Friday, May 19, 2006

മേയ് പത്തൊമ്പത്: ഒരു ഓര്‍മ

അടുക്കും ചിട്ടയും ശ്രദ്ധയും ആവശ്യമുള്ള ഭര്‍ത്താവുദ്യോഗം കിട്ടുന്നതിനുമുമ്പ്, അന്നദാതാവായ ഓഫീസ് ജോലിയാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് വിശ്വസിച്ചിരുന്ന കാലം നിങ്ങളില്‍ പലരേയും പോലെ എനിക്കുമുണ്ടായിരുന്നു. താമസിച്ചാണ് ഓഫീസിലെത്തുന്നതെങ്കിലും പലപ്പോഴും ഉച്ചയൂണുപോലും ഉപേക്ഷിച്ച്, രാത്രി വിശപ്പു കാരണം കണ്ണില്‍ ഇരുട്ട് കയറിത്തുടങ്ങുന്നതുവരെ പണിയെടുത്ത് കമ്പനിയെ സേവിച്ചിരുന്ന സുദിനങ്ങളില്‍ ഒന്നിലാണ് ഈ സംഭവ കഥ നടക്കുന്നത്.

ഒലേ, കോം, ഡീകോം എന്നിത്യാദികളുടെ വാലും തലയും അറിയാത്തവര്‍ക്കും അറിയുമെന്ന് വെറുതേ നടിക്കുന്നവര്‍ക്കും അതു പറഞ്ഞുകൊടുക്കലായിരുന്നു എന്‍റെ ജോലി. എന്‍റെ കമ്പനി, ഇന്നത്തെപ്പോലെ അന്നും പണക്കാര്‍ക്ക് പ്രത്യേക സൌജന്യങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധവച്ചിരുന്നു. കാശുകൂടുതല്‍ കൊടുത്തവര്‍ക്ക് എന്നോട് നേരിട്ട് സംസാരിക്കാനുള്ള ദുര്യോഗം ലഭിച്ചിരുന്നപ്പോള്‍, പാവപ്പെട്ടവര്‍ക്ക് എന്‍റെ വാക്കുകളും വരികളും ഈമെയിലില്‍ വായിച്ച് സായുജ്യമടയാനേ കഴിഞ്ഞിരുന്നുള്ളൂ. എഴുതിയതിനെത്തന്നെ തിരിച്ചും മറിച്ചും ഉദാഹരിച്ചും എഴുതിയാലും മനസ്സിലാക്കാന്‍ പ്രയാസപ്പെടുമാറാണ് മേല്‍പറഞ്ഞ വകയൊക്കെ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നതിനാല്‍, എഴുതി കൈകഴയ്ക്കുമ്പോള്‍, മറുതലയ്ക്കല്‍ പാവപ്പെട്ടവാനാണോ എന്നു നോക്കാതെ നേരില്‍ സംസാരിച്ച് കാര്യം ഒതുക്കിത്തീര്‍ക്കുകയായിരുന്നു പതിവ്.

പതിവിലും നേരത്തേ ഓഫീസിലെത്തി, ഒരു പാവപ്പെട്ടവനോട് ഏകദേശം ഒന്നൊന്നരെ മണിക്കൂര്‍ ഫോണില്‍ ചെലവഴിച്ചിട്ടും കപ്പലെന്നു പറയുമ്പോള്‍ കപ്പലണ്ടി എന്നു മനസ്സിലാക്കുന്ന മാന്യന് നേര്‍ബുദ്ധി തോന്നണേ എന്‍റെ കീഴ്പേരൂര്‍ ഭഗവതീ എന്ന് പ്രാര്‍ഥിച്ച്, ഒരു ചായ കുടിച്ച ശേഷമാവാം ബാക്കി എന്നു കരുതി തിരിഞ്ഞപ്പോളതാ, സഹപ്രവര്‍ത്തകര്‍ ചുറ്റും കൂടി നില്‍ക്കുന്നു. മാനേജരമ്മച്ചി പതിവില്ലാതെ വെളുക്കെ ചിരിക്കുന്നു.

“സ്മാര്‍ട്ട് ഡോഗ്, യൂ ആര്‍ ഏര്‍ളി! ബിഗ് പാര്‍ട്ടി ഇന്‍ ദ ഈവ്നിംഗ്?”

ഒരു ചുക്കും മനസ്സിലായില്ല. വെള്ളിയാഴ്ച സാധാരണ ഒരു ഭരണിപ്പാട്ട് പാര്‍ട്ടി ഉള്ളതാണ്. പക്ഷേ, അക്കാര്യം ഞാന്‍ ഇവരോടൊന്നും പറഞ്ഞിട്ടില്ലല്ലോ. എന്നു മാത്രമല്ല, ആ പാര്‍ട്ടിക്കുവേണ്ടി നേരത്തേ വന്ന് പണിയെടുക്കേണ്ട കാര്യമൊന്നുമില്ല.

“ഓ, വെല്‍, നോട്ട് റീയലി... വില്‍ ജെസ്റ്റ് ഗെറ്റ് റ്റുഗദര്‍ വിത് കപ്‍ള്‍ ഓഫ് മൈ ഫ്രെണ്ട്സ്...” വൈകുന്നേരത്തെ കപ്പ, കള്ള്, കവിത പാര്‍ട്ടിയെ ഒന്ന് ഡൌണ്‍പ്ലേ ചെയ്തു. ഇതത്ര വലിയ ആനക്കാര്യമാണോ, എല്ലാ വെള്ളിയാഴ്ചയും ഉള്ളതല്ലേ?

“ഓള്‍ റൈറ്റ്, സോ, വീ ആര്‍ നോട്ട് ഇന്‍‍വൈറ്റഡ്...”

മധുസൂദനന്‍ നായരോടും കൊടുങ്ങല്ലൂര്‍ ഭരണിയോടും സായിപ്പിന് എന്നുമുതലാണ് താല്പര്യം വന്നു തുടങ്ങിയത്? ഇനി ‘ഡൈവേഴ്സിറ്റി’യുടെ ലേബലിലുള്ള ഞാനറിയാത്ത എന്തെങ്കിലും കുരിശ്ശാണോ?

മാനേജരും മറ്റുള്ളവരും എന്താണ് പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസ്സിലായേയില്ല. എന്നാല്‍ ഒന്നും പിടി കിട്ടിയില്ല എന്ന് വിചാരിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലാത്തതിനാല്‍, ഞാന്‍ വെറുതെ ചിരിച്ചുകൊണ്ടിരുന്നു. അപ്പോളതാ, നമ്മുടെ പ്രിയങ്കരിയായ ഗ്രൂപ്പ് അസിസ്റ്റന്‍റ്, ഐവി, ഒരു കേയ്ക്കുമായി വരുന്നു. കേയ്ക്ക് എന്‍റെ മുന്നില്‍ കൊണ്ടു വച്ചു. അതില്‍ എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു:

“ഹാപ്പി ബര്‍ത് ഡേ, സന്തോഷ്!”

