Friday, March 02, 2007

ID3 റ്റാഗര്‍

എന്‍റെ പരിമിതമായ സി. ഡി. ശേഖരം, നൂറോളം വരുന്ന മലയാള സിനിമാഗാന സി. ഡി.-കളിലൊതുങ്ങുന്നു. പിന്നെ പത്തോളം ഹിന്ദി സി. ഡികളും. എല്ലാം കൂടി ഏറിയാല്‍ ആയിരത്തിയഞ്ഞൂറു പാട്ട്. അവയെ വിന്‍ഡോസ് മീഡിയ പ്ലെയര്‍ ഉപയോഗിച്ച് WMA, MP3 എന്നീ ഫോര്‍മാറ്റുകളിലാക്കി വച്ചത് ക്യൂജാഡ എന്ന സൈറ്റില്‍ മ്യൂസിക് വിഭാഗം നിലവിലുണ്ടായിരുന്നപ്പോഴാണ്. പഴയതും പുതിയതുമായ അനേകം മനോഹരഗാനങ്ങള്‍ ഞങ്ങളില്‍ ചിലര്‍ ആ സൈറ്റിലൂടെ ലഭ്യമാക്കിയിരുന്നു. കാശുകൊടുത്തു വാങ്ങിയ പാട്ടുകളാണെങ്കിലും ചുമ്മാ സൈറ്റിലിട്ടു കേള്‍പ്പിക്കുന്നത് ശരിയല്ലാ എന്ന് ബോധ്യമായ ദിനങ്ങളിലൊന്നിലാണ് ഞങ്ങള്‍ ക്യൂജാഡ പൂട്ടിക്കെട്ടിയത്.

സി. ഡി. യില്‍ നിന്നും എണ്ണമറ്റ ക്യാസറ്റുകളില്‍ നിന്നും ഡിജിറ്റൈസ് ചെയ്തു വച്ച ആ ശേഖരം അല്ലലേതുമില്ലാതെ ആസ്വദിച്ചു വരുമ്പോഴാണ് എനിക്കൊരു ഉള്‍വിളിയുണ്ടാവുന്നത്. എന്തുകൊണ്ട് ഫയലിന്‍റെ പേരുകള്‍ മലയാളത്തിലാക്കിക്കൂടാ? അങ്ങനെ, ഒരു വൈകുന്നേരമിരുന്ന് കൂട്ടത്തിലുള്ള അഞ്ചുപത്തു പാട്ടുകളുടെ പേരുകള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലാക്കി. കാര്യങ്ങളുടെ പുരോഗതി അറിയാനായി ഉടന്‍ തന്നെ അവയിലൊന്നിനെ ‘പാടിപ്പിച്ചു’ നോക്കി.

എന്തോ ഒരു പന്തികേട്. ഇംഗ്ലീഷ് ഫയല്‍ പേരുകള്‍ മലയാളത്തിലാക്കിയതോടെ മീഡിയ പ്ലെയര്‍, ഫയലിന്‍റെ പേരിനു പകരം ശീര്‍ഷകം (Title) പ്രദര്‍ശിപ്പിച്ചു തുടങ്ങി. പ്ലേലിസ്റ്റ് നോക്കി പാട്ടുകള്‍ തിരഞ്ഞെടുക്കാമായിരുന്ന സൌകര്യമാണ് മൊഴിമാറ്റം മൂലം നഷ്ടമായിരുക്കുന്നത്.


ചിത്രം: ഉള്‍വിളിക്കു മുമ്പ്


ചിത്രം: ഉള്‍വിളിക്കു ശേഷം

ചെയ്തത് പുലിവാലായി എന്ന് ബോധ്യമായി. എന്നാലും പാട്ടിന്‍റെ പേരുകള്‍ മലയാളത്തില്‍ കാണാന്‍ കൊതി. പാട്ടുകള്‍ മീഡിയ സെന്‍ററിലേയ്ക്ക് മാറ്റി ഒന്നു കൂടി നോക്കി. പ്രതീക്ഷിച്ചതു പോലെ മീഡിയാസെന്‍ററും ശീര്‍ഷകമാണ് കാണിക്കുന്നത്.


