Wednesday, April 26, 2006

ചെര്‍നോബ്‍ല്‍ ദുരന്തത്തിന് ഇരുപത് വയസ്സ്

ഓര്‍മയുടെ താളുകള്‍ മറിക്കുമ്പോള്‍ ചെര്‍നോബ്‍ല്‍ ഒരു നടുക്കമാണ്. സംഭവത്തിന്‍റെ വ്യാപ്തി മനസ്സിലായിരുന്നില്ല. ഭയാനക ദൃശ്യങ്ങള്‍. കഥകളും ഉപകഥകളുമായി കാടുകയറുന്ന ദിനപ്പത്രങ്ങള്‍. കമ്യൂണിസ്റ്റ് ഭരണകൂടത്തിന് തെറ്റുപറ്റില്ല എന്ന് പറഞ്ഞുപഠിപ്പിക്കുന്ന അമ്മാവനും പ്രിയപ്പെട്ട അധ്യാപകനും. എവിടെയോ പിഴച്ചില്ലേ എന്ന് വ്യഥപ്പെടുന്ന അച്ഛന്‍.

പിന്നെ ഒറ്റയ്ക്കും തെറ്റയ്ക്കും ദുരന്തത്തെ യാന്ത്രികമായി സ്മൃതിയിലേയ്ക്ക് കൊണ്ടുവരുന്ന വാര്‍ഷിക ദിനങ്ങള്‍. ഓര്‍മക്കുറിപ്പുകള്‍. ആണവ ശക്തിയുടെ ഭീകരത ഓര്‍മപ്പെടുത്തുന്ന സാഹിത്യനായകര്‍. എന്നാലും ഒന്നും ഒരിയ്ക്കലും മനസ്സിലായിരുന്നില്ല.

അങ്ങനെയിരിക്കെ, ഒന്നൊന്നരക്കൊല്ലം മുമ്പാണ് കിഡ് ഓഫ് സ്പീഡിന്‍റെ സൈറ്റിലെത്തിപ്പെട്ടത്. എലേനയിലൂടെ ഞാന്‍ ചെര്‍നോബ്‍ലിനെ-ആ പ്രേത നഗരത്തെ-ആദ്യമായി അടുത്തുകണ്ടു. തെറ്റിനും ശരിക്കുമിടയിലെ സത്യങ്ങള്‍. മറയില്ലാതെ.

5 പ്രതികരണങ്ങൾ:

 1. Thulasi

  തെറ്റുകള്‍ പറ്റിയിട്ടുണ്ട്‌....
  തെരുവുകള്‍ ഏതോ ഹൊറര്‍ സിനിമയിലെ ദൃശ്യങ്ങള്‍ പോലെ

 2. വക്കാരിമഷ്‌ടാ

  ഹൊറിബിള്‍... ആ പേജുകള്‍ മുഴുവന്‍ കണ്ടു.. പാവങ്ങള്‍, അവിടുത്തെ ജനങ്ങള്‍.

  വിക്കിപ്പീഡിയ വായിച്ചുകൊണ്ടിരിക്കുന്നു. Cover-up ന്റെ പ്രശ്നം, gossip കൂടുമെന്നുള്ളതാണ്. അങ്ങിനെ വന്ന് വന്ന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും യാതൊരു പിടിയും കിട്ടില്ല.

  നന്ദി, സന്തോഷ്

 3. കണ്ണൂസ്‌

  നടുക്കമുണ്ടാക്കുന്ന ദൃശ്യങ്ങള്‍. 2525 വരെ ഈ പ്രേതനഗരം ആവാസ യോഗ്യമല്ല എന്ന സത്യം ആണവ ശക്തിയുടെ ആസുരത വരച്ചിടുന്നു.

  ഇതെവിടെയും സംഭവിക്കാവുന്നതേ ഉള്ളു. അലബാമയില്‍ നീളം കൂടിയ ഒരു സ്ക്രൂവോ, കല്‍പ്പാക്കത്ത്‌ ചീറി വന്ന ഒരു സുനാമി തിരയോ ഈ ദുരന്തം വിതക്കാതിരുന്നത്‌ തലമുറകളുടെ പുണ്യം എന്ന് വിശ്വസിക്കാനേ പറ്റൂ.

 4. സന്തോഷ്

  തുളസി: ശരിയാണ്. ആര്‍ക്ക്, എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്ക് ഇനി ഒരിക്കലും ഉത്തരം കിട്ടില്ല.

  വക്കാരി: ഒരുപാട് കവര്‍ അപുകള്‍ കണ്ടു വളര്‍ന്ന ജനതയായിരുന്നില്ലേ? പാവങ്ങള്‍.

  കണ്ണൂസ്: ഇനി എങ്ങും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ. ഇക്കഴിഞ്ഞ ദിവസം റേഡിയോയില്‍ കേട്ടത്: ചെര്‍നോബ്‍ല്‍ ദുരന്തത്തിന് ശേഷം 50%-ല്‍ താഴെ അമേരിക്കക്കാരു മാത്രമേ ആണവനിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനോട് യോജിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ന്, ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം, ഈ സംഖ്യ 70% ആയി ഉയര്‍ന്നിരിക്കുന്നു. കൂടുതല്‍ ആണവ നിലയങ്ങളുടെ നിര്‍മ്മാണത്തിന് ഈ അഭിപ്രായ മാറ്റം പ്രചോദനമാവുമത്രേ.

 5. evuraan

  സന്തോഷേ,

  ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നതിന് നന്ദി.

  വിശദമായ ഒരു വായനക്ക് ഈ ലേഖനം പ്രചോദനമായി.

  ഇംഗ്ലിഷ് വിക്കിയിലെ ലേഖനമാണ് തുടര്‍ന്ന് വായിച്ചതിലേറ്റവും ഇഷ്ടപ്പെട്ടത്.

  വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് നാം പിന്നെയെവിടേക്ക് തിരിയും?

  വാളെടുത്തവന്‍ വാളാലേ, അല്ലേ?