ഇന്ന് മേയ് പത്തൊമ്പതാണ്. അമ്മയുടെ ഒഫിഷ്യല്‍ ഇംഗ്ലീഷ് ജന്മദിനം. സീമന്ത പുത്രനായ എന്‍റേയും!

എല്ലാരും ചേര്‍ന്ന് എനിക്ക് ഹാപ്പി ബര്‍ത് ഡേ ആശംസിക്കാന്‍ വന്നതാണ്. കേയ്ക്കിനു പുറമേ, ടീമിലുള്ള എല്ലാവരും ഒപ്പിട്ട ഒരു ബര്‍ത് ഡേ കാര്‍ഡുമുണ്ട്.

മധുരമുള്ള സാധനങ്ങള്‍ അധികനേരം മുന്നില്‍ വയ്ക്കുന്നത് ഇഷ്ടമല്ലാത്തതിനാല്‍, ഞാന്‍ വേഗം കേയ്ക്ക് മുറിച്ചു. സഹപ്രവര്‍ത്തകര്‍ ചുറ്റും നിന്ന് “ഹാപ്പി ബര്‍ത് ഡേ റ്റു യൂ” പാടി. കേയ്ക്ക് അകത്താക്കിക്കഴിഞ്ഞ് ഞാന്‍ പറഞ്ഞു:

“മേയ് പത്തൊമ്പത് എന്‍റെ ഒഫിഷ്യല്‍ ജന്മദിനം മാത്രമാണ്. എന്‍റെ ആക്ച്വല്‍ ജന്മദിനം ജനുവരിയില്‍ കഴിഞ്ഞു പോയി.”

“ഓ!” , “വാട്ട്?”, “ബട്ട്, ഹൌ”, “വൈറ്റ് എ മിനിറ്റ്”, തുടങ്ങിയ ദീനരോദനങ്ങളാല്‍ അവിടം മുഖരിതമായി.

ആര്‍ക്കും അപ്പറഞ്ഞതിന്‍റെ ഗുട്ടന്‍സ് മനസ്സിലായില്ല. ഒരു വിധം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ഞാന്‍ ശ്രമിച്ചു. കൂടുതല്‍ പറയുന്തോറും സായിപ്പന്മാര്‍ക്ക് കൂടുതല്‍ സംശയങ്ങളുണ്ടായി. നല്ലൊരു ദിവസമായിട്ട്, ഏതു നേരത്താണ് സത്യവാനാവാന്‍ തോന്നിയതെന്നോര്‍ത്ത് ഞാന്‍ എന്നെത്തന്നെ ശപിച്ചു. (ഉമേഷിന്‍റെ ഈ ലേഖനം അന്നുണ്ടായിരുന്നെങ്കില്‍ അത് പരിഭാഷപ്പെടുത്തി എല്ലാര്‍ക്കും ഓരോ കോപ്പി കൊടുക്കാമായിരുന്നു.)

“അപ്പോള്‍, എന്‍റെ ലിസ്റ്റില്‍, സന്തോഷിന്‍റെ ജന്മദിനം ഞാന്‍ ജനുവരിയിലെ ആ ദിവസമാക്കി തിരുത്തട്ടേ?” ഐവി ചോദിച്ചു.
“സന്തോഷ് ആഘോഷിക്കുന്നത് ജനുവരിയിലാണെങ്കില്‍ ആ ഡേയ്റ്റ് തിരുത്തൂ, ഐവീ”, മാനേജരുടെ ഉത്തരവ്.

“തീയതി ജനുവരിയിലേയ്ക്കാക്കി തിരുത്തിക്കോളൂ”, ഞാന്‍ പറഞ്ഞു. “പക്ഷേ, എന്‍റെ വീട്ടുകാരൊക്കെ ജന്മദിനം ‘ആഘോഷിക്കുന്നത്’ മറ്റൊരു കലണ്ടര്‍ പ്രകാരമാണ്. ഈ വര്‍ഷം അത് ഡിസംബറിലായിരുന്നു. ഓരോ വര്‍ഷവും ഓരോ തീയതി മാറി വരും!”

പിന്നെ അവിടെ നടന്നത് എന്തെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒരാള്‍ക്ക് ഒരാണ്ടില്‍ മൂന്ന് ജന്മദിനം എങ്ങനെയുണ്ടാവും എന്ന വാദത്തോടൊപ്പം, മാനേജര്‍, തന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, ടീമിന് അന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചതാണെന്നും, അതല്ല, ടീമംഗങ്ങള്‍ തങ്ങളില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പണിയെടുക്കാതിരുന്നതാണെന്നുമുള്ള വാദവും കുറേക്കാലം നീണ്ടു നിന്നു.

53 പ്രതികരണങ്ങൾ:

 1. ജേക്കബ്‌

  അപ്പൊ സന്തോഷ്ജി ... ഒരു ഒഫീഷ്യല്‍ ജന്മദിനാശംസകള്‍ സ്വീകരിച്ചാലും ...

 2. Kuttyedathi

  സന്തോഷ്ജി,

  ജന്മദിനാശംസകള്‍. (എന്തായാലും ജനുവരിയില്‍ വിഷ്‌ ചെയ്തില്ലല്ലോ. സോ ഇപ്പോ വിഷ്‌ ചെയ്യാമല്ലോ )

  എത്ര വയസ്സായി, സന്തോഷ്ജി ? (ഏവൂരാന്‍ വിചാരിച്ച അത്രയൊന്നും ഇല്ലെന്നു തെളിയിച്ചു കൊടുക്കാന്‍ ഒരവസരമാണ്‌. ധൈര്യമായിട്ടു പറഞ്ഞോളൂ.)

  കൂടുതല്‍ എഴുതാന്‍ നിന്നാല്‍ ആ വക്കാരിയോ, എല്‍ജിയോ ഓവര്‍റ്റേക്കു ചെയ്തു കളയും. ശനിയനെ കാണുന്നില്ലല്ലോ.

 3. Inji Pennu

  ഹാപ്പി ബര്‍ത്തിഡേ!

  ഇതിനു മറുപിടി ആയി ഞാന്‍ എത്ര തവണ അറിയാതെ “താങ്ക്യൂ, സേം റ്റ്റു യൂ” എന്നു പറഞ്ഞിട്ടുണ്ടു എന്നു ആറിയൊ?

 4. prapra

  സന്തോഷ്‌, അപ്പോള്‍ നാലെണ്ണം ഉണ്ടായിരുന്നോ, മൂന്ന് എന്നായിരുന്നു എന്റെ ഓര്‍മ്മ.

  ഈ എല്‍ ജി. ശ്രീജിത്തിന്‌ കൊടുക്കാന്‍ വച്ച അവാര്‍ഡ്‌ ഒറ്റ ദിവസം കൊണ്ട്‌ എല്‍ ജി കൊണ്ടുപോകും എന്നാ തോന്നുന്നെ.

 5. ഉമേഷ്::Umesh

  ഇതെന്നാ നടന്നതു്? 1995-ലോ 2000-ത്തിലോ?

