ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, November 03, 2007

ശുപാര്‍ശക്കത്ത്

സ്നേഹം നിറഞ്ഞ ശ്രീജയ്ക്ക്,

നിന്നെ എനിക്ക് നേരിട്ട് പരിചയമില്ല; നിനക്ക് എന്നെ അറിയാമായിരിക്കും. ഞാന്‍ ജയചന്ദ്രന്‍റെ സുഹൃത്താണ്.

ജയനെ നീ പ്രേമിക്കാത്തതെന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. അതൊന്നു മനസ്സിലാക്കാനാണ് ഈ കത്ത്.

അവന് സൌന്ദര്യമുണ്ട്. ക്ഷണക്കത്തിലെ നായകനും ജയനും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ അവന്‍ നിന്നെക്കാണിച്ചില്ലേ? നീ തന്നെ പറയൂ, ആര്‍ക്കാണ് സൌന്ദര്യം കൂടുതല്‍? ഞങ്ങള്‍ സുന്ദരന്മാരുടെ gang-ല്‍ ഏറ്റവും സൌന്ദര്യമുള്ളവരിലൊരാള്‍ ജയന്‍ തന്നെ.

College day-യ്ക്ക് ജയന്‍ പാടിയ ‘മീനാരത്തോണിയില്‍’ എന്ന ഉദാത്ത പ്രേമഗാനം അവന്‍ തന്നെ സംഗീതസം‌വിധാനം ചെയ്തതാണ്. അത് പാടുമ്പോഴും അതിന്‍റെ ഈണങ്ങള്‍ ഗിറ്റാറില്‍ മീട്ടുമ്പോഴും മനസ്സില്‍ നീയാണ് എന്നാണ് ജയന്‍ പറയാറ്. (ആ പാട്ടെഴുതിയത് ഞാനാണ്, പക്ഷേ അതിനിവിടെ വലിയ പ്രസക്തിയില്ല.)

സത്യം പറഞ്ഞാല്‍,

രജനിതന്‍ മേട്ടിലെ പുല്‍പ്പരപ്പില്‍
രാവേറെച്ചെന്നിട്ടുറങ്ങിടും നാം,
ഈ ഗാന മന്ത്രങ്ങള്‍ ചൊല്ലിടും നാം
ഈറനണിഞ്ഞെത്തും പൈങ്കിളിയേ!

എന്ന വരികള്‍ വീണ്ടും മൂളുമ്പോഴും വല്ലപ്പോഴുമൊക്കെ പാടിക്കേള്‍ക്കുമ്പോഴും ഇപ്പോള്‍ ഞാനും ശ്രീജയെ ഓര്‍ക്കാറുണ്ട്!

അവന് എന്നെപ്പോലെ അനവധി നല്ല സുഹൃത്തുക്കളുണ്ട്. എന്നാലും ഇങ്ങനെയൊരു ശുപാര്‍ശക്കത്തെഴുതാന്‍ ജയന്‍ എന്നെത്തന്നെ ചുമതലപ്പെടുത്തിയത് ഞാനൊരു സാഹിത്യകാരനായതുകൊണ്ടു മാത്രമല്ല, എന്‍റെ കയ്യക്ഷരം അവനേക്കാള്‍ വളരെ ഭേദപ്പെട്ടതാണെന്നതു കൊണ്ടു കൂടിയാണ്.

ജയനെ പ്രേമിക്കാതിരിക്കാന്‍ നീ പറയുന്ന ന്യായങ്ങള്‍ക്ക് ഒട്ടും വിശ്വാസ്യതയില്ല.

