ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, February 10, 2021

ആദിത്യന് വീണ്ടും

പണ്ട് ഇദ്ദേഹം കല്യാണം കഴിക്കാൻ പോകുന്ന വിശേഷം അറിഞ്ഞ് ഒരു ശ്ലോകം എഴുതിയിരുന്നു. അനോണിയായി തുടരുന്ന ആദിത്യന്റെ വിരലുകളും വാച്ചും മാത്രമേ പല പടങ്ങളിലും പതിഞ്ഞിട്ടുള്ളൂ. അതിനാൽ "ആദിക്കു വാച്ചും വിരലും പ്രധാനം" എന്ന ഒരു സമസ്യ ശ്ലോകക്കാർ ഉള്ള ഒരു ഗ്രൂപ്പിൽ അവതരിപ്പിച്ചു.

സമസ്യ ഞാൻ മൂന്നു രീതിയിൽ പൂരിപ്പിച്ചു.

ഒന്ന്
ഗാന്ധിക്കു തുച്ഛം തുണി, നെഹ്രുതന്റേ-
കോട്ടിൽക്കുരുങ്ങും പനിനീരു പുഷ്പം,
ലിങ്കന്നു പൊക്കം, പിണറായി ധാർഷ്ട്യം,
ആദിക്കു വാച്ചും വിരലും പ്രധാനം!

മൂന്നാം വരിയിലെ ലിങ്കൺ മാറ്റിയാൽ തൃതീയാക്ഷര പ്രാസം കിട്ടും (ക്ക). അധികം പൊക്കമുള്ള ഇൻഡ്യൻ രാഷ്ട്രീയക്കാരുടെ പേരുകൾ മൂന്നാം അക്ഷരം ക്ക വരുന്ന രീതിയിൽ കിട്ടാത്തതിനാൽ സർദ്ദാർ പട്ടേലിന്റെ പൊക്കമുള്ള പ്രതിമയെ ആശ്രയിക്കാം എന്നുവച്ചു. അതിനാൽ, ഇങ്ങനെയാക്കി:

രണ്ട്
ഗാന്ധിക്കു തുച്ഛം തുണി, നെഹ്രുതന്റേ-
കോട്ടിൽക്കുരുങ്ങും പനിനീരു പുഷ്പം,
സർദ്ദാർക്കു പൊക്കം, പിണറായി ധാർഷ്ട്യം,
ആദിക്കു വാച്ചും വിരലും പ്രധാനം!

അപ്പോഴാണ് പൊക്കവും ധാർഷ്ട്യവും ദേഹത്ത് അണിഞ്ഞു നടക്കുന്നതല്ലല്ലോ എന്നോർത്തത്. എന്നാൽപ്പിന്നെ പൊക്കവും ധാർഷ്ട്യവും മാറണം. ധാർഷ്ട്യം മാറിയാൽ പിണറായി മാറണം. പിന്നെ വെറുതേ ആ സർദ്ദാർ നമുക്കെന്തിന്? മാറ്റി, രണ്ടിനേയും മാറ്റി.

മൂന്ന്
ഗാന്ധിക്കു തുച്ഛം തുണി, നെഹ്രുതന്റേ-
കോട്ടിൽക്കുരുങ്ങും പനിനീരു പുഷ്പം,
മോദിക്കു ജുബ്ബാ, ഗുജറാൾക്കു ഗോട്ടീ,
യാദിക്കു വാച്ചും വിരലും പ്രധാനം!

വൃത്തം: ഇന്ദ്രവജ്ര

Labels: ,

0 Comments:

Post a Comment

<< Home