ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, February 23, 2006

സഫലമീ യാത്ര...

അഞ്ചുപതിറ്റാണ്ടിലേറെ സാഹിത്യരംഗത്ത് വിശ്രമരഹിതമായി പ്രവര്‍ത്തിക്കുകയും അതില്‍ നാല്പതു കൊല്ലത്തോളം മലയാള സാഹിത്യത്തെ നിലവാരത്തകര്‍ച്ചക്കനുവദിക്കാതെ ഒരു ക്വാളിറ്റി അഷ്വറന്‍സ് മാനേജരുടെ ശുഷ്കാന്തിയോടെ കാക്കുകയും ചെയ്ത വാരഫലക്കാരന്‍ വിടവാങ്ങി. ആ പുണ്യദേഹത്തിന്‍റെ ആത്മാവിന് അശ്രുപൂജയും ആദരാഞ്ജലികളും.

അദ്ദേഹത്തിനു പകരം വയ്ക്കാനാളില്ലല്ലോ എന്ന ചിന്ത എന്നെ മഥിക്കുന്നു.

സാഹിത്യവാരികകള്‍ വായിച്ചു തുടങ്ങിയ നാളെന്നോ ആണ് പ്രൊഫസര്‍ കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം വായിച്ചുതുടങ്ങുന്നത്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്കാരികസമ്മേളന വേദിയില്‍ വച്ചാണ് കൃഷ്ണന്‍ നായരെ ആദ്യമായി കാണുന്നത്. വിറയാര്‍ന്ന കൈകളാല്‍ എന്തിനോ ഉള്ള ഒരു സമ്മാനമായി ‘രമണന്‍’ ഏറ്റുവാങ്ങിയത് ഇന്നും നല്ല ഓര്‍മയാണ്. കാല്‍ തൊട്ടുവന്ദിക്കുമ്പോള്‍ ആ കരങ്ങള്‍ തലയില്‍ സ്പര്‍ശിച്ചിരുന്നു. ‘നന്നായി വരൂ’ എന്നോ മറ്റോ വളരെപ്പതിഞ്ഞ ശബ്ദത്തില്‍ അനുഗ്രഹ വാക്ക് ചൊരിഞ്ഞതായും ഓര്‍ക്കുന്നു.

എഴുതാനുള്ള കഴിവിനേക്കാള്‍ എഴുതിയവരെ തളര്‍ത്താനുള്ള കഴിവ് കൂടിവന്നപ്പോള്‍ സാഹിതീമണ്ഡലത്തില്‍ വിഹരിച്ചിരുന്ന സുഹൃത്തുക്കളില്‍ച്ചിലര്‍ “നീയാരാ കൃഷ്ണന്‍ നായരോ?” എന്നു ചോദിച്ചു തുടങ്ങി. ആ ചോദ്യം കേട്ട് ഞാന്‍ തെല്ലൊന്നുമല്ല രഹസ്യമായി അഹങ്കരിച്ചിരുന്നത്. ഇംഗ്ലീഷ് വാക്കുകള്‍ കഴിവതും അതിന്‍റെ ഉച്ചാരണം തെറ്റാതെ പറയണമെന്ന ഭ്രമമുണ്ടായതും ഈ “ലോക്കല്‍ കൃഷ്ണന്‍ നായരായി”ച്ചമയാന്‍ തുടങ്ങിയ ശേഷമാണ്. കൃഷ്ണന്‍ നായരെപ്പോലെ “മുഖം നോക്കാതെ” വിമര്‍ശിക്കുന്ന ഒരു സാഹിത്യവിമര്‍ശകനാവണമെന്ന നടക്കാനിടയില്ലാത്ത മോഹം ഇനിയും ബാക്കി.

