ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, November 01, 2007

റൂമര്‍ മില്‍

വ്യക്തികളേയും സ്ഥാപനങ്ങളേയും ഉല്പന്നങ്ങളേയും ചുറ്റിപ്പറ്റിയുള്ള സ്ഥിരീകരിക്കാനാവാത്ത വാര്‍ത്തകള്‍ (റൂമറുകള്‍) പത്രങ്ങളിലും, വാരികകളിലും, വെബ് സൈറ്റുകളിലും മറ്റും ദിവസേന പ്രത്യക്ഷപ്പെടാറുണ്ടല്ലോ. റ്റെക്നോളജി കമ്പനികളേയും അതിന്‍റെ സാരഥികളേയും അവരുണ്ടാക്കുന്ന സോഫ്റ്റ്‍വെയറുകളേയും പറ്റി പുറത്തുവരുന്ന ഇത്തരം വാര്‍ത്തകള്‍ക്കും പഞ്ഞമില്ല.

മൈക്രോസോഫ്റ്റുമായി ബന്ധപ്പെട്ട വിശസനീയമായ റൂമറുകള്‍ ഉണ്ടാക്കുവാനും അതുവഴി മറ്റുജീവനക്കാരെ വിസ്മയിപ്പിക്കുവാനും, ചിരിപ്പിക്കുവാനുമായി ജീവനക്കാര്‍ക്കു മാത്രം ഉപയോഗിക്കാനുതകുന്ന സൈറ്റാണ് എം എസ് റൂമര്‍. ഒരു സോഷ്യല്‍ കമ്പ്യൂട്ടിംഗ് പരീക്ഷണം എന്ന നിലയ്ക്കാണ് ഈ സൈറ്റ് നിലകൊള്ളുന്നതെങ്കിലും, നമുക്ക് അജ്ഞാതരായി തുടര്‍ന്നുകൊണ്ടുതന്നെ, മാനേയ്ജരറിയാതെ, സമയം കൊല്ലാനുള്ള ഉപാധിയായാണ് ഈ സൈറ്റ് അറിയപ്പെടുന്നത്.
(ഈ സൈറ്റ് നിര്‍മ്മിച്ച അതേ ആള്‍ തന്നെയാണ്, പ്രവര്‍ത്തനത്തില്‍ സമാനമായ റൂമര്‍ സിറ്റി എന്ന സൈറ്റും ഉണ്ടാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ പറയട്ടെ, ഫ്രീസെല്‍ എന്ന കമ്പ്യൂട്ടര്‍ ഗെയ്മും എഴുതിയുണ്ടാക്കിയത് ഇദ്ദേഹം തന്നെ.)

മലയാളം ബ്ലോഗര്‍മാര്‍ക്കും ഒരു റൂമര്‍ മില്‍ സൈറ്റ് അത്യാവശ്യമാണ് എന്ന തോന്നല്‍ തുടങ്ങിയിട്ട് അഞ്ചാറുമാസമാകുന്നു. രണ്ടാണ് ഉപയോഗം: സ്ഥിരീകരിക്കാനാവാത്ത വാര്‍ത്തകള്‍ സ്ഥിരീകരിക്കാം, അല്ലെങ്കില്‍ അത് തെറ്റാണെന്ന് പറഞ്ഞ് തള്ളിക്കളയാം.

പിന്നീടാണ് മനസ്സിലായത്, റൂമറിനു വേണ്ടി മലയാളികള്‍ക്ക് മറ്റു സൈറ്റുകള്‍ ആവശ്യമില്ല എന്ന്. സ്വന്തം പേജുകളില്‍ തെളിവോ റഫറന്‍സുകളോ ഇല്ലാതെ ആധികാരികമായി എഴുതിക്കൂട്ടുന്ന കാര്യങ്ങള്‍ കണ്ട് അതിശയിച്ചു നില്‍ക്കാനേ കഴിയുന്നുള്ളൂ. നിനക്കെന്തു ചേതം, സ്വന്തം ബ്ലോഗില്‍ ആര്‍ക്കും എന്തും എഴുതിക്കൂട്ടാമല്ലോ എന്നു ചിന്തിക്കാം. എന്നാല്‍ അത് നാമോരോരുത്തരുടേയും സാമൂഹികമായ കടമ വിസ്മരിക്കുന്നതിന് തുല്യമാവും. നാളെയൊരുനാള്‍ മലയാളത്തില്‍ സേര്‍ചു ചെയ്യുന്ന ഭാഗ്യഹീനര്‍ ഈ ‘ആധികാരിക’ ലേഖനങ്ങളെ അവലംബിച്ച് പുതിയ ഗവേഷണ ഗ്രന്ഥങ്ങള്‍ പുറത്തിറക്കില്ല എന്ന് ആരു കണ്ടു?

ഞാന്‍ കാണുന്ന തെറ്റുകള്‍ മൂന്നു വിധത്തിലുള്ളവയാണ്. ഇവ മൂന്നും ഓരോ ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാം.

൧. നിഷ്പക്ഷതയുടെ പേരു പറഞ്ഞ് തികച്ചും പക്ഷപാതപരമായ ലേഖനങ്ങള്‍ എഴുതുക.

അധ്യാപകരെ എനിക്ക് ബഹുമാനമാണ്. ഒട്ടനവധി എണ്ണം പറഞ്ഞ അധ്യാപകര്‍ എനിക്കുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ അവര്‍ തെറ്റുവരുത്തുന്നത് എനിക്ക് അംഗീകരിക്കാവുന്നതിലുമധികമാണ്. അറിയാതെ വരുത്തുന്ന തെറ്റുകള്‍ ആര്‍ക്കുമുണ്ടാവാം. എന്നാല്‍ അലസതമൂലമുണ്ടാവുന്ന തെറ്റുകളാവട്ടെ ഒഴിവാക്കപ്പെടേണ്ടുന്നതാണ്. അധ്യാപകന്‍ അലസതമൂലമോ സമയലാഭത്തിനു വേണ്ടിയോ ഇല്ലാത്ത വസ്തുതകള്‍ സ്വയം മെനഞ്ഞെടുത്താലെങ്ങനെയിരിക്കും?

ശ്രീ. വി. കെ. ആദര്‍ശിന്‍റെ ലേഖനങ്ങള്‍ മിക്കവയും കുറ്റമറ്റതാണ്. ലളിതമായ അവതരണ ശൈലിയിലൂടെ സാധാരണക്കാര്‍ക്ക് ദുര്‍ഗ്രഹമായ സാങ്കേതിക ജ്ഞാനം പകര്‍ന്നു നല്‍കുന്നതില്‍ അദ്ദേഹത്തിന്‍റെ മിക്ക ലേഖനങ്ങളും വിജയിച്ചു എന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്‍റെ സ്വതന്ത്ര സോഫ്‌ട്‌വെയറും മാറുന്ന വായനയുടെ അകംപൊരുളും എന്ന ലേഖനത്തില്‍, സ്വതന്ത്ര സോഫ്‌റ്റ്‍വെയറിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ മറവിയാലോ അമിതാവേശത്താലോ സംഭവിച്ച ഒന്നുരണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.

ശ്രീ ആദര്‍ശ് പറയുന്നു:
സ്വതന്ത്രസോഫ്‌ട്‌വെയര്‍ സാങ്കേതികപരമായും മികച്ചതാണ്‌. ലഭ്യമായ ഹാര്‍ഡ്‍വെയര്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്താനും, വൈറസ്‌ തുടങ്ങിയ സാങ്കേതിക കടന്നുകയറ്റത്തെ ശക്തമായി ചെറുത്തു നിര്‍ത്തുന്ന രീതിയില്‍ രൂപകല്‌പന നടത്താനും സാധിക്കുന്നു.

പകര്‍പ്പവകാശം ലംഘിച്ച്‌ ഉത്‌പന്നങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ആരുടെയും അനുവാദമില്ലാതെ ഇലക്‌ട്രോണിക്‌ സര്‍ച്ചിംഗ് നടത്താനും വിന്‍ഡോസ് പോലെയുള്ള ഓപ്പറേറ്റിംഗ്‌ സിസ്റ്റം 'പൈറസി പോലീസിനെ' അനുവദിക്കുന്നുണ്ട്‌.

ഇപ്പറഞ്ഞതിനൊന്നും തെളിവ് വയ്ക്കാന്‍ ശ്രീ. ആദര്‍ശ്‍ ശ്രമിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ആദ്യവാദത്തിന് അനുകൂലമായും എതിരായും ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ വിധി പ്രഖ്യാപിക്കും പോലെയുള്ള ആ വാചകങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുന്നത് അപകടം തന്നെ. അദ്ദേഹം പറ്റയുന്ന രണ്ടാമത്തെ വാദത്തില്‍ സത്യമൊട്ടില്ല താനും.

സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രചരിക്കപ്പെടുന്നതിനോടോ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനോടോ എനിക്ക് വിരോധമേതുമില്ല. എന്നാല്‍ അത്, സ്വതന്ത്രസോഫ്റ്റ്‍വെയറിന്‍റെ മേന്മകള്‍ (പോരായ്മകളുണ്ടെങ്കില്‍ അതും) വസ്തുനിഷ്ഠമായി പറഞ്ഞുകൊണ്ടായാല്‍ നന്ന്. കുറഞ്ഞ പക്ഷം, പണം കൊടുത്തു വാങ്ങുന്ന സോഫ്റ്റ്‍വെയറിനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാവരുത്. ഇനി അതല്ല, താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങളുടെ അപദാനങ്ങള്‍ പാടിയേ മതിയാവൂ എങ്കില്‍ ‘നിഷ്പക്ഷത’യുടെ മുഖം മൂടിയില്ലാതെ ‘ഞാന്‍ സ്വതന്ത്രസോഫ്‌ട്‌വെയറിന്‍റെ ആളാണ്’ എന്ന് പറയാനുള്ള ആര്‍ജ്ജവമുണ്ടാവണം.

൨. ആധികാരിതയുടെ അംശം അല്പം പോലും ഇല്ലാത്ത, തനിക്കറിയാത്ത വിഷയത്തെപ്പറ്റി ആധികാരിക ലേഖനങ്ങള്‍ എഴുതുക

ഒരു കര്‍ഷകന്‍ എന്ന നിലയില്‍ ശ്രീ. ചന്ദ്രശേഖരന്‍ നായരുടെ ബ്ലോഗുലോകത്തെ സംഭാവനകള്‍ ഗണ്യമാണ്. സാങ്കേതികതയുടെ വാതിലുകള്‍ തള്ളിത്തുറക്കാനും പുതിയവ പരീക്ഷിക്കാനുമുള്ള അദ്ദേഹത്തിന്‍റെ ഉത്സാഹം അനുകരണീയവും മാതൃകാപരവുമാണ്. എന്നാല്‍ കാര്‍ഷികേതര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്‍റെ ചില ലേഖനങ്ങള്‍ യാഥാര്‍ഥ്യത്തോട് അല്പം പോലും നീതി പുലര്‍ത്തുന്നില്ല എന്നതാണ് ഖേദകരമായ സത്യം. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ‘എനിക്കറിയില്ലായിരുന്നു’ എന്ന് പറയുന്നത് ഭൂഷണമാണെന്ന് തോന്നുന്നില്ല. തെറ്റ് ആരും ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ തിരുത്തപ്പെടാതെ കിടക്കും എന്നത് ഭാവിതലമുറയ്ക്ക് ദോഷകരം തന്നെ.

൩. ആനുകാലികങ്ങളില്‍ ബ്ലോഗു സംബന്ധിയായ പക്ഷപാത ലേഖനങ്ങള്‍ എഴുതുക

തല്ലാനാണെങ്കിലും തലോടാനാണെങ്കിലും ഈ അടുത്ത കാലത്തായി അച്ചടിമാധ്യമങ്ങള്‍ വീണ്ടും ബ്ലോഗുകള്‍ക്കു പിന്നാലെ ആണല്ലോ. ‘യൂസര്‍ ജനറേയ്റ്റഡ് കണ്ടെന്‍റ്’ അവര്‍ക്കിപ്പോള്‍ പ്രിയപ്പെട്ടതാണ്. ചുമ്മാ ഒരു നാളില്‍, ദാ, ബ്ലോഗില്‍ നിന്നൊരു കഥ, ബ്ലോഗില്‍ നിന്നൊരു ലേഖനം എന്നൊക്കെ പറഞ്ഞ് വായനക്കാരെ ഞെട്ടിപ്പിക്കുന്നതിനു പകരം അവര്‍ ‘ഇതാണു മക്കളേ ബ്ലോഗ്’ എന്ന തുടക്കമിട്ടു വച്ചാല്‍ അത്രയും എളുപ്പമായല്ലോ. ഇനി എന്നെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബ്ലോഗില്‍ നിന്നെടുത്ത് തകര്‍ക്കുകയും ചെയ്യാം.

ഇങ്ങനെ ബ്ലോഗിനെപ്പറ്റി എഴുതാനും വേണ്ടേ ഒരാള്? അയാളുടെ സത്യം മൂടി വയ്ക്കലിനെപ്പറ്റിയാണ് എന്‍റെ മൂന്നാമത്തെ ആശങ്ക. ഇതാണ് തിരുത്തപ്പെടാന്‍ ഏറ്റവും പ്രയാസമുള്ളതും.

ഉദാഹരണമായി, ഞാന്‍ ഏതെങ്കിലും ഒരു അച്ചടി മാധ്യമത്തില്‍ ബ്ലോഗിനെപ്പറ്റി നാലുവാക്കെഴുതുന്നു എന്നു കരുതുക (അങ്ങനെ വരാന്‍ വഴിയില്ല, എന്നാലും ഒന്നു സങ്കല്പിക്കൂ). മലയാളത്തിലെ ഏറ്റവും വായനക്കാരുള്ള ബ്ലോഗ് പ്രാപ്രയുടേതാണെന്ന് ഞാന്‍ പറഞ്ഞു വയ്ക്കുന്നു. പിന്നെ എനിക്ക് പ്രിയപ്പെട്ട ചില ബ്ലോഗുകളായ പ്രമാദം, വെള്ളെഴുത്ത്, കല്ലുപെന്‍സില്‍ എന്നിവ കഴിഞ്ഞേ മലയാളത്തില്‍ മറ്റു ബ്ലോഗുകളുള്ളൂ എന്നും ഞാന്‍ പറയുന്നു. കാര്യം കൊള്ളാം, എന്‍റെ സ്വന്തം അഭിപ്രായമാണല്ലോ. എന്നാല്‍ ഇതു വായിച്ചു ബ്ലോഗിലേയ്ക്കു വരുന്ന ആദ്യവായനക്കാര്‍ക്ക് ബ്ലോഗിനെപ്പറ്റിയുള്ള ഒരു യഥാര്‍ഥ ചിത്രമാണ് നഷ്ടപ്പെടുന്നത്. വിശാലന്‍, കുറുമാന്‍, അരവിന്ദ്, ദേവന്‍, സിമി, പെരിങ്ങോടന്‍, സു, ലാപുട, ഉമേഷ്, ബെര്‍ളി, റാല്‍മിനോവ്, രാം‍മോഹന്‍ എന്നിവരെ വിസ്മരിക്കുന്നത് സത്യം അറിയാമായിരുന്നിട്ടും മൂടി വയ്ക്കുന്നതിനു തുല്യമാണ്. (ഒരു ലിസ്റ്റും ഒരിക്കലും പൂര്‍ണ്ണമാവില്ലെന്നും സ്വീകാര്യമായ ഒരു മധ്യമാര്‍ഗ്ഗമാണ് നല്ലതെന്നും അറിയാഞ്ഞിട്ടല്ല. ആ മധ്യമാര്‍ഗ്ഗം കുറച്ചെങ്കിലും സ്വീകാര്യമാവണം എന്ന് പറയുകയാണ്). ഇവിടെയാണ് ശ്രീ എസ്. കലേഷ് ജനപഥത്തില്‍ പ്രസിദ്ധീകരിച്ച ഇനി നമുക്ക് ബൂലോഗത്തില്‍ ജീവിക്കാം പരാജയപ്പെടുന്നത്. (അവിടെ ഏവൂരാന്‍റേതായി വന്ന കമന്‍റാണ് ഈ ലേഖനത്തിനാധാരം.)

റൂമര്‍ കില്‍:
൧. മലയാളത്തില്‍ മൈക്രോസോഫ്റ്റിനെതിരെ ഏതെങ്കിലും ലേഖനങ്ങള്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുള്ളതായി എനിക്കറിവില്ല. അങ്ങനെ ഒരു നീക്കം, ബാധ്യതയും ഉത്തരവാദിത്തവും ചിട്ടകളുമുള്ള വന്‍ കമ്പനികള്‍ക്കിടയില്‍ സാധാരണമല്ല.
൨. യാഹൂ പ്രശ്നത്തില്‍ മൈക്രോസോഫ്റ്റ് എന്നെ താക്കീതു ചെയ്തിട്ടില്ല. ഒരു പ്രശ്നത്തിലും മൈക്രോസോഫ്റ്റ് എന്നെ താക്കീതു ചെയ്തിട്ടില്ല. എന്‍റെ ജോലി/ജീവിത സമതുലനം (work/life balance) എന്‍റെ സ്വന്തമാണ്, അത് മൈക്രോസോഫ്റ്റിന്‍റെ പിടിയിലല്ല.
൩. ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിനോ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിനോ എതിരല്ല. അനുകൂലിക്കാത്തവരെല്ലാം എതിര്‍ക്കുന്നവരാണെന്ന് കരുതുന്നത് മൌഢ്യമാണ്.

