ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്ത ചിന്തകൾ

Monday, May 22, 2006

വിരാജിനൊപ്പം, തളരാതെ

ഇക്കഴിഞ്ഞ മാര്‍ച്ചുമാസാവസാനമാണ് സീന സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു മെയില്‍ സീയാറ്റിലിലെ കേരള അസ്സോസിയേഷന് അയയ്ക്കുന്നത്. തങ്ങള്‍ സീയാറ്റിലില്‍ പുതിയതായി വന്നവരാണെന്നും ഇവിടെ പരിചയക്കാരാരുമില്ലെന്നും ഇവിടെയുള്ള മറ്റ് മലയാളികളെ പരിചയപ്പെടാന്‍ താല്പര്യമുണ്ടെന്നുമായിരുന്നു മെയിലിലെ ഉള്ളടക്കം.

തന്‍റെ മകന്‍ വിരാജിന്‍റെ ചികിത്സാര്‍ത്ഥം, അച്ഛന്‍ വിപിനും, അമ്മ സീനയും, അച്ഛന്‍റെ അച്ഛനും അടങ്ങുന്ന കുടുംബം ഫീനിക്സില്‍ നിന്നും താല്കാലികമായി സീയാറ്റിലിലേയ്ക്ക് വന്നതാണെന്നും മെയിലില്‍ പറഞ്ഞിരുന്നു.

മെയില്‍ കിട്ടി അധികം വൈകാതെ, ഞാന്‍ വിപിനുമായി സംസാരിച്ചു.

2003 മാര്‍ച്ച് 3-നാണ് വിരാജ് ജനിച്ചത്. 2005 ഓഗസ്റ്റ് 29 വരെ വിരാജ്, കാര്യമായ അസുഖമൊന്നുമില്ലാതെ, ആരോഗ്യവാനായ കുട്ടിയായിരുന്നു. ഒരാഴ്ചയോളമായി ചെറിയ ഛര്‍ദ്ദിയും മറ്റും അനുഭവപ്പെട്ടിരുന്ന വിരാജിന്, ഓഗസ്റ്റ് 29-ന് ലുഖേമിയ ആണെന്ന രോഗനിര്‍ണയം നടന്നു. രോഗ നിര്‍ണയം വൈകിയതു കാരണം ലുഖേമിക് കോശങ്ങള്‍ മസ്തിഷ്കത്തെ ബാധിച്ചു തുടങ്ങിയിരുന്നതിനാല്‍, രണ്ടരക്കൊല്ലം കൊണ്ട് പഠിച്ചെടുത്തതെല്ലാം ആ കുരുന്നിന് നഷ്ടപ്പെട്ടിരുന്നു.

ഈ അവസ്ഥയില്‍ ജീവന്‍ നിലനിറുത്തുവാന്‍ വിരാജിന് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ആവശ്യമായിരുന്നു. അതിനുള്ള സൌകര്യങ്ങള്‍ ഫീനിക്സിനേക്കാള്‍ മെച്ചമായതിനാലാണ് ആ കുടുംബം സീയാറ്റിലിലേയ്ക്ക് വന്നത്. സീയാറ്റിലിലെ ചില്‍ഡ്രെന്‍സ് ഹോസ്പിറ്റലിലും ഫ്രെഡ് ഹച്ചിന്‍സണ്‍ ക്യാന്‍സര്‍ കെയര്‍ സെന്‍ററിലുമായാണ് ചികിത്സ. വിപിനും കുടുംബവും ആശുപതിയ്ക്കടുത്തുള്ള റൊണാള്‍ഡ് മക്ഡോണാള്‍ഡ് ഹോമിലാണ് താമസം.

