ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, August 09, 2024

യാത്രയ്ക്കും മുമ്പേ

ഈയിടെ ഇൻഡ്യ സന്ദർശിച്ച ചില പ്രമുഖർ കല്പിതകഥാസാഹിത്യശാഖയിൽ കൈവയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആ കൃതികളിൽ പ്രചോദിതനായി, ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാത്ത രണ്ടു കഥാസന്ദർഭങ്ങൾ ഈയുള്ളവനും അവതരിപ്പിക്കുകയാണ്. അനുഗ്രഹിച്ചാലും.

* * *

സിംഗപ്പൂരിലേയ്ക്ക് പോകാൻ സ്കൂട്ട് എയർലൈൻസിന്റെ ചെക്കിൻ കൌണ്ടറിൽ ഞാൻ എത്തി. കൌണ്ടറിൽ നിൽക്കുന്ന പെൺകുട്ടി എന്റെ മുഖത്തേയ്ക്ക് അദ്ഭുതം കലർന്ന പുഞ്ചിരിയോടെ നോക്കിയിട്ട്, പകുതി ആത്മഗതമെന്നോണം പറയുന്നു:

"ഫേയ്‌സ്‌ബുക്കിൽ..."

പലപ്പോഴും നേരിട്ട് കാണുന്നവരുടെ പോലും പേര് മറന്നുപോകുന്ന ഞാൻ പെൺകുട്ടിയുടെ പേര് ഓർക്കാൻ ശ്രമിക്കാതെ, "ഫ്രണ്ട്" ആയിരിക്കും എന്ന ധാരണയിൽ "അതേ" എന്ന് തലയാട്ടി.

"സർ, ഇന്ദുവദനയാണോ, അതോ?" അവൾ ചോദിച്ചു.

എനിക്ക് അഭിമാനം തോന്നി. വൃത്തം എന്നൊക്കെക്കേട്ടാൽ ഓടിയൊളിക്കുന്ന ഇന്നത്തെ യുവജനങ്ങൾക്കിടയിൽ ഇവൾ ഒരു വേറിട്ട സ്വരം തന്നെ! ഇന്ദുവദന എന്ന വൃത്തം ഉള്ള കാര്യം പോലും പലർക്കും അറിയില്ല, അപ്പോഴാണ്.

"അല്ല, ഇന്ദുവദനയിലല്ല, ഞാൻ സാധാരണ ഇന്ദ്രവജ്ര, സമ്മത, ചമ്പകമാല എന്നിവയിലൊക്കെയാണ് ശ്ലോകങ്ങൾ എഴുതാറ്."

"സർ ഒന്ന് സൈഡിലേയ്ക്ക് നിൽക്കാമോ? ഞാൻ ഈ മാഡത്തിനെ ചെക്കിൻ ചെയ്തിട്ട് വിളിക്കാം."

എന്നിട്ട് എന്റെ പിറകിൽ നിന്ന സ്ത്രീയെ നോക്കി: "ഇന്ദുവദന, അല്ലേ?"

* * *

'ബുക്കും പേപ്പറും' ഇമിഗ്രേഷൻ ഓഫീസറെ ഏൽപ്പിച്ചിട്ട് ആകാംക്ഷയോടെ ഓഫീസറുടെ മുഖത്തു നോക്കി നിൽക്കുകയാണ് ഞാൻ. എന്റെ പാസ്പോർട്ടിലേയ്ക്കും മുഖത്തേക്കും നോക്കിയിട്ട് അദ്ദേഹം പറയുന്നു:

"നല്ല മുഖപരിചയം. പേരിനും പരിചയം തോന്നുന്നു."

സാധാരണഗതിയിൽ വലിയ ഗൌരവക്കാരാണ് എനിക്കു കിട്ടുന്ന ഇമിഗ്രേഷൻ ഓഫീസർമാർ എല്ലാം. പതിവില്ലാതെ ഓഫീസർ തന്റെ മാനുഷികവശം കാണിച്ചപ്പോൾ സ്കൂട്ട് കൌണ്ടറിൽ നേരിട്ട ഇന്ദുവദനപ്രശ്നം മറന്ന്, രൂപത്തിൽ നിന്നും അദ്ദേഹത്തിന്റെ പ്രായം അനുമാനിച്ച്, ഞാൻ പറഞ്ഞു:

"ബ്ലോഗ് കാലത്തുനിന്നായിരിക്കും. ശേഷം..."

"ശേഷം പറയേണ്ട. ഓർമ്മവന്നു."

"വായിക്കാറുണ്ടായിരുന്നോ?" എന്ന ചോദ്യം മനസ്സിലുദിച്ച് വായിൽക്കൂടി പുറത്തുവരുംമുമ്പ് അദ്ദേഹം തുടർന്നു:

"കഴിഞ്ഞയാഴ്ച ഇവിടെക്കിടന്ന് ബഹളമുണ്ടാക്കിയവന്റെ പേരും ഇതായിരുന്നു."

Labels: ,

Thursday, December 25, 2008

വിക്കിപ്പീഡിയയുടെ ആധികാരികത

മലയാളം വിക്കിപ്പീഡിയയില്‍ റബറിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്താതിരിക്കുന്നതെന്തുകൊണ്ടു് എന്നു വിവരിക്കുന്ന പോസ്റ്റിനു കമന്‍റായി ഞാന്‍ എന്ന ബ്ലോഗര്‍ ഇങ്ങനെ പറയുന്നു:

വിക്കിപ്പീഡിയയിലെ ആര്‍ട്ടിക്കിളുകള്‍ ഒരു കാരണവ[ശാ]ലും തൊടരുത് എന്നാണ് എന്റെ അടുത്ത് ഗൈഡ് പറഞ്ഞിട്ടുള്ളത് (പൊതുവെ അദ്ധ്യാപകര്‍ അതിന് അനുകൂലമായി പറയുന്നത് ഞാന്‍ കണ്ടിട്ടില്ല). വിക്കിപ്പീഡിയയുടെ വിലയിടിച്ചു കാണിക്കുകയല്ല ഞാന്‍. പിഎച്ച്‌ഡി മുതലായ ഗവേഷണ സംബന്ധിയായ കാര്യങ്ങള്‍ക്ക് വിക്കി കണ്ടന്റ് സാധാരണ ഗതിയില്‍ ആള്‍ക്കാര്‍ ഉപയോഗിക്കാറില്ല.
എത്ര സത്യം! ഇതു് പല യൂണിവേഴ്സിറ്റികളുടേയും പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ നയമാണിതു്. എന്തുമേതും തന്നിഷ്ടം പോലെ എഴുതിപ്പിടിപ്പിക്കാമെന്നു് ആള്‍ക്കാര്‍ ധരിച്ചു വച്ചിരിക്കുന്ന വിക്കിപ്പീഡിയയാണോ, അതോ റെഫറന്‍സിനു് അവസാനവാക്കെന്നു് കരുതപ്പെടുന്ന എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്കയാണോ കൂടുതല്‍ കൃത്യമായതു് എന്ന വിഷയത്തില്‍ നേച്ചര്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍, കൃത്യതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഈ രണ്ടു് എന്‍സൈക്ലോപീഡിയകളും ഒരുപോലെയാണെന്നു് കണ്ടെത്തുകയുണ്ടായെന്നു് മുമ്പൊരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. പലപ്പോഴും ‘വിക്കിപ്പീഡിയയ്ക്കെന്താണു് കുഴപ്പം?’ എന്നു ചോദിക്കാന്‍ തോന്നുമെങ്കിലും മുകളില്‍ സൂചിപ്പിച്ച പോസ്റ്റു് ‘എന്താണു കുഴപ്പം’ എന്ന ചോദ്യത്തിനു് തൃപ്തികരമാം വിധം ഉത്തരം നല്‍കുന്നതാണു്. മലയാളം വിക്കിപ്രവര്‍ത്തകരെപ്പോലെ ഗുണനിയന്ത്രണ നിഷ്കര്‍ഷ മറ്റുഭാഷാ വിക്കികളുടെ പരിപാലകര്‍‍ പാലിക്കും എന്നതിനു് യാതൊരുറപ്പുമില്ല. (മലയാളം വിക്കി കുറ്റമറ്റതാണെന്നോ അല്ലെന്നോ പറയാന്‍ പരിചയക്കുറവു മൂലം എനിക്കാവുന്നില്ല. ഞാന്‍ വായിച്ചിട്ടുള്ള മിക്ക മലയാളം വിക്കി ലേഖനങ്ങളും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണു്.)

അക്കാദമിക് പേപ്പറുകളില്‍ വിക്കിപ്പീഡിയ ലേഖനങ്ങള്‍ ഉദ്ധരിക്കുന്നതു് യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്കു് വിരുദ്ധമാണെങ്കിലും കൃത്യമായ റെഫറന്‍സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന വിക്കിപ്പീഡിയ ലേഖനങ്ങളിലെ ആശയങ്ങള്‍ അക്കാദമിക് പേപ്പറുകളില്‍ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടു്.

ഒരു ഉദാഹരണം പറയാം. അക്കൌണ്ടിംഗ് വിഷയത്തിന്‍റെ ആമുഖമായി ബാലന്‍സ് ഷീറ്റ്, ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റ്, ക്യാഷ്ഫ്ലോ സ്റ്റേയ്റ്റ്മെന്‍റ്, തുടങ്ങിയ എന്താണു് എന്നു് വിശദീകരിക്കുന്ന ഒരു പേപ്പര്‍ എഴുതേണ്ടിവന്നു. ഇന്‍കം സ്റ്റേയ്റ്റ്മെന്‍റ് എന്നു് വിക്കിയില്‍ തിരഞ്ഞാല്‍ ഈ പേയ്ജ് ആണു് നമുക്കു് ലഭിക്കുക. പേപ്പറില്‍ ഉപയോഗിക്കാന്‍ പറ്റിയ വാചകമാണിതു്:
The Income statement must indicate how revenue is transformed into net income. The purpose of the income statement is to show managers and investors whether the company made or lost money during the period being reported.
എന്നാല്‍ ഇതു് വിക്കിപ്പീഡിയയില്‍ നിന്നും എടുത്തതാണെന്നു് പറഞ്ഞു് പേപ്പറില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ ലേഖനത്തിന്‍റെ റെഫറന്‍സ് സെക്ഷനില്‍,
Harry I. Wolk, James L. Dodd, Michael G. Tearney. Accounting Theory: Conceptual Issues in a Political and Economic Environment (2004). ISBN 0324186231.
എന്ന പുസ്തകത്തെ പരാമര്‍ശിച്ചിരിക്കുന്നതു് ശ്രദ്ധിക്കുക. അധികം തിരക്കില്ലാത്ത വിദ്യാര്‍ത്ഥിയാണെങ്കില്‍ ഈ പുസ്തകം വായിച്ചു നോക്കാം. അല്ലെങ്കിലോ, ഈ പുസ്തകത്തിന്‍റെ ISBN നമ്പര്‍ 0324186231 ഉപയോഗിച്ചു് ആമസോണില്‍ സേര്‍ചു ചെയ്യുക. നമുക്കു് ഈ ലിങ്ക് ലഭിക്കും. ഇനി, ആമസോണിന്‍റെ Look Inside ഫീച്ചര്‍ ഉപയോഗിച്ചു് പുസ്തകത്തിന്‍റെ റ്റേയ്ബിള്‍ ഓഫ് കണ്ടന്‍റ്സില്‍ നിന്നും ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റ് എന്ന ചാപ്റ്റര്‍ പേയ്ജ് 381-ല്‍ ആണു് ആരംഭിക്കുന്നതു് എന്നു് മനസ്സിലാക്കാം. മുകളില്‍ സൂചിപ്പിച്ച വാചകം
ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റിന്‍റെ നിര്‍വ്വചനത്തിന്‍റെ കൂട്ടത്തില്‍ വരുന്നതാകയാല്‍, അതു് മിക്കവാറും പേയ്ജ് 382-ല്‍ ആണെന്നു് ഏകദേശം കൃത്യമായിത്തന്നെ ഊഹിക്കാം! ഇത്രയുമായാല്‍, വിക്കിപ്പീഡിയയില്‍ നിന്നും നിങ്ങള്‍ അടിച്ചുമാറ്റിയ വാചകം Wolk, Dodd, Tearney എന്നിവരുടെ Accounting Theory: Conceptual Issues in a Political and Economic Environment (2004) എന്ന പുസ്തകത്തിലെ മുന്നൂറ്റി എണ്‍പത്തിരണ്ടാം പേയ്ജിലാണെന്നു് നിങ്ങള്‍ക്കു് ഏതു പേപ്പറിലും വച്ചു കാച്ചാവുന്നതേയുള്ളൂ.

യൂണിവേഴ്സിറ്റി/അക്കാദമിക് ചട്ടങ്ങള്‍ ലംഘിക്കാതെ വിക്കിപ്പീഡിയ റെഫറന്‍സായി ഉപയോഗിക്കണമെങ്കില്‍, പക്ഷേ, ലേഖനങ്ങള്‍ വിശ്വസ്തവും ആധികാരികവുമായ റെഫറന്‍സ് നല്‍കി തയ്യാറാക്കിയതാവണം. മൈക്രോസോഫ്റ്റും മനോരമയും ചേര്‍ന്നു് മലയാളം വിക്കി ഹൈജാക് ചെയ്യുന്നു എന്നു പറയുന്നവരുണ്ടെങ്കില്‍, അവര്‍ മനസ്സിലാക്കാന്‍ കൂട്ടാക്കാത്തതും ഇതുതന്നെ.

