ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, November 08, 2006

എന്‍റെ നാട്, നിങ്ങളുടെയും

മുന്‍‍മന്ത്രി ഗണേഷ്കുമാര്‍ ഒരു താരമായി തിളങ്ങി നിന്ന കാലം. അഭിമുഖ സംഭാഷണത്തിനിടയില്‍ ചോദ്യകര്‍ത്താവ് ചോദിക്കുന്നു (ചോദ്യം അപ്പടിയല്ല താഴെക്കൊടുക്കുന്നത്, ആശയം മാത്രം):
വണ്‍‍വേ നിയമം തെറ്റിച്ചു സ്കൂട്ടറോടിച്ച യുവാവിന് താങ്കള്‍ നേരിട്ട് പിഴകൊടുക്കുന്ന വാര്‍ത്തയും ചിത്രവും പത്രങ്ങളില്‍ വന്നല്ലോ. വര്‍ഷങ്ങള്‍ക്കു മുമ്പ് താങ്കള്‍ ഒരു കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ വണ്‍‍വേ നിയമം തെറ്റിച്ചു വാഹനമോടിച്ചതായും പോലീസ് തടഞ്ഞു നിറുത്തിയതായും പഴയ രേഖകളില്‍ കാണുന്നുണ്ട്. സ്വയം തെറ്റു ചെയ്തിട്ടുള്ള താങ്കള്‍ക്ക് ഇപ്പോള്‍ ഇങ്ങനെയൊക്കെ ആത്മാര്‍ഥമായി ചെയ്യാന്‍ കഴിയുമോ?

ഗണേഷ്കുമാറിന്‍റെ മറുപടി (ഇവിടെയും ആശയം മാത്രം):
വളരെ ബാലിശമായ ചോദ്യം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരാള്‍ തെറ്റുചെയ്തിട്ടുണ്ട് എന്നുവിചാരിച്ച് അതേ തെറ്റ് ആവര്‍ത്തിക്കുന്നവരെ അതില്‍നിന്ന് വിലക്കാന്‍ പാടില്ല എന്ന് പറയുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. വിദേശങ്ങളിലും മറ്റും പോകുമ്പോള്‍ അവര്‍ എത്ര നല്ല രീതിയിലാണ് അവരുടെ പൊതു സ്വത്തുക്കള്‍ സൂക്ഷിക്കുന്നത് എന്നതും നിയമം അനുസരിക്കുന്നത് എന്നതും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട് അത് നമ്മുടെ നാട്ടില്‍ നടക്കുന്നില്ല എന്ന് വിചാരിച്ചുപോയിട്ടുണ്ട്. അതിലേയ്ക്കായി ഞാന്‍ എന്നാലാവുന്നതു ചെയ്യുന്നു എന്നു മാത്രം.

രാഷ്ട്രീയക്കാര്‍ ഇങ്ങനെ വേണം എന്നൊക്കെ ഞാന്‍ ആശിച്ചുപോയി.

നാം എപ്പോഴും മറ്റുള്ളവര്‍ നന്നാവാത്തതില്‍ നീരസപ്പെടുന്നവരാണ്. കേരളത്തിനു വെളിയില്‍ ജീവിക്കുന്ന എന്നെപ്പോലുള്ളവരാണ് ഈ മനോഭാവം കൂടുതല്‍ വച്ചു പുലര്‍ത്തുന്നതെന്ന് തോന്നുന്നു. കേരളത്തിലെത്തിയാല്‍ നമുക്ക് പിന്നെ കുറ്റമേ പറയാനുള്ളൂ.