ഏപ്രില്‍ പകുതിയോടു കൂടി വിരാജിന്‍റെ ട്രാന്‍സ്പ്ലാന്‍റ് പ്രക്രിയ ആരംഭിച്ചു. ഏപ്രില്‍ 15-ന് വിരാജിന് നല്‍കേണ്ടുന്ന ഖീമോ തെറാപ്പി ചികിത്സയുടെ അവസാന റൌണ്ടും കഴിഞ്ഞു. ഏപ്രില്‍ 17 മുതല്‍ നാലു ദിവസം, ദിവസം രണ്ടു നേരം, റ്റോറ്റല്‍ ബോഡി ഇറാഡിക്കേഷന്‍ പ്രക്രിയയിലൂടെ വിരാജ് കടന്നു പോയി. ഒരു മൂന്നു വയസ്സുകാരന് താങ്ങാവുന്നതിലുമധികമാണ് ഈ ചികിസകളെന്ന് ഓര്‍ക്കണം. വിരാജ് അതീവ ധൈര്യശാലിയാണ്. ചികിത്സാ ക്ഷീണം കഠിനമാണെങ്കിലും അത് സഹിക്കാനുള്ള കരുത്ത് ഈ കുരുന്നിനുണ്ട്. ഈ വേദനയ്ക്കിടയിലും, അവന്‍റെ മുന്നില്‍ വരുന്നവര്‍ക്ക് ഒരു ചിരി സമ്മാനിക്കാന്‍ അവന്‍ മറക്കാറില്ല.

റ്റോറ്റല്‍ ബോഡി ഇറാഡിക്കേഷന്‍ കഴിഞ്ഞതോടു കൂടി വിരാജ് തീര്‍ത്തും ക്ഷീണിതനായി. അവന്‍ ഭക്ഷണം കഴിക്കാതാവുകയും, IV-യെ മാത്രം ആശ്രയിക്കുകയും ചെയ്തു. റേഡിയേഷന്‍ മൂലം വിരാജിന്‍റെ നിറം മങ്ങി. ചികിത്സാ സമയത്ത് ഉപയോഗിക്കുന്ന മുഖംമൂടി ഉരഞ്ഞ് ആ മുഖത്ത് പാടുകള്‍ വന്നു തുടങ്ങി.

ഏപ്രില്‍ 21-ന്, സ്പെയിനില്‍ നിന്നും കൊണ്ടുവന്ന ഖോര്‍ഡ്ബ്ലഡ് ഉപയോഗിച്ച്, വിരാജിന് ട്രാന്‍സ്പ്ലാന്‍റ് നടന്നു. ഏകദേശം ഇരുപത് മിനുട്ട് മാത്രമേ ഈ പ്രക്രിയ നീണ്ടു നിന്നുള്ളൂ. ഈ സമയം വിരാജ് ഉറക്കമായിരുന്നു.

ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞ ദിവസം മുതല്‍, വിരാജിന്‍റെ ശ്വാസോച്ഛ്വാസ നിരക്ക് കൂടുതലായിരുന്നു. ജലദോഷ വൈറസ് ആണ് ഇതിനു കാരണമെന്ന് കണ്ടെത്തി. ഇത് ഒരു പ്രശ്നം തന്നെയാണ്. ഫീനിക്സിലായിരിക്കുമ്പോള്‍ അതിശക്തനായ റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസിനെ (RSV) പ്രതിരോധിച്ചവനാണ് വിരാജ്. ചികിത്സയുടെ പ്രധാനപ്പെട്ട ഈ ഘട്ടത്തില്‍ ഇങ്ങനെ ഒരു തടസ്സം ഉണ്ടാവുമെന്ന് കരുതിയതല്ല.

ദീര്‍ഘമായ ഒരാഴ്ച കടന്നു മേയ് 1 ആകുമ്പോഴേയ്ക്കും വിരാജിന് മുടിയെല്ലാം നഷ്ടപ്പെട്ടു. ചുണ്ടുകള്‍ വരണ്ട്, നീരുവന്നതു പോലെയായി. അസഹനീയമായ വേദനയാണത്രേ ഈ ഘട്ടത്തില്‍. മോര്‍ഫീന്‍ കൊടുത്ത് മയക്കിയാണ് അവനെ വേദനയില്‍ നിന്നും രക്ഷിക്കുന്നത്. ഈ സമയത്തെ വൈറസ് ചികിത്സയും കഠിനമാണ്: ഒരു ചെറിയ പ്ലാസ്റ്റിക് കൂടിനുള്ളില്‍ രണ്ടുമണിക്കൂര്‍ നേരം ഇരുത്തി ഒരുതരം പുക കടത്തിയാണ് ചികിത്സ. ഇങ്ങനെ ദിവസം മൂന്നു നേരമുണ്ട്. അച്ഛനുമമ്മയും ഈ സമയം കുഞ്ഞിനോടൊപ്പം കൂടിനുള്ളിലിരുന്ന് അവനെ ആശ്വസിപ്പിക്കണം.

