ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, January 02, 2026

കളരിവിളക്ക് തെളിഞ്ഞതാണോ

ഹോം ഡിപ്പോയിലേയ്ക്ക് ഡ്രൈവ് ചെയ്തപ്പോൾ കളരിവിളക്ക് തെളിഞ്ഞതാണോ എന്നപാട്ട് പ്ലേലിസ്റ്റിൽ നിന്നും പാടിത്തുടങ്ങി. 1989 മുതൽ ഈ പാട്ട് കേട്ടുതുടങ്ങിയതാണെങ്കിലും കഴിഞ്ഞ മുപ്പത്തഞ്ചുവർഷം ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു!

കളരിവിളക്ക്, കുന്നത്ത്, ശംഖ്, മാറത്ത്, എന്നിങ്ങനെ സംവൃതോകാരത്തിൽ അവസാനിക്കുന്ന നാലുവാക്കുകൾ വരികളിൽ ഉണ്ടെങ്കിലും കെ എസ് ചിത്ര കളരിവിളക്ക് മാത്രമേ സംവൃതോകാരത്തിൽ ഉച്ചരിക്കുന്നുള്ളൂ. മറ്റുവാക്കുകൾ യഥാക്രമം കുന്നത്തു, ശംഖു, മാറത്തു എന്നിങ്ങനെ ഉകാരത്തിൽ അവസാനിക്കുന്നതായി ഉച്ചരിക്കുന്നത് വളരെ വ്യക്തമായി കേൾക്കാം!

ഫ്ലവേഴ്സ് ടോപ്പ് സിംഗറിൽ അമൃതവർഷിണി പാടുമ്പോൾ ശംഖു മാത്രമേ ഉകാരത്തിൽ അവസാനിക്കുന്നുള്ളൂ.

എന്താവും ഇതിന് കാരണം?

ഇതിന്റെ കാരണമെന്താവും എന്ന ജിജ്ഞാസയ്ക്കു പുറമേ, പെട്ടെന്ന് ഓർമ്മവന്നത് m3db-യെയാണ്. അവർ ഈ സൂക്ഷ്‌മഭേദം കണക്കിലെടുത്തിട്ടുണ്ടാവുമോ എന്ന കൌതുകം. മലയാളസിനിമാപ്പാട്ടുകളുടെ വരികൾ തിരയുമ്പോൾ ഞാൻ എപ്പോഴും m3db-യെയാണ് ആശ്രയിക്കാറ്. ശരിയായ വരികൾ പ്രസിദ്ധീകരിക്കുന്നതിൽ അവർ കാണിക്കുന്ന ജാഗ്രത അതീവശ്രദ്ധേയമാണ് എന്നതു തന്നെ കാരണം. എന്റെ പ്രതീക്ഷ തെറ്റിയില്ല: m3db-ഈ വരികൾ ചിത്ര പാടിയതുപോലെതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നു.

എന്നാലും എന്താവും ചിത്ര കളരിവിളക്കു എന്ന് പാടാത്തത്? അല്ലെങ്കിൽ അമൃതവർഷിണി ശംഖ് എന്ന് പാടാത്തത്? 😀

(പരിചയക്കാരിൽച്ചിലർ m3db-യുടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നതായി കണ്ടു. m3db-യ്ക്കും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ആശംസകൾ!)

Labels: ,

Saturday, December 06, 2025

മദ്യപാരായണം

ഒരു മദ്യപാനകൂടായ്മയുടെ സംഗമത്തിന് മദ്യപാരായണം എന്ന പേരിട്ടതിനെ വിമർശിച്ച് വന്ന അഭിപ്രായത്തോടുള്ള പ്രതികരണം.

വിമർശനം:
'പാരായണം’ എന്നത് ഭക്തിപാഠങ്ങൾ ചൊല്ലുന്ന ഒരു പരിശുദ്ധ പദമാണ്. പൂജ, കുർബാന, സലാത്, തരാവീഹ്, പാരായണം പോലുള്ള പദങ്ങൾ ആത്മീയമല്ലാത്ത പരിപാടികൾക്കായി സാധാരണ ഉപയോഗിക്കാറില്ല. അവയെ മദ്യം അടങ്ങിയ ഒരു കൂട്ടായ്മയുമായി ചേർത്തുപയോഗിക്കുന്നത് ചിലർക്കു അവരുടെ മതപരമായ വികാരങ്ങളെ അവഗണിച്ചതുപോലെ തോന്നാൻ ഇടയുണ്ട്. അതിനാൽ എല്ലാർക്കും ആശങ്കയില്ലാത്ത ഒരു പേര് നമുക്ക് തിരഞ്ഞെടുക്കാനാവുമോ എന്നതാണ് ഞാൻ ആലോചിക്കുന്നത്.
 
മറുപടി:
ഒരുകണക്കിന് ഇത്തരം ചർച്ചകൾ എല്ലാ ഗ്രൂപ്പിലും സംഭവിക്കേണ്ടതാണ്.  മത, ദേശീയ വൈകാരികതകൾ നമ്മൾ തുറന്ന മനസ്സോടെ തുടർച്ചയായി സംസാരിക്കുന്നതു വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇത്തരം സംഭാഷണങ്ങൾ നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ സൂക്ഷ്മതകളെയും സൂചനകളെയും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ഒരുകാലത്ത് സ്വതന്ത്രമെന്നും സുരക്ഷിതമെന്നും നാം കരുതിയിരുന്ന മദിരാപാനസ്ഥലികൾ പോലും വന്നുവന്ന് അസഹിഷ്ണുതയുടെ അഗ്രഹാരങ്ങളായി (അല്ലെങ്കിൽ കാലിത്തൊഴുത്തുകളായി) പരിണമിച്ചു തുടങ്ങിയതായി തോന്നുന്നു.

"കലോപാസന"യുടെ വാക്കാൽകളിയായി "ജലോപാസന" വന്നു. മലയാള കവിതയിലും മറ്റും ദൈവധ്യാനപ്രവൃത്തികളെ വിവരിക്കുമ്പോൾ ഉപാസന എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും നമ്മുടെ ബോധമണ്ഡലത്തിൽ ഉപാസനയ്ക്ക് ദൈവസാന്നിധ്യം വന്നുചേർന്നിട്ടില്ല. 

"പദ്യപാരായണ"ത്തിന്റെ പ്രാഗത്ഭ്യമേറ്റുന്ന രൂപാന്തരമാണ് "മദ്യപാരായണം." പക്ഷേ ഇവിടെ കളി മാറി. ഖുർആൻ പാരായണം, വേദപാരായണം എന്നൊക്കെ സ്ഥിരം കേൾക്കുന്ന നമ്മൾ പാരായണം ദൈവത്തിന് മാത്രമായി മാറ്റിവയ്ക്കാൻ വെമ്പുന്നു. അർച്ചന ആവും ഈ ലിസ്റ്റിലെ മറ്റൊരു വാക്ക്. ഉദാഹരണങ്ങൾ ഇനിയും ഏറെയുണ്ട്. 

ജലോത്സവം എങ്ങനെ അംഗീകാരം നേടി എന്നതാണ് അദ്‌ഭുതം. ഉത്സവങ്ങളെ നാം ദേവാലയങ്ങളിൽ നിന്നും മാറ്റിക്കെട്ടുന്നതിൽ വിജയിച്ചതാവാം കാരണം. 

സാംസ്കാരികവേദികളിൽ ഒരു ബാബുവിന് ഒരു ജോസും ഒരു വഹാബും സന്നിഹിതരാവുന്നതുപോലെ അടുത്തകൂടലുകൾക്ക് പേരന്വേഷിച്ചുപോകുമ്പോൾ നമ്മൾ സുന്നത്തുകല്യാണത്തിനും ഉയർത്തെഴുന്നേല്പിനും വല്ല wordplay-യും തരമാവുമോ എന്നാലോചിക്കേണ്ടി വരുന്നതിലെ ശരികേട് ഈ ഗ്രൂപ്പ് മനസ്സിലാക്കുമെന്ന് കരുതുന്നു.

ചുരുക്കത്തിൽ മദ്യപാരായണം എന്ന വാക്കിനോട് എതിർപ്പുള്ളവർ ആ എതിർപ്പിലെ കാര്യമില്ലായ്മ മനസ്സിലാക്കി സോമരസം പാനം ചെയ്യാൻ വരണമെന്ന് അഭ്യർത്ഥിക്കുന്നു.

Labels: ,

Tuesday, September 23, 2025

വീണപൂവിന്റെ ഗതി

As Kumaran Asan, the great poet, reformer, and philosopher once wrote in Chinthavishtayaya Seetha:
ബന്ധുരമാകും ചിന്തകളാലേ
സന്ധ്യയിലന്നും സീതവിതുമ്പീ,
'വിഷ്ട'യുടർത്ഥം തേടിയലഞ്ഞൂ
ദുഷ്ടതയേറും പണ്ഡിതവർഗ്ഗം!

"Seetha did not merely dwell on her plight; she gazed, and beheld the endless vista of possibilities!"

(കുമാരനാശാൻ ആദ്യമായി ചമ്പകമാലയിൽ എഴുതിയ ശ്ലോകമാണിത്. ചിന്താ-വിഷ്ട-യായ സീതയിൽ നിന്നും.)

* * * * * *

ദാദാ സാഹേബ് ഫാൽക്കേ അവാർഡ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ കുമാരനാശാന്റേത് എന്നപേരിൽ പറഞ്ഞ വരികൾ
ചിതയിലാഴ്ന്നു പോയതുമല്ലോ
ചിരമനോഹരമായ പൂവിതു
  1. ഈ വരികൾ വീണപൂവ് എന്ന ഖണ്ഡകാവ്യത്തിൽ ഇല്ല.
  2. ഈ വരികൾക്ക് വൃത്തവും ചതുരവും ഒന്നുമില്ല. വീണപൂവ് വസന്തതിലകത്തിൽ ആണ് എഴുതിയിരിക്കുന്നത്.
ഇനി,

"This flower did not merely fall into the dust, it lived a life of beauty."

'ചിതയിലാഴ്ന്നു പോയതുമല്ലോ' എന്ന വരികളുടെ ഈ പരിഭാഷ അത്ര നന്നായുമില്ല.

Labels: , , , , ,

Friday, January 03, 2025

താതവാക്യവും കേകയും

2023-ൽ കേകയായും വസന്തതിലകമായും കണക്കാക്കാവുന്ന ശ്ലോകം എഴുതി വിശദീകരണസഹിതം പ്രസിദ്ധീകരിച്ചിരുന്നു. നടുക്ക് (ഏഴ് അക്ഷരം കഴിഞ്ഞ്) യതിയുള്ള, വരിയുടെ ആറാമക്ഷരമോ ഏഴാമക്ഷരമോ പാടിനീട്ടാവുന്ന, 3/2/2 3/3/2 എന്ന രീതിയിൽ സ്വാഭാവികമായി ഗണം തിരിക്കാവുന്ന, വസന്തതിലകത്തിൽ എഴുതിയ ശ്ലോകങ്ങളെല്ലാം കേകയുമാണ് എന്നതാണ് ദ്വന്ദ്വവൃത്ത ശ്ലോകത്തിന്റെ ഗുട്ടൻസ്.

ഇനി മേലാൽ തന്റെ രചനകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തടരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞെന്നും ഏതോ 𝑃ℎ𝐷 വിദ്യാർത്ഥി തന്റെ തീസിസിൽ വസന്തതിലകത്തിലുള്ള തന്റെ രചനയെ കേകയാണെന്ന് എഴുതിവച്ചിട്ടും 𝑃ℎ𝐷 ഗൈഡ് ഉൾപ്പെടെ ആരും തിരിച്ചറിഞ്ഞില്ലെന്നും ചുള്ളിക്കാട് പരിതപ്പിച്ചു എന്നു ഒരു വാർത്ത വായിച്ച ഓർമ്മയിലാണ് ചില ശ്ലോകങ്ങൾ കേകയും വസന്തതിലകവും ആവാമല്ലോ എന്ന രീതിയിൽ മുകളിൽപ്പറഞ്ഞ പോസ്റ്റ് എഴുതിയത്.

ഈ അടുത്തകാലത്ത് 𝐴𝑟𝑡 𝐿𝑜𝑣𝑒𝑟𝑠 𝑜𝑓 𝐴𝑚𝑒𝑟𝑖𝑐𝑎 സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവേ ഞാൻ ഇക്കാര്യത്തിൽ 𝑑𝑜𝑢𝑏𝑙𝑒 𝑑𝑜𝑤𝑛 ചെയ്യുകയുണ്ടായി. ആ വീഡിയോയുടെ ലിങ്ക് കണ്ടിട്ട് രണ്ടാഴ്ചമുമ്പ് എന്റെ കസിൻ (ആൾ 𝑀𝑎𝑙𝑎𝑦𝑎𝑙𝑎𝑚 𝑀𝐴 ആണ്, ഒരു ലുക്കില്ലെന്നേയുള്ളൂ) എന്നോട് ചോദിച്ചു:

"കേക/വസന്തതിലകം പ്രശ്നം ചുള്ളിക്കാട് ചൂണ്ടിക്കാട്ടിയത് ഏത് കവിതയെപ്പറ്റിയാണെന്ന് അറിയാമോ?"

"ഇല്ല!"

"തോന്നി! അത് താതവാക്യത്തെപ്പറ്റിയാണ്."

