ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, April 28, 2006

മലയാളം, മനോരമ, മഞ്ഞ

അച്ഛന്‍റെ കുടുംബ വീട് ഭാഗം വച്ചപ്പോള്‍, മൂത്ത സന്തതിയായതു കാരണം, ബാക്കിയെല്ലാരും എടുത്തു കഴിഞ്ഞ് ആര്‍ക്കും വേണ്ടാതെ ബാക്കി വന്ന കിഴക്കേവിളയാണ് അച്ഛന് കിട്ടിയത്.

കുടുംബ വീടും അതിനു ചുറ്റുമുള്ള തൊടിയും കവുങ്ങിന്‍ തോപ്പും കുരുമുളകു തോട്ടവും വടക്കേവിളയും മറ്റും അച്ഛന്‍റെ അനിയത്തി (അപ്പച്ചി) ആദ്യമേ എടുത്തു. കൊച്ചച്ഛന്മാരില്‍ ഇളയയാള്‍ ഫലഭൂയിഷ്ഠമായ പടിഞ്ഞാറേ വിള തിരഞ്ഞെടുത്തു. കൊച്ചച്ഛന്‍ രണ്ടാമന്‍, ആള്‍ സഞ്ചാരമുള്ളതും ഭാവിയില്‍ ഒരു റോഡ് വന്നേക്കാവുന്നതും കശുമാവ്, മാവ്, തെങ്ങ്, പ്ലാവ് എന്നീ വൃക്ഷങ്ങള്‍ നിറഞ്ഞതുമായ മേലേ വിളയും സ്വന്തമാക്കി.

പിന്നെയുള്ള കിഴക്കേ വിളയില്‍, കുറെ മണ്ടപോയ തെങ്ങുകള്‍, വാഴ, മഞ്ഞള്‍, പയര്‍, കപ്പ, ആദിയായ സീസണല്‍‍സ് വിളഞ്ഞിരുന്നു. അവ ദൈനംദിനാവശ്യങ്ങള്‍ക്കുപകരിച്ചിരുന്നു എന്നല്ലാതെ, അവയില്‍ നിന്ന് ആദായം ഉണ്ടാവുക അസാധ്യമായിരുന്നു.

എല്ലാരും സ്വന്തമായി വീടുകള്‍ കെട്ടി താമസമായി അധികം കഴിയാതെ, അപ്രതീക്ഷിതമായി, കിഴക്കേവിളയ്ക്ക് മുന്നിലൂടെയുള്ള നടവഴിയ്ക്ക് ടാറിടാത്ത തടമായി പ്രമോഷന്‍ കൊടുക്കാന്‍ പഞ്ചായത്ത് തീരുമാനമെടുത്തു. മേലേ വിളയ്ക്ക് പ്രധാന ഗതാഗതമാര്‍ഗം എന്ന പദവി ക്രമേണ നഷ്ടമായി.

അതുകൊണ്ടാണ് പ്രഭാകരേട്ടന്‍ പഴയ വഴി ഉപേക്ഷിച്ച്, എന്നും രാവിലെ ടാറിടാത്ത തടത്തിലൂടെ സൈക്കിളില്‍ വന്ന് ഞങ്ങളുടെ വീട്ടിനു മുമ്പില്‍ രണ്ട് മനോരമ, ഒരു മാതൃഭൂമി, ഒരു ദേശാഭിമാനി എന്നീ പത്രങ്ങള്‍, നാലുവീട്ടുകാരും കൂടി പങ്കിട്ടെടുത്തോളൂ എന്നമട്ടില്‍ വലിച്ചെറിഞ്ഞിട്ട് പോയിരുന്നത്. കൂട്ടത്തില്‍ രണ്ട് എണ്ണം മനോരമ ആയതിനാലും, വീട്ടിലെപ്പത്രം മനോരമയാണെങ്കിലും അച്ഛനോ അനിയന്മാരോ മനോരമയില്‍ വായന തുടങ്ങാത്തതിനാലും, ഉണര്‍ന്നു വരുമ്പോള്‍ എനിക്ക് മിക്കവാറും കിട്ടുക മനോരമ ആയിരിക്കും. അങ്ങനെയാണ് ഞാന്‍ ക്രമേണ മനോരമ അഡിക്റ്റ് ആകുന്നത്.

കേരളത്തിനു പുറത്തായതു മുതല്‍ മുടങ്ങിപ്പോയ മനോരമ വായന, പിന്നെ വീണ്ടും തുടങ്ങിയത് അവര്‍ വെബ് സൈറ്റ് ആരംഭിച്ചപ്പോഴാണ്. കൂടുതല്‍ വേഗത്തില്‍, ചൂടാറാതെ, വാര്‍ത്തകള്‍ ദീപികയില്‍ കിട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും മനോരമയെ ഉപേക്ഷിച്ചു. അതിനു ശേഷം ഞാന്‍ മനോരമ സൈറ്റില്‍ കാലു കുത്തുന്നത് (അതോ വിരലോ), എന്‍റെ ഒരു സുഹൃത്ത് മനോരമയുടെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലേയ്ക്ക് മാറുമ്പോഴാണ്. എന്‍റെ ഒന്ന് രണ്ട് കുറിപ്പുകള്‍ ലൈഫ്സ്റ്റൈല്‍ വിഭാഗത്തില്‍ വന്നതോടെ അവിടെ പ്രത്യക്ഷപ്പെടുന്ന മറ്റ് ലേഖനങ്ങളും ഞാന്‍ വായിച്ചു തുടങ്ങി.