മറ്റൊരു ദുരന്ത വാര്‍ത്തയുമായാണ് മേയ് 3 പുലര്‍ന്നത്. സീനയുടെ അമ്മ, നാട്ടില്‍ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. സീന ഒറ്റമകളാണ്. എങ്കിലും വിരാജിനെ ഈയവസ്ഥയില്‍ വിട്ട് നാട്ടില്‍ പോകാന്‍ ഡോക്ടര്‍മാര്‍ സീനയെ അനുവദിച്ചില്ല. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് അവര്‍ സീയാറ്റിലിലേയ്ക്ക് വരാനിരിക്കുകയായിരുന്നു. വിധിയെത്തടുക്കാന്‍ ആര്‍ക്കു കഴിയും?

ട്രാന്‍സ്പ്ലാന്‍റിന്‍റെ സൈഡ് ഇഫക്റ്റായി ഉണ്ടാകുന്ന ചില അസുഖങ്ങളുടെ ചികിത്സയിലാണ് വിരാജിപ്പോള്‍. അവന്‍റെ ദേഹം മുഴുവന്‍ ചൊറിച്ചിലുണ്ട്. പനിയും പിടിപെട്ടിരിക്കുന്നു. വിരാജിന് ഇപ്പോള്‍ നാല് അസുഖങ്ങള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്: RSV, സൈറ്റോ മെഗാലോ വൈറസ് (CMV), അഡെനോ, ഹെര്‍പസ് സിം‍പ്ലെക്സ് വൈറസ് (HSV).

വിരാജിന്‍റെ ചികിത്സയുടെ ഏറിയ പങ്കും ഇന്‍ഷുറന്‍സ് കമ്പനി കൊടുക്കുമെങ്കിലും, ധാരാളം ചെലവുകള്‍ ചികിത്സയുടെ ഭാഗമായി വന്നു ചേര്‍ന്നിരിക്കുന്നു. ഇന്‍ഷുറന്‍സിന്‍റെ പരിധി വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു മില്യണ്‍ ഡോളറിനും മറ്റുമുള്ള ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അതൊരു വലിയ തുകയാണല്ലോ എന്ന് തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ഈ സന്ദര്‍ഭത്തിലാണ് ഒരു മില്യന്‍റെ ചെറുപ്പം നാം മനസ്സിലാക്കുന്നത്. ഉദാഹരണമായി, ട്രാന്‍സ്പ്ലാന്‍റ് പ്രക്രിയയ്ക്ക് മാത്രം (ഏപ്രില്‍ 21-ന് നടന്ന പ്രക്രിയ‍) ആശുപത്രി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഈടാക്കുന്നത് ഏകദേശം രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളറാണത്രേ.

കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണും ഷിക്കാഗോയിലെ കെയര്‍ ആന്‍ഡ് ഷെയര്‍‍ എന്ന ചാരിറ്റി സംഘടനയും ചേര്‍ന്ന് വിരാജിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കാനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നു. നമ്മുടെ ചെറിയ സഹായവും പ്രാര്‍ഥനയും പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാവും.

Labels:

21 അഭിപ്രായങ്ങള്‍:

 1. Blogger കണ്ണൂസ്‌ എഴുതിയത്:

  വിരാജിനു വേണ്ടി ഹൃദയം തുറന്ന് പ്രാര്‍ത്ഥിക്കുന്നു.

  എന്നാലാവുന്ന എന്തു സഹായവും ചെയ്യാന്‍ ബൂലോഗത്തിനോടൊപ്പം ഞാനുമുണ്ടാവും.

  Mon May 22, 10:31:00 PM 2006  
 2. Blogger Kuttyedathi എഴുതിയത്:

  ഈശ്വരാ, കണ്ണു നിറഞ്ഞിട്ടൊന്നും എഴുതാന്‍ പറ്റുന്നില്ല, സന്തോഷ്‌. വിരാജിനെ പ്രാര്‍ത്ഥനയില്‍ ഇനി എന്നുമോര്‍ക്കാം. ആ കുരുന്നിനെ ഒന്നും വരുത്താതെ കാത്തോണേ എന്നു കരഞ്ഞു കാലു പിടിക്കാം, ഈശ്വരനോട്‌.

