Wednesday, January 17, 2007

പുലിവേട്ട

പുപ്പുലിയായ ജ്യോതി എഴുതിയ കിം ലേഖനം വായിച്ച ശേഷമാണ് ഞാന്‍ പുലി വേട്ടയ്ക്കിറങ്ങിയത്. സാമാന്യം തരക്കേടില്ലാത്ത വേട്ടയായിരുന്നു. പത്തമ്പത് വമ്പന്മാരെ കിട്ടി. ഉണ്ട തീര്‍ന്നു പോയതുകൊണ്ടു മാത്രം അമ്പതില്‍ ഒതുക്കിയതാണ്. പിന്നെയാണോര്‍ത്തത് അങ്ങനെ ചെയ്തത് നന്നായെന്ന്. വെടിവച്ചിട്ട പുലികളെയെല്ലാം സൂക്ഷിച്ചുവയ്ക്കാനുള്ള കോപ്പ് എന്‍റെ കയ്യിലില്ല. മഴ നനഞ്ഞാല്‍ കുളമാകും. സീയാറ്റിലിലാണെങ്കില്‍ ഒരാഴ്ചയായി നിര്‍ത്താതെ മഞ്ഞു വീഴ്ചയും. എന്തു ചെയ്യും എന്നാലോചിച്ച് ഏ. ആറിനെ സമീപിച്ചു. നല്ല കാര്യ വിവരമുള്ള ആളാണ്, അദ്ദേഹം ഒരു വഴികാണിച്ചു തരാതിരിക്കില്ല. തെറ്റിയില്ല. ഓച്ഛാനിച്ചു നിന്ന എന്നെ നോക്കി അദ്ദേഹം പറഞ്ഞു:

“ശംഭുനടനം!”
“എന്തോ?” ഞാന്‍ ചോദിച്ചു.
“ജകാരസനഭത്തൊടു ജകാരസനഭം ലഘുഗുരുക്കളിഹ ശംഭുനടനം” അല്പം നീരസം കലര്‍ന്ന മറുപടി.

എനിക്ക് സമാധാനമായി. ഞാന്‍ തിരിഞ്ഞോടി. വീര്യമുള്ള മദ്യം മോന്തിയിട്ട് കയ്യാഫാസിനെപ്പോലെ ഞാന്‍ അലറി:

“എനിക്ക് തൃപ്തിയായി! ആ പുലിക്കൂട്ടങ്ങളെ ഞാന്‍ തറച്ചു! എന്‍റെ ശത്രുവിനെയും. ഈ മദ്യം എന്‍റെ സന്തോഷം കൂട്ടും!”

കാലാവസ്ഥയില്‍ എന്തോ മാറ്റം പോലെ. പട്ടാപ്പകല്‍ സൂര്യന്‍ മറയുന്നു. കൊടുങ്കാറ്റടിക്കുന്നു. ഏയ്, തോന്നിയതാവണം. അല്ല, ഇവിടെ ഇതൊക്കെ പതിവുള്ളതല്ലേ?

പുലിക്കൂട്ടങ്ങളെ വാരിയടുക്കി. മൂന്നു നിര കഴിഞ്ഞപ്പോള്‍ ആകെ തളര്‍ന്നു. മദ്യം മനുഷ്യനെ ശക്തനാക്കില്ല. അവന്‍റെ ദൌര്‍ബല്യത്തെ മറച്ചു പിടിക്കുകയേയുള്ളൂ. പുലികള്‍ ഇനിയും നിരന്നു കിടക്കുന്നു. എന്നു മാത്രമോ, തീര്‍ച്ചയായും കളയാന്‍ വയ്യാത്ത ചില വന്‍ പുലികള്‍ അറയ്ക്കുള്ളില്‍ കൊള്ളുന്നുമില്ല.

“നീ മദ്യപിച്ചിട്ടുണ്ടോ?”
നടുവ് പരമാവധി വളച്ചുകൊണ്ട് ബോധിപ്പിച്ചു: “കാലിക്കുപ്പിയില്‍ അല്പം വെള്ളം കലക്കി മണപ്പിച്ചു. അത്രേയുണ്ടായിട്ടുള്ളൂ. മാടന്‍ തമ്പുരാനാണെ...”
“നിറുത്ത്!”