എല്ലാവരും പഠനത്തില്‍ ഒന്നാമതായിരിക്കണമെന്ന് ശഠിക്കരുത്. ഉദാഹരണത്തിന്, ജയന്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാമതായാല്‍ നീ എന്തു ചെയ്യും? നീ ഒന്നാം സ്ഥാനത്തു നിന്ന് പിന്തള്ളപ്പെടില്ലേ? ഈ ഞാന്‍ തന്നെ, മിക്ക വിഷയത്തിലും എന്‍റെ ബാച്ചില്‍ ഒന്നാമതാണെങ്കിലും ചില കാര്യങ്ങളില്‍ രണ്ടാമതോ മൂന്നാമതോ ആയിപ്പോവാറുണ്ട്.

വാരാന്ത്യങ്ങളില്‍ ബീയര്‍ നുണയുന്നത് ഇന്നത്തെക്കാലത്ത് മദ്യപാനമായി കണക്കാക്കാന്‍ പറ്റില്ല. രാജീവ്ഗാന്ധി വരെ കുടിക്കുന്നുണ്ടെന്നാണ് എന്‍റെ അറിവ്. ജയന്‍ ഒരിക്കലും ഓവറാക്കാറില്ല എന്ന് എനിക്ക് ഉറപ്പു തരാന്‍ പറ്റും. മദ്യപാനം ശീലമില്ലാത്ത ഞാനാണ് പലപ്പോഴും അവനെ ഹോസ്റ്റലില്‍ തിരിച്ചെത്തിക്കുന്നത്.

ജയന്‍ ധനികകുടുംബത്തില്‍ പിറന്നയാളാണ്. അത് എങ്ങനെയാണ് ഒരു കുറ്റമാവുന്നത്? നീ ഒരു സാധാരണ വീട്ടിലെ കുട്ടിയാണ് എന്ന് ജയന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ചേരേണ്ടവര്‍ ചേര്‍ന്നാലേ ചേര്‍ച്ചയുണ്ടാവൂ എന്നോ മറ്റോ നീ ഇടയ്ക്കിടെ പറയാറുണ്ടെന്നും ജയന്‍ പറയുന്നു. എനിക്കിതേ പറയാനുള്ളൂ: പണമുള്ളവരെയെല്ലാം ഒഴിവാക്കി അനാഥാലയത്തില്‍ നിന്നും കല്യാണം കഴിക്കാനാണോ ഉദ്ദേശിക്കുന്നത്? ഞങ്ങള്‍ ധനവാന്മാരാണെങ്കിലും ആദര്‍ശവാന്മാരാണ്. ഞങ്ങള്‍ പലപ്പോഴും പറയും, ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ കുട്ടിയെ രക്ഷിക്കാനായാല്‍ ഞങ്ങളുടെ ജീവിതം ധന്യമാവുമെന്ന്.

നീയൊരു പട്ടത്തിയും അവന്‍ ഈഴവനുമാണെന്നുള്ള വാദമാണ് എനിക്ക് ഏറ്റവും അവിശ്വസനീയമായി തോന്നിയത്. നിങ്ങള്‍ രണ്ടും മനുഷ്യരല്ലേ? ഞാനൊരു നായരാണെന്ന കാരണം കൊണ്ട്, അവന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍, ഒരു പക്ഷേ, നീ എന്നോടും ഇതു തന്നെ പറയുമായിരുന്നല്ലോ?

പിന്നെ ഒരു രഹസ്യം കൂടി പറയാം. നീ പറഞ്ഞതു കൊണ്ടു മാത്രമാണ് ജയന്‍ കൃഷ്ണകുമാറിനു വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചത്. ഒരു SFI പ്രവര്‍ത്തകനു ചേരുന്ന പണിയായിരുന്നില്ല അത്. ഞാനും എന്‍റെ മറ്റു സുഹൃത്തുക്കളും കൂടി ഉത്സാഹിച്ചു പ്രവര്‍ത്തിച്ചതു കൊണ്ടാണ് ഇന്ന് കൃഷ്ണകുമാര്‍ ചെയര്‍മാനായി നടക്കുന്നത്. ഞാന്‍ പുറമേ SFI-ക്കാരനായി ഭാവിക്കുന്നുണ്ടെങ്കിലും ഉള്ളില്‍ നിന്നെപ്പോലെ ABVP അനുഭാവമുള്ള ആളാണ് (ഇത് ആരോടും പറയരുത്).