  Tue May 23, 08:22:00 AM 2006  
 3. Blogger സന്തോഷ് എഴുതിയത്:

  കണ്ണൂസ്, കുട്ട്യേടത്തി: വിരാജിനു വേണ്ടി പ്രാര്‍ഥിക്കുക. നന്ദി.

  വിരാജിനു വേണ്ടി പ്രാര്‍ഥിക്കുകയും മറ്റു സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാര്‍ക്കും നന്ദി.

  Tue May 23, 09:52:00 AM 2006  
 4. Blogger .::Anil അനില്‍::. എഴുതിയത്:

  വിരാജ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ...

  Tue May 23, 10:14:00 AM 2006  
 5. Blogger ബിന്ദു എഴുതിയത്:

  ദൈവമേ... എന്തെല്ലാം പരീക്ഷണങ്ങള്‍ ! ആ കുട്ടി വേഗം സുഖം പ്രാപിക്കണേ ! :(

  Tue May 23, 10:32:00 AM 2006  
 6. Blogger ഉമേഷ്::Umesh എഴുതിയത്:

  സന്തോഷ്,

  ഇപ്പോഴാണിതു കണ്ടതു്. 1982 മെയ് 17-നു് ഏതാണ്ടിതുപോലെയൊരു അസുഖം വന്നാണു് (അസുഖത്തിന്റെ പേരു മറന്നുപോയി - എന്തോ ഒരു അനീമിയ) എന്റെ അനുജന്‍ എട്ടാമത്തെ വയസ്സില്‍ മരിച്ചതു്. അന്നു് ബോണ്‍ മാരോ ട്രാന്‍‌സ്‌പ്ലാന്റേഷനൊന്നുമില്ല. അതിനു ശേഷം അതു വന്നപ്പോഴും (അമേരിക്കയിലോ മറ്റോ) ഇരട്ടസഹോദരങ്ങള്‍ പോലെ വളരെ അടുത്തവരില്‍ നിന്നു മാത്രമേ പറ്റുള്ളൂ എന്നായിരുന്നു.

  പല തവണ ബോണ്‍‌മാരോ എടുക്കലും കുത്തിവയ്പ്പും ശസ്ത്രക്രിയകളും. ഓര്‍ക്കാന്‍ കൂടി വയ്യാ ആ ദിവസങ്ങള്‍...

  നന്ദി സന്തോഷ്. എന്നെക്കൊണ്ടു കഴിയുന്ന സഹായങ്ങള്‍ ചെയ്യാം.

  - ഉമേഷ്

  Tue May 23, 01:47:00 PM 2006  
 7. Blogger ഉമേഷ്::Umesh എഴുതിയത്:

  മെയ് 17 അല്ല, ഡിസംബര്‍ 17. എനിക്കെങ്ങനെ ആ ദിവസം പിശകി ദൈവമേ?

  Tue May 23, 01:48:00 PM 2006  
 8. Blogger ദേവന്‍ എഴുതിയത്:

  എന്തു ചെയ്യാനും ഞങ്ങളെല്ലാം കൂടെയുണ്ട്‌ സന്തോഷ്‌. പണം സംഭരിച്ച്‌ അവര്‍ക്കയക്കുക എന്നതല്ലാതെ എന്തു ചെയ്യാനാകുമെന്നറിയില്ലെന്നു മാത്രം.