 6. ഉമേഷ്::Umesh

  ശനിയന്‍ നയാഗ്രയ്ക്കു പോയി ഏടത്ത്യേ. പറഞ്ഞില്ലാരുന്നോ?

 7. Anonymous

  അപ്പോള്‍ ഒരു ഓഫിഷ്യല്‍ ഹാപ്പി ബെര്‍ത്ത്ഡേ !!!

  ശനിയന്‍ നയാഗ്രയിലാണൊ ഇപ്പോള്‍? ഉമേഷ്‌ജി സത്യമാണോ???

  ബിന്ദു

 8. ദേവന്‍

  ഹിന്ദി സിനിമയിലെ പോലീസ്‌ ജീപ്പ്‌ പോലെ എല്ലാം കഴിഞ്ഞപ്പോ ഞാന്‍ വന്നുചേര്‍ന്നു!

  ഇതിരിക്കട്ടെ കൂട്ടുകാരാ.

 9. പാപ്പാന്‍‌/mahout

  ഞാനയച്ചുതന്ന കേയ്ക്കും ഇന്നുതന്നെ മുറിക്കണേ. അത് ഫ്രിഡ്ജിലു വച്ചാലും നാളെവരെ ഇരിക്കൂല്ലാന്നാ ബേക്കറിക്കരന്‍ പറഞ്ഞേ.

 10. ഉമേഷ്::Umesh

  ശനിയന്‍ നയാഗ്രയ്ക്ക്കു പോകുന്നെന്നു പറഞ്ഞിരുന്നു. കന്‍സാസില്‍നിന്നു വാന്ന ഒരു പറ്റം പരിവാരവുമുണ്ടു കൂടെ.

  ബിന്ദുവിന്റെ വീടു് അവിടെങ്ങോ ആണോ? ടൊറോണ്ടോ? മോണ്ട്രിയാല്‍?

  അലുവയുമൊന്നും ശനിയന്റെ കയ്യില്‍ കൊടുത്തയച്ചേക്കരുതു കേട്ടോ. അവനു മുകളില്‍ നോക്കിയാല്‍ ആകാശവും താഴെ നോക്കിയാല്‍ ഭൂമിയുമാ. (ബാക്കിയുള്ളവര്‍ക്കു് അല്ലാത്തതുപോലെ...) ആ വക്കാരിയോ വല്ലതും വന്നാല്‍ കൊടുത്തയച്ചേരേ...

  അല്ലാ, ഇതെന്റെ ജന്മദിനമല്ലാ, അല്ലാ, അല്ലാ... എന്നിങ്ങനെ സന്തോഷ് വിളിച്ചുകൂവിയിട്ടും മനുഷ്യരെന്തിനാ ബെര്‍ത്ത്‌ഡേ വിഷ് ചെയ്യുന്നതും കേക്കും അവലും പഴവും പഴത്തൊലിയുമൊക്കെ വിളമ്പുകയും ചെയ്യുന്നതു്?

 11. evuraan

  ഉമേഷേ,

  ആഘോഷിക്കാനൊരു കാരണം നോക്കിയിരുക്കുമ്പോഴാ സന്തോഷിങ്ങനെ വന്നു ഇന്നെന്റെ പി..റ..ന്നാ..ള്‍ ... .....അല്ല..

  എന്ന് പറയുന്നത്. (അല്ലായ്ക്ക് സൌണ്ട് കുറവ്‌..)

  “അശ്വത്ഥാമാവ് (എന്ന ആന) ചത്തു..” എന്ന ലോജിക്‌.  കേള്‍ക്കാനാഗ്രഹിക്കുന്നതല്ലേ കേള്‍ക്കൂ.

 12. ദേവന്‍

  ജനുവരി കഴിഞ്ഞില്ലേ ഉമേഷേ, കിട്ടിയ തക്കത്തിനു നമ്മള്‍ക്കങ്ങ്‌ ആര്‍മ്മാദിക്കാം. അത്രതന്നെ.

  (എന്റെ ആദ്യ ആപ്പീസില്‍ മൊത്തത്തില്‍ ചെറുപ്പക്കാര്‍ ആയതിനാല്‍ അതിലേയൊരു കാക്ക പറന്നാല്‍ പോലും പാര്‍ട്ടിയായിരുന്നു. 75 രൂപായുടെ ഡിസ്കൌണ്ട്‌ വൌച്ചര്‍ കിട്ടിയതിനു ഞാന്‍ 300 രൂപയുടെ കിംഗ്‌ ജോര്‍ജ്ജ്‌ പയിന്റ്‌ വാങ്ങി പൊട്ടിച്ചിട്ടുണ്ട്‌. അവിടത്തെ സെക്രട്ടറി ഒരു പല്ലെടുത്തതിനു കേക്കും ലഡ്ഡുവും വാങ്ങിക്കേണ്ടി വന്നു..

  വരമൊഴി pint എന്നെഴുതിയാല്‍ പിന്റെന്നും paint എന്നെഴുതിയാല്‍ പെയിന്റെന്നും കാണിക്കും.( വൈന്‍ പയിന്റായി വരാത്തതുകൊണ്ട്‌ സിബു പയിന്റടി പെയിന്റടി ആക്കിയതാണോ?)

 13. ദേവന്‍

  അതു തന്നെ അതേ സമയം ഏവൂരാനും പറഞ്ഞു.
  ഐക്യം ! കണ്‍സെന്‍സസ്‌ അഡ്‌ ഇഡം ഡിം ഡും..

 14. ദേവന്‍

  പെനള്‍ട്ടിമേറ്റ്‌ (ഇതിന്റെ മലയാളം എന്നതാ ഗുരുക്കളേ?) പോസ്റ്റില്‍ ഒരു പാരാന്ത്യ സീസ്‌ അടക്കാന്‍ വിട്ടുപോയിട്ടുണ്ട്‌ സന്തോഷേ, അത്‌ ഇതാ...> )

  (ഈ കമ്പ്യൂട്ടറുകാര്‍, ഇല്ലീഗല്‍ പാരമീറ്റര്‍, സിന്‍ ടാക്സ്‌ എറര്‍ എന്നൊക്കെ പറഞ്ഞ്‌ എന്റെ കമന്റ്‌ ഉപേക്ഷിച്ചാലോന്നു ഭയന്ന് ബ്രാക്കറ്റ്‌ അടക്കാന്‍ വന്നതാണേ)

 15. പാപ്പാന്‍‌/mahout

  ഈ ഏവൂരദേവജന്മദിനന്യായത്തില്‍ ഇനിയും സംശയമുണ്ടെങ്കില്‍ ഉമേഷ് ആഫീസിലിരുന്ന് “എനിക്കു ഭ്രാന്തില്ലാ ഇല്ലാ ഇല്ലാ” എന്നൊന്നുറക്കെ വിളിച്ചുനോക്കിയേ...

 16. Anonymous

  ഞാന്‍ റ്റൊറോന്റൊ ആണെന്നു ഞാന്‍ പറഞ്ഞില്ലായിരുന്നോ?? ഉവ്വെന്നു തോന്നുന്നു ഉമേഷ്‌ജി.