എന്നിട്ട് കസിൻ എനിക്ക് ഈ വീഡിയോ അയച്ചുതന്നു. 𝑀𝑎𝑡ℎ𝑟𝑢𝑏ℎ𝑢𝑚𝑖 𝐼𝑛𝑡𝑒𝑟𝑛𝑎𝑡𝑖𝑜𝑛𝑎𝑙 𝐹𝑒𝑠𝑡𝑖𝑣𝑎𝑙 𝑂𝑓 𝐿𝑒𝑡𝑡𝑒𝑟𝑠-ന്റെ ഭാഗമായി ചുള്ളിക്കാട് സംസാരിക്കുന്നതാണ്. ഇതാണ് പ്രസക്തഭാഗം:
ഒരു സർവ്വകലാശാലയിൽ നിന്ന്, എന്റെ കവിതയിൽ, ഒരു വ്യക്തിക്ക്, ഗവേഷണം നടത്തിയിട്ട് 𝑃ℎ𝐷 കിട്ടിയിരിക്കുന്നു. ആ പ്രബന്ധത്തിലുള്ള ഒരു കാര്യം ഞാൻ പറയാം. ഒരേ ഒരു കാര്യം. ഞാൻ താതവാക്യം എന്നൊരു കവിതയെഴുതിയിട്ടുണ്ട്. അത് വസന്തതിലകം എന്ന വൃത്തത്തിലാണ്. 𝑃ℎ𝐷 കിട്ടിയ ഈ പ്രബന്ധം പിന്നീട് പുസ്തകമാക്കുകയും ചെയ്തു. രണ്ടിലും എഴുതിയിരിക്കുന്നു, എന്നെ അഭിനന്ദിച്ചിരിക്കുന്നു, കേകയിൽ ആ കവിത എഴുതിയതിന്. കേകയിൽ ഞാൻ വരുത്തിയ മാറ്റങ്ങളെ അഭിനന്ദിച്ചിരിക്കുന്നു, [...]. അതിന് ഒരു സർവ്വകലാശാല 𝑃ℎ𝐷 കൊടുത്തിരിക്കുന്നു. മലയാള കവിത പഠിപ്പിക്കുന്നു, ആ 𝑃ℎ𝐷 കിട്ടിയ ആൾ. ഇനി പറയൂ, എന്റെ കവിത ഗവേഷണം നടത്തരുത് എന്നു ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ? [...] സ്കൂളിലും കോളജിലും ഒക്കെ എന്റെ കവിത പഠിപ്പിക്കാൻ വയ്ക്കുമ്പോൾ പ്രധാന റഫറൻസ് പുസ്തകം, ഈ ഗവേഷണപ്രബന്ധം പുസ്തകമാക്കിയതാണ്. ഇനി പറയൂ, എന്റെ കവിത സ്കൂളിലും കോളജിലും ഞാൻ പഠിപ്പിക്കാൻ വയ്ക്കണോ? [...] എനിക്ക് മലയാളത്തിന് 35% മാർക്കാ... 𝑀𝐴-യ്ക്ക് പോകാനുള്ള മാർക്ക് ഉണ്ടായിരുന്നില്ല. അതിൽ സങ്കടമുണ്ടായിരുന്നു. സങ്കടമെല്ലാം ഈ പ്രബന്ധം വായിച്ചതോടേ മാറിക്കിട്ടി.

എന്നെപ്പോലെ പലരും വസന്തതിലകം "വേണമെങ്കിൽ" കേകയുമാവാം എന്നൊക്കെ കമന്റായി എഴുതിക്കണ്ടു. പലരും "പാടി നീട്ടാം" എന്ന കാരണമാണ് വിശദീകരണമായി നല്‍കിയിരിക്കുന്നത്. വേറേ ചിലരാവട്ടെ 𝑃ℎ𝐷 കിട്ടിയ വ്യക്തിയെയും സർവ്വകലാശാലയെയും ന്യായീകരിക്കുന്നുണ്ട്.

"നമുക്ക് കണ്ടുപിടിക്കാം" (കടപ്പാട്: പഴയ മൂന്നാം ക്ലാസ് സയൻസ് പുസ്തകം) മോഡലിൽ ഈ വിഷയത്തിന്റെ വിശദാംശങ്ങളിലേയ്ക്ക് കടന്നാലോ?

താതവാക്യം എന്ന കവിതയിൽ 24 ശ്ലോകങ്ങളാണുള്ളത്. 24 ശ്ലോകങ്ങളും വസന്തതിലകത്തിലാണ്. വസന്തതിലകത്തിൽ "മാറ്റം" വരുത്താൻ ശ്രമിച്ചിട്ടില്ല എന്നർത്ഥം.

ഒരു കവിത കേകയാവണമെങ്കിൽ, വരിയിലെ 14 അക്ഷരങ്ങൾ മൂന്ന്/രണ്ട്/രണ്ട്/ മൂന്ന്/രണ്ട്/രണ്ട് എന്നരീതിയിൽ സ്വാഭാവികമായി തരം തിരിക്കാവുന്നവയാവണം, ഏഴ് അക്ഷരം കഴിഞ്ഞ് (നടുക്ക്) നിർത്തുണ്ടാവണം (യതി), വരിയുടെ ആദ്യാക്ഷരങ്ങൾക്ക് പൊരുത്തമുണ്ടാവണം. ആറു ഗണങ്ങളിലും ഒരു ഗുരു വീതം എങ്കിലും ഉണ്ടാവണം.

ഈ നിബന്ധനകളിൽ, ഒരെണ്ണം വസന്തതിലകം വൃത്തത്തിൽ എഴുതിയ ശ്ലോകങ്ങളിൽ എന്തായാലും ഉറപ്പാണ്. വസന്തതിലകത്തിന് എല്ലാവരിയും ഗുരുവിൽ തുടങ്ങണമെന്നതിനാൽ താതാവാക്യത്തിലെ എല്ലാ വരികൾക്കും ആദ്യാക്ഷരങ്ങൾക്ക് പൊരുത്തമുണ്ടാവും.

അപ്പോൾ, നമുക്ക് മൂന്ന്/രണ്ട്/രണ്ട്/ മൂന്ന്/രണ്ട്/രണ്ട് എന്ന രീതിയിൽ വാക്കുകൾ (സ്വാഭാവികമായി) തിരിക്കാൻ പറ്റുമോ എന്നും, ആറോ ഏഴോ അക്ഷരങ്ങൾ ഒന്നെങ്കിലും പാടി നീട്ടാമോ എന്നും (വസന്തതിലകത്തിൽ ആറും ഏഴും അക്ഷരങ്ങൾ ലഘുവാണ്. ഈ രണ്ടക്ഷങ്ങൾ ചേർന്നതാണ് കേകയുടെ മൂന്നാം ഗണം. എല്ലാ ഗണത്തിലും ഒരു ഗുരുവെങ്കിലും വേണ്ടതിനാൽ ഈ രണ്ടക്ഷരങ്ങളിൽ ഒരെണ്ണമെങ്കിലും പാടി നീട്ടാവുന്നതാവണം) ഏഴ് അക്ഷരം കഴിഞ്ഞ് നിർത്തുണ്ടോ എന്നും നോക്കിയാൽ കാര്യം കഴിഞ്ഞു!

ഇനി പരിശോധിക്കേണ്ടത് 96 വരികളുള്ള (24 ശ്ലോകങ്ങൾ) താതവാക്യത്തിൽ ഏതെല്ലാം വരി കേക ആവും എന്നതാണ്.

എത്ര നോക്കിയാലും (പാടി നീട്ടൽ, നടുവിൽ നിർത്ത്, 3/2/2 | 3/2/2 എന്നീ ഗണവിന്യാസം) 96 വരികളിൽ താഴെപ്പറയുന്ന 11 വരികൾ മാത്രമാണ് കേകയിൽ വരുന്നത്.

11. നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം
14. അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി
27. സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ
38. പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം
44. പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി
62. കേടുള്ള ബീജമിവളേറ്റതുമൂലമെന്നു
63. മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം
75. ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ
93. ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും

(ഈ വരികൾ മാത്രമാണ് "തോളത്തു ഘനം തൂങ്ങും വണ്ടിതൻ തണ്ടും പേറി" എന്ന ഈണത്തിൽ ചൊല്ലാൻ പറ്റുന്നത്.)

താതവാക്യം കേകയാണെന്ന് പറഞ്ഞ് പ്രസിദ്ധപ്പെടുത്തിയ പുസ്തകം ഏതാണെന്ന് ആർക്കെങ്കിലും അറിയാമോ? പ്രത്യേകിച്ചും ആ പുസ്തകം ഒരു റഫറൻസ് ഗ്രന്ഥം കൂടി ആയ സ്ഥിതിക്ക് അറിയാൻ ആഗ്രഹം.

Labels: , ,

Sunday, December 29, 2024

'എ'കാരമോ 'ഏ'കാരമോ?

Benny ചോദിക്കുന്നു:
'എ'കാരം വേഴ്‌സസ് 'ഏ'കാരം

ധരിച്ചുപോന്നിരുന്നത് 'സംശയങ്ങളുടേയും' എന്ന രൂപം തെറ്റാണെന്നും ശരിയായ രൂപം 'സംശയങ്ങളുടെയും' ആണെന്നുമാണ്. എന്നാൽ, സമാന സ്വഭാവമുള്ള വാക്കുകളിൽ 'ഏ'കാരത്തിന്റെ ഉപയോഗം കൂടിവരുന്നതായിട്ടാണ് അനുഭവം.

ഒരു ഉദാഹരണം: ആധുനികമായ വ്യക്തിസങ്കല്പത്തിന്റെ അടിയുലയ്‌ക്കുന്ന സംശയങ്ങളു'ടേ'യും ആത്മസംഘർഷങ്ങളു'ടേ'യും ഇടർച്ചകളു'ടേ'യും കഥയാണ് ചെറുകാടിന്റെ ജീവിതപ്പാത പറയുന്നത് - സുനിൽ പി ഇളയിടം (സമകാലിക മലയാളം)

ശരിയായ രൂപമെന്ന് ധരിച്ചുപോന്നിരുന്നത് എഴുതുന്നവരും ധാരാളമുണ്ട്.

ഒരു ഉദാഹരണം: അധ്യാപക'രെ'യും പഠനോപകരണങ്ങളായ പുസ്‌തകങ്ങ'ളെ'യും വേണ്ടുംവണ്ണം സജ്ജീകരിക്കുന്നതിനുപകരം ഭാഷ പഠിപ്പിക്കുന്നവർക്ക് വിശേഷപരിശീലനം വേണ്ടെന്നും ഏത് അധ്യാപകർക്കും ഭാഷ പഠിപ്പിക്കാൻ കഴിയുമെന്നുമുള്ള മിഥ്യാധാരണയെ പുറത്താക്കി വാതിൽ കൊട്ടിയടയ്‌ക്കണം - ലീലാവതി ടീച്ചർ (മാതൃഭൂമി)

ഇവയിൽ ഏത് രൂപമാണ് ശരി? മാനക സമ്പ്രദായമെന്താണ്? അങ്ങനെയൊന്ന് ഉണ്ടെങ്കിൽ, അതിൻ്റെ പ്രമാണമെന്താണ്? ഇനി, ഈ വ്യത്യാസത്തിന് കാരണം എഡിറ്റിംഗ് ടേബിളിലെ സ്റ്റൈൽ ബുക്കാണെന്ന് വരുമോ?

ഞാൻ പറഞ്ഞ മറുപടി:
കൃത്യമായ ഉത്തരം അറിയില്ല. പൊതുവേ ഞാൻ "ഏയും" എന്നു പ്രയോഗിക്കുന്ന കൂട്ടത്തിലാണെന്ന് പറയാം.

എന്റെ അറിവുവച്ച്:

'എ' ആണ് പ്രതിഗ്രാഹികയുടെ വിഭക്തി. കർമ്മത്തിന് പ്രാധാന്യം നൽകാനാണ് പ്രതിഗ്രാഹിക ഉപയോഗിക്കുന്നത്.
അദ്ധ്യാപകർ - അദ്ധ്യാപകരെ (വിദ്യാർത്ഥികൾ അദ്ധ്യാപകരെ സമീപിച്ചു)
സുമതി - സുമതിയെ (ഞാൻ സുമതിയെ കണ്ടു)

'ഏ' നിർദ്ദേശിക വിഭക്തിയാണ്. സംബോധനയ്ക്ക് (വിളിക്കാൻ) ഉപയോഗിക്കുന്നു.
അദ്ധ്യാപകർ - അദ്ധ്യാപകരേ (അദ്ധ്യാപകരേ, നിങ്ങൾ ഇത് കാണുന്നുണ്ടോ?)
സുമതി - സുമതിയേ (സുമതിയേ, അങ്ങോട്ടു നോക്കൂ!)

'ഉം' എന്നത് നിപാതം എന്ന ദ്യോതകമാണ് (പ്രത്യേകം അർത്ഥമില്ല, എന്നാൽ മറ്റുവാക്കുകളുമായി ചേർന്നു നിൽക്കുമ്പോൾ അർത്ഥം ഉണ്ടാവുന്നു).

അങ്ങനെ വരുമ്പോൾ സ്വാഭാവികമായും "അദ്ധ്യാപകരെയും സുമതിയെയും" ആണ് ശരി എന്നുവരും.

പിന്നെ ഒന്നുരണ്ടു പുസ്തകങ്ങൾ മറിച്ചു നോക്കിയപ്പോൾ തലങ്ങും വിലങ്ങും എ-യും ഏ-യും ഉപയോഗിച്ചിരിക്കുന്നു. ഒരു വാചകത്തിൽത്തന്നെ "നിശ്ശബ്ദമായി നിന്ന രാത്രിയുടേയും ലോകത്തെ നിരീക്ഷിക്കുന്ന ചന്ദ്രന്റെയും സൂക്ഷ്മചിത്രം നമുക്ക് ലഭിക്കുന്നു" എന്നൊക്കെ കണ്ടു.

Labels:

Friday, September 06, 2024

കഴ അഥവാ ക-യും ഴ-യും

ശബ്ദതാരാവലിയിലെ (ശ്രീകണ്ഠേശ്വരം, മുപ്പത്തിരണ്ടാം പതിപ്പ്) പേജ് എണ്ണം വച്ചു ഏറ്റവും കൂടുതൽ വാക്കുകൾ തുടങ്ങുന്നത് ക എന്ന അക്ഷരത്തിലാണെന്നും അ, പ, വ, മ, ത, ച, ന, സ, ഉ എന്നിവ ആദ്യ പത്തിൽ വരുമെന്നും മുമ്പ് പറഞ്ഞിരുന്നു. അപ്പോഴാണ് ഏറ്റവും കുറവ് വാക്കുകൾ ഏതക്ഷരത്തിലാണ് തുടങ്ങുന്നത് എന്ന് Govind ചോദിച്ചത്.

ശബ്ദതാരാവലി, ശ്രീകണ്ഠേശ്വരം, മുപ്പത്തിരണ്ടാം പതിപ്പ് മാത്രം വച്ചു നോക്കിയാൽ ഏറ്റവും കുറവ് വാക്കുകൾ ഴ എന്ന അക്ഷരത്തിൽ തുടങ്ങും: 0 (ഒരു വാക്കുമില്ല, ഴകാരം എന്ന വാക്ക് കൂട്ടിയിട്ടില്ല). ഇംഗ്ലീഷ് വാക്കുകൾ അല്ലെങ്കിൽ പേരുകൾ മലയാളത്തിൽ എഴുതുമ്പോൾ മാത്രമേ ഴ-യിൽ തുടങ്ങുന്ന വാക്കുകൾ കണ്ടിട്ടുള്ളൂ. ഉദാഹരണം: genre എന്നത് ഴോൺറ എന്നും ഴോണ എന്നുമൊക്കെ എഴുതിക്കണ്ടിട്ടുണ്ട്. (ഷോൺറ, ഷോണ എന്നീ എഴുത്തുകളും ഈ വാക്കിനുവേണ്ടി ഉപയോഗത്തിലുണ്ട്.)