  ബോണ്‍ മാരോ എടുക്കാന്‍ അസ്ഥികള്‍ ഇമ്പാക്റ്റ്‌ മെഷീനാല്‍ ഡ്രില്‍ ചെയ്യുന്നത്‌ (പച്ച ജീവനോടെ, അനസ്തീഷ്യ പോലും ഇല്ലാതെ) ഒരിക്കല്‍ കണ്ടതാണു ഞാന്‍.. ആ വേദന എന്തെന്ന് ഒരാള്‍ക്കും പറഞ്ഞുകൊടുക്കാനാവില്ല. എല്ലാ ശാസ്ത്രങ്ങളും ന്യായങ്ങളും, ജീവനോപദേശങ്ങളും ം അടിപതറുന്നത്‌ രക്താര്‍ബ്ബുദമെന്ന കൃത്യമായി മനസ്സിലാക്കാന്‍ കൂടി ഇന്നുവരെ കഴിയാത്ത രക്താണുക്കളുടെ ഉന്മാദാവസ്ഥക്കു മുന്നിലാണ്‌. വിരാജിന്റെ ചെറുപ്പം ആ കുട്ടിയെ രക്ഷിച്ചേക്കാം എന്ന സാദ്ധ്യത മാത്രം ഈ കേസില്‍ ആശക്കു വക നല്‍കുന്നു. മുതിര്‍ന്നവര്‍ക്ക്‌ കഴിയാറില്ലെങ്കിലും കുട്ടികള്‍ പലപ്പോഴും ഈ മരണക്കുഴിയില്‍ നിന്നും രക്ഷപെട്ട്‌ പുറത്തു ചാടിയിട്ടുണ്ട്‌.

  വിരാജ്‌ ജീവിക്കണം. രക്താര്‍ബ്ബുദമെന്ന അഗ്നിപരീക്ഷ ജയിച്ച്‌ അവന്‍ തിരിച്ചു വരണം..

  Tue May 23, 02:09:00 PM 2006  
 9. Blogger Inji Pennu എഴുതിയത്:

  ഇന്നു കാലത്തു മുതല്‍ ഞാന്‍ ഇതു വായിക്കാണ്ടു കുറേ നേരം കറങ്ങി നടന്നു. എനിക്ക് തോന്നി ഇങ്ങിനെ എന്തോ ആണു എന്നു. ആദ്യത്തെ രണ്ടു പാരക്കു ശേഷം വായിക്കാനുള്ള മനകരുത്തില്ല. ആര്‍ക്കും ഇങ്ങിനെ ഒന്നും വരുത്തല്ലേ! എന്നു മാത്രമേ എനിക്കു ചിന്തിക്കാന്‍ കഴിയൂ. പണ്ടു ഇതുപോലെ ഒരു കൊച്ചു കുഞ്ഞിനെ കണ്ടതു ഓര്‍മ്മയുണ്ടു.ആ മുഖം മായാണ്ടു ഇപ്പോഴും ഉണ്ടു.
  ഇപ്പൊ ഇങ്ങിനത്തെ ഒക്കെ വായിക്കന്‍ തന്നെ പേടിയാണു....
  വീ അര്‍ ട്ടോട്ടലി ഹെല്പ്ലെസ്സ്!

  Tue May 23, 02:44:00 PM 2006  
 10. Blogger സന്തോഷ് എഴുതിയത്:

  അനില്‍, ബിന്ദൂ: നന്ദി, വിരാജ് സുഖം പ്രാപിക്കും.

  ഉമേഷ്: വേദനയിലും നഷ്ടത്തിലും പങ്കു ചേരുന്നു.

  ദേവാ: ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വളരെയധികം വളര്‍ന്നു കഴിഞ്ഞു. നട്ടെല്ലുകുത്തിത്തുളയ്ക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍, വളരെ ലളിതമായി പറഞ്ഞാല്‍, ഡോണറിന്‍റെ രക്തമാകെ ഒരു യന്ത്രത്തിലേയ്ക്ക് കടത്തി വിട്ട് (സാധാരണ കാണുന്ന രക്തമെടുക്കല്‍ പോലെ) അതില്‍ നിന്നും ആവശ്യമായ കോശങ്ങളെ (ശാസ്ത്രീയമായി പറയാന്‍ അറിയാത്തത് ക്ഷമിക്കുക) വേര്‍തിരിച്ചെടുത്ത ശേഷം ആ രക്തം തന്നെ തിരിച്ച് ഡോണറുടെ ശരീരത്തില്യ്ക്ക് കയറ്റുകയാണ് ചെയ്യുന്നത്. ഇത് ഒരു വേദനാരഹിത പ്രക്രിയയാണ്.)