Labels: ,

23 Comments:

  1. Blogger Jayakeralam Wrote:

    good post!
    .......................
    ജയകേരളം.കോം
    http://www.jayakeralam.com

    November 01, 2007 12:02 PM  
  2. Blogger myexperimentsandme Wrote:

    കസേരയിലിരുന്ന് വട്ടം കറ-ക്ട്.

    പണ്ടെവിടെയോ പറഞ്ഞിരുന്നു- ഭാവിയിലെ താളിയോലകളാണ് ഇന്നത്തെ ബ്ലോഗുകള്‍. ഭാവിയില്‍ ആള്‍ക്കാര്‍ റഫറന്‍‌സിനുപയോഗിക്കപ്പെട്ടേക്കാവുന്ന ബ്ലോഗ് പോസ്റ്റുകളെങ്കിലും ആ വിചാരത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ഭാവിതലമുറയോടു ചെയ്യുന്ന ഉപകാരമായിരിക്കും. അല്ലെങ്കില്‍ ഇപ്പോള്‍ പണ്ടത്തെ ശ്ലോകങ്ങളും മറ്റും വ്യാഖ്യാനിച്ച് ശരിപ്പെടുത്തുന്നതുപോലെ ഇപ്പോഴത്തെ പോസ്റ്റുകളും ഭാവിയില്‍ പലരും അവരുടേതായ രീതിയില്‍ വ്യാഖ്യാനിച്ച് ശരിപ്പെടുത്തി പിന്നെയും സംഗതി കണ്‍ഫ്യൂഷനാക്കും.

    എല്ലാം അറിഞ്ഞിട്ട് ആധികാരികമായി മാത്രമേ പോസ്റ്റുകള്‍ ഇടാവൂ എന്നില്ല എന്നാണ് എന്റെ അഭിപ്രായം. പക്ഷേ:

    1. റഫറന്‍‌സുകള്‍ കൊടുക്കുക
    2. വ്യക്തമായി അറിയില്ലെങ്കില്‍ ആ വിവരം പറയുക.
    3. രണ്ടോ മൂന്നോ നാലോ അഭിപ്രായങ്ങള്‍ ഒരു കാര്യത്തെപ്പറ്റിയുണ്ടെങ്കില്‍ അതെല്ലാം പരാമര്‍ശിക്കുക.
    4. സമാന കാര്യത്തെപ്പറ്റി മറ്റെവിടെയെങ്കിലും പരാമര്‍ശമുണ്ടെങ്കില്‍ അതിന്റെ ലിങ്ക് കൊടുക്കുക
    5. നമ്മള്‍ എങ്ങിനെയാണ് നമ്മുടെ അഭിപ്രായരൂപീകരണം നടത്തിയതെന്ന് ഒന്ന് പരാമര്‍ശിക്കുക (വായിക്കുന്ന ആള്‍ക്ക് യോജിപ്പില്ലാത്ത രീതിയിലാണ് അഭിപ്രായ രൂപീകരണം നടത്തിയതെങ്കില്‍ അയാള്‍ക്ക് അതറിയാമല്ലോ)
    6. നമ്മുടെ അഭിപ്രായം മാത്രമാണെങ്കില്‍ അത് അങ്ങിനെയാണെന്ന് പറയുക.

    ഇങ്ങിനെയൊക്കെയാണെങ്കില്‍ വായിക്കുന്നവര്‍ വഴിതെറ്റുകയില്ല. അവര്‍ക്ക് വേണമെന്നുണ്ടെങ്കില്‍ ഇതെല്ലാം വായിച്ച് അവരുടേതായ ഒരു തീരുമാനത്തിലെത്താം. അല്ലെങ്കില്‍ ആധികാരികമെന്ന് തോന്നുന്ന ബ്ലോഗുകളില്‍ വരുന്നതെല്ലാം അപ്പടി വിഴുങ്ങി ആള്‍ക്കാര്‍ പിന്നെയും വഴിതെറ്റാം.

    പണ്ടൊക്കെ പത്രത്തില്‍ വന്നാല്‍ അതാധികാരികം എന്നൊരു ചിന്തയുണ്ടായിരുന്നു. പിന്നെ പല പത്രങ്ങള്‍ ഒരുമിച്ച് വായിക്കാന്‍ തുടങ്ങിയപ്പോള്‍ അത് തീര്‍ന്നു. പിന്നെ പുസ്തകത്തിലുള്ളതെല്ലാം ശരി എന്നൊരു ചിന്തയുണ്ടായിരുന്നു. പയ്യെപ്പയ്യെ അവിടുത്തെ ശരികളിലെ കുഞ്ഞുകുഞ്ഞു പ്രശ്‌നങ്ങളെപ്പറ്റിയും മനസ്സിലായിത്തുടങ്ങി. അതുപോലെ തന്നെയായി ബ്ലോഗുകളും.

    പിന്നെ വായനക്കാരും ശ്രദ്ധിക്കണം. ഒരിക്കലും ഒരു സോഴ്‌സില്‍ നിന്ന് മാത്രമായി അറിവ് നേടാന്‍ ശ്രമിക്കരുത്. ക്രോസ് ചെക്കിംഗ് പരമപ്രധാനം-പരമാവധി സോഴ്‌സുകളില്‍ കൂടി. അത് കഴിഞ്ഞാല്‍ അറിവ് കിട്ടിയ സോഴ്‌സുകളും പരിശോധിക്കണം. ഇതെല്ലാം കഴിഞ്ഞതിനു ശേഷമേ നിഗമനങ്ങളിലെത്താവൂ (ഇതെല്ലാം കഴിഞ്ഞാല്‍ പിന്നെ മിക്കവാറും കണ്‍ഫ്യൂഷനാവുകയും ചെയ്യും :)).

    November 01, 2007 9:32 PM  
  3. Blogger ക്രിസ്‌വിന്‍ Wrote:

    good article.

    November 01, 2007 10:38 PM  
  4. Anonymous Anonymous Wrote:

    "എന്നാല്‍ കാര്‍ഷികേതര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്‍റെ ചില ലേഖനങ്ങള്‍ യാഥാര്‍ഥ്യത്തോട് അല്പം പോലും നീതി പുലര്‍ത്തുന്നില്ല എന്നതാണ് ഖേദകരമായ സത്യം. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ‘എനിക്കറിയില്ലായിരുന്നു’ എന്ന് പറയുന്നത് ഭൂഷണമാണെന്ന് തോന്നുന്നില്ല. തെറ്റ് ആരും ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ തിരുത്തപ്പെടാതെ കിടക്കും എന്നത് ഭാവിതലമുറയ്ക്ക് ദോഷകരം തന്നെ."
    തെറ്റുകള്‍ അപ്പോഴപ്പോള്‍ തിരുത്തുകതന്നെ വേണം. കമെന്റുകള്‍ മോഡറേറ്റ് ചെയ്യപ്പെട്ടാല്‍ അതിന് പകരം അതെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ബ്ലോഗ് പോസ്റ്റുകള്‍ ഉണ്ടാവുകതന്നെ വേണം.

    November 01, 2007 11:00 PM  
  5. Blogger അരവിന്ദ് :: aravind Wrote:

    സന്തോഷ് ജീ പറഞ്ഞത് കറുമുറ കറക്റ്റ്!

    വെറും അഞ്ഞൂറ് രൂപയോളം വാല്യുവുള്ള കോപ്പിറൈറ്റഡ് സോഫ്റ്റ്വെയര്‍ പതിനായിരക്കണക്കിന് രൂപക്ക് വില്‍ക്കുന്നതിനെതിരെ എവിടെയോ ഒരു പോസ്റ്റ് കണ്ടിരുന്നു!
    എന്തടിസ്ഥാനത്തിലാണ് ആ വില നിശ്ചയം എന്ന് ആശ്ചര്യപ്പെട്ടിരുന്നു. വില കൂടുതലാണ് എന്നു വെച്ച് കോസ്റ്റ് അനാലിസിസിന്റെ ഏത് പാഠം വെച്ചാണൊ വിന്‍ഡോസിനും അഡോബിക്കും മറ്റും അഞ്ഞൂറ് രൂപാ!
    "വെറും മൂന്നോ നാലോ വര വരച്ച് "അണ്ഡകടാഹത്തിന്റെ ആന്തോളനം" എന്നൊരു പേരുമിട്ടാല്‍ ഒരു ചിത്രത്തിന് വരെ ചുമ്മാ കിട്ടും ആയിരങ്ങള്‍. അപ്പോഴോ?"- എന്ന് ചിത്രകലയില്‍ വിവരമില്ലാത്ത ഒരുത്തന്‍ പറഞ്ഞാല്‍? സംഗതി നല്ല കലണ്ടര്‍ പടങ്ങള്‍‍ ഫ്രീ ആയി സോപ്പ് വാങ്ങുമ്പോള്‍ കിട്ടുന്നുണ്ടല്ലോ. പിന്നെ എങ്ങനെ എം എഫ് ഹുസൈനെ പോലെയുള്ള ചിത്രകാരന്മാര്‍ക്ക് പ്രൊഫഷണല്‍സ് വരക്കുന്ന ചിത്രങ്ങള്‍‌ക്കുള്ള ഉയര്‍ന്ന വിലയെ ന്യായീകരിക്കാനാകും!? കണ്ടാല്‍ സാധാരണക്കാര്‍ക്ക് ഇഷ്ടം സോപ്പ് കലണ്ടറിലെ പടം ആണു താനും.