ചിത്രം: മീഡിയസെന്‍റര്‍ പ്ലേലിസ്റ്റ് പോയ പോക്ക്

ID3 റ്റാഗുകള്‍ എന്നറിയപ്പെടുന്ന ഫയലിന്‍റെ ശീര്‍ഷകം, ആല്‍ബത്തിന്‍റെ പേര്, കലാവിഭാഗം, തുടങ്ങിയവ ഓരോ ഫയലിലുമായി എഴുതിച്ചേര്‍ക്കാവുന്നതേയുള്ളൂ. എന്നാലും ഓരോ ഫയലിന്‍റെ പേരും മലയാളത്തിലാക്കുന്നതിനൊപ്പം ഫയലിന്‍റെ ഗുണവിശേഷതകളില്‍ (file properties) ശീര്‍ഷകം കൂടി എഴുതിച്ചേര്‍ക്കുന്നത് ഇരട്ടിപ്പണിയാണല്ലോ. പരിഭാഷാശ്രമം ഉപേക്ഷിക്കണോ എന്നാലോചിച്ചു. എന്‍റെ ആവശ്യത്തിനുതകുന്ന ഒരു റ്റൂള്‍ തപ്പിയിട്ടു കിട്ടിയുമില്ല. ഫയലിന്‍റെ പേര് അതുപോലെയെടുത്ത് ശീര്‍ഷകമാക്കുന്ന ഒരു പ്രോഗ്രാമെഴുതിയാലോ എന്ന ആലോചന നടപ്പാക്കി. അങ്ങനെ ഒന്ന് എഴുതിയുണ്ടാക്കിയപ്പോള്‍ കാര്യം നടന്നു!

മുപ്പതോളം വരികള്‍ മാത്രമുള്ള ഒരു ചെറിയ ഖമാന്‍ഡ് ലൈന്‍ പ്രോഗ്രാമില്‍ നിന്നും മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെട്ടേക്കുന്ന പ്രോഗ്രാമായി മാറ്റിയപ്പോള്‍ വരികളുടെ എണ്ണം എഴുനൂറ്റമ്പതിലധികമായി! എന്തായാലും മെനക്കെട്ടില്ലേ, അല്പം മലയാളിത്തം പ്രോഗ്രാമിലും ഇരിക്കട്ടെ എന്നും കരുതി. ഇതാ നോക്കൂ:


ചിത്രം: റ്റാഗര്‍ യൂസര്‍ ഇന്‍റര്‍ഫെയ്സ്

ഈ പ്രോഗ്രാമുപയോഗിച്ചാല്‍ ഫയലുകളുടെ പേരുതന്നെ അതിന്‍റെ ശീര്‍ഷകമാക്കാനുള്ള ഓപ്ഷനുണ്ട്. അതല്ല, നിങ്ങള്‍ക്കിഷ്ടമുള്ള മറ്റെന്തെങ്കിലും പേര് നല്‍കുകയുമാവാം. മൊഴിമാറ്റത്തോടൊപ്പം ശീര്‍ഷകവും മാറിയപ്പോള്‍ ദാ ഇങ്ങനെയായിക്കിട്ടി:


ചിത്രം: മീഡിയാപ്ലേയര്‍ എന്‍റെ വരുതിയില്‍


ചിത്രം: മീഡിയസെന്‍റര്‍ അനുസരണയോടെ

താല്പര്യമുള്ളവര്‍ക്ക് പ്രോഗ്രാം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റോള്‍ ചെയ്യുന്നവര്‍ readme.txt വായിക്കാന്‍ മറക്കരുതേ. ബഗ്ഗുകളും ഫീച്ചര്‍ റിക്വസ്റ്റുകളും ഇവിടെ ഒരു കമന്‍റായി ഇടുകയോ (എന്നാല്‍ ഈ പോസ്റ്റിന് നൂറടിക്കാന്‍ അധികം നേരം വേണ്ടിവരില്ല!) എനിക്ക് അയച്ചു തരികയോ ചെയ്യുമല്ലോ.