  ബിന്ദു :)

 17. Reshma

  ഒഫീഷ്യല്‍ ജന്മദിനം, ആക്ച്യല്‍ ജന്മദിനം, ആക്ച്യലി ഒന്നും മനസ്സിലായില്ല. എന്തായാലും നോണ്‍ ഹാപ്പി ബറ്‌ത്ത്ഡേ ഗ്രീറ്റിങ്ങ്സ്. ‘ഫൊക്കാന ‘ എപ്പിസോഡ് രസിച്ചു!“You don’t have a seat? I don’t have one too. I actually gave it to someone who did not have a seat.”ഇയാള്‍ Texas-ഇല്‍ നിന്നല്ലാന്ന് ഉറപ്പാണോ?

  ബിന്ദു റ്റൊറോന്റൊയില്‍ എവിടേന്നാ..?

 18. Anonymous

  രേഷ്മയ്ക്കു ഇവിടെ ഒക്കെ പരിചയമുണ്ടൊ?? ഞാന്‍ ഇപ്പോള്‍ സ്കാര്‍ബോറോ.

  ബിന്ദു

 19. യാത്രാമൊഴി

  ഹാപ്പി സര്‍ട്ടീറ്റ് ബര്‍ത്ത്ഡെ സന്തോഷേ...
  നമ്മുടെ നാട്ടിലെ മിക്കവാറും ആളുകളുടെ സര്‍ട്ടീറ്റ് ബര്‍ത്ത്ഡെ ഏപ്രില്‍, മെയ് മാസങ്ങളായിപ്പോയത് ഉസ്കൂളില്‍ ചേര്‍ക്കാന്‍ വയസ്സൊപ്പിച്ചിരുന്നതുകൊണ്ടാണെന്ന് ഒരു കിംവദന്തി കേള്‍ക്കുന്നുണ്ട്...
  ശരിയോ തെറ്റോ എന്ന് വക്കാരിയിലാശങ്കയപ്പാ..

 20. സന്തോഷ്

  വേണ്ടാ, ആഘോഷിക്കില്ലാ, എന്നൊക്കെ പറഞ്ഞിരുന്നാലും, സൂ പറയുന്നതു പോലെ, ജനങ്ങള്‍ എന്നെക്കൊണ്ട് ആഘോഷിപ്പിക്കുമെന്നാണല്ലോ തോന്നുന്നത്...

  ആശംസിച്ചവര്‍ക്കെല്ലാം നന്ദി, നമസ്കാരം, താങ്കൂ, താങ്കൂ! ഇത് ജനുവരി ഒരു ഓര്‍മ ആയി ഞാന്‍ കണക്കാക്കി വരവു വച്ചിരിക്കുന്നു. പകരം വൌച്ചറും ഗിഫ്റ്റ് സേര്‍ട്ടിഫിക്കറ്റും വാങ്ങാന്‍ മറക്കരുത്.

  കുട്ട്യേ(ടത്ത്യേ): വയസ്സൊരുപാടായി. ഉത്തരം ഈ സീരീസിലെ അടുത്ത നമ്പറാണ്: 17 15 14 13 13 14 17 23.

  LG: നല്ല തമാശ. ഇതുപോലെ എനിക്കും അബദ്ധം പറ്റിയിട്ടുണ്ട്.

  പ്രാപ്ര: താങ്കളെ ഇവിടെ പലരും പ്ര.പ്ര എന്നും പ്രപ്ര എന്നും എഴുതിക്കണ്ടു. ഇദ്ദേഹത്തിനെ ഇനിമേല്‍ എല്ലാരും പ്രാപ്ര എന്നു വിളിക്കാനപേക്ഷ.

  എന്തരടേ, ഈ നാലിന്‍റെ കണക്ക്?

  ഉമേഷ്: 1989-ലാണോ എന്ന് ചോദിക്കാതിരുന്നത് ഭാഗ്യം. ഈ കഥ നടക്കുന്നത് 2000-ല്‍ ആണ്. (കഥ നടക്കുമോ?)

  ബിന്ദൂ: താങ്ക്യൂ... റ്റൊറൊന്‍റോ മുക്കിലാണോ? കോവീടെ മുറുക്കാന്‍ കടയുടെ...

  ദേവാ: എനിക്ക് വച്ചു നീട്ടിയ അവലും പഴവും കണ്ട് ഞാന്‍ വികാരിയായി. ഞാന്‍ വികാരമാം സാഗരമാം അഴിഞ്ഞാടിമാം.

  പാപ്പാനേ: അതെന്താനേ, നടക്കണ കേയ്ക്കാണോ ഇരിക്കാതിരിക്കാന്‍. എന്നാലതൊന്ന് കാണണമല്ലോ പാപ്പാപ്പാനേ...

  ഏവൂരാനേ: (ഇത് പാപ്പാനേയുടെ ചേട്ടാനയാണോ) ഞാന്‍ കുഞ്ജരഹാഃ എന്ന് പറഞ്ഞതായി ഓര്‍ക്കുന്നില്ലല്ലോ (ഞാന്‍ ഓടി. ഉമേഷ് ദാ എന്‍റെ പിറകേ വടിയുമായി വരുന്നു.)

  രേഷ്മാ: താങ്കള്‍, കുഞ്ഞാടുകളേയും മേച്ചുകൊണ്ട് ഈ വഴിയൊക്കെ വന്നിട്ട് നാളൊത്തിരിയായല്ലോ... എന്നാലും “നോണ്‍ ഹാപ്പി ബര്‍ത് ഡേ” ആശംസ കടന്നു പോയി. “ഹാപ്പി നോണ്‍-ബര്‍ത് ഡേ” എന്നെങ്കിലും ആവാമായിരുന്നു:)

  യാത്രാമൊഴീ: ശരി തന്നെ, തന്നെ. ഉമേഷിന്‍റെ ലേഖനങ്ങള് വായിക്കീന്‍.

 21. ഉമേഷ്::Umesh

  സന്തോഷിന്റെ സീരീസ് പ്രശ്നം സോള്‍വു ചെയ്തു വയസ്സു കണ്ടു പിടിക്കാന്‍ അല്പം ബുദ്ധിമുട്ടി. ഞാന്‍ ചെയ്തതു ശരിയാണെങ്കില്‍ ചോതിയോ (മിക്കവാറും) വിശാഖമോ ആണു നക്ഷത്രം, അല്ലേ? 2005 ഡിസംബര്‍ 27-നോ 28-നോ ആവണം കഴിഞ്ഞ പിറന്നാള്‍ ആഘോഷിച്ചതു്, അല്ലേ?

 22. ഉമേഷ്::Umesh

  സന്തോഷേ,

  താങ്കളുടെ വയസ്സുമായി ബന്ധപ്പെട്ട പ്രശ്നത്തിനു പതിമൂന്നാം നൂറ്റാണ്ടിലെ മുയലുകളുടെ പ്രജനനവുമായി എന്തോ ബന്ധമുണ്ടു്, അല്ലേ?

