ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, March 02, 2024

സോമം, ദീപം എന്നിവ സമാസമം ചേർത്താൽ

സി വി ശ്രീരാമൻ, മന്ദാക്രാന്താ സെൻ എഴുതി ടി പി വിനോദ് പരിഭാഷപ്പടുത്തിയ കവിത "സ്വതന്ത്ര വിവർത്തനം" എന്നുപറഞ്ഞ് യാതൊരു ഉളുപ്പുമില്ലാതെ സ്വന്തമാക്കി.
സോമൻ പണ്ടേ കളവുകലയാൽ പുസ്തകങ്ങൾ രചിച്ചൂ,
ദീപാവാദ്ധ്യാർ കുളിരുവിതറാൻ കാവ്യകൃത്യം തുടങ്ങീ,
അയ്യേ, രാമാ, കവിതവിരിയാൻ കഷ്ടമാണെങ്കിലപ്പം
സോമം ദീപം ക്രമമളവിലായ് ചേർത്തു മോഷ്ടിച്ചു നോക്കൂ!

(വൃത്തം: മന്ദാക്രാന്ത)

കാര്യം മനസ്സിലാവാൻ സേർച്ച് ചെയ്യേണ്ടത്:
  1. Manoj Ravindran Niraksharan, സോമനടി
  2. എസ്. കലേഷ്, ഭൂതകാലക്കുളിർ
  3. TP Vinod, ശ്രീരാമൻ

Labels: ,

Wednesday, December 07, 2022

ഓർക്കുന്നില്ലേ? (പ്രണയവർണ്ണങ്ങൾ - 6)

ഓർക്കുന്നില്ലേ? പരിമണമെഴും വള്ളിമന്ദാരജാലം
പൂക്കുന്നേരം പ്രണയമധുരം മാലകോർക്കുന്ന കാലം;
വായ്ക്കും മോഹം ചുടുകനലിലും കാറ്റുതേടുന്ന താളം-
തീർക്കും ഭാവം, തരളിതമെഴും ചുംബനത്തിന്റെ മേളം?

വൃത്തം: മന്ദാക്രാന്ത

Labels: , ,

Sunday, January 24, 2021

ആയുരാരോഗ്യസൗഖ്യം!

ആയുരാരോഗ്യസൗഖ്യം എന്ന വരിയിൽ അവസാനിക്കുന്ന ഒരു സമസ്യ ഏഴു പേരുള്ള ഒരു ശ്ലോകഗ്രൂപ്പിൽ സജിത്ത് (പോസ്റ്റുമാൻ/സിദ്ധാർത്ഥൻ) അവതരിപ്പിച്ചു. അതിന് ഉമേഷ് ഒരു വാശിയെന്ന പോലെ സ്രഗ്ദ്ധര, ശാലിനി, മാലിനി, മന്ദാക്രാന്ത, മേഘവിഷ്ഫൂർജ്ജിതം, ചന്ദ്രലേഖ എന്നീ ആറു വൃത്തങ്ങളിൽ ആറു പൂരണങ്ങൾ ആറു പേരെപ്പറ്റി എഴുതി. (ഗ്രൂപ്പിൽ ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഉമേഷ് ഒരു വൃത്തം കൂടി കണ്ടുപിടിപ്പിച്ച് സമസ്യ പൂരിപ്പിച്ചേനെ.

എന്നെപ്പറ്റി എഴുതിയത് ശാലിനി (നാലേഴായ് മം ശാലിനീ തംതഗംഗം) വൃത്തത്തിലാണ്.
എന്നും ശ്ലോകം നൽകിടും, കൂട്ടുകാർക്കോ
സന്തോഷത്തെക്കോക്ക്ടെയിൽക്കൂട്ടിനാലും,
ഇന്നീ വണ്ണം വന്നിടട്ടേ മഹാനാം
സന്തോഷിന്നായായുരാരോഗ്യസൗഖ്യം!

പ്രൈവസി സൂക്ഷിക്കുന്നതിനായി ഉമേഷ് എഴുതിയ മറ്റുശ്ലോകങ്ങൾ ഇവിടെ ഇടുന്നില്ല എങ്കിലും എഡിറ്റു ചെയ്ത അവസാന വരി ഇതാ:

ചന്ദ്രലേഖ: നസരരഗ കേൾ ചന്ദ്രലേഖാഖ്യമാറാൽ
---
---
---
ദിനവുമതിയായായുരാരോഗ്യസൗഖ്യം!

മാലിനി: നനമയയുഗമെട്ടിൽത്തട്ടണം മാലിനിയ്ക്ക്.
---
---
---
വരുവതിനമൃതം പോലായുരാരോഗ്യസൗഖ്യം!

മന്ദാക്രാന്ത: മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം.
---
---
---
വന്നീടട്ടേ നിറയെ "രരര" യ്ക്കായുരാരോഗ്യസൗഖ്യം! (Edited)

മേഘവിഷ്ഫൂർജ്ജിതം: മുറിഞ്ഞാറാറേഴും യമനസരരം മേഘവിഷ്ഫൂർജ്ജിതം ഗം.
---
---
---
"രരാരാരാരാ" നൽകീടണമതുലമായായുരാരോഗ്യസൗഖ്യം! (Edited)

സ്രഗ്ദ്ധര: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും.
---
---
---
യ്ക്കെന്നും നിൽക്കുന്നൊരീ രാരര വരുമതിയായായുരാരോഗ്യസൗഖ്യം!

നമ്മളെ ശ്ലോകത്തിലാക്കി ഇത്രയും സമസ്യാപൂരണങ്ങൾ അവതരിപ്പിച്ച ഉമേഷിന് വിതാനം എന്ന വൃത്തത്തിൽ ഞാൻ എഴുതിയ ഒരു പൂരണം ഇതാ. ജതം വിതാനം ഗഗം കേൾ എന്നാണ് വിതാനം വൃത്തത്തിന്റെ ലക്ഷണം.
ഉമേഷിനാൽ ശ്ലോകമാകാൻ
പ്രമാദമായ് പോസു ചെയ്യും
സുമോഹനക്കാരു സർവ്വർ-
ക്കുമായുരാരോഗ്യസൗഖ്യം!

Labels: , , , , , ,

Thursday, February 14, 2019

പ്രാഡയോ ഗുച്ചിയോ

“എടേയ്, പ്രാഡ വേണോ ഗുച്ചി വേണോ?”

“ഇത് ഇന്ന് രാവിലെയാണോ ആലോചിക്കുന്നത്? എന്തായാലും വാങ്ങുന്ന സ്ഥിതിക്ക് എംകെ ആവട്ടെ.”

“എംകെ വൃത്തത്തിൽ നിൽക്കില്ല. പ്രാഡ, ഗുച്ചി, ഫെന്റി ഇതിൽ ഒന്ന് എടുക്ക്...”

“എനിക്ക് വേറേ പണിയുണ്ട്!”
വീണ്ടും വന്നൂ പ്രണയദിവസം, ലോകമെങ്ങും പ്രസാദം
വന്നേയില്ലാ, കരുതിമുഷിയും പ്രാഡതന്നോർഡർമാത്രം
വേഗം വാങ്ങീ മലരുകുലഞാൻ, കിട്ടിയില്ലെങ്കിലിന്നെൻ
വാലന്റൈനും വിറളിയിളകും ചാമ്പലായ് മാറ്റുമെന്നെ!

Happy Valentines Day!

(മന്ദാക്രാന്ത വൃത്തം. സമാനമനസ്കരിൽ നിന്നും സമസ്യാപൂരണങ്ങൾ ക്ഷണിക്കുന്നു.)

Labels: , , , , ,