ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, May 21, 2007

കമന്‍റിനും ക്രമനമ്പര്‍

ഒരു ബ്ലോഗു തുടങ്ങി രണ്ടു നാലു പോസ്റ്റൊക്കെയിട്ട് കമന്‍റു വരുന്നതും നോക്കിയിരിക്കുമ്പോള്‍ ബൂലോകത്ത് ഒരു മാഫിയാമണമടിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ ഉല്‍കണ്ഠയൊക്കെ അതിജീവിച്ച്, കിട്ടുന്ന കമന്‍റൊക്കെ എണ്ണിപ്പെറുക്കി നാളുകള്‍ തള്ളി നീക്കുമ്പോള്‍, ഒരു കമന്‍റു പ്രളയമുണ്ടായാലോ?

അപ്പോള്‍ വരും, കഴുകന്‍ കണ്ണുകളുമായി ചിലര്‍. അമ്പതാമത്തെയും നൂറ്റമ്പതാമത്തെയും കമന്‍റുകൊണ്ട് തൃപ്തിപ്പെടുന്ന ചിലര്‍, നൂറ്, ഇരുനൂറ് എന്നിവ മാത്രമടിക്കുന്ന ചിലര്‍, ഇരുനൂറ്റമ്പത്, അഞ്ഞൂറ് എന്നിവയില്‍ മാത്രം കണ്ണുള്ള ചില വമ്പന്മാര്‍ വേറേയും. ചിലര്‍ ഒറ്റയ്ക്കാക്രമിക്കുന്നവരാണെങ്കില്‍, മറ്റുചിലരാവട്ടെ, കൂട്ടത്തോടെ ആക്രമിക്കുന്നവരാകുന്നു. ചില എഴുത്തുകാര്‍ക്ക് ഈ കമന്‍റ് പ്രളയം ഇഷ്ടമാണ്. മറ്റു ചിലര്‍ക്ക് ഇതിനോട് വലിയ തൃപ്തിയില്ല. കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേ, ഞാനായിട്ട് വേണ്ടെന്നു പറയുന്നില്ല എന്നുള്ളവരാണ് അധികവും. ഒരു കാര്യത്തില്‍ തര്‍ക്കമില്ല: കമന്‍റ് സങ്കീര്‍ണ്ണമാണ്.

ദേഹം നോക്കാതെ കമന്‍റു തൊഴിലാളികള്‍ അത്യദ്ധ്വാനം ചെയ്യുന്ന ബ്ലോഗുകളുടെ ഉടമകള്‍ക്ക് വേണ്ടിയാകുന്നു ഈ കുറിപ്പ്. അധികം കമന്‍റു കിട്ടാത്ത ബ്ലോഗര്‍മാരും ഈ വിദ്യ ഉപയോഗിച്ചാല്‍ എളുപ്പം കമന്‍റുകള്‍ സ്വന്തമാക്കാം. ഇത് വായിച്ചു പുച്ഛിച്ചു തള്ളുന്നവരുടെ ബ്ലോഗുകളില്‍ അടുത്ത ആറുമാസം കമന്‍റു വീഴാനുള്ള സാധ്യത വിരളമാണ്.

കമന്‍റുകള്‍ക്ക് എങ്ങനെ ക്രമനമ്പര്‍ നല്‍കാം എന്നാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇതുകൊണ്ടുള്ള പ്രയോജനമെന്തെന്നോ? പോസ്റ്റുനോക്കുന്നയാള്‍ക്ക് ഇതുവരെ എത്ര കമന്‍റായി എന്നും താന്‍ ഇട്ട (അഥവാ ഇടാന്‍ പോകുന്ന) കമന്‍റ് ഏതെങ്കിലും നാഴികക്കല്‍ക്കമന്‍റ് ആവുമോ എന്നും എളുപ്പം മനസ്സിലാവുന്നു. ഇതുമൂലം ആ പോസ്റ്റിലെ കമന്‍റിന്‍റെ എണ്ണം കൂടുന്നതെങ്ങനെ എന്ന് നോക്കാം:

ബൂലോകത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു വായനക്കാരന്‍റെ അല്ലെങ്കില്‍ വായനക്കാരിയുടെ (വക്കാരിയുടെയല്ല) സ്ഥാനത്ത് നിങ്ങളെ സങ്കല്പിക്കുക. തേങ്ങ തിരുവുന്നതിനെപ്പറ്റിയെഴുതിയ പോസ്റ്റില്‍ ആരൊക്കെയോ ചേര്‍ന്ന് 24 കമന്‍റുകള്‍ അടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു കമന്‍റിടണം എന്ന തോന്നല്‍ വരാതിരിക്കുമോ?

സങ്കല്പ പുഷ്പക വിമാനത്തിലേറിയ സ്ഥിതിയ്ക്ക് നമുക്ക് അല്പം കൂടി മുന്നോട്ടു പോകാം. നിങ്ങള്‍ 25 അടിച്ചു പോയ ആ പോസ്റ്റ് പതിനഞ്ചുമിനിറ്റു കഴിഞ്ഞപ്പോല്‍ തൊഴിലാളികള്‍ കീഴടക്കി എന്നും സങ്കല്പിക്കുക. ഭാഗ്യം നിങ്ങളുടെ കൂടെ ആയതുകൊണ്ട്, നിങ്ങള്‍ക്ക് നൂറടിക്കാനായി ‘യാരോ ഒരാള്‍’ തൊണ്ണൂറ്റി ഒമ്പതാം കമന്‍റിട്ടിട്ടു പോയിരിക്കുന്നു. സമയം കളയാതെ നിങ്ങള്‍ നൂറടിക്കുന്നു. ഇനിയും സങ്കല്പയാത്ര തുടരുക. നിങ്ങള്‍ തന്നെ ഇരുനൂറാമത്തെയും മുന്നൂറ്റമ്പതാമത്തെയും കമന്‍റ് ആ പോസ്റ്റില്‍ ഇടുന്നു.

