ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, July 18, 2026

കേമൻ സതീശൻ!

വി. ഡി. സതീശൻ പതിനഞ്ച് വയസ്സ് തികയുന്നതിന് മുമ്പ് പ്രീഡിഗ്രിക്ക് ചേർന്നു എന്ന വാദം അസാദ്ധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല.

അക്കാലത്ത് സ്കൂളിൽ ചേർക്കുമ്പോൾ ജനനത്തീയതി ഏപ്രിൽ അല്ലെങ്കിൽ മേയ് മാസത്തിലേക്ക് മാറ്റി രേഖപ്പെടുത്തുന്നത് അസാധാരണമല്ലായിരുന്നു. ഒന്നാം ക്ലാസിൽ പ്രവേശിക്കാൻ മേയ് 31-നകം അഞ്ച് വയസ്സ് തികഞ്ഞിരിക്കണം എന്ന നിബന്ധന പാലിക്കാൻ (എന്റേതുൾപ്പെടേ) ജനനത്തീയതി തിരുത്തി രേഖപ്പെടുത്തിയിരുന്നു.

അതുകൊണ്ട്, വി. ഡി. സതീശന്റെ യഥാർത്ഥ ജനനത്തീയതി ജൂൺ മാസത്തിനുശേഷമുള്ള ഏതെങ്കിലും മാസത്തിലായിരിക്കാം എന്ന സാദ്ധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കിൽ ഔദ്യോഗിക രേഖകൾ പ്രകാരം അദ്ദേഹത്തിന് പതിനഞ്ച് വയസ്സ് കഴിഞ്ഞതായി കാണിച്ചാലും, യഥാർത്ഥ പതിനഞ്ചാം ജന്മദിനം പ്രീഡിഗ്രി ക്ലാസുകൾ ആരംഭിച്ചതിന് ശേഷമായിരിക്കാം വന്നത്.

പക്ഷേ, ശ്ലോകമെഴുതുന്നവന് എന്ത് സംക്രാന്തി!
അഞ്ചാംവയസ്സിൽ ചെവികുത്തി, പയ്യ-
ന്നേഴാംവയസ്സി, ല്ലെഴുതാൻ പഠിച്ചൂ!
പത്താംവയസ്സിൽ നുണയും ഹൃദിസ്ഥം,
പ്രീഡിഗ്രി ചേരും പതിനാലിലല്ലോ!

(ഇന്ദ്രവജ്ര)

Labels: ,

Saturday, February 28, 2026

ഹൃദിസ്ഥമീശ്വരം ത്യക്ത്വാ

ചങ്കിൽപ്പടച്ചോൻ കുടികെട്ടിയാലും
ബിംബം നമിക്കാനുഴലുന്നു, ലോകർ!
കൈപ്പിന്നിലൊട്ടും ചെറുവറ്റു നക്കാൻ
കയ്യും കമഴ്ത്തിക്കളയുന്നു ഭോജ്യം!

(വൃത്തം: ഇന്ദ്രവജ്ര)

സംസ്കൃതത്തിൽ ശ്ലോകം ഈ മാതിരിയെന്ന് ChatGPT:
ഹൃദിസ്ഥമീശ്വരം ത്യക്ത്വാ
ബഹിഃപൂജാം കരോതി യഃ
കരസ്ഥം പായസം ത്യക്ത്വാ
ലിഹദ്വൈ കൂർപരം സ്വകം

(വൃത്തം: പത്ഥ്യാവക്ത്രം)

Labels: , , ,

Tuesday, December 30, 2025

ഇറോട്ടിക് കവികൾ

വെറുതേ ശ്ലോകംമാത്രം എഴുതിനടക്കുന്നവരെ കവികൾ എന്നു വിളിക്കാറില്ല. അല്ലായിരുന്നെങ്കിൽ ഇവിടെ പലരേയും ഇറോട്ടിക് കവികൾ എന്നു വിളിക്കേണ്ടിവരുമായിരുന്നു.

അമരുകശതകത്തിലെ ഏതാനും ശ്ലോകങ്ങൾ ഇന്ദ്രവജ്രയിൽ മാറ്റിയെഴുതിയത് അഞ്ചുവർഷങ്ങൾക്ക് മുമ്പാണ്. സ്രഗ്ദ്ധര, ശാർദ്ദൂലവിക്രീഡിതം, കുസുമമഞ്ജരി തുടങ്ങിയ ദീർഘവൃത്തങ്ങളിലുള്ള ശ്ലോകങ്ങൾ ഒരുവരിയിൽ പതിനൊന്ന് അക്ഷരം മാത്രമുള്ള ഇന്ദ്രവജ്രയിൽ "പരിഭാഷ"പ്പെടുത്തുമ്പോൾ മൂലശ്ലോകത്തിലെ ആശയങ്ങളെല്ലാം ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതിനാൽ ഈ മൊഴിമാറ്റങ്ങളെ പരിഭാഷ എന്നുവിളിക്കുന്നതിൽ പന്തികേടുണ്ട്.

എന്നാലും അക്കാദമികതാല്പര്യപ്രകാരം (!) രതിജന്യമായ മൂന്ന് ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു. സംസ്കൃതശ്ലോകങ്ങൾക്ക് Umesh P Narendran രചിച്ച മലയാളപരിഭാഷയെ അധികരിച്ചാണ് ഞാൻ അവയെ ഇന്ദ്രവജ്രയിൽ ആക്കിയത്.