താന്‍ സ്വന്തമായ റിസേര്‍ചിലൂടെ കണ്ടെത്തിയ വസ്തുതകള്‍ക്കു് ആധികാരികത വരുത്താന്‍ എന്താണു വഴി? Peer review സം‌വിധാനം നിലവിലുള്ള ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുകയാണു് ഏറ്റവും എളുപ്പ വഴി. റബര്‍ സംബന്ധിയായ പുതിയ അറിവുകളും സ്ഥിതിവിവരക്കണക്കുകളും പ്രസിദ്ധപ്പെടുത്താന്‍ ഇന്ത്യ റബര്‍ ജേണല്‍, The India Market Journal, യൂറോപ്യന്‍ റബര്‍ ജേണല്‍ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണു്. തന്‍റെ കണ്ടുപിടുത്തങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഉപയോഗപ്രദമായി വരണമെന്നുണ്ടെങ്കില്‍ ചന്ദ്രശേഖരന്‍ നായര്‍ ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ക്കു പിറകേ വച്ചുപിടിക്കാതെ ഈവഴി വല്ലതും സ്വീകരിക്കുകയാവും ഉത്തമം.

Labels: , ,

Sunday, July 27, 2008

പൊട്ടി പുറത്തു്

(സ്ഥിരം വായനക്കാര്‍ക്കു് ഒരു പക്ഷേ നിഷ്പ്രയോജനമായേക്കാവുന്ന പോസ്റ്റാണിതു്.)

ഓരോ വര്‍ഷവും അതാതു വര്‍ഷത്തെ പോസ്റ്റുകളിലൂടെ കണ്ണോടിച്ചു് അറ്റകുറ്റപ്പണികളെല്ലാം ഒറ്റപ്പോസ്റ്റില്‍ ഒതുക്കാനുള്ള ശ്രമമാണിതു്. ഇനി മുതല്‍ എല്ലാ കര്‍ക്കടക മാസവും ഇത്തരം വൃത്തിയാക്കലുകള്‍ പ്രതീക്ഷിക്കാം. ഈ സം‍രംഭത്തിന്‍റെ ആദ്യപടിയായി ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ പോസ്റ്റുകളിലേയും ലിങ്കുകളാണു് ഇവിടെ പരിശോധനാവിധേയമാക്കിയതു്. പ്രശ്നമുള്ള ലിങ്കുകള്‍ മാത്രമേ താഴെപ്പറയുന്നുള്ളൂ.
  1. എനിക്കു് ഇന്നും പ്രിയപ്പെട്ട എന്‍റെ പോസ്റ്റുകളിലൊന്നു്, മഴയുടെ സൌന്ദര്യം ആണു്. മലയാളം എഴുതാന്‍ പഠിച്ച കാലത്തു് ബുദ്ധിമുട്ടി സൗന്ദര്യം എന്നെഴുതിപ്പിടിപ്പിച്ചതോര്‍മ്മയുണ്ടു്. ഇന്ദുലേഖയിലെ ആഹാ...മഴ എന്ന ലിങ്ക് ഇപ്പോഴില്ല. ഇന്ദുലേഖ സൈറ്റില്‍ എവിടെയെങ്കിലും ഉണ്ടോ എന്നറിയാനും നിവൃത്തിയില്ല, മഴരാഗം എന്ന ഈ പേയ്ജ് പ്രതീക്ഷ തരുന്നുണ്ടെങ്കിലും.

  2. അടയാളമൂര്‍ത്തി പറഞ്ഞുതന്നത് എന്ന ലേഖനം IIT-പ്പയ്യന്മാര്‍ ഉണ്ടാക്കിയ ‘പരിത്രാണ’ എന്ന പാര്‍ട്ടിയെ പരിചയപ്പെടുത്തി. അവര്‍ ഇപ്പോള്‍ ‘ലോക് പരിത്രാണ്‍’ എന്നാണു് അറിയപ്പെടുന്നതു്. പോസ്റ്റില്‍ ലിങ്കു ചെയ്തിരിക്കുന്ന ഇകണോമിക് റ്റൈംസിലെ വാര്‍ത്ത ഇപ്പോള്‍ കാണാനില്ല. റ്റൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത ഇവിടെ.

  3. അതിവേഗം ബഹുദൂരം എന്ന പോസ്റ്റിലെ India Rising എന്ന ലേഖനത്തിന്‍റെ പുതിയ ലിങ്ക് ഇതാണു്.

  4. ലൂസ് ചേയ്ഞ്ച് എന്ന ലേഖനത്തിലെ വിഡിയോ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല. ഇതാണു് പുതിയ ലിങ്ക്.

  5. വിരാജിനൊപ്പം, തളരാതെ എന്ന ലേഖനത്തില്‍ പറഞ്ഞിരുന്ന വിരാജിനെ ഓര്‍ക്കുന്നുവോ? ആ ലേഖനത്തിലെ ഈ ലിങ്കില്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നുമില്ല. വിരാജ് എന്ന കൊച്ചുമിടുക്കന്‍ സുഖമായിരിക്കുന്നു എന്നറിയിക്കാന്‍ സന്തോഷമുണ്ടു്.

  6. മിറവേള്‍ഡ് റ്റിവി എന്ന പോസ്റ്റില്‍ വിവരിക്കുന്ന ആപ്ലികേയ്ഷന്‍ ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റില്ല. ഈ ലിങ്കു പ്രകാരം അവര്‍ ചില കോപിറൈറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കുകയാണു്.

  7. പഴയലിപി എന്‍റെ പുതിയ ലിപി എന്ന പ്രതിഷേധപ്പോസ്റ്റില്‍ നിന്നും ലിങ്കു ചെയ്തിരുന്ന കെ. സന്തോഷ് കുമാറിന്‍റെ വകയായി saturdaydigest.com എന്ന സൈറ്റില്‍ വന്ന ലേഖനം ഇപ്പോള്‍ കാണാനില്ല. ആ ലേഖനത്തിന്‍റെ കോപ്പി കൈപ്പള്ളി ഇവിടെ സൂക്ഷിച്ചിട്ടുണ്ടു്.

  8. ഫൊക്കാന പിളര്‍ന്നു് ഫോമ ഉണ്ടായതോടെ ചിലരുടെ അധികാരക്കൊതി മാത്രമല്ല അവസാനിച്ചതു്; ഫൊക്കാന വീണ്ടും എന്ന ലേഖനത്തില്‍ നിന്നും ഫൊക്കാനയുടെ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്ന ലിങ്കു നല്‍കിയിരുന്നതും പ്രവര്‍ത്തിക്കാതായി. പുതിയ ഭാരവാഹികളെക്കണ്ടു് സായൂജ്യമടയാന്‍ ഇനിമേല്‍ ഈ ലിങ്കാണു് ഉപയോഗിക്കേണ്ടതു്. ഫൊക്കാനയുടെ ഫ്ലോറിഡ കണ്‍‍വെന്‍ഷനെപ്പറ്റിയറിയാന്‍ ഇപ്പോള്‍ ചരിത്രപേയ്ജ് നിലവിലില്ല. പങ്കെടുത്ത ആരോടെങ്കിലും ചോദിക്കുകയേ നിവൃത്തിയുള്ളൂ.

ബോണസ് ലിങ്കുകള്‍
  1. ഗൂഢവാക്കുകളായി മലയാളം വാക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടു നാളേറെയായി. ഗൂഢവാക്കുകള്‍ക്കിടയില്‍ ഇടം (space) അനുവദനീയമാണെന്നു് എത്രപേര്‍ക്കറിയാം? അതായതു്, MS-NET 1.0 റിലീസായ 1984 മുതല്‍ ‘ഗൂഢവാചകങ്ങള്‍’ അനുവദനീയമാണു്.

  2. ആരായിത്തീരണം എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഈ പേരിലൊരു പുസ്തകം പോലുമുണ്ടു്. ജീവിതം കുറേക്കൂടി അയത്നലളിതമായിരുന്നെങ്കില്‍...

Labels: ,

Monday, June 23, 2008

മലയാളമെഴുതാന്‍ കീമാന്‍ വെബും

റ്റെക്നികല്‍ കാര്യങ്ങള്‍ എന്തെങ്കിലും ഒരു വരി എഴുതിപ്പോയാല്‍ ഇരുപതു ശതമാനം വായനക്കാരെ (അതായതു് ഒരാള്‍!) നഷ്ടമാവുമെന്നു കൂട്ടിയാല്‍ മതി എന്നു നല്ലപാതി നിര്‍ദ്ദേശിച്ചതനുസരിച്ചാണു് ഈയിടെയായി ഞാന്‍ ആ ദിശയിലേയ്ക്കു തിരിയാത്തതു്. ഉമേഷ് എഴുതിയ കമന്‍റിടാന്‍ ഒരു പുതിയ വഴി എന്ന ലേഖനം വായിച്ചപ്പോള്‍ കമന്‍റായി പറഞ്ഞതിനു പുറമേ, ഇത്രയും കൂടി പറഞ്ഞുവയ്ക്കണമെന്നു തോന്നി.

റ്റ്രാന്‍സ്‍ലിറ്ററേഷന്‍ കീബോഡുകള്‍ക്കു് ഇന്നിക്കാണുന്ന ‘ജനപ്രീതി’ കിട്ടാനുള്ള ഒരു കാരണം റ്റവള്‍റ്റുസോഫ്റ്റ് എന്ന കമ്പനിയുടെ കീമാന്‍ എന്ന ഉല്പന്നമാണു്. ഈ അടുത്തകാലത്തു് വെബ്-മാത്രമായ ഒരു കീമാന്‍ വേര്‍ഷന്‍ റ്റവള്‍റ്റുസോഫ്റ്റ് ലഭ്യമാക്കുകയുണ്ടായി. മലയാളമുള്‍പ്പടെ നാനൂറോളം ഭാഷകള്‍ ഇങ്ങനെ വെബ് ഇന്‍റര്‍ഫേയ്സിലൂടെ ഇപ്പോള്‍ കീമാന്‍ വെബ് എന്ന പേരില്‍ ലഭ്യമാണു്.

കീമാന്‍ വെബിന്‍റെ ബീറ്റ ആര്‍ക്കും സൌജന്യമായി ഉപയോഗിക്കാവുന്ന തരത്തില്‍ ഇവിടെ ലഭിക്കും. നിങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ഒരു മലയാളം കീബോഡ് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടതു് ഇത്രമാത്രം:

  1. ആദ്യമായി ഇവിടെ ചെന്നു് പേരും നാളുമൊക്കെ കൊടുത്തു് ഒരു പുതിയ അകൌണ്ട് തുടങ്ങുക.
  2. അതുകഴിഞ്ഞു്, നിങ്ങളുടെ ഈ-മെയിലിലേയ്ക്കു വരുന്ന ഓഥറൈസേയ്ഷന്‍ കോഡ് ഉപയോഗിച്ചു് നിങ്ങളുടെ സൈറ്റിനുവേണ്ടി കീബോഡ് സംസ്ഥാപിക്കുക.
  3. മലയാളത്തില്‍ മൂന്നുതരം കീബോഡുകള്‍ കീമാന്‍ വെബില്‍ ഉണ്ടു് (Mozhi, Inscript, ISIS). നിങ്ങള്‍ക്കനുയോജ്യമായതു തെരഞ്ഞെടുക്കുക.
  4. കീബോഡിന്‍റെ പ്രദര്‍ശനം തുടങ്ങിയ മറ്റു സെറ്റിംഗുകള്‍ തീരുമാനിക്കുക.
  5. കീമാന്‍ വെബ് തരുന്ന HTML കോഡ്/ജാവാസ്ക്രിപ്റ്റ് കോപി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ കൂട്ടിച്ചേര്‍ക്കുക.
  6. ഇത്രയുമായാല്‍ പിന്നെ നിങ്ങളുടെ ബ്ലോഗിലുള്ള റ്റെക്സ്റ്റ് ഏരിയയ്ക്കടുത്തു് കീമാന്‍ ബട്ടണ്‍ പ്രത്യക്ഷപ്പെടുകയായി.
  7. ഇനി തീരുമാനിക്കേണ്ടതു് ഇത് ഫലപ്രദമായി എങ്ങനെ ബ്ലോഗ്സ്പോട്ട് ബ്ലോഗുകളില്‍ ഉപയോഗിക്കാം എന്നതാണു്. കമന്‍റുകള്‍ ബ്ലോഗര്‍ എന്ന ഡൊമൈന്‍ വഴിയാണു് സ്വീകരിക്കുന്നതെന്നതിനാലും, സാധാരണ ബ്ലോഗ്പോസ്റ്റുകളില്‍ റ്റെക്സ്റ്റ് ഏരിയ (textarea) ഉണ്ടാവില്ല എന്നതിനാലും ഈ സം‌യോജനം ശ്രമകരമാണു്. രണ്ടുവഴികള്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു:
    • ഒരു പോസ്റ്റില്‍, കമന്‍റെഴുതാന്‍ തക്ക വലിപ്പത്തില്‍ ഒരു റ്റെക്സ്റ്റ് ഏരിയ ഉണ്ടാക്കി (താഴെക്കാണുന്ന വിധം), ആ പോസ്റ്റ് കമന്‍റെഴുതാനുള്ളവര്‍ക്കു് എളുപ്പം കാണത്തക്ക വിധം ബ്ലോഗില്‍ സ്ഥിരം ലിങ്കായി സ്ഥാപിക്കുക.
    • കമന്‍റെഴുതാന്‍ തക്ക വലിപ്പത്തില്‍ ഒരു റ്റെക്സ്റ്റ് ഏരിയ ഒരു പുതിയ പേയ്ജ് എലമെന്‍റായി ബ്ലോഗില്‍ ചേര്‍ക്കുക. ഇതായിരിക്കും കമന്‍റെഴുത്തുകാര്‍ക്കു് കൂടുതല്‍ സൌകര്യപ്രദമായ മാര്‍ഗ്ഗം.
  8. പിന്നെ, ഇതുപോലുള്ള മുട്ടുപോക്കു ന്യായങ്ങള്‍ക്കു് ഇടമില്ലാതാവും!
കീമാന്‍ വെബ് ഉപയോഗിക്കുന്ന ഉദാഹരണം (താഴെക്കാണുന്ന റ്റെക്സ്റ്റ് ഏരിയയില്‍ ക്ലിക് ചെയ്യുമ്പോള്‍ അതിന്‍റെ വലതുവശത്തു് കീമാന്‍ വെബ് ബട്ടണുകള്‍ തെളിയുന്നതു് ശ്രദ്ധിക്കുക:



