Sunday, October 21, 2007

ലോബികള്‍

വഴക്കും വക്കാണവും നിലവില്ലാത്ത സമയത്തു മാത്രം പറയാന്‍ പറ്റിയ കാര്യമാണ്. ദേവന്‍റെ കുസൃതി പരീക്ഷണം വായിച്ചപ്പോള്‍ ഇപ്പോളാകാമെന്നു കരുതി.

മലയാള ബ്ലോഗുകള്‍ ലോബികളുടെ പിടിയിലാണെന്നാണല്ലോ വയ്പ്. ഓരോ അഭിപ്രായ വ്യത്യാസമുണ്ടാവുമ്പോഴും ലോബിമന്ത്രം ഉയരും. ആര്, ഏതൊക്കെ ലോബിയിലാണെന്ന് കണക്കു വയ്ക്കുക തന്നെ ശ്രമകരം. ഇതു കൊണ്ട് വായനക്കാര്‍ക്കോ എഴുത്തുകാര്‍ക്കോ പ്രയോജനമൊട്ടില്ലതാനും.

മലയാളം ബ്ലോഗെഴുത്തുകാര്‍ക്കിടയില്‍ രണ്ട് ലോബിയേയുള്ളൂ: എഴുതുന്നത് വായിക്കപ്പെടാന്‍ പരസഹായം ആവശ്യമുള്ളവരും ഇല്ലാത്തവരും. എല്ലാ എഴുത്തുകാരും ആദ്യം പറഞ്ഞ ലോബിയില്‍ അംഗങ്ങളായാണ് തുടങ്ങുന്നത്. ചിലര്‍ രണ്ടാം ലോബിയിലേയ്ക്ക് പോകുന്നു, ചിലര്‍ ആദ്യലോബിയില്‍ തന്നെ തുടരുന്നു.

ദേവന്‍റെ പരീക്ഷണം മൂലം ഈ ലോബിമാറ്റത്തിനെടുക്കുന്ന സമയം കണക്കാക്കാം, അത്രമാത്രം.

അധികമാളുകളാല്‍ വായിക്കപ്പെടാന്‍ എളുപ്പവഴിയൊന്നുമില്ല. നന്നായി എഴുതുകയേ മാര്‍ഗ്ഗമുള്ളൂ. ഏതു ബ്ലോഗും ആരും ഒരിക്കല്‍ വന്നു വായിച്ചു പോകാവുന്നതേയുള്ളൂ. മറ്റു വ്യവസായങ്ങളിലെന്നപോലെ വീണ്ടും വരുന്ന ഉപയോക്താക്കളാണ് (റിപീറ്റ് കസ്റ്റമേഴ്സ്) ബ്ലോഗിന്‍റെയും ജീവനാഡി. വീണ്ടും വന്നു വായിക്കുന്ന രീതിയില്‍ ബ്ലോഗൊരുക്കാന്‍ ലോബിയില്‍ ചേര്‍ന്നിട്ടോ, “ഞാന്‍ വീണ്ടും എഴുതിയേ” എന്ന് പരക്കെ ഈ-മെയില്‍ അയച്ചിട്ടോ, ചാനലുകളില്‍ പരസ്യം നല്‍കിയിട്ടോ കാര്യമില്ല. വായനയോഗ്യമായ എഴുത്തുതന്നെ ശരണം. (വായിക്കപ്പെടാതിരിക്കലും ശ്രദ്ധിക്കപ്പെടാതിരിക്കലും രണ്ടാണ് എന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ.)

വീണ്ടും വന്നു വായിക്കാതിരിക്കാന്‍ എഴുത്തുകാരന്‍ അധികം കഷ്ടപ്പെടേണ്ട കാര്യമില്ല. താഴെപ്പറയുന്നവയില്‍ നിങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച് ഏതെങ്കിലും മാര്‍ഗ്ഗം തിരഞ്ഞെടുത്താല്‍ മതി.

൧. കാണുമ്പോള്‍ ‘അയ്യേ!’ എന്നു തോന്നിപ്പിക്കുന്ന ഒരു പേര് ബ്ലോഗിന് ഉപയോഗിക്കുക. (ഉദാ: ‘ഒന്നു പോടേ’, ‘എന്നതാ അവിടത്തെ വിശേഷം?’, ‘പറയാന്‍ മനസ്സില്ല’ തുടങ്ങിയവ. ഉദാഹരണങ്ങള്‍ പറയുന്നത് ആരും അവഹേളനമായി കരുതരുത്. ബ്ലോഗിന്‍റെ പേര് ചാരുതയാര്‍ന്നതല്ലെങ്കിലും വളരെ നന്നായി എഴുതുന്ന ഒട്ടനവധി ബ്ലോഗര്‍മാര്‍ ഉണ്ടെന്നത് മറക്കുന്നില്ല.)

൨. ആദ്യപോസ്റ്റുതന്നെ വായനക്കാരെ ആട്ടിയോടിക്കും വിധം തയ്യാറാക്കുക. ‘മലയാളം എഴുതാന്‍ പഠിച്ചു, എന്നാപ്പിന്നെ അറിയാവുന്ന തെറിയൊക്കെ ഒന്നൊന്നായി എഴുതാം. നീയാരാടാ ചോദിക്കാന്‍?’ എന്നു തുടങ്ങിയാല്‍ വളരെ നല്ലത്.