 • ഇവരെന്താ ക്യൂ പാലിക്കാത്തത്? [അവിടെ—നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്ന നാട് ഇവിടെ ചേര്‍ത്തു വായിക്കുക] ഇതൊന്നും നടക്കില്ല. എല്ലാവര്‍ക്കും എന്തു ചിട്ടയാണെന്നോ!
 • സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കൈക്കൂലി കൊടുക്കണമെന്നോ? [അവിടെ] ഇതൊന്നും നടക്കില്ല. കൈക്കൂലി വാങ്ങിയാല്‍ വാങ്ങുന്നവന്‍/അവള്‍ അപ്പോള്‍ അകത്താവും.
 • മൂത്രപ്പുരയ്ക്ക് ഒരു വൃത്തിയുമില്ല. [അവിടുത്തെ] മൂത്രപ്പുര കാണണം. കിടന്ന് ഉറങ്ങാന്‍ തോന്നും.
 • ഗവണ്മെന്‍റ് എന്താണ് ഈ റോഡൊന്നും ശരിയാക്കാത്തത്? [അവിടുത്തെ] ആറു ലെയ്ന്‍ റോഡാണു മോനേ, റോഡ്.
 • ഹും, ബാങ്കിലും ആശുപത്രിയിലും മറ്റും സെല്‍‍ഫോണ്‍ ഉപയോഗിക്കരുതെന്നറിയില്ലേ, എന്നിട്ടും... കഷ്ടം. [അവിടെ] ആരും ഇങ്ങനെ ബോധമില്ലാത്തവരെപ്പോലെ പെരുമാറില്ല.
എത്ര വേഗമാണ് നാം വിധികര്‍ത്താക്കളാവുന്നതെന്ന് നോക്കുക. ഞാനുള്‍പ്പെടുന്ന ഈ വിധികര്‍ത്താക്കളുടെ പക്ഷം ചേര്‍ന്ന് ചിന്തിച്ചാലോ? കഴിവതും ഞാന്‍ മുന്‍‍പറഞ്ഞ നല്ലനടപ്പൊക്കെ കേരളത്തിലും പിന്തുടരാറുണ്ട്. കഴിവതും എന്ന് പറഞ്ഞത് മനഃപൂര്‍വ്വവും സൂക്ഷ്മതയോടുമാണ്. ഗണേഷ്കുമാര്‍ പറഞ്ഞതുപോലെ, വിദേശത്തു നിന്ന് പഠിച്ചെടുത്ത പല നല്ല ചിട്ടകളും പാലിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി ബില്ലടയ്ക്കുന്നിടത്തും പെട്രോള്‍ പമ്പിലും ക്യൂ നില്‍ക്കുന്നത് വൃഥാവിലാണെന്നും തള്ളിക്കയറുകയാണ് അംഗീകൃതരീതിയെന്നും ഞാന്‍ സ്വാനുഭവത്തിലൂടെ മനസ്സിലാക്കി (ചിട്ടകള്‍ പഠിക്കുന്നതിനു മുമ്പ് അതായിരുന്നു എന്‍റെ സ്വാഭാവിക രീതിയെന്ന് മറക്കുന്നില്ല). അതേസമയം, നമുക്ക് പൂര്‍ണനിയന്ത്രണമുള്ള ചില ചിട്ടകള്‍ മറ്റുള്ളവയേക്കാള്‍ പാലിക്കുവാന്‍ എളുപ്പമായവയാണ്. മൊബൈല്‍ ഫോണുകള്‍ ഔചിത്യപൂര്‍വം ഉപയോഗിക്കുക എന്ന പ്രക്രിയ തന്നെ ഉദാഹരണം.

നാടു ശരിയല്ല എന്നു പറയുമ്പോഴും, നാട്ടാര്‍ ‘ചിട്ടകള്‍’ പഠിക്കാത്തതില്‍ അമര്‍ഷം കൊള്ളുമ്പോഴും പലപ്പോഴും നാം എത്ര അനായാസമായാണ് ഈ ‘ദുരവസ്ഥ’യ്ക്ക് കാരണക്കാരാവുന്നത് എന്ന് നേരിട്ടറിയാന്‍ എനിക്ക് അവസരമായിട്ടുണ്ട്.

മലയാളികള്‍ക്ക് മാത്രമായി ഒരു ഇ-മെയില്‍ ലിസ്റ്റ് ഉണ്ട് എന്‍റെ കമ്പനിയില്‍. ഒരാള്‍ അതിലേയ്ക്ക് മെയിലയച്ചു:
എന്‍റെ കല്യാണം ആറാം തീയതി ഗുരുവായൂരില്‍ വച്ചാണ്. പതിമൂന്നാം തീയതിയാണ് അമേരിക്കയിലേയ്ക്കു വരാനുള്ള വിസ ഇന്‍റര്‍വ്യൂവിന്‍റെ തീയതി. വിവാഹ സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ എത്ര നാളെടുക്കും എന്ന് ആര്‍ക്കെങ്കിലും അറിയാമോ?