റ്റെക്സ്റ്റ് ഏരിയയില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന കീമാന്‍ വെബ് ബട്ടണുകളില്‍ കീബോഡ് ബട്ടണ്‍ ക്ലിക് ചെയ്യുക. അപ്പോള്‍ ഇത്തരം ഒരു കീബോഡ് പ്രത്യക്ഷമാവും. (ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു് മൈക്രോസോഫ്റ്റിന്‍റെ മലയാളം കീബോഡ് ഉപയോഗിക്കുന്നവര്‍ക്കു പരിചിതമായ Inscript കീബോഡാണു്. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം റ്റവള്‍റ്റുസോഫ്റ്റ് മൊഴി കീബോഡുകൂടി ചേര്‍ത്തിട്ടുണ്ടു്.)



ബാക്കിയുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ ഷിഫ്റ്റ് ക്ലിക് ചെയ്താല്‍ മതി.



(സ്പഷ്ടമാക്കല്‍: റ്റവള്‍റ്റുസോഫ്റ്റിന്‍റെ ഒരു എക്സിക്യൂട്ടീവുമായി സംസാരിക്കാനും അദ്ദേഹം നല്‍കിയ ഡെമോ കാണാനും എനിക്കു് അവസരമുണ്ടായിട്ടുണ്ടു്. അതല്ലാതെ റ്റവള്‍റ്റുസോഫ്റ്റുമായി മറ്റു ബിസിനസ് ബന്ധമോ കീമാന്‍ വെബിനോടു് പ്രത്യേകാഭിമുഖ്യമോ എനിക്കില്ല.)

ജൂണ്‍ 25: ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം റ്റവള്‍റ്റുസോഫ്റ്റിന്‍റെ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അവസരമുണ്ടായി. അവര്‍ മലയാളത്തിനു വേണ്ടി മൊഴി കീബോഡു കൂടി ലഭ്യമാക്കിയിട്ടുണ്ടു്. ഈ പോസ്റ്റിലെ റ്റെക്സ്റ്റ് ഏരിയ ഇപ്പോള്‍ മൊഴി കീബോഡാണു് ഉപയോഗിക്കുന്നതു്.

Labels: , ,

Tuesday, June 03, 2008

Protest against Copyright Violation, Abuse, Threat, and Cyber Stalking by Kerals.com

To steal copyrighted blog articles and photos and making a quick buck out of it is cheeky at best, but unlawful to begin with. Then to pretend that you have all the right to steal when get caught red-handed is plain dumb. To abuse, threaten, and stalk those who complained is telling the world that you are f***ing retarded.

The pathetic minds at work at kerals.com have demonstrated all these unenviable qualities, least desired in any professional setup, in less than a week's time.

I protest against kerals.com’s illegal and criminal activities against Malayalam bloggers and demand that they unconditionally apologize to the bloggers affected by their disgusting misconduct and provide proper compensation where applicable to avoid copyright violations.

നാലാംകിട സിനിമകളില്‍ക്കാണുന്ന രീതിയിലുള്ള ഭീഷണിയും കുനഷ്ടു തന്ത്രങ്ങളുമായി കേരള്‍സ്.കോം എന്ന പുതിയ അവതാരം മലയാളം ബ്ലോഗുകളുടെ ചോരകുടിക്കാനിറങ്ങിയിരിക്കുന്നു. സംസ്കാരവും മര്യാദയും ലവലേശമില്ലെന്നു ആരോടെങ്കിലും പറയാന്‍ മുട്ടിയിരിക്കുന്ന പോലെയുള്ള ഇടപെടലുകള്‍. നിയമവാഴ്ചയ്ക്കു പുല്ലുവില കല്പിക്കുന്ന ജല്പനങ്ങള്‍. കട്ടെടുത്തതു മാറ്റണമെന്നു പറയുമ്പോള്‍ തെറിയഭിഷേകവും ദേഹോപദ്രവഭീഷണിയും. കീരിക്കാടന്‍ ജോസും കൂട്ടരും ചേര്‍ന്നു് ഒരു വെബ് സൈറ്റു നടത്തിയാലെങ്ങനെയിരിക്കും? അതിലും പരിതാപകരം.

കേരള്‍സ്.കോമിന്‍റെ നിയമവിരുദ്ധവും കുറ്റകരവുമായ ചെയ്തികളെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പീഡനത്തിനു വിധേയരായ ബ്ലോഗര്‍മാരോടു് നിരുപാധികം മാപ്പുപറയാനും തങ്ങള്‍ ഉപയോഗിച്ച ബ്ലോഗു പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കും ഉടമസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം ന്യായമായ പ്രതിഫലം നല്‍കാനും കേരള്‍സ്.കോം തയ്യാറാവണം.

Labels: ,

Thursday, May 22, 2008

കൊല്ലങ്കോട്ടമ്മ

(സ്ത്രീ എഴുത്തുകാരെ ആഘോഷിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടി എഴുതിയതു്.)

പത്തുപേരുള്ള എന്‍റെ റ്റീമില്‍ മാനേയ്ജരുള്‍പ്പെടെ എട്ടുപേരും പെണ്ണുങ്ങളാണു്. റഷ്യക്കാരന്‍ ഇവാനും ഞാനുമാണു് ആണായ്പ്പിറന്നവര്‍. രണ്ടുപെണ്ണുങ്ങള്‍ ഒത്തുചേര്‍ന്നാലുള്ള അവസ്ഥാവിശേഷത്തെപ്പറ്റി കവികള്‍ പലരും തങ്ങള്‍ക്കാവും വിധം പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളതു വായിച്ച അനുഭവം വച്ചു് എട്ടു പെണ്ണുങ്ങള്‍ റ്റീം മീറ്റിങ്ങില്‍ ഒത്തു ചേരുന്നതിനെപ്പറ്റി നിങ്ങള്‍ക്കു് വല്ലതും ആലോചിച്ചു കൂട്ടാന്‍ കഴിയുന്നുണ്ടോ?

അങ്ങനെയൊരു ദുരന്തം ആലോചിക്കാനാവുന്നില്ലെങ്കില്‍ വെറുതേ വിഷമിക്കേണ്ട. ‘രണ്ടു്’, ‘നാലു്’ എന്നീ സംഖ്യകളുള്‍പ്പെടുന്നതും ‘ചേരും’, ‘ചേരില്ല’ എന്നീ ക്രിയാരൂപങ്ങളടങ്ങുന്നതുമായ ഒരു ചൊല്ലു് മലയാളക്കരയിലെന്നപോലെ റഷ്യയിലും നിലവിലുണ്ടു് എന്നു തിരിച്ചറിഞ്ഞ ഇവാനും ഞാനും റ്റീം മീറ്റിംഗുകള്‍ ഹൈജാക് ചെയ്തു് രക്ഷപ്പെട്ടു പോരുകയാണു് പതിവു്.

എന്നാലും സൂര്യനു കീഴിലുള്ള സകലമാന സംഗതികളേയും കുറിച്ചു് ഈ-മെയിലയച്ചു രസിക്കുക എന്നതു് ഈ തരുണീമണികളുടെ വിനോദമാണു്. അതു വായിക്കുകയും അവയ്ക്കു അപ്പപ്പോള്‍ മറുപടി പറയുകയും ചെയ്തില്ലെങ്കില്‍ ഇതേ കാര്യങ്ങള്‍ റ്റീം മീറ്റിംഗില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന ഭയത്താല്‍ ഇവാനും ഞാനും ഞങ്ങളാല്‍ കഴിയുന്ന വിധം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ അറിവു സമ്പാദിക്കാറാണു് പതിവു്.

ചുരുക്കത്തില്‍, പെണ്ണെഴുത്തു വായിക്കുന്നതു് എന്‍റെ ദിനചര്യയിലെ പ്രധാന ഇനമാണെന്നു സാരം. ആ ധൈര്യത്തിലാണു് പെണ്ണെഴുതുന്ന പെണ്ണെഴുത്തു് മഹാമഹം ആഘോഷിക്കാന്‍ കൂടിയാലോ എന്നു മോഹമുദിച്ചതു്.

പിന്നെ ഒട്ടുമാലോചിച്ചില്ല. കയ്യിലുള്ള പുസ്തകങ്ങളില്‍ സ്ത്രീകള്‍ എഴുതിയവ കണ്ടുപിടിക്കലായി ആദ്യപടി. ഇപ്പോള്‍ എന്‍റെ കൈവശമുള്ള നൂറ്റിയാറു് മലയാള പുസ്തകങ്ങളില്‍ വെറും അഞ്ചെണ്ണം മാത്രമേ സ്ത്രീരചനകളായുള്ളൂ എന്നതു് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. ആ പുസ്തകങ്ങള്‍ ഇവയാണു്:
  1. എന്‍റെ കഥ (മാധവിക്കുട്ടി)

  2. നീര്‍മാതളം പൂത്തകാലം (മാധവിക്കുട്ടി)

  3. കൊല്ലങ്കോട്ടമ്മ (കെ. ഓമന അമ്മ)

  4. തിരുവാതിരയും സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും (ദ്രൌപതി ജി. നായര്‍)

  5. സമകാലിക സാഹിത്യ സിദ്ധാന്തം ഒരു പാഠപുസ്തകം (ഡോ. രാധിക സി. നായര്‍)
ഇതില്‍ ആദ്യരണ്ടു കൃതികളെപ്പറ്റിയും എന്തെഴുതിയാലും അധികമാവില്ല. നാലാമത്തെ പുസ്തകം എന്നെ സ്വാധീനിച്ച കൃതികളില്‍ പെടുന്നില്ല. അഞ്ചാമത്തേതാവട്ടെ, അക്കാഡമിക് താല്പര്യത്തിനുമേല്‍ വാങ്ങിയതാണു്. അതൊരു ഗംഭീരപുസ്തകമാണെന്ന അഭിപ്രായം രചയിതാവിനുപോലുമില്ല. (“സമകാലിക സാഹിത്യ സിദ്ധാന്തത്തിന്‍റെയും വിമര്‍ശനപദ്ധതികളുടെയും രീതിശസ്ത്രവും ദാര്‍ശനികതലവും പരിപൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന പുസ്തകമല്ല ഇതു്” - രണ്ടാം പതിപ്പിന്‍റെ ആമുഖമായി ഡോ. രാധിക പറയുന്നു.)

കെ. ഓമന അമ്മ എഴുതിയ കൊല്ലങ്കോട്ടമ്മ എന്ന പുസ്തകത്തെപ്പറ്റിയാണു് ഈ കുറിപ്പു്. ഡോ. രാധിക പറയുന്ന ഭാഷയില്‍ പറഞ്ഞാല്‍, പുസ്തകത്തിന്‍റെ രീതിശസ്ത്രവും ദാര്‍ശനികതലവും പരിപൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന ഒരു നിരൂപണമോ ആസ്വാദനമോ അല്ല ഈ ലേഖനം. കുറഞ്ഞ വാചകങ്ങളിലുള്ള ഒരു പുസ്തകപരിചയം മാത്രം.