    വസ്തുനിഷ്ഠമായ പഠനങ്ങള്‍ നടത്താതെ , പ്രസ്തുത ഫീല്‍ഡില്‍ ഉള്ളവരുമായി വിനിമയം നടത്താതെ വായില്‍ തോന്നിയതെഴുതി വെച്ചാല്‍ പലരും ഇതൊക്കെ വിശ്വസിച്ചു പോകും! (ഒരുത്തന് ഉബുണ്ടൂ റെക്കമന്റ് ചെയ്തിട്ട് അതിന്റെ "യൂസര്‍ ഫ്രണ്ട്‌ലിനെസ്സ്" കാരണം അവന്റെ ഫോണ്‍ വിളി ഒഴിഞ്ഞിട്ട് നേരമില്ല. അതും ഐ എസ് ഡി.). എന്നു വെച്ച് ഫ്രീ സോഫ്റ്റ് വെയറിന് എതിരൊന്നുമല്ല ഞാന്‍, എന്റെ സിസ്റ്റത്തിലും ഫ്രീ ആണ് ഓടുന്നത്. എങ്കിലും ചില മിനിമം പനങ്ങളെങ്കിലുല്‍ം നടത്താതെ ഒന്നും എഴുതരുത്.

    മറ്റു ചിലര്‍ക്ക് നാടോടിക്കാറ്റിലെ തിലകന്‍ കോം‌പ്ലെക്സ് ആണ്. വെറുതേ പേടി-തന്റെ ബ്ലോഗ് സര്‍ക്കാര്‍ മാഫിയ/സി ഐ എ ചാരന്മാര്‍/ബിസിനസ്സ് അണ്ടര്‍ വേള്‍ഡ് മുതലായവര്‍ക്ക് ഉറക്കം നഷ്ടപ്പെടുത്തുന്നു, അവര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു എന്നൊക്കെയുള്ള ഒരു പാരനോയിയ. യഥാര്‍ത്ഥത്തില്‍ വായനക്കാര്‍ അഞ്ചോ ആറോ പേരേ കാണൂ.

    മറ്റു ചിലര്‍ പബ്ലീസിറ്റി വേവ് സര്‍ഫേര്‍സ് ആണ്. മാഥ്യമങ്ങളില്‍ ബ്ലോഗിന് നല്ല കാലമാണ്. ഉടന്‍ ചാടി പുറപ്പെട്ട്, ഒന്നോ രണ്‍റ്റോ ബ്ലോഗുകള്‍ തപ്പി, കടുപ്പിച്ച് ഒരു ലേഖനം തയ്യാറാക്കുകയായി. ബ്ലോഗിനെ ശരിക്കുമറിയണമെന്നോ, അത് കൂടുതല്‍ ആള്‍ക്കാരില്‍ എത്തിക്കണമെന്നോ അവര്‍ക്ക് വലിയ ചിന്തയൊന്നുമില്ല. ഓഹരി വില പൊങ്ങുന്ന കൂട്ടത്തില്‍ നമ്മുടെ ഓഹരിയും പൊങ്ങട്ടെ എന്നൊരു കണക്ക്, ബ്ലോഗ് ബഹളം നടക്കുമ്പോ എടേക്കൂടി ഒന്നെങ്കില്‍ ഒന്ന്, ഒരു ലേഖനം വെളിച്ചം കാണട്ടെ എന്നേയുള്ളൂ.

    November 02, 2007 2:04 AM  
  6. Blogger അങ്കിള്‍ Wrote:

    പ്രിയ സന്തോഷ്‌,

    ********************************
    പകര്‍പ്പവകാശം ലംഘിച്ച്‌ ഉത്‌പന്നങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ആരുടെയും അനുവാദമില്ലാതെ ഇലക്‌ട്രോണിക്‌ സര്‍ച്ചിംഗ് നടത്താനും വിന്‍ഡോസ് പോലെയുള്ള ഓപ്പറേറ്റിംഗ്‌ സിസ്റ്റം 'പൈറസി പോലീസിനെ' അനുവദിക്കുന്നുണ്ട്‌
    ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌********************************

    മേല്‍പ്പറഞത്‌ വി.കെ.ആദര്‍ശാണ്.അദ്ദേഹത്തിന്റെ ഈ വാദത്തില്‍ സത്യമൊട്ടില്ല താനും എന്ന്‌ താങ്കള്‍ എഴുതിക്കാണുന്നു. ശ്രി.സന്തോഷ്‌ മൈക്രൊസോഫ്റ്റിന്റെ ജീവനക്കാരനാണോ അതോ അതിലെ പര്‍ട്ടണറാണോ?. ആ വാദത്തില്‍ കഴമ്പില്ലെന്ന്‌ ഒരു ജീവനക്കാരന് തറപ്പിച്ച്‌ പറയാന്‍ കഴിയുമോ?. അതോ, പൈറസി പോലിസിംഗ് ഒരു സൊഫ്റ്റ്വെയര്‍ വഴി നടത്താന്‍ അസാദ്ധ്യമായതു കൊണ്ടാണോ താങ്കള്‍ ഇങ്ങനെ തുറന്നടിച്ചത്‌.

    പിന്നെ വേറോരു പ്രധാന കര്യം:പകര്‍പ്പവകാശം ലംഘിച്ച്‌ ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ പിടിക്കുന്ന കാര്യമാണ് അവിടെ പറഞത്‌. മൈകോസോഫ്റ്റിലെ ജീവനക്കാരനായ താങ്കള്‍ എന്തു പറയുന്നു, അങ്ങനെയുള്ളവരെ പിടിക്കണ്ടേ. വേണമെന്നാണ് എന്റെ അഭിപ്രായം.

    Windows XP Pro ലും Office XP Pro യും കൂടി ചേര്‍ന്ന്‌ 5 കൊല്ലം മുമ്പ്‌ 31000 രൂപക്കാണ് എനിക്കുവേണ്ടി വാങ്ങിയത്‌.

    *******************************
    മലയാളം ബ്ലോഗര്‍മാര്‍ക്കും ഒരു റൂമര്‍ മില്‍ സൈറ്റ് അത്യാവശ്യമാണ് എന്ന തോന്നല്‍ തുടങ്ങിയിട്ട് അഞ്ചാറുമാസമാകുന്നു. രണ്ടാണ് ഉപയോഗം: സ്ഥിരീകരിക്കാനാവാത്ത വാര്‍ത്തകള്‍ സ്ഥിരീകരിക്കാം, അല്ലെങ്കില്‍ അത് തെറ്റാണെന്ന് പറഞ്ഞ് തള്ളിക്കളയാം.
    *******************************
    ഇതെനിക്ക്‌ മനസ്സിലായില്ല സന്തോഷേ. റൂമര്‍ സൈറ്റുണ്ടാക്കി അതിലിട്ട ഒരു കാര്യത്തെ ആരും എതിര്‍ത്തില്ലെങ്കില്‍ അക്കാര്യം ശരിയാകണമെന്നുണ്ടോ?. വക്കാരി പറഞതാവു അതിന്റെ യൊരു ശരി. വായരക്കാരും കുറച്ചൊക്കെ കരുതിയിരിക്കണ്ടേ.

    **********************************
    പിന്നീടാണ് മനസ്സിലായത്, റൂമറിനു വേണ്ടി മലയാളികള്‍ക്ക് മറ്റു സൈറ്റുകള്‍ ആവശ്യമില്ല എന്ന്.
    *********************************
    ഇങ്ങനെ മല്ലൂ സൈറ്റുകളെ ഒന്നടങ്കം ആക്ഷേപിക്കണ്ടായിരുന്നു.

