Tuesday, October 09, 2007

മരണവീട്ടില്‍

എന്തൊരുത്സാഹമായിരുന്നന്നവര്‍-
ക്കെന്‍റെയച്ഛനെപ്പട്ടില്‍ പൊതിയുവാന്‍,
ആളൊഴിഞ്ഞിടും നേരം വരെയും നി-
ന്നാരവത്തൊടും കണ്ണീരൊഴുക്കുവാന്‍.

ഏങ്ങിയേങ്ങിക്കരഞ്ഞു കൊണ്ടങ്ങനെ-
യേറെയുള്ളപദാനങ്ങളോതുവാന്‍,
എണ്ണിയേറെയും നേടിയ കൈകളാ-
ലന്ത്യമായിറ്റു വെള്ളം കൊടുക്കുവാന്‍.
ശക്തിയറ്റു കിടക്കുമെന്നച്ഛനെ
ശക്തിയോടെയെടുത്തു നടക്കുവാന്‍,
പിന്നെച്ചിട്ടയില്‍ തീര്‍ത്ത ചിതയിലേ-
യ്ക്കന്നനുത്തൊരാ ദേഹത്തെ വയ്ക്കുവാന്‍.

അന്തിമേഘത്തെച്ചുംബിക്കാനെന്നോണം
ബന്ധനാന്തകരായൊരാ ജ്വാലകള്‍,
അന്തരീക്ഷത്തെയാകെച്ചുവപ്പാക്കി
ചന്തമോടെയുലഞ്ഞാടിടുന്നേരം
എന്തൊരാനന്ദമായിരുന്നന്നവര്‍-
ക്കന്തമില്ലാതലറിച്ചിരിക്കുവാന്‍!
ഉമ്മറത്തു മുറുക്കിയൊലിപ്പിക്കാ-
നുണ്ടൊരേമ്പക്കമുണ്ടെന്നു കാണിക്കാന്‍.

എന്തൊരുത്സാഹമായിരുന്നന്നവര്‍-
ക്കെന്‍റെയച്ഛനെപ്പട്ടില്‍ പൊതിയുവാന്‍
ആളൊഴിഞ്ഞിടും നേരം വരെയും നി-
ന്നാരവത്തൊടും കണ്ണീരൊഴുക്കുവാന്‍.

8 പ്രതികരണങ്ങൾ:

 1. ഹരിത്

  കൊള്ളാം. നന്നായി. ഒരിക്കലും പുതുമ തീരാത്ത വിഷയമാണു കാപട്യം.

 2. Umesh::ഉമേഷ്

  നല്ല കവിത. പക്ഷേ, ആശയത്തിനു പുതുമയില്ല. കടമ്മനിട്ട “ചാക്കാല”യില്‍ ഇതു വളരെ ഭംഗിയായി പറഞ്ഞിട്ടുണ്ടു്.

 3. സു | Su

  നന്നായിട്ടുണ്ട്.

  നാത്തൂനോടൊത്ത് കരഞ്ഞേര്
  നഷ്ടം വരാനതിലൊന്നുമില്ല
  ചിത കത്തിത്തീരും വരേക്കു നമ്മള്‍
  ചിതമായ് പെരുമാറാം ദോഷമില്ല
  - കടമ്മനിട്ട.

 4. സന്തോഷ്

  ഇതാണ് പുസ്തകം കയ്യിലുണ്ടായാല്‍ പോരാ, വായിക്കണം, വായിച്ചത് ഓര്‍ത്തിരിക്കണം എന്ന് പറയുന്നത്:)

  വെറ്റില തിന്നു മുറുക്കിത്തുപ്പി
  കൂട്ടത്തില്‍ കൂടേണം നന്മ ചൊല്ലാന്‍
  -ചാക്കാല

  എന്നാലും ഞാന്‍ എന്നെ ന്യായീകരിക്കണമല്ലോ:)
  കാപട്യത്തോടെയെങ്കിലും ഉപചാരപൂര്‍വ്വം പെരുമാറണമെന്നല്ലേ ‘ചാക്കാല’ പറയുന്നത്? അല്പവും ഔചിത്യമില്ലാത്ത പെരുമാറ്റമാണ് ‘മരണവീട്ടി’ലേത്.