ഞാന്‍ നിറുത്തി. കള്ളയാണയിടാതെ രക്ഷപ്പെട്ടു. സുകൃതം.

“പുലികള്‍ പലതും പുറത്തായി, അല്ലേ?”
“അതെ, പ്രഭോ...”
“എട്ടുഭകാരമിരണ്ടുഗുരുക്കളുമായ് വരുകില്‍ കരുതീടതു ചന്ദനസാരം”
“വീണ്ടും ഇരുപത്താറ്?”
“ഇരുപത്താറിലധികമായാല്‍ ദണ്ഡകമാവും. മണത്തതിന്‍റെ വിഷമിറങ്ങും മുമ്പ് ശ്രമിച്ചു നോക്ക്.”

ശ്രമിച്ചു. എന്നിട്ടും പല പുലികളും പുറത്ത്.

ആദി, യതുല്യ, യുമേഷു, കുമാറു, നിഷാദു, വിശാല, ദിവാ, സിബു, ദില്‍ബനു, മിഞ്ചീം
ബിന്ദു, സു, ഡാലി, യമുല്ലയുമങ്ങനെ, ബെന്നി, മൊഴീ, മിടിവാള, രവിന്ദതു, സാക്ഷീ,
ലാപുട, വിശ്വ, മനൂ, കുറുമാ, നനിലും, ശനിയന്‍, പെരിയോന്‍, ഷിജു, ദേവ‍, മനു, ശ്രീ,
ജ്യോതി, കരിത്തലയന്‍, നള, നെന്നിവരൊക്കെ ബുലോഗ വനത്തിലെ പുപ്പുലികള്‍ താന്‍!

പുലികള്‍ക്ക് പേരിടുമ്പോള്‍ ആലോചിക്കണമായിരുന്നു. ഈ രക്തത്തില്‍ എനിക്ക് പങ്കില്ല.

31 പ്രതികരണങ്ങൾ:

 1. കടയ്ക്കല്‍

  എന്താ ഇത്‌ കാര്യം

 2. സു | Su

  ഇത്രേം പുലികളെയാണോ ഒരുമിച്ച് കിട്ടിയത്? പുപ്പുലികളുടെ കൂടെ, പുലിയല്ലാത്ത എന്റെ പേരു വന്നതില്‍ സന്തോഷം.

  ഓ.ടോ.(വക്കാരീസ് ടിപ്സ് ഫോ‍ര്‍ സന്തോഷം എന്നതിലേക്ക് എന്റെ ആദ്യത്തെ സംഭാവന. ഏത് അവസ്ഥയിലും സന്തോഷിക്കുക. നമുക്ക് വേണ്ടി നമ്മള്‍ സന്തോഷിച്ചില്ലെങ്കില്‍പ്പിന്നെ ആര് സന്തോഷിക്കും?)

  വക്കാരി വന്നാല്‍ ഞാന്‍ കാശിയ്ക്ക് പോയി എന്ന് പറയണം. ;)

 3. സന്തോഷ്

  താഴ്വാരമേ, ഒരു വരിയില്‍ 26 അക്ഷരങ്ങള്‍ ഉള്ള ഛന്ദനസാരം എന്ന വൃത്തത്തില്‍ ഒരു ശ്ലോകമെഴുതാന്‍ ശ്രമിച്ചതാണ്.

  സൂ: :)

 4. അതുല്യ

  കള്ളയാണയിടാതെ രക്ഷപ്പെട്ടു. സുകൃതം.
  എനിക്ക്‌ ഏറ്റവും കൂടുതല്‍ ഇഷ്ടപെട്ടതീവരി.

  സന്തോഷേ...കാണാനില്ലല്ലോ ഇപ്പോ? സൈനെഡ്‌ എന്തിനാ 5 കിലോ അല്ലേ?

 5. സിദ്ധാര്‍ത്ഥന്‍

  ദൈവമേ ഇങ്ങനേമുണ്ടോ വൃത്തങ്ങള്‍?
  ഇതെങ്ങനെയാണു ചൊല്ലുക സന്തോഷേ? ഐ മീന്‍ ഈണത്തിനെന്തെങ്കിലും ക്ലൂ?

