ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, February 01, 2006

അടയാളമൂര്‍ത്തി പറഞ്ഞുതന്നത്

പകലുമുഴുവന്‍ ഉച്ചീലച്ചോര ഉള്ളങ്കാലിലാക്കി പണിയെടുത്ത്, കിട്ടിയ കാശിനു വെള്ളമടിക്കാതെ ഏഴുമണിയോടെ വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ സ്ഥലത്തില്ല. പതിനഞ്ചു മാസം മാത്രം പ്രായമുള്ള മകന്‍ തൊട്ടിലില്‍ ചാരിക്കിടന്ന് സ്വയം കുപ്പിപ്പാലു കുടിക്കുന്നു. “നിന്‍റെ തള്ള എവിടെ?” എന്ന് ചോദിക്കാമെന്നു വച്ചാല്‍ അവനൊരു പിണ്ണാക്കും പറയാനറിയില്ല.

ക്ണീം, ക്ണീം, ക്ണീം...

ഈ എഴു മണിക്ക് എന്തിനാണാവോ അലാം അലറുന്നത്? പുതിയ വല്ല സ്ത്രീജന്മങ്ങളോ ചുടലയക്ഷിയോ ഈ സമയത്ത് ഇറങ്ങുന്നുണ്ടോ?

മണികിലുക്കത്തിന്‍റെ അടിയില്‍ നിന്ന് കിട്ടിയ കുറിപ്പ്: “സന്തോഷേട്ടാ, ഈ വിന്‍ഡോസ് മുഴുവന്‍ ബഗ് ആണ് എന്ന് ഞാന്‍ എപ്പോഴും പറയാറുള്ളതോര്‍ക്കുമല്ലോ. ഇനിയും ഇങ്ങനെ കണ്ടില്ല എന്ന് നടിക്കാന്‍ വയ്യ. എന്നാലാവുന്നതൊക്കെ ഫിക്സ് ചെയ്തിട്ട് ഞാന്‍ ഒരു പത്തു പത്തരയാകുമ്പോള്‍ എത്താം.”

ങേ! ആ പേരും പറഞ്ഞാണല്ലോ എന്നും ഞാന്‍ ആപ്പീസിലേയ്ക്ക് എഴുന്നള്ളുന്നത്. യൂ റ്റൂ...?

എന്തോ പന്തികേടുണ്ടല്ലോ. അതോ ഇതൊക്കെ എന്‍റെ തോന്നലോ? കുന്ത്രാണ്ടമെടുത്ത് കറക്കി നാട്ടിലേയ്ക്ക് ഒന്ന് വിളിക്കാന്‍ തീരുമാനിച്ചു. അങ്ങേത്തലയ്ക്കല്‍ മറ്റേമ്മ!

അതെ, ദീര്‍ഘനാളായി വാര്‍ദ്ധക്യ സഹജമായവയകളെയും പേറി, പരസഹായത്താലല്ലാതെ എഴുന്നേല്‍ക്കാനാവാതെ, കിടപ്പിലായിരുന്ന മറ്റേമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്ന അമ്മേടമ്മ. എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പ് മറ്റേമ്മയുടെ സ്വരം: “അവള് കൊല്ലം-കടയ്ക്കല്‍ റൂട്ടില്‍ മരണപ്പാച്ചില്‍ നടത്തുന്ന ‘ഇളം തെന്നല്‍’ ഇല്ലേ, അതില് ഡ്രൈവറായി പോയിരിക്ക്യാ. വണ്ടി പതുക്കെ ഓടിച്ചു കാണിച്ചിട്ടേ വീട്ടില്‍ കേറൂന്ന് പറഞ്ഞാ പോയത്. നീ വൈയുന്നേരം വിളി.”

“ദാറ്റ് ഡസിന്‍റ് മേക്ക് എനി സെന്‍സ്” എന്ന് രണ്ടും കല്പിച്ച് ഇംഗ്ലീഷില്‍ത്തന്നെ മറ്റേമ്മയ്ക്കിട്ടൊന്നു കാച്ചി.

ഇത്രയുമായപ്പോള്‍ വാതില്‍ക്കല്‍ ഒരു മുട്ട്. ഭാര്യയുടെ തിരിച്ചുവരവാണെന്ന് ശങ്കിച്ച്, വായില്‍ കിടക്കുകയായിരുന്ന ലഡ്ഡു വലിച്ചെറിഞ്ഞ്, കൊളസ്റ്ററോളിന്‍റെ സിദ്ധൌഷധമായ വെളുത്തുള്ളിയെടുത്ത് ചവച്ചു കൊണ്ട് ഓടിച്ചെന്ന് വാതില്‍ തുറന്നു. “മല മറിക്കാന്‍ പോയിട്ടെന്തായി? ഓരോരുത്തര്‍ക്ക് ഓരോന്നു പറഞ്ഞിട്ടുണ്ട്” എന്നു തുടങ്ങി നല്ല നാല് ഡയലോഗ് പറയാമെന്ന സന്തോഷത്തില്‍.

