാനഡ, ജര്‍മ്മനി എന്നിവിടങ്ങളിലെ ഇംഗ്ലീഷ് കീബോര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കു ഗുണകരമായേക്കും ഈ മാറ്റം. ഉപയോഗിച്ചു ബഗ്സുണ്ടെങ്കില്‍ അറിയിക്കുക. ഡൌണ്‍‌ലോഡ് ലിങ്ക്.

    August 07, 2006 2:40 PM  
  7. Blogger ഉമേഷ്::Umesh Wrote:

    Merriam Webster's Manual for Writers & Editors നോക്കി. ഡാഷിനു മുന്നിലും പിന്നിലും സ്പേസ് വേണ്ടെന്നാണു് അതിലും പറയുന്നതു്.

    അപ്പോള്‍ ഞാന്‍ ഇതുവരെ അതു് എഴുതിയതു തെറ്റായിരുന്നു. ഇനി തിരുത്താം. നന്ദി, സന്തോഷ്!

    August 07, 2006 2:40 PM  
  8. Blogger Visala Manaskan Wrote:

    സന്തോഷിന് നന്ദി.

    സന്തോഷ് പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും എനിക്കറിയാത്തതായിരുന്നു. വിരാമചിഹ്നങ്ങള്‍ ഞാന്‍ ഒരു ഊഹം വച്ച് പെടക്കുകയാ!

    അക്ഷരത്തെറ്റുകള്‍ കണ്ടാല്‍ പോലും ഞാന്‍ പലപ്പോഴും തിരുത്താറില്ല. ഓഫീസിലിരുന്നുള്ള ബ്ലോഗിങ്ങായതുകൊണ്ട്, റ്റൈം ഇല്ല എന്ന് ഒരു കാരണമായി പറയാമെങ്കിലും, അത് എന്റെയൊരു ഉഴപ്പിന്റെ/മടിയുടെ ഭാഗമാണെന്ന് തുറന്ന് സമ്മതിക്കാനാണെനിക്കിഷ്ടം.

    ഈയടുത്ത് എന്റെ പുരാണംസ്, ഓപ്പണ്‍ ഓഫീസിലെ വേഡിലേക്ക് കോപ്പി ചെയ്ത് ഞാന്‍ പത്തുമുപ്പതണ്ണം ഒരുമാതിരിയൊക്കെ തിരുത്തിയിരുന്നു. പക്ഷെ, വീണ്ടും വായിക്കുമ്പോള്‍ പുതിയ കുറെ തെറ്റുകള്‍ വച്ച് വീണ്ടും കിട്ടും. ശ്രദ്ധയോടെ എഴുതാത്തതിന്റെ പൊല്ലാപ്പുകള്‍!

    August 07, 2006 8:56 PM  
  9. Blogger കുറുമാന്‍ Wrote:

    സന്തോഷ്, വളരെ നന്ദി. വളരെയതികം ഉപയോഗപ്രദമാണ് താങ്കളുടെ ഈ ലേഖനം. തീര്‍ച്ചയായും, ഇനി എഴുതുമ്പോള്‍ കഴിവതും ശ്രദ്ധിക്കാം. അക്ഷരതെറ്റുകള്‍ കുറക്കാനും.

    തുടര്‍ന്നും ഇത്തരം ലേഖനങ്ങള്‍ എഴുതുക.
    സന്തോഷ്, ഉമേഷ്ജി, ദേവന്‍ തുടങ്ങിയവരുടെ ഇത്തരം ലേഖനങ്ങള്‍ ബൂലോകത്തിനെന്നും ഒരു മുതല്‍കൂട്ടാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

    August 07, 2006 10:15 PM  
  10. Blogger Rasheed Chalil Wrote:

    സന്തോഷ് നന്ദി, അക്ഷരപ്പിശാച് എല്ലാവരെയും ബാധിക്കാറുണ്ട്. എത്ര ശ്രദ്ധിച്ചാലും. ഇനി കൂടുതല്‍ ശ്രദ്ധിക്കാമല്ലോ.

    ഇത്തരം ലേഖനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു

    August 07, 2006 10:33 PM  
  11. Blogger myexperimentsandme Wrote:

    നല്ല ഒന്നാം ക്ലാസ്സ് ലേഖനം. വളരെ വിജ്ഞാനപ്രദം. തെറ്റുകളൊന്നും വരുത്തരുത് എന്നാഗ്രഹമുണ്ടെങ്കിലും തെറ്റുണ്ടോ എന്നൊന്ന് നോക്കുക പോലും ചെയ്യാതെയാണ് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുന്നത്. ഇനി കുറച്ചുകൂടി ശ്രദ്ധിക്കണം.

