ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, May 10, 2006

എന്നാലും എന്‍റെ സ്പീല്‍ബര്‍ഗ്ഗേ!

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിന്‍റെ പടമല്ലേ, അയ്യേ, കണ്ടിട്ടില്ലേന്ന് പ്രായമേറെച്ചെല്ലുമ്പോള്‍ ആരെങ്കിലും ചോദിച്ചാലോ എന്നു കരുതിയാണ്, അദ്ദ്യേം 2004-ല്‍ പടച്ച ‘ദ റ്റെര്‍മിനല്‍’ എന്ന സിനിമ, ഇല്ലാത്ത നേരം ഉണ്ടാക്കി, കാണാനിരുന്നത്.

സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ എട്ട് മിനിട്ട് എന്നു കണ്ട് ഞെട്ടിയെങ്കിലും, സ്പീല്‍ബര്‍ഗ്ഗിന്‍റെ മാന്ത്രികത ഇന്നെങ്കിലും പുറത്തു വരുമെന്ന് വിശ്വസിച്ച് നീളം സഹിക്കാമെന്നു വച്ചു. നായിക, കൊല്ലങ്ങള്‍ക്കുമുമ്പ് നല്ലകാലം കഴിഞ്ഞുപോയ കാറ്ററീന്‍ സീറ്റ ജോണ്‍സ്. മൈക്കല്‍ ഡഗ്ലസിനെക്കെട്ടി തടിച്ചിയായ ശേഷം അവളുടെ അഭിനയശേഷിയില്‍ എനിക്ക് വിശ്വാസമില്ലാതായിത്തുടങ്ങിയിരുന്നു (അവളിനി എങ്ങനെ ജീവിക്കുമോ ആവോ?). നായകനാണെങ്കില്‍ റ്റോം ഹാങ്ക്സും. തെറ്റില്ലാതെ അഭിനയക്കുന്ന ഈ മാന്യന്‍, കഴിഞ്ഞ കുറേക്കാലമായി തല്ലിപ്പൊളിപ്പടങ്ങള്‍ അടങ്കലെടുത്തിരിക്കുന്ന വ്യക്തിയാണ്. എന്നാലും സ്പീല്‍ബര്‍ഗ്ഗല്ലേ, ക്രിയേറ്റിവിറ്റിയുടെ സ്പാര്‍ക്കല്ലേ, കുന്തമല്ലേ, കുടച്ചക്രമല്ലേ, എന്നൊക്കെപ്പറഞ്ഞ് ഒരു ധൈര്യത്തില്‍ പടം കാണല്‍ ആരംഭിച്ചു.

തുടക്കം തെറ്റില്ലല്ലോ. റ്റോം ഹാങ്ക്സ്, മാനറിസങ്ങള്‍ മാറ്റിവച്ച് അല്പാല്പമായി തിളങ്ങാന്‍ തുടങ്ങുന്നു. ‘യാരടേ എവള്’ എന്ന് ചോദിപ്പിക്കുമാറ്, സ്ലിം ബ്യൂട്ടിയായി കാറ്ററീന്‍ സീറ്റ ജോണ്‍സും സ്റ്റേജില്‍. അല്പം തമാശയും അടക്കമുള്ള റൊമാന്‍സുമായി പടം മുന്നേറുന്നു.

ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, പടത്തിന്‍റെ നിലവാരം മൈക്രോസൊഫ്റ്റിന്‍റെ സ്റ്റോക്ക് പോലെ താഴോട്ടുള്ള പ്രയാണം ആരംഭിച്ചു. നായകനും നായികയും, സം‌വിധായകന്‍റെ വരുതിയില്‍ നില്‍ക്കാതെ എങ്ങോട്ടോ പോകുന്നു. സീന്‍ റ്റോണുകള്‍ അടിക്കടി മാറി കണ്ണിന് ആയാസമുണ്ടാവുന്ന വിധമാവുന്നു. ഡയലോഗുകള്‍ കൃത്രിമമാവുന്നു. സീനുകള്‍ ഏച്ചുകെട്ടിയപോലെ മുഴച്ചിരിക്കുന്നു. റ്റോം ഹാങ്ക്‍സ് നെറ്റി ചുഴിക്കുന്നു. കാറ്ററീന്‍ സീറ്റ ജോണ്‍സ് ചുണ്ടറ്റം മുകളിലേയ്ക്കാക്കി മലര്‍ത്തിയിട്ട റ പോലെ പിടിച്ച് ചിരിച്ചെന്നു വരുത്തുന്നു. എല്ലാം കഴിഞ്ഞ് കൈമാക്സ് അതിലും വിചിത്രം. കൂടുതല്‍ പറയുന്നില്ല.