  അടുത്ത ബന്ധുക്കളുടെയോ വളരെ സാമ്യമുള്ള എത്നിക് ബാക്ഗ്രൌണ്ടുള്ളവരുടെയോ മാത്രം രക്തമേ സാധാരണ ഗതിയില്‍ ‘ഫുള്‍ മാച്ച്’ ആകുകയുള്ളൂ. രണ്ട് വര്‍ഷം മുമ്പ്, മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുന്ന ഒരു പഞ്ചാബിയുടെ അഞ്ചുവയസ്സുകാരന് ഈ അസുഖം വന്നുപെട്ടപ്പോള്‍, ഞങ്ങള്‍ ഒട്ടനവധി ആള്‍ക്കാര്‍ ബോണ്‍ മാരോ രെജിസ്ട്രിയില്‍ പങ്കുചേരുകയുണ്ടായി. കുഞ്ഞിന്, ഫുള്‍ മാച്ച് കിട്ടാതായപ്പോള്‍, ആ ദമ്പതികള്‍ ഒരു കുഞ്ഞിനു കൂടി ജന്മം നല്‍കി (ആ കുട്ടിയുടേത് മാച്ച് ആകുമെന്ന പ്രതീക്ഷയില്‍). പക്ഷേ, നിര്‍ഭാഗ്യമെന്ന് പറയട്ടെ, അവന്‍ രക്ഷപ്പെട്ടില്ല.

  സാധാരണ രക്തത്തിനു പകരം ഖോര്‍ഡ്ബ്ലഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍, ഫുള്‍ മാച്ചാവാനുള്ള സാധ്യത വളരെയേറയാണ്. അങ്ങനെയാണ്, ഏതാണ്ട് സൌജന്യമായിത്തന്നെ ഖോര്‍ഡ്ബ്ലഡ് സൂക്ഷിക്കുന്ന യൂറോപ്പിലേയ്ക്ക് വിരാജിനാവശ്യമായ ഖോര്‍ഡ്ബ്ലഡിനു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയത്. മഹാഭാഗ്യമെന്നു പറയട്ടെ, സ്പെയിനില്‍ നിന്നും അധികം വൈകാതെ മാച്ചു ചെയ്യുന്ന ഖോര്‍ഡ്ബ്ലഡ് കിട്ടുകയും ചെയ്തു.

  വിരാജ്, ഈ നീണ്ട പ്രക്രിയയുടെ സങ്കീര്‍ണ്ണവും ഏറ്റവും അപകടം പിടിച്ചതുമായ നില കടന്നു എന്നു പറയാം. എന്നാലും അപ്രതീക്ഷിത രോഗങ്ങള്‍ പുരോഗതിയ്ക്ക് പ്രതികൂലമായി നില്‍ക്കുന്നു.

  വിരാജിന്‍റെ കഥ ധൈര്യത്തിന്‍റെയും, സഹനത്തിന്‍റെയും, പോരാട്ടത്തിന്‍റെയും മറ്റും മറ്റുമാണ്. നാലഞ്ചുമാസം മുന്‍പ് അവന്‍ പൂര്‍ണ്ണാന്ധനായെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്. വിപിനും സീനയും ഡോക്ടര്‍മാരെ നിര്‍ബന്ധിച്ച് നടത്തിച്ച ഒരു ഓപ്പറേഷന്‍റെ ഫലമായി അവന് ഇന്ന് കാഴ്ചശക്തിയുണ്ട്! ഒരു പക്ഷേ, ഈ അസുഖം നിര്‍ണ്ണയിക്കപ്പെടാന്‍ താമസിച്ചത് വിരാജിന്‍റെ സഹനശക്തി കൊണ്ടുകൂടിയാവണം. സാധാരണ ഈ അസുഖം വന്ന്, അത് മസ്തിഷ്കത്തിലേയ്ക്ക് ബാധിച്ചാല്‍, മസ്തിഷ്കത്തില്‍ ഒരു ഫ്ലൂയിഡ് ലീക്ക് (എന്‍റെ ശാസ്ത്രീയ അജ്ഞത ക്ഷമിക്കുക) ഉണ്ടായി അസഹനീയമായ തലവേദന ഉണ്ടാകുമത്രേ. എന്നാല്‍, ഈ ലീക്കുമൂലം സാധാരണ മര്‍ദ്ദത്തിന്‍റെ എഴുപതിരട്ടി മര്‍ദ്ദം തലയിലനുഭവിച്ചുകൊണ്ട് നടന്നപ്പോഴും വിരാജ്, ചിരിച്ച് കളിച്ച് ഓഇ നടക്കുകയായിരുന്നു. (ഈ വേദന അനുഭവിക്കാതെ ഈ രോഗം വന്ന ഒരു രോഗിയേയും കണ്ടിട്ടില്ലെന്ന് 1973-മുതല്‍ ഈ രോഗത്തില്‍ ഗവേഷണം നടത്തുന്ന സീയാറ്റിലിലെ ഡോക്ടര്‍ സാക്‍ഷ്യപ്പെടുത്തുന്നു.)