അദ്ദേഹത്തിനു കിട്ടിയ മറുപടികളില്‍ ചിലത്:

 • സാധാരണ ഗതിയില്‍ ഒന്നുരണ്ടാഴ്ചയെങ്കിലും എടുക്കും വിവാഹ സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍. എന്നാല്‍, താങ്കള്‍ താമസിക്കുന്ന/അമ്പലത്തിനടത്തുള്ള ഹോട്ടലുകാരോട് അന്വേഷിക്കൂ. രജിസ്ട്രേഷന്‍ ഓഫീസിലെ ആരെയെങ്കിലും അവര്‍ക്ക് പരിചയമുണ്ടാവാന്‍ വഴിയുണ്ട്.
 • ഞാന്‍ ഇതേ കടമ്പ കടന്നവനാണ്. രീതി എല്ലായിടവും ഒന്നു തന്നെ. അപേക്ഷ കൊടുക്കുക. അല്പം കൈക്കൂലിയും കരുതുക.
ഒരാള്‍ പോലും കൈക്കൂലി ഉള്‍പ്പെടാത്ത ഒരു വഴി പറയാനുണ്ടായില്ല. ഒരു വേള, അങ്ങനെ ഒരു വഴി ഇല്ലാത്തതാവാം കാരണം. എന്നാലും രാഷ്ട്രീയക്കാരുടെ അഴിമതിയും കൈക്കൂലി വളര്‍ന്നു മൂടിയ ‘സിസ്റ്റ’ത്തെയും നമുക്കെല്ലാര്‍ക്കും എന്തു പുച്ഛമാണെന്നോ!

അദ്യമായി അമേരിക്കയിലേയ്ക്ക് വന്നപ്പോള്‍ ഇന്‍‍കം റ്റാക്സ് എല്ലാം അടച്ചു തീര്‍ത്തു എന്ന ഒരു കടലാസ് എനിക്ക് വേണമായിരുന്നു. ഇത് അറിയുന്നത് വിസ ഇന്‍റര്‍വ്യൂവിന് പോകുന്നതിന് രണ്ടു ദിവസം മുമ്പ്. സേര്‍ട്ടിഫിക്കറ്റിന് ഒരാഴ്ച കാലതാമസമുണ്ട്. 2500 രൂപ യാതൊരു മടിയുമില്ലാതെ ബാംഗ്ലൂര്‍ ഇന്‍‍കം റ്റാക്സ് ഓഫീസിലെ പ്യൂണിന്‍റെ കയ്യില്‍ കൊടുത്തു, സേര്‍റ്റിഫിക്കറ്റ് അന്നു തന്നെ കിട്ടി.

ഈ രാജ്യത്ത് എത്തിപ്പെട്ടപ്പോള്‍ അഴിമതിയും കൈക്കൂലിയും ഇല്ലെങ്കില്‍ എങ്ങനെയൊക്കെയാകാം എന്നത് സ്വപ്നത്തില്‍ നിന്ന് യാഥാര്‍ഥ്യമായി മാറി. ഈ മാറ്റവും രീതികളും ഇഷ്ടപ്പെടാന്‍ തുടങ്ങി. “കാര്യസാധ്യത്തിന്” കാലുപിടിക്കേണ്ട എന്നത് വലിയ ആശ്വാസമായിരുന്നു. പിന്നെ കൈക്കൂലിയോട് അലര്‍ജിയായി. അഴിമതിയില്ലാത്ത ഇന്ത്യയെന്ന സ്വപ്നം മോഹമായി മാറി. ആര്‍ക്കും കൈക്കൂലി കൊടുക്കില്ലെന്ന് ഉറച്ചു. ഇടയ്ക്ക് നാട്ടില്‍ ചെന്നപ്പോള്‍ നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് ലാമിനേയ്റ്റ് ചെയ്തുകിട്ടാന്‍ 500 രൂപ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനോട്, ഒരു ചെറിയ സ്റ്റഡി ക്ലാസ് എടുത്ത ശേഷം, തരാന്‍ പറ്റില്ല എന്നു പറഞ്ഞു. വിമാനത്താവളത്തില്‍ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനോടും അതേ മറുപടി. പിന്നെയും രണ്ടു മൂന്ന് അനുഭവങ്ങള്‍. കൈക്കൂലി കൊടുക്കാത്തവനായതില്‍ ഞാന്‍ അഭിമാനിച്ചു.