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ഗാഢാലിംഗന വാമനീകൃത കുചപ്രോദ്ഭിന്നരോമോദ്ഗമാ
സാന്ദ്രസ്നേഹ രസാതിരേക വിഗളത് കാഞ്ചിപ്രദേശാംബരാ
"മാ മാ മാനദ മാതി മാമല"മിതി ക്ഷാമാക്ഷരോല്ലാപിനീ
സുപ്താ കിം നു മൃതാ നു കിം മനസി മേ ലീനാ വിലീനാ നു കിം

എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
പേർത്തും പുണർന്നും മുലകൾ ഞെരുക്കി
കത്തുന്ന കാമം തുണിയൂരി മാറ്റി
"നിർത്തൂ" പറഞ്ഞിട്ടവൾ താഴെ വീണൂ
ചത്തോ, ശയിച്ചോ, ഹൃദയേ ലയിച്ചോ?

മൂലശ്ലോകം (ശാർദ്ദൂലവിക്രീഡിതം):
പുഷ്പോൽഭേദമവാപ്യ കേളിശയനാദ്ദൂരസ്ഥയാ ചുംബനേ
കാന്തേന സ്ഫുരിതാധരേണ നിഭൃതം ഭ്രൂസംജ്ഞയാ യാചിതേ
ആച്ഛാദ്യ സ്മിതപൂർണ്ണഗണ്ഡഫലകം ചേലാഞ്ചലേനാനനം
മന്ദാന്ദോളിതകുണ്ഡലസ്തബകയാ തമ്പ്യാ വിധൂതം ശിരഃ

എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
തീണ്ടാരിയായോൾക്കൊരുമുത്തമേകാൻ
ചുണ്ടാലമർത്തിക്കൊതിയോടെനിൽക്കാൻ
കണ്ടാലുമീ ഞാൻ മിഴിയാൽ നടത്തും
കൊണ്ടാട്ടമെല്ലാം! മറയാതെ പെണ്ണേ!

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ദൃഷ്ടഃ കാതരനേത്രയാ ചിരതരം ബദ്ധ്വാഞ്ജലിം യാചിതഃ
പശ്ചാദംശുകപല്ലവേ ച വിധൃതോ നിർവ്യാജമാലിംഗിതഃ
ഇത്യാക്ഷിപ്യ സമസ്തമേവമഘൃണോഗന്തും പ്രവൃത്തശ്ശഠഃ
പൂർവം പ്രാണപരിഗ്രഹോ ദയിതയാമുക്തസ്തതോ വല്ലഭഃ

എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
ചങ്കും ചുവപ്പിച്ചു, കരം നമിച്ചൂ,
ചങ്കിന്നെ നന്നായ്ത്തഴുകീ, കുമാരീ!
പങ്കൻ ക്ഷണത്താൽത്തടിയൂരിയപ്പോൾ
മങ്കയ്ക്കു പുല്ലാണുയിരും പുമാനും.

(അമരുകശതകത്തിലെ എല്ലാ ശ്ലോകങ്ങളും ഇതുപോലെ മൊഴിമാറ്റണം എന്നുണ്ടായിരുന്നു. അധികം പ്രോത്സാഹനം കിട്ടിയില്ല. 😃)

Labels: , ,

Monday, September 01, 2025

ലോകഃ

മലയാളത്തിൽ/സംസ്കൃതത്തിൽ ലോകഃ എന്ന് എഴുതുന്നത് ഇംഗ്ലീഷിൽ ആക്കുമ്പോൾ Lokah എന്നുമാത്രം മതി, അതുകഴിഞ്ഞുള്ള colon (:) ആവശ്യമില്ല. മലയാളത്തിൽ അപൂര്‍ണവിരാമമോ (:) വിസ്സർഗ്ഗമോ (ഃ) ഉപയോഗിക്കാം. രണ്ടും രണ്ടുകാര്യങ്ങളാണ് അർത്ഥമാക്കുന്നത് എന്നുമാത്രം.

റിവ്യൂ എഴുതി വച്ചിട്ടാണ് ലോകഃ കാണാൻ പോയത്. കണ്ടുകഴിഞ്ഞപ്പോൾ എഴുതിവച്ച അഭിപ്രായമായിരുന്നില്ല. അതിനാൽ രണ്ടാമത് വീണ്ടും എഴുതി. മകളുടെ അഭിപ്രായപ്രകാരം ആക്ടീവ് എൻഡോഴ്സ്മെന്റ് തന്നെ ആയിക്കോട്ടേ എന്നുവച്ചു.

കാണുംമുമ്പ് എഴുതിയത്:
മിണ്ടാതെ കണ്ടാൽ സുകൃതം ലഭിക്കും
മിണ്ടിപ്പറഞ്ഞാലടിയും സമൃദ്ധം!
ലോകാവസാനം വരെയും ജപിക്കാം:
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!

കണ്ടുകഴിഞ്ഞ് എഴുതിയത്:
നീലാംബരത്തോളമുയർന്നു പൊങ്ങീ
നീലീതരംഗം വിപിനാഗ്നി പോലേ
ഈ ലോകമാകെപ്പടരുന്നു ശീഘ്രം
മാലോകരേ, കാണുക ചന്ദ്രലോകം!