അങ്ങനെ നോക്കുമ്പോൾ 2 വാക്കുകൾ വീതമുള്ള ൡ, ൠ എന്നിവയാണ് ഏറ്റവും കുറവ് വാക്കുകൾ തുടങ്ങുന്ന മലയാള അക്ഷരങ്ങൾ.

ൠ (ഋ-ന്റെ ദീർഘം)
ൠ - ഓർമ്മ, ഭയം, ആക്ഷേപം, കരുണ, ഭൈരവൻ, അദിതി, ഒരു ദാനവൻ
ൠഭോഷൻ - നിന്ദ്യനായ വിഡ്ഢി

ൡ (ഇതിന്റെ ഉച്ചാരണം ഏകദേശം ലൂ എന്നതിനടുത്ത് നില്ക്കും)
ൡ - അമ്മ, ദിവ്യമാതാവ്, ശിവൻ എന്നീ അർത്ഥങ്ങൾ
ൡതം - എട്ടുകാലി

മൂന്നു വാക്കുള്ള ഌ (ൡ-ന്റെ ഹ്രസ്വം) ആണ് അടുത്തത്.


ഌ - ഭൂമി, പർവ്വതം, ദേവി, ദേവമാതാവ്, സ്ത്രീ, സ്ത്രീസ്വഭാവം, പ്രകൃതി, ഒരു മന്ത്രാക്ഷരം, ഗൃഹം
ഌപ്തം - ലുപ്തം
ഌസ്മാദി - ഒരു മന്ത്രം

ഇനി ഇവയൊക്കെ പ്രചാരം കുറഞ്ഞ അക്ഷരങ്ങളാണെന്ന് സമ്മതിച്ചാൽ, 4 വാക്കുകൾ തുടങ്ങുന്ന ങ യ്ക്ക് ആദ്യസ്ഥാനം കിട്ടും.


ങൻ (ശിവൻ), ങം (ആഗ്രഹം), ങുതം (ശബ്ദം), ങ്യാവൂ

ഇത്രയും പറഞ്ഞ സ്ഥിതിക്ക്:

ഝ-യും ട-യും
ഝ യിൽ തുടങ്ങുന്ന വാക്കുകളേക്കാൾ (101) കുറവാണ് ട യിൽ തുടങ്ങുന്ന വാക്കുകൾ (85). അതും ടഗ്ഗ് (tug), ടാക്സി, ടാഗോർ, ടാങ്ക്, ടാപ്പ്, ടിക്ക് (tick), ടിക്കറ്റ്, ടെക്സ്റ്റ്, ടെൻഡർ, ടെലിഗ്രാഫ്, ടെലിഗ്രാം, ടെലിഫോൺ, ടെലിസ്കോപ്പ്, ടൈപ്പ്റൈറ്റർ, ടൈറ്റിൽ, ടോപ്പ്, ടോൾ (toll), ടൌവൽ (towel), ട്രഷറി, ട്രെയിൻ, ട്രങ്ക്, ട്രസ്റ്റി എന്നീ 22 വാക്കുകൾ കൂടി ഉൾപ്പെടുത്തിയിട്ടുപോലും.


Labels:

Thursday, February 01, 2024

തന്തയുന്തിത്തരം

Matriarchy, Patriarchy എന്നീ വാക്കുകളുടെ മലയാളം എന്താണ്? Matriarchy എന്നാൽ മരുമക്കത്തായം എന്ന് പലയിടത്തും കാണുന്നുവെങ്കിലും ഇത് ശരിയാണോ? മാതൃദായം, പിതൃദായം എന്നൊക്കെ പറഞ്ഞാൽ അമ്മ/അച്ഛൻ എന്നിവരിൽ നിന്ന് ലഭിച്ചത് എന്ന അർത്ഥം വരില്ലേ?

ഒരു സുഹൃത്തിന്റെ ചോദ്യമാണ്.

ഉത്തരമായി, "ഇതൊക്കെ സംസ്കൃതമല്ലേ? സംസ്കൃത വൃത്തത്തിൽ എഴുതിയാലും "തള്ള തന്ന മൊതല്" എന്നു പറയുമ്പോഴുള്ള സുഖം മാതൃദായകത്തിനുണ്ടോ? തള്ളയുന്തിത്തരം, തന്തയുന്തിത്തരം എന്നായാലോ? പുതിയ വാക്കുകളുമായി, ലഭിച്ചത് എന്നുമാത്രമല്ല അർത്ഥം എന്നു പറയുകയും ചെയ്യാം." എന്നു പറഞ്ഞു.

അതോടൊപ്പം ഇങ്ങനെയും കൂട്ടിച്ചേർത്തു:

ഇത്രയുമായ സ്ഥിതിയ്ക്ക് തന്തയുന്തിത്തരം വാക്യത്തിൽ പ്രയോഗിച്ച് കാണിക്കാം: സന്ധ്യാസമയത്ത് കടപ്പുറം നിരങ്ങി വീട്ടിലെത്തിയ മകനെ തള്ള പൂരെ തല്ലി. അപ്പോൾ മകൻ:
ചന്തിയിൽച്ചൂരലാലെത്രയോ ചിത്രങ്ങ-
ളെന്തിന്നു, ചൊല്ലുക, നീ വരച്ചൂ?
തന്തയുന്തിത്തരം ചൊല്ലുവാനല്ലെങ്കി-
ലന്തിക്കടപ്പുറമെന്തിനമ്മേ?

(ഇനി ഇത് തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ എന്ന രീതിയിൽ ചൊല്ലി നോക്കിയേ!)

Labels: ,

Friday, January 05, 2024

എന്റെ നീരദക്കുളിരലകൾ

നമ്മൾ പഞ്ചസാരയ്ക്ക് പകരം സിത എന്നോ വെറുതേ ഒരു ഓളത്തിന് സൃയവസഹജം എന്നോ ഉപയോഗിക്കുമ്പോൾ ഓഹോ! പുള്ളിക്കണക്കൻ (റോയ് ഗോപാൽ) എഴുതിയ നെഞ്ചോരമല്ലേ പെണ്ണേ എന്ന പാട്ട് കേട്ട് ആഹാ എന്ന് പറയുന്നതിന് മുമ്പ് ഈ വാക്കുകളുടെ അർത്ഥം പറയൂ:
  • കണ്ണാട്ടി
  • കണ്ണാളി
  • ആലീനം
  • നീരാഴം
  • നീരിത്താർ
വരികളുടെ റിവ്യൂ അല്ലാത്തതിനാൽ ഈ പ്രയോഗങ്ങൾ എന്താണെന്ന് ചോദിക്കുന്നില്ല:
  • ചെന്തണലാകെയാളിപ്പടരണ്
  • നീർക്കുഴൽ വാടിത്തളർന്നു
  • നീരദക്കുളിരല

Labels: ,

Friday, June 09, 2023

ഇൻഡ്യൻ ഇംഗ്ലീഷ്

(ചിന്ത ജെറോമിന്റെ) ഇംഗ്ലീഷ് പ്രസംഗം പോട്ടേ. മലയാളികളുടെ (ഇൻഡ്യക്കാരുടെ) ഇംഗ്ലീഷ് usage-നെപ്പറ്റി പെട്ടെന്ന് ഓർമ്മ വന്ന മൂന്ന് കാര്യങ്ങൾ:
  1. qu എന്നത് ക്വ എന്നതിനു പകരം ക്യ എന്ന് ഉച്ചരിക്കുന്നത്. ക്വീൻ vs ക്യൂൻ, ക്വിസ് vs ക്യുസ്.
  2. "One of the" കഴിഞ്ഞിട്ട് plural ഉപയോഗിക്കാത്തത്. "One of my *friends*", "One of the *examples*."
  3. Using & and AND interchangeably.

Labels:

Friday, June 02, 2023

അരിക്കൊമ്പൻ ഭാഷ

രണ്ടു കാര്യങ്ങൾ:
  1. ‘നൽകണം’ എന്ന വാക്ക് കഴിഞ്ഞുള്ള സ്‌പേസ് (space) ആവശ്യമില്ല.
  2. കുട്ടികൃഷ്‌ണമാരാരുടെ വാക്കുകളിൽപ്പറഞ്ഞാൽ വിസ്മയം, വിഷാദം, ആഹ്ലാദം, പ്രാർത്ഥന, നിന്ദ, പരിഹാസം മുതലായ ഭാവങ്ങൾ ദ്യോതിപ്പിക്കുവാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് ആശ്ചര്യചിഹ്നം അഥവാ സ്തോഭചിഹ്നം. ഇത് രണ്ടും നാലും നിരത്തി പ്രയോഗിക്കുന്നത് നിഷ്പ്രയോജനമാണ്. വെറുതേ മഷി കളയാമെന്നേയുള്ളൂ.
അടുത്തതവണ പോസ്റ്ററടിക്കുമ്പോൾ ശ്രദ്ധിക്കുമല്ലോ. 😀

Labels:

Friday, January 28, 2022

ശ്ലോകം സ്റ്റാർട്ടർ കിറ്റ്

ശ്ലോകം എഴുതിത്തുടങ്ങുന്നവർക്കു വേണ്ടിയുള്ള അഞ്ചു പേജിൽ ഒതുക്കിയ സ്റ്റാർട്ടർ കിറ്റ്.
https://tinyurl.com/slokamstarter

അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

Labels: ,

Saturday, November 20, 2021

തെറി വളർന്ന വഴികൾ

  1. മറ്റേമ്മ എന്ന് കൊച്ചുമക്കൾ വിളിച്ചിരുന്ന എന്റെ അമ്മയുടെ അമ്മ, അന്നത്തെ രീതിയിൽ നോക്കിയാൽ കുലസ്ത്രീ ആയിരുന്നെങ്കിലും ദേഷ്യം വന്നാൽ അറുവാണി, പുണ്ടച്ചി, മൈര് എന്നിങ്ങനെ നാട്ടിൽ അന്ന് പ്രചാരമുണ്ടായിരുന്ന തെറികൾ, അവർക്ക് ശരിയല്ല എന്ന് തോന്നുന്ന ആളുകളോടോ രീതികളോടോ സംഭവത്തോടോ "ശക്തമായി" പ്രതികരിക്കേണ്ടിവരുമ്പോൾ, സാമാന്യം ഉറക്കെത്തന്നെ പ്രയോഗിക്കുമായിരുന്നു. ഏതോ സിനിമാപോസ്റ്ററിലെ അക്ഷരത്തെറ്റ് കണ്ടിട്ട് അനുകരണം കല എന്നപോലെ, "ഏത് അറുവാണിയാണ് ഇത് എഴുതിയത്" എന്ന് ഞാൻ പ്രതികരിക്കുന്നത് അമ്മ കേൾക്കുകയും "അഞ്ചാം ക്ലാസിൽ ആയതേയുള്ളൂ, നിന്റെ കൂട്ടുകെട്ട് ശരിയല്ല" എന്ന നിരുപദ്രവഭാഷയിൽത്തുടങ്ങിയ മഹായുദ്ധം അവസാനം എന്റെ കരഞ്ഞുകലങ്ങലിലവസാനിക്കുകയും ചെയ്തു. ഇതെല്ലാം കേട്ട് നിനക്ക് ഭാവിയുണ്ടെടാ എന്ന മട്ടിൽ ഇരുന്ന മറ്റേമ്മ പതിയെ അടുത്തു വന്ന്, "നീ വലുതാവുമ്പോൾ അല്ലേ ഇതൊക്കെ പറയാനുള്ളത്, ഇപ്പോഴാണോ?" എന്ന് ചോദിച്ചത് എനിക്ക് വലിയ ആശ്വാസമൊന്നും പകർന്നില്ല. (വേണ്ടാത്തിടത്ത് പ്രതീക്ഷിക്കപ്പെടാത്തവരാൽ സൃഷ്ടിക്കുന്ന ഷോക്ക് വാല്യൂ ആണ് തെറിയുടെ ഗുണവും മേന്മയും.)
  2. പ്രീഡിഗ്രിക്കാലത്ത് ഹോസ്റ്റലിൽ റോബിനും ബിജുരാജും തമ്മിൽ വഴക്ക്. റോബിൻ അന്നത്തെ യുവാക്കളുടെ ഹരമായിരുന്ന (ഇന്ന് ചുരുളി ട്രെയിലറിൽ കേട്ട) തെറിയൊക്കെ ബിജുരാജിനെ വിളിക്കുന്നുണ്ട്. ബിജുരാജാകട്ടെ അളന്നുതൂക്കിയാണ് മറുപടി. തായോളി, നായിന്റെമോൻ തുടങ്ങി മാതൃകേന്ദ്രീകൃതമാണ് മിക്ക പ്രയോഗങ്ങളും. എന്നാലും അവരാതിക്കുണ്ണ, മലമൈരൻ, ഇരമ്പൂറൻ, തുടങ്ങിയ ഇമ്പമാർന്ന തെറികൾക്കിടയിൽ ബിജുരാജിന്റെ കവനകൌതുകം മുങ്ങിപ്പോകുന്നത് പ്രേക്ഷകർക്ക് അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് "നായിന്റെമോൻ എന്നു പറഞ്ഞാൽ അച്ഛൻ പട്ടി ആണെന്നല്ല, പട്ടിയാണ് അച്ഛൻ എന്നാണ് അർത്ഥം എന്ന് ഈ കൂത്തിച്ചീമോന് ആരെങ്കിലും പറഞ്ഞു കൊടുക്കൂ" എന്ന് ബിജുരാജ് വിളിച്ചുപറയുന്നത്. (ഈ subtle വ്യത്യാസമാണ് തെറിയെ നല്ല തെറിയാക്കുന്നത്.)
  3. MG യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഒരു കുന്നിന്റെ മുകളിലാണ്. ആ കുന്നിന്റെ താഴ്വാരത്താണ് അന്നത്തെ റെജിസ്ട്രാർ ചാക്കോ താമസിച്ചിരുന്നത്. ഹോസ്റ്റൽ നിവാസികൾക്ക് യൂണിവേഴ്സിറ്റിയുടെ, അധികാരത്തിന്റെ, പ്രതിനിധിയാണ് ചാക്കോ. ഹോസ്റ്റലിൽ കുളിക്കാൻ വെള്ളമില്ല, ക്യാന്റീനിലെ മുട്ടക്കറിക്ക് എരിവു കൂടി തുടങ്ങിയ എന്തെങ്കിലും പ്രശ്നമുണ്ടായാൽ നമ്മൾ കൂട്ടത്തോടെ ടെറസ്സിൽ നിന്ന് "എടാ ചാക്കോ, മുട്ടയിൽ മുളകിട്ടത് നീയാണോടാ?" എന്നൊക്കെ വിളിച്ചുകൂവും. അങ്ങനെയിരിക്കെ, അരമണിക്കൂർ കറണ്ട്കട്ട് വരുമ്പോൾ കറണ്ട് വരുന്നതു വരെ നിർത്താതെ കൂവുക എന്ന പുതിയ ഐഡിയ ഇഷ്ടപ്പെട്ട നമ്മൾ അത് പ്രാവർത്തികമാക്കുന്നു. ഏകദേശം അഞ്ചാറു മിനുട്ട് കൂവൽ തുടർന്നപ്പോൾ നാട്ടുകാർ ഒന്നുരണ്ടുപേർ ഗേറ്റിൽ വന്നിട്ട് "നിർത്തടാ പൊലയാടിമക്കളേ, നിന്റെയൊക്കെ അമ്മേടേ" എന്നും മറ്റും തുടങ്ങുന്ന നാല് തെറി. നമ്മൾ നിർത്തി. സമരമുഖങ്ങളിൽ വിരിമാറുകാട്ടിയ ചരിത്രമുള്ള യുവതുർക്കികൾ, പിറ്റേ ദിവസത്തെ കലാപരിപാടിയ്ക്കിടയിലെ നാടൻ മാനുഷിക ഇടപെടലിനെ കാസർഗോഡ് മുതൽ പാറശ്ശാല വരെ പ്രചാരത്തിലുള്ള ദേശീയ തെറികളുടെ അനർഗ്ഗങ്ങള പ്രവാഹത്തിലൂടെ ചെറുത്ത് തോല്പിച്ചു എന്നാണോ, അതല്ല, നാൽപ്പാത്തിമല നിവാസികൾ അരമണിക്കൂർ കൊണ്ട് തങ്ങളുടെ തെറിശേഖരം അപ്ഗ്രേഡ് ചെയ്തു എന്നാണോ ചരിത്രപുസ്തകങ്ങളിൽ എഴുതേണ്ടതെന്ന് ഈ സംഭവം കഴിഞ്ഞ് ഒന്നുരണ്ടു ദിവസം ചർച്ച നടന്നു. (എന്റെ നാട്ടിലെ തെറി നിന്റെ നാട്ടിലെ തെറിയേക്കാൾ മെച്ചപ്പെട്ടതാണ് എന്നു പറയുന്നതിലും ഒരു "അശ്ലീല"മുണ്ട്.)
  4. അവസാനമായി പൈങ്കിളിത്തെറി കേട്ടത്, ഏകദേശം പത്തുകൊല്ലം മുമ്പ് സീയാറ്റിലിലെ ഒരു പാർക്കിംഗ് ലോട്ടിൽ വച്ചാണ്. ഒരാൾ കാറിൽ മദ്യം വിളമ്പുന്നു. കുറേപ്പേർ ചുറ്റും നിന്ന് സേവിക്കുന്നു. "അളിയാ വന്ന് വാങ്ങിക്കുടിക്ക്" എന്ന് സ്നേഹത്തോടെ ഒരാൾ. ഒന്ന് ശങ്കിച്ചുനിന്നപ്പോൾ (അത്ര പരിചയക്കാരനല്ലാത്ത) ദാതാവിന്റെ നിർബന്ധം ഒഴുകിവന്നു: "വന്ന് ഊമ്പിയേച്ചു പോടാ മൈരേ!" ആ പ്രലോഭനം എങ്ങനെ നിരസിക്കും? "നീ ഇവിടെ പുതിയതാണല്ലോ" എന്ന അമ്മാവൻ സിൻഡ്രോമിന്റെ ബലത്താലും, ഒഴിച്ചുതന്ന ഡ്രിങ്ക്, ചീപ്പ് മദ്യം കോളയിൽ കലക്കി വായിൽ വയ്ക്കാൻ കൊള്ളാത്തതു പോലെയാക്കിയിരുന്നതിന്നാലും തുപ്പിക്കളഞ്ഞിട്ട്, "ഇതാണോ നിന്റെ ഒലത്തൽ?" എന്നുചോദിച്ച് സ്ഥലംവിട്ടത് ഓർമ്മയുണ്ട്. (മിനിമം ഗ്യാരണ്ടി ഇല്ലാത്തവരോടൊന്നും തെറിവിളിക്ക് കൂടരുത്. മദ്യപിക്കാനും.)
  5. നോൺ-സ്റ്റോപ്പ് തെറിയുപയോഗം മെയിൻസ്ട്രീം അല്ല. മുപ്പത് കൊല്ലം മുമ്പ് ക്യാമ്പസിലും ഹോസ്റ്റലിലും ഇങ്ങനെ സംസാരിച്ചു നടക്കുന്നവരെ കണ്ടിട്ടുണ്ട്. ആ പ്രായത്തിലുള്ളവരിൽ ഇങ്ങനെ ശീലമുള്ളവർ ഇപ്പോഴും കാണാം. ഇപ്പോൾ ഒരു സിനിമയിൽ വന്നെങ്കിൽ ഇനി എല്ലാ സിനിമയിലും വരും. വരട്ടെ. ഈ വിമർശിക്കുന്നവരിൽ പത്ത് പേരെങ്കിലും ഇതിൽ പ്രതിഷേധിച്ച് ഇനി ഒരു സിനിമയും കാണുന്നില്ല എന്നുവയ്ക്കട്ടെ. അതല്ലേ ഹീറോയിസം? (അങ്ങനങ്ങാണ്ടല്ലേ ആ ഡയലോഗ്?)

Labels: ,

Friday, March 20, 2020

കറുത്ത കാലങ്ങൾ

ജർമ്മൻ നാടകകൃത്തും കവിയുമായ ബേർറ്റോൾട് ബ്രേഷ്റ്റ് (Bertolt Brecht), 1939-ൽ പ്രസിദ്ധീകരിച്ച Svendborger Gedichte എന്ന സമാഹാരത്തിലെ ആദ്യസെക്ഷനിലെ (Motto to the Svendborg Poems) കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്:
In den finsteren Zeiten,
wird da auch gesungen werden?
Da wird auch gesungen werden.
Von den finsteren Zeiten.

ഈ വരികൾക്ക് പലതരം ഇംഗ്ലീഷ് പരിഭാഷകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും പ്രചാരമുള്ളത് ഇതാണ്:
In the dark times
Will there also be singing?
Yes, there will also be singing.
About the dark times.

കറുത്ത കാലങ്ങളിൽ പ്രതീക്ഷയുടെ പര്യായമായി പലരും ആശ്രയിക്കുന്നവയാണ് കാലാതിവർത്തിയായി നിൽക്കുന്ന ഈ വരികൾ. ഈ വരികളുടെ ഒരു സ്വതന്ത്രപരിഭാഷ:
കറുത്ത കാലങ്ങളിലാരു പാടാൻ,
കറുത്ത കാലങ്ങളിലെന്തു പാടാൻ?
കറുത്ത കാലങ്ങളിലുള്ള ഗീതം
കറുത്ത കാലങ്ങളെയോർത്തു തന്നെ.

(ഉപേന്ദ്രവജ്ര)

Labels: , ,

Thursday, May 23, 2019

ചില അക്കാദമിക പ്രശ്നങ്ങൾ

(സംഗതി ‘അക്കാദമിക’മാണ്. ഭാഷ കൃത്രിമവും.)

വെളിച്ചം ഇരുളുമായി ഇണചേർന്നുണ്ടാകുന്ന അതിഭാവുകത്വത്തിന്റെ അണലിപ്പാമ്പുപോലെ വസന്തകാലസായാഹ്നം പ്രേക്ഷകരെ വിറങ്ങലിപ്പിക്കാൻ തയ്യാറെടുത്തു. ഇരുളുറയ്ക്കാത്ത സന്ധ്യാഹൃദയത്തെക്കീറിത്തെറിപ്പിച്ച് ഗാനവും ജീവിതവും പോരാടിത്തകർക്കുന്ന വേദിയൊരുങ്ങി. മയിരും ഉയിരും തമ്മിലുള്ള കിടമത്സരങ്ങൾ. അത്യുക്തിയിലാറാടുന്ന അദ്ഭുതാവതാരങ്ങൾ. ഗ്രഹണനേരം നോക്കി നിലമുഴുതുമറിക്കുന്ന വിഷകുണ്ഡലികൾ.

കറുത്തവാവിലെ കൊള്ളിയാൻ പ്രഭപോലെ അങ്ങുമിങ്ങും പൊടിയുന്ന പ്രതിഭാങ്കുരണം. പുളകോദ്‌ഗമത്തിന്റെ മാങ്കറയേറ്റു പൊള്ളുന്നതിനുമുമ്പ് അവസാനിപ്പിച്ചടയിരുത്തിയ പൊൻകതിരുകൾ. കനിമൊഴികൾക്കു കണ്ണേറുകിട്ടി കരിഞ്ഞുപോകാതിരിക്കാൻ പാറയിടുക്കിൽ ആനയിച്ചിരുത്തിയ ലോഹസീൽക്കാരം. നാലുനാഴിക നീളുന്ന നാലദ്ധ്യായങ്ങൾ. സർഗ്ഗശേഷികാണാൻ ചൂണ്ടുപലക സഹായങ്ങൾ. മദ്ധ്യമത്വം മദം പൊട്ടി കലങ്ങിയൊലിച്ചൊഴുകിക്കഴിഞ്ഞപ്പോൾ വരാൽക്കുഞ്ഞുങ്ങൾ പൊന്തിവന്നു. അവ ഇരകൊത്താതെ തെന്നിയും തെറിച്ചും ചൂണ്ടക്കാരനെ ദ്രോഹിച്ചു. വഴുവഴുപ്പിന്റെ പാഠഭേദങ്ങൾക്കൊടുവിൽ സംഗ്രാമം മത്സ്യാവതാരങ്ങൾക്കു നൽകിയ കൂപ്പുകൈകൾ.

ഭക്ത്യാദരമൂർച്ഛയിൽ പാതിബോധത്തിലാണ്ടവരെ പരിപാലിക്കാൻ മയിലെണ്ണ ചേർത്ത ഒറ്റമൂലിഗുളികകൾ. ഗുഡം സേവിച്ചവർ ഗുണം പറഞ്ഞ് ഭാഗ്യത്തിന്റെ അവസ്ഥാന്തരങ്ങൾ കുറിച്ചു. ഇടയ്ക്കെവിടെയോ ആഘോഷത്തിന്റെ പരകോടിയിൽ ദീനനാദങ്ങളുടെ പിന്നണി. ഗുഹാമുഖങ്ങളിൽ പേര് കൊത്തി ചിലർ കേമത്തം കളിച്ചു. പണിയാളികൾ നന്ദിരാഹിത്യത്തിന്റെ നാടൻപാട്ടു പാടി. അതിവേദനയുള്ള വാക്കുകൾ അടുക്കിവച്ച് രാത്രി ചെറുപ്പമായിത്തുടർന്നു.

Labels: ,

Tuesday, September 19, 2017

രഥോദ്ധതയും മഞ്ജുഭാഷിണിയും

ശ്ലോകരചനയെപ്പറ്റിയുള്ള കഴിഞ്ഞ പോസ്റ്റിൽ, മഞ്ജുഭാഷിണി വൃത്തത്തിൽ ശ്ലോകമെഴുതിയ Dhanesh Nair-നെ അഭിനന്ദിച്ചുകൊണ്ട്, മഞ്ജുഭാഷിണി എഴുതാൻ ബുദ്ധിമുട്ടുള്ള വൃത്തമാണെന്നും എഴുതാൻ എളുപ്പമായ രഥോദ്ധതയിൽ എഴുതി ആദിയിൽ രണ്ടു ലഘു ചേർത്താൽ മഞ്ജുഭാഷിണിയാകും എന്നും ഗുഗ്ഗുരു Umesh P Narendran കമന്റിട്ടിരുന്നു.

അതായത്,
തന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍

എന്ന രഥോദ്ധത വൃത്തത്തിലുള്ള വരികളുടെ തുടക്കത്തിൽ രണ്ടു ലഘുക്കൾ ചേർത്താൽ മഞ്ജുഭാഷിണി വൃത്തത്തിലാകുമെന്ന്.
അടി തന്നതില്ല പരനുള്ളുകാട്ടുവാ-
നുടനൊന്നുമേ നരനുപായമീശ്വരന്‍

(വരികളെ നശിപ്പിച്ചു, അല്ലേ?)

പ്രൂഫ് ഒഫ് കൺസപ്റ്റ് എന്ന നിലയിൽ 2006-ൽ ഞാൻ രഥോദ്ധതയിൽ എഴുതിയ ഒരു ശ്ലോകം ആദ്യം രണ്ടു ലഘു ചേർത്ത് ഉമേഷ് മഞ്ജുഭാഷിണിയിലാക്കിക്കാണിക്കുകയും ചെയ്തു:

രഥോദ്ധതയിൽ എഴുതിയത്:
അന്നെനിക്കുരുകുമോര്‍മ്മയാണു നീ,
എന്‍ പ്രഭാത, മതിരറ്റ മോഹവും.
ഇന്നൊരീ നിഴലുയര്‍ന്ന വീഥിയില്‍
നീ വെറും പഴയ മൌന നൊമ്പരം!

എല്ലാ പാദത്തിലും ആദിയിൽ രണ്ടു ലഘുക്കൾ ചേർത്ത് ഉമേഷ് മഞ്ജുഭാഷിണിയിലാക്കിയത്:
സഖി, യന്നെനിക്കുരുകുമോര്‍മ്മയാണു നീ,
വ്യഥ തൻ പ്രഭാത, മതിരറ്റ മോഹവും.
ക്ഷിതി ചേർന്നൊരീ നിഴലുയര്‍ന്ന വീഥിയില്‍
സതി നീ വെറും പഴയ മൌന നൊമ്പരം!