ഈ പുസ്തകം എന്നെ വളരെയധികം സ്വാധീനിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു് വെറും ഭംഗിവാക്കാവും. എന്നാലും കൊല്ലങ്കോട്ടമ്മയ്ക്കു് ഒരു ഭക്ത സമര്‍പ്പിച്ച സ്തുതിമാലയിലുള്ള ചില മുത്തുകളെ കണ്ടില്ലെന്നു നടിക്കുകവയ്യ. സമകാലീന മലയാളത്തിനു് അധികം പരിചിതമല്ലാത്ത ശാഖയില്‍ കൈവച്ചു വിജയിപ്പിച്ച, ഭക്തി അലര്‍ജിയായിട്ടുള്ളവര്‍ക്കുപോലും സാഹിത്യകൃതി എന്ന നിലയില്‍ വായിച്ചുരസിക്കാന്‍ പറ്റിയ വിധത്തില്‍ വരികള്‍ പടുത്ത, കവയിത്രിയുടെ കയ്യടക്കവും കരവിരുതും ശ്ലാഘനീയമാണു്. കവയിത്രിയുടെ അനുവാദത്തോടെ പകര്‍ത്തുന്ന ഈ വരികള്‍, ഭക്താന്ധതമൂലമുള്ള സാധാരണ സ്തുതിഗീതങ്ങളുടെ ശേഖരമല്ല ഈ പുസ്തകമെന്നതു് വിളിച്ചുപറയുന്നു.

അദ്ധ്യാത്മജ്ഞാനപ്രകാശമേകീടുമൊ-
രഗ്നിസമുത്ഭവതേജഃപുഞ്ജം
അദ്വൈതസിദ്ധാന്തമുദ്ഘോഷണോത്മക
മദ്വിതീയത്തിലും ദ്വിത്വഭാവം
ഏകചക്രസ്ഥിതഭാവ ഭദ്രാംബികേ!
മോഹമഹാമായാദ്വന്ദ്വഭാവം
അര്‍ദ്ധവൃത്തോജ്വലാകാരസമന്വയ-
വര്‍ദ്ധിതതേജസ്സം‌യുക്തരൂപം.

* * *

ചണ്ഡമുണ്ഡാസുരരെ രെണേകൊന്നൊരു
ചണ്ഡികേ! ഭണ്ഡാസുരേന്ദ്രസുഷൂദിനീ!
ചണ്ഡകിരണസമാനസുശോഭിത-
കുണ്ഡലാലംകൃതേ! ബ്രഹ്മാണ്ഡ നന്ദിതേ!

* * *

മണ്‍‍വെട്ടി, കൂന്താലിയേന്തിയനേകം പേര്‍
മണ്‍‍വെട്ടിമാറ്റാന്‍ ശ്രമിക്കയായി
അത്യഘോരശ്രമമെത്രതുടര്‍ന്നിട്ടും
വെട്ടിമാറ്റാനാര്‍ക്കും ശക്തിപോര.
കൂരിരുട്ടിന്‍റെ കരിം‍പുതപ്പൊട്ടൊരു
കാരിരുമ്പാണോ കരിമ്പാറയോ?
പാരിലെഭാരം ഘനീഭൂതമായി ഭീ-
മാകാരമായി ഭവിച്ചതാണോ?

* * *
മ്പ എന്ന അക്ഷരം ആവര്‍ത്തിക്കുന്ന വരികള്‍ എനിക്കു് എപ്പോഴും ഹൃദ്യമാണു്. “മുമ്പിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല” ഓര്‍ത്തുപോവും, അവ കാണുമ്പോള്‍:

ഒമ്പതാമുത്സവം വണ്ടിയോട്ടം, അന്നു
വെമ്പലോടമ്പലം ചുറ്റുമോട്ടം
നൊമ്പരമേകുന്ന കുത്തിയോട്ടം, ബാല-
രമ്പലം ചുറ്റി വരുന്നൊരോട്ടം.

* * *

പ്രകൃതി കവിതയിലുടനീളം നിറഞ്ഞു നില്‍ക്കുന്ന അനുഭവമാണു്. ഇത്തരം വരികള്‍ക്കു് യാതൊരു പഞ്ഞവുമില്ല:

മാരിചൊരിയുന്നപോലെ തെരുതെരെ
വാരിക്കൊടുക്കുമനുഗ്രഹങ്ങള്‍
വാരിധിയില്‍ തിരമാലകളെന്നപോല്‍
നാരിമാര്‍ക്കുള്ളിലാമോദമുണ്ടാം.

* * *

ദാരികന്‍ ബ്രഹ്മാവിനോടു് വരം ചോദിക്കുന്നതും ബ്രഹ്മാവു നിരസിക്കുന്നതും രണ്ടു വരിയില്‍ ഇതാ:

ചാകാതിരിക്കാന്‍ വരം വേണമെന്നവന്‍,
ആകാത്ത കാര്യമാണെന്നു ബ്രഹ്മന്‍!

എന്നാല്‍ പിന്നെ ഈവിധം ആവാമെന്നു് ദാരികന്‍:

ദേവനോ മര്‍ത്ത്യനോ ദാനവനോ, യെന്‍റെ
ദേഹ വിനാശം വരുത്തരുതേ
സ്ത്രീജനമാകിലോ കുറ്റമില്ല, കാര്യം
സ്ത്രീ, ഒരശക്ത, യബലയല്ലോ!

എന്നിട്ടോ, അവസാനം സ്ത്രീയുടെ കയ്യാല്‍ത്തന്നെ അന്ത്യവും വന്നുപെട്ടു!

* * *

പൊങ്കാലയ്ക്കു തീകൂട്ടിയാല്‍ തന്നെ:

ഉള്ളിലഹംഭാവമെള്ളോളമില്ലാതെ
ഉള്ളവയെല്ലാം ജ്വലിച്ചു തീരും
ഉള്ളിന്‍റെയുള്ളില്‍ ഒളിഞ്ഞിരിക്കുന്നോരു
മുള്ളുകളെല്ലാമെരിഞ്ഞു വീഴും

നല്ല ഗുണങ്ങളും നന്മനോഭാവവും
നല്ലമണമായൊഴുകുമെങ്ങും.

* * *

കണ്ണടച്ചാലും തുറന്നാലുമമ്മയെന്‍
കണ്ണില്‍ വിഷുക്കണിയായ് വരണേ!

എന്നു വായിക്കുമ്പോള്‍ ആര്‍ക്കാണു് സ്വന്തം അമ്മയെ ഓര്‍മ്മവരാത്തതു്!

പുസ്തകം: കൊല്ലങ്കോട്ടമ്മ
പബ്ലിഷേഴ്സ്: സാകേതം, തിരുവനന്തപുരം
വില: 30 രൂപ

കുറിപ്പുകള്‍:
  1. കൊല്ലങ്കോടു് ഭദ്രകാളി അമ്പലം (മുന്നറിയിപ്പു്: ഓഡിയോ ഉള്ള ലിങ്ക്) കന്യാകുമാരി ജില്ലയില്‍ കേരളത്തിന്‍റെ അതിര്‍ത്തിക്കടുത്താണു്.

  2. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ‘ഭക്തപ്രിയ’, ശബരിമല ദേവസ്വത്തിന്‍റെ ‘സന്നിധാനം’ എന്നീ മാസികകള്‍ ഓമന അമ്മയുടെ കവിതകള്‍ സ്ഥിരമായി പ്രസിദ്ധീകരിക്കാറുണ്ടു്. സഞ്ചാരസാഹിത്യമാണു് ഓമന അമ്മയുടെ മറ്റൊരു ഇഷ്ടവിഷയം.

Labels: ,

Friday, April 11, 2008

ബ്ലോഗര്‍ കമന്‍റ് ഫോളോ അപ്

ബ്ലോഗറിലേയ്ക്കു/ഗൂഗിളിലേയ്ക്കു ലോഗിന്‍ ചെയ്യാതെ കമന്‍റിടാനെത്തിയാല്‍ നിങ്ങള്‍ക്കു് ഫോളോ അപ് ഈ-മെയിലിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കില്ല. പലരും ഇതിനു പ്രതിവിധിയായി ആദ്യം Google/Blogger ഐഡന്‍റിറ്റി ഉപയോഗിച്ചു് ഒരു കമന്‍റിടുകയും പിന്നീടു് ഈ-മെയിലില്‍ കമന്‍റുകള്‍ കിട്ടാനുള്ള ചെക്ബോക്സ് ചെക്കു ചെയ്തുകൊണ്ടു് രണ്ടാമതൊരു ‘ശൂന്യകമന്‍റ്’ ഇടുകയും ചെയ്യുന്നു.

ഇങ്ങനെ രണ്ടു കമന്‍റുകള്‍ ഒഴിവാക്കാനായി ഇത്തരം അവസരത്തില്‍ ഞാന്‍ ചെയ്യുന്നതു് ഇതാണു്:

കമന്‍റ് റ്റൈപ്പു ചെയ്ത ശേഷം പബ്ലിഷ് ചെയ്യുന്നതിനു പകരം പ്രിവ്യൂ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ക്കു് കമന്‍റ് പ്രിവ്യൂ ദൃശ്യമാവും.



ഇപ്പോള്‍ പബ്ലിഷ് അമര്‍ത്തുന്നതിനു പകരം, പഴയ കമന്‍റു വിന്‍ഡോ നോക്കിയാല്‍ നിങ്ങള്‍ ലോഗിന്‍ ആയതായിക്കാണാം. ഇനി, ഈ-മെയില്‍ ഫോളോ അപിനുള്ള ചെക്ബോക്സ് ചെക്കു ചെയ്ത ശേഷം കമന്‍റ് പബ്ലിഷ് ചെയ്യാം.



എന്നാല്‍ പിന്നെ, ഒരു ഈ-മെയില്‍ ഫീല്‍ഡുകൂടി ഈ യൂസര്‍ ഇന്‍റര്‍ഫേയ്സില്‍ ഉള്‍പ്പെടുത്തിക്കൂടേ എന്നു ചോദിക്കുന്നവരുണ്ടാവാം. ഈ പ്രശ്നം, പക്ഷേ, ഏവര്‍ക്കും സ്വീകാര്യമായ രീതിയില്‍ പരിഹരിക്കുന്നതു് ശ്രമകരമാണു്.

Labels: , ,

Wednesday, February 13, 2008

പഴയലിപി എന്റെ പുതിയ ലിപി

സൂക്ഷ്മദൃക്കുകളായ സ്ഥിരം വായനക്കാര്‍ ഇനി മുതല്‍ എന്റെ പോസ്റ്റുകളില്‍ ചില ലിപി വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചെന്നു വരും.

എന്താണെന്നോ?

അവസാനത്തിന്റെ ആരംഭം എന്ന പോസ്റ്റിൽ, “അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യതയെപ്പറ്റിയുള്ള സംശയങ്ങൾ ശക്തമാക്കുന്ന [...] പ്രവണതകൾവഴി വലിയൊരു വായനക്കൂട്ടത്തെ നഷ്ടപ്പെടുത്തുന്നതു് കലാകൌമുദി തിരിച്ചറിയുമെന്നും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാപരവുമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് [...] പരസ്യമായി മാപ്പപേക്ഷിക്കാൻ [കലാകൌമുദിക്കു്] ബുദ്ധിയുദിക്കുമെന്നും” ഞാൻ പ്രത്യാശിച്ചിരുന്നു.

എന്നാല്‍, അതുല്യ റിപ്പോർട്ടു് ചെയ്യുന്നതു പ്രകാരം, “ബ്ലോഗും പ്രിന്റും രണ്ടു് മീഡിയ ആണെന്നും ബ്ലോഗിനെ/ബ്ലോഗേഴ്സിനെ കുറിച്ചു് ശ്രീ ഹരികുമാർ എഴുതിയതിനെ സംബദ്ധിച്ചു് ഒരു മറുകുറിപ്പു്/വിസ്താരം കലാകൌമുദിയിൽ അച്ചടിയ്ക്കണ്ട ആവശ്യമില്ലെന്നും” കലാകൌമുദി പത്രാധിപസമിതി തീരുമാനിച്ചിരിക്കുന്നു. (കലാകൌമുദി ന്യൂസ് എഡിറ്റർ പി. ശശിധരൻ ആണ്, ശശിധരൻ നായർ അല്ല. പത്രങ്ങൾക്കു് തെറ്റിയാലും ബ്ലോഗർമാർക്കു് തെറ്റാന്‍ പാടില്ല!)

അങ്ങേയറ്റം നിർഭാഗ്യകരമായ ഒരു പ്രവണതയാണു് കലാകൌമുദി തുടങ്ങിവച്ചിരിക്കുന്നതു്. ഈ ബ്ലോഗിൽ ഇനിമുതൽ വരാൻ പോകുന്ന ലിപിപരമായ മാറ്റങ്ങൾക്കു് ഈ സംഭവവുമായി ബന്ധമുണ്ടു്. ബന്ധമുണ്ടു് എന്നും മറ്റും പറയുന്നതു് സൂക്ഷിച്ചു വേണം. മാല പൊട്ടിച്ചോടിയ കള്ളനെപ്പിടിച്ചു് ചെള്ളയ്ക്കടിക്കുന്നതിനു പകരം ചന്തിച്ചടിച്ചതു് ശരിയായില്ല എന്ന മട്ടിൽ കൈപ്പള്ളിയുടെ പ്രതിഷേധത്തെപ്പറ്റി ആറുവര്‍ഷമായി ആരോഗ്യകരമായ ബ്ലോഗിംഗിലേർപ്പെട്ടിരിക്കുന്ന കെ. സന്തോഷ് കുമാർ എഴുതിക്കണ്ടു. ഇതു് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. സഹോദരസ്നേഹത്തിന്റെ കാര്യം മുമ്പും അനുഭവിച്ചറിഞ്ഞിട്ടുണ്ടു്. കള്ളനെപ്പിടിച്ചു് അടികൊടുക്കുന്നതിനു പകരം വേദം വായിച്ചു കേൾപ്പിച്ചു എന്നു് ഈ പോസ്റ്റിനെപ്പറ്റി കെ. സന്തോഷ് കുമാർ അഭിപ്രായപ്പെടാൻ സാദ്ധ്യതയുണ്ടു്.