(രണ്ടു ശ്ലോകങ്ങളും ഇന്ദ്രവജ്രയിൽ)

Labels: , ,

Sunday, August 31, 2025

ഫലമുഖിയും ടിട്ടിഭനടനവും

നാലഞ്ചു ദിവസം മുമ്പ് ശ്രീമാൻ Anjit Unni അതികഠിനമായ പ്രയാസങ്ങളെ തരണം ചെയ്ത് ഓണസദ്യ തയ്യാറാക്കിയതായി പ്രഖ്യാപിച്ചിരുന്നു. താൻ സാധാരണ ആശ്രയിക്കാറുള്ള നാടൻ ശീലുകളിൽ നിന്നും മാറ്റിപ്പിടിച്ച് സ്വയം കണ്ടുപിടിച്ച ടിട്ടിഭനടനം എന്ന വൃത്തത്തിൽ സദ്യയുണ്ടാക്കുന്ന രീതി അദ്ദേഹം ഒരു ശ്ലോകമായി അവതരിപ്പിക്കുകയായിരുന്നു.

ശ്ലോകങ്ങളെപ്പറ്റി പര്യവേഷണം നടത്തുന്ന ചില യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ (കേരള, UT, UPenn) പ്രസ്തുത ശ്ലോകവും അതിന് അൻജിത് നൽകിയിരിക്കുന്ന ലക്ഷണവും പഠിച്ച് അഭിപ്രായം പറയണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. ജീവിതം ഭാഷാഗവേഷണത്തിന് ഉഴിഞ്ഞുവച്ചിരിക്കുന്ന എനിക്ക് ഈ ദൌത്യം ഏറ്റെടുക്കുന്നതിൽ സന്തോഷമേയുണ്ടായിരുന്നുള്ളൂ.

ശ്ലോകങ്ങൾ ആധികാരികമാക്കാനുള്ള ആദ്യപടി വിക്കിപ്പീഡിയയിലോ, അതുമല്ലെങ്കിൽ കുറഞ്ഞപക്ഷം വൃത്തമഞ്ജരി എന്നൊരു പഴയപുസ്തകത്തിലോ പേരും ലക്ഷണവും (നിർബന്ധം) ഉദാഹരണവും (നിർബന്ധമല്ല) രജിസ്റ്റർ ചെയ്യുക എന്നതാണ്. ടിട്ടിഭനടനം ഇതുവരെ വിക്കിപ്പീഡിയയിലും വൃത്തമഞ്ജരിയിലും ചേർത്തിട്ടില്ല. (ഇതിന് അപൂർവ്വം ചില അപവാദങ്ങളുണ്ട്. ഈ ലേഖകൻ തയ്യാറാക്കിയ ദിവ്യ എന്ന വൃത്തം നോക്കുക.)

ഇനി, പൊതുവായി വൃത്തനിർമ്മാതാക്കളും ശ്ലോകരചയിതാക്കളും പിന്തുടർന്നു വരുന്ന സമ്പ്രദായങ്ങളുണ്ട്. മറ്റേതു നിബന്ധനകളിൽ വെള്ളം ചേർത്താലും ചില ലോകാചാരങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാൻ വൃത്ത/ശ്ലോകാദികളുടെ താക്കോൽസൂക്ഷിപ്പുകാരായ എന്നെപ്പോലെയുള്ള പൂര്‍വ്വാചാരശ്രദ്ധക്കാർക്ക് പറ്റില്ല എന്ന് പറയേണ്ടതില്ലല്ലോ. മാറ്റാൻ അനുവദിക്കാത്ത ആചാരങ്ങളിലൊന്നാണ് വൃത്തലക്ഷണം പറയുന്നത് ആ വൃത്തത്തിൽ തന്നെ ആവണം എന്നത്. ഉദാഹരണമായി, പാവങ്ങളുടെ ശാർദ്ദൂലവിക്രീഡിതമായി 2024 മുതൽ അറിയപ്പെടുന്ന ഇന്ദ്രവജ എന്ന വൃത്തത്തിന്റെ ലക്ഷണം (കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം) ഇന്ദ്രവജ്രയിലാണ് പറയുന്നത്.

അങ്ങനെ വരുമ്പോൾ ടിട്ടിഭനടനം എന്ന വൃത്തലക്ഷണം ടിട്ടിഭനടനത്തിൽ ആണ് പറയേണ്ടത്.

അൻജിത് ടിട്ടിഭനടനത്തിന്റെ ലക്ഷണമായി പറയുന്നത്:
ഇട്ടു കഷ്ടപെട്ടുത്തും പോൽ
ട്ടകാരം തോന്നും പോലെ ചേർക്കുകിൽ
കിട്ടും പലമാതിരിയത്
ടിട്ടിഭനടനമായിടും

ഇതിൽ കഷ്ടപ്പെടുത്തുംപോൽ ട്ട-കാരം ചേർത്തിട്ടുള്ളതിനാൽ ടിട്ടിഭനടനം ലക്ഷണം ടിട്ടിഭനടനത്തിൽ ആണ് പറഞ്ഞിരിക്കുന്നത് എന്നതിൽ സംശയിക്കേണ്ടതില്ല.

ഇനിയാണ് വിഷമകരമായ മൂന്നാം ടെസ്റ്റ്. ടിട്ടിഭനടനം വൃത്തത്തിൽ എഴുതിയ ശ്ലോകങ്ങളെ ഗണംതിരിച്ചോ പാടിമറിച്ചോ ടിട്ടിഭനടനമാണെന്ന് എങ്ങനെ മനസ്സിലാക്കാം?