മലയാളം റ്റി. വി. പരിപാടികള്‍ ലഭ്യമായതോടെ, വാര്‍ത്തകള്‍ക്കായി മനോരമയിലും ദീപികയിലും പോകുന്ന പതിവ് നിന്നു. മനോരമയുടെ സൈറ്റില്‍ പോയിട്ട് ഒരു വര്‍ഷത്തിലധികമായി. അപ്പോഴാണ് വെറുതേയിരുന്ന എന്നെ വക്കാരി വിളിച്ച് മനോരമ കാണിക്കാന്‍ കൊണ്ടുപോകുന്നത്. സ്വാഭാവികമായും ഞാന്‍ പോയത് നേരേ ലൈഫ് സ്റ്റൈലിലേയ്ക്ക് (അതെ, ആദ്യ പേജിന്‍റെ വലതുവശത്തായിക്കണ്ട എല്ലാ പ്രലോഭനങ്ങളെയുമുപേക്ഷിച്ച്).

ആകെ വട്ടായി, ചെറുപ്പത്തിലേ വട്ട് പിടിച്ചു, വായിച്ചു വട്ടായി എന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും അത് അനുഭവിച്ചറിയണമെങ്കില്‍, മറുനാട് എന്ന ഉപവിഭാഗത്തില്‍, ശ്രീയോ ശ്രീമതിയോ ആയ ബെര്‍ളി തോമസ് പടച്ചു വിടുന്ന ഒന്നോ രണ്ടോ ‘ഐറ്റം നമ്പര്‍’ വായിച്ചാല്‍ മതി. ഇതാ ചില ചില്ലറ സാമ്പിളുകള്‍.

മാന്യനായിരിക്കണം; ഓഫീസിനകത്തും പുറത്തും

“ഒന്നു ചിരിച്ചപ്പോള്‍ തന്നെ അവള്‍ അടുത്തു വന്നു. പിറ്റേന്ന് ഓഫ് ദിവസമാണ്. രാവിലെ പാര്‍ക്കില്‍ കാണാമെന്ന് പറഞ്ഞ് പിരിയുമ്പോള്‍ മസാല പുരണ്ട ഒരു അവധിയായിരുന്നു മനസ്സില്‍. പിറ്റേന്ന് പാര്‍ക്കില്‍ നിന്ന് തുടങ്ങിയ അവധി ഐസ്ക്രീം പര്‍ലറും തിയറ്ററും പിന്നിട്ട് വൈകിട്ട് ഹോട്ടല്‍ മുറിയിലവസാനിക്കുമ്പോള്‍ പിറ്റേന്നത്തെ ജോലിക്കുള്ള ഊര്‍ജവും അതിലേറെ ബാക്കി നില്‍ക്കുന്ന അഭിനിവേശങ്ങളും സ്വകാര്യതയുടെ ബാഗില്‍ ബാക്കിയായി.”

“ജീവനക്കാരുടെ വ്യക്തി ജീവിതം കൂടി സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികളുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.”

“ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ചിന്താഗതികളും ധാര്‍മിക ബോധവും നെഞ്ചിലേറ്റാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നത് കടുത്ത അനീതിയാണെന്നും ഇവര്‍ പറയുന്നു.”

ഓഫീസിലും വീട്ടിലും വര്‍ക്കഹോളിക്

“വര്‍ക്കഹോളിക് ഭര്‍ത്താക്കന്മാര്‍ പൊതുവേ വിശ്വസ്തരാണെന്നും ഒരു സര്‍വേ ചൂണ്ടിക്കാണിക്കുന്നു.”

“കുടുംബ ബന്ധം നന്നായി കൊണ്ടു പോകാന്‍ തന്നെ സമയം കുറവായതിനാല്‍ മറ്റൊരു ബന്ധത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് പ്രഫഷനലുകള്‍ സാക്ഷ്യപ്പെടുത്തുന്നു.”

ചെറുപ്പക്കാര്‍ക്ക് താല്പര്യം ഫീമെയിലിന്‍റെ ഈ മെയിലില്‍

“നാട്ടിലിറങ്ങി സുന്ദരിമാരുടെ പേരും മേല്‍വിലാസവും ചികഞ്ഞെടുത്ത് അവരുടെ ഗേറ്റിനു മുന്നില്‍ ഒരു സൈക്കിളുമായി കറങ്ങാന്‍ ധൈര്യമുള്ള എത്ര ചെറുപ്പക്കാര്‍ ഇന്ന് കേരളത്തിലുണ്ട്.”

“അയലത്തെ സുന്ദരിയെക്കുറിച്ചറിയാനാണെങ്കില്‍ പോലും ബ്യൂട്ടിഫുള്‍ ഗേള്‍ നെക്സ്റ്റ് ഡോര്‍ എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്ത് വിവരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു സമൂഹത്തിന് മാന്യതയുടെ പരിവേഷം കൂടി ലഭിക്കുന്നുണ്ടെന്ന് മാത്രം.”

“നഗരങ്ങളില്‍ പെണ്ണായി പിറന്നവരെല്ലാം സുന്ദരിമാരുമാണ്.”

“ജീവിതമെന്നാല്‍ നല്ലൊരു കം‍പ്യൂട്ടറും കൊള്ളാവുന്നൊരു ബ്രോഡ്ബാന്‍ഡ് കണക്ഷനുമാണ്.”