    ഉദ്ധാരണചിഹ്നങ്ങളെപ്പറ്റി പോസ്റ്റില്‍ പറഞ്ഞരിക്കുന്നിടത്ത് എല്ലാ ചിഹ്നങ്ങളും ഒരേ രീതിയിലാണല്ലോ എന്റെ കമ്പ്യൂട്ടറില്‍ കാണുന്നത്? അത് കമന്റ് ബോക്സിലേയ്ക്ക് കോപ്പി/പേസ്റ്റ് ചെയ്‌തപ്പോള്‍ കുഴപ്പമില്ല.

    കുറുമാന്‍ ഇനി മുതല്‍ വളരെയതികം ശ്രദ്ധിക്കാമെന്നും അക്ഷരതെറ്റുകള്‍ കുറയ്ക്കാമെന്നും പറഞ്ഞത് കണ്ടപ്പോള്‍ സന്തോഷം തോന്നി. ഇനി എന്റെ കമന്റിനിട്ട് പാര പണിതാല്‍... (മൂന്നു തന്നെയല്ലേ) ശുട്ടിടുവേന്‍ :)

    August 07, 2006 11:23 PM  
  12. Blogger അരവിന്ദ് :: aravind Wrote:

    നല്ല പത്തരമാറ്റിന്റെ ലേഖനം...
    ശ്ശോ...ഞാനൊക്കെ വേണ്ടിടത്തും വേണ്ടാത്തിടത്തും എടുത്ത് പ്രയോഗിക്കുകയല്ലായിരുന്നോ ഈ ചിഹ്നങ്ങള്‍..
    അവ ഉപയോഗിക്കുന്നതിന് ഇത്രയും നിയമങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെയുണ്ടെന്ന് ഇപ്പോളാണ് അറിയുന്നത്...
    ഒരു ഭാഷ ശരിക്കും ഉപയോഗിക്കണമെങ്കില്‍ ജീവിതകാലം മൊത്തം അത് പഠിക്കണം എന്ന് തോന്നുന്നു..അത്രക്കും സങ്കീര്‍ണ്ണം, പക്ഷേ സുന്ദരം..
    സന്തോഷ്‌ജിയും ഉമേഷ്‌ജിയും ഇങ്ങനെയുള്ള പോസ്റ്റുകളെഴുതുന്നത് ബൂലോഗത്തിന്റെ ഭാഗ്യം.

    (സന്തോഷ്ജ്യേ.....മാവേലി....ദേ ഇപ്ലും അതിന്റെ ഹാഗ് ഓവര്‍ മാറിയിട്ടില്ല.. എന്തു കൂള്‍ കൂള്‍ ആയാ തമാശ കാച്ചണേ? :-)) അഭിപ്രായം വഴിയെ വിശദമായി...തകര്‍ത്തു എന്ന് മാത്രം ഇപ്പോ :-))

    August 08, 2006 12:57 AM  
  13. Blogger സു | Su Wrote:

    സന്തോഷ് :)

    ലേഖനം എഴുതിയത് നന്നായി. അക്ഷരത്തെറ്റ് വരുത്താതിരിക്കാന്‍ ശ്രമിക്കാറുണ്ട് എന്നല്ലാതെ കുത്തിനും കോമയ്ക്കുമൊന്നും ഞാന്‍ വല്യ പ്രാധാന്യം കൊടുക്കാറില്ല. ചിലതൊക്കെ എഴുതിവരുമ്പോള്‍ താനേ ഇട്ടുപോകും. ചിലതൊക്കെ അങ്ങനെ അശ്രദ്ധമായിട്ട് കിടക്കും. ഇനി ആവുന്നത്പോലെ ശ്രദ്ധിക്കും. തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ.

    August 08, 2006 6:11 AM  
  14. Blogger Santhosh Wrote:

    വായിച്ച, അഭിപ്രായമറിയിച്ച എല്ലാര്‍ക്കും നന്ദി.

    ഉമേഷ് പറഞ്ഞ രണ്ടാം പോയിന്‍റിന് റഫറന്‍സ് കിട്ടിയാല്‍ അറിയിക്കുക, ലേഖനം തിരുത്താം. (ബ്ലോഗുകളുടെ വിശ്വാസ്യത!) ഞാന്‍, എനിക്കു പണ്ടു കിട്ടിയ ഉപദേശവും ചില പുസ്തകങ്ങളിലെ പ്രയോഗവും മാത്രമാണ് ആധാരമാക്കിയത്.

    ഒരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ: കുത്തും കോമയും മറ്റു ചിഹ്നങ്ങളും ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട അകലവും മറ്റുമേ ഞാന്‍ പ്രതിപാദിച്ചിട്ടുള്ളൂ. ഇവ എവിടെയൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കണമെങ്കില്‍ നല്ലൊരു റഫറന്‍സ് ഗ്രന്ഥം നോക്കുകയേ വഴിയുള്ളൂ. ഞാന്‍ സൂചിപ്പിച്ച ശ്രീ. കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലി അത്തരമൊരു പുസ്തകമാണ്. അതിലും ആഴത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന മറ്റു വിജ്ഞാനകോശങ്ങളുണ്ടാവാം.

    ഈ ലേഖനം ഒരു ഓര്‍മപ്പെടുത്തലായെങ്കിലും അനുഭവപ്പെട്ടെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി!

    August 08, 2006 11:33 AM  
  15. Blogger Adithyan Wrote:

    സന്തോഷ് ലേഖനം നന്നായി. ഉപകാരപ്രദമാണ്.

    ഒരു വഴിക്കു പോകുവല്ലെ, ഒന്നു ചൊറിഞ്ഞോട്ടെ. :)
    ഇപ്പോ സന്തോഷ് ഇട്ട കമന്റില്‍ അവസാനത്തെ ‘!’ അസ്ഥാനത്തല്ലെ? അല്ലെങ്കിലും കുഴപ്പമില്ല. ചോദിച്ചെന്നേ ഉള്ളു. :)

    August 08, 2006 11:47 AM  
  16. Blogger Santhosh Wrote:

    ആദിത്യാ...

    അവിടെ ‘!’ ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല.

    സ്വന്തമായി പിന്തുടരാന്‍ സാധിച്ചില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഉപദേശങ്ങള്‍ കൊടുക്കാന്‍ മറക്കരുത് എന്ന ആപ്തവക്യം ഓര്‍ക്കുക:)

    August 08, 2006 12:01 PM  
  17. Blogger ഉമേഷ്::Umesh Wrote:

    സാധാരണയായി കാണുന്ന അക്ഷരത്തെറ്റുകള്‍ക്കു് ഞാന്‍ ഒരു പേജ് തുടങ്ങി. ഇതു് ഇടയ്ക്കിടെ അപ്‌ഡേറ്റു ചെയ്യാം.

    ഈ തെറ്റുകളെല്ലാം മലയാളം ബ്ലോഗുകളില്‍ നിന്നു തന്നെ എടുത്തിട്ടുള്ളതാണു്. ടൈപ്പിംഗ് മിസ്റ്റേക്കുകളും മറ്റും ചേര്‍ത്തിട്ടില്ല.

    August 08, 2006 7:00 PM  
  18. Blogger പരസ്പരം Wrote:

    പേപ്പറിലെഴുതുന്നതും കമ്പ്യൂട്ടറിലെഴുതുന്നതും തമ്മില്‍ വ്യതിയാനമുണ്ടായി പോയി. പേപ്പറിലെഴുതുന്ന കാലത്ത് കുത്തും, കോമയുമെല്ലാം ശ്രദ്ധിക്കാറുണ്ടായിരുന്നെങ്കിലും; പിന്നീട് ചാറ്റിങ്ങ് തുടങ്ങിയപ്പോളാണ് ഈ കുത്തുകളെല്ലാം ക്രമരഹിതമായി തുടങ്ങിയത്. പബ്ലിക്ക് ചാറ്റ് റൂമില്‍ മറ്റുള്ളവരുടെ ശ്രദ്ധതിരിക്കുവാനായി ഹലോ.....എന്ന് നീട്ടിയടിച്ച് ശീലിച്ച് പോയി. മറ്റൊരു വിരുതന്‍ സ്മൈലികളാണെന്ന് തോന്നുന്നു. വെറുമൊരു ബട്ടനില്‍ ഞെക്കിയാല്‍ വരുന്ന കുത്തുകളും, കോമകളും ഇടാന്‍ എന്തെളുപ്പം!. സന്തോഷിന്റെ ലേഖനം വളരെ നന്നായി. ഇനിയെഴുതുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കാം.

    August 10, 2006 1:34 AM  
  19. Anonymous Anonymous Wrote:

    സന്തോഷേട്ടാ

    ഇതു വളരെ വേണ്ടപ്പെട്ട ഒരു ലേഖനം. പ്രത്യേകിച്ച് നന്നായി എഴുതപ്പടേണ്ട പല പോസ്റ്റുകളും ഇതില്‍ പറയുന്നത് പലതും ഉപയോഗിക്കാതെ വരുമ്പോള്‍ വായനാ സുഖം പോകുന്നതായി തോന്നിയിട്ടുണ്ട്.
    ഇത് വക്കാരിചേട്ടന്റെയൊ അല്ലെങ്കില്‍ ആദിയുടേയോ മറ്റോ മലയാളം ബ്ലോഗുകള്‍ തുടങ്ങതിനെക്കുറിച്ചുള്ള ലിങ്കില്‍,
    എങ്ങിനെ ഒരു പോസ്റ്റ് നന്നായി എഴുതാം എന്നൊരു ലിങ്കില്‍ കൂടി കൊടുക്കേണ്ട ലിങ്കിങ്ങ് പോസ്റ്റാണ്. വളരെ അത്യാവശ്യം!