ശ്രദ്ധിക്കേണ്ടവ:
1. ഈ പ്രോഗ്രാം ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ വിഷ്വല്‍ സ്റ്റുഡിയോ 2005 റണ്‍റ്റൈം ഇന്‍സ്റ്റോള്‍ ചെയ്യപ്പെടും.
2. ഇത് വിന്‍ഡോസ് ഉപയോക്താക്കള്‍ക്കു മാത്രമേ പ്രയോജനപ്പെടൂ.
3. ഈ പ്രോഗ്രാമില്‍ മൈക്രോസോഫ്റ്റ് ഫോര്‍മാറ്റ് എസ്. ഡി. കെ. ഉപയോഗപ്പെടുത്തിയിട്ടുള്ളതിനാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഫോര്‍മാറ്റ് എസ്. ഡി. കെ. റണ്‍റ്റൈം ആവശ്യമാണ്. വിന്‍ഡോസ് മീഡിയ പ്ലെയര്‍ പത്തോ പതിനൊന്നോ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഈ റണ്‍റ്റൈം ഉണ്ട്.

21 പ്രതികരണങ്ങൾ:

 1. Satheesh :: സതീഷ്

  ട്രൈ ചെയ്യാന്‍ തുടങ്ങുന്നു.. ബാക്കി വന്നിട്ട് പറയാം! എന്തായാലും നല്ല ഉദ്യമം എന്ന് എന്റെ certificate പ്രത്യേകം വേണ്ടല്ലോ, അല്ലേ!

 2. mumsy-മുംസി

  നല്ല ഉദ്യമം.. ഗസലുകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൈറ്റുകളറിയാമോ?

 3. ദില്‍ബാസുരന്‍

  സന്തോഷേട്ടാ,
  കൊട് കൈ! ഇസ്റ്റാള്‍ ചെയ്യുന്നു ഇപ്പോള്‍. ശേഷം കമന്റില്‍... :-)

 4. .::Anil അനില്‍::.

  ഈ സംഭവം ഉപയോഗപ്രദമാവുമെന്നു വിശ്വാസമുണ്ടെങ്കിലും പാവപ്പെട്ട [:)] എന്‍ഡ് യൂസര്‍ടെ പെട്ടീല്‍ ഏതൊക്കെ എഞ്ചിനുകളും മറ്റും മറ്റും കയറുമെന്നതിനെപ്പറ്റി ഒരു കുറിപ്പു കൂടി ആവാമായിരുന്നു. 2005-നു മുമ്പുള്ള ഡെവ്.സെറ്റപ്പ് സീരിയസ് ആയി ഉപയോഗിക്കുന്നവര്‍ക്ക് ഈ സെറ്റപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക വഴി പാര വരുമോ? അതോ ശേഷം ചിന്ത്യം ആണോ?

 5. സുരലോഗം || suralogam

  സ്വതന്ത്രസോഫ്റ്റുവെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് വിവിധ സാധ്യതകള്‍ ഉള്ള ഈസി ടാഗ് ഉപയോഗിച്ചുനോക്കാവുന്നതാണ്. ഇതില്‍ file name-ല്‍ നിന്ന് എങ്ങനെ വേണമെങ്കിലും ടാഗുകള്‍ ഉണ്ടാക്കിയെടുക്കാം.

 6. സന്തോഷ്

  എല്ലാവര്‍ക്കും നന്ദി. അനിലിന്‍റെ നിര്‍ദ്ദേശപ്രകാരം പോസ്റ്റിന്‍റെ അവസാനം ചില ‘മുന്നറിയിപ്പുകള്‍’ കൊടുത്തിട്ടുണ്ട്.

 7. Sandeep Sadanandan

  Hi Santhosh,

  I am working with VISTA. I still havent managed to configure keymap. You had commented in Budhipareeksha about it.

  Can you please help me with this?

  I shall look here for the reply.
  Or you can write to me to
  sandeep [dot] nellayi [at] gmail.com

  nandiyode,
  sandeep.