കൌശലവേലയുമായി പെണ്‍കുട്ടികള്‍ (അവിവാഹിതര്‍ സൂക്ഷിക്കുക)

“പെണ്‍കുട്ടികള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ പോലെയാണ്. എല്ലാ റൂട്ടിലും അവരുണ്ട്. കൈ നീട്ടുന്നവന് മുന്നില്‍ നിര്‍ത്തില്ല. വെറുതെ നില്‍ക്കുന്നവനെ നിര്‍ത്തി കയറ്റിക്കൊണ്ടു പോവുകയും ചെയ്യും.”

“ഓരോ പുരുഷനേയും കാണുമ്പോള്‍ പെണ്‍കുട്ടികള്‍ ആദ്യം ചിന്തിക്കുന്നത് അയാളെ തന്‍റെ ഭര്‍ത്താവാക്കാന്‍ കൊള്ളാമോ എന്നാണത്രേ.”

ഇവിടെ കോണ്‍ഡം നിക്ഷേപിക്കരുത്

“നൂറുകണക്കിന് സ്ത്രീപുരുഷന്മാര്‍ ജോലി ചെയ്യുന്ന പ്രസ്ഥാനത്തില്‍ എല്ലാവരും ഒരേ ധാര്‍മിക മര്യാദ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ചിലര്‍ ഓഫീസ് പരിസരത്തു വച്ച് വിശ്രമവേളകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നുവെന്നത് സത്യമാണ്. പക്ഷേ അതിന്‍റെ പേരില്‍ അവരെ ശിക്ഷിക്കാനോ ജോലിയില്‍ നിന്ന് നീക്കം ചെയ്യാനോ കഴിയില്ല.”

ബാക്കി നിങ്ങള്‍ തന്നെ വായിച്ചോളൂ. ബെര്‍ളിക്കാണോ, എനിക്കാണോ, അതോ “മറുനാടന്‍” ജോലിക്കാര്‍ക്കാണോ വട്ട്?

Labels: ,

20 Comments:

  1. Blogger prapra Wrote:

    ദൂരദര്‍ശന്‍ കാണിക്കുന്ന ഹൈലൈറ്റ്സ് പോലെ ഉണ്ട്. മുഴുവന്‍ കളി കാണേണ്ട ആവശ്യം തോന്നുന്നില്ല സംഭവം പിടി കിട്ടാന്‍. ഇതെല്ല്ലാം വായിച്ച ആരെങ്കിലും ഒക്കെ ഉണ്ടാകുമായിരിക്കും അല്ലേ? എന്തായാലും ആ ലിസ്റ്റില്‍ ചേരാന്‍ എനിക്ക് താല്പര്യമില്ല.
    വാല്‍കഷ്ണം : രാത്രി ജോലിക്ക് കോള്‍സെന്ററില്‍ പോകുന്നവരൊക്കെ വ്യഭിചരിച്ച് നടക്കുകയാണെന്ന്‍ ബെര്‍ളി തോമസ്സ് എന്തായാലും തീരുമാനിച്ചു. കണ്ട്രോള്‍ തരൂ, കണ്ട്രോള്‍ തരൂ എന്ന് ആരൊക്കെയോ പറയുന്നതും ഞാന്‍ കേള്‍ക്കുന്നു.

    April 28, 2006 6:31 PM  
  2. Blogger Santhosh Wrote:

    മുഴുവന്‍ ഞാനും വായിച്ചില്ല. ഇത്രയുമായപ്പോള്‍ത്തന്നെ വട്ട് എന്താണെന്ന് മനസ്സിലാവുകയും, വായന നിറുത്തുകയും ചെയ്തു. ഹൊ, ഈ വക കണ്ടുപിടുത്തങ്ങളൊക്കെ ഇവര്‍ അച്ചടിച്ചും വിടുന്നുണ്ടാവുമോ ആവോ.

    April 28, 2006 6:38 PM  
  3. Blogger myexperimentsandme Wrote:

    ഹയ്യോ മണ്‍‌രമ.... മലയാളി എങ്ങിനെ ജീവിക്കണം, എങ്ങിനെ മുണ്ടുടുക്കണം, മുണ്ടു വേണോ പാന്റ്സ് മതിയോ, ചായ എങ്ങിനെ കുടിക്കാം....

    സന്തോഷ് നയിച്ചതനുസരിച്ച് ലൈഫ് സ്റ്റൈലില്‍ പോയി നോക്കി. ബെര്‍ലി തോമസിന്റെ വേറൊരു കണ്ടുപിടുത്തം:

    പുരുഷന്മാര്‍ക്കും രോമത്തോട് അലര്‍ജി.

    April 28, 2006 6:49 PM  
  4. Blogger myexperimentsandme Wrote:

    നൈസ് പോസ്റ്റ് എന്നു പറയാന്‍ മറന്നു.

    നൈസ് പോസ്റ്റ്.

    April 28, 2006 6:50 PM  
  5. Blogger myexperimentsandme Wrote:

    ഒന്നു ചോദിക്കാന്‍ മറന്നു, താങ്കളുടെ ലൈഫ്‌സ്റ്റൈല്‍ കുറിപ്പുകള്‍ ഇപ്പോഴും സൈറ്റിലുണ്ടോ? എവിടെ?