രണ്ടാഴ്ച കഴിഞ്ഞൊരു വെള്ളിയാഴ്ച (നിങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ജീവിക്കുന്നയാളാണെങ്കില്‍ വ്യാഴാഴ്ച) കൂട്ടുകാരോടൊത്ത് അതുമിതും പറഞ്ഞിരിക്കുന്നതിനിടയില്‍, വിഷയം കമന്‍റോളജി ആവുകയും നാഴികക്കല്‍ക്കമന്‍റുകളിടുന്നതില്‍ നിങ്ങളുടെ പ്രാഗത്ഭ്യം നിങ്ങള്‍ വിളിച്ചു കൂവുകയും ചെയ്യുന്നു. എന്തിനേറെപ്പറയുന്നു, കൂട്ടുകാര്‍ തെളിവാവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ പോസ്റ്റു വീണ്ടും തപ്പിയെടുക്കുന്നു. നാളിതുവരെ 640 കമന്‍റുകള്‍ വീണ ആ പോസ്റ്റിലാവട്ടെ, കമന്‍റ് ക്രമനമ്പറുകളില്ലാത്തതിനാല്‍ മുന്നൂറ്റമ്പതാം കമന്‍റ് നിങ്ങളുടേതാണെന്ന് തെളിയിക്കണമെങ്കില്‍ കുത്തിയിരുന്ന് എണ്ണിപ്പെറുക്കണമെന്ന അവസ്ഥ.

കമന്‍റു ക്രമനമ്പരിന്‍റെ ആവശ്യം മനസ്സിലായ സ്ഥിതിയ്ക്ക് നിങ്ങളുടെ ബ്ലോഗ്സ്പോട്ട് ബ്ലോഗില്‍ ഇതെങ്ങനെ സാധിക്കാം എന്നു നോക്കാം.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ വക കുസൃതികള്‍ കാണിക്കുന്നതിനു മുമ്പ് റ്റെം‍പ്ലേയ്റ്റ് ബായ്കപ്പ് ചെയ്യേണ്ടതാണ്.)

൧. ബ്ലോഗ്സ്പോട്ടിന്‍റെ ഡാഷ്ബോഡിലേയ്ക്ക് ലോഗിന്‍ ചെയ്യുക.൨. ലോഗിന്‍ ചെയ്തു കഴിഞ്ഞ് നിങ്ങളുടെ ബ്ലോഗ് സെറ്റിംഗില്‍ ലേ ഔട്ട് എന്ന ലിങ്കില്‍ ക്ലിക്കുക.൩. അടുത്തപടി എഡിറ്റ് എഛ്. റ്റി. എം. എല്‍ എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുകയാണ്.൪. അടുത്ത പേജില്‍ എക്സ്പാന്‍ഡ് വിജെറ്റ് റ്റെം‍പ്ലേയ്റ്റ് എന്ന ചെക്ബോക്സ് ചെക്കു ചെയ്യുക.൫. ഇനി, റ്റെം‍പ്ലേയ്റ്റിലുള്ളവ മുഴുവന്‍ സിലെക്റ്റ് ചെയ്യുക (മൌസ് കൊണ്ട് റൈറ്റ് ക്ലിക് ചെയ്ത് സിലെക്റ്റ് ഓള്‍ എന്നതില്‍ ക്ലിക് ചെയ്യണം). അതു കഴിഞ്ഞ് അവ കോപ്പി ചെയ്യണം (മൌസ് റൈറ്റ് ക്ലിക്, കോപ്പി).൬. ഇങ്ങനെ കോപ്പി ചെയ്തത് ഒരു റ്റെക്സ്റ്റ് എഡിറ്ററില്‍ (നോട്പാഡ്) പേയ്സ്റ്റ് ചെയ്യുക.

൭. ഇനിയാണ് തന്ത്രപ്രധാനമായ ഭാഗം: നോട്പാഡില്‍ data:post.comments എന്ന വാക്കുകള്‍ ഉള്ള വരി കണ്ടു പിടിക്കുക. (ഇതിന് ഇങ്ങനെ ചെയ്താല്‍ മതിയാവും: നോട്പാഡ് വിന്‍ഡോയില്‍ കണ്‍‍ട്രോള്‍ കീയും ഹോം കീയും ഒന്നിച്ചമര്‍ത്തുക. ഇപ്പോള്‍ നിങ്ങള്‍ നോട്പാഡിന്‍റെ ആദ്യ വരിയിലെത്തി. ഇനി, കണ്‍‍ട്രോള്‍ കീയും കീബോഡിലെ F കീയും അമര്‍ത്തുക. Find എന്ന ഒരു ഡയലോഗ് മുന്നില്‍ വരും. Find what എന്ന് ചോദിക്കുന്നിടത്ത് data:post.comments എന്നത് വള്ളിപുള്ളി വിടാതെ ടൈപ്പ് ചെയ്യുക [ഇവിടുന്ന് കോപ്പി-പേയ്സ്റ്റ് ചെയ്താലും മതി]. എന്നിട്ട് Enter കീ അമര്‍ത്തുക.)