 8. സന്തോഷ്

  അതിനെന്താ സന്ദീപേ, ഇതുവരെ എന്തെല്ലാം ചെയ്തു, കീമാപ്പ് എവിടുന്ന് ഡൌണ്‍ലോഡ് ചെയ്തു, എന്ത് എറര്‍ ആണ് വരുന്നത് എന്നെല്ലാം ചേര്‍ത്ത് എനിക്കൊരു മെയില്‍ അയയ്ക്കാമോ? santhoshcs അറ്റ് ഹോട്ട്മെയില്‍.

  qw_er_ty

 9. വിശ്വപ്രഭ viswaprabha

  അവസാനം നാം ID3-യിലെ മലയാളത്തെക്കുറിച്ച് ശ്രദ്ധിക്കുവാന്‍ തുടങ്ങി എന്നത് ആശ്വാസം പകരുന്നു.

  കുറേ മുന്‍പുതന്നെ ഏതൊക്കെയോ ടൂളുകള്‍ വെച്ച് ഡാറ്റാബേസുകളില്‍ നിന്നും നേരെ പാട്ടുകളിലേക്ക് ID-3 മലയാളം എംബെഡ്ഡ് ചെയ്യാറുണ്ടായിരുന്നു. പക്ഷേ നാലഞ്ചുമാസമായി ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. സമയം കിട്ടുമ്പോള്‍ ഓര്‍മ്മ വന്നാല്‍ ഇവിടെ എഴുതിയിടാം.

  പല ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ക്കും മീഡിയ ഉപകരണാങ്ങള്‍ക്കും ഇപ്പോഴും യുണികോഡ് ദഹനക്കേടുണ്ടാക്കുന്നുണ്ട്. ഒരിക്കല്‍ മലയാളത്തിലാക്കിയാല്‍ പല പ്രശ്നങ്ങളും കണ്ടുവരുന്നു. എന്നിരുന്നാലും എന്നെങ്കിലും ഇതൊക്കെ ശരിയായേ തീരൂ.

  എന്തൊക്കെയായാലും ഇതും നമ്മുടെ പിച്ചവെയ്ക്കുന്ന ബൂലോഗസ്വപ്നങ്ങളുടെ കിങ്ങിണിയൊച്ചകളല്ലേ?

  ഈ ടൂള്‍ ശരിയായി ചെത്തിയുഴിഞ്ഞു മിനുസപ്പെടുത്തി വരമൊഴി ഡൌണ്‍ലോഡ് റിപ്പോസിറ്ററിയില്‍ ഇട്ടുകൂടേ, സിബൂ, സന്തോഷ്?

 10. പ്രാപ്ര || prapra

  സന്തോഷ്‌, ഇങ്ങനെ tag ചെയ്തവന്മാര്‍ mp3 പ്ലെയറുകളില്‍ എങ്ങനെ കാണാന്‍ പറ്റും എന്നു കൂടി അറിഞ്ഞിട്ടേ ഞാന്‍ ഒരടി മുന്നോട്ട്‌ വയ്ക്കുന്നുള്ളൂ. ഒരു പാട്ട്‌ അയച്ചു തന്നാല്‍ Sandisk Sansa-ല്‍ ഞാന്‍ ഒരു കൈ നോക്കാം.

 11. സന്തോഷ്

  എന്‍റെ കാര്‍ നാവിഗേഷനോടൊപ്പമുള്ള MP3 പ്ലെയറില്‍ കാണുന്നത് ചതുരക്കട്ടകളാണ്. കോബി പാട്ടിന്‍റെ നീളം മാത്രം കാണിച്ചു. ട്രൂലി പാട്ടിന്‍റെ എക്സ്റ്റന്‍ഷനും (.mp3). നീളവും കാണിച്ചു.

  കാശുകൊടുത്ത് നല്ല MP3 പ്ലെയര്‍ വാങ്ങിയിട്ടുള്ള ആരെങ്കിലും പരീക്ഷിച്ചു നോക്കുന്നത് നന്നായിരിക്കും!

  പ്രാപ്രേ, പാട്ട് ഞാന്‍ അയയ്ക്കില്ല. കയ്യിലുള്ള ഒരെണ്ണം മലയാളത്തില്‍ റ്റാഗു ചെയ്തു നോക്കു ഹേ.