    April 28, 2006 7:36 PM  
  6. Blogger Santhosh Wrote:

    വക്കാരീ, ലൈഫ്സ്റ്റൈല്‍ മഞ്ഞിക്കും മുമ്പെഴുതിയവയായിരുന്നു എന്‍റെ കുറിപ്പുകള്‍ [തെറ്റിദ്ധരിക്കാതിരിക്കാന്‍ പറയുന്നതാണേ, കാമസൂത്രത്തിന്‍റെ മലയാളപരിഭാഷയല്ല ഞാന്‍ എഴുതിവിട്ടത്:)]

    എന്‍റെ കുറിപ്പുകള്‍ ഇപ്പോള്‍ കാണുന്നില്ല. സൈറ്റില്‍ കണ്ടുകിട്ടിയാല്‍ ലിങ്കിടുകയോ എന്‍റെ കൈവശം കണ്ടെത്തിയാല്‍ ബ്ലോഗുകയോ ചെയ്യാം.

    April 28, 2006 7:46 PM  
  7. Blogger രാജ് Wrote:

    സംഗതി ഏറെക്കുറെ മഞ്ഞയാണെങ്കിലും ഓഫ് ടോപിക് പോലെ എഴുതിയ ഈ പാരഗ്രാഫ് വായിച്ചിരിക്കേണ്ടതാണു്:

    ഇന്റര്‍നെറ്റ് വല്ലാതെ ആശ്രയിക്കുന്നവര്‍ക്ക് യഥാര്‍ഥ ലോകവുമായുള്ള ബന്ധം വല്ലാതെ കുറയുമ്പോഴും ഇത്തരക്കാര്‍ക്ക് എടുത്തു പറയാന്‍ ചില ഗുണങ്ങളുമുണ്ട്. പൊതു വിഞ്ജാനത്തിലും ആധുനിക ശൈലികളുട കാര്യത്തിലും ഇവര്‍ സാധാരക്കാരേക്കാള്‍ ബഹുദൂരം മുന്നിലാവുമത്രേ. പത്രവും പുസ്തകങ്ങും അവതരിപ്പിക്കുന്ന വളച്ചൊടിക്കപ്പെട്ട കാര്യങ്ങള്‍ കാലങ്ങള്‍ കൊണ്ട് വായിച്ചു തീര്‍ക്കുന്നവര്‍ കരകയറാത്ത ആശയക്കുഴപ്പത്തില്‍ പെടുമ്പോള്‍ ഏതു വിഷയവും അതുമായി ബന്ധപ്പെട്ട 10 വെബ്സൈറ്റ് എങ്കിലും നോക്കി തിട്ടപ്പെടുത്തി ശരിയായ ധാരണകളും നിഗമനങ്ങളും ഇവര്‍ നേടുന്നു. വീടിനു പുറത്തെ വെടിവട്ടങ്ങളില്‍ ഇവര്‍ തീര്‍ത്തും അന്യരാകാമെങ്കിലും അവര്‍ക്കെല്ലാം അന്യമായ വിഷയങ്ങളില്‍ ആധികാരികമായ വിവരങ്ങള്‍ ഇയാള്‍ക്കു സ്വന്തമാവും. എങ്കിലും കേരള സമൂഹത്തിലെ പൊതുശൈലികളില്‍ നിന്നകന്ന് ഇത്തരത്തില്‍ ഒരു ഇ-സമൂഹം വളര്‍ന്നുവരുന്നതില്‍ ആശങ്കപ്പെടുകയാണ് സാമൂഹികവിദഗ്ധര്‍.

    ദേവന്‍ ഈ വിഷയത്തില്‍ രസകരമായ ചില പ്രബന്ധങ്ങള്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണു് എന്റെ അറിവ്. ദേവാ അതൊന്നു മലയാളത്തിലാക്കി ബ്ലോഗിലിടണേ, കാലികമായ മാറ്റങ്ങളും ആവാം.

    April 28, 2006 9:51 PM  
  8. Blogger Visala Manaskan Wrote:

    'അങ്ങനെയാണ് ഞാന്‍ ക്രമേണ മനോരമ അഡിക്റ്റ് ആകുന്നത്'

    സന്തോഷ് മനോരമയുടെ അഡികടായത് വിവരിച്ച ആ രീതിയുണ്ടല്ലോ, അതാണ്‌ എന്നെ സന്തോഷിന്റെ എഴുത്തിന്റെ അഡിക്ടാക്കി മാറ്റുന്നത്!

    ബെര്‍ളി തോമസ്സിന്റെ ‘അടച്ചാക്ഷേപിക്കലുകള്‍‘ എന്തായാലും മനോരമക്ക് ചേരില്ല.

    April 28, 2006 9:51 PM  
  9. Blogger ദേവന്‍ Wrote:

    സുനില്‍ ക്ഷമിക്കണേ) ബോയിംഗ്‌ ബോയിംഗ്‌ എന്ന സിനിമയില്‍ സോമനും ശിങ്കിടികളും കൂടെ പത്രമാപ്പീസിലിരുന്നു "എട്ടുവീട്ടില്‍ രാഘവന്‍ എട്ടു ഹരിജന്‍ യുവതികളെ തെങ്ങില്‍ കെട്ടിയിട്ട്‌ ബലാത്സംഗം ചെയ്തു" എന്നു വാര്‍ത്തയുണ്ടാക്കുന്ന രംഗം ഓര്‍മ്മയില്ലേ? ഇത്തരം റിപ്പോര്‍ട്ടുകള്‍ അത്രേയുള്ളു.