ഇതു കൂടി നീ മനസ്സിലാക്കണം. നിന്‍റെ കാമുകനെന്ന് വീമ്പിളക്കി നടക്കുന്ന രഞ്ജിത്തില്ലേ? അവനേക്കാള്‍ നിനക്ക് യോജിച്ച മറ്റാരുമില്ലെന്ന് നീ കരുതുന്നുണ്ടെങ്കില്‍ അത് സത്യമല്ല.

ശ്രീജയില്‍ നിന്നും അനുകൂലമായ ഒരു മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നു. മറുപടി എഴുതുമ്പോള്‍ അക്കാര്യം ജയനോട് പറയേണ്ട. കത്ത് കിട്ടിയ ശേഷം ജയനെ കാണിക്കാനുള്ളതു മാത്രം ഞാന്‍ അവനെ കാണിച്ചുകൊള്ളാം.

ഏറ്റവും സ്നേഹത്തോടെ,
രാജേഷ് പി. കെ.

Labels: ,

22 Comments:

  1. Blogger Sathees Makkoth | Asha Revamma Wrote:

    സന്തോഷ്,
    എത്ര മനോഹരമായ കത്ത്!
    വളരെ രസകരമായിട്ടുണ്ട്.

    November 03, 2007 7:50 PM  
  2. Blogger Umesh::ഉമേഷ് Wrote:

    ഹഹഹ...

    November 03, 2007 8:44 PM  
  3. Blogger ശ്രീ Wrote:

    സന്തോഷേട്ടാ...

    അതു സൂപ്പറായി. കൂട്ടുകാരനായാല്‍‌ ഇങ്ങനെ ആകണം... ഹിഹി.

    November 03, 2007 9:08 PM  
  4. Blogger കുഞ്ഞന്‍ Wrote:

    നല്ല കൂട്ടുകാരന്‍..! പാവം ശ്രീജ..ആരെ ലൈനടിക്കും..! രസകരമായ കത്ത്..!

    November 03, 2007 9:50 PM  
  5. Blogger സുല്‍ |Sul Wrote:

    മറുപടികത്തിലും ഫില്‍റ്റര്‍ വെക്കാനുള്ള പരിപാടിയാണല്ലെ. ഉഗ്രന്‍ കത്ത്.

    -സുല്‍

    November 03, 2007 10:04 PM  
  6. Blogger വേണു venu Wrote:

    ശ്രീജ കൊഴപ്പത്തിലായി. നല്ല കത്തു്.

    November 04, 2007 12:06 AM  
  7. Blogger Jayakeralam Wrote:

    nice writing. regards,
    ...................................
    ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
    http://www.jayakeralam.com

    November 04, 2007 1:02 AM  
  8. Blogger ഫസല്‍ ബിനാലി.. Wrote:

    കൊള്ളാല്ലൊ പരിപാടി

    November 04, 2007 6:58 AM  
  9. Blogger രാജ് Wrote:

    ബാലചാപല്യങ്ങള്‍ എന്ന പേരില്‍ ഒരു സീരീസ് എറക്കണം‌ട്ടോ ;)

    November 04, 2007 8:06 AM  
  10. Blogger Sethunath UN Wrote:

    ന‌ല്ല ബെസ്റ്റ് പ്യാരാ പാര. :)

    November 04, 2007 6:38 PM  
  11. Blogger അനംഗാരി Wrote:

    പാവം ജയന്‍!അവന്റെ കാര്യം കട്ടപൊഹ!

    November 04, 2007 9:33 PM  
  12. Blogger സഹയാത്രികന്‍ Wrote:

    ഹ ഹ ഹ...രാജേഷ് സ്കോര്‍ ചെയ്തൂ.. :)

    November 05, 2007 5:10 AM  
  13. Blogger ധ്വനി | Dhwani Wrote:

    ഹൊഹൊ!!
    ദൈവങ്ങളേ!!
    എന്തൊരു ശുപാര്‍ശ!! കാറ്റു മാറി വീശിയോ ഇതു കഴിഞ്ഞപ്പോ?