൩. ഓരോ വാചകത്തിലും കുറഞ്ഞത് മൂന്ന് വാക്കുകളെങ്കിലും തെറ്റായെഴുതുക. മലയാളത്തില്‍ റ്റൈപ്പ് ചെയ്യാന്‍ പഠിച്ചു വരുമ്പോള്‍ ‘കൃതി’യെ ‘ക്രതി’യാക്കുന്ന തെറ്റല്ല ഉദ്ദേശിക്കുന്നത്. ‘അവളുടെ പ്രഷ്ട ഫാഗത്ത് നോക്കിയതും എന്‍റെ ജിവന്‍ പേയി’ എന്ന തരം.

൪. മറ്റുള്ള ബ്ലോഗര്‍മാരുടെ കൃതികള്‍ അപ്പടി അടിച്ചു മാറ്റി എഴുത്താരംഭിക്കുക. ഏറ്റവും അവസാനത്തെ ഉദാഹരണം ഇവിടെ.

൫. വിവാദമുണ്ടാക്കുന്ന പോസ്റ്റുകള്‍ (മതവും രാഷ്ട്രീയവും അത്യുത്തമം) മതിയായ തെളിവും റെഫറന്‍സുകളുമില്ലാതെ എഴുതിവിടുക. (ഇങ്ങനെയുള്ള പോസ്റ്റുകള്‍ക്ക് വായനക്കാര്‍ കുറയും എന്നാണ് സാമാന്യബുദ്ധി പറയുന്നതെങ്കിലും അങ്ങനെയല്ല എന്നതിനും തെളിവുകള്‍ ബൂലോഗത്തു കാണാം.)

മനോഹരമായി എഴുതിയിട്ടും ശ്രദ്ധിക്കപ്പെടുന്നില്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് ദുര്യോധനന്‍ ഇവിടെ പറഞ്ഞിട്ടുള്ളതിനാല്‍ ഇനിയും വിശദീകരിക്കുന്നില്ല. ഇല്ലാത്ത ലോബികള്‍ക്കു പിന്നാലെ നടക്കാതെ നല്ല പോസ്റ്റുകള്‍ എഴുതി പ്രസിദ്ധീകരിച്ചാല്‍ അത് ഞാനുള്‍പ്പെടുന്ന വായനക്കാര്‍ക്ക് നിങ്ങള്‍ ചെയ്യുന്ന വലിയൊരു സേവനമായിരിക്കും.

6 പ്രതികരണങ്ങൾ:

 1. Glocalindia

  ‘അവളുടെ പ്രഷ്ട ഫാഗത്ത് നോക്കിയതും എന്‍റെ ജിവന്‍ പേയി’... ഇങ്ങനത്തെ പോസ്റ്റുകളാണ് ഞാന്‍ പ്രധാനമായും തെരഞ്ഞെ വായിക്കുന്നത്. :)

 2. സനാതനന്‍

  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആളായിരുന്നോ.അവരാണ് കളിയിലൂടെ പഠനം എന്ന തത്വത്തിന്റെ പ്രയോക്താക്കള്‍ :)(

 3. പ്രയാസി

  ൨. ആദ്യപോസ്റ്റുതന്നെ വായനക്കാരെ ആട്ടിയോടിക്കും വിധം തയ്യാറാക്കുക. ‘മലയാളം എഴുതാന്‍ പഠിച്ചു, എന്നാപ്പിന്നെ അറിയാവുന്ന തെറിയൊക്കെ ഒന്നൊന്നായി എഴുതാം. നീയാരാടാ ചോദിക്കാന്‍?’ എന്നു തുടങ്ങിയാല്‍ വളരെ നല്ലത്.

  അപ്പ തീര്‍ച്ചയായും കിട്ടും..!

 4. മുരളി മേനോന്‍ (Murali Menon)

  ഇസ്മൈല്‍ എന്റെ വക

 5. ദേവന്‍

  ഹഹ സന്തോഷേ.
  ലോബി ലോബി എന്ന് ആളുകള്‍ പറഞ്ഞ്‌ ഇപ്പ ലോബിഫോബിയ ആയെന്നേ. പരിചയമുള്ളവര്‍, ഒന്നിച്ചിരുന്നു ഭക്ഷണവും ഉന്മാദവും നടത്തിയവര്‍, നാട്ടുകാര്‍, വല്ലപ്പോഴും മെയില്‍ അയക്കുന്നവര്‍, ഒപ്പം ജോലി ചെയ്തിരുന്നവര്‍ തുടങ്ങിയവരുടെ ബ്ലോഗില്‍ ഇപ്പോ കമന്റേ ഇടാന്‍ പറ്റുന്നില്ല. എന്തെങ്കിലും പോസ്റ്റ്‌ വായിച്ചേച്ച്‌ കമന്റടിക്കാന്‍ തുടങ്ങുമ്പോള്‍ "ഫഗവാനേ ഇത്‌ എനിക്കു പക്ഷപാതമുള്ളതുകൊണ്ടാണോ എഴുതാന്‍ തോന്നിയത്‌" എന്ന് ശംശയം തുടങ്ങും.

 6. ആഷ | Asha

  ഈ പോസ്റ്റ് വായിച്ച ശേഷം ദേവേട്ടന്റെ കമന്റു വായിച്ചു ഞാന്‍ ചിരിച്ചു പോയി.
  അതേ മാനസികാവസ്ഥ എനിക്കും വന്നിട്ടുണ്ട്.
  വായിച്ചിട്ടും ഇവിടെ കമന്റിടാതെ പോയിട്ടും ഉണ്ട്. :)