൮. ഈ വരിക്ക് തൊട്ടുമുമ്പും ശേഷവും ചിത്രത്തില്‍ കാണുന്ന പോലെ ol , li എന്നിവ ചേര്‍ക്കുക.൯. ഇനി, ഇരുപതോളം വരികള്‍ക്കു ശേഷം, b:loop എന്നതുള്‍പ്പെടുന്ന വരി കണ്ടു പിടിക്കുക. ഈ വരിക്ക് തൊട്ടുമുമ്പും ശേഷവും ചിത്രത്തില്‍ കാണുന്ന പോലെ li, ol എന്നിവ ചേര്‍ക്കുക (ഇവിടെ li-യ്ക്കും ol-നും മുമ്പ് കാണുന്ന / മറക്കരുത്).൧൦. ഇനി ഇതെല്ലാം നോട്പാഡില്‍ നിന്നും കോപ്പി ചെയ്ത് ബ്ലോഗര്‍ റ്റെം‍പ്ലേയ്റ്റിലേയ്ക്ക് പേയ്സ്റ്റ് ചെയ്യുക. എന്നിട്ട് റ്റെം‍പ്ലേയ്റ്റ് സേവ് ചെയ്യുക.

കമന്‍റുകളുടെ ക്രമനമ്പറുകള്‍ റെഡി.

Labels: ,

36 അഭിപ്രായങ്ങള്‍:

 1. Blogger മറ്റൊരാള്‍ എഴുതിയത്:

  അണ്ണാ.. എത്രനാളായി ഇങ്ങനൊരു പരിഹാരക്രിയയ്കായി(Solution) ഞാന്‍ കാത്തിരുന്നു. അതിന്‌ മുന്‍പ്‌ ഇതോന്തരോം പാടുപെട്ടന്ന് അറിയവോ ഇങ്ങനൊരെണ്ണം തട്ടിക്കൂട്ടാന്‍? ഏതാണ്ടൊരു പരുവമായപ്പഴേക്കും ദാ താങ്കള്‍ Full Solutionനുമായി വന്നിരിക്കുന്നു. നന്ദി.. പിന്നെ കമന്റുകളെക്കുറിച്ച്‌ ആദ്യമെഴുതിയ കാര്യങ്ങള്‍:- കമന്റ്‌ നോക്കിയിരിക്കുന്ന ഞങ്ങളെയൊക്കെ അണ്ണന്‍ നാണംകെടുത്തിക്കളഞ്ഞല്ലോ

  Wed May 23, 12:46:00 AM 2007  
 2. Blogger വിഷ്ണു പ്രസാദ് എഴുതിയത്:

  ബൂലോക കമന്റ് തൊഴിലാളര്‍കളേ വരൂ അര്‍മാദിക്കൂ...:)

  നല്ല പോസ്റ്റ്.

  Wed May 23, 01:12:00 AM 2007  
 3. Blogger Vanaja എഴുതിയത്:

  ഇതു കൊള്ളാാമല്ലോ. ബ്ളോഗിലേക്ക്‌ സ്മൈലി കുഞ്ഞുങ്ങളെ വേണോ? ദാ ഇവിടെ കിട്ടും

  Wed May 23, 01:34:00 AM 2007  
 4. Blogger അനിയന്‍കുട്ടി എഴുതിയത്:

  സന്തോഷ്പിള്ളച്ചേട്ടാ..ഇന്നാ പിടിച്ചോ താങ്ക്സ്മുട്ടായി...
  ഞാനിത് പേസ്റ്റി.... :)
  അസ്സലായി...

  Wed May 23, 01:56:00 AM 2007  
 5. Blogger ചില നേരത്ത്.. എഴുതിയത്:

  സന്തോഷ്‌ജീ, എന്റെ ബ്ലോഗില്‍ ഇമേജില്‍ കാണുന്ന പോലുള്ള ഒന്നും കാണുന്നില്ല. എഡിറ്റ് എച് ടി എം എല്‍ ക്ലിക് ചെയ്താല്‍ ഇവിടെ കാണിച്ചിരിക്കുന്നത് പോലെയല്ല എന്റെ സെറ്റിംഗ്സ് കാണിക്കുന്നത് :(
  ഇനി അമേരിക്കയിലേത് ഇവിടെ (ദുബായില്‍) കിട്ടില്ലെന്നാണോ? ഇവിടെ കിട്ടാത്തതൊന്നുമില്ല എന്നാണ് പറയാറ് ;)

  Wed May 23, 02:08:00 AM 2007  
 6. Blogger Siju | സിജു എഴുതിയത്:

  ചില നേരത്തു വരുന്ന ഇബ്രൂ..
  എഡിറ്റ് എച് റ്റി എമ്മില്‍ ക്ലിക്കിയതിനു ശേഷം Expand Widget Templates എന്നുള്ളതു സെലക്റ്റ് ചെയ്യുക കൂടി വേണം. അതിനു ശേഷം കോഡ് റിഫ്രഷ് ആയി വരും. അപ്പോള്‍ നോക്കിയാല്‍ കാണേണ്ടതാണ്..