    ഏവൂരാന്റെ ‘തനിമലയാള’ത്തിനെ മറക്കാന്‍ പാടില്ലായിരുന്നൂ. ഞാനും സമ്മതിക്കുന്നു. പത്രക്കാരുടെ മാനദണ്ഡം പലതാണ്. ഇന്നത്തെ (Nov.2,2007) ലെ മനോരമയില്‍ (സപ്ലിമെന്റ്‌) ഒരുപേജ്‌ മുഴുവന്‍ മലയാളം ബ്ലോഗുകളെക്കുറിച്ചാണ്. ഒഴിവാക്കാന്‍ പാടില്ലായിരുന്ന പല കാര്യങ്ങളും ഞാനവിടെ കണ്ടില്ല. ഒരു പക്ഷേ ബെര്‍ലി തോമസിന്റെ ഓര്‍മ്മയില്‍ വന്നില്ലായിരിക്കാം, അല്ലെങ്കില്‍ എന്തൊക്കയാണ് സംഭവിച്ചതെന്ന്‌ നല്ല ഓര്‍മ്മ ഉണ്ടായിരിക്കാം.

    ചന്ദ്രശേഖരന്‍ നായരെകുറിച്ചുകൂടി പറയാതെ നിര്‍ത്താന്‍ കഴിയില്ല. നമ്മുടെ കൈപ്പള്ളി മലയാളം പഠിച്ചതു പോലെ, സ്വപ്രയത്നം കൊണ്ട് മാത്രം ബ്ലോഗില്‍ ഇത്രയിടം എത്തിയ ഒരാളാണെന്ന്‌ എനിക്ക്‌ നേരിട്ടറിയാം. ബ്ലോഗിനെപറ്റിയുള്ള സംശയങ്ങള്‍ കൊച്ചുകുട്ടികളോടുപോലും ചോദിച്ച്‌ മനസ്സിലാക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്. വിദ്യഭ്യാസ കുറവുണ്ടോയെന്നൊരു ചിന്ത അദ്ദേഹത്തെ അലട്ടുന്നുമുണ്ട്‌. അതു കൊണ്ട്‌, കേരളാ ഫാര്‍മറുടെ താങ്കള്‍ ചൂണ്ടികാട്ടിയ പോസ്റ്റില്‍ ഉമേഷിന്റെ പ്രതികരണം വന്നതുകൊണ്ട്‌ മാത്രം ഒരു വിമര്‍ശംനം അര്‍ഹിക്കുന്നില്ല.

    November 02, 2007 2:36 AM  
  7. Blogger വി. കെ ആദര്‍ശ് Wrote:

    This article clearly mention why gnu/linux is safer than proprietary
    OS on security and virus threat.
    http://www.theregister.co.uk/2003/10/06/linux_vs_windows_viruses/

    the second point to stress is that Free in the "Free Software" means
    freedom not price. So his argument of comparing free software to പണം
    കൊടുത്തു വാങ്ങാവുന്ന software. The correct terms are "സ്വതന്ത്ര
    software" and proprietary software.

    പിന്നെ ഇവിടെ ചര്‍ച്ച ചെയ്യുന്നത് കേവലം technology മാത്രമല്ല...
    അറിവിന്റെ അവകാശം ആര്‍ക്ക്? sharing തെറ്റാണോ? നമ്മള്‍ സോഫ്റ്റ്
    വെയറിനെയാണോ? സോഫ്റ്റ്​വെയര്‍ നമ്മളെയാണോ നിയന്ത്രിക്കുന്നത്?
    തുടങ്ങിയവയാണ്.

    the right to read എന്ന ലേഖനത്തില്‍ പറയുന്ന അവസ്ഥയിലേക്കാണ് ലോകം
    നീങ്ങിക്കോണ്ടിരിക്കുന്നത്... ഇതിന് ഒരു ബദല്‍ സംവിധാനം ഉണ്ട് എന്ന്
    സാധാരണക്കാരിലേക്ക് എത്തേണ്ടതുണ്ട്.

    Look at the statistics of viruses. That will answer this one.
    GNU/Linux uses inherits the architechure of Unix , It is far more better
    than microsoft in handling viruses.

    November 02, 2007 2:42 AM  
  8. Blogger keralafarmer Wrote:

    അതെ ഗ്നു-ലിനക്സ് ഉപയോഗിക്കാന്‍ തുടങ്ങിയശേഷം വൈറസ് എനിക്കൊരു പ്രശനമേ അല്ല. അതിനേക്കാള്‍ വലിയ ഒരു നേട്ടം ഇന്റെര്‍ നെറ്റില്‍ കിട്ടാനില്ല എന്ന് എന്റെ അനുഭവങ്ങള്‍ എനിക്ക് കാടട്ടിത്തന്നു. വിന്‍ഡോസില്‍ എനിക്ക് ലഭ്യമായിരുന്ന എല്ലാ സൗകര്യങ്ങളും ഗ്നു-ലിനക്സിലും ഉണ്ട് താനും.
    കാര്‍ഷികമേഖലയുമായി എന്റെ ആയുസിന്റെ മൂന്നിലൊന്നു ഭാഗം മാത്രമെ ബന്ധവും ഉള്ളു.

    November 02, 2007 3:03 AM  
  9. Blogger aneel kumar Wrote:

    പ്രസക്തമായ വിഷയം.

    വിന്‍ഡോസ് ഓയെസ് പൈറസി പോലീസിനെ അനുവദിക്കുന്നെന്ന ‘റൂമര്‍’:
    അപ്പ്ലിക്കേഷനുകളുമായി ബന്ധപ്പെടുത്തിയുള്ള വിവരശേഖരണമോ ( Customer Experience Improvement ആദിയായവ) എറര്‍ റിപ്പോര്‍ട്ടിങ്ങിന്റെ സമയത്ത് അയയ്ക്കപ്പെടുന്ന
    വിവരങ്ങളോ പൈറസിപിടിയ്കാനുതകുന്ന തരത്തിലുള്ളതാവില്ല എന്നാണ് അതാത് സന്ദര്‍ഭങ്ങളില്‍ എമ്മെസ് നമുക്ക് തരുന്നുന്ന ‘വാക്ക്’.

    അത്തരം വിഷയങ്ങളുമായി ബന്ധപ്പെടുത്തി നിയമനടപടികള്‍ ഉണ്ടായതായി (എന്റെ)അറിവില്ലാത്തതിനാല്‍ അവരത്
    പാലിക്കുന്നുണ്ടെന്നു തന്നെ കരുതിയിരിക്കുന്നു.

    November 02, 2007 3:24 AM  
  10. Blogger aneel kumar Wrote:

    വസ്തുതകള്‍ മനസിലാക്കി അവതരിപ്പിക്കുക, അല്ലെങ്കില്‍ ഇതുപോലെ ആരായുന്നതരം ലേഖനമാക്കുകയാവും അഭികാമ്യം.
    അറിയാന്‍പാടില്ലാത്ത കാര്യത്തെപ്പറ്റി ആധികാരികമായി സംസാരിക്കാന്‍ ‘ഭയങ്കര’ ധൈരം വേണം.

    November 02, 2007 3:29 AM  
  11. Blogger ഉപാസന || Upasana Wrote:

    നല്ല ലേഖനം സന്തോഷ് ഭായ്
    :)
    ഉപാസന

    November 02, 2007 6:12 AM  
  12. Blogger Santhosh Wrote:

    അങ്കിള്‍:

    ഞാന്‍ മൈക്രോസോഫ്റ്റില്‍ ആരാണെന്ന് ഈ ബ്ലോഗിന്‍റെ ഒരു മൂലയിലുണ്ട്. മൈക്രോസോഫ്റ്റ് ഗൂഢമായ അണ്ടര്‍വേള്‍ഡ് ഓപറേഷന്‍സ് നടത്തുന്ന കമ്പനിയല്ല. ഞാന്‍ പറഞ്ഞത് പൂര്‍ണ്ണ ബോധ്യത്തോടെ തന്നെ പറഞ്ഞതാണ്. ജീവനക്കാരനോ പാര്‍ട്ണറിനോ അറിയാത്ത കാര്യം ശ്രീ. വി. കെ. ആദര്‍ശിന് അറിയുമെന്നാണെങ്കില്‍ അത് സ്ഥാപിക്കാനുള്ള ചുമതല കൂടി ഏറ്റെടുക്കുക.

    ദയവായി എന്‍റെ വായില്‍ വാക്കുകള്‍ തിരുകരുത്.