    ഈ ലോകത്ത്‌ എറ്റവും എളുപ്പമുള്ള എഴുത്താണ്‌ അനുമാനം എഴുത്ത്‌- നമുക്കെന്തും അനുമാനിക്കാമല്ലോ. ഈ സ്ത്രീയും അനുമാനിക്കട്ടെ. ആം ചെയര്‍ ആഡിറ്റര്‍ (ചാരുകസേര ഗീര്‍വ്വാണക്കാരന്‍) എന്ന വിഭാഗത്തില്‍ പെടുന്ന ഇത്തരക്കാര്‍ എഴുതുന്നത്‌ വലിയ വിലകൊടുത്ത്‌ ആരും കാണാറില്ല. ഒരുപാടു പേര്‍ക്ക്‌ രാവിലെ മദ്യപാനം-വ്യഭിചാരം-കത്തിക്കുത്ത്‌-നായാട്ട്‌-പീഡനം എന്നൊക്കെ കണ്ടുക്കൊണ്ട്‌ ചായകുടിക്കാന്‍ ഇഷ്ടമുള്‍ലതുകൊണ്ട്‌ ഇതെല്ലാം വില്‍പ്പനക്കുണ്ടെന്നേയുള്ളു. വനിത വാരിക ഇത്തരം ഗവേഷണങ്ങളുടെ അമ്മൂമ്മയാണ്‌.

    കേരളത്തില്‍ വ്യഭിചാരം പെരുകുന്നു എന്നൊരു വെണ്ടക്കാ വായിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി "എന്റേടീ അപ്പ്രത്തെ തങ്കമ്മച്ചേച്ചിയും കോളേജിപ്പടിക്കുന്ന ഷാജുവും തമ്മില്‍..." എന്ന് കച്ചറ പ്പെണ്ണുങ്ങല്‍ വേലിക്കല്‍ നിന്നു കുശുകുശുത്ത്‌ ചിരിക്കുന്നതിന്റെ ഒരു മാക്രോ ലെവല്‍ ആദ്വാദനം മാത്രം.

    നടന്നു പോകുന്നവന്‍ സാധു, സൈക്കിളില്‍ പോകുന്നവന്‍ അഹങ്കാരി, ബൈക്കില്‍ പോകുന്നവന്‍ വ്യഭിചാരി, കാറില്‍പ്പോകുന്നവന്‍ കള്ളനോട്ടടിക്കാരന്‍ എന്നിങ്ങനെ
    ഒരു ആക്ഷേപ പ്രോട്ടോക്കോള്‍ നാട്ടില്‍ നിലവിലുണ്ടായിരുന്നു. ഒരു ബൈകിന്റെ വിലയുള്ള കമ്പ്യൂട്ടറിനെ വേലിക്കല്‍ ചേച്ചിമാര്‍ ബൈക്ക്‌ കാറ്റഗറിയില്‍ പെടുത്തിക്കാണും. ഈമെയില്‍ അയക്കുന്നവനും കാള്‍സെന്ററും ടെച്നോപ്പാര്‍ക്കും എന്തിനു റെയില്വേ ബൂകിംഗ്‌ ക്ലേര്‍ക്കുവരെ അപ്പോ എന്തായി?

    (രാജേ, ചാറ്റോളജി ഫോറത്തില്‍ കിടന്ന് പഴകിപ്പുളിച്ചതിനെ തുടര്‍ന്ന് നാലഞ്ചു കൊല്ലം മുന്നേ ഉപേക്ഷിച്ചതല്ലായിരുന്നോ നമ്മള്‍..)

    സന്തോഷിന്റെ ലേഖനം കാലികപ്രാധാന്യം കൊണ്ടും അവതരരീതികൊണ്ടും ശ്രദ്ധേയമായി

    (അല്‍. ടോ.:- എസ്‌ ആര്‍ ശക്തിധരന്റെ വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ തേടി പ്രിന്റില്‍ ഇല്ലെന്നാണ്‌ അറിവ്‌. സംഘടിപ്പിച്ചു തരാന്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനത്തിനു പുറമേ ധനാഗമനം, കീര്‍ത്തി, ശരവണഭവന്‍, ദുബായി ഗ്രാന്‍ഡ്‌ എന്നിവ ലഭിക്കുന്നതായിരിക്കും )

    April 28, 2006 10:48 PM  
  10. Blogger Kalesh Kumar Wrote:

    കഷ്ടം!
    മനോരമ ഇത്ര തരം താഴുമോ?

    April 29, 2006 1:16 AM  
  11. Blogger സ്വാര്‍ത്ഥന്‍ Wrote:

    പിള്ളാര്‍ക്ക് ‘കളിക്കുടുക്ക’ വാങ്ങിക്കൊടുക്കാന്‍ പോലും പേടിയാവുന്നു. ഇക്കണക്കിനാണെങ്കില്‍ വാസു എഴുതിയ പ്രകാരം, ‘ചിണ്ടന്‍ മുയലും ലൈഗികതയും’ എന്നൊക്കെ അവര് എഴുതിവിടുന്നുണ്ടാകുമോ!!!

    April 29, 2006 2:25 AM  
  12. Blogger അഭയാര്‍ത്ഥി Wrote:

    This comment has been removed by a blog administrator.

    April 29, 2006 11:30 PM  
  13. Blogger അഭയാര്‍ത്ഥി Wrote:

    ഒരു പത്റം നില നില്‍ക്കണമെങ്കില്‍ അതു വിറ്റു പോണ്ടേ?. അതിലെ പണിക്കാറ്‍ക്കു ശമ്പളം ബോണസ്‌ തുടങ്ങി വിപ്ളവകരമായ തൊഴിലാളി വറ്‍ഗ സേവനങ്ങള്‍ ഏറ്‍പ്പെടുത്തണ്ടേ?. വിപ്ളവവും ബൂറ്‍ഷാസിയും കൈകോറ്‍ക്കട്ടെ. സമത്വ സുന്ദര ലോകമാവേണ്ടേ?.

