ഋതുക്കൾ
പത്രപ്രവർത്തകയും കവിയുമായ അഞ്ജന ശശിയുടെ ഒരു കവിതയെ ആർദ്രഭാവമെല്ലാം കളഞ്ഞ്, മുദ്രാവാക്യം വിളി പോലെ, ഭുജംഗപ്രയാതം വൃത്തത്തിൽ മാറ്റി എഴുതിയതാണ് ഈ പോസ്റ്റ്. ഇത് പരിഭാഷയല്ല, പാരഡി മാത്രമാണ്.
അഞ്ജനയുടെ കവിത
എന്റെ പാരഡി
(വൃത്തം: ഭുജംഗപ്രയാതം. യകാരങ്ങൾ നാലോ ഭുജംഗപ്രയാതം)
അഞ്ജനയുടെ കവിത
ഒരു സൂര്യനും തളർത്താനാവില്ല
എന്നിലെ വസന്തത്തിനെ!
ഒരു മഴയ്ക്കും കെടുത്താനാവില്ല
എന്നിലെ അഗ്നിയെ!
ഒരു ശരത് കാലത്തിനും പൊഴിക്കാനാവില്ല
എന്നിലെ ഇലകളെ!
എന്റെ ഉന്മാദത്തിൻമേൽ
ശിശിരത്തിന്റെ മഞ്ഞുപുതപ്പിട്ട്
എന്റെ ചിന്തകളിൽ
ഗ്രീഷ്മത്തിന്റെ തെളിവെയില്‍ നിറച്ച്
എന്റെ ആലസ്യങ്ങളെ
ഹേമന്തത്തിലെ നിലാവിലാഴ്ത്തി
ഞാൻ ഇനിയും ഒഴുകും
ഒഴുകിക്കൊണ്ടേയിരിക്കും...
എന്റെ പാരഡി
രവിക്കെൻ വസന്തം തളർത്താൻ പുളിക്കും
മഴയ്ക്കെന്നിലെത്തീ കെടുത്താൻ കടുക്കും
ശരത്തെന്റെ പത്രം പൊഴിക്കാനറയ്ക്കും,
ശരിക്കന്നൃതുക്കൾ കലമ്പിക്കറുക്കും!
തുഷാരപ്പുതപ്പാൽ പിരാന്തും മറച്ചും
വിചാരങ്ങളിൽ ഗ്രീഷ്മതാപം നിറച്ചും
മടുക്കുന്നയാലസ്യമെല്ലാം പൊഴിച്ചും
തുടങ്ങും നിലയ്ക്കാത്തൊഴുക്കും, തനിച്ചും!
(വൃത്തം: ഭുജംഗപ്രയാതം. യകാരങ്ങൾ നാലോ ഭുജംഗപ്രയാതം)
Labels: ഭുജംഗപ്രയാതം, ശ്ലോകം
0 Comments:
Post a Comment
<< Home