 6. അതുല്യ

  സിദ്ധുവേ..എന്റെ പേരങ്ങട്‌ മാറ്റി ചൊല്ലിയാല്‍ നല്ല ഈണം കിട്ടിയെന്നിരിയ്കും.

 7. കണ്ണൂസ്‌

  ബൌ ബൌ ബൌ ബൌ!!!!

  പുലിവേട്ടയില്‍ കുടുങ്ങാതിരുന്ന ഒരു പുലി പ്രതിഷേധം ഗര്‍ജ്ജിച്ചു പ്രകടിപ്പിച്ചതാ!!

  ഓ.ടോ : കലക്കി, സന്തോഷേ. :-)

 8. ഇത്തിരിവെട്ടം|Ithiri

  സന്തോഷ്‌ജീ ഇത് കലക്കി.

 9. മുല്ലപ്പൂ || Mullappoo

  സന്തോഷേ,
  ഈ എഴുതുന്ന ശൈലി നല്ല രസം ഉണ്ട്.

  രാജാവിന്റെ മുന്‍പില്‍,
  വേട്ടകാരന്റെ വേഷത്തില്‍,
  ഓച്ഛാനിച്ചു നില്‍ക്കുന്ന,
  ശേഷം ചിന്ത്യക്കാരനെ ഒക്കെകണ്ടു
  അങ്ങനെ ആസ്വദിച്ചു വായിച്ചു വന്നതാ
  അപ്പോള്‍ ദേ ശ്ലൊകം .

  പുലിക്കൂട്ടില്‍, ഒരു പൂവും വന്നു പെട്ടുവോ ?

  നല്ല പോസ്റ്റ്

 10. സന്തോഷ്

  സിദ്ധാര്‍ത്ഥാ: ഈണമെങ്ങനെയെന്ന് ഒരു ഐഡിയയുമില്ല. വൃത്തലക്ഷണം (എട്ടുഭകാരമിരണ്ടുഗുരുക്കളുമായ് വരുകില്‍ കരുതീടതു ഛന്ദനസാരം) ചൊല്ലി നോക്കിയോ? ഇല്ലെങ്കില്‍ ഉമേഷു തന്നെ ശരണം.

  കണ്ണൂസ്: പ്രതിഷേധം കണ്ടു:) ഈ വൃത്തത്തില്‍ അവസാന രണ്ടക്ഷരം മാത്രമാണ് രണ്ട് ഗുരുക്കള്‍ ഒരുമിച്ച് വരുന്നത്. അതിനാല്‍ അറയില്‍ പെടാതെപോയെ പുലികള്‍ പലത്: കണ്ണൂസ്, സിദ്ധാര്‍ത്ഥന്‍, രാജേഷ് വര്‍മ്മ, പാപ്പാന്‍, ഗന്ധര്‍വ്വന്‍, രേഷ്മ, കല്ലേച്ചി, പച്ചാളം, പ്രാപ്ര... ലിസ്റ്റ് അങ്ങനെ നീളുന്നു. എല്ലാരും കൂടി തല്ലുമോ ദൈവമേ? :)

  ഇത്തിരി, മുല്ലപ്പൂ: നന്ദി!

 11. വക്കാരിമഷ്‌ടാ

  ഹ...ഹ... ഞങ്ങളുടെ നാട്ടില്‍ “ക” യ്ക്ക് പകരം “മ” യും “ഇ” ഇല്ലാത്ത “രി” യും ചേര്‍ന്ന രണ്ടക്ഷരം ഒന്നാം പാദത്തിലാദ്യമായി കരിത്തലയനില്‍ വന്നാലവന്‍ ഞാനായി :)

  സൂവേ, ഇനീം കുറെ ടിപ്പുകളുണ്ട്. ഇതെല്ലാം മൊത്തത്തില്‍ ജീവിതത്തില്‍ പാലിക്കാന്‍ നിന്നാല്‍ അവസാനം താളവട്ടത്തിന്റെ അവസാനം ലാലേട്ടന്റെ തലയ്ക്കകത്ത് ബോളുരുട്ടിയ അവസ്ഥയാവും. ചുമ്മാ അങ്ങിനെ കിടക്കാം :)

  സന്തോഷേ, നമിച്ചിരിക്കുന്നു.