കാര്യത്തിലേയ്ക്ക് വരാം. അച്ചടിമാദ്ധ്യമങ്ങളേയും റ്റൈപ്പു് റൈറ്റിംഗു് വ്യവസായത്തേയും സഹായിക്കാൻ കേരളസര്‍ക്കാർ 1968-ൽ പുറപ്പെടുവിച്ചതും 1971 ഏപ്രിൽ 15 മുതൽ നിലവിൽ വന്നതുമായ ലിപി പരിഷ്ക്കരണ നിർദ്ദേശങ്ങൾ ഞാൻ നിഷേധിക്കുന്നു. ഈ ഉത്തരവുപ്രകാരം ‘പുതിയ ലിപി’ എഴുതിപ്പഠിക്കാൻ നിർബ്ബന്ധിതനായ വ്യക്തിയാണ് ഞാൻ. അച്ചടിമാദ്ധ്യമങ്ങളെ സഹായിക്കാൻ നമ്മുടെ ഭാഷയെത്തന്നെ ബലികൊടുക്കാൻ തയ്യാറായ ആ തലമുറയോടു് അച്ചടിമാദ്ധ്യമങ്ങൾ നീതിവിരുദ്ധമായ നിലപാടെടുക്കുക വഴി, ഈ ഉത്തരവു് അനുസരിക്കാനുള്ള എന്റെ ബാദ്ധ്യതയും ഇല്ലാതാവുന്നതായി ഞാൻ മനസ്സിലാക്കുന്നു. ഭരണഘടനപ്രകാരം അനുസരിക്കാൻ ബാദ്ധ്യതയുള്ള നിയമങ്ങളുടെ പരിധിയിൽ രുന്നതല്ല ഈ ഉത്തരവെന്നാണു് ഞാൻ മനസ്സിലാക്കുന്നത്. അതിനാൽത്തന്നെ ഈ പോസ്റ്റു് നിയമലംഘനത്തിനുള്ള ആഹ്വാനമല്ല എന്നു് വായനക്കാർ മനസ്സിലാക്കുമല്ലോ.

താഴെപ്പറയുന്ന മാറ്റങ്ങളാണു് ഈ ബ്ലോഗിൽ കാണാൻ കഴിയുക:
  1. സം‌വൃതോകാരത്തിനു് ചന്ദ്രക്കല മാത്രം ഇടുന്ന രീതി ഉപേക്ഷിച്ചു്, ഉ ചിഹ്നവും ചന്ദ്രക്കലയും ഇനിമുതൽ ഒരുമിച്ചുപയോഗിക്കുന്നതാണു്. റ്റൈപ്പു് സെറ്റിംഗു് എളുപ്പമാക്കാൻ വേണ്ടി അച്ചടിമാദ്ധ്യമങ്ങൾ പ്രചരിപ്പിച്ച രീതിയിൽ നിന്നും വരുംതലമുറയെ രക്ഷിക്കാനുള്ള അപൂർവ്വാവസരമാണു് ഇങ്ങനെ ചെയ്യുന്നതു വഴി ബ്ലോഗര്‍മാർക്കു് കൈവന്നിരിക്കുന്നതു്. നിത്യേനെയെന്നോണം എഴുതിക്കൂട്ടുന്ന അനേകായിരം പേയ്ജുകളിൽ ഇപ്പറഞ്ഞ രീതി ഉപയോഗിക്കുമ്പോൾ ഇന്നത്തെ തലമുറയിലും വരുംതലമുറയിലും ഉള്ളവർക്കായി ഇതു് പ്രചരിപ്പിക്കുകയാണു് നാം യഥാർത്ഥത്തിൽ ചെയ്യുന്നതു്.
  2. അക്ഷരങ്ങൾ ലാഭിക്കാനും (അതുവഴി മഷി ലാഭിക്കാനും) റ്റൈപ്പു് സെറ്റിംഗു് വേഗതകൂട്ടാനും വേണ്ടി അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നീ വാക്കുകള്‍ യഥാക്രമം അധ്യാപകൻ, വിദ്യാർഥി എന്നിങ്ങനെയെഴുതുന്നതു് സാധാരണയാണല്ലോ. ശീലം കാരണം ഇങ്ങനെ എഴുതിവന്ന ഞാൻ ഇനി മുതൽ (മഷി ലാഭിക്കേണ്ടതില്ലാത്തതിനാലും) അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നിങ്ങനെ എഴുതുന്ന രീതിയിലേയ്ക്കു് തിരിച്ചു പോകുന്നു.
  3. മുകളിൽ പറഞ്ഞ അതേകാരണങ്ങളാലാണു് (ദേശാഭിമാനിപ്പത്രം സ്ഥിരമായി ഉപയോഗിക്കാറുള്ളതു പോലെ) നർമം, വർഗം, സ്വർഗം, നിർദേശം തുടങ്ങിയ വാക്കുകളിൽ നിന്നും ഇരട്ടിപ്പു് ഉപേക്ഷിക്കപ്പെട്ടതു്. ഇരട്ടിപ്പു് ഇല്ലാതെ അർത്ഥം മനസ്സിലാവുന്നിടങ്ങളിൽ ഇരട്ടിപ്പു് ഉപേക്ഷിക്കാനായിരുന്നു എനിക്കു് അദ്ധ്യാപകരിൽ നിന്നു് കിട്ടിയ നിർദ്ദേശം. എന്നാൽ ഇനിമുതൽ ഇത്തരം വാക്കുകകളിൽ നിർബ്ബന്ധമായും ഇരട്ടിപ്പുപയോഗിച്ചു് നർമ്മം, വർഗ്ഗം, സ്വർഗ്ഗം, നിർദ്ദേശം എന്നിങ്ങനെ എഴുതാനാണു് ഞാനാഗ്രഹിക്കുന്നതു്.
ഇവയ്ക്കു പുറമേ, നമുക്കു് ചെയ്യാവുന്ന മറ്റു കാര്യങ്ങൾ:
  1. ഉ, ഊ, ഋ എന്നീ സ്വരങ്ങൾ വ്യഞ്ജനങ്ങളോടു ചേരുമ്പോൾ പ്രത്യേക ലിപികൾ രൂപമെടുക്കുന്ന ഇന്നത്തെ രീതിയ്ക്കു പകരം, അവയ്ക്കു് പ്രത്യേക ചിഹ്നങ്ങൾ ഏര്‍പ്പെടുത്തുക എന്നതാണു് മുകളില്‍ പറഞ്ഞ ഉത്തരവിലെ ഒന്നാമത്തെ നിർദ്ദേശം. പണ്ടുമുതൽ തന്നെ ഈ നിർദ്ദേശം എഴുത്തിൽ ഞാൻ പ്രാവർത്തികമാക്കിയിരുന്നില്ല. അഞ്ജലി ഓള്‍ഡു് ലിപി പോലുള്ള ഫോണ്ടുകൾ ഉപയോഗിക്കുന്നവർക്കു് ഇതില്‍ പുതുമ തോന്നുകയുമില്ല. മൈക്രോസോഫ്റ്റിന്റെ കാർത്തിക ഫോണ്ടു് പഴയലിപിയാക്കാൻ, മിക്കവാറും അസാദ്ധ്യമെങ്കിലും, എന്നാലാവുന്ന പ്രവർത്തനങ്ങൾ ഞാൻ നടത്തുന്നതാണു്. അതുപോലെ, നിങ്ങൾ ഫോണ്ടു ഡിസൈനറാണെങ്കിൽ നിങ്ങൾ നിർമ്മിക്കുന്ന പുതിയ മലയാളം ഫോണ്ടുകൾ പഴയലിപിയിലുള്ളവയാണെന്നു് ഉറപ്പുവരുത്തുക.
  2. രേഫം എൻകോഡു ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങൾ സമർപ്പിക്കുകയും ആ ചർച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുക. എഴുതുമ്പോഴും ബാനറുകളും മറ്റും ഡിസൈൻ ചെയ്യുമ്പോഴും രേഫം ഉപയോഗിക്കാവുന്നിടത്തൊക്കെ അങ്ങനെ ചെയ്യുക. (ർ എന്ന ചില്ലിനു പകരം അതുകഴിഞ്ഞു വരുന്ന അക്ഷരത്തിന്റെ മുകളിൽ . ഇടുന്നതിനെയാണു് രേഫം ഉപയോഗിക്കുന്നു എന്നു പറയുന്നതു്. കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ടു്.)
  3. ക്ക, ങ്ക, ങ്ങ, ച്ച, ഞ്ച, ഞ്ഞ, ട്ട, ണ്ട, ണ്ണ, ത്ത, ന്ത, ന്ന, പ്പ, മ്പ, മ്മ, യ്യ, ല്ല, വ്വ എന്നീ കൂട്ടക്ഷരങ്ങളൊഴികെയുള്ളവ ചന്ദ്രക്കലയിട്ടു് പിരിച്ചെഴുതിയാൽ മതി എന്ന നിർദ്ദേശം പാലിക്കാതിരിക്കുക. ഇപ്പോൾത്തന്നെ, ക്ത, ശ്ച, ച്ഛ, ദ്ധ, തുടങ്ങിയ കൂട്ടക്ഷരങ്ങൾ കാർത്തിക ഫോണ്ടിൽ പോലുമുണ്ടല്ലോ.
  4. റ്റ-യുടെ ഇരട്ടിക്കാത്ത വർണ്ണമാണു് T എന്ന അക്ഷരത്തെ മലയാളീകരിക്കുമ്പോൾ ഉപയോഗിക്കേണ്ടുന്നത്. ഈ വർണ്ണം ഭാഷയിലുണ്ടെങ്കിലും മലയാള ലിപിയിലില്ല. അതിനാൽ അച്ചടിക്കാർ സൌകര്യാർത്ഥം (വീണ്ടും മഷി, സമയം എന്നീ സൂചനകള്‍ ശ്രദ്ധിക്കുക) അതിനെ ടി എന്നു് മലയാളീകരിച്ചു. ഇത് ഒഴിവാക്കി, ടെലിവിഷൻ, പി. ടി. ചാക്കോ എന്നൊക്കെ എഴുതുന്നതിനു പകരം റ്റെലിവിഷൻ, പി. റ്റി. ചാക്കോ എന്നൊക്കെത്തന്നെ എഴുതിത്തുടങ്ങുക. (ലേഖകൻ ഈ രീതിയാണു് കാലങ്ങളായി അവലംബിച്ചു വരുന്നതു്.) എബി ജോൺ വൻനിലം എഴുതിയ ഈ പോസ്റ്റുകൂടി വായിക്കുന്നതു് നല്ലതായിരിക്കും. (മുകളിൽ സൂചിപ്പിച്ച ഉദാഹരണങ്ങൾ എബി ജോണിന്റേതാണു്.)
  5. അച്ചടി മാദ്ധ്യമങ്ങളിലെഴുതുന്നവർ തങ്ങളുടെ സൃഷ്ടികൾ ‘പഴയ ലിപി’യിൽ അച്ചടിച്ചു വരണമെന്നു് ശഠിക്കുക. (അച്ചു നിരത്താത്ത ഇന്നത്തെ കമ്പ്യൂട്ടർ യുഗത്തില്‍ ഇതു സാദ്ധ്യമാണല്ലോ!)
കേവലം പ്രതിഷേധത്തിനുപരി, അച്ചടിമാദ്ധ്യമങ്ങൾക്കു വേണ്ടി വെട്ടിയെറിഞ്ഞ മലയാളലിപിയെ അതിന്റെ പൂർണ്ണ സൌന്ദര്യത്തിൽ എത്തിക്കുവാൻ നിങ്ങളും ഈ നിർദ്ദേശങ്ങളിൽ ചിലതെങ്കിലും പാലിക്കുമെന്നു് വിശ്വസിക്കട്ടെ. ശീലിച്ചതേ പാലിക്കൂ എന്നും ചൊട്ടയിലേ ശീലം ചുടല വരെ എന്നും പറയുന്നതു് എത്രത്തോളം ശരിയാണെന്നു് നോക്കണമല്ലോ!