കല്യാണം കഴിഞ്ഞ് വിവാഹ സേര്‍ട്ടിഫിക്കറ്റ് വേണം. രണ്ടു ദിവസത്തിനുള്ളില്‍ വേണമെങ്കില്‍ കൈക്കൂലിയല്ലാതെ ശരണമില്ല. കൊടുക്കില്ല എന്ന് വാശിപിടിച്ചാല്‍ നഷ്ടപ്പെടാന്‍ ഏറെയുള്ള അവസരം. പതിയെ, ഞാന്‍ പ്രായോഗിക രീതിക്കാരനായി. പുനരവലോകനത്തില്‍, പണ്ട് കൈക്കൂലി കൊടുക്കില്ല എന്ന് വാശിപിടിച്ച—കൊടുക്കാത്തതില്‍ അഭിമാനിച്ച—കാര്യങ്ങളൊക്കെ, ഒന്നുകില്‍ എനിക്ക് വളരെ അത്യാവശ്യമില്ലാത്ത കാര്യങ്ങളോ അല്ലെങ്കില്‍ നിയമപ്രകാരം എനിക്ക് ദോഷകരമായി ഭവിക്കാത്തതോ ആയിരുന്നു എന്നു മനസ്സിലാക്കി. നമുക്ക് അത്യാവശ്യമില്ലാത്ത കാര്യങ്ങളില്‍ മാത്രമേ കൈക്കൂലി കൊടുക്കില്ല എന്ന വാശിക്ക് സ്ഥാനമുള്ളൂ.

ഇത്തരം കൈക്കൂലി ഒഴിവാക്കാന്‍ ഒരു മാര്‍ഗമേ ഞാന്‍ കാണുന്നുള്ളൂ. ഏതു കാര്യ സാധ്യത്തിനും പല വിധ ചാനലുകള്‍ ഉണ്ടാക്കുക. അത് നിയമപ്രകാരമാക്കി, കൈക്കൂലിക്കാര്‍ വാങ്ങുന്ന പണം ഗവണ്മെന്‍റ് വാങ്ങുക.

ഉദാഹരണം:
വിവാഹ സേര്‍ട്ടിഫിക്കറ്റ് കാലാവധി:
സാധാരണ ഫീസോടുകൂടി: 14 ദിവസം
അധിക ഫീസ് (250 രൂപ അധികം): 7 ദിവസം
അക്രമ ഫീസ് (1000 രൂപ അധികം): 1 ദിവസം

(ഈ പരിപാടി അമേരിക്കയില്‍ പാസ്പോര്‍ട് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള പല സെര്‍വീസുകള്‍ക്കും കാണാം. വിമാന റ്റിക്കറ്റ് നേരത്തേ റിസര്‍വ് ചെയ്താലുള്ള വിലക്കുറവ് ഇതുമായി താരതമ്യപ്പെടുത്താവുന്നതേയുളൂ. എനിക്കറിയാത്ത മറ്റുദാഹരണങ്ങളും നാട്ടിലുണ്ടാവും.)

ഇങ്ങനെ ചിട്ട വരുമ്പോള്‍, ഈ സമയക്രമം പാലിച്ചാല്‍, കൈക്കൂലി കൊടുക്കാന്‍ അധികം പേരുണ്ടാവില്ല. ഇനി, ഈ സമയം പാലിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പ്രശ്നം പഴയതില്‍ നിന്നും മോശമാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത് നടപ്പാക്കാന്‍ ഒരു സര്‍ക്കാരിനും ധൈര്യമുണ്ടാവാന്‍ വഴിയില്ല. രണ്ടും മൂന്നും തരം പൌരന്മാരെ സൃഷ്ടിക്കും എന്നു പറഞ്ഞ് കൊടിപിടിക്കുന്നവരെ ആരാണ് ഭയക്കാതിരിക്കുക?

