Friday, February 10, 2006

മിഴികള്‍ രാമപാദത്തില്‍, മനമെന്‍ മനോഹരിയിലും

യാത്ര
“ഗമിക്കട്ടെ ഞാന്‍!” സകല-
സൌഭാഗ്യങ്ങളില്‍ നിന്നുമെന്‍
ജ്യേഷ്ഠന്‍ നടക്കുന്നു.
ഒപ്പം മൈഥിലി, ചുറ്റിയ മരവുരിക്കുള്ളില്‍
ഞെരിയും വിദ്വേഷവും
തുളുമ്പും കുചമാംസധാരയും.
ആരണ്യമാര്‍ഗ്ഗേ ചരിക്കവേ,
മറന്നൂ, യാത്രചോദിച്ചുവോ:
“ഗമിക്കട്ടെ ഞാന്‍!”

യാത്രാമൊഴി
വൃദ്ധയാം ദുഷ്ടമാതാവിന്‍
ഹൃദയം കാളകൂടശോചിതം
അല്ലായ്കിലോതുമോ സ്വപുത്ര-
നല്ലാകിലും, “കാനനമാര്‍ഗ്ഗം!”

നേരമായ്, പോകുവാന്‍ നേരമായാ-
നേരമോതുവാന്‍ ഞാനിതുമോര്‍ത്തുവച്ചു:
“നേരിനായ്, നല്ലൊരു രാമരാജ്യത്തിനായ്
പാരിതില്‍ നീ നിത്യം പ്രാര്‍ത്ഥിക്കണം!”

പഞ്ചവടി
കാലടികള്‍ തുടരുവാന്‍
ഞാന്‍ നടക്കുന്നു
കാലിടറി വീഴാതെ
കാഴ്ചകള്‍ കാണാതെ
കാമിനിയുമില്ലാതെ
ഞാന്‍ ചരിക്കുന്നു.

മടക്കം
അവളെവിടെ, ദീര്‍ഘമാം
ഒരു വ്യാഴവട്ടത്തിന്നുമപ്പുറം
ജീവിത രഥ്യയില്‍
വൈധവ്യമേറ്റൊരെന്‍
പ്രേയസ്സിയെവിടെയോ!
എവിടെയെന്നൂര്‍മ്മിള,
സര്‍വ്വം സഹിച്ച മല്‍-
പ്രേയസ്സിയിന്നെവിടെ?

പുനഃസമാഗമം
എന്തു നീയെന്നെ വിളിക്കുന്നു:
പതി ധര്‍മ്മമറിയാത്ത പാപിയെന്നോ?
കപടസ്നേഹത്തിന്‍ പ്രതീകമെന്നോ?
അരുത്! നീയെന്നോടടുക്കരുത്; വീണ്ടുമാ-
സ്നേഹവായ്പെന്നില്‍ ചൊരിയരുത്!

നിന്നെയുപേക്ഷിച്ച വനചാരിയാണു ഞാന്‍
മാപ്പേകല്ലൊരിക്കലും, മമനീച
കര്‍മ്മം മറക്കല്ലൊരിക്കലും,
സ്നേഹലതയായ് പടരരുതൊരിക്കലും!

11 പ്രതികരണങ്ങൾ:

 1. ഇളംതെന്നല്‍....

  നന്നായിരിക്കുന്നു..
  അവസാനത്തെ നാലു വരിയില്‍ അക്ഷരപ്പിശാച്‌ കടന്നു കൂടിയിട്ടില്ലേ?

 2. കലേഷ്‌ കുമാര്‍

  സന്തോഷേ, കൊള്ളാം! നന്നായിരിക്കുന്നു!

 3. പെരിങ്ങോടന്‍

  അതിശയം തോന്നുന്നു സന്തോഷെ,
  എകദേശം ഇതേ തീമുള്ളൊരെണ്ണം എന്റെയടുത്തു ഡ്രാഫ്റ്റായിരിക്കുന്നുണ്ടായിരുന്നു, പദ്യം വശമില്ലാത്തകാ‍രണം ഗദ്യമായിരുന്നുവെന്നുമാത്രം.