“ഒരെണ്ണമാണല്ലോ ഓര്‍ഡര്‍ ചെയ്തത്. ദാ പിടിക്കൂ” എന്നായി മുന്നില്‍ നില്‍ക്കുന്ന അപരിചിതന്‍. “പോകാന്‍ ധൃതിയുണ്ട്, ഗുഡ് ലക്ക്!” ഞാന്‍ കവര്‍ വെളിച്ചമുള്ളിടത്തേയ്ക്ക് മാറ്റിപ്പിടിച്ചു പൊട്ടിച്ചു.

“നീ കിട്ടണമെന്നു പ്രാര്‍ത്ഥിച്ച ഒരു ക്ലൂ ഞാന്‍ കൊടുത്തയയ്ക്കുകയാണ്. ആവശ്യമെങ്കില്‍ ഇനിയും പ്രാര്‍ത്ഥിക്കാന്‍ മടിക്കുകയോ മറക്കുകയോ ചെയ്യരുത്. ഇന്നത്തെ ക്ലൂ ‘അടയാളം അഥവാ സൈന്‍’ എന്നതാണ്. എന്ന്, സ്വന്തം ദൈവം (ഒപ്പ്).”

ഇതൊക്കെ ഓരോ അടയാളങ്ങളാണ്.

പിന്നെ മറ്റൊന്നുമാലോചിച്ചില്ല. അടയാളമൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ച്, കണ്ണുകള്‍ മുറുകെയടച്ച്, ആദ്യം മനസ്സില്‍ തോന്നിയ ഏഴുവരിക്കും ഏഴക്ഷരത്തിനും പകരം http എന്ന നാലക്ഷരം അഡ്രസ്സ് ബാറിലേയ്ക്ക് പകര്‍ന്നു. ബാക്കിയക്ഷരങ്ങള്‍ സ്വയം തെളിഞ്ഞുവന്ന് എന്നെ ഈ സൈറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ഭുതം!

IIT-യില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ അഞ്ച് പയ്യന്‍സ് ‘പരിത്രാണ’ എന്ന പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കുന്നത്രേ. രാഷ്ട്രീയക്കാര്‍ സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളാത്ത ഇന്നത്തെ സാഹചര്യത്തില്‍ തൃണമൂലത്തില്‍ പ്രവര്‍ത്തിക്കാനാണ് ഇക്കൂട്ടര്‍ രാഷ്ട്രീയത്തിലേയ്ക്ക് മുണ്ടും പറിച്ച് എടുത്തു ചാടുന്നത്. അവര്‍ നമ്മളെപ്പോലെയുള്ള പാവപ്പെട്ടവര്‍ക്കു വേണ്ടി ഉപേക്ഷിക്കുന്നതെന്തൊക്കെയാണെന്നറിയേണ്ടേ? അവരുടെ തന്നെ വാക്കുകളില്‍: “മനോഹരങ്ങളായ ശമ്പള പായ്ക്കേജുകള്‍, കുടുംബ സുഖം, സുഹൃത്തുക്കളുടെ പിന്തുണ...”

കൊള്ളാം, മനോഹരമായിരിക്കുന്നു ഈ പ്രകടനം. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ വന്ന കണക്കനുസ്സരിച്ച് IIT ബോംബേ അഞ്ച് ലക്ഷം രൂപയോളമാണ് ഒരു വിദ്യാര്‍ഥിയുടെ നാലു വര്‍ഷത്തെ പഠനത്തിന് സബ്സിഡിയായി നല്‍കുന്നത്. അതോ, പഠിച്ചു മിടുക്കനായി നമ്മുടെ രാജ്യത്തിനു വേണ്ടി “എന്തെങ്കിലും” ചെയ്യുമെന്ന പ്രതീക്ഷയില്‍. മിടുക്കരില്‍ മിടുക്കരെത്തന്നെ തെരഞ്ഞെടുത്ത് ഇങ്ങനെ ആറ്റുനോറ്റു പഠിപ്പിക്കുന്നത് നൂറുമേനി കൊയ്യാമെന്ന അതിമോഹം കൊണ്ടുകൂടിയാണ്. ഈ രാജ്യത്തിന്‍റെ പ്രതീക്ഷമുഴുവന്‍ നിങ്ങളെപ്പോലുള്ളവരിലായിരിക്കവേ, ഈ ചതി ഭാരതാംബയോടു വേണമായിരുന്നോ?

