Wednesday, February 15, 2006

കണ്ണേ മടങ്ങുക

2000 ജൂലൈ 13-ന് എ.ബി.വി.പി-ആര്‍.എസ്സ്.എസ്സ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞ ബസ്സ് കണ്ടക്ടര്‍ രാജേഷ് ആക്രമണത്തിനു വിധേയനാവുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊലയാളികളില്‍ ചിലര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് തിരുവനന്തപുരം “ഫാസ്റ്റ് ട്രാക്ക്” കോടതി ഉത്തരവായിരിക്കുന്നു. മൊത്തം 25 പേര്‍ക്ക് വിവിധ കാലയളവിലുള്ള ശിക്ഷകള്‍ വിധിച്ചിട്ടുണ്ട്.

നമ്മള്‍ പരാജയപ്പെടുന്നത് ഇവിടെയൊക്കെയാണ്. ചുരുങ്ങിയ പക്ഷം നാം ഇത്രയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു:

 1. ഈ വിധിയോ കേസു നടത്തലോ മാതൃകാപരമല്ല. വിവിധ മലയാളം ചാനലുകളിലായി ഈ അക്രമത്തിന്‍റെ മിനിറ്റുകള്‍ (ചിലപ്പോള്‍ മണിക്കൂറുകളും) നീളുന്ന ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. ഇതെല്ലാം ക്രോഡീകരിച്ച് കണ്ടാലറിയാവുന്നവര്‍ക്കെതിരെയെല്ലാം കേസെടുത്ത് വിചാരണ ചെയ്താലേ, ഇനിയും ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നവര്‍ രണ്ടാവര്‍ത്തി ആലോചിക്കയുള്ളൂ.

 2. അക്രമികളെ പന്ത്രണ്ടോ പതിന്നാലോ വര്‍ഷം “ജീവപര്യന്തം” തീറ്റിപ്പോറ്റിയിട്ട് എന്തു നേടാന്‍? ഇവരെ, നല്ല കായികാധ്വാനം ആവശ്യമുള്ളതും എന്നാല്‍ സാധാരണ ഗതിയില്‍ പണിക്കാരെ ലഭ്യമല്ലാത്തതുമായ ജോലിക്കായി നിയോഗിക്കുക. (മനുഷ്യത്വ ഹീനമായ ജോലി ചെയ്യിപ്പിക്കണമെന്നല്ല ഉദ്ദേശിച്ചത്.) ജയിലിനകത്ത് ആരുമറിയാതെ പണിയെടുപ്പിക്കരുത്: അകമ്പടിക്കാരോടു കൂടിയാണെങ്കിലും, ഇവരെ പരസ്യമായി പൊതുജനമധ്യത്തില്‍ ജോലിയെടുപ്പിക്കുക. (ഇങ്ങനെയുള്ളവര്‍ക്ക് നല്‍കാനായി ഏറ്റവും കുറവ് അപേക്ഷകര്‍ ഉള്ള ജോലികളുടെ ഒരു ലിസ്റ്റ് ജയില്‍ വകുപ്പിനു കരുതാവുന്നതാണ്.)

 3. ഈ അക്രമികളെ, അക്രമങ്ങള്‍ക്കെതിരായി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന “ഞാന്‍ അക്രമി” എന്ന പരമ്പരയില്‍ ഒരു എപ്പിസോഡില്‍ ഒന്ന് എന്ന രീതിയില്‍ അവതരിപ്പിക്കുക. ആക്രമണത്തിനു വിധേയരായവരെയോ അവരുടെ കുടുംബത്തേയൊ, അവര്‍ക്കു സമ്മതമാണെങ്കില്‍ ഈ പരിപാടിയിലുള്‍പ്പെടുത്തി പ്രസ്തുത ക്രൂരകൃത്യം അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പൊതുജനത്തെ അറിയിക്കാവുന്നതാണ്. ഈ പരമ്പര “പ്രൈം റ്റൈമില്‍” സംപ്രേഷണം ചെയ്യുകയും വേണം.