Labels: , ,

Monday, February 11, 2008

അവസാനത്തിന്‍റെ ആരംഭം

ബ്ലോഗ് എന്ന മാധ്യമത്തെപ്പറ്റിയും അതിന്‍റെ സാധ്യതകളെപ്പറ്റിയും അവഗാഹമില്ലാതെ, താന്‍ എഴുതിവിട്ട ലേഖനങ്ങളോടുള്ള വായനസമൂഹത്തിന്‍റെ പ്രതികരണം തനിക്കെതിരേയുള്ള ഗൂഢാലോചനയാണെന്നുള്ള എം. കെ. ഹരികുമാറിന്‍റെ വികലവീക്ഷണം അച്ചടിമഷി പുരളാന്‍ അനുവദിച്ച കലാകൌമുദി ശക്തമായ പ്രതിഷേധമര്‍ഹിക്കുന്നു. റ്റി. പി. വിനോദ് (ലാപുട), കുഴൂര്‍ വിത്സന്‍ തുടങ്ങിയ വ്യക്തികള്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പക്വതയില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന്‍റെ ഉദാഹരണങ്ങളാണ്.

കലാകൌമുദിയോടും ഹരികുമാറിനോടുമുള്ള പ്രതിഷേധവും അമര്‍ഷവും ഞാന്‍ രേഖപ്പെടുത്തുന്നു.

അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യതയെപ്പറ്റിയുള്ള സംശയങ്ങള്‍ ശക്തമാക്കുന്ന ഇത്തരം പ്രവണതകള്‍വഴി വലിയൊരു വായനക്കൂട്ടത്തെ നഷ്ടപ്പെടുത്തുന്നത് കലാകൌമുദി തിരിച്ചറിയുമെന്നും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാപരവുമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് വായനക്കാരോടും, ലാപുട, വിത്സന്‍, ആദിയായവരോടും പരസ്യമായി മാപ്പപേക്ഷിക്കാന്‍ അവര്‍ക്ക് ബുദ്ധിയുദിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

Labels: ,

Thursday, November 01, 2007

റൂമര്‍ മില്‍

വ്യക്തികളേയും സ്ഥാപനങ്ങളേയും ഉല്പന്നങ്ങളേയും ചുറ്റിപ്പറ്റിയുള്ള സ്ഥിരീകരിക്കാനാവാത്ത വാര്‍ത്തകള്‍ (റൂമറുകള്‍) പത്രങ്ങളിലും, വാരികകളിലും, വെബ് സൈറ്റുകളിലും മറ്റും ദിവസേന പ്രത്യക്ഷപ്പെടാറുണ്ടല്ലോ. റ്റെക്നോളജി കമ്പനികളേയും അതിന്‍റെ സാരഥികളേയും അവരുണ്ടാക്കുന്ന സോഫ്റ്റ്‍വെയറുകളേയും പറ്റി പുറത്തുവരുന്ന ഇത്തരം വാര്‍ത്തകള്‍ക്കും പഞ്ഞമില്ല.

മൈക്രോസോഫ്റ്റുമായി ബന്ധപ്പെട്ട വിശസനീയമായ റൂമറുകള്‍ ഉണ്ടാക്കുവാനും അതുവഴി മറ്റുജീവനക്കാരെ വിസ്മയിപ്പിക്കുവാനും, ചിരിപ്പിക്കുവാനുമായി ജീവനക്കാര്‍ക്കു മാത്രം ഉപയോഗിക്കാനുതകുന്ന സൈറ്റാണ് എം എസ് റൂമര്‍. ഒരു സോഷ്യല്‍ കമ്പ്യൂട്ടിംഗ് പരീക്ഷണം എന്ന നിലയ്ക്കാണ് ഈ സൈറ്റ് നിലകൊള്ളുന്നതെങ്കിലും, നമുക്ക് അജ്ഞാതരായി തുടര്‍ന്നുകൊണ്ടുതന്നെ, മാനേയ്ജരറിയാതെ, സമയം കൊല്ലാനുള്ള ഉപാധിയായാണ് ഈ സൈറ്റ് അറിയപ്പെടുന്നത്.
(ഈ സൈറ്റ് നിര്‍മ്മിച്ച അതേ ആള്‍ തന്നെയാണ്, പ്രവര്‍ത്തനത്തില്‍ സമാനമായ റൂമര്‍ സിറ്റി എന്ന സൈറ്റും ഉണ്ടാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ പറയട്ടെ, ഫ്രീസെല്‍ എന്ന കമ്പ്യൂട്ടര്‍ ഗെയ്മും എഴുതിയുണ്ടാക്കിയത് ഇദ്ദേഹം തന്നെ.)

മലയാളം ബ്ലോഗര്‍മാര്‍ക്കും ഒരു റൂമര്‍ മില്‍ സൈറ്റ് അത്യാവശ്യമാണ് എന്ന തോന്നല്‍ തുടങ്ങിയിട്ട് അഞ്ചാറുമാസമാകുന്നു. രണ്ടാണ് ഉപയോഗം: സ്ഥിരീകരിക്കാനാവാത്ത വാര്‍ത്തകള്‍ സ്ഥിരീകരിക്കാം, അല്ലെങ്കില്‍ അത് തെറ്റാണെന്ന് പറഞ്ഞ് തള്ളിക്കളയാം.

പിന്നീടാണ് മനസ്സിലായത്, റൂമറിനു വേണ്ടി മലയാളികള്‍ക്ക് മറ്റു സൈറ്റുകള്‍ ആവശ്യമില്ല എന്ന്. സ്വന്തം പേജുകളില്‍ തെളിവോ റഫറന്‍സുകളോ ഇല്ലാതെ ആധികാരികമായി എഴുതിക്കൂട്ടുന്ന കാര്യങ്ങള്‍ കണ്ട് അതിശയിച്ചു നില്‍ക്കാനേ കഴിയുന്നുള്ളൂ. നിനക്കെന്തു ചേതം, സ്വന്തം ബ്ലോഗില്‍ ആര്‍ക്കും എന്തും എഴുതിക്കൂട്ടാമല്ലോ എന്നു ചിന്തിക്കാം. എന്നാല്‍ അത് നാമോരോരുത്തരുടേയും സാമൂഹികമായ കടമ വിസ്മരിക്കുന്നതിന് തുല്യമാവും. നാളെയൊരുനാള്‍ മലയാളത്തില്‍ സേര്‍ചു ചെയ്യുന്ന ഭാഗ്യഹീനര്‍ ഈ ‘ആധികാരിക’ ലേഖനങ്ങളെ അവലംബിച്ച് പുതിയ ഗവേഷണ ഗ്രന്ഥങ്ങള്‍ പുറത്തിറക്കില്ല എന്ന് ആരു കണ്ടു?

ഞാന്‍ കാണുന്ന തെറ്റുകള്‍ മൂന്നു വിധത്തിലുള്ളവയാണ്. ഇവ മൂന്നും ഓരോ ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാം.

൧. നിഷ്പക്ഷതയുടെ പേരു പറഞ്ഞ് തികച്ചും പക്ഷപാതപരമായ ലേഖനങ്ങള്‍ എഴുതുക.

അധ്യാപകരെ എനിക്ക് ബഹുമാനമാണ്. ഒട്ടനവധി എണ്ണം പറഞ്ഞ അധ്യാപകര്‍ എനിക്കുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ അവര്‍ തെറ്റുവരുത്തുന്നത് എനിക്ക് അംഗീകരിക്കാവുന്നതിലുമധികമാണ്. അറിയാതെ വരുത്തുന്ന തെറ്റുകള്‍ ആര്‍ക്കുമുണ്ടാവാം. എന്നാല്‍ അലസതമൂലമുണ്ടാവുന്ന തെറ്റുകളാവട്ടെ ഒഴിവാക്കപ്പെടേണ്ടുന്നതാണ്. അധ്യാപകന്‍ അലസതമൂലമോ സമയലാഭത്തിനു വേണ്ടിയോ ഇല്ലാത്ത വസ്തുതകള്‍ സ്വയം മെനഞ്ഞെടുത്താലെങ്ങനെയിരിക്കും?

ശ്രീ. വി. കെ. ആദര്‍ശിന്‍റെ ലേഖനങ്ങള്‍ മിക്കവയും കുറ്റമറ്റതാണ്. ലളിതമായ അവതരണ ശൈലിയിലൂടെ സാധാരണക്കാര്‍ക്ക് ദുര്‍ഗ്രഹമായ സാങ്കേതിക ജ്ഞാനം പകര്‍ന്നു നല്‍കുന്നതില്‍ അദ്ദേഹത്തിന്‍റെ മിക്ക ലേഖനങ്ങളും വിജയിച്ചു എന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്‍റെ സ്വതന്ത്ര സോഫ്‌ട്‌വെയറും മാറുന്ന വായനയുടെ അകംപൊരുളും എന്ന ലേഖനത്തില്‍, സ്വതന്ത്ര സോഫ്‌റ്റ്‍വെയറിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ മറവിയാലോ അമിതാവേശത്താലോ സംഭവിച്ച ഒന്നുരണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.

ശ്രീ ആദര്‍ശ് പറയുന്നു:
സ്വതന്ത്രസോഫ്‌ട്‌വെയര്‍ സാങ്കേതികപരമായും മികച്ചതാണ്‌. ലഭ്യമായ ഹാര്‍ഡ്‍വെയര്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്താനും, വൈറസ്‌ തുടങ്ങിയ സാങ്കേതിക കടന്നുകയറ്റത്തെ ശക്തമായി ചെറുത്തു നിര്‍ത്തുന്ന രീതിയില്‍ രൂപകല്‌പന നടത്താനും സാധിക്കുന്നു.

പകര്‍പ്പവകാശം ലംഘിച്ച്‌ ഉത്‌പന്നങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ആരുടെയും അനുവാദമില്ലാതെ ഇലക്‌ട്രോണിക്‌ സര്‍ച്ചിംഗ് നടത്താനും വിന്‍ഡോസ് പോലെയുള്ള ഓപ്പറേറ്റിംഗ്‌ സിസ്റ്റം 'പൈറസി പോലീസിനെ' അനുവദിക്കുന്നുണ്ട്‌.

ഇപ്പറഞ്ഞതിനൊന്നും തെളിവ് വയ്ക്കാന്‍ ശ്രീ. ആദര്‍ശ്‍ ശ്രമിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ആദ്യവാദത്തിന് അനുകൂലമായും എതിരായും ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ വിധി പ്രഖ്യാപിക്കും പോലെയുള്ള ആ വാചകങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുന്നത് അപകടം തന്നെ. അദ്ദേഹം പറ്റയുന്ന രണ്ടാമത്തെ വാദത്തില്‍ സത്യമൊട്ടില്ല താനും.

സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രചരിക്കപ്പെടുന്നതിനോടോ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനോടോ എനിക്ക് വിരോധമേതുമില്ല. എന്നാല്‍ അത്, സ്വതന്ത്രസോഫ്റ്റ്‍വെയറിന്‍റെ മേന്മകള്‍ (പോരായ്മകളുണ്ടെങ്കില്‍ അതും) വസ്തുനിഷ്ഠമായി പറഞ്ഞുകൊണ്ടായാല്‍ നന്ന്. കുറഞ്ഞ പക്ഷം, പണം കൊടുത്തു വാങ്ങുന്ന സോഫ്റ്റ്‍വെയറിനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാവരുത്. ഇനി അതല്ല, താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങളുടെ അപദാനങ്ങള്‍ പാടിയേ മതിയാവൂ എങ്കില്‍ ‘നിഷ്പക്ഷത’യുടെ മുഖം മൂടിയില്ലാതെ ‘ഞാന്‍ സ്വതന്ത്രസോഫ്‌ട്‌വെയറിന്‍റെ ആളാണ്’ എന്ന് പറയാനുള്ള ആര്‍ജ്ജവമുണ്ടാവണം.

൨. ആധികാരിതയുടെ അംശം അല്പം പോലും ഇല്ലാത്ത, തനിക്കറിയാത്ത വിഷയത്തെപ്പറ്റി ആധികാരിക ലേഖനങ്ങള്‍ എഴുതുക

ഒരു കര്‍ഷകന്‍ എന്ന നിലയില്‍ ശ്രീ. ചന്ദ്രശേഖരന്‍ നായരുടെ ബ്ലോഗുലോകത്തെ സംഭാവനകള്‍ ഗണ്യമാണ്. സാങ്കേതികതയുടെ വാതിലുകള്‍ തള്ളിത്തുറക്കാനും പുതിയവ പരീക്ഷിക്കാനുമുള്ള അദ്ദേഹത്തിന്‍റെ ഉത്സാഹം അനുകരണീയവും മാതൃകാപരവുമാണ്. എന്നാല്‍ കാര്‍ഷികേതര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്‍റെ ചില ലേഖനങ്ങള്‍ യാഥാര്‍ഥ്യത്തോട് അല്പം പോലും നീതി പുലര്‍ത്തുന്നില്ല എന്നതാണ് ഖേദകരമായ സത്യം. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ‘എനിക്കറിയില്ലായിരുന്നു’ എന്ന് പറയുന്നത് ഭൂഷണമാണെന്ന് തോന്നുന്നില്ല. തെറ്റ് ആരും ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ തിരുത്തപ്പെടാതെ കിടക്കും എന്നത് ഭാവിതലമുറയ്ക്ക് ദോഷകരം തന്നെ.