തിരുവനന്തപുരത്ത് സ്റ്റാച്യു മുതല്‍ പുളിമൂട് വരെയുള്ള അരക്കിലോമീറ്റര്‍ കൃഷ്ണന്‍ നായരെ കണ്ടുമുട്ടാന്‍ ഏറ്റവും സാധ്യതയുള്ള മേഖലയായി ഞങ്ങളില്‍ ചിലര്‍ പ്രഖ്യാപിച്ചിരുന്നു. എന്നില്‍ക്കവിഞ്ഞാരടാ ഈ ഭൂലോകത്ത് എന്ന മട്ടില്‍ നടക്കുമ്പൊഴും, അടുത്തു ചെന്നു “സാറിനു സുഖമാണോ” എന്നു ചോദിക്കുവാന്‍ ഞാന്‍ ധൈര്യം കണ്ടെത്തുമായിരുന്നു. ചിലപ്പോള്‍ ഒരു ചെറുപുഞ്ചിരിയില്‍ മറുപടിയൊതുക്കിയാലും സസന്തോഷം പെയ്തൊഴിയാത്തൊരനുഗ്രഹപ്പൂമഴയായി അതേറ്റുവാങ്ങുമായിരുന്നു.

വിവാദങ്ങള്‍ കൃഷ്ണന്‍ നായര്‍ ആസ്വദിച്ചിരുന്നു എന്നു വേണം കരുതാന്‍. ഏതു വിവാദത്തിലും കൃഷ്ണന്‍ നായരുടെ ഭാഗത്താണ് ന്യായം എന്ന് കരുതാനും അദ്ദേഹത്തിനു (അദ്ദേഹമറിയാതെ!) മാനസ്സിക പിന്തുണ നല്‍കാനും രണ്ടാമതാലോചിക്കേണ്ടി വന്നിട്ടില്ല. എന്നു മാത്രമല്ല, അദ്ദേഹം ഇടയുന്നവരോട് അനിഷ്ടമുണ്ടാവാനും വളരെ എളുപ്പമായിരുന്നു. അങ്ങനെയാണ് കവി ശ്രീ. ഡി. വിനയചന്ദ്രനെ എനിക്ക് കണ്ടുകൂടാതായത്. ഞാന്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ വിനയചന്ദ്രന്‍ സാര്‍ അവിടെ ലിറ്ററേചര്‍ വിഭാഗത്തിന്‍റെ ഉപമേധാവിയായിരുന്നു. വിനയചന്ദ്രന്‍ സാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എണ്ണിയാലൊടുങ്ങാത്തത്ര അവസരങ്ങള്‍ ലഭിച്ചപ്പോഴാണ് അദ്ദേഹം ഞാന്‍ വിചാരിച്ചപോലെ മോശക്കാരനല്ലെന്നും, പേരുപോലെ വിനയവും, സ്നേഹവും സഹാനുഭൂതിയും കരുണയുമുള്ള ഒരു മാന്യദേഹമാണെന്നും മനസ്സിലായത്. ആയിടക്കൊരിക്കല്‍, ഭൂതത്താന്‍‍കെട്ടിലോ ഇലവീഴാപ്പൂഞ്ചിറയിലോയിരുന്ന് വിനയചന്ദ്രന്‍ സാറും ഒരുപറ്റം സഹൃദയരായ വിദ്യാര്‍ഥികളും കൂടി ഘോരഘോരം കവിതകള്‍ചൊല്ലിത്തകര്‍ത്തതിന്നൊടുവില്‍ ധൈര്യം സംഭരിച്ചു ചോദിച്ചു: “അങ്ങും കൃഷ്ണന്‍ നായരും തമ്മില്‍ അത്ര സൌഹൃദത്തിലാണെന്ന് തോന്നുന്നില്ലല്ലോ.” എന്നെ അതിശയിപ്പിച്ചുകൊണ്ട് വിനയചന്ദ്രന്‍ സാര്‍ പറഞ്ഞു: “ഏയ്, ഒന്നുമില്ല. എല്ലാം തെറ്റിദ്ധാരണകളാണ്, പിന്നെ പത്രക്കാരുടെ സെന്‍സേഷണലിസവും.” ഈ “ഒന്നുമില്ലായ്മ” അധികം നീണ്ടുനിന്നോ എന്നു സംശയം. ആയിടയ്ക്ക് വിനയചന്ദ്രന്‍ സാര്‍ “മലയാളത്തില്‍ കാല്പനികകവികള്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി, പിന്നെ ഞാന്‍” എന്ന് ഒരു ലേഖനത്തില്‍ എഴുതുകയും, കൃഷ്ണന്‍ നായര്‍ അതിനെ അടച്ചാക്ഷേപിച്ച്: “നക്ഷത്രമെവിടെ, പുല്‍ക്കൊടിയെവിടെ?” എന്ന് വാരഫലത്തില്‍ എഴുതുകയുമുണ്ടായി.