    ഞാന്‍ പറഞ്ഞിട്ടില്ലാത്തത്:
    “പൈറസി പോലിസിംഗ് ഒരു സൊഫ്റ്റ്വെയര്‍ വഴി നടത്താന്‍ അസാദ്ധ്യമായതു കൊണ്ടാണോ”

    ഞാന്‍ പറഞ്ഞത്:

    “പകര്‍പ്പവകാശം ലംഘിച്ച്‌ ഉത്‌പന്നങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ആരുടെയും അനുവാദമില്ലാതെ ഇലക്‌ട്രോണിക്‌ സര്‍ച്ചിംഗ് നടത്താനും വിന്‍ഡോസ് പോലെയുള്ള ഓപ്പറേറ്റിംഗ്‌ സിസ്റ്റം 'പൈറസി പോലീസിനെ' അനുവദിക്കുന്നുണ്ട്‌.” എന്ന വാദത്തില്‍ സത്യമില്ല.

    ഞാന്‍ പറഞ്ഞിട്ടില്ലാത്തത്:
    “പകര്‍പ്പവകാശം ലംഘിച്ച്‌ ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ പിടിക്കുന്ന കാര്യമാണ് അവിടെ പറഞത്‌. മൈകോസോഫ്റ്റിലെ ജീവനക്കാരനായ താങ്കള്‍ എന്തു പറയുന്നു, അങ്ങനെയുള്ളവരെ പിടിക്കണ്ടേ.”

    ഇക്കാര്യം ഞാന്‍ എവിടെയാണ് പറഞ്ഞത്?

    “കേരളാ ഫാര്‍മറുടെ താങ്കള്‍ ചൂണ്ടികാട്ടിയ പോസ്റ്റില്‍ ഉമേഷിന്റെ പ്രതികരണം വന്നതുകൊണ്ട്‌ മാത്രം”

    ഉമേഷിന്‍റെ പ്രതികരണം വന്നതു കൊണ്ടു മാത്രമൊന്നുമല്ല. അതിനുമുമ്പുള്ള പോസ്റ്റുകളെക്കൂടി ഉദ്ദേശിച്ചാണ് പറഞ്ഞത്. ഇന്‍റെര്‍നെറ്റില്‍ മലയാളത്തിന്‍റെ ചരിത്രം അദ്ദേഹം അദ്ദേഹത്തിന്‍റേതായ രീതിയില്‍ എഴുതിവച്ച പോസ്റ്റും സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള പോസ്റ്റില്‍ അദ്ദേഹം കുറിച്ചിട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങളും വായിച്ചിട്ടാണ് ഈ അഭിപ്രായം രൂപീകരിച്ചത്. അങ്കിള്‍ സമയമുള്ളപ്പോള്‍ ഈ പോസ്റ്റുകളൊക്കെ ഒന്നു വായിക്കുക.

    ആദര്‍ശ്:
    രെജിസ്റ്റര്‍ ലിങ്കിനു നന്ദി. ഒന്നാമതായി, 2003-ല്‍ പുറത്തുവന്നതാണ് ഈ ലേഖനം. അതു കഴിഞ്ഞ് സോഫ്റ്റ്‍വെയറിലും ഓപറേറ്റിംഗ് സിസ്റ്റമുകളിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. തന്‍റെ ലേഖനങ്ങളിലെല്ലാം മൈക്രോസോഫ്റ്റിനെതിരെ മാത്രം പറയുന്ന, ലിനക്സ് മാഗസിന്‍റെ സ്ഥിരം കോളമിസ്റ്റായ സ്കോട്ട് ഗ്രാനെമാനിനെത്തന്നെ കൂട്ടുപിടിച്ചത് നന്നായി. ഇത് വിന്‍ഡോസാണ് ലിനക്സിനേക്കാള്‍ സുരക്ഷിതം എന്നു പറഞ്ഞിട്ട് അതിനു തെളിവായി ഈ ലിങ്ക് തരുന്നതു പോലെയേയുള്ളൂ. സ്റ്റീവ് ബാല്‍മര്‍ പറഞ്ഞത് ശരിയോ തെറ്റോ എന്നല്ല, “ഞാന്‍ കൊലയാളിയല്ല ജഡ്ജീ, എന്‍റെ വീട്ടുകാരെല്ലാം എനിക്കനൂകൂലമായി പറയുന്നതു കേട്ടില്ലേ?” എന്നതുപോലെയാവും എന്നര്‍ഥം.

    സ്വതന്ത്രമായ പഠനങ്ങളില്ലാതെ ഇതിനു തീരുമാനം പറയുന്നത് ശരിയല്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ. എന്നു മാത്രമല്ല, “Look at the statistics of viruses. That will answer this one.” എന്നു പറഞ്ഞതു കൊണ്ടായോ? താങ്കള്‍ ഉപയോഗിച്ച സ്റ്റാറ്റിസ്റ്റിക്സിലേയ്ക്ക് ലിങ്ക് കൊടുക്കണമായിരുന്നു എന്നാണ് ഈ പറഞ്ഞതിന്‍റെയെല്ലാം അര്‍ഥം. ആധികാരികമായി ലേഖനങ്ങള്‍ എഴുതുമ്പോള്‍ റെഫര്‍ ചെയ്ത കാര്യങ്ങള്‍ ഇതുപോലെ ചോദിച്ചാല്‍ മാത്രം പറഞ്ഞാല്‍ മതിയോ? (താങ്കള്‍ പറഞ്ഞതിലെ തെറ്റും ശരിയും എന്നതിനേക്കാള്‍, അവ ഏതിനെ ആധാരമാക്കി എന്നതിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. വായനക്കാര്‍ക്കും ഇതറിയാന്‍ താല്പര്യമുണ്ടാവും, ഉണ്ടാവണം.)

    താങ്കളുടെ ഫ്രീ ഫ്രീഡം വാദത്തിലേയ്ക്ക് കടക്കുന്നില്ല. അതല്ല എന്‍റെ ലേഖനത്തിന്‍റെ ഫോകസ്.

    അനില്‍:
    കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഇം‍പ്രൂവ്മെന്‍റില്‍ ഉപയോക്താവിനെ തിരിച്ചറിയുന്ന ഒന്നും ശേഖരിക്കുന്നില്ല.

    November 02, 2007 9:45 AM  
  13. Blogger Glocalindia Wrote:

    “അനുകൂലിക്കാത്തവരെല്ലാം എതിര്‍ക്കുന്നവരാണെന്ന് കരുതുന്നത് മൌഢ്യമാണ്” - ഒരുപാടൊരുപാട് ആളുകളുടെ കാര്യത്തില്‍ ശരി ഇതുതന്നെ!

    November 02, 2007 10:29 AM  
  14. Blogger aneel kumar Wrote:

    ...ഉപയോക്താവിനെ തിരിച്ചറിയുന്ന ഒന്നും ശേഖരിക്കുന്നില്ല.
    Although the IP address through which you access the Internet is sent to Microsoft with each CEIP report, Microsoft does not use it. എന്നാണ് പോളിസിയില്‍ പറയുന്നത്. അതൊക്കെ പാലിക്കപ്പെടുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നായിരുന്നു വിവക്ഷ.

    ഞാനും രണ്ടു ഫ്ലേവര്‍ വീതം വിന്‍ഡോസും ഗ്നു/ലിനക്സും വീട്ടില്‍ ഉപയോഗിക്കുന്നുണ്ട്.

    November 02, 2007 11:16 AM  
  15. Blogger Santhosh Wrote:

    പറയുന്ന കാര്യം പാലിക്കുന്നുണ്ട്, അനില്‍. IP അഡ്രസ് PII ആയി കണക്കാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. കണക്കാക്കിയാലും ഇല്ലെങ്കിലും ആ വിവരം പ്രശ്നങ്ങള്‍ പരിശോധിക്കുന്ന റ്റീമിന്‍റെ കയ്യില്‍ എത്താറില്ല.

    November 02, 2007 12:11 PM  
  16. Blogger keralafarmer Wrote:

    ഉമേഷിന്റെ കമെന്റുള്ള പോസ്റ്റിലേക്കുള്ള ലിങ്കില്‍ ഞാന്‍ വരുത്തിയ മാറ്റങ്ങളും ഉമേഷിന് കൊടുത്ത മറുപടിയും നോക്കി അഭിപ്രായം പറയുക.
    ഞാനും ഉമേഷിനെ ബഹുമാനിക്കുന്ന ബ്ലോഗര്‍ തന്നെയാണ്.

    November 02, 2007 8:57 PM  
  17. Blogger അങ്കിള്‍ Wrote:

    പ്രീയ സന്തോഷ്,

    ആദര്‍ശിന് വേണ്ടിയോ, ചന്ദ്രശേഖരന്‍ നായര്‍ക്ക്‌ വേണ്ടിയോ ആണ് ഞാന്‍ സംസാരിക്കുന്നത്‌ എന്ന്‌ തെറ്റിദ്ധരിക്കരുതേ. അവര്‍ക്കെതിരായ
    ആരോപണങ്ങള്‍ക്ക്‌ അവര്‍ മറുപടി തന്നോളും.
    >
    താങ്കളുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്കു തോന്നിയതും അറിയാവുന്നതുമായ കാര്യങ്ങള്‍ എന്റെ പ്രതികരണമായി അറിയിച്ചുവെന്നേയുള്ളൂ.