  കുറച്ചുദിവസമായിക്കാണും, ഇനിയിപ്പോള്‍ സമയം കിട്ടുന്നതനുസരിച്ചു പിന്നീടെപ്പോഴെങ്കിലും പൂര്‍ത്തിയാക്കാം.

 4. സ്വാര്‍ത്ഥന്‍

  ഓപ്പണായിട്ട് ചോദിക്കട്ടേ?

  പുന:സമാഗമത്തില്‍
  ഊര്‍മ്മിള ലക്ഷ്മണനെ ചീത്തപറഞ്ഞു എന്നാണോ,
  താന്‍ ചീത്ത കേള്‍ക്കേണ്ടവനാണെന്ന് ലക്ഷ്മണന്‍ നിനച്ചു എന്നാണോ വിവക്ഷ?

  കുരുത്തം കെട്ടവനാണേ, പൊറുക്കൂല്ലോ ല്ലേ?

  സിറ്റ്വേഷന്‍ ആദ്യത്തേതാണെങ്കില്‍
  “എന്തു നീയെന്നെ വിളിക്കേണ്ടൂ’ എന്നല്ലേ ശരി?
  രണ്ടാമത്തേതെങ്കില്‍
  അവസാന നാലു വരികളില്‍ ഒരു കണ്‍ഫ്യൂഷന്‍

 5. ഇളംതെന്നല്‍....

  സീതാസമേതരായി രാമലക്ഷ്മണന്മാരുടെ തിരുച്ചുവരവിനെ രാജകുടുംബാംഗങ്ങളും അമാത്യരും നാനാപുരവാസികളും ആഘോഷപൂര്‍വം വരവേല്‍ക്കുമ്പോഴും ഊര്‍മ്മിള പൂജാമുറിയിലായിരുന്നു...
  പിന്നീട്‌ ലക്‍ഷ്മണന്‍ ഊര്‍മ്മിളയുടെ മുന്‍പിലെത്തുമ്പോള്‍ ലക്‍ഷ്മണന്റെ കണ്ണുകളില്‍ ഒരു ക്ഷമാപണത്തിന്റെ ഭാവമായിരുന്നു....
  അതു തന്നെയാണോ ഉദ്ദേശിച്ചിരിക്കുന്നത്‌....
  സ്വാര്‍ത്ഥന്‍ പറഞ്ഞപോലെ എന്തോ ഒരു കണ്‍`ഫ്യൂഷന്‍

 6. സ്വാര്‍ത്ഥന്‍

  അയ്യയ്യോ, വെറുതേയല്ല നാട്ടുകാരും വീട്ടുകാരും എന്നെ ‘തലതിരിഞ്ഞവനേ’ന്ന് വിളിക്കുന്നത്.
  നേരത്തേ കമന്റിയത് തിരിഞ്ഞു പോയി.

  സിറ്റ്വേഷന്‍ ആദ്യത്തേതാണെങ്കില്‍
  അവസാന നാലു വരികളില്‍ ഒരു കണ്‍ഫ്യൂഷന്‍
  രണ്ടാമത്തേതെങ്കില്‍
  “എന്തു നീയെന്നെ വിളിക്കേണ്ടൂ?’ എന്നല്ലേ ശരി?

  എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ...

 7. സു | Su

  ഇത് ലക്ഷ്മണന്‍ പറയുന്നതല്ലേ? പിന്നെന്താ കണ്‍ഫ്യൂഷന്‍ എന്നാലോചിച്ചിട്ട് എനിക്ക് കണ്‍ഫ്യൂഷന്‍ ആയി.

 8. സു | Su

  HAPPY VALENTINE'S DAY

  (സന്തോഷിനും ദിവ്യക്കും, ലക്ഷ്മണനും ഊര്‍മിളയ്ക്കും )

 9. ഇന്ദു | Indu

  സുന്ദരം! തലക്കെട്ടും നന്നായി, സന്തോഷ്‌.