 12. ജ്യോതിര്‍മയി

  അതുശരി, വേട്ടക്കാരായിരുന്നോ ബ്ലോഗില്‍ നിരങ്ങിയിരുന്നത്‌? ഞാന്‍ വല്ലാതെ പേ...ടി...ച്ചിട്ടൊന്നു...മില്ല...

  എന്നാലും പറയാതെവയ്യ, ഒരു മൂഷികസ്ത്രീ പോലുമല്ലാത്ത, പാവം പൂച്ചയായ എന്നെ എല്ലാവരും കൂടി, പുലിയും പുപ്പുലിയും ഒക്കെയാക്കിയത്‌, ഇതിനായിരുന്നല്ലേ?
  എന്നാലും, ജ്യോതി കരിത്തലയനോ മരത്തലയനോ അല്ലാ എന്ന് ഇതിനാലെ ശക്തിയുക്തം ബോധിപ്പിച്ചുകൊള്ളുന്നു. വക്കാരീ, പ്ലീസ്‌...
  :-))

  ഓ.ടോ: സന്തോഷ്‌ പിള്ളയെ ശ്രീലങ്കന്‍ പ്രധാനമന്ത്രി അന്വേഷിച്ചാര്‍ന്നു, എന്തുപറയണം? :-))

  വേറൊരു ഓ.ടോ: പോസ്റ്റ്‌, കൊള്ളാം ജീ. :-))

 13. ഡാലി

  ശംഭുനടനം ,ചന്ദന സാരം എന്തൊക്കെ വൃത്തങ്ങളാണ്! ഇതൊക്കെ ഇപ്പോള്‍ മലയാളത്തിലെ ഏതെങ്കിലും ഡിഗ്രിയ്ക്ക് പഠിക്കാനുണ്ടോ?
  പത്താം ക്ലാസ്സ് വരെയുള്ള മലയാളത്തില്‍ കേക, കാകളി, മഞ്ജരി, വസന്തതിലകം,ശാര്‍ദൂലവിക്രീഢിതം കഴിഞ്ഞു.
  അനുഷ്ടുപ്പ് പോലും ഓര്‍ക്കുന്നില്ല.

  ഈ വൃത്തം & ലക്ഷണം ആദ്യായി കേള്‍ക്കാ. പുതിയ ഒരു അറിവ് കൂടി.

 14. ജ്യോതിര്‍മയി

  താളം ഇങ്ങനെയാണോന്നു നോക്കൂ-, ഏകദേശം, "അയി ഗിരിനന്ദിനി...പോലെ എന്നു വേണമെങ്കില്‍ പറയാം, വ്യത്യാസമുണ്ട്‌ എന്നാലും. പിന്നെ മൂന്നക്ഷരം കൂടുതലുമുണ്ട്‌. നല്ലൊരു എക്സര്‍സൈസ്‌
  "ലാ,ല / ല,ലാ,ല/ ല,ലാ,ല/ ല,ലാ,ല/ ല ലാ ല/ ല,ലാ,ല/ ല,ലാ,ല/ ല,ലാ,ല,/ ല,ലാ,ലാ"

  സന്തോഷ്‌ജീ, ഒരു സംശയം, അവസാനത്തെവരിയില്‍ "പുപ്പുലിയല്ലേ" എന്നായാലോ? enne thallallE, vETivechchOLoo:-)

 15. ഉമേഷ്::Umesh

  ഇതു കൊള്ളാമല്ലോ. പത്താം ക്ലാസ്സില്‍ ട്യൂഷനു പോയിടത്തെ പിള്ളേരുടെ പേരുകള്‍ ഞാനിങ്ങനെ ശ്ലോകത്തിലാക്കിയിരുന്നു-ശാര്‍ദ്ദൂലവിക്രീഡിതത്തില്‍.

  പ്രീതാ, ലേഖ, യുഷാ, സെലിന്‍, സുമതിയും, ലാലമ്മ, യന്നമ്മയും,
  രാ‍ധാ, ഷേബ, യതിന്നു മേല്‍ മെറിലിയും, മേഴ്സീ, ജൊയിസ്, ഹേമയും,
  വീണാ, സോഫിയ, റ്റിറ്റി, ജോളി-പതിനേഴുണ്ടിങ്ങു പെണ്‍കുട്ടികള്‍...