ഉദാഹരണമായി, ഇതാ ഒരു ശ്ലോകം:
ഞെട്ടി, കഷ്ടതയധികവും
കിട്ടുമാറു വരിനിറയേ
"ഇട്ട" ചേർക്കുക കവിവരേ-
ചുട്ട ടിട്ടിഭനടനമായ്!

ടിട്ടിഭനടനത്തിന്റെ ലക്ഷണങ്ങൾ ഉള്ളതിനാൽ സ്വാഭാവികമായും ഞാനെഴുതിയ ഈ വരികൾ ടിട്ടിഭനടനമാണോ എന്ന് പണ്ഠിതരും പഠിതാക്കളും ഒരുപോലെ സംശയിച്ചു പോകും. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഈ വരികൾ ഫലമുഖി എന്ന വൃത്തത്തിലാണ്. ലക്ഷണം: രംനസം ഫലമുഖിയതാം. ഫലമുഖിക്ക് വിക്കിപ്പീഡിയയിലും വൃത്തമഞ്ജരിയിലും അംഗത്വമുണ്ട്. വൃത്തലക്ഷണം ഫലമുഖിയിൽ തന്നെയാണ്. ഫലമുഖിയിൽ എഴുതിയ ശ്ലോകങ്ങളെ ഏതു പാതിരാത്രിയിലും സംശയമില്ലാതെ തിരിച്ചറിയാം.

ചുരുക്കത്തിൽ, ടിട്ടിഭനടനം അംഗീകരിക്കപ്പെടണമെങ്കിൽ അൻജിത് ഇനിയും പരിശ്രമിക്കണം എന്നുപറഞ്ഞുകൊണ്ട് ഈ റിപ്പോർട്ട് അക്കാദമികലോകത്തിന് സമർപ്പിക്കുന്നു.

Labels: , , ,

Saturday, August 30, 2025

താമരക്കിളിപ്പാട്ടുകൾ

അങ്ങനെയിരിക്കുമ്പോഴാണ് മൂന്നാംപക്കം എന്ന സിനിമയിലെ താമരക്കിളിയെ ചിത്രയും എംജി ശ്രീകുമാറും രണ്ടുരീതിയിലാണ് പാടിക്കുന്നത് എന്ന് ശ്രദ്ധിക്കുന്നത്.
തൈതൈയെടുത്തും നിരയൊത്തു നിന്നും
കണ്ടങ്ങളിൽ നെൽച്ചെടിവച്ചു കൂട്ടർ
"തെയ് തെയ്" ന്നു പാടാൻ മടിയായ ചിത്രാ-
"തൈ തൈ" ന്നു പാടിക്കിളിയെപ്പറത്തീ!

(വൃത്തം: ഇന്ദ്രവജ്ര. കേൾ, ഇന്ദ്രവജ്രയ്ക്കു തതം ജഗംഗം)

Labels: , ,

Sunday, December 29, 2024

കാശിന്നു കൊള്ളാത്തവർ

റെഫറൻസിന് വേണ്ടി ഒരു പുസ്തകം നോക്കിയതാണ്. അപ്പോഴതാ ഒരു വാചകം: "നിശ്ശബ്ദമായി നിന്ന രാത്രിയുടേയും ലോകത്തെ നിരീക്ഷിക്കുന്ന ചന്ദ്രന്റെയും സൂക്ഷ്മചിത്രം നമുക്ക് ലഭിക്കുന്നു."

എന്നാൽപ്പിന്നെ ഇതും ഇൻഡ്യയുടെ തോൽവിയും മുൻനിർത്തി ഇന്ദ്രവജ്രയിൽ:
നിശ്ശബ്ദമായിക്കരികാലരാത്രി;
വിശ്വത്തെ വീക്ഷിച്ചു സദാ ശശാങ്കൻ!
യശ്ശസ്വി, ബുംറാ, ഋഷഭും കഴിഞ്ഞാൽ-
കാശ്ശിന്നു കൊള്ളുന്നവരില്ല ടീമിൽ!

വൃത്തം: ഇന്ദ്രവജ്ര

Labels: ,

Saturday, October 19, 2024

നിലപാട്

(കോൺഗ്രസ് നേതാവായിരുന്ന സരിൻ പാർട്ടി വിട്ട് പാലക്കാട്ട് ഇടതുപക്ഷ സ്ഥാനാർത്ഥി ആയതിനെത്തുടർന്ന് എഴുതിയത്) നിലപാടിൽ മാറ്റമില്ല. ഇത്രനാളും ഫേസ്ബുക്കിൽ ആയിരുന്നു. ഇനി പാലക്കാടൻ ചുമരുകളിൽ.
കട്ടയ്ക്കു നിൽക്കൂ, കഥയെന്തുമാട്ടേ,
ഫേയ്സ്ബുക്കു മാറ്റി, ച്ചുമരിൽത്തുടങ്ങാം!
ഞെട്ടേണ്ട തോഴാ പണി പിന്നെയും "തേ-
ച്ചൊട്ടിക്കണം, നാം" നിലപാടു മുഖ്യം!

(ഇന്ദ്രവജ്ര)

Vr Ragesh-ന്റെ കാർട്ടൂണിന്റെ തുണ്ടിനോട് കടപ്പാട്.

Labels: ,

Sunday, September 29, 2024

പുല്ലു തീറ്റിക്കാത്ത പട്ടികൾ

പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെക്കൊണ്ടു തീറ്റിക്കുകയുമില്ല എന്നാണ് മലയാളത്തിൽ. പ്രാസം കാരണമാവും പട്ടിയോടൊപ്പം പശു വന്നത്.