ഓരോരുത്തര്‍ക്ക് ഓരോന്നു പറഞ്ഞിട്ടില്ലേ? രാഷ്ട്രീയക്കാര്‍ ശരിയല്ലെന്ന് പറഞ്ഞ്, അറിയാത്ത കാര്യത്തിനിറങ്ങിത്തിരിക്കാതെ, ശരിയല്ലാത്ത രാഷ്ട്രീയക്കാരെ നമുക്കെല്ലാം ചേര്‍ന്നങ്ങു ശരിയാക്കിയാല്‍ പോരേ? വേണോ ഇനിയുമഞ്ച് രാജു നാരായണ സ്വാമിമാര്‍?

Labels: ,

5 Comments:

  1. Blogger Cibu C J (സിബു) Wrote:

    സന്തോഷേ... എഴുത്ത്‌ കിടിലനായിട്ടുണ്ട്. പക്ഷെ, എഴുതിയ പോയിന്റിനോട്‌ മാത്രം യോജിപ്പില്ല.

    1) iit ക്കാര്‍ക്ക്‌ 5 ലക്ഷം കൊടുത്തത് തിരിച്ചു കിട്ടാത്തതാണ് സങ്കടമെങ്കില്‍, അവരെക്കൊണ്ട്‌ ആദ്യമേ കരാറെഴുതിക്കേണ്ടതായിരുന്നു. അല്ലാത്ത സ്ഥിതിക്ക്‌ ആ 5 ലക്ഷം ഒരു ഇവെസ്റ്റ്മെന്റാണ്. ചിലത്‌ വിളയും ചിലത്‌ വളയും. മൈക്രോസോഫ്റ്റിന് ഞാനെടുത്ത്‌ 100 ഡോളറെഴുതികോടുത്ത്‌ പിറ്റേദിവസം അത്‌ 50 ആയാല്‍ ആരുടെ പിടിപ്പുകേട്‌.. എന്റേത്‌ മാത്രം. അതിനെ 120 ആക്കാം എന്ന്‌ മൈക്രോസൊഫ്റ്റ് കരാറെഴുതിയിട്ടില്ല; ഒരു മോറല്‍ ഒബ്ലിഗേഷന്‍ പോലും ഇല്ല.

    2) പൊളിറ്റിക്സ് ഏതോ ഒരു അധഃസ്ഥിതന്റെ മാത്രം ജോലിയായി കരുതുന്ന പുതിയ മനുസ്മൃതിയിലാണ് നമ്മളിപ്പോള്‍ മയങ്ങുന്നത്‌. ചില ജോലികള്‍ ചിലര്‍ ചെയ്യേണ്ടതാണ്. ചിലത്‌ എല്ലാവരും കൂടി ചെയ്യേണ്ടതാണ്. രാഷ്ട്രനിര്‍മ്മാണം രണ്ടാമത്തേതില്‍ പെടുന്നു. ഇക്കാലത്ത്‌ രാഷ്ട്രം എന്നത്‌ ഓസിനു കിട്ടുന്ന ഒരു വലിയ ആനുകൂല്യമാണ്. അവരാലോചിക്കണം ലൈബീരിയയും, അഫ്ഗാനിസ്ഥാനും, ഇന്ത്യയും, കാനഡയും തമ്മിലുള്ള വ്യത്യാസം എങ്ങിനെ ഉണ്ടായി എന്ന്‌.

    February 02, 2006 1:45 PM  
  2. Blogger Santhosh Wrote:

    സിബൂ,

    1. അഞ്ച് ലക്ഷം പോയതല്ല പ്രശ്നം. അത് സിബുവിനും അറിയാമല്ലോ. 5 ലക്ഷം 50 ലക്ഷമായി തിരിച്ചടച്ചാലും കാര്യമില്ല. ഇവരുടെ കഴിവിലാണ് നാം നമ്മുടെ ഭാവി പന്തയം വയ്ക്കുന്നത്. ഇവരിലൊരുത്തനോ ഒരുത്തിയോ വിചാരിച്ചാല്‍, പരിശ്രമിച്ചാല്‍, ഒരു പക്ഷേ, ഇന്ത്യയെ ലോകം ഉറ്റു നോക്കുംവിധമാക്കാം. അത് കാര്‍ഷിക രംഗത്താവാം, സാങ്കേതിക രംഗത്താവാം, കെട്ടിട നിര്‍മാണ വിദ്യയിലാവാം, വൈദ്യശാസ്ത്രം, രസതന്ത്രം, ഊര്‍ജ്ജതന്ത്രം, തുടങ്ങി ഏതെങ്കിലും ശാസ്ത്ര രംഗത്താവാം. ഇവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന 'ബ്രേക് ത്രൂ'വിന് വിലയിടാനാവില്ലല്ലോ. അഭിരുചി പരീക്ഷിച്ച് തെരഞ്ഞെടുക്കുന്നത്, ഈ രംഗങ്ങളിലെ റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് കൂടി മുന്നില്‍ക്കണ്ടാണ്.

