Tuesday, December 04, 2007

ചേയ്ഞ്ചില്ല

അതിമനോഹരമായി പണിതിരിക്കുന്ന മുംബൈ ഡൊമസ്റ്റിക് റ്റെര്‍മിനലിന്‍റെ സൌന്ദര്യം മതിയാവോളം നുകര്‍ന്നു നടക്കവേയാണ് കടുപ്പത്തിലൊരു മസാല ചായ കുടിച്ചാലോ എന്നു തോന്നിയത്. എന്നാല്‍പ്പിന്നെ കയ്യിലിരിക്കുന്ന ഇരുപത് ഡോളര്‍ രൂപയാക്കാമെന്നു വച്ചു. 37.45 ആണ് റേയ്റ്റ് ആയി എഴുതിവച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് കൊടുത്തു കഴിഞ്ഞപ്പോള്‍ വിശദീകരണം വന്നു: 2% കമ്മീഷന്‍ എടുക്കും. അതു കഴിഞ്ഞാല്‍ രൂപാ 734.02.

രണ്ടു പൈസയൊക്കെ പണ്ടുപണ്ടേ അപ്രത്യക്ഷമായതിനാല്‍ 734 രൂപയും പ്രതീക്ഷിച്ചു നിന്ന എനിക്ക് 730 രൂപ വച്ചു നീട്ടിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലിരിക്കുകയാണ് കൌണ്ടറിലിരിക്കുന്ന മാന്യദേഹം.

ബാക്കി നാലുരൂപ എവിടെപ്പോയെന്ന് ആലോചിക്കുന്ന എന്നെക്കണ്ട് അസുഖം മനസ്സിലാക്കിയ അദ്ദേഹം മൊഴിഞ്ഞു: “നോ ശേഞ്ച്!”

ഒരു സെന്‍റു വരെ കൃത്യമായി ബാക്കി കിട്ടി ശീലിച്ചിട്ടാവണം അറിയാതെ ചോദിച്ചു പോയി: “നാലു രൂപ ഇല്ലെങ്കില്‍ പിന്നെത്രയുണ്ട് കയ്യില്‍?” എന്‍റെ മുറി ഹിന്ദി കേട്ട് സഹാതാപം പൂണ്ട മുതലാളി മൊഴിഞ്ഞു: “മൂന്നു രൂപയേയുള്ളൂ!”

ആഹാ, നാലുരൂപ തരേണ്ടിടത്ത് മൂന്നു രൂപയേ ചേയ്ഞ്ചുള്ളൂ എന്ന കാരണത്താല്‍ ഒരു രൂപയും തരാതിരിക്കുക. “ഉള്ളതാവട്ടെ, ആ മൂന്നിങ്ങുതരൂ!” മലയാളത്തില്‍ത്തന്നെ പറഞ്ഞുകൊണ്ട് കൈ നീട്ടുമ്പോള്‍ ‘ഇവനേത് പിശുക്കന്‍’ എന്ന ഭാവത്തിലുള്ള നോട്ടത്തിനെ സൌകര്യപൂര്‍വം അവഗണിക്കേണ്ടി വന്നു.

രൂപയൊക്കെ മാറിയ സ്ഥിതിയ്ക്ക്, ഒരു കാപ്പി കുടിച്ചേക്കാം എന്നു കരുതി ആര്‍ഭാടം അധികമില്ലാത്ത ‘ദേശി കഫേ’യിലേയ്ക്കു നടന്നു. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള സൌകര്യമുള്ളതിനാലും ഫ്ലൈറ്റിനു വേണ്ടി നാലുമണിക്കൂറോളം കാത്തിരിക്കേണ്ടതിനാലും കാപ്പികുടിയോടൊപ്പം ഒരു ചെറുകടിയുമാവാമെന്നു വച്ചു. 192 രൂപ. 200 രൂപ കൊടുത്തപ്പോള്‍ ബാക്കി തരാന്‍ ചേയ്ഞ്ചില്ല!

ഫീയുടെ കാര്യത്തില്‍ ഏറ്റവും കത്തിയായ സിറ്റി കാര്‍ഡുപയോഗിച്ച് പണം കൊടുത്താല്‍, അവരുപോലും “ഫോറിന്‍ റ്റ്രാന്‍സാക്ഷന്‍ ഫീ” എന്ന പേരില്‍ 3% മാത്രമേ പിടുങ്ങൂ.

14 പ്രതികരണങ്ങൾ:

 1. Eccentric

  hahaha kidilam

 2. മൂര്‍ത്തി

  ഇനി എല്ലാം പത്തു രൂപയിലേക്ക് റൌണ്ട് ഓഫ് ചെയ്യുന്ന കാലമാകുമോ?