  (നാലാം വരി മറന്നു പോയി. ആണ്‍കുട്ടികളെപ്പറ്റിയുള്ള ശ്ലോകം അന്നേ മറന്നുപോയി :))

  അന്നു ഞാന്‍ ശ്ലോകത്തില്‍ ഡയറിയെഴുതുമായിരുന്നു. അതില്‍ നിന്നാണു് ഇതു്. ഇതുപോലെയുള്ള ലിസ്റ്റുകള്‍ വേറെയുമുണ്ടു്. “ചൂള” എന്ന സിനിമ കണ്ടതിനെപ്പറ്റി. അതും ശാര്‍ദ്ദൂലവിക്രീഡിതം തന്നെ.

  പീജേയാന്റണിയന്ത്യമായഭിനയം ചെയ്തോരു ചിത്രത്തിനായ്
  പ്പോയീ, “ചൂള”-യതാണതിന്റെയഭിധാനം, വല്യ തെറ്റില്ലിഹ
  സോമന്‍, മീന, ഭവാനി, ബേബി സുമതീം, മാസ്റ്റര്‍ രഘൂമുണ്ടു ഹാ!
  പേരെന്താ‍ന്നറിയാത്തതായയൊരു പെണ്ണും ശങ്കരാടീമതില്‍.


  ഈ ഡയറിയെഴുതിയാണു സംസ്കൃതവൃത്തങ്ങള്‍ ഉറച്ചതു്. ഇതിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വൃഥാ ആയി. ഏതോ പലചരക്കുകടക്കാരന്‍ പിണ്ണാക്കു പൊതിഞ്ഞ കടലാസില്‍ എന്റെ ബാല്യകാലശ്ലോകങ്ങള്‍ കാമധേനുക്കള്‍ക്കു മൃഷ്ടാന്നമായിട്ടുണ്ടാവും :-(

  പേരുകളെല്ലാം ഉള്‍ക്കൊള്ളിക്കണമെങ്കില്‍ ശാര്‍ദ്ദൂലവിക്രീഡിതം തന്നെ നല്ലതു്. മിക്കവാറും എല്ലാ വാക്കുകളും അതില്‍ കൊള്ളും.

  ഇതു ചൊല്ലാന്‍ വളരെ എളുപ്പം. മൂന്നക്ഷരം വീതം ചൊല്ലി നോക്കുക.ഭഗണം (ഗുരു,ലഘു, ലഘു) ആവര്‍ത്തിച്ചു വരുന്നതാണു്.

  അമ്മിണി ചേട്ടനു കത്തു കൊടുത്തതു തന്തയറിഞ്ഞതു വന്‍ വിഷമം

  എന്നു ചൊല്ലി നോക്കൂ... :)

 16. ഉമേഷ്::Umesh

  ക്ഷമിക്കണം.

  അമ്മിണി ചേട്ടനു കത്തു കൊടുത്തതു തന്തയറിഞ്ഞതു വന്‍ വിഷമം

  എന്നതു “മദിര” എന്ന വൃത്തമാണു്. ഏഴു “ഭ”യും ഒരു ഗുരുവും. 22 അക്ഷരം. ലക്ഷണം “ഏഴു ഭകാരമൊരേവരിയായൊടുവില്‍ ഗുരുവും മദിരയ്ക്കു വരും.”

  ഇതു് എട്ടു “ഭ”യും രണ്ടു ഗുരുവും. അപ്പോള്‍ ഇങ്ങനെ മാറ്റാം.

  അമ്മിണി ചേട്ടനു കത്തു കൊടുത്തതു തന്തയറിഞ്ഞതിലെന്തൊരു കുന്തമെനിക്കു്

  (അവസാനത്തെ അക്ഷരം ഗുരുവായി കണക്കാക്കാം എന്ന നിയമമനുസരിച്ചു്.)

 17. സന്തോഷ്

  ജ്യോതീ: “പുപ്പുലിയല്ലേ” എന്നാവാം, അതാണ് നല്ലതെന്ന് ടീച്ചര്‍ക്ക് തോന്നിയെങ്കില്‍.