    മംഗളോദയം പ്റെസ്സ്‌, നവാബ്‌ ദിനപത്റം ഒക്കെ അടച്ചു പൂട്ടി പോയില്ലെ?. സമൂഹ നന്‍മക്കു വേണ്ടി പത്റം നടത്തിയിട്ടു രജേന്ദ്രനു കിട്ടിയതു ത്റിശ്ശൂറ്‍ ഭാഷയില്‍ പറഞ്ഞാല്‍ പക്കിലിടി.


    മനൊരമയിലെ തൊഴിലാളികള്‍ അന്തസ്സായ വേതനം പറ്റുന്നു. മുതലാളി കൊഴുക്കുന്നു. എഡീഷനുകളും ടയറ്‍ കമ്പനികളും വറ്‍ദ്ധിക്കുന്നു. ഒരുപാടു കുടുംബങ്ങള്‍ക്കു ഉപജീവനമാകുന്നു. പത്റ ധറ്‍മത്തേക്കാള്‍ പൌര ധറ്‍മം പാലിക്കപ്പെടുന്നു.

    ശ്റീമാന്‍ അചുതാനന്തനെ മേനേജുമന്റ്‌ ഏല്‍പ്പിച്ചു നോക്കു. 1 വറ്‍ഷത്തില്‍ തൊഴിലാളിയും മുതലാളിയും കൂടി സെക്ററ്റ്റിയേറ്റു പടിക്കല്‍ പൂട്ടിക്കിടക്കുന്ന പീഡിത വ്യവസായം തുറക്കാന്‍ ഗവറ്‍മെന്റിനെതിരെ സമരമുറകളുമായി ഇരിക്കുന്നുണ്ടാകും.

    ഇതു മാറുന്ന ലോകമാണു. വേഗത്തില്‍ ഓടാന്‍ ശീലിക്കുക. ഒന്നിനേയും പഴി പറഞ്ഞിട്ടു കാര്യമില്ല. പിന്നെ ലൈംഗികത മോശമുള്ള ഒരു വിഷയമല്ല- തിളക്കട്ടെ ചോര ഞര്‍മ്പുകളില്‍.

    പെണ്ണുങ്ങളെ കെ എസ്‌ ആറ്‍ ടി സി ബസ്സിനോടുപമിച്ചതു ബൂടിഫുള്‍.

    ചിണ്ടനും മുയലും ലൈംഗികതയും ചിരിപ്പിക്കുന്ന ചിന്ത.


    ഗന്ധറ്‍വന്‍ കമ്മൂനിസ്റ്റ്‌ വിരോധി അല്ലേ. ചെഗുവേരയുടെ പാറ്‍ടി. പക്ഷെ പിടികിട്ടാത്തവണ്ണം ബൊളിവിയന്‍ കാടുകളില്‍ പോയി മരിച്ചിരിക്കുന്നു കമ്മൂനിസ്റ്റ്‌ ആദറ്‍ശങ്ങല്‍- ഇങ്ങിനി വരാത്ത വണ്ണം.

    ഇപ്പോള്‍ ഉള്ളതു കം ഓപറ്‍ചുനിസ്റ്റ്സ്‌.

    അല്ലെന്നു വാദിച്ചോളു- പക്ഷേ അതാണു സത്യം , സത്യ പ്റകാശം

    April 29, 2006 11:39 PM  
  14. Blogger Arun Vishnu M V Wrote:

    thanks ketto. njan vaycichu. wen i gt time i will change all. template okke maatti ellam onnu sheriyakkanam

    April 30, 2006 12:59 AM  
  15. Blogger അതുല്യ Wrote:

    കമ്മ്യുണിസം ഇനിയും മറ്റ്‌ എന്തിനേക്കാളെറെ ശക്തിയായി തിരിച്ചു വരും.

    ഗന്ധര്‍വനു ഉറപ്പില്ലാത്ത കാര്യത്തെക്കുറിച്ച്‌ "മരിച്ചു" എന്ന് പറയുന്നത്‌ തീര്‍ച്ചും അരോചകമായി തോന്നുന്നു. ഞാനും എന്റെ ഭാര്യയയും ഒരു തട്ടാനും മാത്രം ബാക്കി വരണം ന്ന് കരുതുന്ന ഗന്ധര്‍വ ചിന്തകളേ വേറെ വഴി തെളിച്ചു വിടുക ഈ പ്രായത്തില്‍ അല്‍പം പ്രയാസം. നിങ്ങള്‍ യാത്രം തുടരുക, കിഴക്കേ പള്ളിയില്‍ ഇന്ന് പെരുന്നാളുണ്ട്‌.

    April 30, 2006 2:55 AM  
  16. Blogger അഭയാര്‍ത്ഥി Wrote:

    സഖാവേ എന്നു വിളിക്കാന്‍ പറ്റാത്തതുകൊണ്ടു വിളിക്കട്ടെ- സഖിയേ അതുല്യേ. എവിടെയുണ്ടു ഈ കമ്മൂനിസ്ം. ഇപ്പോള്‍ അമേരിക്കയെ എതിറ്‍ക്കുക എന്നതാണു കമ്മുണിസ്ം. അമേരിക്ക പറയുന്നു പ്റയപൂറ്‍ത്തി ആയ ഒരാള്‍ 3 ലിറ്റ്രെ വെള്ളം കുടിക്കണം. കമ്മുനിസ്റ്റ്‌ പറയുന്നു വേണ്ട 2.99999999 മതി.