[Cheaters Always Prosper: 50 Ways to Beat the System Without Being Caught എന്ന അത്യന്തം ഉപയോഗശൂന്യമായ പുസ്തകം വായിച്ചപ്പോള്‍ തോന്നിയത്. തന്ത്രങ്ങള്‍ പഠിക്കാനായി പുസ്തകം കാശുകൊടുത്തു വാങ്ങിയതൊന്നുമല്ല. ഒരു സഹപ്രവര്‍ത്തകന്‍ തന്നതാണ്.]

Labels: ,

9 അഭിപ്രായങ്ങള്‍:

 1. Blogger അതുല്യ എഴുതിയത്:

  സന്തോഷേ. തേങ്ങ എന്റ വക. പോസ്റ്റ്‌ ഒരു "വഴി"യ്കായാല്‍ ദയവായി ചീത്ത വിളിയ്കരുത്‌.

  ഞാന്‍ എപ്പൊഴും കരുതും, മനുഷ്യനു 'ക്യൂ' നില്‍കാനുള്ള മനസ്ഥിതിയുണ്ടായാല്‍ അന്ന് ഈ കൈയ്കൂലി അവസാനിയ്കും എന്ന്. (പിന്നെ മന്ദബുദ്ധി ചെക്കനെ മെഡിസിനു വിടാന്‍ വല്ല എന്‍.ആര്‍.ഏക്കും തോന്നിയാ, പിന്നെ പടച്ചോന്‍ നിനച്ചാ പോലും അവന്റെ ബുത്തി വരുതിയ്ക്‌ വരില്ല)

  പിന്നെ സാധാരണയുടേ 10 ഇരട്ടി വാങ്ങുന്ന എര്‍പ്പാടു ഇവിടെയുമുണ്ട്‌

  ---
  ഒരു പിറന്നാളാശംസകളുംകൂടീ ഇതിന്റെ ഒപ്പം. ഹോപ്പ്‌ യു നോ എ വാസ്‌ ബിസ്സി ഇന്‍ ബ്ലോഗ്ഗ്സ്‌..

  Wed Nov 08, 09:47:00 PM 2006  
 2. Blogger സു | Su എഴുതിയത്:

  നല്ല കാര്യങ്ങള്‍. ഇങ്ങനെയൊക്കെ, നല്ലത് ചിന്തിക്കുന്നവരും ഉണ്ടാകും. എന്നാലും “ഞങ്ങള്‍ നേരെയാവില്ല. നേരെയാവാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല.” എന്ന് വിചാരിച്ച് നടക്കുന്നവര്‍ അനവധി.

  Wed Nov 08, 09:47:00 PM 2006  
 3. Blogger ഇത്തിരിവെട്ടം|Ithiri എഴുതിയത്:

  എന്നെത്തല്ലണ്ട അമ്മാവാ... ഞാന്‍ നന്നാവില്ല എന്ന് പറഞ്ഞ പോലെ. എന്തു പറഞ്ഞാലും നന്നാവില്ല. അല്ലെങ്കില്‍ അതിന് താല്പര്യമില്ല.

  പഴയൊരു സര്‍ക്കാറിന്റെ കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ച പഞിംഗ് മെഷീന്റെ ഗതി ഒരിക്കല്‍ ഏഷ്യനെറ്റിലെ കണ്ണാടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വായിച്ചാപ്പോള്‍ ആദ്യം മനസ്സിലേക്കോടിവന്നത്.

  Wed Nov 08, 09:56:00 PM 2006  
 4. Blogger saptavarnangal എഴുതിയത്:

  നല്ല ലേഖനം!

  സാധാരണ രീതിയില്‍ നിയമപരമല്ലാത്ത കാര്യങ്ങള്‍ സാധിക്കുന്നതിനോ അല്ലെങ്കില്‍ വളരെ വേഗത്തില്‍ കാര്യങ്ങള്‍ നടത്താനോ കൈക്കൂലി കൊടുക്കുന്നു.