  Wed May 23, 04:38:00 AM 2007  
 7. Blogger Siju | സിജു എഴുതിയത്:

  പോസ്റ്റ് കണ്ടു കഴിഞ്ഞപ്പോള്‍ ഒരു വിഷമം.. ഇങ്ങിനെ ഒരു പോസ്റ്റ് എനിക്കും ഇടാമായിരുന്നല്ലോന്ന്..
  ഒരു മിസ്സ് പോസ്റ്റായി.. :-(

  qw_er_ty

  Wed May 23, 04:39:00 AM 2007  
 8. Blogger അതുല്യ എഴുതിയത്:

  സന്തോഷ്, ഞാന്‍ സാധാരണ റ്റെമ്പ്ലേറ്റില്‍ തൊട്ടുള്ള കളി പേടിയായതോണ്ട്, (ആകെ പാടെ പേടിയുള്ള ഒരു കാര്യം!) ഞാന്‍ ഈ കമന്റ് എണ്ണല്‍ (അപ്പീസിലു പണിയില്ല്യാണ്ടേ ഇരിയ്കണ എന്നെ പോലുള്ളവര്‍ക്ക് പറ്റിയ പണീയേയ്), ഇമ്മാതിരി ആണു ചെയ്യാറു ലളിതമായി. പണ്ട് കൊച്ചിമീറ്റിന്റെ കമന്റ് ഇത് പോലെ ആണു എണ്ണി സു വിനു ട്രോഫീം കൊടുത്തത്.

  1. ആദ്യമായി click Post a Comment.
  2. കമന്റ് പോസ്റ്റ് ചെയ്യണ പേജ് വരും.
  3. അവിടെ collapse comment എന്ന ഒരു വാക്യം കാണും. അതില്‍ ഞെക്കുക.
  4. അപ്പോ പരന്ന് കിടക്കണ കമന്റ് എല്ലാം കൂടെ
  ഇങ്ങനെ വരും.
  5.പിന്നെ അത് ഒന്ന് സെലക്റ്റ് ചെയ്ത് ഒരു MS Word document ഇല്‍ paste ചെയ്യുക. അപ്പോള്‍ ഇത് പോലെ കിട്ടും.
  6.എന്നിട്ട് ഇത് വീണ്ടും കോപ്പി ചെയ്ത് എക്സലിലേയ്ക് ഇടുക, ഇങ്ങനെ. ഇപ്പോ എക്സലില്‍ ഷീറ്റില്‍ ഒരു കോളം കൊടുത്ത് നമ്പ്ര് 1,2,3,4 ന്നു കൊടുത്താല്‍, എല്ലാ കമന്റ് ചെയ്തവരുടെയും കമന്റ് ക്രമം കിട്ടും.
  (നേരിട്ട് എക്സലില്‍ ഇടുമ്പോ ചിലപ്പ്പോ ഫുള്‍ കമന്റും പടവും ഒക്കെ പേസ്റ്റാവും. അതോണ്ടാണ്ട് ആദ്യം MS word ഇല്‍ എന്ന് പറഞത്.

  7. ഇനി ഒരാളുടേതു തന്നെ ഇത്ര കമന്റ് എന്ന് - അതായത സിബുവിന്റെ തന്നെ റ്റോട്ടല്‍ 15 ന്ന് അറിയണമെങ്കില്‍,‍ ഇത് പോലെ എക്സല്‍ ഷീറ്റില്‍ ctrl "f" ഞെക്കി, find all ന്ന് കൊടുത്താല്‍ താഴെത്ത് ആയിട്ട് - total 15 cells found ന്നു പറയും = സിബുവിന്റെ 15 കമന്റ് ന്ന്

  ഇത് ഇങനെ പരത്തി പറഞപ്പോ ഇത്രേം ആയിപോയി. പക്ഷെ ചെയ്യുമ്പോ ഒരു സെക്കന്റ് മതി. ടെമ്പ്ലേട് കുളം ആവാതെ ഇരിയ്കും.

  Wed May 23, 04:51:00 AM 2007  
 9. Blogger സു | Su എഴുതിയത്:

  സാവകാശം ചെയ്തുവെക്കാം. :) നന്ദി.

  Wed May 23, 05:04:00 AM 2007  
 10. Blogger ശ്രീജിത്ത്‌ കെ എഴുതിയത്:

  ഇപ്പരിപാടി ബൂലോക ക്ലബ്ബില്‍ നേരത്തേ തന്നെ ചെയ്തു വച്ചിട്ടുണ്ടല്ലോ. ;) എന്തായാലും വിശദമായി ഇത് പറയാന്‍ കാണിച്ച സന്മനസ്സിനും പ്രയത്നത്തിനും നന്ദി. ഒരുപാട് പേര്‍ക്ക് ഇത് സഹായകരമാകുമെന്നതില്‍ സംശയമില്ല.

  അതുല്യ്ച്ചേച്ചി ആണ് കലക്ക് കലക്കിയത്. എന്തൊരു ഐഡിയ. ഹൊ. സമ്മതിച്ചിരിക്കുന്നു.

  Wed May 23, 05:14:00 AM 2007  
 11. Blogger ബീരാന്‍ കുട്ടി എഴുതിയത്:

  ഡാറ്റാ പോസ്റ്റ്‌ കമന്റ്‌ ഞമ്മളെ സധനത്തില്‍ കണുന്നില്ല. അരെങ്കിലും മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത്‌ തിരികെ വെക്കണം, ഞാന്‍ കേസ്സ്‌ കോടുക്കും.