പ്രിയദര്‍ശന്‍ സം‌വിധാനം ചെയ്ത്, മോഹന്‍ലാലും സ്വപ്നയും അഭിനയിച്ച ‘കടത്തനാടന്‍ അമ്പാടി’ കാണണോ, സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗ് സം‌വിധാനം ചെയ്ത്, റ്റോം ഹാങ്ക്സും കാറ്ററീന്‍ സീറ്റ ജോണ്‍സും അഭിനയിച്ച ‘ദ റ്റെര്‍മിനല്‍’ കാണണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അറച്ചു നില്‍ക്കാതെ, മടിച്ചു നില്‍ക്കാതെ പറഞ്ഞോളൂ, ‘കടത്തനാടന്‍ അമ്പാടി’ കാണണമെന്ന്: ഒന്നുമില്ലെങ്കിലും പാട്ടെങ്കിലും ഫോര്‍വേഡ് ചെയ്യാമല്ലോ.

Labels:

9 Comments:

  1. Blogger ഉമേഷ്::Umesh Wrote:

    ഈ സിനിമ കണ്ടിട്ടില്ല. “കടത്തനാടന്‍ അമ്പാടി” കണ്ടിട്ടുണ്ടു്. അതുകൊണ്ടു നിലവാരം മനസ്സിലായി.

    കുറെപ്പേര്‍ ഒരു എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ കാലാവസ്ഥ മൂലമോ മറ്റോ കുടുങ്ങിപ്പോകുന്ന കഥയല്ലേ? സിന്ധു കണ്ടിട്ടു് “വധം” എന്നു പറഞ്ഞിരുന്നു.

    സിനിമാ കാണാന്‍ സമയമില്ലാത്തതു് എത്ര ഭാഗ്യം എന്നാണു് ഇപ്പോള്‍ തോന്നുന്നതു്!

    മുന്നറിയിപ്പിനു നന്ദി.

    May 10, 2006 1:38 PM  
  2. Blogger Santhosh Wrote:

    കാലാവസ്ഥ മൂലം റ്റെര്‍മിനലില്‍ കുടുങ്ങിയാല്‍ അതിന് ഒരു സ്പീല്‍ബര്‍ഗ്ഗ് റ്റച്ച് വരുമോ? ആയതിനാല്‍, കിഴക്കേ യൂറോപ്പിലെ ക്രകൊഴിയ എന്ന രാജ്യത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെത്തിയ വിക്റ്റര്‍ നവോര്‍സ്കി റ്റെര്‍മിനലില്‍ കുടുങ്ങിയത് മാതൃരാജ്യത്തുണ്ടായ ലഹളയുടെ ഫലമായി ക്രകൊഴിയയുടെ ഭരണകൂടം താഴെപ്പോയി, യൂ. എസ്.എ ഇമിഗ്രേഷന്‍, നവോര്‍സ്കിയെ “രാജ്യമില്ലാത്തവനായി” പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ്.

    “അത്രയ്ക്കു മോശമാവുമോ, എന്നാലീ പടമൊന്നു കണ്ടുകളയാം...” എന്ന് നിങ്ങളാരെങ്കിലും തീരുമാനിച്ചിരുന്നെങ്കില്‍, ഇപ്പോള്‍ ആ തീരുമാനം മാറ്റിക്കാണുമല്ലോ:)

    സസ്നേഹം,
    സന്തോഷ്

    May 10, 2006 2:19 PM  
  3. Blogger prapra Wrote:

    സംഭവിച്ച് കഴിഞ്ഞില്ലേ, ഇനി എനിക്ക് ഒന്നും പറയാന്‍ ഇല്ല.

    May 10, 2006 6:30 PM  
  4. Anonymous Anonymous Wrote:

    അത്ര മോശം സിനിമയാണോ ഇത്‌?

    കഴിഞ്ഞ പതിനാറ്‌ വര്‍ഷമായി പാരീസീലെ Charles de Gaulle എയര്‍പോര്‍ട്ടില്‍ വിക്ടറിനെ പോലെ കഴിയുന്ന ഒരാളുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉല്‍കൊണ്ട്‌ സ്പീല്‍ ബര്‍ഗ്ഗ്‌ സംവിധാനം ചെയ്ത സിനിമയാണത്‌. മറ്റു സ്പീല്‍ബര്‍ഗ്ഗ്‌ സിനിമകളുടെ മേന്മകളൊന്നും ടെര്‍മിനലിന്‌ അവകാശപ്പെടാനില്ല എന്നത്‌ സത്യം. തന്റെ നാടിനെ തള്ളി പറഞ്ഞ്‌ ന്യൂയോര്‍ക്കില്‍ കാലുകുത്താന്‍ തയ്യാറാകാത്ത വിക്ടര്‍ , ഒരു റെഫൈയൂജിയായി തീരാനുള്ള കാരണത്തിന്‌ നിഷ്കളങ്കമായി എന്ന്‌ പറയുന്ന്അ വിക്ടര്‍,തന്റെ അച്ഛന്റെ ആഗ്രഹം സാധിച്ചതിന്‌ ശേഷം ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ മോഹവലയത്തില്‍ പെടാതെ നാട്ടിലേക്ക്‌ തിരിച്ച്‌ പോകുന്ന വിക്ടര്‍. വംശീയ കലാപങ്ങളില്‍ പെട്ട്‌ ജനിച്ച്‌ വളര്‍ന്ന മണ്ണില്‍ നിന്നും പറിച്ചെറിയപെടുമ്പോഴും നാറ്റിനെ നെഞ്ചോട്‌ ചേര്‍ത്ത്‌ വെയ്ക്കുന്ന സ്ലോവാക്ക്യന്‍, അല്‍ബേനിയക്കാരനില്‍ ഒരുവന്‍