 23. evuraan

  പാപ്പാനേ, ഹ ഹ ഹ..!!

  ഉമേഷേ, എനിക്കിതെഴുതാതെ വയ്യ, മുന്‍‌കൂറൊരു ജാമ്യം എടുക്കുന്നേ.. :)

  ഉമേഷ് ആഫീസിലിരുന്ന് “എനിക്കു ഭ്രാന്തില്ലാ ഇല്ലാ ഇല്ലാ” എന്നൊന്നുറക്കെ വിളിച്ചുനോക്കിയേ...

  ഞാന്‍ പറയാന്‍ പോകുന്നത് വിവരക്കേടാണെന്നറിയാം. ഉമേഷിനോട് ഇന്നലേം സംസാരിച്ചതേയുള്ളൂ.

  ഉമേഷിന്റെ ശബ്ദം ദാ ഇവിടെ നിന്നും കേള്‍ക്കാം.

  ഇനി വേണ്ടത്, ഉമേഷങ്ങനെ ആ ശബ്ദത്തില്‍, ഓഫീസിലെ കസേരയിലേക്ക് ചാഞ്ഞിരുന്നങ്ങനെ പറയുന്നതൊന്ന് സങ്കല്പിച്ചു നോക്കിയേ:

  “എനിക്ക് ഭ്രാന്തില്ലാ.. ഇല്ലാ‍..”

  ഹ ഹ ഹ..

  എന്താ കഥ.., അല്ലേ?

 24. സന്തോഷ്

  അമ്പട കള്ളാ... ബുദ്ധിമുട്ടിയാണോ ഇത്ര വേഗം കണ്ടു പിടിച്ചത്! അതെ, മുയലുകളുടെ ഒരു കാര്യമേ! വിശാഖമാണ് നക്ഷത്രം.

 25. ഉമേഷ്::Umesh

  സന്തോഷേ,

  ഹാവൂ, സമാധാനമായി. മുയലുകളുടെ പ്രജനനത്തെ പുറകോട്ടു വലിച്ചുനീട്ടി സ്വന്തം വയസ്സറിയിക്കാന്‍ ഒരു ക്ലൂ കൊടുക്കുമെന്നു് ഞാന്‍ വിചാരിച്ചേ ഇല്ല.

  അപ്പോള്‍ നമ്മളൊരു നാളാണല്ലേ? രാത്രി 11:41-നു ശേഷമാണു ജനനം, അല്ലേ?

  ഏവൂര്‍, പാപ്പ്, എന്നീ രണ്ടു് ആനകളേ...

  നിങ്ങളുടെ ആഗ്രഹം നടക്കില്ല. ഞാന്‍ കള്ളം പറയാറില്ല. പ്രത്യേകിച്ചു് ഉറക്കെ നിലവിളിക്കുമ്പോള്‍...

  അപ്പോള്‍, എല്ലാവര്‍ക്കും ഹാപ്പി വീക്കെന്‍‌ഡ്... ബൈ ബൈ...

 26. സാക്ഷി

  അല്പം വൈകിപ്പോയി. ന്നാലും ജന്മദിനാശംസകള്‍!

 27. പെരിങ്ങോടന്‍

  മെയ് പത്തൊന്‍പതിന്റെ ആശംസകള്‍ :)

 28. Navaneeth

  may19th സന്തോഷിന്റെ ജന്മദിനം ആണോ? എന്നാല്‍ ഒരു ആശംസ എന്റെ വകയും. എന്റെ കണക്കിനു may19th നാട്ടില്‍ പോകാന്‍ ഉള്ള ദിവസം ആണ്‌. ഇതു വരെ 4 പ്രാവശ്യം നാട്ടില്‍ പോയതും ആ ദിവസം ആയിരുന്നു. coincidence എന്നല്ലാതെ എന്താ പറയുക!! ഈക്കുറി പറ്റിയില്ല.. അതിന്റെ സങ്കടത്തില്‍ ഇരിക്കുമ്പോളാണ്‌ ഇങ്ങനെ ഒരു ജന്മദിനം....ആശംസകള്‍. ഇനി മറക്കുകയില്ല.

 29. .::Anil അനില്‍::.

  സന്തോഷിനു മൂന്നു വ്യത്യസ്ഥ .job
  പിറന്നാള്‍ ആശംസകള്‍!

 30. Anonymous


  താമസിച്ചു പോയീന്നറിയാം...അതുകൊണ്ട്
  ‘താമസിച്ചു പോയ പിറന്നാളാശംസകള്‍’

 31. സിദ്ധാര്‍ത്ഥന്‍

  സന്തോഷേ,
  ഉമേഷ്മാഷേ,

  പതിമൂന്നാം നൂറ്റാണ്ടും മുയലും സീരീസുമൊക്കെ അടിയങ്ങളുടെ തലയ്ക്കു മീതേ പറക്കുന്നു. വിദ്വാന്മാരെന്തെങ്കിലും ക്ലൂ തന്നാല്‍ നാലാളോടു്‌ വീമ്പിളക്കാമായിരുന്നു.

  പിറന്നാളല്ലെന്നു പറഞ്ഞിട്ടും, പിറന്നാളല്ലാഞ്ഞിട്ടും കിട്ടിയ പാര്‍ടിയെപ്പറ്റി പറഞ്ഞിട്ടും, ധാരധാരയായി പിറന്നാളാശംസ ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച സന്തോഷിനു്‌ എന്റെ വകയും ഇരിക്കട്ടെ ഒരാശംസ.

 32. ശ്രീജിത്ത്‌ കെ

  സ്നേഹം നിറഞ്ഞ വൈക്കിപ്പോയ ഒഫീഷ്യല്‍ ജന്മദിനാശംസകള്‍. താങ്ക്യൂ, സേം റ്റു യു.

 33. ഉമേഷ്::Umesh

  സിദ്ധാര്‍ത്ഥാ,

  കുറച്ചു ക്ലൂ തരാം. മൊത്തം പറഞ്ഞാല്‍ സന്തോഷ് പിണങ്ങിയാലോ?

  17 15 14 13 13 14 17 23 എന്നതിന്റെ അടുത്ത സംഖ്യ 34 ആണു്. സന്തോഷിനു് 34 വയസ്സായി. വയസ്സന്‍!

  അതു കണ്ടുപിടിക്കുന്നതു് ഒരു ഒടുക്കത്തെ പണിയായിരുന്നു. പല പരിപാടികളും നോക്കിയിട്ടും അടുക്കുന്നില്ല.