  സര്‍ക്കാര്‍കാര്യാലയങ്ങളിലെ കൈകൂലി കുറയ്ക്കുവാന്‍ വേണ്ടി ആദ്യം ചെയ്യേണ്ടതു ‘സുതാര്യത’ ഏര്‍പ്പെടുത്തുകയാണ്.

  ഒരു സര്‍ട്ടിഫിക്കറ്റിനു വേണ്ടി എന്തൊക്കെ രേഖകള്‍ വേണം, എത്ര ദിവസം എടുക്കും എന്ന് പൊതു ജനം അറിഞ്ഞിരിക്കണം. കുറഞ്ഞ ദിവസ്സങ്ങളില്‍ ഈ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി കൊടുക്കാന്‍ അക്രമ ഫീസുകള്‍ ഏര്‍പ്പെടുത്താം.

  Wed Nov 08, 10:16:00 PM 2006  
 5. Blogger à´¬àµ†à´¨àµà´¨à´¿::benny എഴുതിയത്:

  നല്ല ലേഖനം സന്തോഷേ....

  പക്ഷേ, ഇപ്പോള്‍ നിലവിലുള്ള അവസ്ഥയ്ക്ക് പരിഹാരമാര്‍ഗ്ഗമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. നമ്മുടെ നാട്ടിലെ റെയില്‍‌വേ ഡിപ്പാര്‍‌ട്ട്‌മെന്‍റ് തന്നെയെടുക്കൂ. സാദാടിക്കറ്റുണ്ട്, സ്ലീപ്പറുണ്ട്, തേഡ് എ.സിയുണ്ട്, ഇതിനൊക്കെ പുറമെ കാശ് അധികം കൊടുത്ത് വാങ്ങാവുന്ന തത്കാലും ഉണ്ട്. ഇതൊക്കെയുണ്ടായിട്ടും ടി.ടി.ആറിന്‍റെ കയ്യില്‍ വീഴുന്ന പൈസക്ക് എന്തെങ്കിലും കുറവുണ്ടോ?

  എന്നും എവിടെയും ഉണ്ടായിരുന്ന/ഉള്ള/ഉണ്ടാവുന്ന സംഗതികളാണ്.

  സര്‍ക്കാര്‍ ആശുപത്രിയിലെ പ്രഗത്ഭനായ ഡോക്ടറെ ഡോക്ടറെ ഞാന്‍ കാണാന്‍ പോവുന്നു എന്നിരിക്കട്ടെ. അയാളെനിക്ക് മരുന്നും കുറിച്ചുതരുന്നു. ഇനിയും വരേണ്ടതുണ്ടല്ലോ എന്നാലോചിച്ച് ഞാനയാള്‍ക്ക് 500 രൂപാ വാഗ്ദാനം ചെയ്യുന്നു എന്നും കരുതുക. പിന്നാലെ സന്തോഷ് അയാളെ കാണാനെത്തി, 1000 രൂപാ ഓഫര്‍ ചെയ്യുന്നു. കൂടുതല്‍ സംതൃപ്തി പകരുന്ന സിറ്റിംഗ് അനുഭവം സന്തോഷിന് നല്‍‌കാന്‍ ഡോക്ടര്‍ ശ്രമിക്കുമെന്നതില്‍ സംശയമേ വേണ്ട. സന്തോഷിനേക്കാള്‍ കൂടുതല്‍ പൈസയുമായി മറ്റൊരാള്‍ വരുമ്പോള്‍ ഡോക്ടര്‍ അതും വാങ്ങി പോക്കറ്റിലിട്ട് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തരാന്‍ ശ്രമിക്കും.

  ഗള്‍ഫുകാരുടെ കേന്ദ്രമായ ചാവക്കാട്ടൊക്കെ നല്ല കടല്‍ മീനിന്‍റെ വിലയില്‍ വരുന്ന വേരിയേഷനെപ്പറ്റി നല്ലൊരു ഗവേഷണം പ്ലാംന്‍ ചെയ്യാവുന്നതാണ്.

  ഡിസ്‌ട്രിബ്യൂഷന്‍ ഓഫ് വെല്‍ത്ത് തുല്യമല്ലെങ്കില്‍, ഇതല്ല, ഇതിലപ്പുറവും സംഭവിക്കും. ഇന്ത്യയില്‍ അത് സംഭവിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?