    ഞാന്‍ വളരെ സൂക്ഷിച്ചാണ് ഇതിന് മറുപിടി എഴുതിയത് :). വേര്‍ഡില്‍ ഇംഗ്ലീഷില്‍ എഴുതി ശീലിച്ചിരുന്നതുകൊണ്ട് ഇതിലെ റൂള്‍സ് ഒക്കെ കുറച്ചൊക്കെ അറിയാമായിരുന്നെങ്കിലും മലയാളത്തില്‍ പലപ്പോഴും പാലിക്കുന്നുണ്ടോന്ന് അറിയില്ല.

    എന്തായാലും ദയവായി ഇതൊരു കോമണ്‍ മലയാളം ബ്ലോഗ് ഫണ്ടിലേക്ക് ഇടുക.

    August 10, 2006 4:04 PM  
  20. Blogger ഉമേഷ്::Umesh Wrote:

    ഉദ്ധരണികള്‍ക്കുള്ളിലുള്ള കുത്തും കോമയെയും പറ്റി സന്തോഷ് പറഞ്ഞതാണു ശരി. ഇവയൊക്കെ ഉദ്ധരണിയ്ക്കകത്തു തന്നെ വേണം.

    Merriam Webster's Manual for Writers and Editors എന്ന പുസ്തകം ഈ ഉദാഹരണങ്ങള്‍ കൊടുക്കുന്നു:

    He smiled and said, "I'm happy for you."

    But perhaps Pound's most perfect poem was "The Return."

    The cameras were described as "waterproof," but "moisture-resistant" would have been a better description.

    ആശ്ചര്യചിഹ്നവും ചോദ്യചിഹ്നവും പ്രസക്തിയനുസരിച്ചു ചേര്‍ക്കണം എന്നും പറഞ്ഞിട്ടുണ്ടു്. ഉദാ:

    He asked, "When did they leave?"
    What is the meaning of the "open door"?

    കുത്തിന്റെയും കോമയുടെയും കാര്യം വിശ്വസിക്കാന്‍ പറ്റിയില്ല. എന്റെ കയ്യില്‍ അവയെപ്പറ്റി പറയുന്ന മലയാളപുസ്തകങ്ങളൊന്നുമില്ല. അതുകൊണ്ടു്, താഴെപ്പറയുന്ന പുസ്തകങ്ങളിലെ പ്രയോഗങ്ങള്‍ ശ്രദ്ധിച്ചു.

    സുകുമാര്‍ അഴീക്കോടിന്റെ “തത്ത്വമസി.”
    ആനന്ദിന്റെ “ആള്‍ക്കൂട്ടം.”
    മലയാറ്റൂരിന്റെ “ബ്രിഗേഡിയര്‍ കഥകള്‍.”
    ടി. അച്യുതന്റെ “ഭാഷാകേളി.”

    ഇവയിലെല്ലാം സന്തോഷ് പറഞ്ഞ രീതിയിലാണു്.

    ഈ കാര്യത്തിലും dash(-)ന്റെ കാര്യത്തിലും ഞാന്‍ ഇതു വരെ എഴുതിയതെല്ലാം തെറ്റായിരുന്നു. എല്ലാം തിരുത്തണം.

    അതിന്റെ ആദ്യപടിയായി ഓഫീസില്‍ ഞാനെഴുതിയ ഡോക്യുമെന്റ്സെല്ലാം ഇന്നലെ തിരുത്തി. ബ്ലോഗ്‌പോസ്റ്റുകള്‍ ഇനി സൌകര്യം പോലെ തിരുത്തണം.

    ഒരുപാടു നന്ദി, സന്തോഷ്!

    August 16, 2006 8:09 AM  
  21. Blogger ഉപാസന || Upasana Wrote:

    സന്തോഷ് ഭായിക്കും, എന്നെ ഈ പോസ്റ്റിലേക്കെ നയിച്ച സല്‍ജോ ഭായിക്കും ആയിരം നന്ദികള്‍... ഞാന്‍ വളരെ ശ്രദ്ധിക്കാം. മേല്പറഞ്ഞതില്‍ തെറ്റുകളുണ്ടാവരുതേ ശാസ്താവേ!

    പൊട്ടന്‍

    August 14, 2007 4:33 AM  

Post a Comment

<< Home