  അടുത്തടുത്ത സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസം നോക്കിയാല്‍
  -2 -1 -1 0 1 3 6 എന്നു കിട്ടും. അതില്‍ നിന്നു പ്രത്യേകിച്ചു ക്ലൂ കിട്ടിയില്ല. പക്ഷേ ആ -1 ആവര്‍ത്തിക്കുന്നിടത്താണു് ഒരു ബള്‍ബു കത്തിയതു്. ഇവയോടു് 2 വീതം കൂട്ടിയാല്‍ ഇങ്ങനെ കിട്ടും:

  0 1 1 2 3 5 8

  ഇപ്പോള്‍ പിടി കിട്ടി. ഇവനാണു ഫിബൊനാക്കി ശ്രേണി. (കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന്റെ ആദ്യത്തെ ക്ലാസ്സില്‍ ഇവനെ ഉണ്ടാക്കാന്‍ പ്രോഗ്രാം എഴുതിയിട്ടൂണ്ടാവും നിങ്ങളില്‍ പലരും. എന്താ ഇതു്? ആ...)

  ഇതുണ്ടാക്കാന്‍ വലിയ പണിയൊന്നുമില്ല. ആദ്യം 0, 1 എന്ന രണ്ടു സംഖ്യകള്‍ എഴുതുക. പിന്നെപ്പിന്നെ, ഒരു സംഖ്യ കിട്ടാന്‍ അതിനു മുമ്പിലെ രണ്ടു സംഖ്യകള്‍ കൂട്ടി എഴുതുക.

  0 + 1 = 1
  1 + 1 = 2
  1 + 2 = 3
  2 + 3 = 5
  3 + 5 = 8
  5 + 8 = 13
  8 + 13 = 21

  എന്നിങ്ങനെ പോകും ആ ശ്രേണി.

  അപ്പോള്‍ മുകളില്‍ പറഞ്ഞ (0 1 1 2 3 5 8) എന്നതിന്റെ അടുത്ത സംഖ്യ 13 ആണു്. അതായതു് (0 1 1 2 3 5 8 13). ഇതിനോടു രണ്ടു വീതം കുറച്ചാല്‍ അതിനു മുമ്പിലെ ശ്രേണി കിട്ടും. അതായതു് (-2 -1 -1 0 1 3 6 11). ഇതു് സന്തോഷ് ആദ്യം തന്ന ശ്രേണിയിലെ അടുത്തടുത്ത സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസമാണു്. അതായതു്, അതിലെ അടുത്ത സംഖ്യ 23+11 = 34. ഇതാണു് സന്തോഷിന്റെ വയസ്സു്.

  ഇനി സന്തോഷ് പറയട്ടേ. ഇതിനെക്കാളും സരളമായ ഒരു വിശദീകരണം ഇതിനുണ്ടാവുമെന്നാണു് എന്റെ തോന്നല്‍. എന്തു പ്രശ്നത്തെയും ഏറ്റവും കൊനഷ്ടു രീതിയില്‍ സോള്‍‌വു ചെയ്യുക എന്നതു് എന്റെ ഒരു ശീലമായിപ്പോയി :-)

  ഈ ശ്രേണിയെ മുയലുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട ഒരു hypothetical situation-മായി ചേര്‍ത്താണു് പതിമൂന്നാം നൂറ്റാണ്ടിന്റെ ആദിയില്‍ ഫിബൊനാക്കി ആദ്യം പറഞ്ഞതു്. (വിക്കിപീഡിയ ലേഖനം വായിക്കുക.) അതാണു് ഞാന്‍ ചോദിച്ചതു്.

  ഇതു ശരിയാണെന്നു് എനിക്കു വലിയ വിശ്വാസമൊന്നുമില്ലായിരുന്നു. ഇത്രയും കറങ്ങിയ രീതിയിലുള്ള ഒരു ശ്രേണി ഞാന്‍ ആദ്യമായാണു കാണുന്നതു്. അതാണു് നേരേ ചൊവ്വേ പറയാതെ നാളും തിഥിയുമൊക്കെ പറഞ്ഞു് ഉരുളാന്‍ നോക്കിയതു്.

  ഇന്നലെ ഇ-മെയില്‍ വഴി ജന്മദിനാശംസകള്‍ കൊടുത്തപ്പോള്‍, ഇന്നലെയല്ല ജനുവരി 10-നാണു് ജന്മദിനം എന്നു സന്തോഷ് പറഞ്ഞിരുന്നു. (അവിടെ ഞാന്‍ നിങ്ങളെ പറ്റിച്ചു!) 1972 ജനുവരി 10-ലെ ചന്ദ്രന്റെ സ്ഥാനം കണക്കുകൂട്ടിയപ്പോള്‍ രാത്രി 11:41 വരെ ചോതിയും അതു കഴിഞ്ഞാല്‍ വിശാഖവുമാണെന്നു കണ്ടു. ശേഷം ചിന്ത്യം...

 34. പെരിങ്ങോടന്‍

  സംഭവം കറങ്ങിയ ശ്രേണിയാണെങ്കിലും തൂണിലും തുരുമ്പിലും വരെ കാണുമെന്നാണു ചിലരുടെ വാദങ്ങള്‍. nautilus ഷെല്‍ (കക്കത്തോടല്ലേ?) മുതല്‍ “ഡാ വിഞ്ചി”യുടെ മോണോലിസയില്‍ വരെ ഫിബൊനാക്കി(ച്ചി?) സീരീസ് കാണുമെന്നാ പറച്ചില്‍. സന്തോഷ് നെഗറ്റീവില്‍ തുടങ്ങിയതു് എന്നെ വഴിതെറ്റിച്ചു കളഞ്ഞു :)

  കു. വിക്കിയില്‍ നോട്ടിലസ് തിരഞ്ഞുപോയാല്‍ കുറേ കണക്കു പഠിക്കാം ;) അവസാനം ഫിബൊനാക്കിയേതാ തിരഞ്ഞുവന്നതേതാ എന്നതെല്ലാം വക്കാരിയാശങ്കയാവുമെന്നുമാത്രം.

 35. സന്തോഷ്

  സുഹൃത്തുക്കളേ, സഖാക്കളേ, ഇന്നലെ എന്‍റെ പിറന്നാളായിരുന്നില്ല, സത്യം, സത്യം, സത്യം!
  എന്നാലും ആശംസകള്‍ മുന്‍‍കൂട്ടിയും പിന്‍‍കൂട്ടിയും അറിയിച്ച എല്ലാ മാന്യമഹാജനങ്ങള്‍ക്കും മാക്രിക്കുഞ്ഞുങ്ങള്‍ക്കും എന്‍റെ വിനീതമായ കൂപ്പുകൈ:)

  ഉമേഷ്: എല്ലാര്‍ക്കും തൃപ്തിയായല്ലോ... എന്നെ വയസ്സനാക്കിയപ്പോള്‍. നാളും ജനനത്തീയതിയുമൊക്കെ കണ്ടുപിടിച്ച് കല്യാണമാലോചിക്കാനാണോ?

  സാക്ഷി, പെരിങ്ങോടന്‍, നവനീത്, അനില്‍, അനോനീ (പേരു പറഞ്ഞില്ല-ഇതുപോലൊരു പസ്സിലായി പറഞ്ഞാലും മതി), ശ്രീജിത്ത്: നന്ദി, വീണ്ടും ആശംസിക്കുക.