  ഇനി ഇപ്പോ അത്‌ കണ്ട്പിടിക്കാന്‍ എന്താ ഒരു വഴി.

  Wed May 23, 05:57:00 AM 2007  
 12. Blogger അനിയന്‍കുട്ടി എഴുതിയത്:

  ബീരാനേ, ചെലപ്പൊ സെര്‍ച്ച് ചെയ്താ കാണിക്കൂല. എനിക്കും പറ്റി അത് ആദ്യം. ജ്ജ് comments എന്ന് സെര്‍ച്ച് ചെയ്ത് നോക്ക്. കിട്ടും.
  അപ്പൊ ഓല്‌ കാണിച്ച് തരും.

  Wed May 23, 06:04:00 AM 2007  
 13. Blogger അങ്കിള്‍. എഴുതിയത്:

  ഞാനും ഇപ്പറഞ്ഞതുപോലെ ചെയ്തുകഴിഞ്ഞു. അതിന്റെ effect എന്താണെന്ന്‌ ചെന്നു നോക്കണം. അതിനു മുമ്പ്‌ നന്ദിപറയണമെന്ന്‌ തോന്നി, ഈ കമന്റില്‍കൂടി. ഇനി ചെന്നു നോക്കട്ടെ. ഇനി മുതലുള്ള പോസ്റ്റിനേ ഉള്ളോ അതോ retrospective effect ഉണ്ടോ?.

  Wed May 23, 06:30:00 AM 2007  
 14. Blogger മൂര്‍ത്തി എഴുതിയത്:

  കമന്റ് നമ്പ്ര്‌ 14 എന്റെ വക...നന്ദിയും...

  qw_er_ty

  Wed May 23, 09:18:00 AM 2007  
 15. Blogger അങ്കിള്‍. എഴുതിയത്:

  സന്തോഷേ, പറഞ്ഞതുപോലൊക്കെ ചെയ്തെങ്കിലും സംഗതി വിജയിച്ചില്ല്ല. Blogger new account ആണ്‌ ഞാന്‍ ഉപയോഗിക്കുന്നത്‌. HTML code മുഴുവന്‍ നോക്കി. ol,li,/li,/ol എല്ലാം അതേപടി കാണുന്നുമുണ്ട്‌. സേവ്‌ ചെയ്തപ്പോള്‍ error messages ഒന്നും വന്നതുമില്ല. എന്നാലും കമന്റുകളുടെ എണ്ണം കാണിക്കുന്നില്ല. എന്തെങ്കിലും പോംവഴി? വളരെയധികം പ്രയോജനം ചെയ്യുന്നതായതുകൊണ്ട്‌ അങ്ങനെ വിടാനും തോന്നുന്നില്ല

  Wed May 23, 07:57:00 PM 2007  
 16. Blogger സന്തോഷ് എഴുതിയത്:

  വായിച്ചവരില്‍ ചിലര്‍ക്കെങ്കിലും പ്രയോജനപ്പെട്ടെന്ന് കരുതട്ടെ.

  മറ്റൊരാള്‍, വിഷ്ണു, വനജ, അനിയന്‍‍കുട്ടി, സിജു, സു, ശ്രീജിത്ത്, മൂര്‍ത്തി: നന്ദി.

  ഇബ്രു: ഇബ്രു പഴയ റ്റെം‍‍പ്ലേയ്റ്റാണല്ലോ ഉപയോഗിക്കുന്നത്. അപ്പോള്‍ comments-block എന്നതിനു ചുറ്റും ol-ഉം li-യും ഉപയോഗിക്കണം. / dd കഴിയുമ്പോള്‍ ഇവ അടയ്ക്കുകയും വേണം.

  അതുല്യ: സംഗതി കൊള്ളാം. എക്സലിലെ ഓട്ടോ ഫില്‍റ്റര്‍ എന്ന ഫീച്ചര്‍ ഞാനും വളരെയധികം ഉപയോഗിക്കാറ്റുണ്ട്. ചിത്രസഹിതം വ്യക്തമാക്കിയതിനു നന്ദി.

  ബീരാന്‍ കുട്ടി: ബീരാന്‍ കുട്ടീ, ആദ്യമേ പറയട്ടെ, ന്‍ എന്നതിനു പകരം മലയാളം 9 (൯) ആണല്ലോ ഉപയോഗിച്ചിരിക്കുന്നത്. അത് മാറ്റണേ. ഇബ്രുവിനോട് പറഞ്ഞതു തന്നെ കൂട്ടിയോടും പറയുന്നു.

  അങ്കിള്‍: താങ്കളുടെ പ്രശ്നം അല്പം കൂടി സങ്കീര്‍ണ്ണമാണ്. :)

  റ്റെം‍പ്ലേയ്റ്റില്‍ നിന്നും ul { എന്നും li { എന്നും തുടങ്ങുന്ന അഞ്ചും അഞ്ചും പത്ത് വരികള്‍ മാറ്റിയിട്ട് സേവ് ചെയ്തു നോക്കൂ. അതിലും നില്‍ക്കുന്നില്ലെങ്കില്‍ നമുക്ക് MD-എടുത്ത ഏതെങ്കിലും ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കാം.