ലോകസാഹിത്യത്തിലെ ക്ലാസ്സിക്കുകള്‍ വായിച്ച് അതുപോലെ മലയാളത്തിലെ എല്ലാ എഴുത്തുകാരും എഴുതണമെന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് കൃഷ്ണന്‍ നായര്‍ക്കെതിരെയുള്ള ഒരു ആരോപണം. ഒരു പക്ഷേ അദ്ദേഹത്തിന്‍റെ നിരൂപണങ്ങളെ അങ്ങനെയും വായിക്കാമായിരിക്കും. എന്നാലും സാഹിതീമോഷണങ്ങളെ മലയാളത്തില്‍ നിന്നകറ്റി നിര്‍ത്താനും, മലയാള സാഹിത്യരംഗത്തു നിന്ന് കഴിവില്ലാത്തവരെ അരിച്ചുകളയാനും (അരിഞ്ഞുകളയാനല്ല) കൃഷ്ണന്‍ നായര്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്.

മലയാളിയെ ലോകസാഹിത്യത്തിലേക്കാകര്‍ഷിക്കാന്‍, കഥകളുടേയും നോവലുകളുടേയും പേരും രത്നച്ചുരുക്കവും വെറുതേയങ്ങ് പറഞ്ഞു തരിക മാത്രമല്ല കൃഷ്ണന്‍ നായര്‍ ചെയ്തിരുന്നത്. ഫെദറീകൊ ഗാര്‍സിആ ലൊര്‍കാ എന്ന സ്പാനിഷ് കവിയുടെ ഒരു കവിത അവതരിപ്പിക്കുന്നതിനോടൊപ്പം അദ്ദേഹം നല്‍കിയ തര്‍ജ്ജമ നോക്കൂ:
കന്യകയാണെന്ന് വിചാരിച്ച് ഞാന്‍ അവളെ നദീതീരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ അവള്‍ക്ക് ഭര്‍ത്താവുണ്ട്. ഗ്രീഷ്മകാല നിശീഥിനി... തെരുവുവിളക്കുകള്‍ പോയി. ചീവീടുകള്‍ പോയിട്ടില്ല. ഞാനവളുടെ നിദ്രാധീനങ്ങളായ സ്തനങ്ങള്‍ തൊട്ടു. അവ ഹിയസിന്ത് പൂങ്കുലപോലെ പെട്ടെന്ന് വിടര്‍ന്നു. പത്തുകത്തികള്‍കൊണ്ട് പട്ട് കീറിയാലെന്ന പോലെ അവളുടെ പാവാടയുടെ കഞ്ഞിപ്പശ എന്‍റെ കാതുകളെ പീഡിപ്പിച്ചു. ശ്വാനന്മാരുടെ ചക്രവാളം വിദൂരതയില്‍ ഓരിയിട്ടു... മണലില്‍, അവളുടെ തലവയ്ക്കാന്‍ വേണ്ടി ഞാനൊരു കുഴിയുണ്ടാക്കി... അവള്‍ വസ്ത്രങ്ങള്‍ മാറി... നിലാവുവീണ കണ്ണാടികളോ പുഷ്പദലങ്ങളോ അവളുടെ ശരീരത്തിനു തുല്യമല്ല. പ്രവാഹത്തില്‍‍പ്പെട്ട് വിസ്മയിച്ച മീനെന്നപോലെ അവളുടെ തുടകള്‍ പ്രകമ്പനം കൊണ്ടു... അന്നു രാത്രി ഏറ്റവും നല്ല രാജരഥ്യയിലൂടെയാണ് ഞാന്‍ സഞ്ചരിച്ചത്. എന്നോട് അവള്‍ പറഞ്ഞ കാര്യങ്ങള്‍ പുരുഷനെന്ന നിലയില്‍ എനിക്കുപറയാന്‍ മടിയാണ്. ചുംബനങ്ങളിലും മണ്ണിലും പൊതിഞ്ഞ അവളെ ഞാന്‍ നദീതീരത്തുനിന്നു മാറ്റി. ലില്ലിപ്പൂക്കളുടെ വാളുകള്‍ അന്തരീക്ഷത്തെപ്പിളര്‍ന്നു... അവള്‍ക്കു ഭര്‍ത്താവുള്ളതുകൊണ്ട് ഞാനവളെ സ്നേഹിക്കാന്‍ ശ്രമിച്ചില്ല. എങ്കിലും നദീതീരത്തേയ്ക്ക് കൊണ്ടുപോയപ്പോള്‍ അവള്‍ എന്നോടു പറഞ്ഞു അവള്‍ കന്യകയാണെന്ന്.