“ഉരുകുമോർമ്മ” ശ്ലോകത്തിനു ഉമേഷ് 2006-ൽ തന്നെ രഥോദ്ധതയിൽ ഒരു മറുപടി എഴുതിയിരുന്നു. ആ ശ്ലോകം ഇതാണ്:
നിന്റെ വീഥിയില്‍ നിഴല്‍ പരത്തിടാന്‍
പൊള്ളുമുള്ളിനു കുളിര്‍മ്മയേകിടാന്‍
പണ്ടു ഞാനൊരു നിമിത്തമായി പോ-
ലെന്നതാണു മമ ചാരിതാര്‍ത്ഥ്യവും!

ആ മറുപടിയെ മഞ്ജുഭാഷിണിയിലാക്കിയാലോ എന്ന പൂതിയാൽ ഞാൻ ശ്രമിച്ചതാണിത്:
കരിപോലെ വീഥിയില്‍ നിഴല്‍ പരത്തിടാ-
നെരിപൊള്ളുമുള്ളിനു കുളിര്‍മ്മയേകിടാന്‍
ഹത! പണ്ടു ഞാനൊരു നിമിത്തമായി പോ-
ലതു തന്നെയാണു മമ ചാരിതാര്‍ത്ഥ്യവും!

രഥോദ്ധതയും മഞ്ജുഭാഷിണിയും തമ്മിലുള്ള ഈ ബന്ധം ഇതു വരെ ശ്രദ്ധിച്ചിരുന്നില്ല. Pretty cool!

Labels: , , ,

Friday, September 15, 2017

ശ്ലോകരചനാ ശില്പശാല: ആരെങ്കിലും ശ്ലോകം രചിച്ചോ?

TL;DR;
  • ശില്പശാലയിൽ പങ്കെടുത്ത പലരും ഇതിനോടകം അവരുടെ പ്രഥമ ശ്ലോകം എഴുതിക്കഴിഞ്ഞു. ശ്ലോകങ്ങൾ താഴെക്കൊടുത്തിട്ടുണ്ട്.
  • ശ്ലോക ക്ലാസിനു വേണ്ടി തയ്യാറാക്കിയ പാഠപുസ്തകം: https://tinyurl.com/slokamhelper
വിശദ വിവരങ്ങൾ

ഒരു ഫോട്ടോയും അതിനു യോജിക്കുന്ന ശ്ലോകവും പോസ്റ്റു ചെയ്യുക എന്ന നിബന്ധനയോടെ #വാക്‌ചിത്രം എന്നൊരു പിരമിഡ് സ്കീം കഴിഞ്ഞവർഷം തുടങ്ങിവച്ചകാര്യം ഇതിനോടകം ഒന്നുരണ്ടു പോസ്റ്റുകളിൽ ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. (ഇനിയും എന്നെക്കൊണ്ട് പറയിപ്പിക്കരുത്!) അതിനുശേഷം, ശ്ലോകമെഴുത്തു വിദ്യ പഠിക്കാൻ സീയാറ്റിൽ നിവാസികൾക്ക് ആർക്കെങ്കിലും താല്പര്യമുണ്ടോ എന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഞാൻ ചോദിച്ചിരുന്നു. താല്പര്യക്കാരുണ്ടെങ്കിൽ ഒരു ശ്ലോകരചനാശില്പശാല സംഘടിപ്പിക്കാനായിരുന്നു പരിപാടി. പ്രതീക്ഷകൾക്കുമുപരി പതിനഞ്ചിൽപ്പരം ആൾക്കാർ ഉത്സാഹം കാണിച്ചപ്പോൾ തയ്യാറെടുക്കാതെ തരമില്ലെന്നായി.

ശില്പശാലയ്ക്കുവേണ്ടി തയ്യാറാക്കിയ “പാഠ പുസ്തകം” ഇവിടെ: https://tinyurl.com/slokamhelper

ജൂലൈ അവസാനം ശില്പശാല നടന്നു. പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പലർക്കും അന്ന് മറ്റസൗകര്യങ്ങൾ നിമിത്തം എത്തിച്ചേരാനായില്ല. എന്നാൽ പങ്കെടുത്തവരെയും പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവരേയും ഉൾക്കൊള്ളുന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി പരിശീലനവും അഭ്യാസവും തുടർന്ന് നടക്കുന്നുണ്ടായിരുന്നു.

പരിശീലനം ആരംഭിക്കാൻ തിരഞ്ഞെടുത്തത് ചമ്പകമാല എന്ന വൃത്തമാണ്. പരിശീലനത്തിൽ പങ്കെടുത്തവർ അധികം ഈ വൃത്തത്തെപ്പറ്റി മുമ്പ് കേട്ടിരുന്നില്ലെങ്കിലും “ആരട വീരാ പോരിനു വാടാ” എന്ന രീതിയിൽ തുടക്കക്കാർക്ക് ശ്ലോകം ചമയ്ക്കാൻ പറ്റിയ വൃത്തമാണ് ചമ്പകമാല.

വൃത്തലക്ഷണം ഭംമസം കേൾ ചമ്പകമാല. -UU (ഭഗണം), --- (മഗണം), UU- (സഗണം), പിന്നെ ഗുരു. ഒരു വരിയിൽ പത്തക്ഷരം. അഞ്ചാം അക്ഷരം കഴിഞ്ഞാൽ നിറുത്ത് ഉണ്ടെങ്കിൽ കേമം.

താഴെ പറയുന്ന ശ്ലോകങ്ങൾ ശില്പശാലയിൽ പങ്കെടുത്തവരുടെ ആദ്യ ശ്ലോകരചനകളാണ്. ഇവയെല്ലാം തന്നെ വൃത്തമൊത്തവയുമാണ്. ഈ ശ്ലോകങ്ങളിൽ ഭാഷാപരമായി കുറവുകളും കുറ്റങ്ങളും ഉണ്ടെന്ന് തോന്നുന്നെങ്കിൽ തുടക്കക്കാർക്കു നൽകുന്ന പരിഗണന നൽകി ചൂണ്ടിക്കാണിക്കാൻ താല്പര്യപ്പെടുന്നു. വിമർശനങ്ങൾ വിദ്യാർത്ഥികൾക്കു പ്രയോജനപ്പെടും വിധം സൂക്ഷ്മമാക്കാൻ ശ്രമിക്കുമല്ലോ. ചെറിയ അഭിനന്ദനങ്ങൾ പോലും ശ്ലോകരചയിതാക്കളെ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കും.

ഇനി രചനകളിലേയ്ക്ക്.

ആദ്യം ചമ്പകമാല പയറ്റി നോക്കിയത് സൂനജയാണ്. വരികൾ ലേശം മിനുക്കി, പ്രാസം കൂടി ചേർത്ത രണ്ടാം പതിപ്പ് ഇങ്ങനെ:
കോപ്പിയടിക്കാനുള്ളൊരു തുണ്ടും
കാപ്പികുടിക്കും കണ്ണടമാഷും
അപ്പടിയാണീ, യമ്പതുമാർക്കും
തപ്പലതില്ലാ, തങ്ങനെ നേടി!

പണ്ടൊരു പഠിപ്പിസ്റ്റായിരുന്നു എന്നു തോന്നുന്നു. അതിന്റെ കുറ്റബോധം നല്ലവണ്ണം ശ്ലോകത്തിൽ കാണാനുണ്ട്.

മനേഷ് വകയായിരുന്നു അടുത്ത പൂരണം. സൂനജയ്ക്ക് തുണ്ടുവച്ചു മാർക്കുവാങ്ങാമെങ്കിൽ എങ്ങനെ തുണ്ടു വയ്ക്കണം എന്നതിന്റെ വിശദീകരണമാണ് മനേഷ് ശ്ലോകത്തിലാക്കിയത്:
ബുക്കു തുറന്നൂ പേപ്പറു കീറി,
പേനയെടുത്തൂ ക്യാപ്പു തുറന്നൂ;
കോപ്പിയെടുത്തൂ തുണ്ടുചുരുട്ടി,
തുണ്ടുതുറന്നൂ കോപ്പിയടിച്ചൂ!

കോപ്പിയടി ഒരു പ്രമുഖപ്രദിപാദ്യമായിത്തീരുമോ എന്നു ശങ്കിച്ചിരിക്കുമ്പോൾ അതാ വരുന്നു അനീഷ് വക അടുത്ത പൂരണം. എയർപോർട്ടിൽ നിന്നും ഭാര്യയുടെ മാതാപിതാക്കളെ വീട്ടിലേയ്ക്കു കൊണ്ടു വരുന്ന വഴി മനസ്സിൽ തികട്ടി വന്ന വിവിധവികാരങ്ങളെ തൂലികത്തുമ്പിലേയ്ക്കാവാഹിച്ച പാവം മാനവഹൃദയം ഈ വരികളിൽ തെളിഞ്ഞുകാണാം:
പച്ചില തിന്നും മാതുലനെത്തി,
കഞ്ഞികുടിക്കാൻ യോഗമെനിക്കും!
ബന്ധിതനാകും പാതകിപോലും
ചിക്കനുമൊപ്പം പത്തിരി തിന്നും!

ഇതിന് മറുപടിപോലെ ഒരു ശ്ലോകമെഴുതാതിരിക്കാൻ സൂനജയ്ക്ക് കഴിഞ്ഞില്ല. തമിഴ് നാട്ടിൽ പച്ചക്കറികൾ തിന്നു ജീവിച്ച ബാല്യം സൂനജ അയവിറക്കി:
നിശ്ചയമായും നിങ്ങളറിഞ്ഞോ
പച്ചില തിന്നാൽ 'വാള'തു സൂക്ഷം!
ആരിതുകേൾക്കാ, നാരൊടുചൊല്ലാൻ
പാരിതിലെന്റേ ദുർഗ്ഗതി, സത്യം!

ജീവിതാനുഭവങ്ങളെ തീക്ഷ്ണതയോടെ അവതരിപ്പ് കയ്യടി നേടുന്ന സതീർത്ഥ്യരെ ഈർഷ്യയോടെ നോക്കി ധനേഷ് ഒരു കഥാസന്ദർഭം ശ്ലോകമാക്കി:
പന്തള മന്നന്നുൾക്കനമോടേ
താരകനോടായിട്ടുരിയാടീ:
"വേദനയേറും കാമിനി ഭാവം
മോഹമിതേറ്റം , സന്തതിയേകൂ"

കല ജീവിതം തന്നെ എന്നു പറഞ്ഞു കൊണ്ട്, സുജിത് തന്റെ സ്ഥായീഭാവമായ “പിടിക്കപ്പെട്ട കള്ളന്റെ” വിഷമങ്ങൾ പങ്കുവച്ചു:
“അമ്പട കള്ളാ, യെങ്ങനെ കേറീ-
യമ്പിനു പോലും ഭേദ്യമപൂർവ്വം?”
“റോഡിനു സൈഡി, ല്ലുള്ളൊരു കമ്പിൽ
ആടിയ ശേഷം ചാടിമറിഞ്ഞു!”

കള്ളന്റെ കഥയുമായി താദാമ്യം പ്രാപിച്ചതിനാലാണോ എന്തോ, ബിപിൻ ഒരു കമ്പ്യൂട്ടർ എഞ്ചിനീയറുടെ ദുരവസ്ഥ വിവരിച്ചു.
വാനു പിടിച്ചും കാറു പിടിച്ചും
ഓടിയണഞ്ഞൂ; ജോലി തുടങ്ങീ
ആഞ്ഞു തൊഴിച്ചൂ, കീയുകളാടീ
താകിട തിത്തോം തക്കിട തിത്തോം!

ശ്ലോകങ്ങൾ എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാജേന വാട്‌സാപ്പ് നോക്കിയിരുന്ന എന്നെയാണോ അതോ കമ്പ്യൂട്ടറിൽ കളിച്ചിരുന്ന മകനെയാണോ ഉദ്ദേശിച്ചതെന്നറിയില്ല; “പുത്രാ” എന്ന വിളി കേട്ടു തിരിഞ്ഞപ്പോൾ ദിവ്യയാണ്.
വന്നിടു പുത്രാ തിന്നുക മീനും
ആവി പറക്കും ചോറതിനൊപ്പം
ഇങ്ങു വിളിച്ചാലങ്ങതു പോവും
എന്തൊരു കഷ്ടം സന്തതിമൂലം

“ഇങ്ങു വിളിച്ചാലങ്ങതു പോവും” എന്നു കൂടി കേട്ടപ്പോൾ എന്നെത്തന്നെ എന്നുറപ്പിച്ചെങ്കിലും “എന്തൊരു കഷ്ടം സന്തതിമൂലം” എന്നവരി വലിയ ആശ്വാസമായി.

ശ്ലോകങ്ങൾ എഴുത്തു നടക്കുമ്പോൾ തന്നെ, ഉപേന്ദ്രവജ്രയിലുള്ള ഒരു സമസ്യാപൂരണവും അഭ്യാസമായി നൽകിയിരുന്നു. പണ്ട് ഗുരുകുലം ബ്ലോഗിൽ കാര്യമായി ആഘോഷിച്ച “വെളുത്തുപോമെന്നിഹ തോന്നിടുന്നു” (http://malayalam.usvishakh.net/blog/archives/218) എന്നതാണ് സമസ്യയായി കൊടുത്തത്.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സമസ്യയാണ്. ഇത് ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പൂരിപ്പിക്കാം. ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലർന്നുവരുമ്പോഴാണ് ഉപജാതിയാവുന്നത്.

11 അക്ഷരം ഒരു വരിയിൽ.
ഇന്ദ്രവജ്ര: ത ത ജ ഗ ഗ
ഉപേന്ദ്രവജ്ര: ജ ത ജ ഗ ഗ

അനീഷ് മാത്രമേ ഈ സമസ്യ പൂരിപ്പിച്ചുള്ളൂ.
കറുത്ത വെള്ളിക്കു കടയ്ക്കു മുന്നേ-
യിടിച്ചു തള്ളിക്കയറീ കുടുംബം
നിരർത്ഥമാം വസ്തുവെടുത്തു, ബാങ്കും
വെളുത്തു പോമെന്നിഹ തോന്നിടുന്നു.

ബ്ലാക് ഫ്രൈഡേ വരുന്നതിനു മുമ്പു തന്നെ തന്റെ “extended family" വാങ്ങിക്കൂട്ടാൻ സാദ്ധ്യതയുള്ള നിരർത്ഥമാം വസ്തുക്കളെയോർത്തുള്ള അനീഷിന്റെ മുതലക്കണ്ണീർ നോക്കൂ!