  (മുറി വൈദ്യം അറിയുന്നവര്‍ പരിശോധനയ്ക്കിറങ്ങരുതെന്ന് പറയുന്നത് എത്ര ശരി!)

  Wed May 23, 09:52:00 PM 2007  
 17. Blogger ബീരാന്‍ കുട്ടി എഴുതിയത്:

  സന്തോഷ്‌, അദിപ്രായങ്ങള്‍ക്കും, സഹായ മനസിനും നന്ദി. ഞാന്‍ ന്‍ എന്നതിന്‌ 9 അല്ല ഉപയോഗിച്ചിരിക്കുന്നത്‌, ചെറിയ എന്‍ തനെയാണ്‌. പിന്നെ ഞാന്‍ നൊരിട്ട്‌ റ്റൈപ്പുന്നതല്ല. വരമൊഴി വഴിയാണ്‌ എന്റെ ബസ്സ്‌.

  ഇത്രയും വിശദമായി എന്റെ ഗ്ലൊബ്‌ പരിശോധിച്ചതിന്‌ ഒരു സ്പെഷല്‍ നന്ദി.

  "തെറ്റുകള്‍ ചൂണ്ടികാണിക്കുന്നവരാണ്‌ നല്ല സുഹൃത്ത്‌" എന്നാണ്‌ ബീരാന്റെ മതം.

  Wed May 23, 10:14:00 PM 2007  
 18. Blogger ശ്രീജിത്ത്‌ കെ എഴുതിയത്:

  അങ്കിള്‍ജീ, സന്തോഷേട്ടന്‍ പറഞ്ഞത് പോലെ, താങ്കളുടെ പ്രശ്നം ടെമ്പ്ലേറ്റിന്റേതാണ്. കോഡ് ശരിയായി തന്നെ വന്നിട്ടുണ്ട് പേജില്‍.

  താഴെക്കൊടുത്തിരിക്കുന്ന കോഡ് താങ്കളുടെ ടെമ്പ്ലേറ്റില്‍ കമന്റാക്കി മാറ്റിയാല്‍ ശരിയാകും.

  ul {
  list-style: none;
  margin-left: 10px;
  padding: 0;
  }

  li {
  list-style: none;
  padding-left: 14px;
  margin-bottom: 3px;
  background: url(http://www.blogblog.com/tictac/tictac_orange.gif) no-repeat 0 6px;
  }

  കമനറ്റാക്കാന്‍ ഈ കോഡിന്റെ തുടക്കത്തില്‍ /* എന്നും അവസാനം */ എന്നും ഇട്ടാല്‍ മതിയാകും. അല്ലെങ്കില്‍ ടെമ്പ്ലേറ്റ് തന്നെ അങ്ഗ്ന്‍ മാറ്റുക, അല്ല പിന്നെ.

  Wed May 23, 10:14:00 PM 2007  
 19. Blogger സന്തോഷ് എഴുതിയത്:

  കുട്ടീ, “ബീരാ൯കുട്ടിന്റെ ലോകം” എന്ന തലക്കെട്ടിലാണ് പ്രശ്നം. ഒന്നു കൂടി നോക്കുമോ...

  അങ്കിളേ ഞാന്‍ പറഞ്ഞില്ലേ, വേണമെങ്കില്‍ നമുക്ക് പുലികളെ ഇറക്കാമെന്ന്. ശ്രീജിത്ത് പറഞ്ഞത് ചെയ്താല്‍ ശരിയാവും!

  Wed May 23, 10:24:00 PM 2007  
 20. Blogger ഗന്ധര്‍വ്വന്‍ എഴുതിയത്:

  ശ്ലാഘനീയം ശേഷം ചിന്ത്യം

  Wed May 23, 10:35:00 PM 2007  
 21. Blogger അങ്കിള്‍. എഴുതിയത്:

  സന്തോഷേ, ശ്രീജിത്തേ എനിക്ക്‌ ഭാഗ്യമില്ല. ul {,li { എന്നിവ തുടങ്ങുന്ന അഞ്ചു പത്ത്‌ വരികള്‍ മാറ്റുന്നതിന്‌ പകരം, അതിനെ ശ്രീജിത്ത്‌ പറഞ്ഞമാതിരി കമന്റാക്കി മാറ്റി.(please see the codes) രക്ഷയില്ല. ചങ്കരന്‍ ഇപ്പോഴും തെങ്ങേല്‍തന്നെ.

  എം.ഡി.ഉള്ളതുകൊണ്ടായില്ല. നല്ല പ്രാക്ടീസ്സ്‌ ഉള്ളയാളാണെങ്കില്‍ MBBS ധാരാളം മതി.

  എനിക്കുവേണ്ടി സമയം ചിലവഴിച്ചതിന്‌ വളരെ വളരെ നന്ദി. എപ്പോഴെങ്കിലും ഒരു സൊലൂഷന്‍ തലയില്‍ ഉദിക്കുകയാണെന്‍ങ്കില്‍ അറിയിക്കണേ. npck@hotmail.com

  Wed May 23, 11:50:00 PM 2007  
 22. Blogger അഗ്രജന്‍ എഴുതിയത്:

  സന്തോഷ്, ഇത് ആമോദത്തിനും ആഹ്ലാദത്തിനും വക നല്‍കുന്നല്ലോ :)

  നല്ല പോസ്റ്റ് :)

  കഴിഞ്ഞ ദിവസം ഷാരജയില്‍ നടന്ന യു.എ.ഇ. മിനിമീറ്റില്‍ ശ്രീമാന്‍. സുല്‍ അവര്‍കള്‍ ശ്രീമാന്‍. കൈപ്പള്ളി അവര്‍കളോട് ഉന്നയിച്ച ഒരാവശ്യം ഇതായിരുന്നു...