  സിദ്ധാര്‍ത്ഥന്‍: ഫീബനോച്ചി സീരീസ് എല്ലാം മനസ്സിലായില്ലേ? നാളെ പരീക്ഷയുണ്ട്, നേരേ പഠിച്ചോണേ. (സിദ്ധാര്‍ത്ഥാ, താങ്കളുടെ ചില്ലെന്താ, ഇപ്പോഴും ചതുരമായി നില്‍ക്കുന്നത്? വിശ്വത്തിന്‍റെ കയ്യില്‍ നിന്നും തല്ലു വാങ്ങാതെ, ചതുരം മാറ്റൂ.)

 36. viswaprabha വിശ്വപ്രഭ

  :)
  വിശ്വം ഇന്നുവരെ ആരെയും തല്ലിയിട്ടില്ലല്ലോ!
  ഇനിയും തല്ലില്ലെന്നാണു പ്രതീക്ഷ, തല്ലരുതെന്നാണു പ്രാര്‍ത്ഥന!

  വേ.വെ: boxie!

 37. കണ്ണൂസ്‌

  സന്തോഷേ, ഈ അനുഭവം എനിക്കും ഉണ്ടായതാ. ( ദേ, ഈ 31-ന്‌ ഇനിയും ഉണ്ടാവാനും പോവുന്നു.) പക്ഷേ ഞാന്‍ ബുദ്ധിമാനായതു കാരണം ആരോടും എന്റെ പിറന്നാള്‍ ഇന്നല്ല എന്ന് പറഞ്ഞില്ല. :-)

  സന്തോഷിന്റെ ഫോട്ടൊ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. എന്റെ ഒരു സുഹൃത്തിന്റെ അതേ ഛായ. അങ്ങേരുടെ ഫോട്ടൊ വല്ലതും പഴയ സ്റ്റോക്കില്‍ ഉണ്ടോ എന്ന്‌ നോക്കട്ടെ ഒന്ന് പോസ്റ്റി ബാക്കിയുള്ളവരേയും ഞെട്ടിക്കാന്‍.

 38. കണ്ണൂസ്‌

  പെട്ടെന്നോര്‍മ്മ വന്ന ഒരു സംഭവം.

  ഇന്നലെ, മേയ്‌ 20 ന്‌ എന്റെ ഒരു കോളീഗിന്റെ ജന്മദിനം ആയിരുന്നു. ചെറിയ ഒരു ആഘോഷത്തിനിടക്ക്‌ അവള്‍ പറഞ്ഞു, അവളുടെ സഹോദരന്റെ ജന്മദിനവും മേയ്‌ 20-ന്‌ തന്നെയാണെന്ന്. മാത്രമല്ല, ചേച്ചി ജനിച്ചതും ഒരു മേയ്‌ മാസത്തിലാണത്രേ, മേയ്‌ 9-ന്‌.

  പറഞ്ഞു നാവ്‌ വായിലിടുന്നതിന്‌ മുന്‍പ്‌ അവളുടെ ബോസ്സും ഞങ്ങളുടെ അഡ്മിന്‍ മാനേജരും ആയ ശൈലേഷ്‌ ചോദിച്ചു, അച്ഛന്‍ (പുള്ളി പട്ടാളത്തിലായിരുന്നു) പണ്ട്‌ ലീവിനു വന്നിരുന്നത്‌ ജൂലൈ-ആഗസ്റ്റ്‌ മാസങ്ങളില്‍ ആയിരുന്നു അല്ലേ എന്ന്. " എങ്ങനെ മനസ്സിലായി ശൈലേഷ്‌" എന്ന് അവള്‍ ഉണ്ടക്കണ്ണുരുട്ടിയതും, ചിരി സഹിക്കാന്‍ വയ്യാതെ എല്ലാരും കൂടി അമറിയതും ഇനി കുറച്ചു കാലം കൂടി മനസ്സിലുണ്ടാവും.

 39. Anonymous

  സന്തോഷേ, എന്റെ രണ്ടാമത്തവളുടെ(ശ്രീകുട്ടി) പിറന്നാളായിരുന്നു കഴിഞ മെയ് 19 (മലയാളമാസ പ്രകാരം)
  “ജന്മദിനാശംസകള്‍” പറയട്ടെ. സൌകര്യപൂര്‍വ്വം ഉപയോഗിച്ചോളൂ. -സു-

 40. ദേവന്‍

  ഔദ്യോഗികമായി ഞാനും മേയ്‌ 31 കാരനാ കണ്ണൂസേ( കേരളത്തില്‍ നിന്നുള്ള സകലരും മേയ്‌ മുപ്പതിനും മുപ്പത്തൊന്നിനും ജനിച്ചവരാ)

 41. വക്കാരിമഷ്‌ടാ

  മൂന്നു പ്രാവശ്യം ആഞ്ഞു. പിന്നെ ഒരു നാലു പ്രാവശ്യം കൂടി ആഞ്ഞു. പിന്നേം പിടിച്ചു നിര്‍ത്തി. പത്തൊമ്പതല്ലാ അല്ലാ അല്ലാ ല്ലാ എന്ന് സന്തോഷ് പത്തമ്പതുവട്ടം പറഞ്ഞതല്ലേ... പക്ഷേ ഇപ്പോ കണ്ട്രോളു പോയി. ഹാപ്പി റിക്കാഡിക്കല്‍ ബര്‍ത്ത് ഡേ സന്തോഷേ..

  സുനിലേ, ശ്രീക്കുട്ടിക്കൊരു വൈകിയ വേളാ ജന്മദിനാശംസകള്‍ കൊടുത്തേക്കുമോ?

 42. Anonymous

  ഉമേഷ് കേരളത്തിലുള്ളവരുടെ ജനനത്തീയ്യതിയുടെ പ്രത്യേകതയെക്കുറിച്ച്‌ ഒരു വലിയ ലേഖനം തന്നെ എഴുതിയുണ്ടാക്കിയിട്ടുണ്ട്‌.
  വ്ക്കാരീ... സ്രീകുട്ടിയ്ക്ക്‌ വെറുതെ ആശംസകളൊന്നും പോരാത്രെ, ആന തന്നെ വേണം ന്ന്‌.-സു-

 43. വക്കാരിമഷ്‌ടാ

  ഹ..ഹ.. ശ്രീക്കുട്ടി കൊള്ളാമല്ലോ.. ഒരു കുട്ടിയാന മതിയെങ്കില്‍..... (ഒരു കൂളിംഗ്‌ ഗ്ലാസ്സും തൊപ്പീം കൂടെ വെച്ചാല്‍ ശ്രീക്കുട്ടി പിണങ്ങുമോ ആവോ)

 44. സന്തോഷ്

  ഒന്നുകൂടി നോക്കിയപ്പോഴല്ലേ മനസ്സിലായത്, ആദ്യം വന്ന് ആശംസിച്ച ജേക്കബിന് താങ്ക്യൂവാന്‍ വിട്ടുപോയകാര്യം. ജേക്കബേ, ക്ഷമീ...

  കണ്ണൂസ്: എന്‍റെ ഫോട്ടോ കണ്ട് ഞെട്ടിയോ? അത്രയ്ക്ക് ഭീകരമാണോ രൂപം?

