ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, February 09, 2022

മാതൃഭൂമി ശ്ലോകക്കുറിപ്പ്

ഈ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയ ശ്ലോകം സ്റ്റാർട്ടറിനെപ്പറ്റി ഒരു കുറിപ്പുണ്ട്. വായിച്ചാൽ നിന്ദാസ്തുതി അല്ലേ എന്ന് ന്യായമായും സംശയിക്കുമെങ്കിലും 'ആഴ്ചപ്പുതപ്പി'ന്റെയടിയിൽ തലപൂഴ്ത്തിക്കഴിയുന്നവർക്ക് സഹായകമാവുമെങ്കിൽ ആവട്ടെ. ഒന്നുരണ്ട് വിശദീകരണങ്ങൾ:
  1. കാവ്യരചന ഭാവന കൂടുതൽ ആവശ്യമുള്ള ആർക്കിടെക്ട് ജോലിയും ശ്ലോകരചന പ്ലാൻ അനുസരിച്ച് ഭിത്തികെട്ടിപ്പൊക്കുന്ന, യാന്ത്രികമായ, എന്നാൽ പരിശീലനവും കയ്യടക്കവും ആവശ്യവുമുള്ള ജോലിയുമാണെന്ന് ഞാൻ പലേടത്തായി പറഞ്ഞിട്ടുണ്ട്. ഇത് പൂർണ്ണമായും ശരിയല്ലെങ്കിലും ഭിത്തികെട്ടിപ്പൊക്കുന്നതുമാത്രം ചെയ്യുന്നവർക്കുള്ള പരിമിതികൾ ഈ ഉപമയിൽ നിന്നും വ്യക്തമാവേണ്ടതാണ്.
  2. "ശ്ലോകത്തിൽ എഴുതാൻ പഠിപ്പിക്കാം എന്നു കേട്ടാൽ അതെങ്ങനെ പഠിപ്പിക്കും, അതിന് ജന്മനാലുള്ള പ്രതിഭ വേണ്ടേ എന്ന ചോദ്യമുയരാം." ആ ധാരണ തെറ്റാണ്. പരിശീലനം കൊണ്ട് ആർജ്ജിക്കാവുന്ന, മെച്ചപ്പെടുത്താവുന്ന കഴിവാണ് ശ്ലോകരചന. അതുകൊണ്ടാണ് ഇത്തരം കിറ്റുകൾ പ്രയോജനകരമാവുന്നത്.
  3. "പദ്യത്തിന്റെ കസിനായ മറ്റൊരിനം ശ്ലോകം" എന്നത് ആദ്യമായി കേൾക്കുകയാണ്. കൂടുതൽ അറിയാൻ താല്പര്യമുണ്ട്.
  4. ഒരു കാര്യം രാംമോഹൻ പറഞ്ഞത് ശരിയാണ്. 'ണസ്തസ്യടഹ' എന്ന മട്ടിലും ശ്ലോകമെഴുതാം. 'ണസ്തസ്യടഹണസ്തസ്യ' എന്ന് എഴുതിയാൽ അത് വക്ത്രം എന്ന വൃത്തത്തിലാവും. 'ണസ്തസ്യടഹാ ണസ്തസ്യടഹാ' എന്നാണെങ്കിലോ? അതാണ് സുഷമ എന്ന വൃത്തം.
കുറിപ്പിന്റെ പൂർണ്ണരൂപം ഇതാ:

ശ്ലോകത്തിൽ കഴിക്കാൻ പഠിപ്പിക്കും
ശ്ലോകത്തിൽ എഴുതാൻ പഠിപ്പിക്കാം എന്നു കേട്ടാൽ അതെങ്ങനെ പഠിപ്പിക്കും, അതിന് ജന്മനാലുള്ള പ്രതിഭ വേണ്ടേ എന്ന ചോദ്യമുയരാം. അത് കവിത്വഗുണമുള്ള നല്ല ശ്ലോകത്തിന്റെ കാര്യം. പദ്യത്തിന്റെ കസിനായ മറ്റൊരിനം ശ്ലോകമുണ്ടല്ലോ. ഏതെങ്കിലും സംസ്കൃതവൃത്തത്തിൽ 'ണസ്തസ്യടഹ' എന്ന മട്ടിൽ എഴുതിയൊപ്പിക്കാവുന്ന ശ്ലോകം. വാഷിങ്ടണിൽ മൈക്രോസോഫ്റ്റിൽ ജോലിചെയ്യുന്ന സന്തോഷ് പിള്ള എന്ന തിരുവനന്തപുരത്തുകാരൻ കമ്പ്യൂട്ടർ എഞ്ചിനീയറാണ് ശ്ലോകരചനയ്ക്കുള്ള ഈ സ്റ്റാർട്ടർ കിറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 29-ന് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷ് ഈ കിറ്റിലേയ്ക്കുള്ള വാതിൽ തുറന്നു. മൈക്രോസോഫ്റ്റുകാരനായതുകൊണ്ട് മൈക്രോസോഫ്റ്റിന്റെ ക്ളൌഡ് സ്റ്റോറേജ് സേവനമായ വൺ ഡ്രൈവിലാണ് ഈ കിറ്റ് പാർക്കു ചെയ്തിരിക്കുന്നത്: https://tinyurl.com/slokamstarter. സംഗതി വെറും അഞ്ചുപേജേയുള്ളൂ. അടിസ്ഥാനകാര്യങ്ങൾ, വൃത്തപരിചയം, സൂത്രപ്പണികൾ, പ്രായോഗികപരിശീലനം എന്നിങ്ങനെ ലളിതസുന്ദരമായ പടവുകളിലൂടെ ശ്ലോകനിർമ്മാണത്തിലേയ്ക്ക് കടക്കാം. കവിത്വമുള്ളവർക്ക് ചില്ലറ പ്രതിഭ കൈയിൽനിന്നിടുകയുമാവാം. 'ഗദ്യന്തര'മില്ലാതെ കവികളായവരുള്ള ഇക്കാലത്ത് ഗദ്യകവികളും ഇതൊന്ന് പഠിക്കുന്നത് നന്ന്.

Labels: ,

0 Comments:

Post a Comment

<< Home