    അതുപോലെ കേരളത്തില്‍ ചാണ്ടി അഴിയുമ്പോള്‍ മുറുകുന്ന അച്ചുതന്‍ എന്നതാണു സ്ഥിതി.

    ഇനി കമ്മുനിസ്റ്റ്‌ തേനും പാലും രുചിക്കാം 11 നു ശെഷം. പൊതുജനം ഗറ്‍ദ്ദഭം തന്നെ . ദുഷ്കര ഗറ്‍ഭം താങ്ങുക തന്നെ.


    കമ്മുനിസ്റ്റ്‌ ചരിത്റത്തില്‍ ഒരേ ഒരു കമ്മൂനിസ്റ്റേ ഉള്ളു- ചെഗുവ്വേര. ബാകി എല്ലാം സ്വേച്ചാധിപതികളോ കറപുരണ്ട വ്യക്തി ജീവിതമുള്ളവരോ ആയിരുന്നു. ഗന്ധറ്‍വന്റെ ഭാവിയില്‍ കണ്ട കോടാലി ആയതു കമ്മുനിസ്റ്റ്‌ പ്റേമം. ഒരിക്കല്‍ ഗന്ധാറ്‍വന്‍ എഴുതിയിരുന്നു അടിയന്തിരാവസ്ഥ കാലത്തെ നക്സല്‍ പ്റവറ്‍ത്തനത്തെ കുറിച്ചു. ഇന്നും തൊഴിലാളി വര്‍ഗ സ്നേഹം ഉള്ളില്‍ കാത്തു സൂക്ഷിക്കുന്നു. എന്നാല്‍ ഒരു പാടു ദേശങ്ങളിലെ പുരോഗതികണ്ട ഗന്ധറ്‍വന്‍ പറയുന്നു ഖലീഫാ ഉമ്മറിനെ പോലെ ഉള്ള ഭരണാധികാരിയെന്‍ക്കില്‍ രാജ ഭരണം എന്തിനേക്കാളും അഭികാമ്യം(ഗാന്ധി പറഞ്ഞതാണൂ).

    അച്ചുമ്മാന്റെ അഴിമതിരഹിത പട്ടിണിയേക്കാള്‍ പാമോയില്‍ അഴിമതിയില്‍ മുങ്ങിയ പുരോഗതിയുടെ കരുണാകര രൂപം.

    അന്നം, വസ്ത്റം, പാറ്‍പ്പിടം തരുന്ന ഭരണം എന്തായലും പരൊമോന്നതമാണു.

    എടുക്കുക ധുഷിച്ചു നാറുന്ന ജനാധിപത്യ സോഷ്യലിസ്ം. വിശന്ന വയറില്‍ ഗരീബി ഹഠാവോ എന്നു വിലിച്ചു കുവിക്കുന്ന വിപ്ളവത്തേക്കാള്‍ , ആരേയും തെറിവിളിക്കാനുള്ള സ്വാതന്ത്റ്യത്തേക്കാള്‍, പര്‍സ്പരബഹുമാനത്തോടെ മാത്റം പെരുമാറാന്‍ പഠിപ്പിക്കുന്ന സുഭിക്ഷത തരുന്ന ഡിക്റ്റേറ്ററ്‍. ഉദാഹരണം സിംഗപൂര്‍.

    ഞാനോറ്‍ത്തു ഗന്ധ്റ്‍വനെതിരേ കമ്മുനിസ്ം ഉള്ളില്‍ സൂക്ഷിക്കുന്ന സഖാക്കള്‍ എന്തേ വാളോങ്ങിയില്ല. സഖി എങ്കിലും എത്തിയല്ലോ?.

    ലാല്‍ സലാം അതുല്യ. ബീഡിയുണ്ടോ സഖിയേ ഒന്നു വിറ്റില മുറുക്കാന്‍

    April 30, 2006 3:46 AM  
  17. Blogger അതുല്യ Wrote:

    ഗന്ധര്‍വന്റെ വീട്ടിലെ ആളുകളുടെ വിശപ്പകറ്റുക എന്നതു മാത്രമാണു ജീവിതം എന്ന് കരുതുന്നുവെങ്കില്‍ ഞാന്‍ പറഞ്ഞ പള്ളിയില്‍ പെരുന്നാളിനിയും കഴിഞ്ഞിട്ടില്ല.

    എനിക്കത്‌ മാത്രം പോരാ. വിപ്ലവം പാടി തീര്‍ക്കനോ മുദ്രാവാക്യം വിളിക്കാനോ മാത്രം ഉള്ളതാണെന്ന് വിശ്വസിയ്കുന്ന ആളല്ലാ ഞാന്‍. ഇന്ത്യയുമായി ഒരു താരതമ്യ പഠനത്തിനും ഉതകുന്ന ഒരു രാജ്യവും ഉണ്ടന്ന് എനിക്കു തോന്നുന്നില്ലാ, ജനസഖ്യ വച്ചു നോക്കുമ്പോ. ഒരുപാട്‌ ഗന്ധര്‍വന്മാരുള്ള ഒരു ഇന്ത്യ എന്നതാണു ഇന്ത്യയുടെ പിഴവ്‌.

    ഞാന്‍ തര്‍ക്കത്തിനില്ലാ, കമ്മ്യുണിസം തര്‍ക്കം കൊണ്ട്‌ നേടിയതല്ലാ, ചങ്കുറപ്പ്‌ കൊണ്ട്‌ നേടിയതാണു.