  “ഒരുപാട് പുതിയ ബ്ലോഗര്‍മാര്‍ ദിനം പ്രതി കടന്നു വരിക്കയും അവരില്‍ പലരും നമ്മുടെ കണ്ണില്‍ പെടാതെ പോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ ബ്ലോഗര്‍മാര്‍ വരുമ്പോള്‍ നമ്മുടെ ഐഡിയില്‍ നിന്നും യാന്ത്രീകമായി അവിടെ ‘ബൂലോഗത്തേക്ക് സ്വാഗതം’ എന്ന കമന്‍റ് ഇടുന്നൊരു സൂത്രം ഉണ്ടാക്കണം” എന്നതായിരുന്നു...

  തിരിച്ച് കമന്‍റുറപ്പാക്കാനുള്ള സൂത്രം തന്നെ :)

  സന്തോഷ്, ഒന്നു പരീക്ഷിക്കുന്നോ :)

  Thu May 24, 12:02:00 AM 2007  
 23. Blogger രാവുണ്ണി എഴുതിയത്:

  അപ്പോള്‍ ഈ ബ്ലോഗിന് ക്രമനമ്പറിട്ടില്ലേ?

  Thu May 24, 08:02:00 AM 2007  
 24. Blogger അങ്കിള്‍. എഴുതിയത്:

  വിവരംകെട്ട ഞാന്‍ ഇതുവരെ dashboard ന്‌ അകത്തുനിന്നുകൊണ്ടാണ്‌ പോസ്റ്റുകളിലോട്ട്‌ പോയി കമന്റുകള്‍ക്ക്‌ ക്രമനമ്പരുകളുണ്ടോയെന്ന്‌ പരിശോധിച്ച്‌ നിലവിളിച്ചുകൊണ്ടിരുന്നത്‌. ശ്രിജിത്തിന്റെ മെയില്‍ കിട്ടിയതിന്‌ ശേഷം login ചെയ്യാതെ എന്റെ ബ്ലോഗില്‍ ചെന്നപ്പോഴല്ലേ കാണുന്നത്‌ കമന്റുകള്‍ക്ക്‌ ക്രമനമ്പരുകള്‍ മണിമണി യായി കിടക്കുന്നത്‌.

  നന്ദിയാരോട്‌ ചൊല്ലേണ്ടു ഞാന്‍
  ആദിത്യാ..., ശ്രീജിത്തേ.

  Fri May 25, 09:26:00 PM 2007  
 25. Blogger വേണു venu എഴുതിയത്:

  സന്തോഷ്ജി,
  ഞാന്‍‍ രണ്ടു പ്രാവശ്യം ശ്രമിച്ചു. അതില്‍ പറഞ്ഞ പ്രകാരം തന്നെയെന്നു് വിശ്വാസമുണ്ടു്. റ്റേംപ്പ്ലെടൂ ഏഡിറ്റാകുന്നില്ല.
  Your template could not be parsed as it is not well-formed. Please make sure all XML elements are closed properly.
  XML error message: The element type "li" must be terminated by the matching end-tag "".

  Fri May 25, 11:34:00 PM 2007  
 26. Blogger സന്തോഷ് എഴുതിയത്:

  അങ്കിളും വേണുവും റ്റെം‍പ്ലേയ്റ്റ് അയച്ചുതന്നാല്‍ നോക്കാമായിരുന്നു.

  Sat May 26, 12:14:00 AM 2007  
 27. Blogger സന്തോഷ് എഴുതിയത്:

  അങ്കിളിന്‍റെ അവസാന കമന്‍റ് ഇപ്പോഴാണ് കണ്ടത്. സന്തോഷം! ഇനി വേണു മാത്രം റ്റെം‍പ്ലേയ്റ്റ് കോഡ് അയച്ചാല്‍ മതി.

  Sat May 26, 12:20:00 AM 2007  
 28. Blogger കരീം മാഷ്‌ എഴുതിയത്:

  നന്ദി പറയാന്‍ വിട്ടു പോയി.
  വിജയിച്ചിരുന്നു താങ്ക്സ്.

  Sat May 26, 09:18:00 AM 2007  
 29. Blogger സതീശ് മാക്കോത്ത് | sathees makkoth എഴുതിയത്:

  ഞാനും ചികിത്സിച്ചു നോക്കി. മരുന്നങ്ങട് എല്‍ക്കുന്നില്ല. മരുന്നു മാറിപോയതാണോന്നൊരു സംശയം.
  അലര്‍ജിയുടെ ലക്ഷണങ്ങളൊക്കെ കാണണുണ്ട്. അതിങ്ങനെയാണ്.

  Your template could not be parsed as it is not well-formed. Please make sure all XML elements are closed properly.
  XML error message: Attribute name "ntMsg" associated with an element type "data:postComme" must be followed by the ' = ' character.

  രോഗം താങ്കള്‍ക്ക് പിടികിട്ടി കാണുമെന്നു തോന്നുന്നു. ദയവായി ചികിത്സ നിര്‍ദേശിക്കുക.