    November 05, 2007 6:28 AM  
  14. Blogger ദിലീപ് വിശ്വനാഥ് Wrote:

    നല്ല ആത്മാര്‍ത്ഥതയുള്ള കൂട്ടുകാരന്‍.

    November 05, 2007 1:21 PM  
  15. Blogger മഞ്ജു കല്യാണി Wrote:

    കൂട്ടുകാരനായാല്‍ ഇങ്ങനെ വേണം.നിഷ്കളങ്കമായ സ്നേഹം.

    November 08, 2007 1:30 AM  
  16. Blogger Pramod.KM Wrote:

    രജനിയെ കുറിച്ച് ആണല്ലൊ നിങ്ങളുടെ പാട്ട്. പിന്നെ എങ്ങനെ ശ്രീജ സഹിക്കും:)

    November 08, 2007 8:38 AM  
  17. Blogger ടി.പി.വിനോദ് Wrote:

    പ്രണയപരമായ കാര്യങ്ങളെ സംബന്ധിച്ചും സത്യമെഴുതുന്നത് സാധ്യമാണെന്ന് തോന്നുന്നത് ഇതുപോലത്തെ എഴുത്ത് കാണുമ്പോള്‍ മാത്രമാണ്..സുന്ദരമായി എഴുതിയിരിക്കുന്നു..

    November 09, 2007 12:16 AM  
  18. Blogger Glocalindia Wrote:

    ഇതൊക്കെത്തന്നെയാണ് സത്യം എന്നതാണ് ഏറ്റവും വലിയ പേടി.

    എന്തായാലും നന്നായി.. ഇതാണ് ഹാസ്യം, ശുദ്ധമായ ഹാസ്യം!

    November 09, 2007 10:34 PM  
  19. Blogger പൈങ്ങോടന്‍ Wrote:

    സ്‌നേഹം നിറഞ്ഞ രാജേഷിന്

    എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ ഞാന്‍ താക്കോലിട്ട് കെട്ടി പൂട്ടി വച്ചിരുന്ന ഒരു രഹസ്യം ഞാന്‍ പറയട്ടെ.ഞാന്‍ നമ്മുടെ കോളേജിലെ പൈങ്ങോടനുമായി പ്രണയത്തിലാണ്.ഞങ്ങളുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് അടുത്ത മാസം 27 ആം തിയ്യതി രജിസ്ട്രാപ്പീസില്‍ വെച്ച് ആ ചടങ്ങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സാക്ഷികളായി ഒപ്പിടാന്‍ രാജേഷ് ജയനേയും കൂട്ടി 27 ന് രാവിലെ 10 മണിക്ക് രജിസ്ട്രാപ്പീസില്‍ വരണം.

    എന്ന്
    സ്വന്തം സഹോദരി ശ്രീജ

    November 14, 2007 8:38 AM  
  20. Blogger Santhosh Wrote:

    പൈങ്ങോടാ, ദുഷ്ടാ... :)

    (രാജേഷിനു വേണ്ടി ഈയുള്ളവന്‍)

    November 14, 2007 8:47 AM  
  21. Blogger സു | Su Wrote:

    പേരെന്തിനാ മാറ്റിയിട്ടത്? ;)

    November 17, 2007 5:30 AM  
  22. Blogger deepam Wrote:

    കത്തു കിട്ടി യപ്പോള്‍ വളരെ വൈകിപ്പോയി. ഇനിയെന്ത് പരയാന്‍.ഓര്‍മ്മകളേ താലോലിച്ചു കൊണ്ട് ഞാനിന്നുറങ്ങും.

    October 28, 2008 10:30 AM  

Post a Comment

<< Home