(പണ്ടു കാലത്തെപ്പോലെ തന്നെ ഇന്നത്തെ വിദ്യാർത്ഥികളും “അദ്ധ്യാപകനെ” അനുസരിക്കുന്നതിൽ വലിയ ആനന്ദം കാണുന്നവരല്ലായ്കയാൽ, ധനേഷ് നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി തന്റെ ആദ്യ ശ്ലോകത്തിനു വേണ്ടി മഞ്ജുഭാഷിണി വൃത്തം സ്വീകരിച്ചു. സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി എന്നാണ് മഞ്ജുഭാഷിണിയുടെ ലക്ഷണം. അതായത്, UU- (സ ഗണം) U-U (ജ ഗണം), UU- (സ ഗണം) U-U (ജ ഗണം), പിന്നെ ഗുരു. അല്പം മിനുക്കിയെടുത്ത ധനേഷിന്റെ വരികൾ മഞ്ജുഭാഷിണിയിൽ ഇങ്ങനെ:
ഇറയത്തിതായൊരിരുളിന്റെ താരകം
വിരഹാർദ്ര സന്ധ്യയെ വശീകരിച്ചിടാൻ
ഇതളൂർന്നു പാടെ നിറമങ്ങിയെങ്കിലു-
മലയുന്നൊരീ പഥികൻ തൻ പ്രതീക്ഷനീ!

കൂട്ടത്തിൽ മറ്റാരും മഞ്ജുഭാഷിണി സാഹസത്തിനു പിന്നീട് മുതിർന്നിട്ടില്ല.)

ഇത്രയുമാണ് ഇതുവരെയുള്ള വൃത്താന്തം. ഇതൊക്കെക്കേട്ടിട്ട് ചെറുതായി ഒരു താല്പര്യം തോന്നുന്നുണ്ടോ? എന്നാൽ ഇനിയും വൈകിയിട്ടില്ല. ശ്ലോകരചനാ സംരംഭം തുടർന്നും മുന്നോട്ടു കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ട്.

Labels: , , , , , ,

Wednesday, June 15, 2011

വേണമെങ്കിൽ

എന്റെ ഒരു സുഹൃത്തിന്റെ കഥയാണു്‌. (ചില പ്രസിദ്ധീകരണങ്ങളിലെ ഡോക്റ്ററോടു ചോദിക്കാം പം‍ക്തിയിലെ "സുഹൃത്തു്‌" ആയ "ഞാൻ" അല്ല, എന്റെ സുഹൃത്തിന്റെ കഥ തന്നെയാണു്‌.)

കണ്ണൂർ സ്വദേശിയായ ടിയാൻ ഏതു വാചകത്തോടും ചേർക്കാൻ പറ്റുമെങ്കിൽ 'വേണമെങ്കിൽ' എന്ന വാക്കു്‌ ചേർത്തേ ഉപയോഗിക്കൂ. അദ്ദേഹം ഉപയോഗിച്ച ചില സാമ്പിൾ വാചങ്ങളിതാ:

പ്രയോഗം: "നാളെ വേണമെങ്കിൽ നമുക്കെല്ലാർക്കും കൂടി എന്റെ വീട്ടിൽ കൂടാം."
പരിഭാഷ: "തീർച്ചയായും നിങ്ങളെല്ലാവരും നാളെ എന്റെ വീട്ടിൽ വരണം."

പ്രയോഗം: "വേഗസിൽ പോകാൻ വേണമെങ്കിൽ ഞാനും വരാം."
പരിഭാഷ: "വേഗസിൽ പോകാൻ ഞാൻ വളരെ നാളായി ആഗ്രഹിക്കുന്നു, നിങ്ങൾ പോകുന്ന സ്ഥിതിക്കു്‌ ഞാൻ എന്തായാലും വരും."

പ്രയോഗം: "ക്രിക്കറ്റു കാണാൻ വേണമെങ്കിൽ ഞാൻ അങ്ങോട്ടു വരാം."
പരിഭാഷ: "എന്റെ വീട്ടിൽ ക്രിക്കറ്റു കാണാൻ നിർവ്വാഹമില്ലാത്തതിനാൽ ഞാൻ തീർച്ചയായും അങ്ങോട്ടു വരും."

ഇദ്ദേഹം പറയുന്നതു്‌ ഇതു്‌ കണ്ണൂർ ഭാഗത്തെ ഒരു 'സാധാരണ' പ്രയോഗമാണെന്നാണു്‌. കണ്ണൂർ സ്വദേശികളായ മറ്റാരിലും ഈ അസുഖം കാണാത്തതിനാൽ ഇതൊരു പ്രാദേശിക രോഗലക്ഷണം മാത്രമാണെന്നു കരുതി സമാധാനിക്കുകയാണു്‌ കഥാപുരുഷന്റെ സുഹൃദ്‍വലയത്തിലുള്ളവർ.

ഇങ്ങനെയിരിക്കെയാണു്‌ ഒരു ഇന്ത്യക്കാരൻ സഹപ്രവർത്തകന്റെ രംഗപ്രവേശം. നാട്ടിൽ നിന്നും ഈയിടെ ഇവിടെ എത്തിപ്പെട്ടതാണു്‌ കക്ഷി. അദ്ദേഹത്തിന്റെ വിനോദം "If you want me to do it, I will" എന്നു പ്രസ്താവിക്കുകയാണു്‌. എന്റെ ആവശ്യമാണു നിറവേറ്റേണ്ടതെങ്കിൽ ഇപ്പറയുന്നതു്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇദ്ദേഹത്തിന്റെ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ നാമാരെങ്കിലും അദ്ദേഹം ശ്രമിച്ചിട്ടില്ലാത്ത ഒരു വഴി നിർദ്ദേശിക്കുന്നു എന്നു വയ്ക്കുക. എന്നാലും അദ്ദേഹത്തിന്റെ പ്രതികരണം "If you want me to do it, I will" എന്നാവും.

സഹപ്രവർത്തകൻ: "Hey I am trying to get hold of this guy. He is not responding to emails, or IM. Tried calling him, no avail."
ഞാൻ: "Did you look up where his office is? May be you can go to his office and talk with him?"
സഹപ്രവർത്തകൻ: "If you want me to do it, I will..."
ഞാൻ: "What? I thought *you* want to get hold of him, not me!"

Labels: ,

Thursday, December 17, 2009

മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ

വെറും 140 അക്ഷരങ്ങളിൽ താഴെ ജീവിതം വിവരിക്കാനുതകുന്ന റ്റ്വിറ്റർ എന്ന സർവീസിനെ ആർക്കും പരിചയപ്പെടുത്തേണ്ടുന്ന കാര്യമില്ലല്ലോ. എന്നാൽ കേട്ടോളൂ: റ്റ്വിറ്ററിന്‍റെ മലയാള ഭാഷാവിവേചനത്തിൽ പ്രതിഷേധിച്ചു് ബ്ലോഗുകറുപ്പിക്കേണ്ടുന്ന നേരമായി. എന്താണെന്നോ? 140 അക്ഷരങ്ങൾ എണ്ണിപ്പെറുക്കി മലയാളഭാഷയിൽ റ്റ്വീറ്റു ചെയ്യാൻ ചെന്നു നോക്കൂ. വിവരമറിയും.

140 പോയിട്ടു്, അതിന്‍റെ പകുതി എണ്ണം പോലും അക്ഷരങ്ങളില്ലാത്ത ഒരു വാചകവുമായി റ്റ്വീറ്റാൻ ചെന്നപ്പോൾ റ്റ്വിറ്റർ പറയുകയാണു് ഒരക്ഷരം കൂടുതലാണെന്നു്. ഇതു് പോലീസിനു് എല്ലു കൂടിയതുപോലെയൊന്നുമല്ല. റ്റ്വിറ്റർ പറഞ്ഞാൽ പറഞ്ഞതാണു്. മലയാളികളേ, നമ്മൾ ഇതെങ്ങെനെ സഹിക്കും!

ഹുതാശനശ്ചന്ദനപങ്കശ്ശീതളമായ മനസ്സുകൾക്കുടമകളായ മൂപ്പനേയും മുഗ്ദ്ധസ്സാന്നിദ്ധ്യക്വാണനേയുമ്പോലുള്ള നിരക്ഷരകുക്ഷികളെല്ലാമിക്ഷണമിക്ഷിതിവിട്ടകലേണം.

എന്നതായിരുന്നു റ്റ്വിറ്ററിലൂടെ ഞാൻ ആഹ്വാനം ചെയ്യാൻ ഉദ്ദേശിച്ചതു്. സ്പേയ്സസ് (അകലം), ചില്ലു്, വിരാമ ചിഹ്നം എന്നിവയുൾപ്പടെ വെറും 66 അക്ഷരങ്ങൾ മാത്രമാണു് ഈ വാചകത്തിലുള്ളതു്. എന്നാൽ റ്റ്വിറ്ററിന്‍റെ കണ്ണിൽ ഈ വാചകത്തിൽ 141 ക്യാരക്റ്റേഴ്സ് ഉണ്ടുപോലും. (ചില്ലുകളെ സാധാരണഗതിയിൽ അക്ഷരങ്ങളായി കൂട്ടാറില്ലെങ്കിലും പദപ്രശ്നത്തിൽ ചില്ലിനെ അക്ഷരമാക്കി കണക്കാക്കാറുണ്ടു്.)

എന്താ ഇതിങ്ങിനെ? ലാറ്റിൻ സ്ക്രിപ്റ്റ് ഉപയോഗിക്കുന്ന ഇംഗ്ലീഷുപോലുള്ള ഭാഷകളിൽ ഒരു യൂണികോഡ് ക്യാരക്റ്റർ കോഡ് ഒരു ഗ്ലിഫിനെ പ്രതിനിധാനം ചെയ്യുന്നതിനാൽ 140 അക്ഷരങ്ങളുള്ള വാക്കുകൾക്കും വാചകങ്ങൾക്കും 140 യൂണികോഡ് ക്യാരക്റ്റർ കോഡുകൾ ഉപയോഗിച്ചാൽ മതി. എന്നാൽ, പലപ്പോഴും ഒന്നിലധികം ക്യാരക്റ്ററുകൾ ഉപയോഗിച്ചു് ഒരു ഗ്ലിഫ് നിർമ്മിച്ചെടുക്കുന്ന മലയാളം പോലുള്ള കോം‍പ്ലക്സ് സ്ക്രിപ്റ്റ് ഭാഷകൾക്കു് 140 അക്ഷരമെത്താൻ 200-ഉം 250-ഉം വരെ ക്യാരക്റ്ററുകൾ ഉപയോഗിക്കേണ്ടി വരുന്നു. 66 അക്ഷരങ്ങളുള്ള വാചകമുണ്ടാക്കാൻ 141 യൂണികോഡ് ക്യാരക്റ്റർ കോഡുകൾ ഉപയോഗിക്കേണ്ടി വന്നതാണു് മുഗ്ദ്ധസാന്നിദ്ധ്യക്വാണനുപറ്റിയ തെറ്റു്.

ഉദാഹരണത്തിനു്, മലയാളം പദപ്രശ്നത്തിൽ ഗ്ദ്ധ്യ എന്നത് ഒരു അക്ഷരമായി കണക്കാക്കുമ്പോൾ റ്റ്വിറ്റർ അതിനെ ഏഴക്ഷരമായാണു് എണ്ണുക. ഗ്ദ്ധ്യ എന്ന അക്ഷരമുണ്ടാക്കാൻ ഗ, ്, ദ, ്, ധ, ്, യ എന്നീ ഏഴു യൂണികോഡ് കഥാപാത്രങ്ങൾ രംഗത്തുണ്ടു് എന്നതു തന്നെ കാരണം. ഇതുപോലുള്ള അക്ഷരക്കൂട്ടമങ്ങൊന്നായ് അർത്ഥം ഭേദിച്ചിടുംപടിയോ അല്ലാതെയോ ഉപയോഗിക്കുന്ന മലയാളികളെയാണു് റ്റ്വിറ്ററിന്‍റെ അക്ഷരമെണ്ണൽ വെട്ടിലാക്കുന്നതു്.

ചുരുക്കത്തിൽ, ഓരോ റ്റ്വീറ്റുകളിലും 140 ക്യാരക്റ്റർ അനിവദനീയമാണെങ്കിലും, സാധാരണമലയാളിയ്ക്കു് 50-നും 80-നും ഇടയ്ക്കു അക്ഷരങ്ങൾ മാത്രമേ ഒരു റ്റ്വീറ്റിൽ കൊള്ളിക്കാനാവുന്നുള്ളൂ. അതായതു്, ലാറ്റിൻ സ്ക്രിപ്റ്റ് ഉപയോഗിക്കുന്നവർ ഒരു പ്രാവശ്യം റ്റ്വീറ്റു ചെയ്യുന്നിടത്തു്, കോം‍പ്ലക്സ് സ്ക്രിപ്റ്റ് ഉപയോഗിക്കുന്നവർ രണ്ടോ അതിലധികമോ റ്റ്വീറ്റുകൾ ചെയ്യേണ്ടി വരുന്നു. ചില നേരത്തു് (ഇബ്രുവല്ല) എഴുതാനുള്ളതു മുഴുവൻ എഴുതാനാവാതെ വല്ലാത്ത ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന മലയാളി റ്റ്വിറ്റർ ഉപഭോക്താക്കളുടെ എണ്ണം ചില്ലറയല്ല.



(ചിത്രം: ആദിത്യന്‍റെ റ്റ്വീറ്റ്)

ഒരു റ്റ്വീറ്റിൽ പറയാനുള്ള വക പല റ്റ്വീറ്റിലാക്കേണ്ടി വരുമ്പോൾ തന്നെ പറയാനുള്ളതിന്‍റെ പഞ്ഛ് നഷ്ടപ്പെടും. മുമ്പെഴുതിയതിന്‍റെ ബാക്കിയാണു് രണ്ടാമതെഴുതിയത് എന്ന ആമുഖത്തോടെ രണ്ടാമത്തെ റ്റ്വീറ്റ് തുടങ്ങാമെന്നുവച്ചാൽ ആമുഖം പകുതിയിലേറെ സ്ഥലമപഹരിക്കും. ഇതു് ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അവഗണനയല്ലെങ്കിൽ പിന്നെയെന്താണു്?