൩. ആനുകാലികങ്ങളില്‍ ബ്ലോഗു സംബന്ധിയായ പക്ഷപാത ലേഖനങ്ങള്‍ എഴുതുക

തല്ലാനാണെങ്കിലും തലോടാനാണെങ്കിലും ഈ അടുത്ത കാലത്തായി അച്ചടിമാധ്യമങ്ങള്‍ വീണ്ടും ബ്ലോഗുകള്‍ക്കു പിന്നാലെ ആണല്ലോ. ‘യൂസര്‍ ജനറേയ്റ്റഡ് കണ്ടെന്‍റ്’ അവര്‍ക്കിപ്പോള്‍ പ്രിയപ്പെട്ടതാണ്. ചുമ്മാ ഒരു നാളില്‍, ദാ, ബ്ലോഗില്‍ നിന്നൊരു കഥ, ബ്ലോഗില്‍ നിന്നൊരു ലേഖനം എന്നൊക്കെ പറഞ്ഞ് വായനക്കാരെ ഞെട്ടിപ്പിക്കുന്നതിനു പകരം അവര്‍ ‘ഇതാണു മക്കളേ ബ്ലോഗ്’ എന്ന തുടക്കമിട്ടു വച്ചാല്‍ അത്രയും എളുപ്പമായല്ലോ. ഇനി എന്നെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബ്ലോഗില്‍ നിന്നെടുത്ത് തകര്‍ക്കുകയും ചെയ്യാം.

ഇങ്ങനെ ബ്ലോഗിനെപ്പറ്റി എഴുതാനും വേണ്ടേ ഒരാള്? അയാളുടെ സത്യം മൂടി വയ്ക്കലിനെപ്പറ്റിയാണ് എന്‍റെ മൂന്നാമത്തെ ആശങ്ക. ഇതാണ് തിരുത്തപ്പെടാന്‍ ഏറ്റവും പ്രയാസമുള്ളതും.

ഉദാഹരണമായി, ഞാന്‍ ഏതെങ്കിലും ഒരു അച്ചടി മാധ്യമത്തില്‍ ബ്ലോഗിനെപ്പറ്റി നാലുവാക്കെഴുതുന്നു എന്നു കരുതുക (അങ്ങനെ വരാന്‍ വഴിയില്ല, എന്നാലും ഒന്നു സങ്കല്പിക്കൂ). മലയാളത്തിലെ ഏറ്റവും വായനക്കാരുള്ള ബ്ലോഗ് പ്രാപ്രയുടേതാണെന്ന് ഞാന്‍ പറഞ്ഞു വയ്ക്കുന്നു. പിന്നെ എനിക്ക് പ്രിയപ്പെട്ട ചില ബ്ലോഗുകളായ പ്രമാദം, വെള്ളെഴുത്ത്, കല്ലുപെന്‍സില്‍ എന്നിവ കഴിഞ്ഞേ മലയാളത്തില്‍ മറ്റു ബ്ലോഗുകളുള്ളൂ എന്നും ഞാന്‍ പറയുന്നു. കാര്യം കൊള്ളാം, എന്‍റെ സ്വന്തം അഭിപ്രായമാണല്ലോ. എന്നാല്‍ ഇതു വായിച്ചു ബ്ലോഗിലേയ്ക്കു വരുന്ന ആദ്യവായനക്കാര്‍ക്ക് ബ്ലോഗിനെപ്പറ്റിയുള്ള ഒരു യഥാര്‍ഥ ചിത്രമാണ് നഷ്ടപ്പെടുന്നത്. വിശാലന്‍, കുറുമാന്‍, അരവിന്ദ്, ദേവന്‍, സിമി, പെരിങ്ങോടന്‍, സു, ലാപുട, ഉമേഷ്, ബെര്‍ളി, റാല്‍മിനോവ്, രാം‍മോഹന്‍ എന്നിവരെ വിസ്മരിക്കുന്നത് സത്യം അറിയാമായിരുന്നിട്ടും മൂടി വയ്ക്കുന്നതിനു തുല്യമാണ്. (ഒരു ലിസ്റ്റും ഒരിക്കലും പൂര്‍ണ്ണമാവില്ലെന്നും സ്വീകാര്യമായ ഒരു മധ്യമാര്‍ഗ്ഗമാണ് നല്ലതെന്നും അറിയാഞ്ഞിട്ടല്ല. ആ മധ്യമാര്‍ഗ്ഗം കുറച്ചെങ്കിലും സ്വീകാര്യമാവണം എന്ന് പറയുകയാണ്). ഇവിടെയാണ് ശ്രീ എസ്. കലേഷ് ജനപഥത്തില്‍ പ്രസിദ്ധീകരിച്ച ഇനി നമുക്ക് ബൂലോഗത്തില്‍ ജീവിക്കാം പരാജയപ്പെടുന്നത്. (അവിടെ ഏവൂരാന്‍റേതായി വന്ന കമന്‍റാണ് ഈ ലേഖനത്തിനാധാരം.)

റൂമര്‍ കില്‍:
൧. മലയാളത്തില്‍ മൈക്രോസോഫ്റ്റിനെതിരെ ഏതെങ്കിലും ലേഖനങ്ങള്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുള്ളതായി എനിക്കറിവില്ല. അങ്ങനെ ഒരു നീക്കം, ബാധ്യതയും ഉത്തരവാദിത്തവും ചിട്ടകളുമുള്ള വന്‍ കമ്പനികള്‍ക്കിടയില്‍ സാധാരണമല്ല.
൨. യാഹൂ പ്രശ്നത്തില്‍ മൈക്രോസോഫ്റ്റ് എന്നെ താക്കീതു ചെയ്തിട്ടില്ല. ഒരു പ്രശ്നത്തിലും മൈക്രോസോഫ്റ്റ് എന്നെ താക്കീതു ചെയ്തിട്ടില്ല. എന്‍റെ ജോലി/ജീവിത സമതുലനം (work/life balance) എന്‍റെ സ്വന്തമാണ്, അത് മൈക്രോസോഫ്റ്റിന്‍റെ പിടിയിലല്ല.
൩. ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിനോ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിനോ എതിരല്ല. അനുകൂലിക്കാത്തവരെല്ലാം എതിര്‍ക്കുന്നവരാണെന്ന് കരുതുന്നത് മൌഢ്യമാണ്.

Labels: ,

Sunday, October 21, 2007

ലോബികള്‍

വഴക്കും വക്കാണവും നിലവില്ലാത്ത സമയത്തു മാത്രം പറയാന്‍ പറ്റിയ കാര്യമാണ്. ദേവന്‍റെ കുസൃതി പരീക്ഷണം വായിച്ചപ്പോള്‍ ഇപ്പോളാകാമെന്നു കരുതി.

മലയാള ബ്ലോഗുകള്‍ ലോബികളുടെ പിടിയിലാണെന്നാണല്ലോ വയ്പ്. ഓരോ അഭിപ്രായ വ്യത്യാസമുണ്ടാവുമ്പോഴും ലോബിമന്ത്രം ഉയരും. ആര്, ഏതൊക്കെ ലോബിയിലാണെന്ന് കണക്കു വയ്ക്കുക തന്നെ ശ്രമകരം. ഇതു കൊണ്ട് വായനക്കാര്‍ക്കോ എഴുത്തുകാര്‍ക്കോ പ്രയോജനമൊട്ടില്ലതാനും.

മലയാളം ബ്ലോഗെഴുത്തുകാര്‍ക്കിടയില്‍ രണ്ട് ലോബിയേയുള്ളൂ: എഴുതുന്നത് വായിക്കപ്പെടാന്‍ പരസഹായം ആവശ്യമുള്ളവരും ഇല്ലാത്തവരും. എല്ലാ എഴുത്തുകാരും ആദ്യം പറഞ്ഞ ലോബിയില്‍ അംഗങ്ങളായാണ് തുടങ്ങുന്നത്. ചിലര്‍ രണ്ടാം ലോബിയിലേയ്ക്ക് പോകുന്നു, ചിലര്‍ ആദ്യലോബിയില്‍ തന്നെ തുടരുന്നു.

ദേവന്‍റെ പരീക്ഷണം മൂലം ഈ ലോബിമാറ്റത്തിനെടുക്കുന്ന സമയം കണക്കാക്കാം, അത്രമാത്രം.

അധികമാളുകളാല്‍ വായിക്കപ്പെടാന്‍ എളുപ്പവഴിയൊന്നുമില്ല. നന്നായി എഴുതുകയേ മാര്‍ഗ്ഗമുള്ളൂ. ഏതു ബ്ലോഗും ആരും ഒരിക്കല്‍ വന്നു വായിച്ചു പോകാവുന്നതേയുള്ളൂ. മറ്റു വ്യവസായങ്ങളിലെന്നപോലെ വീണ്ടും വരുന്ന ഉപയോക്താക്കളാണ് (റിപീറ്റ് കസ്റ്റമേഴ്സ്) ബ്ലോഗിന്‍റെയും ജീവനാഡി. വീണ്ടും വന്നു വായിക്കുന്ന രീതിയില്‍ ബ്ലോഗൊരുക്കാന്‍ ലോബിയില്‍ ചേര്‍ന്നിട്ടോ, “ഞാന്‍ വീണ്ടും എഴുതിയേ” എന്ന് പരക്കെ ഈ-മെയില്‍ അയച്ചിട്ടോ, ചാനലുകളില്‍ പരസ്യം നല്‍കിയിട്ടോ കാര്യമില്ല. വായനയോഗ്യമായ എഴുത്തുതന്നെ ശരണം. (വായിക്കപ്പെടാതിരിക്കലും ശ്രദ്ധിക്കപ്പെടാതിരിക്കലും രണ്ടാണ് എന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ.)

വീണ്ടും വന്നു വായിക്കാതിരിക്കാന്‍ എഴുത്തുകാരന്‍ അധികം കഷ്ടപ്പെടേണ്ട കാര്യമില്ല. താഴെപ്പറയുന്നവയില്‍ നിങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച് ഏതെങ്കിലും മാര്‍ഗ്ഗം തിരഞ്ഞെടുത്താല്‍ മതി.

൧. കാണുമ്പോള്‍ ‘അയ്യേ!’ എന്നു തോന്നിപ്പിക്കുന്ന ഒരു പേര് ബ്ലോഗിന് ഉപയോഗിക്കുക. (ഉദാ: ‘ഒന്നു പോടേ’, ‘എന്നതാ അവിടത്തെ വിശേഷം?’, ‘പറയാന്‍ മനസ്സില്ല’ തുടങ്ങിയവ. ഉദാഹരണങ്ങള്‍ പറയുന്നത് ആരും അവഹേളനമായി കരുതരുത്. ബ്ലോഗിന്‍റെ പേര് ചാരുതയാര്‍ന്നതല്ലെങ്കിലും വളരെ നന്നായി എഴുതുന്ന ഒട്ടനവധി ബ്ലോഗര്‍മാര്‍ ഉണ്ടെന്നത് മറക്കുന്നില്ല.)

൨. ആദ്യപോസ്റ്റുതന്നെ വായനക്കാരെ ആട്ടിയോടിക്കും വിധം തയ്യാറാക്കുക. ‘മലയാളം എഴുതാന്‍ പഠിച്ചു, എന്നാപ്പിന്നെ അറിയാവുന്ന തെറിയൊക്കെ ഒന്നൊന്നായി എഴുതാം. നീയാരാടാ ചോദിക്കാന്‍?’ എന്നു തുടങ്ങിയാല്‍ വളരെ നല്ലത്.

൩. ഓരോ വാചകത്തിലും കുറഞ്ഞത് മൂന്ന് വാക്കുകളെങ്കിലും തെറ്റായെഴുതുക. മലയാളത്തില്‍ റ്റൈപ്പ് ചെയ്യാന്‍ പഠിച്ചു വരുമ്പോള്‍ ‘കൃതി’യെ ‘ക്രതി’യാക്കുന്ന തെറ്റല്ല ഉദ്ദേശിക്കുന്നത്. ‘അവളുടെ പ്രഷ്ട ഫാഗത്ത് നോക്കിയതും എന്‍റെ ജിവന്‍ പേയി’ എന്ന തരം.

൪. മറ്റുള്ള ബ്ലോഗര്‍മാരുടെ കൃതികള്‍ അപ്പടി അടിച്ചു മാറ്റി എഴുത്താരംഭിക്കുക. ഏറ്റവും അവസാനത്തെ ഉദാഹരണം ഇവിടെ.

൫. വിവാദമുണ്ടാക്കുന്ന പോസ്റ്റുകള്‍ (മതവും രാഷ്ട്രീയവും അത്യുത്തമം) മതിയായ തെളിവും റെഫറന്‍സുകളുമില്ലാതെ എഴുതിവിടുക. (ഇങ്ങനെയുള്ള പോസ്റ്റുകള്‍ക്ക് വായനക്കാര്‍ കുറയും എന്നാണ് സാമാന്യബുദ്ധി പറയുന്നതെങ്കിലും അങ്ങനെയല്ല എന്നതിനും തെളിവുകള്‍ ബൂലോഗത്തു കാണാം.)