  വായിച്ചവര്‍ക്കു നന്ദി.

 5. രാവുണ്ണി

  മരണവീടുകളിലെ പെരുമാറ്റം മിക്കപ്പോഴും തീര്‍ത്തും അനൌചിത്യപൂര്‍വമാണെന്നത് ശരിതന്നെ, പ്രത്യേകിച്ചും നായന്‍മാര്‍ക്കിടയില്‍. “മരണം നമ്മളൊരു അനുഷ്ഠാനകലയാക്കിയിരിക്കുകയാണെ“ന്ന് എം. ടി. പറഞ്ഞത് വെറുതെയല്ല. വീഡിയൊ എടുപ്പും മറ്റുമായി ക്രിസ്ത്യന്‍ കുടുംബങ്ങളും മരണത്തെ കൊഞ്ഞനം കുത്തുന്നു.

  ജീവിതത്തിന്റെ മധുരം ഏറെ നേരം വേണ്ടെന്നുവെയ്ക്കാന്‍ ഒരുക്കമില്ലാത്തവര്‍ മരിച്ചവരുടെ സാന്നിദ്ധ്യത്തെ തങ്ങള്‍ക്കിടയില്‍ നിന്ന് ഉത്സാഹപൂര്‍വം ചവിട്ടിത്തള്ളുന്ന സന്ദര്‍ഭങ്ങള്‍ “ഒരു വഴിയും കുറെ നിഴലുകളും” “ബുഡെന്‍ബ്രൂക്സ്” എന്നീ നോവലുകളില്‍ കണ്ടതോര്‍ക്കുന്നു.

  സന്തോഷ്, “മരണവീട്ടില്‍” എന്നതിനേക്കാള്‍ യോജിച്ചൊരു പേരിട്ടുകൂടേ?

 6. സന്തോഷ്

  രാവുണ്ണീ, ഈ അനൌചിത്യം എടുത്തു കാട്ടുകയായിരുന്നു ലക്ഷ്യം.

  ‘മരണവീട്ടില്‍’ എന്നതിനേക്കാള്‍ യോജിച്ച പേര്: എന്താണ് താങ്കളുടെ മനസ്സിലുള്ളത്? :)

 7. രാവുണ്ണി

  അങ്ങനെ ഒരു പേരു മനസ്സിലുണ്ടായിട്ടല്ല:) ഇതിലെ പശ്ചാത്തലം അങ്ങനെ ഒരു മരണമോ ഏതെങ്കിലും ഒരു മരണവീടോ അല്ല. കവി ഇവിടെ ഒരു നിരീക്ഷകന്‍ മാത്രവുമല്ല. വകതിരിവില്ലാത്ത പെരുമാറ്റങ്ങളും രീതികളും അമര്‍ഷം ജനിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും വൈയക്തികമായ മറ്റൊരു തലത്തില്‍ കൂടിയാണ്, ഒരു പക്ഷേ കൂടുതലും അങ്ങനെയാണ്. അങ്ങനെ വരുമ്പോള്‍ “മരണവീട്ടില്‍“ എന്നൊരു സാമാന്യസ്വഭാവമുള്ള ശീര്‍ഷകം ഉള്ളടക്കത്തെ വേണ്ട രീതിയില്‍ പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്നൊരു ശങ്ക.

 8. Raji Chandrasekhar

  കവിത വായിച്ചു. ആശയത്തിനു പുതുമ വേണമെന്നില്ല. അവതരിപ്പിക്കുന്ന രീതിയാണ് പ്രധാനം. പിന്നെ ശീര്‍ഷകം...