    2. പൊളിറ്റിക്സ് അധഃസ്ഥിതന്‍റേതാണെന്നല്ല ഞാന്‍ പറഞ്ഞുവന്നത്. ചില ജോലികള്‍ക്ക് ചിലര്‍ “ഓവര്‍ ക്വാളിഫൈഡ്” ആണ് എന്ന് നാം തിരിച്ചറിയണമെന്നേ പറഞ്ഞുള്ളൂ. ഇതിനെ ജോലിയുടെ മഹത്ത്വമില്ലായ്മയായി കരുതാനാവില്ലല്ലോ. ഐ. ഐ. റ്റി. യില്‍ നിന്ന് റോക്കറ്റ് സയന്‍സ് പഠിച്ചിറങ്ങുന്നവന്‍ ഓട വൃത്തിയാക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നല്ല, സ്വന്തം വീടിനുമുന്നിലുള്ള നാറുന്ന ഓടയെപ്പറ്റി സദാ പരാതി പറയുന്നത് നിര്‍ത്തി അത് വൃത്തിയാക്കുക വഴി അവന്‍ നാടിനു മാതൃകയാവുക കൂടിയാണ്. എന്നു കരുതി ഇനി മുതല്‍ താന്‍ “റോക്കറ്റ് സയന്‍സ് ഗവേഷണം” ഉപേക്ഷിച്ച് ഓട വൃത്തിയാക്കല്‍ ജോലിക്കപേക്ഷിക്കുകയാണെന്നയാള്‍ പ്രഖ്യാപിക്കുമ്പോള്‍, നഷ്ടം നമ്മുടേതല്ലേ?

    സസ്നേഹം,
    സന്തോഷ്.

    February 03, 2006 11:47 AM  
  3. Anonymous Anonymous Wrote:

    നല്ല ചര്‍ച്ച.
    നിങ്ങളെപ്പോലുള്ള ശാസ്ത്രജ്ഞര്‍ നാടുവിട്ടിട്ട് നമ്മുടെ നാടിനുണ്ടാക്കിക്കൊടുത്ത ‘ലാഭ’ത്തെക്കുറിച്ചു കൂടി പറയൂ.

    February 03, 2006 8:09 PM  
  4. Blogger കണ്ണൂസ്‌ Wrote:

    കുറഞ്ഞ ചിലവില്‍ നല്‍കുന്ന ഉന്നത വിദ്യഭ്യാസം ഭാരതത്തിന്റെ ഒരു business ആണ്‌. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ brain drain എന്ന സാധ്യത മനസ്സിലാക്കികൊണ്ടു തന്നെ, കയറ്റി അയക്കപ്പെടാന്‍ വേണ്ടി തീര്‍ക്കപ്പെടുന്ന ഒരു commodity ആണ്‌ ഭാരതത്തിലെ വലിയ ഒരു ശതമാനം professionals. അവരില്‍ മിക്കവാറും പേര്‍, തങ്ങളുടെ നിക്ഷേപങ്ങള്‍ മാതൃഭൂമിയില്‍ തന്നെ ആക്കുന്നു എന്നതാണ്‌ ഇതില്‍ നിന്നുള്ള റിട്ടേണ്‍. ഇതുവരെ, ഇതു പാഴായിപ്പോയ ഒരു പരീക്ഷണം ആയിട്ടില്ല എന്നതിന്‌ നമ്മുടെ ഇന്നത്തെ സാമ്പത്തിക സൂചികകള്‍ സാക്ഷി.

    Foreign Investment കൂടുന്തോറും, സബ്‌സിഡികള്‍ കുറയുന്നു എന്നതും ചിന്ത്യം!!

    February 04, 2006 11:54 PM  
  5. Blogger prapra Wrote:

    സന്തോഷ്‌, സിബൂ..
    IIT എന്ന സ്ഥാപനം കൊണ്ടു ഏറ്റവും ഉപകരിച്ച രാഷ്ട്രം എന്ന നിലയ്ക്ക്‌, IIT-യെ അമേരിക്ക എങ്ങനേ കാണുന്നു എന്ന് ഈ വീഡിയോ കണ്ടാല്‍ വ്യക്തമാകും.

    February 15, 2006 7:33 AM  

Post a Comment

<< Home