ഈ ‘കീഴാളൻ’ മനോഭാവം റ്റ്വിറ്ററിൽ മാത്രം ഒതുങ്ങുന്നില്ല. വിൻഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തിൽ ഡയറക്റ്ററികളുണ്ടാക്കാൻ 260 ക്യാരക്റ്റേഴ്സിനു പകരം മലയാളിക്കു ലഭിക്കുന്നതു് 150-ൽപ്പരം അക്ഷരങ്ങൾ മാത്രം. വിൻഡോസിലെ മറ്റുപല ആപ്ലികേയ്ഷനുകളിലും ഫയൽ പേരുകൾക്കും മറ്റും ക്യാരക്റ്റർ പരിധിയുണ്ടു്. എന്തിനു്, ഡൊമൈൻ പേരുകൾക്കുള്ള 63 ക്യാരക്റ്റർ ലിമിറ്റുപോലും മലയാളിക്കു് സ്വന്തമാക്കണമെങ്കിൽ കൂട്ടക്ഷരങ്ങളോ സ്വരചിഹ്നങ്ങളോ ഉപയോഗിക്കാതെ വേണം എന്നതാണു് അവസ്ഥ.

മൈക്രോസോഫ്റ്റ് വേഡ് പോലുള്ള സോഫ്റ്റ്‍വെയറുകൾ അക്ഷരങ്ങളുടെ എണ്ണം തെറ്റായി പറയുന്നതും പ്രശ്നമാണു്. അക്ഷരങ്ങളുടെ എണ്ണത്തിൽ കൃത്യതവേണ്ടുന്ന ഒന്നാണല്ലോ ശ്ലോകനിർമ്മാണം. സമവൃത്തങ്ങളിലുള്ള ശ്ലോകങ്ങളിൽ വരികളിലെ എണ്ണം തുല്യമാവേണ്ടതുണ്ടു്. ഒരു വരിയിൽ വെറും 11 അക്ഷരങ്ങൾ വേണ്ടുന്ന രഥോദ്ധതവൃത്തത്തിലെ ഈ ശ്ലോകത്തിനു് (കുത്തും കോമയുമുൾപ്പടെ 58 അക്ഷരങ്ങൾ) 108 അക്ഷരങ്ങളുണ്ടെന്നാണു് മൈക്രോസോഫ്റ്റ് വേഡ് പറയുന്നതു്. കുറേക്കൂടി പ്രാവർത്തികമായി ചിന്തിച്ചാൽ, മത്സരപ്പരീക്ഷയ്ക്കോ മറ്റോ 1000 അക്ഷരത്തിൽ കുറയാതെ ലേഖനം എഴുതുക എന്ന നിബന്ധനയുണ്ടെന്നു വിചാരിക്കുക. വേഡിൽ എഴുതുന്ന ലേഖനത്തിലെ അക്ഷരങ്ങളുടെ എണ്ണം സ്വയം എണ്ണിനോക്കേണ്ടുന്ന ഗതികേടു വരുന്നു.

ഇക്കാര്യം അധികം പ്രയാസമില്ലാതെ പരിഹരിക്കാവുന്നതേയുള്ളൂ. ക്യാരക്റ്റർ എണ്ണുന്നതിനു പകരം ഖ്ലസ്റ്ററുകൾ എണ്ണുക. ക്യാരക്റ്ററുകളെ സം‌യോജിപ്പിച്ചോ [combined] അടുക്കിയോ [stacked] ഉണ്ടാക്കിയെടുക്കുന്ന ഗ്ലിഫിനെയാണു് ഖ്ലസ്റ്റർ എന്നു വിളിക്കുന്നതു്. ഇപ്പോൾത്തെന്നെ, വിഘടിക്കാനാവാത്ത ഖ്ലസ്റ്ററുകളെ (indivisible clusters) വിൻഡോസ് ആപ്ലികേയ്ഷനുകളെല്ലാം ഒരു entity ആയാണു് കണക്കാക്കുന്നതു്. നോട്പാടിലും വേഡിലും മറ്റും ഇത്തരം ഖ്ലസ്റ്ററുകൾ ഒരുമിച്ചാണു് സെലക്റ്റ് ആവുന്നതു്. Arrow keys ഉപയോഗിച്ചു് navigate ചെയ്താൽ, ഒരു ഖ്ലസ്റ്റർ ചാടിക്കടക്കാൻ ഒരു ഖഴ്സർ നീക്കം (cursor move) മതി. അതായതു്, മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ എന്നെഴുതിയിട്ടു് arrow keys ഉപയോഗിച്ചു് മു മുതൽ ൻ വരെ എത്തിപ്പെടാൻ എട്ടുതവണ ഖഴ്സർ നീക്കിയാൽ മതി. മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ എന്ന വാക്കിനു് 24 അക്ഷരമുണ്ടെന്നതിനു പകരം 8 ഖ്ലസ്റ്റേഴ്സ് ഉണ്ടെന്നു പറഞ്ഞാൽ അതു് മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ എന്ന വാക്കിലെ അക്ഷരങ്ങളുടെ എണ്ണമായി നമുക്കു് കണക്കാക്കാവുന്നതേയുള്ളൂ. (ഈ ഉച്ചാരണമൊക്കെ ശരിയാണോ ഭഗവാനേ! കർമ്മഫലം, അല്ലാതെന്തു്?)

വൃത്തസഹായി അക്ഷരങ്ങളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നുണ്ടു് എന്നതു് അത്ഭുതത്തിനു് വകനൽകേണ്ടുന്ന കാര്യമല്ല. വേഡ് ഒഴികെയുള്ള എഡിറ്റിംഗ് സോഫ്റ്റ്‍വെയറുകൾ ഈ പ്രശ്നം എങ്ങനെയാണു് പരിഹരിച്ചിരിക്കുന്നതു് എന്നറിയാൻ താല്പര്യമുണ്ടു്.

(മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ ഈ പോസ്റ്റിന്‍റെ ഐശ്വര്യം.)

Labels: , ,

Friday, November 14, 2008

വെയില്‍മഴയും കുറുക്കന്മാരും

ജോലി ചെയ്യാതെ വെറുതേയിരിക്കാന്‍ പറ്റിയ രീതിയിലാണു് എന്‍റെ ഓഫീസ് മുറിയുടെ സ്ഥാനം. ഒന്നാം നിലയില്‍ ബില്‍ഡിംഗ് ലോബിയോടു് ചേര്‍ന്നു്. വലിയ ചില്ലുജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ ഓഫീസില്‍ വരുന്നവരേയും പോകുന്നവരേയും കാണാം. അങ്ങനെ പുറത്തേയ്ക്കു നോക്കിയിരുന്നപ്പൊഴോ, അതാ, വെയിലും മഴയും ഒരുമിച്ചു്!

മഴയും വെയിലുമുള്ളപ്പോള്‍ കുറുക്കന്‍റെ കല്യാണമാണെന്നു് അറിയാത്തവരാരുണ്ട്‌? മലയാളികളില്‍ ആരുമില്ല എന്നാണോ ഉത്തരം പറയാന്‍ പോകുന്നത്‌? എന്നാല്‍ കേട്ടോളൂ, ഇക്കഥ ലോകത്തിന്‍റെ പലേടങ്ങളിലും നിലവിലുണ്ടു്.

വെയിലുള്ളപ്പോഴുണ്ടാവുന്ന മഴയെ പല രാജ്യക്കാരും സണ്‍ഷവര്‍ എന്നാണു് വിളിക്കുക. സൂത്രക്കാരായതും അല്ലാത്തതുമായ ജന്തുക്കള്‍ കല്യാണം കഴിക്കുന്ന സമയമാണിതെന്നാണു് പലദേശങ്ങളിലേയും നാടോടിക്കഥകള്‍ പറയുന്നതു്. വെയില്‍മഴ വരുമ്പോള്‍ കുറുക്കന്മാരെ (fox) കല്യാണം കഴിപ്പിക്കുന്ന രാജ്യക്കാര്‍ അനവധിയാണു്.

അനുഷ്ഠാനരീതി എന്ന നിലയിലല്ലാതെ, ഭാഷാപ്രയോഗമായതിനാല്‍ രാജ്യാതിര്‍ത്തിക്കപ്പുറത്തേയ്ക്കു് വളര്‍ന്നു പടരുക എന്ന സവിശേഷതയാലാവാം കുറുക്കന്‍റെ കല്യാണത്തിനു് സാര്‍വ്വലൌകികത ലഭിച്ചിട്ടുണ്ടാവുക. അതിനാല്‍ത്തന്നെ ഓരോ രാജ്യത്തും ഈ പ്രയോഗം നിലവിലുള്ളതു് ഏതു് ഭാഷയിലാണു് എന്ന വസ്തുതയ്ക്കു് പ്രാധാന്യമുണ്ടു്.

ഇന്ത്യയില്‍ കേരളത്തില്‍ മാത്രമല്ല, ബംഗാളുള്‍പ്പടെ പലേടത്തും കുറുക്കക്കല്യാണത്തിന്‍റെ മുഹൂര്‍ത്തം വെയില്‍മഴ സമയം തന്നെ. കിറ്റ്സ്നേ എന്നു പേരുള്ള ജപ്പാന്‍ കുറുക്കന്‍ ആളു ചില്ലറക്കാരനല്ല. കല്യാണസമയം പതിവുപോലെ വെയിലും മഴയുമുള്ളപ്പോള്‍. അര്‍മീനിയയിലും (ഭാഷ: അര്‍മീനിയന്‍) ബള്‍ഗേറിയയിലും (ബള്‍ഗേറിയന്‍) കാലബ്രിയയിലും ഇറ്റലിയിലും (രണ്ടും ഇറ്റാലിയന്‍) ഫിന്‍ലാന്‍ഡിലും (ഫിന്നിഷ്) വെയില്‍മഴ കാണുമ്പോള്‍ കുറുക്കന്മാരെ ഓര്‍ക്കുന്നവരുണ്ടു്.

വെയിലും മഴയുമുള്ളപ്പോള്‍ കല്യാണം കഴിക്കുന്ന മറ്റു ജീവജാലങ്ങളില്‍ ദക്ഷിണാഫ്രിക്കയിലെയും (ഇംഗ്ലീഷ്) ക്രൊയേഷ്യയിലേയും (ക്രൊയേഷ്യന്‍) കുരങ്ങന്മാരും കുറുനരികളുമുണ്ടു്. അവരോടൊപ്പം കൂടുന്നവരില്‍, അറബിനാട്ടിലേയും (അറബിക്) ഫിന്‍ലാന്‍ഡിലേയും എലികളും ബള്‍ഗേറിയന്‍ കരടികളും കൊറിയയിലേയും (കൊറിയന്‍) ഉഗാണ്ടയിലേയും (റുറ്റൂറോ) കടുവകളും ആഫ്രിക്കന്‍ (സുളു) പുള്ളിപ്പുലികളും ഇറാന്‍ (അരാമിക്) പ്രദേശങ്ങളിലെ ചെന്നായ്ക്കളും സ്വഹീലി ഭാഷ സംസാരിക്കുന്ന ആഫ്രിക്കന്‍ പ്രദേശങ്ങളിലെ ആനകളും സിംഹങ്ങളും ഉള്‍പ്പെടും.

മൃഗങ്ങള്‍ മാത്രമല്ല ഈ നല്ല അവസരം വിനിയോഗിക്കുന്നതു്. ഫിലിപ്പൈന്‍സിലെ (ഫിലിപ്പിനോ) കുട്ടിച്ചാത്തനും (elf) റ്റിക്ബലാങും സ്പെയിനിലേയും പോര്‍റ്റൊ റികോയിലേയും (സ്പാനിഷ്) ദുര്‍മന്ത്രവാദിനികളും ഗ്രീസിലെ (ഗ്രീക്ക്) പാവപ്പെട്ടവരും അബ്‌ഖാസിയയിലെയും (അബ്‌ഖാസ്) വാനുവാറ്റുവിലേയും റ്റര്‍കിയിലേയും (ബിസ്‍ലാമ ഭാഷ) പിശാചുകളും (devils) ഇങ്ങനെ പുതുജീവിതം തുടങ്ങുന്നവരത്രേ. 'ഞങ്ങള്‍ക്കും വേണ്ടേ ഒരു ജീവിതം' എന്നു ചോദിച്ചുകൊണ്ടു് അര്‍ജന്‍റീനയിലേയും ഉറുഗ്വേയിലേയും (സ്പാനിഷ്) വൃദ്ധകളും ഈ സമയത്തു് കല്യാണം കഴിക്കാറുണ്ടെന്നാണു് വിശ്വാസം.

നമ്മുടേതു മാത്രമെന്നു കരുതിയ മറ്റൊരു പ്രയോഗം കൂടി ലോകത്തങ്ങോളമിങ്ങോളമുള്ളതാണെന്നു വന്നിരിക്കുന്നു. ഗ്ലോബലൈസേയ്ഷന്‍റെ ഓരോ മറിമായങ്ങളേ!

Labels: ,

Wednesday, February 13, 2008

പഴയലിപി എന്റെ പുതിയ ലിപി

സൂക്ഷ്മദൃക്കുകളായ സ്ഥിരം വായനക്കാര്‍ ഇനി മുതല്‍ എന്റെ പോസ്റ്റുകളില്‍ ചില ലിപി വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചെന്നു വരും.

എന്താണെന്നോ?

അവസാനത്തിന്റെ ആരംഭം എന്ന പോസ്റ്റിൽ, “അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യതയെപ്പറ്റിയുള്ള സംശയങ്ങൾ ശക്തമാക്കുന്ന [...] പ്രവണതകൾവഴി വലിയൊരു വായനക്കൂട്ടത്തെ നഷ്ടപ്പെടുത്തുന്നതു് കലാകൌമുദി തിരിച്ചറിയുമെന്നും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാപരവുമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് [...] പരസ്യമായി മാപ്പപേക്ഷിക്കാൻ [കലാകൌമുദിക്കു്] ബുദ്ധിയുദിക്കുമെന്നും” ഞാൻ പ്രത്യാശിച്ചിരുന്നു.