    April 30, 2006 4:46 AM  
  18. Blogger അഭയാര്‍ത്ഥി Wrote:

    ഇതു താണ്ട കമ്മൂനിസ്റ്റ!!!!!!!!. അന്യം വന്നു പോയ കമ്മുണിസ്റ്റ്‌ കുലത്തില്‍ ഇനിയും ചുകപ്പു റോജാക്കള്‍ ഉണ്ടു.

    സചിദാനന്ദന്‍ (അടിയന്തിരാവസ്ഥക്കാലത്തു ശിഷ്യനായ സറ്‍ക്കിള്‍ ഇന്‍സ്പെക്റ്ററ്‍ക്കു മാപ്പെഴുതി തടി രക്ഷിച്ചു ഞങ്ങളുടെ നേതാവും ഗുരുവുമായ ഈ കവി) എഴുതി - ആരു പറഞ്ഞു നക്സലിസ്ം നശിച്ചു എന്നു , എന്റെ ശിഷ്യറ്‍ രാമന്‍കുട്ടിയേയും പ്റവീണിനേയും (എന്റെ ക്ലാസ്മേറ്റ്‌) നൊക്കു..


    ഞാന്‍ പറയുന്നു- ആരു പറഞ്ഞു കമ്മുണിസ്ം അന്യം വന്നുവെന്നു. അതുല്യയെ നോക്കു.


    പക്ഷേ എത്റ പേരില്‍ ഈ പോരാട്ട വീര്യം ഉണ്ടു. ഞാനും വഴക്കിനില്ല. തത്കാലം കിഴക്കെ പള്ളിയിലെ കഞ്ഞി വീഴ്ത്തില്‍ ത്റുപ്തനാണു.

    Athulyaji- life offered you not a red flag. It is a flag of affluence I presume. When your stomach is full you will feel like singing a song of "inquilab".

    What about about those " chakiri thalli ... kallutachchu.. skhaakkale munnoTTu at keralam" they struggle with life. I pitied them only

    April 30, 2006 5:28 AM  
  19. Blogger Santhosh Wrote:

    അതുല്യേ, എല്ലാ വീട്ടിലെയും വിശപ്പടക്കുക എന്നതു തന്നെയല്ലേ ഏതൊരു തത്വശാസ്ത്രത്തിന്‍റെയും ആത്യന്തിക ലക്ഷ്യം?

    കമ്യൂണിസം തിരിച്ചു വന്നേക്കാം. അതിന്‍റെ ഇന്നത്തെ പ്രഖ്യാപിത മൂല്യങ്ങളുമായി ആവാനുള്ള സാധ്യത തുലോം കുറവുതന്നെ. അധികാരത്തിന്‍റെ ലഹരി മനുഷ്യരെ മത്തുപിടിപ്പിക്കും. കമ്യൂണിസ്റ്റും മനുഷ്യനാണല്ലോ.

    April 30, 2006 9:46 AM  
  20. Blogger Santhosh Wrote:

    വക്കാരീ: രണ്ട് ലേഖനങ്ങളും ഇപ്പോള്‍ മനോരമയിലില്ല.

    പെരിങ്ങോടന്‍: മിക്കവാറും എല്ലാ ലേഖനങ്ങളിലും ഇങ്ങനെ ഒരു നുള്ള് കാമ്പുണ്ട്. അതിനെ തന്ത്രപൂര്‍വം ‘വായനായോഗ്യ’മാക്കിയിരിക്കുന്നുവെന്ന് മാത്രം.

    വിശാലാ: താങ്ക്യൂ. ബെര്‍ലിയുടെ കണ്ടുപിടുത്തങ്ങള്‍ വേറേയുമുണ്ട്: അന്യനാട്ടില്‍ പോയി പഠിക്കുന്ന പാവം പെമ്പിള്ളരെക്കുറിച്ചുള്ള ലേഖനം വായിച്ചുനോക്കുക.

    ദേവന്‍: നന്ദി!

    കലേഷ്: താഴും, താഴും. മറ്റുള്ളവരാണ് താഴ്ന്നതെന്ന് കുറ്റവും പറയും.

    സ്വാര്‍ത്ഥാ: പച്ചയായി എഴുതിയില്ലെങ്കിലും, ചിണ്ടന്‍ മുയലിന് പെണ്മുയലുകളേക്കാള്‍ ആണ്‍‍മുയലുകളോടായിരുന്നു താല്പര്യം എന്നെഴുതിവിടുന്ന കാലം അനതിവിദൂരമല്ല.

    ഗന്ധര്‍വാ: എന്തിന് ഇങ്ങനെയൊക്കെ എഴുതിവിടുന്നു എന്നത് പ്രസക്തമായ ചോദ്യം. മനോരമ പറയും വായനക്കാരുണ്ടായതുകൊണ്ടെന്ന്. അപ്പോള്‍ നമ്മുടെ വായനാശീലത്തിന്‍റെ തെറ്റോ, അവര്‍ എഴുതുന്നതിന്‍റെ തെറ്റോ? (ഏത് ആദ്യം നിലവാരം താണു എന്നത് കോഴിയും മുട്ടയും എന്നുപറഞ്ഞപോലെയാണ്.) ഓരോരുത്തരും സൌകര്യപൂര്‍വം മറുഭാഗത്തിനെ കുറ്റം പറയുന്നു.

    അരുണ്‍: നന്നാക്കൂ, നന്നാവൂ!

    അതുല്യ: ഞാന്‍ എന്തു പറയാന്‍:)

    സസ്നേഹം,
    സന്തോഷ്

    May 01, 2006 12:36 PM  

Post a Comment

<< Home