  Sat May 26, 10:26:00 AM 2007  
 30. Blogger സന്തോഷ് എഴുതിയത്:

  സതീശേ, മരുന്നു കഴിക്കുന്നതിനു മുമ്പു രോഗി ക്ലോണ്‍ ചെയ്തു വച്ചു കാണുമല്ലോ.

  എക്സ്പാന്‍ഡ് വിജെറ്റ് റ്റെം‍പ്ലേയ്റ്റ് എന്ന ചെക്ബോക്സ് ചെക്കു ചെയ്ത ശേഷം, റ്റെം‍പ്ലേയ്റ്റ് കോപ്പി ചെയ്ത് നോട്പാഡിലാക്കി എനിക്കൊന്നയച്ചു തരാമോ?

  Sat May 26, 12:04:00 PM 2007  
 31. Blogger ജ്യോതിര്‍മയി എഴുതിയത്:

  നല്ല പോസ്റ്റ്. എന്നെങ്കിലും വൈദ്യം പഠിച്ചൂ എന്നു സ്വയം തോന്നുമ്പോള്‍ ഈ കുറിപ്പപ്പടി പരീക്ഷിച്ചുനോക്കണം (അതിമോഹം!)

  ഇവിടെ കുറേ പെന്‍ഡിങ് പോസ്റ്റുകളുണ്ടല്ലോ സന്തോഷ് ജീ വായിക്കാന്‍. വായിച്ചാലും ഇല്ലേലും ‘ശേഷം ചിന്ത്യം’ എന്നു ചിന്താവിഷ്ടയായിപ്പോണൂ.. അതാ കമന്റാത്തത്. അല്ലെങ്കില്‍ ‘കളത്രപതി വൃത്തം’ ഒന്നു കോമ്പസ്സുകൊണ്ടെങ്കിലും വരച്ചേനെ...:)

  ഓ.ടോ : പോസ്റ്റിടാതേയും കമന്റുകള്‍ കിട്ടാനും വാരിക്കൂട്ടാനും വല്ല വിദ്യയോ സൂത്രമോ ഉണ്ടോ?
  :)

  Mon May 28, 01:16:00 AM 2007  
 32. Blogger ശ്രീ എഴുതിയത്:

  സന്തോഷേട്ടാ...
  ഇതിപ്പഴാ കാണുന്നെ.
  എന്നാപ്പിന്നെ, 32 എന്റെ വക.

  നല്ല ഉപകാരപ്രദമായ പോസ്റ്റ്, നന്ദി.

  Mon Sep 03, 07:53:00 PM 2007  
 33. Blogger കുഞ്ഞന്‍ എഴുതിയത്:

  മാഷെ പെരുത്ത് നന്ദി..

  അങ്ങു പറഞ്ഞതുപോലെ ചെയ്തു, വിജയിക്കുകയും ചെയ്തു...

  ഒരപേക്ഷ, എങ്ങിനെയാണു ഒളിപ്പിച്ച ലിങ്കുകള്‍ കാണിക്കുന്നത്? ഇവിടെ നോക്കുക, എവിടെ ക്ലിക്കിയാല്‍ കാണാം, എങ്ങിനെയാണു ഒരു വരികള്‍ക്കിടയില്‍ ഇതു ചെയ്യുന്നത്?

  ഇത് എല്ലാ പുതിയ ബൂലോകവാസികള്‍ക്കുപകാരമാവും, തീര്‍ച്ച, ദയവു ചെയ്തു ആരെങ്കിലും മുന്‍പ് ഇതിനെപ്പറ്റി പോസ്റ്റിട്ടിട്ടുണ്ടെങ്കില്‍ അതു എവിടെയാണെന്നു പറഞ്ഞു തരൂ..

  praveenharisree@gmail.com

  സസ്നേഹം കുഞ്ഞന്‍

  Mon Sep 03, 11:31:00 PM 2007  
 34. Blogger അരീക്കോടന്‍ എഴുതിയത്:

  നല്ല പോസ്റ്റ്. ഈ കുറിപ്പപ്പടി പരീക്ഷിച്ചുനോക്കണം

  Tue Sep 04, 03:12:00 AM 2007  
 35. Blogger ശ്രീവല്ലഭന്‍. എഴുതിയത്:

  thank you...:-)

  Fri Oct 16, 07:23:00 PM 2009  
 36. Blogger Haree | ഹരീ എഴുതിയത്:

  ഇവിടുത്തെ സാങ്കല്പിക യാത്രയ്ക്ക് ഒരു വലിയ പ്രശ്നമുണ്ട്. കമന്റ് നമ്പര്‍ ആവശ്യം വരുന്നവര്‍ക്ക് (നാഴികക്കല്ല് നോക്കി നടക്കുന്നവരേ...) ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യുവാനാവില്ല! ഇനി അങ്ങിനെ വേണ്ടവര്‍ക്ക് ഈ പോസ്റ്റങ്ങു ലിങ്കു ചെയ്യാം. ക്രമനമ്പരിട്ട് നാഴികക്കല്ലെണ്ണാന്‍ സഹായിക്കൂ എന്നും പറഞ്ഞ്. :-)

  ഏതായാലും സംഗതി കൊള്ളാം... :-)
  --

  Fri Oct 16, 10:17:00 PM 2009  

Post a Comment

<< Home