എന്നാല്‍, അതുല്യ റിപ്പോർട്ടു് ചെയ്യുന്നതു പ്രകാരം, “ബ്ലോഗും പ്രിന്റും രണ്ടു് മീഡിയ ആണെന്നും ബ്ലോഗിനെ/ബ്ലോഗേഴ്സിനെ കുറിച്ചു് ശ്രീ ഹരികുമാർ എഴുതിയതിനെ സംബദ്ധിച്ചു് ഒരു മറുകുറിപ്പു്/വിസ്താരം കലാകൌമുദിയിൽ അച്ചടിയ്ക്കണ്ട ആവശ്യമില്ലെന്നും” കലാകൌമുദി പത്രാധിപസമിതി തീരുമാനിച്ചിരിക്കുന്നു. (കലാകൌമുദി ന്യൂസ് എഡിറ്റർ പി. ശശിധരൻ ആണ്, ശശിധരൻ നായർ അല്ല. പത്രങ്ങൾക്കു് തെറ്റിയാലും ബ്ലോഗർമാർക്കു് തെറ്റാന്‍ പാടില്ല!)

അങ്ങേയറ്റം നിർഭാഗ്യകരമായ ഒരു പ്രവണതയാണു് കലാകൌമുദി തുടങ്ങിവച്ചിരിക്കുന്നതു്. ഈ ബ്ലോഗിൽ ഇനിമുതൽ വരാൻ പോകുന്ന ലിപിപരമായ മാറ്റങ്ങൾക്കു് ഈ സംഭവവുമായി ബന്ധമുണ്ടു്. ബന്ധമുണ്ടു് എന്നും മറ്റും പറയുന്നതു് സൂക്ഷിച്ചു വേണം. മാല പൊട്ടിച്ചോടിയ കള്ളനെപ്പിടിച്ചു് ചെള്ളയ്ക്കടിക്കുന്നതിനു പകരം ചന്തിച്ചടിച്ചതു് ശരിയായില്ല എന്ന മട്ടിൽ കൈപ്പള്ളിയുടെ പ്രതിഷേധത്തെപ്പറ്റി ആറുവര്‍ഷമായി ആരോഗ്യകരമായ ബ്ലോഗിംഗിലേർപ്പെട്ടിരിക്കുന്ന കെ. സന്തോഷ് കുമാർ എഴുതിക്കണ്ടു. ഇതു് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. സഹോദരസ്നേഹത്തിന്റെ കാര്യം മുമ്പും അനുഭവിച്ചറിഞ്ഞിട്ടുണ്ടു്. കള്ളനെപ്പിടിച്ചു് അടികൊടുക്കുന്നതിനു പകരം വേദം വായിച്ചു കേൾപ്പിച്ചു എന്നു് ഈ പോസ്റ്റിനെപ്പറ്റി കെ. സന്തോഷ് കുമാർ അഭിപ്രായപ്പെടാൻ സാദ്ധ്യതയുണ്ടു്.

കാര്യത്തിലേയ്ക്ക് വരാം. അച്ചടിമാദ്ധ്യമങ്ങളേയും റ്റൈപ്പു് റൈറ്റിംഗു് വ്യവസായത്തേയും സഹായിക്കാൻ കേരളസര്‍ക്കാർ 1968-ൽ പുറപ്പെടുവിച്ചതും 1971 ഏപ്രിൽ 15 മുതൽ നിലവിൽ വന്നതുമായ ലിപി പരിഷ്ക്കരണ നിർദ്ദേശങ്ങൾ ഞാൻ നിഷേധിക്കുന്നു. ഈ ഉത്തരവുപ്രകാരം ‘പുതിയ ലിപി’ എഴുതിപ്പഠിക്കാൻ നിർബ്ബന്ധിതനായ വ്യക്തിയാണ് ഞാൻ. അച്ചടിമാദ്ധ്യമങ്ങളെ സഹായിക്കാൻ നമ്മുടെ ഭാഷയെത്തന്നെ ബലികൊടുക്കാൻ തയ്യാറായ ആ തലമുറയോടു് അച്ചടിമാദ്ധ്യമങ്ങൾ നീതിവിരുദ്ധമായ നിലപാടെടുക്കുക വഴി, ഈ ഉത്തരവു് അനുസരിക്കാനുള്ള എന്റെ ബാദ്ധ്യതയും ഇല്ലാതാവുന്നതായി ഞാൻ മനസ്സിലാക്കുന്നു. ഭരണഘടനപ്രകാരം അനുസരിക്കാൻ ബാദ്ധ്യതയുള്ള നിയമങ്ങളുടെ പരിധിയിൽ രുന്നതല്ല ഈ ഉത്തരവെന്നാണു് ഞാൻ മനസ്സിലാക്കുന്നത്. അതിനാൽത്തന്നെ ഈ പോസ്റ്റു് നിയമലംഘനത്തിനുള്ള ആഹ്വാനമല്ല എന്നു് വായനക്കാർ മനസ്സിലാക്കുമല്ലോ.

താഴെപ്പറയുന്ന മാറ്റങ്ങളാണു് ഈ ബ്ലോഗിൽ കാണാൻ കഴിയുക:
  1. സം‌വൃതോകാരത്തിനു് ചന്ദ്രക്കല മാത്രം ഇടുന്ന രീതി ഉപേക്ഷിച്ചു്, ഉ ചിഹ്നവും ചന്ദ്രക്കലയും ഇനിമുതൽ ഒരുമിച്ചുപയോഗിക്കുന്നതാണു്. റ്റൈപ്പു് സെറ്റിംഗു് എളുപ്പമാക്കാൻ വേണ്ടി അച്ചടിമാദ്ധ്യമങ്ങൾ പ്രചരിപ്പിച്ച രീതിയിൽ നിന്നും വരുംതലമുറയെ രക്ഷിക്കാനുള്ള അപൂർവ്വാവസരമാണു് ഇങ്ങനെ ചെയ്യുന്നതു വഴി ബ്ലോഗര്‍മാർക്കു് കൈവന്നിരിക്കുന്നതു്. നിത്യേനെയെന്നോണം എഴുതിക്കൂട്ടുന്ന അനേകായിരം പേയ്ജുകളിൽ ഇപ്പറഞ്ഞ രീതി ഉപയോഗിക്കുമ്പോൾ ഇന്നത്തെ തലമുറയിലും വരുംതലമുറയിലും ഉള്ളവർക്കായി ഇതു് പ്രചരിപ്പിക്കുകയാണു് നാം യഥാർത്ഥത്തിൽ ചെയ്യുന്നതു്.
  2. അക്ഷരങ്ങൾ ലാഭിക്കാനും (അതുവഴി മഷി ലാഭിക്കാനും) റ്റൈപ്പു് സെറ്റിംഗു് വേഗതകൂട്ടാനും വേണ്ടി അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നീ വാക്കുകള്‍ യഥാക്രമം അധ്യാപകൻ, വിദ്യാർഥി എന്നിങ്ങനെയെഴുതുന്നതു് സാധാരണയാണല്ലോ. ശീലം കാരണം ഇങ്ങനെ എഴുതിവന്ന ഞാൻ ഇനി മുതൽ (മഷി ലാഭിക്കേണ്ടതില്ലാത്തതിനാലും) അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നിങ്ങനെ എഴുതുന്ന രീതിയിലേയ്ക്കു് തിരിച്ചു പോകുന്നു.
  3. മുകളിൽ പറഞ്ഞ അതേകാരണങ്ങളാലാണു് (ദേശാഭിമാനിപ്പത്രം സ്ഥിരമായി ഉപയോഗിക്കാറുള്ളതു പോലെ) നർമം, വർഗം, സ്വർഗം, നിർദേശം തുടങ്ങിയ വാക്കുകളിൽ നിന്നും ഇരട്ടിപ്പു് ഉപേക്ഷിക്കപ്പെട്ടതു്. ഇരട്ടിപ്പു് ഇല്ലാതെ അർത്ഥം മനസ്സിലാവുന്നിടങ്ങളിൽ ഇരട്ടിപ്പു് ഉപേക്ഷിക്കാനായിരുന്നു എനിക്കു് അദ്ധ്യാപകരിൽ നിന്നു് കിട്ടിയ നിർദ്ദേശം. എന്നാൽ ഇനിമുതൽ ഇത്തരം വാക്കുകകളിൽ നിർബ്ബന്ധമായും ഇരട്ടിപ്പുപയോഗിച്ചു് നർമ്മം, വർഗ്ഗം, സ്വർഗ്ഗം, നിർദ്ദേശം എന്നിങ്ങനെ എഴുതാനാണു് ഞാനാഗ്രഹിക്കുന്നതു്.
ഇവയ്ക്കു പുറമേ, നമുക്കു് ചെയ്യാവുന്ന മറ്റു കാര്യങ്ങൾ:
  1. ഉ, ഊ, ഋ എന്നീ സ്വരങ്ങൾ വ്യഞ്ജനങ്ങളോടു ചേരുമ്പോൾ പ്രത്യേക ലിപികൾ രൂപമെടുക്കുന്ന ഇന്നത്തെ രീതിയ്ക്കു പകരം, അവയ്ക്കു് പ്രത്യേക ചിഹ്നങ്ങൾ ഏര്‍പ്പെടുത്തുക എന്നതാണു് മുകളില്‍ പറഞ്ഞ ഉത്തരവിലെ ഒന്നാമത്തെ നിർദ്ദേശം. പണ്ടുമുതൽ തന്നെ ഈ നിർദ്ദേശം എഴുത്തിൽ ഞാൻ പ്രാവർത്തികമാക്കിയിരുന്നില്ല. അഞ്ജലി ഓള്‍ഡു് ലിപി പോലുള്ള ഫോണ്ടുകൾ ഉപയോഗിക്കുന്നവർക്കു് ഇതില്‍ പുതുമ തോന്നുകയുമില്ല. മൈക്രോസോഫ്റ്റിന്റെ കാർത്തിക ഫോണ്ടു് പഴയലിപിയാക്കാൻ, മിക്കവാറും അസാദ്ധ്യമെങ്കിലും, എന്നാലാവുന്ന പ്രവർത്തനങ്ങൾ ഞാൻ നടത്തുന്നതാണു്. അതുപോലെ, നിങ്ങൾ ഫോണ്ടു ഡിസൈനറാണെങ്കിൽ നിങ്ങൾ നിർമ്മിക്കുന്ന പുതിയ മലയാളം ഫോണ്ടുകൾ പഴയലിപിയിലുള്ളവയാണെന്നു് ഉറപ്പുവരുത്തുക.
  2. രേഫം എൻകോഡു ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങൾ സമർപ്പിക്കുകയും ആ ചർച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുക. എഴുതുമ്പോഴും ബാനറുകളും മറ്റും ഡിസൈൻ ചെയ്യുമ്പോഴും രേഫം ഉപയോഗിക്കാവുന്നിടത്തൊക്കെ അങ്ങനെ ചെയ്യുക. (ർ എന്ന ചില്ലിനു പകരം അതുകഴിഞ്ഞു വരുന്ന അക്ഷരത്തിന്റെ മുകളിൽ . ഇടുന്നതിനെയാണു് രേഫം ഉപയോഗിക്കുന്നു എന്നു പറയുന്നതു്. കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ടു്.)
  3. ക്ക, ങ്ക, ങ്ങ, ച്ച, ഞ്ച, ഞ്ഞ, ട്ട, ണ്ട, ണ്ണ, ത്ത, ന്ത, ന്ന, പ്പ, മ്പ, മ്മ, യ്യ, ല്ല, വ്വ എന്നീ കൂട്ടക്ഷരങ്ങളൊഴികെയുള്ളവ ചന്ദ്രക്കലയിട്ടു് പിരിച്ചെഴുതിയാൽ മതി എന്ന നിർദ്ദേശം പാലിക്കാതിരിക്കുക. ഇപ്പോൾത്തന്നെ, ക്ത, ശ്ച, ച്ഛ, ദ്ധ, തുടങ്ങിയ കൂട്ടക്ഷരങ്ങൾ കാർത്തിക ഫോണ്ടിൽ പോലുമുണ്ടല്ലോ.
  4. റ്റ-യുടെ ഇരട്ടിക്കാത്ത വർണ്ണമാണു് T എന്ന അക്ഷരത്തെ മലയാളീകരിക്കുമ്പോൾ ഉപയോഗിക്കേണ്ടുന്നത്. ഈ വർണ്ണം ഭാഷയിലുണ്ടെങ്കിലും മലയാള ലിപിയിലില്ല. അതിനാൽ അച്ചടിക്കാർ സൌകര്യാർത്ഥം (വീണ്ടും മഷി, സമയം എന്നീ സൂചനകള്‍ ശ്രദ്ധിക്കുക) അതിനെ ടി എന്നു് മലയാളീകരിച്ചു. ഇത് ഒഴിവാക്കി, ടെലിവിഷൻ, പി. ടി. ചാക്കോ എന്നൊക്കെ എഴുതുന്നതിനു പകരം റ്റെലിവിഷൻ, പി. റ്റി. ചാക്കോ എന്നൊക്കെത്തന്നെ എഴുതിത്തുടങ്ങുക. (ലേഖകൻ ഈ രീതിയാണു് കാലങ്ങളായി അവലംബിച്ചു വരുന്നതു്.) എബി ജോൺ വൻനിലം എഴുതിയ ഈ പോസ്റ്റുകൂടി വായിക്കുന്നതു് നല്ലതായിരിക്കും. (മുകളിൽ സൂചിപ്പിച്ച ഉദാഹരണങ്ങൾ എബി ജോണിന്റേതാണു്.)
  5. അച്ചടി മാദ്ധ്യമങ്ങളിലെഴുതുന്നവർ തങ്ങളുടെ സൃഷ്ടികൾ ‘പഴയ ലിപി’യിൽ അച്ചടിച്ചു വരണമെന്നു് ശഠിക്കുക. (അച്ചു നിരത്താത്ത ഇന്നത്തെ കമ്പ്യൂട്ടർ യുഗത്തില്‍ ഇതു സാദ്ധ്യമാണല്ലോ!)
കേവലം പ്രതിഷേധത്തിനുപരി, അച്ചടിമാദ്ധ്യമങ്ങൾക്കു വേണ്ടി വെട്ടിയെറിഞ്ഞ മലയാളലിപിയെ അതിന്റെ പൂർണ്ണ സൌന്ദര്യത്തിൽ എത്തിക്കുവാൻ നിങ്ങളും ഈ നിർദ്ദേശങ്ങളിൽ ചിലതെങ്കിലും പാലിക്കുമെന്നു് വിശ്വസിക്കട്ടെ. ശീലിച്ചതേ പാലിക്കൂ എന്നും ചൊട്ടയിലേ ശീലം ചുടല വരെ എന്നും പറയുന്നതു് എത്രത്തോളം ശരിയാണെന്നു് നോക്കണമല്ലോ!

Labels: , ,