The Dog in the Manger ഗ്രീക്ക് കഥകളിൽ സാധാരണ barn-ൽ ഉള്ള വൈക്കോൽ തിന്നാനെത്തുന്നത് കാള, കുതിര തുടങ്ങിയ മൃഗങ്ങളാണ്. Gospel of Thomas Saying 102 പലവിധത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട്:
𝑊𝑜𝑒 𝑡𝑜 𝑡ℎ𝑒 𝑃ℎ𝑎𝑟𝑖𝑠𝑒𝑒𝑠, 𝑓𝑜𝑟 𝑡ℎ𝑒𝑦 𝑎𝑟𝑒 𝑙𝑖𝑘𝑒 𝑎 𝑑𝑜𝑔 𝑙𝑦𝑖𝑛𝑔 𝑖𝑛 𝑡ℎ𝑒 𝑚𝑎𝑛𝑔𝑒𝑟 𝑜𝑓 𝑡ℎ𝑒 𝑐𝑎𝑡𝑡𝑙𝑒; 𝑓𝑜𝑟 ℎ𝑒 𝑛𝑒𝑖𝑡ℎ𝑒𝑟 𝑒𝑎𝑡𝑠 𝑛𝑜𝑟 𝑑𝑜𝑒𝑠 ℎ𝑒 𝑙𝑒𝑡 𝑡ℎ𝑒 𝑐𝑎𝑡𝑡𝑙𝑒 𝑒𝑎𝑡

എന്ന് ഒരു വിധം.
𝐶𝑢𝑟𝑠𝑒𝑑 𝑎𝑟𝑒 𝑡ℎ𝑒𝑦, 𝑡ℎ𝑒 𝑃ℎ𝑎𝑟𝑖𝑠𝑒𝑒𝑠, 𝑏𝑒𝑐𝑎𝑢𝑠𝑒 𝑡ℎ𝑒𝑦 𝑎𝑟𝑒 𝑙𝑖𝑘𝑒 𝑎 𝑑𝑜𝑔 𝑤ℎ𝑖𝑐ℎ ℎ𝑎𝑠 𝑙𝑎𝑖𝑛 𝑖𝑛 𝑡ℎ𝑒 𝑐𝑎𝑡𝑡𝑙𝑒 𝑚𝑎𝑛𝑔𝑒𝑟, 𝑏𝑢𝑡 𝑤𝑖𝑙𝑙 𝑛𝑒𝑖𝑡ℎ𝑒𝑟 𝑒𝑎𝑡 𝑛𝑜𝑟 𝑎𝑙𝑙𝑜𝑤 𝑡ℎ𝑒 𝑜𝑥𝑒𝑛 𝑡𝑜 𝑒𝑎𝑡 𝑖𝑡

എന്ന് മറ്റൊരു വിധം.

John Gower’s Confessio Amantis:
𝑇ℎ𝑜𝑢𝑔ℎ 𝑖𝑡 𝑏𝑒 𝑛𝑜𝑡 𝑡ℎ𝑒 ℎ𝑜𝑢𝑛𝑑'𝑠 ℎ𝑎𝑏𝑖𝑡
𝑇𝑜 𝑒𝑎𝑡 𝑐ℎ𝑎𝑓𝑓, 𝑦𝑒𝑡 𝑤𝑖𝑙𝑙 ℎ𝑒 𝑤𝑎𝑟𝑛 𝑜𝑓𝑓
𝐴𝑛 𝑜𝑥 𝑡ℎ𝑎𝑡 𝑐𝑜𝑚𝑚𝑒𝑡ℎ 𝑡𝑜 𝑡ℎ𝑒 𝑏𝑎𝑟𝑛
𝑇ℎ𝑒𝑟𝑒𝑜𝑓 𝑡𝑜 𝑡𝑎𝑘𝑒 𝑢𝑝 𝑎𝑛𝑦 𝑓𝑜𝑜𝑑.

ചക്കാത്തും കാളയ്ക്ക് പ്രായമായതും പട്ടിക്കുള്ള തെറിയുമൊക്കെ കയ്യിൽ നിന്നിട്ട് ഇക്കാര്യം ഇന്ദ്രവജ്രയിൽ പറഞ്ഞാൽ,
ചക്കാത്തിനല്പം പുതുകച്ചി തേടീ-
ട്ടെങ്ങാനുമേതോ മുതുകാള വന്നാൽ
വയ്ക്കോലു തീറ്റീം പതിവില്ല, യെന്നാ-
ലൊട്ടും കൊടുക്കാ, ക്കഴുവേറി നായും!

വൃത്തം: ഇന്ദ്രവജ്ര

Labels: ,

Monday, September 02, 2024

മുകളിൽ ആകാശം

ഒരു കോവൈയാത്രക്കിടയിൽ. എന്തൊരാകാശം .. ആകാശം കാണണമെങ്കിൽ കേരളം വിടണം. കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു കീറാകാശമേ മലയാളിക്ക് ഉള്ളു. മലയാള മനസ്സു പോലെത്തന്നെ.

നല്ല ആകാശം കാണണമെങ്കിൽ ഇങ്ങ് സീയാറ്റിലിൽ വരണം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നീണ്ടുനിവർന്നു കിടക്കുകയല്ലേ! എന്നാൽ കേരം തിങ്ങും കേരളനാട്ടിൽ ഇതാണോ സ്ഥിതി?
ഒന്നാന്തി കള്ളും മയമുള്ള തള്ളും
പണ്ടേ മറഞ്ഞൂ! കലികാലമല്ലേ?
ഇന്നില്ല കഷ്ടം, കവിതന്റെ വിണ്ണും:
പൊന്നേ, മടുത്തീ മലയാള ജന്മം!