 3. Holy Goat

  ഹി ഹി :-)

  എനിക്കും ഏകദേശം ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.

 4. ശ്രീ

  എന്നു വച്ച് ചെയ്ഞ്ച് ഇല്ലെന്നും പറഞ്ഞ് 192 നു പകരം 190 കൊടുക്കാനും പറ്റില്ലല്ലോ...

 5. SAJAN | സാജന്‍

  സന്തോഷ്ജി:)
  ഇത്രയൊക്കേ സംഭവിച്ചൊള്ളൂ എന്നോര്‍ത്ത് ആശ്വസിക്കുകയല്ലേ വേണ്ടത്?
  പക്ഷേ ഡൊമസ്റ്റിക്കിലാണ് ഈ പിടിച്ചുപറി എന്നോര്‍ത്ത് മാത്രം വീണ്ടും ഒരു ചെറിയ പ്രയാസി!

 6. അരവിന്ദ് :: aravind

  കഷ്ടം, ഈ അവസ്ഥക്കും ചേഞ്ചില്ല!

 7. അഭയാര്‍ത്ഥി

  കാപ്പികുടിച്ച്‌ ചെയ്ഞ്ചില്ലാന്ന്‌ പറഞ്ഞൂടെ. അടുത്ത തവണ അമേരിക്കാവീന്ന്‌ വരുമ്പ തന്നോളാംന്ന്‌ പറയായിരുന്നില്ലെ.

  കേരളത്തില്‍ പണ്ടൊരു സായിപ്പ്‌ പല പീസുകള്‍ സ്കോച്ച്‌ റ്റൈപ്പ്‌ വച്ച്‌ ഒട്ടിച്ച പത്തുരൂപ നോട്ട്‌ ചാണകപ്പുഴുവിനെ പിടിക്കുന്നതുപോലെ പിടിച്ച്‌ ഭിക്ഷക്കാരന്‌ കൊടുക്കുന്നതും കണ്ടിട്ടുണ്ട്‌.

 8. അഭയാര്‍ത്ഥി

  കാപ്പികുടിച്ച്‌ ചെയ്ഞ്ചില്ലാന്ന്‌ പറഞ്ഞൂടെ. അടുത്ത തവണ അമേരിക്കാവീന്ന്‌ വരുമ്പ തന്നോളാംന്ന്‌ പറയായിരുന്നില്ലെ.

  കേരളത്തില്‍ പണ്ടൊരു സായിപ്പ്‌ പല പീസുകള്‍ സ്കോച്ച്‌ റ്റൈപ്പ്‌ വച്ച്‌ ഒട്ടിച്ച പത്തുരൂപ നോട്ട്‌ ചാണകപ്പുഴുവിനെ പിടിക്കുന്നതുപോലെ പിടിച്ച്‌ ഭിക്ഷക്കാരന്‌ കൊടുക്കുന്നതും കണ്ടിട്ടുണ്ട്‌.

 9. desabhimani

  Sir, This is India! We have good - We have bad! Take money GOOD. Give money BAD! OK? We Indians Ok?

 10. SAJAN | സാജന്‍

  ഇപ്പൊ അവസാനത്തെ പാരാ ഊന്നുകൂടെ വായിച്ചപ്പോ ഒരു ഡൌട്ട്,
  സിറ്റി കാര്‍ഡ് ഫോറിന്‍ ട്രാന്‍സാക്ഷനു (മൊത്തം ബില്ലിന്റെ/ പേയ്മെന്റിന്റെ) 3% ചാര്‍ജ് ചെയ്യുന്നെന്നോ?
  താരതമ്യേന അത് വളരെ ഭീമമായ ഒരു തുകയല്ലേ?

 11. സന്തോഷ്

  അതെ, സാജന്‍. മൊത്തം ബില്ലിന്‍റെ 3%ആണ് സിറ്റി ചാര്‍ജ് ചെയ്യുന്നത്. ഫീ ഒന്നും ചാര്‍ജ് ചെയ്യാത്ത ക്രെഡിറ്റ് കാര്‍ഡുകളുമുണ്ട്.

 12. ഹരിത്

  ചേയ്ഞ്ചില്ലാത്തതു കൊണ്ട് മൊത്തമായിത്തന്നെ അഭിനന്ദിക്കുന്നു. നല്ല പോസ്റ്റ്.

 13. വാല്‍മീകി

  ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ ദിലീപിനെ ഓര്‍‍ത്തുപോയി.

 14. Geetha Geethikal

  കേരളത്തില്‍ മാത്രമാണ് ഈ അസുഖം എന്നാണ് ഇതുവരെ കരുതിയിരുന്നത്...

  ഇതു ഇന്‍ഡ്യ ഒട്ടാകെ ബാധിച്ചു അല്ലേ?