ഇദ്ദേഹത്തിനു കവിതയും വഴങ്ങുമായിരുന്നുവെന്നതിനു വേറേ തെളിവുവേണോ?

“ചങ്ങമ്പുഴയും കൃഷ്ണന്‍ നായരും തമ്മില്‍ എന്തേ വ്യത്യാസം?” എന്ന ചോദ്യത്തിനു ഒരിക്കല്‍ അദ്ദേഹം സാഹിത്യവാരഫലത്തിലെ ‘ചോദ്യം, ഉത്തരം’ എന്ന സെക്ഷനില്‍ ഉത്തരം നല്‍കിയിരുന്നു:
എന്തൊരു മര്യാദകെട്ട ചോദ്യം. ചങ്ങമ്പുഴ ഇരുപത്തഞ്ച് കൊല്ലം അതിമനോഹരമായി കവിതയെഴുതി. ഞാന്‍ അമ്പതുകൊല്ലമായി പരുക്കന്‍ ഗദ്യമെഴുതുന്നു. താനെഴുതിയതിന്‍റെ മനോഹാരിത ചങ്ങമ്പുഴയ്ക്ക് അറിഞ്ഞുകൂടായിരുന്നു. ഞാനെഴുതുന്നതിന്‍റെ വൈരൂപ്യം എനിക്കു നന്നായി അറിയാം.

അമ്പതു കൊല്ലമായി പുറമേ പരുക്കന്‍ ഭാവവും തൂലികത്തുമ്പില്‍ മനോഹര ഗദ്യവുമായി മലയാളിയുടെ മനസ്സില്‍ വിമര്‍ശന സാഹിത്യത്തിന്‍റെ പര്യായമായി ചേക്കേറിയിരുന്ന കൃഷ്ണന്‍ നായര്‍, ഇനി ഓര്‍മകളില്‍ മാത്രം. എന്‍റെ കണ്ണുകള്‍ നിറയുന്നു. മലയാളത്തിനു മറ്റൊരെഴുത്തച്ഛന്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു.

Labels:

10 Comments:

  1. Blogger Navaneeth Wrote:

    വളരെ ഹൃദയസ്പര്‍ശിയായ ഒരു ലേഖനം. ഒരിക്കെലെങ്കിലും പരിചയപ്പെടാനുള്ള ഭാഗ്യം ഉണ്ടായല്ലൊ. സന്തോഷ്‌ എഴുതി പ്രസിദ്ധീകരിച്ച പല ലേഖനങ്ങളും വായിച്ച(thatsmalayalam.com & sanpil.com) ഒരാളെന്ന നിലയില്‍ പറഞ്ഞുകൊള്ളട്ടെ. എതും ഏതെങ്കിലും ഒരു portalനോ അതൊ ഒരു ദിനപത്രത്തിനൊ അയച്ചു കൊടുത്തുകൂടെ? ബ്ലോഗില്‍ ഒരു limited number of readers അല്ലേ ഉള്ളു? ഇതു കൂടുതല്‍ പേര്‍ വായിക്കണം എന്നൊരാഗ്രഹം. ആ വലിയ മനുഷ്യന്‌ താങ്കളാല്‍ കഴിയുന്ന ഒരു അനുസ്മരണം. അതു കൊണ്ട്‌ പറഞ്ഞതാണ്‌.
    ആ വലിയ മനുഷ്യന്‌ നിത്യശാന്തി നേര്‍ന്നു കൊണ്ട്‌....
    സസ്നേഹം
    നവനീത്‌