(വൃത്തം: ഇന്ദ്രവജ്ര)

Labels: ,

Monday, July 01, 2024

മെറ്റയ്ക്കു പറ്റിയത്

𝑊ℎ𝑒𝑛 𝑀𝑒𝑡𝑎 𝐴𝐼 (𝑚𝑎𝑑𝑒 𝑤𝑖𝑡ℎ 𝐿𝑙𝑎𝑚𝑎 3) ℎ𝑖𝑡 𝐼𝑛𝑑𝑖𝑎:
തെറ്റല്ലയോ ചെയ്തതു? ലാമ മൂപ്പു-
മുറ്റുന്നതിന്മുമ്പതു ചാറ്റിലാക്കി!
പറ്റുന്നതും സൂക്ഷ്മതയാർന്നു വേണം
മെറ്റേടെ 'ഏ ഐ' ഉപയോഗമാക്കാൻ!

(ഇന്ദ്രവജ്ര)

Labels: , ,

Monday, June 24, 2024

അച്ചാറും പിക്കിളും

𝐴𝑐ℎ𝑎𝑎𝑟 𝑖𝑠 𝑛𝑜𝑡 𝑝𝑖𝑐𝑘𝑙𝑒. 𝐸𝑛𝑔𝑙𝑖𝑠ℎ 𝑑𝑜𝑒𝑠𝑛'𝑡 ℎ𝑎𝑣𝑒 𝑎 𝑤𝑜𝑟𝑑 𝑓𝑜𝑟 𝑎𝑐ℎ𝑎𝑎𝑟. 𝐴𝑐ℎ𝑎𝑎𝑟 𝑖𝑠 𝑎 𝑔𝑙𝑜𝑟𝑖𝑜𝑢𝑠 𝑒𝑥𝑝𝑙𝑜𝑠𝑖𝑜𝑛 𝑜𝑓 𝑓𝑙𝑎𝑣𝑜𝑢𝑟𝑠. 𝐴 𝑝𝑖𝑐𝑘𝑙𝑒 𝑖𝑠 𝑎 𝑑𝑒𝑝𝑟𝑒𝑠𝑠𝑒𝑑 𝑐𝑢𝑐𝑢𝑚𝑏𝑒𝑟 𝑡ℎ𝑎𝑡 𝑑𝑟𝑜𝑤𝑛𝑒𝑑 𝑖𝑛 𝑣𝑖𝑛𝑒𝑔𝑎𝑟. 𝑇ℎ𝑒𝑦 𝑎𝑟𝑒 𝑛𝑜𝑡 𝑡ℎ𝑒 𝑠𝑎𝑚𝑒.

എന്ന മൊഴിമുത്ത് X-ൽ നിന്നും പൊക്കിയെടുത്തത് Rajeeve Chelanat ആണ്. ഇതുകണ്ടതും ആധുനിക കവികൾക്ക് ഇരിക്കപ്പൊറുതിയില്ലാതായി. Umesh P Narendran-നും Prajesh Panicker-ഉം ഉടൻതന്നെ ശാർദ്ദൂലവിക്രീഡിതം പുറത്തെടുത്തു. പാവങ്ങളുടെ ശാർദ്ദൂലവിക്രീഡിതമായ ഇന്ദ്രവജ്ര പരിഭാഷയ്ക്ക് യോജിച്ചതല്ലാത്തതിനാലും ആ കാരണം blessing in disguise ആയതിനാലും എന്റെ സ്ഥിരം പരിപാടിയായ "വിദൂര പരിഭാഷ*" കൊണ്ട് ശ്ലോകപ്രേമികൾ തൃപ്തിപ്പെടണം.
അച്ചാറിനൊക്കും പദമില്ല, ലോകം-
വച്ചാദരിക്കും മൊഴി, യാംഗലത്തിൽ
തെച്ചിത്തെറിക്കും രുചിതന്റെ മുന്നിൽ
കൊച്ചായപോൽ മുങ്ങണു പിക്കിളമ്പോ!

* വിദൂര പരിഭാഷ = "ഇതും ഒറിജിനലും തമ്മിൽ എന്തു ബന്ധം?" എന്ന് ചോദിക്കുന്നതിനുള്ള മുൻകൂർ ജാമ്യം.

(ഇന്ദ്രവജ്ര)

Labels: ,

Wednesday, May 29, 2024

പാവം ഗാന്ധി

കാറ്റാടി കണ്ടും നഭസിൽപ്പറന്നും
കാറ്റുള്ളകാര്യം മനുജൻ ഗ്രഹിച്ചൂ,
ആറ്റൻബ്ബറോ തൻ സിനിമാ നിമിത്തം
കൂറ്റൻ പ്രശസ്തിക്കിരയായി ഗാന്ധി!