    ഞാന്‍ പ്രധാനമായും പൈറസി പോലീസിംഗ്‌ സാധ്യമാണെന്ന ആദര്‍ശിന്റെ പ്രസ്ഥാവനയോട്‌ യോജിക്കുകയാണുണ്ടായത്‌. ഇപ്പോഴും ഞാനതു ചെയ്യുന്നു. കാരണം:-

    "കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഇം‍പ്രൂവ്മെന്‍റില്‍ ഉപയോക്താവിനെ തിരിച്ചറിയുന്ന ഒന്നും ശേഖരിക്കുന്നില്ല" എന്നാണ് താങ്കള്‍ അനിലിന് മറുപടി നല്‍കിയത്‌. താങ്കള്‍ തന്നെ പറഞ്ഞുതന്ന pII ലിങ്കിലേക്ക്‌ ഞാനും പോയി നോക്കി. എനിക്ക്‌ മനസിലാക്കുവാന്‍ കഴിഞ്ഞത്‌, ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള എല്ലാ വിവരവും pii യില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നാണ്..എന്നാള്‍ ആ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്. ഈ നിയന്ത്രണങ്ങളില്‍ പോലും ഇപ്പോള്‍ സംശയം വന്നു തുടങ്ങിയിരിക്കുന്നു. അവിടെയാണ് താങ്കള്‍ ജീവനക്കാരനാണോ, പാര്‍ട്ടനറാണോ എന്ന്‌ ഞാന്‍ ചോദിച്ചതിന്റെ പ്രസക്തി. ഒരു ജീവനക്കാരന് അവശ്യം വേണ്ടുന്ന വിവരമേ കമ്പനി ആവശ്യം വരുമ്പോള്‍ മാത്രം നല്‍കുകയുള്ളൂ. അനിലിന് താങ്കള്‍ കൊടുത്ത താഴകൊടുത്തിരിക്കുന്ന മറുപടിയില്‍ നിന്നും അത്‌ വ്യക്തവുമാണ്.
    **********************************
    IP അഡ്രസ് PII ആയി കണക്കാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. കണക്കാക്കിയാലും ഇല്ലെങ്കിലും ആ വിവരം പ്രശ്നങ്ങള്‍ പരിശോധിക്കുന്ന റ്റീമിന്‍റെ കയ്യില്‍ എത്താറില്ല.
    ***********************************
    എന്നാല്‍ ജീവനക്കാരന്‍ അറിയുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ അറിയാറുണ്ടെന്നുള്ളതാണ് സത്യം. ചൈനയില്‍ സര്‍ക്കാരും blogg service providers -ം തമ്മിലുണ്ടാക്കിയ ഒരു ധാരാണ യെ പ്പറ്റി താങ്കളറിഞ്ഞിരിക്കണമല്ലോ. ഇവിടെനിന്നാണ് ഞാനറിഞ്ഞത്‌.. അതില്‍ നിന്നെടുത്ത ചില വരികളിതാ:-

    ************************************************
    Subject: CHINA : GOVERNMENT GETS BLOG SERVICE PROVIDERS TO SIGN "SELF-DISCIPLINE" PACT TO END ANONYMOUS BLOGGING

    Reporters Without Borders condemns the "self-discipline pact" signed by at least 20 leading blog service providers in China including Yahoo.cn! and MSN.cn. Unveiled yesterday by the Internet Society of China (ISC), an offshoot of the information industry ministry, the pact stops short the previous project of making it obligatory for bloggers to register, but it can be used to force service providers to censor content and identify bloggers.
    Reporters Without Borders added: "This decision will have grave consequences for the Chinese blogosphere and marks the end of anonymous blogging. A new wave of censorship and repression seems imminent, above all in the run-up to the Communist Party of China's next congress." ************

    ********"Under the new pact, blog service providers are "encouraged" to register users under their real names and contact information before letting them post blogs. More seriously, they will be required to keep this information, which will allow the authorities to identify them. These companies have already in the past provided the police with information about their clients, resulting in arrests."

    The pact says "blog providers should monitor and manage comments ... and delete illegal and bad information in a timely manner." Articles 11 and 12 urge them to equip themselves with a secure management system that allows them to keep bloggers' details, including their real name, address, contact number and email address.**************

    *******************These are some of the blog service providers who have agreed to sign the pact - Msn.cn, Renmin Wang, Xinlang, Sohu, Wangyi, Tom, Qianlong Wang, Hexun Wang, Boke Tianxia, Tianji Wang, Yahoo.cn, Huasheng Zaixian, Bolianshe and Tengxun.
    *********************************************************************
    ഇതു വായിച്ചിട്ട്‌ പൈറസി പോലീസിംഗ് സാധ്യമാണെന്ന്‌ തൊന്നുന്നില്ലേ. വേണ്ടിവന്നാല്‍ മൈക്രോസോഫ്റ്റ് അത്‌ ചെയ്യുമെന്നും തോന്നുന്നില്ലേ.

    എന്നാല്‍ ഇനി ഒരു ലിങ്കും കൂടി തരാം. അതു കൂടെ വായിച്ചു നോക്കൂ:-

    *********************************************************
    CONCERN ABOUT MICROSOFT RESEARCH IN CHINA INTO "PROFILING" INTERNET USERS

    *****************The New Scientist that a Microsoft laboratory based in China is carrying out research on software that can analyse the behaviour of Internet users with precision and draw up a profile of them (their age, sex, geographic origin and so on).*************

    *****************This Microsoft study comes amid efforts by the Chinese authorities to combat online anonymity. The Internet Society of China, an offshoot of the ministry for the information industry, posted a draft law on 22 May asking blog services to encourage users to register under their own names and exercise "self-discipline." When President Hu Jintao and the Communist Party political bureau met on 23 April to discuss how to improve control over the Internet, they said they wanted to "purify" it.
    The data stored by Internet companies is a source of concern in many countries. A European consultative body, for example, wrote to Google in mid-May criticising its confidential data protection policies. The US company had nonetheless announced that data would be rendered anonymous - meaning the IP addresses would be erased - after being held for 24 months. Its rivals, Yahoo! and Microsoft, have not even established this limitation.
    ************************************************************************
    മൈക്രോസോഫ്റ്റ്‌ ജീവനക്കാരനല്ലാത്ത എനിക്ക്‌ തോന്നാവുന്ന ഭീതിയെന്തെന്ന്‌ സന്തോഷിന് ഇപ്പോള്‍ മനസിലാകുമെന്ന്‌ വിശ്വസിക്കട്ടേ.

    എന്റെ ആദ്യ പ്രതികരണത്തിലെ മറ്റു കാര്യങ്ങള്‍ വെറും അഭിപ്രായങ്ങളായിട്ട്‌ കണ്ടാല്‍ മതി.

    സസ്നേഹം.

    November 02, 2007 11:59 PM  
  18. Blogger Santhosh Wrote:

    അങ്കിള്‍,

    പൈറസി പോലീസിംഗ് സാധ്യമല്ലെന്നല്ല, വിന്‍ഡോസ് അത് ചെയ്യുന്നില്ല എന്നാണ് ഞാന്‍ പറഞ്ഞത് എന്ന് വീണ്ടും വ്യക്തമാക്കട്ടെ.

    ഇന്‍റര്‍നെറ്റ് യൂസേഴ്സിനെ പ്രൊഫൈല്‍ ചെയ്യുന്നത് നൂതന സംഭവമല്ല. ആ പ്രൊഫൈലിംഗ് വഴി അവരുടെ സ്വഭാവവിശേഷതകള്‍--ചിലര്‍ പുതിയ കാര്‍ വാങ്ങുന്നവരാവാം, ചിലര്‍ ഹിന്ദിപ്പാട്ട് തേടുന്നവരാവാം തുടങ്ങി--മനസ്സിലാക്കിയെടുക്കുകയാണ് ചെയ്യുന്നത്. റ്റാര്‍ഗറ്റഡ് പരസ്യങ്ങള്‍ കാണിക്കുന്ന എല്ലാ സൈറ്റുകളും ഉപയോക്താക്കളെ പ്രൊഫൈല്‍ ചെയ്യുന്നുണ്ട്.

