ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, January 24, 2021

ആയുരാരോഗ്യസൗഖ്യം!

ആയുരാരോഗ്യസൗഖ്യം എന്ന വരിയിൽ അവസാനിക്കുന്ന ഒരു സമസ്യ ഏഴു പേരുള്ള ഒരു ശ്ലോകഗ്രൂപ്പിൽ സജിത്ത് (പോസ്റ്റുമാൻ/സിദ്ധാർത്ഥൻ) അവതരിപ്പിച്ചു. അതിന് ഉമേഷ് ഒരു വാശിയെന്ന പോലെ സ്രഗ്ദ്ധര, ശാലിനി, മാലിനി, മന്ദാക്രാന്ത, മേഘവിഷ്ഫൂർജ്ജിതം, ചന്ദ്രലേഖ എന്നീ ആറു വൃത്തങ്ങളിൽ ആറു പൂരണങ്ങൾ ആറു പേരെപ്പറ്റി എഴുതി. (ഗ്രൂപ്പിൽ ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഉമേഷ് ഒരു വൃത്തം കൂടി കണ്ടുപിടിപ്പിച്ച് സമസ്യ പൂരിപ്പിച്ചേനെ.

എന്നെപ്പറ്റി എഴുതിയത് ശാലിനി (നാലേഴായ് മം ശാലിനീ തംതഗംഗം) വൃത്തത്തിലാണ്.
എന്നും ശ്ലോകം നൽകിടും, കൂട്ടുകാർക്കോ
സന്തോഷത്തെക്കോക്ക്ടെയിൽക്കൂട്ടിനാലും,
ഇന്നീ വണ്ണം വന്നിടട്ടേ മഹാനാം
സന്തോഷിന്നായായുരാരോഗ്യസൗഖ്യം!

പ്രൈവസി സൂക്ഷിക്കുന്നതിനായി ഉമേഷ് എഴുതിയ മറ്റുശ്ലോകങ്ങൾ ഇവിടെ ഇടുന്നില്ല എങ്കിലും എഡിറ്റു ചെയ്ത അവസാന വരി ഇതാ:

ചന്ദ്രലേഖ: നസരരഗ കേൾ ചന്ദ്രലേഖാഖ്യമാറാൽ
---
---
---
ദിനവുമതിയായായുരാരോഗ്യസൗഖ്യം!

മാലിനി: നനമയയുഗമെട്ടിൽത്തട്ടണം മാലിനിയ്ക്ക്.
---
---
---
വരുവതിനമൃതം പോലായുരാരോഗ്യസൗഖ്യം!

മന്ദാക്രാന്ത: മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം.
---
---
---
വന്നീടട്ടേ നിറയെ "രരര" യ്ക്കായുരാരോഗ്യസൗഖ്യം! (Edited)

മേഘവിഷ്ഫൂർജ്ജിതം: മുറിഞ്ഞാറാറേഴും യമനസരരം മേഘവിഷ്ഫൂർജ്ജിതം ഗം.
---
---
---
"രരാരാരാരാ" നൽകീടണമതുലമായായുരാരോഗ്യസൗഖ്യം! (Edited)

സ്രഗ്ദ്ധര: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും.
---
---
---
യ്ക്കെന്നും നിൽക്കുന്നൊരീ രാരര വരുമതിയായായുരാരോഗ്യസൗഖ്യം!

നമ്മളെ ശ്ലോകത്തിലാക്കി ഇത്രയും സമസ്യാപൂരണങ്ങൾ അവതരിപ്പിച്ച ഉമേഷിന് വിതാനം എന്ന വൃത്തത്തിൽ ഞാൻ എഴുതിയ ഒരു പൂരണം ഇതാ. ജതം വിതാനം ഗഗം കേൾ എന്നാണ് വിതാനം വൃത്തത്തിന്റെ ലക്ഷണം.
ഉമേഷിനാൽ ശ്ലോകമാകാൻ
പ്രമാദമായ് പോസു ചെയ്യും
സുമോഹനക്കാരു സർവ്വർ-
ക്കുമായുരാരോഗ്യസൗഖ്യം!

Labels: , , , , , ,