  മലയാളം റ്റാഗുകള്‍ കണ്ടാല്‍ വിന്‍ആംപിന് കലികയറുമെന്ന് പെരിങ്ങോടന്‍ പറഞ്ഞതായി ഓര്‍ക്കുന്നു.

  ഒരു കാര്യം കൂടി: 160-ല്‍ പരം റ്റാഗുകളില്‍ 5 എണ്ണം എഴുതാനുള്ള സൌകര്യമാണ് ഈ റ്റൂളിലുള്ളത്. പ്രാധാന്യമുള്ള ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അറിയിക്കുക.

 12. evuraan

  സന്തോഷേ,

  ഇതു വഴി കറങ്ങിത്തിരിഞ്ഞു ക്യു‌ജാഡയിലെത്തി, അവിടെ നിന്നും ഇവിടെയും എത്തി.

  (അവിടുത്തെ പോട്ടം പ്രകാരം ആളു നല്ല സ്മാര്‍ട്ടായിരിക്കുന്നൂട്ടോ..!) :)

  കുറേ നാളായി ചോദിക്കണമെന്നുണ്ടായിരുന്നു ക്യു-ജാഡയെ പറ്റി, ആ സംശയം കുറെയൊക്കെ ഇന്നു മാറിക്കിട്ടി..

 13. prapra

  ഒരു memory leak താങ്ങാന്‍ മാത്രം memory എന്റെ ഈ കമ്പ്യൂട്ടറിന്‌ ഇല്ലാത്തത്‌ കൊണ്ടും, author-ന്റെ പേര്‌ ഞാന്‍ മുഴുവനായി വായിച്ചത്‌ കൊണ്ടും ഇനി ഒരു അറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ പരീക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ല :).

 14. manuannan

  എന്തു പറയാനാ? വളരെ വളരെ നല്ല ഒരു കാര്യം തന്നെ.

  എന്റെ കയ്യിലുള്ള പാട്ടുകള്‍ എല്ലാം നന്നായി റ്റാഗ്‌ ചെയ്തുവെയ്ക്കുന്ന ഒരാളാണു ഞാന്‍. മീഡിയ പ്ലേയറില്‍ വെറുതെ Track 1, Track 2 എന്നു കാണുന്നതു തന്നെ അരോചകമാണ്‌. മറിച്ച്‌ പാട്ടിന്റെ പേരും പാടിയ ആളിന്റെ പേരും ഒക്കെ കാണുമ്പോള്‍ മനസ്സിനു ഒരു കുളിര്‍മ്മ. ഒരു പാട്ടിന്റെ സൃഷ്ടാക്കള്‍ അത്‌ അര്‍ഹിക്കുന്നു എന്നാണ്‌ എന്റെ പക്ഷം. അപ്പോള്‍ ആ പേരുകള്‍ മലയാളത്തില്‍ കാണുമ്പോഴുള്ള ആനന്ദമോ ? അനിര്‍വചനീയം. അതു സാധ്യമാക്കിയ സന്തോഷ്‌ ഏട്ടന്റെ ഉദ്യമത്തിനു ഒരായിരം നന്ദി. (ഒരുപക്ഷേ ഇതുപോലുള്ള മറ്റ്‌ സോഫ്റ്റ്‌വെയറുകള്‍ ഉണ്ടായിരിക്കാം, ഞാന്‍ അതിനെക്കുറിച്ച്‌ അജ്ഞനാണ്‌.)

 15. evuraan

  tag ചെയ്തവന്മാര്‍ mp3 പ്ലെയറുകളില്‍ എങ്ങനെ കാണാന്‍ പറ്റും എന്നു കൂടി അറിഞ്ഞിട്ടേ ഞാന്‍ ഒരടി മുന്നോട്ട്‌ വയ്ക്കുന്നുള്ളൂ. ഒരു പാട്ട്‌ അയച്ചു തന്നാല്‍ Sandisk Sansa-ല്‍ ഞാന്‍ ഒരു കൈ നോക്കാം.


  ഹാ ഹാ ഹാ...