    നിങ്ങള്‍ക്ക് ഒരു ഫ്രീ സര്‍വീസ് നല്‍കുകവഴി, നിങ്ങള്‍ സൈനപ്പ് ച്ചെയ്യുമ്പോള്‍, മിക്ക കമ്പനികളും ചെയ്യുന്നത് ഇങ്ങനെയുള്ള വന്‍ “യൂസര്‍ പ്രൊഫൈലുകള്‍” സമ്പാദിക്കുകയാണ്. ഈ പ്രൊഫൈലുകളില്‍ നിന്ന് PII ഇന്‍ഫോ ഒഴിവാക്കി അവര്‍ പലരീതിയിലും ഉപയോഗിക്കാറുണ്ട്.

    ഇതില്‍ നിന്നെല്ലാം ഒഴിവാവണമെങ്കില്‍ ഒരു ഫ്രീ വെബ് സര്‍വീസുകളും (ഫ്രീ ആയിക്കിട്ടുന്ന മെയ്ല്‍ ഐ. ഡി. കളുള്‍പ്പടെ) ഉപയോഗിക്കാതിരിക്കുകയും കുക്കികളേയും മറ്റും പൂര്‍ണ്ണമായും തിരസ്കരിക്കുകയും ചെയ്യണം. എന്നാലും മറ്റു സോഫ്റ്റ്‍വെയര്‍/ഹാര്‍ഡ്‍വെയര്‍ സഹായമില്ലാതെ പൂര്‍ണ്ണമായും ഒളിച്ചിരിക്കുവാന്‍ പ്രയാസമാണ്.

    November 03, 2007 12:37 AM  
  19. Blogger Anivar Wrote:

    "ഇതില്‍ നിന്നെല്ലാം ഒഴിവാവണമെങ്കില്‍ ഒരു ഫ്രീ വെബ് സര്‍വീസുകളും (ഫ്രീ ആയിക്കിട്ടുന്ന മെയ്ല്‍ ഐ. ഡി. കളുള്‍പ്പടെ) ഉപയോഗിക്കാതിരിക്കുകയും കുക്കികളേയും മറ്റും പൂര്‍ണ്ണമായും തിരസ്കരിക്കുകയും ചെയ്യണം. എന്നാലും മറ്റു സോഫ്റ്റ്‍വെയര്‍/ഹാര്‍ഡ്‍വെയര്‍ സഹായമില്ലാതെ പൂര്‍ണ്ണമായും ഒളിച്ചിരിക്കുവാന്‍ പ്രയാസമാണ്."
    അത്രയൊന്നും പാടില്ല. ടോര്‍ ഒന്നുപയോഗിച്ചാല്‍ മതി

    November 04, 2007 5:53 AM  
  20. Blogger Surya Wrote:

    അനിവര്‍, ടോറിനെക്കുരിച്ചുള്ള ലിങ്കിന് നന്ദി.

    November 04, 2007 9:35 AM  
  21. Blogger Santhosh Wrote:

    റ്റോറോ മറ്റ് അനോണിമസ് പ്രോക്സികളോ ഉപയോഗിച്ചാല്‍ പിന്നെ കുക്കികള്‍ സ്വീകരിക്കാതിരിക്കുക എന്ന അറ്റ കൈ പ്രയോഗിക്കേണ്ടതില്ല എന്നത് വളരെ ശരി. (അതു തന്നെയാണ് സോഫ്റ്റ്‍വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്‍വെയര്‍ സൊല്യൂഷന്‍ എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചതും.)

    എന്നാലും നമ്മുടെ യൂസര്‍ പ്രൊഫൈല്‍, പ്രൊഫൈല്‍ ശേഖരിക്കുന്നവര്‍ക്കു കിട്ടാതിരിക്കണമെങ്കില്‍ അവര്‍ തരുന്ന, ഫ്രീ ഈ-മെയില്‍ പോലുള്ള, നമ്മുടെ പേഴ്സണല്‍ ഇന്‍ഫോ ചോദിക്കുന്ന സര്‍വീസുകള്‍ ഉപയോഗിക്കാതിരിക്കുകയേ മാര്‍ഗമുള്ളൂ. ലിങ്കിന് നന്ദി.

    November 04, 2007 9:45 AM  
  22. Blogger absolute_void(); Wrote:

    പകര്‍പ്പവകാശം ലംഘിച്ച് ഉത്‌പന്നങ്ങള് നിങ്ങള് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന് ‎ആരുടെയും അനുവാദമില്ലാതെ ഇലക്‌ട്രോണിക് സര്‍ച്ചിംഗ് നടത്താനും വിന്‍ഡോസ് ‎പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം 'പൈറസി പോലീസിനെ' അനുവദിക്കുന്നുണ്ട്.‎

    ഇപ്പറഞ്ഞതിനൊന്നും തെളിവ് വയ്ക്കാന് ശ്രീ. ആദര്‍ശ് ശ്രമിക്കുന്നില്ല.അദ്ദേഹം പറ്റയുന്ന ‎വാദത്തില് സത്യമൊട്ടില്ല താനും.‎

    ‎-‎ Digital Rights Management എന്ന് കുത്തകകളും Digital Restrictions ‎Management എന്ന് സ്വതന്ത്ര സോഫ്റ്റ് വെയര് ലോകവും വിശേഷിപ്പിക്കുന്ന ‎ഡി. ആര്. എമ്മിനെ കുറിച്ച് അങ്ങേയ്ക്ക് അറിവില്ലെന്നുണ്ടോ? വിന്ഡോസ് വിസ്റ്റ ‎ഡി. ആര്. എം അനുകൂലമല്ലെന്നുണ്ടോ? ‎

    ഇടക്കൊന്നു പറഞ്ഞോട്ടെ, ഇത് ആധികാരിക അഭിപ്രായ പ്രകടനമല്ല. സംശയം ‎മാത്രം. ഇനിയും സംശയങ്ങളുണ്ട്. എന്നാല് ഇതാണ് പ്രധാന സംശയമെന്നതുകൊണ്ട് ‎കൂടുതല് കാടുകയറുന്നില്ല. ‎

    November 04, 2007 11:20 AM  
  23. Blogger Santhosh Wrote:

    DRM എന്നതിനെപ്പറ്റി നല്ല അറിവുണ്ട്-പ്രത്യേകിച്ച് മീഡിയ DRM-നെപ്പറ്റി. അത് കണ്ടെന്‍റ് പ്രൊവൈഡേഴ്സ് ഉപയോഗപ്പെടുത്തുന്ന ഒരു മൈക്രോസോഫ്റ്റ് റ്റെക്നോളജി ആണ്. ഉദാഹരണമായി താങ്കളുടെ പാട്ടോ സിനിമയോ (ഏതുതരം കണ്ടെന്‍റ് ആയാലും) മൈക്രോസോഫ്റ്റ് DRM ഉപയോഗിച്ച് 'ptotect' ചെയ്താല്‍ അതിനു ലൈസന്‍സു അനുവദിക്കുന്നതും കണ്ടെന്‍റ് ഉപയോഗശൂന്യമാക്കുന്നതുള്‍പ്പെടെയുള്ള ബിസിനസ് റൂളുകള്‍ സെറ്റു ചെയ്യുന്നത് മൈക്രോസോഫ്റ്റ് അല്ല. ഓരോ പ്രൊവൈഡേഴ്സ് ഉണ്ടാക്കുന്ന ഇത്തരം റൂളുകള്‍ ലംഘിക്കുന്നവര്‍ക്കെത്തിരേയുള്ള നടപടി എടുക്കുന്നതും മൈക്രോസോഫ്റ്റ് അല്ല. മാത്രമല്ല, കണ്ടെന്‍റ് പ്രൊവൈഡേഴ്സ് നിര്‍ബന്ധിക്കുന്ന ഇത്തരം കോപിറൈറ്റ് പ്രൊട്ടക്ഷന്‍ രഹസ്യ രൂപത്തിലുള്ളതല്ല. ഉപഭോക്താവറിയാതെയല്ല വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്യുന്നത്.

    “‎ആരുടെയും അനുവാദമില്ലാതെ ഇലക്‌ട്രോണിക് സര്‍ച്ചിംഗ് നടത്താനും” എന്നതില്‍ ഒട്ടും സത്യമില്ല എന്ന് വീണ്ടും ആവര്‍ത്തിക്കുന്നു.

    വിന്‍ഡോസ്, DRM-നുള്ള പ്ലാറ്റ്ഫോമും റ്റെക്നോളജിയും നല്‍കുന്നു. എന്നുകരുതി നിങ്ങളറിയാതെ നിങ്ങളുടെ അനുവാദമില്ലാതെ “ഇലക്റ്റ്രോണിക് സേര്‍ചിംഗ്” ചെയ്യാനുള്ള റ്റെക്നോളജിയല്ല വിന്‍ഡോസ് DRM.

    November 04, 2007 11:47 AM  

Post a Comment

<< Home