  Tue May 23, 02:48:00 PM 2006  
 11. Blogger ദേവന്‍ എഴുതിയത്:

  ഇന്‍ഫ്യൂഷന്‍ ബി എം റ്റി ഒരു സത്യമായി കഴിഞ്ഞല്ലേ സന്തോഷേ, ആ കുഞ്ഞിന്റെ മഹാഭാഗ്യം (ഈശ്വരാ നാട്ടിലും രോഗികള്‍ക്ക്‌ ഈ സൌകര്യമൊക്കെ കിട്ടുന്നുണ്ടാവണേ) ലംബര്‍ പഞ്ചര്‍ (വിരാജിനു പറ്റിയതുപോലെ മസ്തിഷ്കതദ്ര്വരൂപാവരണത്തില്‍ അസുഖബാധയറിയാന്‍ സാമ്പിള്‍ എടുക്കല്‍) തുടങ്ങിയവയും പരിഷ്കരിച്ച്‌ വേദനാരഹിതമാക്കിയിട്ടുണ്ടാവുമെന്നും ഈ ആധുനിക സംവിധാനങ്ങള്‍ കുഞ്ഞുങ്ങളിലെങ്കിലും റെമിഷന്‍ തോത്‌ വളരെക്കണ്ട്‌ ഉയര്‍ത്തിയിട്ടുണ്ടാവുമെന്നും ആശിക്കുന്നു. എന്റെയറിവുകള്‍ പരിമിതവും പഴഞ്ചനും ആണെന്നാലും ഓങ്കോളജി തന്നെ പ്രാകൃതമായിരുന്ന കാലത്ത്‌ എന്റെ സ്കൂള്‍ സഹപാഠി ലുകീമിയയെ തോല്‍പ്പിച്ച്‌ ജീവിതത്തിലേക്ക്‌ തിരിച്ചു വന്ന സംഭവം വിരാജിന്റെ കാര്യത്തിലെനിക്കു വലിയ ശുഭപ്രതീക്ഷ തരുന്നു. എന്റെ കളിക്കൂട്ടുകാരന്‍ സുരേഷിനെപ്പോലെ വിരാജിനും മദ്ധ്യവയസ്സില്‍ കുട്ടികളോട്‌ - "അച്ഛന്‍ മരണത്തെ തോല്‍പ്പിച്ച" വീരസാഹസ കഥകള്‍ ഒരു കാലത്ത്‌ പറയാന്‍ കഴിയും.

  Tue May 23, 03:33:00 PM 2006  
 12. Blogger യാത്രാമൊഴി എഴുതിയത്:

  വല്ലാത്ത ഒരവസ്ഥ തന്നെ ആ കുഞ്ഞിന്റെത്..
  കീമോതെറാപ്പി, ഇറേഡിയേഷന്‍, ട്രാന്‍സ്പ്ലാന്റേഷന്‍ ഇതൊക്കെ എഴുതാന്‍ മാത്രമെ കൊള്ളൂ.. അനുഭവം ഭീകരമായിരിക്കും.

  വൈറല്‍ ഇന്‍ഫെക്ഷന്‍സ് ബി.എം.ടി-യുടെ ഭാഗമായി വരാറുള്ളതാണെന്നാണു അറിയുന്നത്. പ്രത്യേകിച്ചും അല്ലോജെനിക് ഡോണര്‍ ആണെങ്കില്‍.

  സന്തോഷ് കമന്റില്‍ പറഞ്ഞിരിക്കുന്നത് “പെരിഫെറല്‍ ബ്ലഡ് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍“ ആണു. സാക്ഷാല്‍ ബി.എം.ടി-യ്ക്ക് സൂചി കയറ്റി ബോണ്‍ മാരോ വലിച്ചെടുക്കുക തന്നെ വേണം. ഇന്ന് മിക്കവാറും ഈ സംവിധാനമെല്ലാം വേദനാരഹിതമായിരിക്കാനാണു സാധ്യത.