  ഡാലീ: പുലിയാണെന്നതൊക്കെ ശരി, ഛന്ദനസാരം എന്നു പത്തു പ്രാവശ്യം പറയൂ.

  ഉമേഷ്: ഞാന്‍ ആലോചിക്കുകയായിരുന്നു, ഉമേഷെന്തിനാ അമ്മിണിച്ചേട്ടന് കത്ത് കൊടുത്തതെന്ന്. അമ്മിണിച്ചേച്ചിക്ക് കൊടുത്തു കൂടായിരുന്നോ എന്ന്. പിന്നെയല്ലേ, അമ്മിണി, ചേട്ടന് കൊടുത്ത കത്തിന്‍റെ ഗുട്ടന്‍സ് പുടികിട്ടിയത്!

  (കിട്ടിയ പുലികളെ ഓര്‍ഡറില്ലാതെയാണ് അടുക്കിയിരിക്കുന്നത്, ആരും പരിഭവിക്കരുത്.)

 18. evuraan

  പ്രീതാ, ലേഖ, യുഷാ, സെലിന്‍, സുമതിയും, ലാലമ്മ, യന്നമ്മയും,
  രാ‍ധാ, ഷേബ, യതിന്നു മേല്‍ മെറിലിയും, മേഴ്സീ, ജൊയിസ്, ഹേമയും,
  വീണാ, സോഫിയ, റ്റിറ്റി, ജോളി-പതിനേഴുണ്ടിങ്ങു പെണ്‍കുട്ടികള്‍...


  ഇപ്പോള്‍, വാര്‍ദ്ധക്യകാലത്തു അവരെവിടെയെങ്കിലുമൊക്കെ കൊച്ചൂമക്കളെയും ചിലപ്പോള്‍ കൊച്ചുമക്കളുടെ പിള്ളേരെയും കളിപ്പിച്ചു കൊണ്ട് ഇരിക്കുന്നുണ്ടാവും, അല്ല്യോ ഉമേഷേ..? :)

  ഹിന്റ് ഹിന്റ് :)

 19. വക്കാരിമഷ്‌ടാ

  അമ്മിണി, ചേട്ടനു കത്തുകൊടുത്തത് അമ്മിണീടച്ഛനറിഞ്ഞാല്‍ എട്ടല്ല എണ്‍പത് “ഭ” യാ നല്ല കനത്തില്‍ കിട്ടാന്‍ പോകുന്നത്.

  രണ്ട് ഗുരുക്കള്‍ ഒന്നിച്ച് കൊടുത്താല്‍ പിന്നെ പറയുകയും വേണ്ട.

 20. ബിന്ദു

  എനിക്കൊന്നും മനസ്സിലായില്ല. എങ്ങനെ ഞാന്‍ പുലിയായി? പഠിക്കാന്‍ വിട്ടപ്പോള്‍ കുളത്തില്‍ ചാടാന്‍ പോയതിന്റെ ശിക്ഷ!(മൂന്നെണ്ണം അധികപറ്റല്ലെ? )
  ഉമേഷ്ജീ... ഉമേഷ്ജി ആണോ ശാരി, മേരി, രാജേശ്വരി.. എന്ന പാട്ടെഴുതി സിനിമ‍ക്ക് കൊടുത്തത്? വക്കാരി പറഞ്ഞതു പോലെ 8 ഭ കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

 21. ഉമേഷ്::Umesh

  അറിഞ്ഞു കൊണ്ടല്ലെങ്കിലും ഡാലി പറഞ്ഞതാണു ശരി. "ചന്ദനസാരം" എന്നാണു ആ വൃത്തത്തിന്റെ പേരു്. ഡീ. സീ. ബുക്സ്‌ പ്രസിദ്ധീകരിച്ച "വൃത്തമഞ്ജരി" എന്റെ കയ്യിലുണ്ടു്. അതില്‍ "ചന്ദനസാരം" എന്നാണു്. വൃത്തമഞ്ജരിയില്‍ നിന്നു് വിശ്വം ഒരിക്കല്‍ പകര്‍ത്തിയെഴുതിയ ഈ വിക്കി ലേഖനത്തിലും ചന്ദനസാരം എന്നാണു്.

  സന്തോഷ്‌ ഒരു പത്തു പ്രാവശ്യം എഴുതിക്കേ...