    May 10, 2006 11:43 PM  
  5. Blogger Santhosh Wrote:

    ഇത്തരമൊരു കഥാസാരം ഞാനും വായിച്ചിരുന്നു തുളസീ. നല്ല കഥാതന്തുവെന്ന് കരുതുകയും ചെയ്തു. എന്തിനു പറയുന്നു, കടത്തനാടന്‍ അമ്പാടിയുടെ കഥയുമായി എത്ര നല്ല സിനിമകള്‍ ഇറങ്ങിയില്ല?

    പിന്നെ വിക്റ്റര്‍ ഒരു റ്റിപികല്‍ സ്ലോവാക്ക്യന്‍, അല്‍ബേനിയക്കാരനില്‍ ഒരുവന്‍ ആണെന്നു പറയുന്നത് ഈ പടത്തിലെ ഗുപ്ത ഒരു റ്റിപികല്‍ ഇന്ത്യക്കാരനാണ് എന്ന വാദത്തോളമേയുള്ളൂ എന്നാണ് എന്‍റെ അഭിപ്രായം.

    May 11, 2006 10:11 AM  
  6. Blogger Navaneeth Wrote:

    കുറേ കാലമായി ആശയദാരിദ്രം കലശലായി പിടിപെട്ട്‌ ബ്ലോഗില്‍ നിന്നു മാറിനില്‍ക്കുകയാണ്‌. വെറുതേ തരികിട പോസ്റ്റുകള്‍ ഇട്ടു നിലവാരം താഴ്ത്താന്‍ ഒരു മടി. terminal ഞാനും കണ്ടതാണ്‌. പിന്നെ ഒരു cinemaയുടെ റ്റിക്കറ്റ്‌ എടുത്ത്‌ പ്രദര്‍ശനശാലകളെ പറ്റിച്ചു ആ ദിവസം 2 സിനിമ കണ്ടതു കൊണ്ട്‌ കാശു കളഞ്ഞു എന്ന ഒരു കുറ്റബോധം തോന്നിയില്ല. പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല എന്നതാണ്‌ ശരി.
    സസ്നേഹം
    നവനീത്‌.

    May 11, 2006 9:11 PM  
  7. Blogger Santhosh Wrote:

    നവനീതിനെ കുറെ നാളായി കാണാനില്ലല്ലോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു...

    സസ്നേഹം,
    സന്തോഷ്

    May 11, 2006 9:33 PM  
  8. Blogger myexperimentsandme Wrote:

    അയ്യോ, ആ പടം വളരെ ആസ്വദിച്ച് കണ്ടതായിരുന്നു. ഹരിപ്പോത്തന്‍, വളയങ്ങളുടെ രാജാവ്, ജുറാന്‍ സിംഗിന്റെ പാര്‍ക്ക് തുടങ്ങിയ ടൈപ്പ് പടങ്ങളൊഴിച്ച് വേറേ ഏത് വിശുദ്ധതടിപ്പടങ്ങളും ഒരേ വികാരത്തോടെ കാണുന്നതുകാരണം, ആ പടത്തിലും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയല്ല. കണ്ടു-പോന്നു. ഉഗ്രന്‍, ഉഗുഗ്രന്‍ എന്നൊക്കെ കാച്ചുകയും ചെയ്തു.

    അതിലെ എയര്‍പ്പോര്‍ട്ട് ഏതോ വലിയ മൈതാനത്താണ് ഉണ്ടാക്കിയതെന്ന് ആരോ പറഞ്ഞു കേട്ടു. വിശുദ്ധതടിപ്പടങ്ങളില്‍ അതൊരു പുതുമയല്ലായിരിക്കുമല്ലേ. കാശല്ലേ വീശുന്നത്.

    എന്റെ ഒരു ആംഗലേയപ്പടാനുഭവം ദോ ഇവിടെ ദോ ഇവിടെ [ഉറവ വറ്റിയ സ്ഥിതിക്ക് ഇനി ഇതൊക്കെത്തന്നെ രക്ഷ :(]

    May 14, 2006 2:03 AM  
  9. Blogger Santhosh Wrote:

    വക്കാരീ, പോയി ഇഞ്ച കാണൂ:)

    May 14, 2006 9:57 PM  

Post a Comment

<< Home