  Wed Nov 08, 10:25:00 PM 2006  
 6. Blogger Peelikkutty!!!!! എഴുതിയത്:

  നല്ല കാര്യങ്ങള്‍.നല്ല ലേഖനം.അന്നു മന്ത്രി ഗണേഷ് കുമാറിന്റെ മറുപടി കേട്ടപ്പോള്‍ ഇങ്ങനെ വേണം മന്ത്രിമാരായാല്‍ എന്നു വീട്ടില്‍ ഞങ്ങള്‍ പറഞ്ഞതോര്‍ത്തുപോയി...
  നാട്ടില്‍ പാസ്പോര്‍‌ട്ട് സറ്‌വീസസിന്റെ കാര്യത്തില്‍
  20 ദിവസത്തിനുള്ളില്‍ ..സാധാരണ ഫീസ്
  10 ദിവസത്തിനുള്ളില്‍--1500 രൂപ അധികം ..ഈ സംവിധാനം സുഗമമായി നടക്കുന്നുണ്ട്.
  അക്കമിട്ടു നിരത്താന്‍‍ ഇതു മാത്രമേ കിട്ടിയുള്ളൂ..
  ബാക്കിയെല്ലാം പരിചയക്കാരുണ്ടെങ്കില്‍ ..മോളീന്നു വിളിച്ചുപറയാന്‍ ആളുണ്ടെങ്കില്‍ ..വിതിന്‍ ഫ്യു ഡെയ്സ് സംഭവം കൈയില്‍ !!!

  അവരൊന്നും ചോദിച്ചില്ലെങ്കിലും കൈയില്‍ ‘എന്തെങ്കിലും വച്ചു കൊടുക്ക്വ‘ എന്ന ശീലം എങ്ങനെയാണോ ഉണ്ടായെ..

  Wed Nov 08, 10:29:00 PM 2006  
 7. Blogger മിടുക്കന്‍ എഴുതിയത്:

  കൈക്കൂലി..

  അതിപ്പൊ വന്ന് വന്ന് ബ്ലൊഗിലും ആയി തുടങ്ങി..

  ഗ്രൂപ്പ്‌ സമവാക്യങ്ങളുടെ ബൈ പ്രൊഡക്ട്‌ ആണൊ ഈ സാധനം

  Wed Nov 08, 10:44:00 PM 2006  
 8. Blogger കുറുമാന്‍ എഴുതിയത്:

  നല്ല ലേഖനം സന്തോഷ്.

  പണമില്ലാത്തവന്‍ പിണം എന്ന ചൊല്ലുപോലെ തന്നെ
  പണം വാങ്ങത്തവന്‍ പിണം എന്ന ഒരു ചൊല്ല് ഇന്ത്യയിലെ ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരുടെയിടയില്‍ ഉണ്ട്.

  രാവിലെ അമ്പലത്തില്‍ പോയി മടങ്ങും വഴി, ഓട്ടോറിക്ഷ കേടായതായി ഭാവിച്ച് ഡ്രൈവര്‍ ഒരേ ഒരു മാലക്കു വേണ്ടി എന്റെ അമ്മയുടെ കഴുത്തില്‍ കയറിട്ട് കുരുക്കി കൊല്ലാന്‍ ശ്രമിച്ചതില്‍ നിന്നും, മനോധൈര്യം കൊണ്ടും, ദൈവത്തിന്റെ കൃപകൊണ്ടും രക്ഷപെട്ട അമ്മ കൊലപാതക ശ്രമത്തിന്ന്, പോലീസില്‍ കൊടുത്ത പരാതി പിന്‍ വലിക്കുകയാണെങ്കില്‍ 10000 രൂപ തരാം എന്ന് എസ് ഐ ഏമാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പറഞ്ഞ നാടാ നമ്മുടെ!!

  എവിടെ നന്നാവാന്‍

  Wed Nov 08, 10:58:00 PM 2006  
 9. Blogger സന്തോഷ് എഴുതിയത്:

  വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും അനുഭവങ്ങള്‍ പങ്കുവച്ചവര്‍ക്കും നന്ദി.

  Thu Nov 09, 09:10:00 AM 2006  

Post a Comment

<< Home