  സുനില്‍: ശ്രീക്കുട്ടിയ്ക്ക് ജന്മദിനാശംസകള്‍.

  വക്കാരി: വക്കാരി വന്നില്ലല്ലോ എന്ന് വിചാരിച്ചിരിക്കയായിരുന്നു. തൃപ്തിയായി മക്കളേ, തൃപ്തിയായി...

 45. കുറുമാന്‍

  ഞങ്ങളുടെ എച്ച് ആര്‍ മാനേജര്‍ - മെയ് 30
  ഞങ്ങളുടെ ഐ ടി കോര്‍ഡിനേറ്റര്‍ - മെയ് 30
  ഒരു ബയര്‍ - മെയ് 30
  ഞാന്‍ - മെയ് 30 !!

  നാലുപേര്‍ക്കും എം ഡിയും മറ്റു സ്റ്റാഫും ഹസ്താക്ഷരം ചെയ്ത ജന്മദിനാശംസ കാര്‍ഡുകള്‍ മെയ് 30നു ഇപ്പോഴും മുടങ്ങാതെ ലഭിക്കുന്നുണ്ട്. ആനന്ദ ലബ്ദിക്കിനിയെന്തുവേണം?

 46. അതുല്യ

  എത്തിയപ്പോ വൈകീട്ടോ സന്തോഷേ. എന്നാലും ഞാന്‍ ആശംസിയ്കണമെങ്കില്‍ എനിക്കൊന്ന് അമ്മയോടു മിണ്ടണം. എന്നിട്ട്‌ ഉറപ്പിച്ചിട്ടേ ഞാന്‍ വിഷ്‌ ചെയ്യൂ. ഒരു പക്ഷെ അവരു പറയും, അന്ന് മഴ നല്ലവണ്ണമുണ്ടായിരുന്നു, തെക്കേതിലെ വാഴ രണ്ടെണ്ണം വീണു..

  അപ്പോ നമ്മളു മുന്നാളാട്ടോ.

 47. ജേക്കബ്‌

  ഹൊ.. ഇപ്പൊഴാ ഒരാശ്വാസമായേ ;-) മുക്കാല്‍ വിനാഴിക വ്യത്യാസത്തില്‍ കുട്ട്യേടത്തിയെ കടത്തിവെട്ടിയിട്ടും സന്തോഷ്ജി എന്തേ കണ്ടഭാവം കാണിക്കാത്തൂ എന്ന സങ്കടം മാറി കിട്ടി.. ;-) ഇനി പോയി മനസ്സമാധാനത്തോടെ കിടന്നുറങ്ങാമല്ലോ!!! ;-)

 48. Adithyan

  കൊറച്ചു ലെയ്റ്റായി... എന്നാലും അടുത്ത ഡിസംബറിലെക്കും ജനുവരിയിലെക്കും മെയിലെക്കും ഉള്ളത്‌ അഡ്വാന്‍സായി പിടിച്ചോ...

 49. സിദ്ധാര്‍ത്ഥന്‍

  അയ്യോ!

  ഉമേഷ്മാഷു്‌ ക്ലൂ തന്നതിങ്ങനെയാണെങ്കില്‍ ഇതൊന്നു്‌ വിശദീകരിച്ചാലെന്താവുമെന്നോര്‍ത്തു്‌ ഞാന്‍ ഞെട്ടി. രണ്ടു വട്ടം. ( തമാശിച്ചതാ ട്ടോ. ക്ലൂവിനു നന്ദി)

  ഞാനീ പെരിങ്ങോടനും വിശ്വവും സിബുവും പറഞ്ഞ പോലെയെല്ലാം ചെയ്തു നോക്കി സന്തോഷേ. ഒരു രക്ഷയുമില്ല. എനിക്കീ ചില്ലെല്ലാം ഭംഗിയായി കാണുന്നുണ്ടുതാനും. മൊഴിയും അഞ്ജലിയുമെല്ലം രണ്ടുമൂന്നു തവണ മാറ്റി നോക്കി. പിന്നെ എല്ലാം വിധിയെന്നു കരുതി സമാധാനിച്ചു.

 50. viswaprabha വിശ്വപ്രഭ

  സിദ്ധാര്‍ത്ഥാ,

  ഇപ്പോള്‍ ചില്ലൊക്കെ ശരിയായിട്ടുണ്ടല്ലോ!

  പേരില്‍ മാത്രമേ സിദ്ധാർത്ഥൻ എന്നു ചതുരമായി വന്നിട്ടുള്ളൂ. അതിന്റെ കാരണം വളരെ ലളിതമാണ്.

  blogger profile-ല്‍ പോയി പേരു തിരുത്തിയാല്‍ മതി. സിദ്ധാർത്ഥൻ എന്ന് ഇപ്പോള്‍ ഉള്ളത് പണ്ട് പ്രശ്നകാലത്ത് എഴുതിച്ചേര്‍ത്ത രീതിയിലാണ്. അതു മാറ്റി സിദ്ധാര്‍ത്ഥന്‍ എന്നാക്കുക. അത്രേ വേണ്ടൂ.

 51. അരവിന്ദ് :: aravind

  Santhosh ji
  belated happy B'day ആശംസകള്‍..:-))

  (ഇപ്ലാ ഇത് കണ്ടേ..)

 52. സന്തോഷ്

  കുറുമാന്‍: മറ്റൊരു ദാരുണ സംഭവവും മേയ് 30-നാണ് നടന്നത്.

  അതുല്യ: മഴപെയ്തതും വാഴവീണതുമോര്‍ക്കാന്‍ സമ്മതിച്ചിട്ടുവേണ്ടേ? നമ്മളും മൂന്നാന്നാളാണോ?

  ജേക്കബ്: സമാധാനമായില്ലേ? എനിക്കും ഇപ്പോഴാ സമാധാനമായത്.

  ആദിത്യാ: താങ്ക്യൂ.

  സിദ്ധാര്‍ത്ഥന്‍: വിശ്വം പറഞ്ഞപോലെ, ഇനി ആ പ്രൊഫൈലില്‍ കൂടി ഒന്നു തിരുത്തി നോക്കൂ.

  വിശ്വം: ഞാന്‍ വെറുതേ പറഞ്ഞതാണേ... (എന്നെ തല്ലല്ലേ!)

  അരവിന്ദ്: തിരക്കിനിടയില്‍ ഈ വഴി വന്നതിന് നന്ദി.

 53. ഉമേഷ്::Umesh

  സന്തോഷിനോടു മുന്നാളാണെങ്കില്‍ എന്നോടും ആണല്ലോ അതുല്യേ. ചുമ്മാതല്ല നമ്മള്‍ കാണുന്നിടത്തെല്ലാം അടിയുണ്ടാക്കുന്നതു്.

  ഈ ഗന്ധര്‍വ്വന്‍, സു, ശനിയന്‍ തുടങ്ങിയവരും വിശാഖം നാളുകാരാണോ? :-)