 10. സന്തോഷ്

  ലക്ഷ്മണന്‍ പ്രത്യേക പഠനം അര്‍ഹിക്കുന്ന കഥാപാത്രമാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. രാമന്‍ ആരണ്യവാസം മനസ്സാ വരിച്ചു കഴിഞ്ഞ് രാജ്യമുപേക്ഷിക്കാന്‍ തയ്യാറായി നില്‍ക്കവേ ലക്ഷ്മണന്‍ കലിതുള്ളിയുറഞ്ഞതായി രാമായണം പറയുന്നു. ഇതിന്‍റെ യഥാര്‍ഥ കാരണം വിശകലനം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ലക്ഷ്മണന്‍ സ്വതേ ഒരു എടുത്തുചാട്ടക്കാരനാണെന്നാണല്ലോ വയ്പ്. അതിനാലാവുമോ? പിന്നീട്, ‘അനുജാ ലക്ഷ്മണാ ഓടി വാ...’ എന്ന വിളികേള്‍ക്കേ ലക്ഷ്മണന്‍ എന്തേ ഈ എടുത്തുചാട്ടം നടത്തിയില്ല?

  ശൂര്‍പ്പണഖ വിവാഹാഭ്യര്‍ത്ഥനയുമായി വന്നപ്പോള്‍ തനിക്കായി കാത്തിരിക്കുന്ന തന്‍റെ ‘വിധവ’യായ ഊര്‍മ്മിള ഉണ്ടെന്ന കാര്യം മറച്ചുവച്ച് എന്തുകൊണ്ട് ഒരു മുടന്തന്‍ ന്യായം അവതരിപ്പിച്ചു? (മറ്റൊരംബുജാക്ഷിയെ തൊടാത്ത ‘രാമാനുജ’ ബാഹുവിനുള്ള അവാര്‍ഡ് കളഞ്ഞു കുളിച്ചില്ലേ?)

  ഇങ്ങനെ, ചില സന്ദര്‍ഭങ്ങളിലെ ലക്ഷ്മണന്‍റെ “questionable" ആയ പെരുമാറ്റവും പ്രതികരണവും കാരണം, ആ കഥാപാത്രം അമിത ഉല്‍ക്കണ്ഠയുള്ളവനും, കൊച്ചു കാര്യങ്ങളെച്ചൊല്ലി വരെ അനാവശ്യമായി ആലോചിച്ചു കൂട്ടി സ്വയം മനശ്ശാന്തി കെടുത്തുന്നവനുമാണെന്ന് ഞാന്‍ വിചാരിച്ചു വച്ചിരിക്കുന്നു. ഈ വിചാരധാരയുടെ പ്രതിഫലനം കൂടിയാണ്, വനവാസം അവസാനിക്കാന്‍ ഇനിയും നാളുകള്‍ (ചിലപ്പോള്‍ വര്‍ഷങ്ങളും) ബാക്കി നില്‍ക്കേ ലക്ഷ്മണന്‍ മടക്കവും പുന:സ്സമാഗമവും കൂടി മനസ്സില്‍ നെയ്തെടുക്കുന്നത്. (കവിതയുടെ തലക്കെട്ടില്‍ക്കൂടി കാലത്തെപ്പറ്റി സൂചന നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.) ഈ പശ്ചാത്തലത്തില്‍ വായിക്കുമ്പോള്‍ “കണ്‍ഫ്യൂഷന്‍” ഒഴിവാവുമെന്ന് കരുതുന്നു.

  ഇളംതെന്നല്‍: അക്ഷരപ്പിശാച്‌ മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്.
  പെരിങ്ങോടന്‍: ഇതൊന്നും കണ്ട് എഴുതാതിരിക്കരുതേ! ഉടന്‍ പൊടിതട്ടിയെടുക്കൂ!
  സ്വാര്‍ത്ഥന്‍, ഇളംതെന്നല്‍: “കണ്‍ഫ്യൂഷന്‍”: മുകളില്‍ വിസ്തരിച്ചത് കണ്ടു കാണുമല്ലോ.
  കലേഷ്‌, സു, ഇന്ദു തുടങ്ങി വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
  വാലന്‍റൈന്‍സ് ഡേ ആശംസയ്ക്ക് പ്രത്യേക നന്ദി.

 11. ശാലിനി

  ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ഊര്‍മ്മിളയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടുണ്ടോ പുരാണത്തില്‍ എന്ന്? ഊര്‍മ്മിളയെകുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടോ വനവാസത്തിനുശേഷം?