(ഇന്ദ്രവജ്ര)

Labels: ,

Sunday, March 17, 2024

കോവിയും ഗോപിയും

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ അനുഗ്രഹിക്കാൻ തൃശൂരിലെ പ്രശസ്തനായ ഡോക്ടർ തന്റെ പേഷ്യന്റുകൂടിയായ കലാമണ്ഡലം ഗോപിയോട് പറഞ്ഞുപോലും. അനുഗ്രഹിച്ചാൽ പദ്മഭൂഷൺ സംഘടിപ്പിച്ചു കൊടുക്കും എന്നായിരുന്നു വാഗ്ദാനം. പോയി പണിനോക്കെടോ എന്ന് ഗോപിയാശാന്റെ മറുപടി.
കോവീടെ നന്മയ്ക്കിടയായി നിൽക്കാൻ
കാവീധരന്മാർ നിരയായ് വിളിച്ചൂ!
കോപം വരുത്താതവരോടു ചൊല്ലീ:
"ഗോപിക്കു പദ്മം മയിരാണു നൂനം!"

(വൃത്തം: ഇന്ദ്രവജ്ര)

Labels: ,

Sunday, October 22, 2023

കിംഗ് കോലിയുടെ വ്യഥ

ബംഗ്ലാദേശുമായി നടന്ന ലോകകപ്പ് മാച്ചിൽ വഴികാണിച്ചു. ഇന്ന് ന്യൂസീലാൻഡുമായുള്ള മത്സരത്തിൽ പറഞ്ഞുകളിപ്പിച്ചു സെഞ്ച്വറി അടിപ്പിക്കാൻ KL രാഹുൽ കൂടെയുണ്ടായില്ല.
"തെണ്ടുൽക്കറെത്തോളിലെടുത്ത പയ്യൻ,
പോണ്ടിങ്ങുമായിപ്പൊരുതിജ്ജയിപ്പോൻ!"
കണ്ടീലയോ 'കിങ്ങി'നു നൂറടിക്കാൻ
പണ്ടാരമീ രാഹുലു കൂട്ടുവേണം!

വൃത്തം: ഇന്ദ്രവജ്ര

Labels: , ,

Saturday, February 26, 2022

കട്ടൻ കാപ്പി ഉണ്ടായത്

വെണ്ണതിന്ന് കണ്ണന് മേദസ്സ് വന്നപ്പോൾ അതിന് യശോദ കണ്ടുപിടിച്ച മരുന്നാണ് കട്ടൻകാപ്പി എന്ന ഹരിദാസിന്റെ ശ്ലോകത്തിനുള്ള മറുപടി.
കാലത്തു വീണ്ടും കടതെണ്ടിയിട്ടും
പാലും മറന്നൂ പൊടിയും മറന്നൂ!
ചേലൊത്ത ചായയ്ക്കൊരു മാർഗ്ഗമില്ലാ-
തേലുന്ന നേരം പിറകൊണ്ടു കാപ്പി!

വൃത്തം: ഇന്ദ്രവജ്ര

Labels: ,

Monday, February 21, 2022

നല്ല പയ്യൻസ്

കൃഷ്ണൻ കല്യാണാലോചനയുമായി വന്നപ്പോൾ പരിചയക്കാർ പറഞ്ഞ അഭിപ്രായം.
ചൊല്ലേണ്ട പയ്യന്റെ ഗുണം, നിനച്ചാ-
ലിന്നാട്ടിലേറ്റം മഹനീയ കോഴി!
കല്യാണമാലോചനയൊത്തുവന്നാൽ
കണ്ടം വഴിയ്ക്കോടുക പെണ്ണു വീട്ടാർ!

വൃത്തം: ഇന്ദ്രവജ്ര

Labels: ,

Thursday, November 11, 2021

ദിവ്യ

നമ്മുടെ ഇരുപതാം വിവാഹവർഷികത്തിന് ദിവ്യ എന്ന ഒരു പുതിയ സംസ്കൃതവൃത്തം അവതരിപ്പിക്കുന്നു.

'സ'ഗണം കഴിഞ്ഞ് മൂന്ന് 'യ'ഗണം വരുന്ന സമവൃത്തമാണ് ദിവ്യ (സമവായം എന്നൊന്നും വരികൾക്കിടയിൽ വായിക്കരുത്).

വൃത്തങ്ങളുടെ ലക്ഷണം സാധാരണ ആ വൃത്തത്തിൽത്തന്നെയാണ് പറയാറുള്ളത്. അതിനാൽ, ദിവ്യ എന്ന വൃത്തത്തിന്റെ ലക്ഷണം "സയയം യ ചേർന്നാലതാകുന്നു ദിവ്യ" എന്നു നിശ്ചയിച്ചിരിക്കുന്നു. (ഈ വരി ദിവ്യ വൃത്തത്തിലാണ്.)

ദിവ്യ വൃത്തത്തിൽ എഴുതിയ ഒരു ശ്ലോകം:
അരികത്തിരുന്നിട്ടു തല്ലിത്തളർന്നും
കരമൊത്തു നൃത്തം ചവുട്ടിത്തിമിർത്തും
പരുവത്തിലൊക്കെസ്സുഖിച്ചും തപിച്ചും
ഇരുപത്തു കൊല്ലം കഴിഞ്ഞെത്ര വേഗം!

ദിവ്യ വൃത്തം നല്ല താളാത്മകമാണ്. സംസ്കൃതത്തിലെ മറ്റുചില വൃത്തങ്ങളുമായി ദിവ്യയ്ക്ക് അടുപ്പവും സാദൃശ്യവുമുണ്ട്.

