ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, November 11, 2021

ദിവ്യ

നമ്മുടെ ഇരുപതാം വിവാഹവർഷികത്തിന് ദിവ്യ എന്ന ഒരു പുതിയ സംസ്കൃതവൃത്തം അവതരിപ്പിക്കുന്നു.

'സ'ഗണം കഴിഞ്ഞ് മൂന്ന് 'യ'ഗണം വരുന്ന സമവൃത്തമാണ് ദിവ്യ (സമവായം എന്നൊന്നും വരികൾക്കിടയിൽ വായിക്കരുത്).

വൃത്തങ്ങളുടെ ലക്ഷണം സാധാരണ ആ വൃത്തത്തിൽത്തന്നെയാണ് പറയാറുള്ളത്. അതിനാൽ, ദിവ്യ എന്ന വൃത്തത്തിന്റെ ലക്ഷണം "സയയം യ ചേർന്നാലതാകുന്നു ദിവ്യ" എന്നു നിശ്ചയിച്ചിരിക്കുന്നു. (ഈ വരി ദിവ്യ വൃത്തത്തിലാണ്.)

ദിവ്യ വൃത്തത്തിൽ എഴുതിയ ഒരു ശ്ലോകം:
അരികത്തിരുന്നിട്ടു തല്ലിത്തളർന്നും
കരമൊത്തു നൃത്തം ചവുട്ടിത്തിമിർത്തും
പരുവത്തിലൊക്കെസ്സുഖിച്ചും തപിച്ചും
ഇരുപത്തു കൊല്ലം കഴിഞ്ഞെത്ര വേഗം!

ദിവ്യ വൃത്തം നല്ല താളാത്മകമാണ്. സംസ്കൃതത്തിലെ മറ്റുചില വൃത്തങ്ങളുമായി ദിവ്യയ്ക്ക് അടുപ്പവും സാദൃശ്യവുമുണ്ട്.

ഉദാഹരണമായി,
  • ഭുജംഗപ്രയാതത്തിന്റെ (യകാരങ്ങൾ നാലോ ഭുജംഗപ്രയാതം) നാലു യഗണങ്ങളിൽ ആദ്യ യഗണം സഗണം ആയാൽ ദിവ്യ ആയി. അതായത്, ഭുജംഗപ്രയാതത്തിന്റെ രണ്ടാമക്ഷരം ഗുരുവിൽ നിന്നും ലഘു ആകുന്നു.
  • കോകരതത്തിന്റെ (സയസം യവും കോകരതാഖ്യവൃത്തം) രണ്ടാം സഗണം യഗണം ആയാൽ ദിവ്യ. അതായത്, കോകരതത്തിന്റെ എട്ടാം അക്ഷരം ലഘുവിൽ നിന്നും ഗുരു ആകുന്നു.
  • ഇന്ദ്രവജ്രയിൽ (കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം) ഏഴാമക്ഷരം ഗുരുവായാൽ കല്യാണി എന്ന വൃത്തമാവും (കല്യാണി തഗണം മൂന്നു ഗുരുരണ്ടോടു ചേരുകിൽ). കല്യാണിയുടെ ആദ്യഗുരുവിനു പകരം രണ്ടു ലഘു ആകുമ്പോൾ കിട്ടുന്ന വൃത്തമാണ് ദിവ്യ.
വൃത്തം: ദിവ്യ (സയയം യ ചേർന്നാലതാകുന്നു ദിവ്യ)

Labels: , , , , ,

0 Comments:

Post a Comment

<< Home