 4. ഫാസ്റ്റ് ട്രാക്കിലൂടെ പരിഹാരം കാണാനാണ് അഞ്ചിലധികം വര്‍ഷം കാത്തിരുന്നതെന്നോര്‍ക്കണം. പൊതുമുതല്‍ നശീകരണം, അഴിമതി മുതലായ സമൂഹത്തെയാകെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണം.

 5. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത കര്‍മ്മമാണെങ്കില്‍ (ഈ കേസിലേതുപോലെ), അക്രമികളുടെ മേല്‍ ചുമത്തപ്പെടുന്ന പിഴ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കെട്ടണമെന്ന വ്യവസ്ഥ കൊണ്ടുവരിക. ഇനി അക്രമികള്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ തന്നെ ആണെങ്കില്‍ (അതും ഈ കേസിലേതുപോലെ) അവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്തം വിലക്കുക.

 6. ഇത്തരം കേസുകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിക്കാതിരിക്കുക. സര്‍ക്കാരിന്‍റെ താല്പര്യങ്ങള്‍ക്കല്ല, ജനങ്ങളുടെ താല്പര്യങ്ങള്‍ക്കാവണം മുന്‍‍ഗണന.

ഈ ലിസ്റ്റ് ഇങ്ങനെ നീണ്ടുപോകുന്നു. ഗാന്ധിജി പറഞ്ഞത് ഇക്കാര്യത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന ആലോചനയിലാണു ഞാന്‍.
You must be the change you wish to see in the world.

മൂര്‍ത്തിമാരാരെങ്കിലും ഒരു ക്ലൂ തരുമോ?

7 പ്രതികരണങ്ങൾ:

 1. കലേഷ്‌ കുമാര്‍

  എത്ര മനോഹരങ്ങളായ നടക്കാത്ത സ്വപ്നങ്ങൾ!

  നമ്മുടെ നാട് നന്നാകില്ല സന്തോഷേ!

 2. സൂഫി

  അങ്ങനെയങ്ങ് പറഞ്ഞൊഴിയാമോ കലേഷെ,
  ചന്ദ്രേട്ട്‌നെപ്പോലെയുള്ളവരുടെയൊക്കെ ശ്രമങ്ങളൊക്കെ വെറും പാറയിലെറിയുന്ന വിത്താകുമോ?
  സന്തോഷ്, എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്.. പക്ഷെ, എവിടുന്നാ തുടങ്ങുക…

 3. വര്‍ണ്ണമേഘങ്ങള്‍

  :)

 4. സ്വാര്‍ത്ഥന്‍

  :)

 5. സിബു::cibu

  ഓരോരുത്തരും ഒരു പെരുമഴതന്നെയാവണ്ട. ഒരു തുള്ളിയായാല്‍ മതി... ബാക്കിയൊക്കെ തന്നെ സംഭവിച്ചോളും എന്ന്‌ എന്റെ പക്ഷം. പക്ഷെ, ആ ഒരു തുള്ളി വളരെ പ്രധാനമാണ്. അതില്ലാതിരിക്കുമ്പോഴാണ് മരുഭൂമികള്‍..

 6. സന്തോഷ്

  എങ്ങനെയാണ് ആ തുള്ളികളിലൊന്നാവുക എന്നാണ് എന്‍റെ അന്വേഷണം.

 7. സൂഫി

  സുഹൃത്തുക്കളെ ബോഗ്ഗന്മാർവാർത്തകളിളിലിടം പിടിക്കുന്നു…

  ഇന്നു രാവിലെ കൈരളി ചാനലില് റോഡോഫോ കീടനാശിനിക്കെതിരെയുള്ള ചന്ദ്രേട്ടന്റെ പോരാട്ടങ്ങളെക്കുറിച്ചും മറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും വാർത്ത ഉണ്ടായിരുന്നു.

  ഇന്നത്തെ തന്നെ മാതൃഭൂമിയിൽ നമ്മുടെ ജോ-യെക്കുറിച്ചും mPod നെക്കുറിച്ചും വാർത്തയോടൊപ്പം ജോയുടെ ഫോട്ടൊയും ഉണ്ട്.