ഉദാഹരണമായി,
  • ഭുജംഗപ്രയാതത്തിന്റെ (യകാരങ്ങൾ നാലോ ഭുജംഗപ്രയാതം) നാലു യഗണങ്ങളിൽ ആദ്യ യഗണം സഗണം ആയാൽ ദിവ്യ ആയി. അതായത്, ഭുജംഗപ്രയാതത്തിന്റെ രണ്ടാമക്ഷരം ഗുരുവിൽ നിന്നും ലഘു ആകുന്നു.
  • കോകരതത്തിന്റെ (സയസം യവും കോകരതാഖ്യവൃത്തം) രണ്ടാം സഗണം യഗണം ആയാൽ ദിവ്യ. അതായത്, കോകരതത്തിന്റെ എട്ടാം അക്ഷരം ലഘുവിൽ നിന്നും ഗുരു ആകുന്നു. (ഇന്ദ്രവജ്രയുടെ ആദ്യഗുരുവിനു പകരം രണ്ടു ലഘുക്കളായാൽ കോകരതമായി.)
  • ഇന്ദ്രവജ്രയിൽ (കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം) ഏഴാമക്ഷരം ഗുരുവായാൽ കല്യാണി എന്ന വൃത്തമാവും (കല്യാണി തഗണം മൂന്നു ഗുരുരണ്ടോടു ചേരുകിൽ). കല്യാണിയുടെ ആദ്യഗുരുവിനു പകരം രണ്ടു ലഘു ആകുമ്പോൾ കിട്ടുന്ന വൃത്തമാണ് ദിവ്യ.
വൃത്തം: ദിവ്യ (സയയം യ ചേർന്നാലതാകുന്നു ദിവ്യ)

Labels: , , , , ,

Tuesday, July 20, 2021

കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാണോ

കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാണോ! എന്ന സമസ്യയുടെ പൂരണം.
ചേലാണ്ട കാമാക്ഷികളെത്രയെണ്ണം
ഭൂമണ്ഡലത്തിൽത്തിരിയുന്നു നിത്യം!
കാണേണ്ടൊരക്കാഴ്ച പിഴച്ചുവെന്നാൽ
കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാണോ!

വൃത്തം: ഇന്ദ്രവജ്ര

Labels: , , ,

Wednesday, February 10, 2021

ആദിത്യന് വീണ്ടും

പണ്ട് ഇദ്ദേഹം കല്യാണം കഴിക്കാൻ പോകുന്ന വിശേഷം അറിഞ്ഞ് ഒരു ശ്ലോകം എഴുതിയിരുന്നു. അനോണിയായി തുടരുന്ന ആദിത്യന്റെ വിരലുകളും വാച്ചും മാത്രമേ പല പടങ്ങളിലും പതിഞ്ഞിട്ടുള്ളൂ. അതിനാൽ "ആദിക്കു വാച്ചും വിരലും പ്രധാനം" എന്ന ഒരു സമസ്യ ശ്ലോകക്കാർ ഉള്ള ഒരു ഗ്രൂപ്പിൽ അവതരിപ്പിച്ചു.

സമസ്യ ഞാൻ മൂന്നു രീതിയിൽ പൂരിപ്പിച്ചു.

ഒന്ന്
ഗാന്ധിക്കു തുച്ഛം തുണി, നെഹ്രുതന്റേ-
കോട്ടിൽക്കുരുങ്ങും പനിനീരു പുഷ്പം,
ലിങ്കന്നു പൊക്കം, പിണറായി ധാർഷ്ട്യം,
ആദിക്കു വാച്ചും വിരലും പ്രധാനം!

മൂന്നാം വരിയിലെ ലിങ്കൺ മാറ്റിയാൽ തൃതീയാക്ഷര പ്രാസം കിട്ടും (ക്ക). അധികം പൊക്കമുള്ള ഇൻഡ്യൻ രാഷ്ട്രീയക്കാരുടെ പേരുകൾ മൂന്നാം അക്ഷരം ക്ക വരുന്ന രീതിയിൽ കിട്ടാത്തതിനാൽ സർദ്ദാർ പട്ടേലിന്റെ പൊക്കമുള്ള പ്രതിമയെ ആശ്രയിക്കാം എന്നുവച്ചു. അതിനാൽ, ഇങ്ങനെയാക്കി:

രണ്ട്
ഗാന്ധിക്കു തുച്ഛം തുണി, നെഹ്രുതന്റേ-
കോട്ടിൽക്കുരുങ്ങും പനിനീരു പുഷ്പം,
സർദ്ദാർക്കു പൊക്കം, പിണറായി ധാർഷ്ട്യം,
ആദിക്കു വാച്ചും വിരലും പ്രധാനം!

അപ്പോഴാണ് പൊക്കവും ധാർഷ്ട്യവും ദേഹത്ത് അണിഞ്ഞു നടക്കുന്നതല്ലല്ലോ എന്നോർത്തത്. എന്നാൽപ്പിന്നെ പൊക്കവും ധാർഷ്ട്യവും മാറണം. ധാർഷ്ട്യം മാറിയാൽ പിണറായി മാറണം. പിന്നെ വെറുതേ ആ സർദ്ദാർ നമുക്കെന്തിന്? മാറ്റി, രണ്ടിനേയും മാറ്റി.

മൂന്ന്
ഗാന്ധിക്കു തുച്ഛം തുണി, നെഹ്രുതന്റേ-
കോട്ടിൽക്കുരുങ്ങും പനിനീരു പുഷ്പം,
മോദിക്കു ജുബ്ബാ, ഗുജറാൾക്കു ഗോട്ടീ,
യാദിക്കു വാച്ചും വിരലും പ്രധാനം!

വൃത്തം: ഇന്ദ്രവജ്ര

Labels: , , ,