    February 23, 2006 10:44 PM  
  2. Blogger prapra Wrote:

    നന്നായിരിക്കുന്നു സന്തോഷ്‌. സാഹിത്യ ലോകം ഒരിക്കലും മറക്കാത്ത ഒരു വ്യക്തി ആയി അദ്ദേഹം നില കൊള്ളും.

    February 24, 2006 11:07 AM  
  3. Blogger ചില നേരത്ത്.. Wrote:

    പരേതാത്മാവിന് നിത്യശാന്തി നേരുന്നു.

    ഈ അനുസ്മരണ കുറിപ്പ് ഹൃദ്യമായിരിക്കുന്നു. നവനീതിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
    സസ്നേഹം
    ഇബ്രു

    February 24, 2006 8:14 PM  
  4. Blogger രാജീവ് സാക്ഷി | Rajeev Sakshi Wrote:

    മലയാള മനോരമ വിലയിരുത്തിയ പോലെ 'മലയാളികളെ ആഴ്ച്ചപ്പതിപ്പിന്‍റെ പുറകില്‍ നിന്നും വായിക്കാന്‍ ശീലിപ്പിച്ച' മഹാവിമര്‍ശകന്‍റെ വിയോഗം വരുത്തിയ വിടവിന്‍റെ വ്യാപ്തി കൂടുതല്‍ വലുതാകുന്നു ഈ ലേഖനം വായിച്ചപ്പോള്‍

    February 24, 2006 9:06 PM  
  5. Blogger Kalesh Kumar Wrote:

    സന്തോഷ്, നന്നായിട്ടുണ്ട്!
    മലയാളത്തിനും മലയാളികള്‍ക്കും തീരാ‍നഷ്ടം തന്നെ അദ്ദേഹത്തിന്റെ വിയോഗം.
    പരേതാത്മാവിന്‍ നിത്യശാന്തി നേരുന്നു!

    February 26, 2006 3:44 AM  
  6. Blogger Santhosh Wrote:

    നവനീത്, പ്രാപ്ര, ഇബ്രു, സാക്ഷി, കലേഷ്: നന്ദി.
    ഇന്ദുലേഖ.കോമില്‍ ഇതു കൊടുത്തിട്ടുണ്ട്. മറ്റ് പോര്‍ട്ടലുകള്‍ക്കോ പത്രങ്ങള്‍ക്കൊ അയക്കാന്‍ തോന്നിയില്ല. ക്ഷമിക്കണം.

    February 26, 2006 4:14 PM  
  7. Blogger SunilKumar Elamkulam Muthukurussi Wrote:

    Santhosh, Can I take this to be published in "Aksharam" monthly? Aksharam is a small literary magazine published by RIFA to circulate among their members. It is not for sale. Normaly we take many blog posts to reprint in aksharam with respective owners permission.-S-

    March 06, 2006 9:03 PM  
  8. Blogger Santhosh Wrote:

    തീര്‍ച്ചയായും സുനില്‍. വേണ്ട തിരുത്തലുകള്‍ വരുത്തിയാലും വിരോധമില്ല.

    എന്താണ് റിഫ? അറിവില്ലായ്മ ക്ഷമിക്കണം.

    സസ്നേഹം,
    സന്തോഷ്

    March 06, 2006 11:02 PM  
  9. Anonymous Anonymous Wrote:

    Sorry Santhosh, I was away from the office. RIFA is a small organization of malayalees in Riyad ,Saudi Arabia. Aksharam is their monthly journal.-S-

    March 10, 2006 11:58 PM  
  10. Blogger Durga Wrote:

    കൊള്ളാം സന്തോഷ്..വളരെ നന്നായിട്ടുണ്ട്.:-)
    ഇനിയും എഴുതൂ...

    March 13, 2006 12:18 AM  

Post a Comment

<< Home