  ഹെലിക്കോപ്റ്ററിലെ എം.പീ3 പ്ലെയറില്‍ ആ ടാഗു വെച്ച പാട്ടൊക്കെ എങ്ങിനെ വരുന്നുവെന്നറിഞ്ഞിട്ടേ ഞാനിതു ഉപയോഗിക്കുന്നുള്ളൂ..


  സന്തോഷേ, ഒരു ഹെലിക്കോപ്ടര്‍ ആദ്യം അയച്ചു തരൂ. (ടോയ് എലിക്കോപ്ടറല്ലാ കേട്ടോ?) അല്ലെങ്കില്‍ ഒരു ലിയര്‍ ജെറ്റായാലും മതി.. :)

  പ്രാപ്രാ --ക്ഷമിക്കൂ, ഗോള്‍ പോസ്റ്റൊരെണ്ണം കണ്ടിട്ടു വിട്ടു കളയുന്നതെങ്ങിനെ? :)

 16. Olympian

  1500 paattinte CDs!!! ee CDkkum paattinum ellam licence ullathano? atharinjittu venam Santhoshine pokkano vendayo ennu theerumanikkan.

  I.G. Singh
  Kerala Anti-Piracy Squad

 17. സന്തോഷ്

  ഒളിമ്പ്യാ, തമാശയാണ് എന്ന് ഉറപ്പില്ലാത്തതിനാല്‍ വിശദീകരിക്കട്ടെ: എന്‍റെ കയ്യിലുള്ള പാട്ടുകള്‍ ഞാന്‍ വാങ്ങിയതു തന്നെയാണ്. MP3 ആയിട്ടല്ല, റെഡ്ബുക്ക് സ്റ്റാന്‍ഡേഡില്‍ തന്നെ. നന്ദി.

 18. Siju | സിജു

  ഡൌണ്‍ലോഡ് ചെയ്തു. ഉപയോഗിച്ചു നോക്കിയിട്ട് അഭിപ്രായം പറയാം.

 19. സന്തോഷ്

  ഓരോ ഫയലുകളായി റ്റാഗു ചെയ്യാനനുവദിക്കുന്ന വേര്‍ഷന്‍ 1.1 ഇവിടെ പോസ്റ്റു ചെയ്തിട്ടുണ്ട്. ഇത് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനു മുമ്പ് പഴയ വേര്‍ഷന്‍ അണിസ്റ്റോള്‍ ചെയ്യണം.

 20. സിബു::cibu

  സന്തോഷേ, ഓരോ പാട്ടും മീഡിയ പ്ലേയറില്‍ പാടുമ്പോള്‍ അതിന്റെ ടൈറ്റില്‍, പാടിയ ആളുടെ പേര് മുതലായവ മലയാളത്തില്‍ ആക്കുകയായിരുന്നു പതിവ്‌. അതില്‍ നിന്നും ഫയല്‍ നേം ശരിയാക്കാന്‍ വല്ല വഴിയുമുണ്ടോ? അങ്ങനെ ചെയ്യുന്നതും ഇതും തമ്മിലെന്താണ് വ്യത്യാസം?

 21. പെരിങ്ങോടന്‍

  സിബു പറഞ്ഞതു പോലെയാണ്‌ ഞാനും ചെയ്യാറ്, പാട്ടു കേള്‍ക്കുമ്പോള്‍ ഐഡീ3 റ്റാഗുകള്‍ മലയാളത്തില്‍ ആക്കുകയാണ്‌ പതിവ്. ഫയല്‍ നെയിം മലയാളത്തിലാക്കുവാന്‍ ശ്രമിക്കുന്നില്ല, കാര്‍ത്തിക വളരെ കൊച്ചാണ്‌. ലിനക്സ്/ഗ്നോമിലാണെങ്കില്‍ ഫയല്‍ നെയിമും മലയാളത്തിലാക്കും. റ്റാഗുകളില്‍ നിന്ന് ഫയല്‍ നെയിം ഉണ്ടാക്കാവുന്ന വിദ്യയും സന്തോഷിന്‌ ആലോചിക്കാവുന്നതാണ്‌, വരമൊഴി രീതിയില്‍ എഴുതിയിരിക്കുന്ന പേരുകളെ മലയാളീകരിക്കുന്നതും ;)