  സന്തോഷ്, എന്നാലാവുന്ന സഹായത്തിനു ഞാനും തയ്യാര്‍.

  Tue May 23, 05:46:00 PM 2006  
 13. Blogger പാപ്പാന്‍‌/mahout എഴുതിയത്:

  സന്തോഷേ, എന്തു തരത്തിലുള്ള സഹായമാണ്‍ ആവശ്യം എന്നറിയിക്കൂ. ഞാന്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യങ്ങള്‍ക്കൊക്കെ ഞാന്‍ റെഡി.

  Tue May 23, 08:37:00 PM 2006  
 14. Blogger സന്തോഷ് എഴുതിയത്:

  യാത്രാമൊഴി, പാപ്പാന്‍: സഹായ വാഗ്ദാനത്തിനു നന്ദി.

  സാമ്പത്തികമായി സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ദയവായി sanpil at microsoft dot com എന്ന വിലാസത്തില്‍ മെയിലയച്ചാലും. ഞാന്‍ വിശദവിവരങ്ങള്‍ അയച്ചുതരാം.

  സസ്നേഹം,
  സന്തോഷ്

  Tue May 23, 09:41:00 PM 2006  
 15. Anonymous Anonymous എഴുതിയത്:

  ഞാന്‍ വായിച്ചില്ല.
  വിരാജിനുവേണ്ടി പ്രാര്‍ഥിക്കുന്നു..-സു-

  Tue May 23, 10:13:00 PM 2006  
 16. Blogger സന്തോഷ് എഴുതിയത്:

  LG-യ്ക്കും -സു- വിനും നന്ദി.
  പിന്നെ, ഇത് ഇവിടെ എഴുതാന്‍ പ്രേരിപ്പിച്ച മന്‍‍ജിതിന്‍റെ പോസ്റ്റിനും.

  Wed May 24, 01:39:00 PM 2006  
 17. Blogger സു | Su എഴുതിയത്:

  ഇപ്പോഴേ കണ്ടുള്ളൂ :(

  Thu May 25, 07:28:00 AM 2006  
 18. Blogger ദേവന്‍ എഴുതിയത്:

  വിരാജിനു ഇപ്പോഴെങ്ങനെ ഉണ്ടെന്ന് വിവരമുണ്ടോ സന്തോഷേ?

  വക്കാരിയോട്‌ റൈയ്ഷിയെക്കുറിച്ച്‌ ചോദിച്ചത്‌ വിരാജിനു വേണ്ടീട്ടായിരുന്നു. മൂപ്പരത്‌ കണ്ടില്ലെന്നാ തോന്നുന്നത്‌. അതോ ഇനി നാട്ടുമരുന്നുകളില്‍ വിശ്വാസമില്ലാഞ്ഞിട്ടാണോ ആവോ.

  Fri Sep 29, 02:44:00 PM 2006  
 19. Blogger സന്തോഷ് എഴുതിയത്:

  വിരാജിന് പ്രശ്നങ്ങള്‍ കൂടിയും കുറഞ്ഞുമിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിരാജിന്‍റെ അമ്മ എഴുതിയ മെയില്‍ ഞാന്‍ ദേവന് അയച്ചിട്ടുണ്ട്. നാളെ വിരാജിനെക്കാണാന്‍ പോകുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

  Fri Sep 29, 03:00:00 PM 2006  
 20. Blogger മുല്ലപ്പൂ || Mullappoo എഴുതിയത്:

  മുഴുവന്‍ വായിച്ചില്ല. :(
  കണ്ണു നിറഞ്ഞിട്ടൊന്നും താഴേക്കു വായിക്കാന്‍ പറ്റണില്ല.

  വിരാജിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

  Sat Sep 30, 12:51:00 AM 2006  
 21. Blogger മുരളി വാളൂര്‍ എഴുതിയത്:

  വാക്കുകള്‍ക്കിവിടെ വിലയില്ല., പ്രാര്‍ത്ഥന മാത്രം......

  Sat Sep 30, 02:03:00 AM 2006  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home