  വക്കാരീ. അതു കലക്കി. :)

  ഏവൂരാനേ :)

 22. ഡാലി

  ഉമേഷ് മാഷ്, മെഡിറ്ററേനിയനില്‍ ചാടി കപ്പലു കയറിയ മാനം രക്ഷിച്ചു. ഹോ! ചാവു കടലില്‍ പൊങ്ങി.

  മേലില്‍ കട്ടി മലയാളം വാക്കുകള്‍ മിണ്ടില്ലാന്ന് വിചാരിച്ച് ഇരിക്കാര്‍ന്നു. സന്തോഷ് ചേട്ടാ, അപ്പോള്‍ ഇനിയും വരും :)

 23. സന്തോഷ്

  സ്വയം പുലിയാണെന്ന് തോന്നിയിട്ടില്ലെന്ന് പിടിയിലായ പലപുലികളും കുമ്പസാരം നടത്തുന്നുണ്ട്. സാരമില്ല, അടുത്ത പുലിവേട്ടയില്‍ ശ്രദ്ധിക്കാം:)

  ചില പുലികളെ വിട്ടുപോയി എന്ന സങ്കടം എനിക്ക് ഇനിയും മാറിയിട്ടില്ല. ഒരു വരിയില്‍ 26 അക്ഷരങ്ങളില്‍ കൂടാന്‍ പാടില്ലാത്രേ, ശ്ലോകമാവുമ്പോള്‍...

  വൃത്തത്തിന്‍റെ പേര് ചന്ദനസാരമാണെങ്കില്‍ ഉടന്‍ തിരുത്താം. എന്‍റെ കയ്യിലെ വൃത്തമഞ്ജരി ഛ ആണ് ഉപയോഗിച്ചിരിക്കുന്നത്. അത് തെറ്റാവാം. ഡാലി, സോറി. ഉമേഷ്, താങ്ക്യൂ!

 24. വക്കാരിമഷ്‌ടാ

  ഞാന്‍ പുലി തന്നെ, ഒരു സംശയവുമില്ല. ഇനി ഗര്‍ജ്ജിക്കണമെങ്കില്‍ അതുമാവാം.

 25. കൃഷ്‌ | krish

  മ്യാവൂ.. മ്യാവൂ..
  ഇത്രയും ബൂലോഗ അളെ കണ്ട്‌ അമ്പരന്ന്‌ ഗര്‍ജ്ജിക്കാന്‍ നോക്കിയതാ.. എന്നാല്‍ മ്യാവൂ..
  ഉമേഷ്‌ പുലിയുടെ പദ്യങ്ങള്‍ ഫയങ്കരം തന്നെ ട്ടോ..

  കൃഷ്‌ | krish

 26. കൃഷ്‌ | krish

  സ്വാറി... ബൂലോഗ പുലികള്‍ എനാ ഉദ്ദേശിച്ചത്‌..

  കൃഷ്‌ | krish

 27. വല്യമ്മായി

  ഈ ശ്ളോകത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ ബൂലോഗ എലികളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ എലികളുടെ സ്വരത്തിന്‌ ചേര്‍ന്ന ലിപി പണിപ്പുരയിലാണ്‌.അത് കിട്ടിയാലുടന്‍ എല്ലാം കൂടി വരും.  ഓ.ടോകണ്ണൂസ് ചേട്ടാ പാലക്കാടൊക്കെ പുലികള്‍ ബൌ ബൌ എന്നാണോ കരയുക.

 28. തറവാടി

  സന്തോഷെ,

  ഈ വെടികളൊന്നും ഏല്‍ക്കാത്ത പുലികളാരൊക്കെയാ?

 29. അഗ്രജന്‍

  ആങ്ഹാ... ധൈര്യമുണ്ടെങ്കി‍ എന്നെയൊന്ന് വെടി വെയ്ക്ക് :)

 30. യാത്രാമൊഴി

  ഹൊ ഈ പുലിവേട്ട ഇപ്പോഴാ കണ്ടത്.
  ഭയങ്കരം തന്നെ കേട്ടാ!

 31. കലേഷ്‌ കുമാര്‍

  പുലിവൃത്തം രസകരം!

  കലക്കി സന്തോഷ്ജീ!