മനോഹരമായി എഴുതിയിട്ടും ശ്രദ്ധിക്കപ്പെടുന്നില്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് ദുര്യോധനന്‍ ഇവിടെ പറഞ്ഞിട്ടുള്ളതിനാല്‍ ഇനിയും വിശദീകരിക്കുന്നില്ല. ഇല്ലാത്ത ലോബികള്‍ക്കു പിന്നാലെ നടക്കാതെ നല്ല പോസ്റ്റുകള്‍ എഴുതി പ്രസിദ്ധീകരിച്ചാല്‍ അത് ഞാനുള്‍പ്പെടുന്ന വായനക്കാര്‍ക്ക് നിങ്ങള്‍ ചെയ്യുന്ന വലിയൊരു സേവനമായിരിക്കും.

Labels: ,

Thursday, August 30, 2007

അമ്പട ഞാനേ!

മലയാളി ബ്ലോഗര്‍മാരുടെ എഴുത്തില്‍ ഞാന്‍ എന്ന വാക്കിന്‍റെ അതിപ്രസരം കാണണമെങ്കില്‍ മറ്റെങ്ങും പോകേണ്ട ആവശ്യമില്ല. ഇതാ, ഈയുള്ളവന്‍റെ ബ്ലോഗു തുറന്നുവച്ചു രണ്ടുവരി വായിച്ചാല്‍ മതി! സംസാരത്തിലും എഴുത്തിലും വര്‍ദ്ധിച്ചുവരുന്ന ഈ പ്രവണതയേക്കാള്‍ രസകരമെന്ന് തോന്നിയേക്കാവുന്ന മറ്റൊരു കാര്യമാണ്, പക്ഷേ, ഇവിടെ പ്രതിപാദ്യ വിഷയം.

പണ്ട് ഗോപാലപിള്ള സാറ് പറയാറുണ്ടായിരുന്നപോലെ; കുട്ടികളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്ന ഒരു അഭ്യാസമാണ് ഞാന്‍ നല്‍കാന്‍ പോകുന്നത്. എല്ലാവരും, ശബ്ദമുണ്ടാക്കാതെ ഉത്തരം കണ്ടു പിടിച്ച് ആര്‍ക്കും കാണിച്ചു കൊടുക്കാതെ ഉത്തരപ്പേപ്പറില്‍ എഴുതി പേപ്പര്‍ കമഴ്ത്തി വയ്ക്കുകയും പേന അടച്ചു വയ്ക്കുകയും ചെയ്യുക.

നമുക്കു കണ്ടുപിടിക്കാം:
(പണ്ടുകാലത്തെ മൂന്നാംക്ലാസ് സയന്‍സ് പാഠപുസ്തകത്തോട് കടപ്പാട്.)

൧. സ്വന്തമായി ബ്ലോഗുള്ളവര്‍ എല്ലാവരും അവരവരുടെ ബ്ലോഗ് തുറക്കുക (ബ്ലോഗില്ലാത്തവര്‍ സ്ഥിരം വായിക്കുന്ന ഏതെങ്കിലും നല്ല ബ്ലോഗ് തുറന്നു വയ്ക്കുക)

൨. “ഞാനും” എന്ന വാക്ക് (ഉദ്ധരണി ഉപേക്ഷിച്ച ശേഷം) ആ ബ്ലോഗില്‍ സേര്‍ച് ചെയ്യുക

൩. സേര്‍ച് റിസല്‍റ്റുകള്‍ ഓരോന്നായി പരിശോധിക്കുക
  • ‘ഞാനും’ എന്നത് മറ്റു ആളുകളോടൊപ്പമോ ജീവികളോടൊപ്പമോ അല്ല പ്രയോഗിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ അടുത്ത റിസല്‍റ്റിലേയ്ക്ക് നീങ്ങുക (ഉദാ: അതു തന്നെ ഞാനും ആലോചിച്ചു.)

  • ‘ഞാനും’ എന്ന വാക്കിനുശേഷം, തൊട്ടടുത്ത വാക്കുകളില്‍, മറ്റാരെയെങ്കിലും പറ്റി പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവയുടെ എണ്ണുമെടുക്കുക (ഉദാ: ഞാനും എന്‍റെ സുഹൃത്തും കൂടി അവിടെ പോയി.)

  • ‘ഞാനും’ എന്ന വാക്കിനു മുമ്പ്, തൊട്ടടുത്ത വാക്കുകളില്‍, മറ്റാരെയെങ്കിലും പറ്റി പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവയുടെ എണ്ണവും എടുക്കുക (ഉദാ: അനിയനും ഞാനും കൂടി കളിക്കുകയായിരുന്നു.)

ശരിതെറ്റുകളും പ്രയോഗസാധുതയും

ഞാനും സുഹൃത്തും എന്നു പറയുന്നതും സുഹൃത്തും ഞാനും എന്നു പറയുന്നതും തമ്മില്‍ ഭാഷാപരമായി വ്യത്യാസമൊന്നുമില്ല. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിദേശ/അന്യ ഭാഷകളില്‍ ‘ഞാനും’ എന്നത് അവസാനം പറയുന്നതിനാണ് പ്രയോഗസാധുതയെന്നു മാത്രം (ഉദാ: My friends and I എന്നതാണ് I and my friends എന്നതിനേക്കാള്‍ അംഗീകരിക്കപ്പെട്ട പ്രയോഗം). നിത്യേന നമ്മുടെ ജീവിതത്തില്‍ നിറയുന്ന ഞാനെന്ന ഭാവത്തിന്‍റെ ആധിക്യം വച്ചു നോക്കുമ്പോള്‍, ഇക്കാര്യത്തില്‍ മാത്രം വിദേശിയെ അനുകരിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നുന്നു.

Labels: ,

Monday, May 21, 2007

കമന്‍റിനും ക്രമനമ്പര്‍

ഒരു ബ്ലോഗു തുടങ്ങി രണ്ടു നാലു പോസ്റ്റൊക്കെയിട്ട് കമന്‍റു വരുന്നതും നോക്കിയിരിക്കുമ്പോള്‍ ബൂലോകത്ത് ഒരു മാഫിയാമണമടിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ ഉല്‍കണ്ഠയൊക്കെ അതിജീവിച്ച്, കിട്ടുന്ന കമന്‍റൊക്കെ എണ്ണിപ്പെറുക്കി നാളുകള്‍ തള്ളി നീക്കുമ്പോള്‍, ഒരു കമന്‍റു പ്രളയമുണ്ടായാലോ?

അപ്പോള്‍ വരും, കഴുകന്‍ കണ്ണുകളുമായി ചിലര്‍. അമ്പതാമത്തെയും നൂറ്റമ്പതാമത്തെയും കമന്‍റുകൊണ്ട് തൃപ്തിപ്പെടുന്ന ചിലര്‍, നൂറ്, ഇരുനൂറ് എന്നിവ മാത്രമടിക്കുന്ന ചിലര്‍, ഇരുനൂറ്റമ്പത്, അഞ്ഞൂറ് എന്നിവയില്‍ മാത്രം കണ്ണുള്ള ചില വമ്പന്മാര്‍ വേറേയും. ചിലര്‍ ഒറ്റയ്ക്കാക്രമിക്കുന്നവരാണെങ്കില്‍, മറ്റുചിലരാവട്ടെ, കൂട്ടത്തോടെ ആക്രമിക്കുന്നവരാകുന്നു. ചില എഴുത്തുകാര്‍ക്ക് ഈ കമന്‍റ് പ്രളയം ഇഷ്ടമാണ്. മറ്റു ചിലര്‍ക്ക് ഇതിനോട് വലിയ തൃപ്തിയില്ല. കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേ, ഞാനായിട്ട് വേണ്ടെന്നു പറയുന്നില്ല എന്നുള്ളവരാണ് അധികവും. ഒരു കാര്യത്തില്‍ തര്‍ക്കമില്ല: കമന്‍റ് സങ്കീര്‍ണ്ണമാണ്.

ദേഹം നോക്കാതെ കമന്‍റു തൊഴിലാളികള്‍ അത്യദ്ധ്വാനം ചെയ്യുന്ന ബ്ലോഗുകളുടെ ഉടമകള്‍ക്ക് വേണ്ടിയാകുന്നു ഈ കുറിപ്പ്. അധികം കമന്‍റു കിട്ടാത്ത ബ്ലോഗര്‍മാരും ഈ വിദ്യ ഉപയോഗിച്ചാല്‍ എളുപ്പം കമന്‍റുകള്‍ സ്വന്തമാക്കാം. ഇത് വായിച്ചു പുച്ഛിച്ചു തള്ളുന്നവരുടെ ബ്ലോഗുകളില്‍ അടുത്ത ആറുമാസം കമന്‍റു വീഴാനുള്ള സാധ്യത വിരളമാണ്.

കമന്‍റുകള്‍ക്ക് എങ്ങനെ ക്രമനമ്പര്‍ നല്‍കാം എന്നാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇതുകൊണ്ടുള്ള പ്രയോജനമെന്തെന്നോ? പോസ്റ്റുനോക്കുന്നയാള്‍ക്ക് ഇതുവരെ എത്ര കമന്‍റായി എന്നും താന്‍ ഇട്ട (അഥവാ ഇടാന്‍ പോകുന്ന) കമന്‍റ് ഏതെങ്കിലും നാഴികക്കല്‍ക്കമന്‍റ് ആവുമോ എന്നും എളുപ്പം മനസ്സിലാവുന്നു. ഇതുമൂലം ആ പോസ്റ്റിലെ കമന്‍റിന്‍റെ എണ്ണം കൂടുന്നതെങ്ങനെ എന്ന് നോക്കാം:

ബൂലോകത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു വായനക്കാരന്‍റെ അല്ലെങ്കില്‍ വായനക്കാരിയുടെ (വക്കാരിയുടെയല്ല) സ്ഥാനത്ത് നിങ്ങളെ സങ്കല്പിക്കുക. തേങ്ങ തിരുവുന്നതിനെപ്പറ്റിയെഴുതിയ പോസ്റ്റില്‍ ആരൊക്കെയോ ചേര്‍ന്ന് 24 കമന്‍റുകള്‍ അടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു കമന്‍റിടണം എന്ന തോന്നല്‍ വരാതിരിക്കുമോ?

സങ്കല്പ പുഷ്പക വിമാനത്തിലേറിയ സ്ഥിതിയ്ക്ക് നമുക്ക് അല്പം കൂടി മുന്നോട്ടു പോകാം. നിങ്ങള്‍ 25 അടിച്ചു പോയ ആ പോസ്റ്റ് പതിനഞ്ചുമിനിറ്റു കഴിഞ്ഞപ്പോല്‍ തൊഴിലാളികള്‍ കീഴടക്കി എന്നും സങ്കല്പിക്കുക. ഭാഗ്യം നിങ്ങളുടെ കൂടെ ആയതുകൊണ്ട്, നിങ്ങള്‍ക്ക് നൂറടിക്കാനായി ‘യാരോ ഒരാള്‍’ തൊണ്ണൂറ്റി ഒമ്പതാം കമന്‍റിട്ടിട്ടു പോയിരിക്കുന്നു. സമയം കളയാതെ നിങ്ങള്‍ നൂറടിക്കുന്നു. ഇനിയും സങ്കല്പയാത്ര തുടരുക. നിങ്ങള്‍ തന്നെ ഇരുനൂറാമത്തെയും മുന്നൂറ്റമ്പതാമത്തെയും കമന്‍റ് ആ പോസ്റ്റില്‍ ഇടുന്നു.

രണ്ടാഴ്ച കഴിഞ്ഞൊരു വെള്ളിയാഴ്ച (നിങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ജീവിക്കുന്നയാളാണെങ്കില്‍ വ്യാഴാഴ്ച) കൂട്ടുകാരോടൊത്ത് അതുമിതും പറഞ്ഞിരിക്കുന്നതിനിടയില്‍, വിഷയം കമന്‍റോളജി ആവുകയും നാഴികക്കല്‍ക്കമന്‍റുകളിടുന്നതില്‍ നിങ്ങളുടെ പ്രാഗത്ഭ്യം നിങ്ങള്‍ വിളിച്ചു കൂവുകയും ചെയ്യുന്നു. എന്തിനേറെപ്പറയുന്നു, കൂട്ടുകാര്‍ തെളിവാവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ പോസ്റ്റു വീണ്ടും തപ്പിയെടുക്കുന്നു. നാളിതുവരെ 640 കമന്‍റുകള്‍ വീണ ആ പോസ്റ്റിലാവട്ടെ, കമന്‍റ് ക്രമനമ്പറുകളില്ലാത്തതിനാല്‍ മുന്നൂറ്റമ്പതാം കമന്‍റ് നിങ്ങളുടേതാണെന്ന് തെളിയിക്കണമെങ്കില്‍ കുത്തിയിരുന്ന് എണ്ണിപ്പെറുക്കണമെന്ന അവസ്ഥ.

കമന്‍റു ക്രമനമ്പരിന്‍റെ ആവശ്യം മനസ്സിലായ സ്ഥിതിയ്ക്ക് നിങ്ങളുടെ ബ്ലോഗ്സ്പോട്ട് ബ്ലോഗില്‍ ഇതെങ്ങനെ സാധിക്കാം എന്നു നോക്കാം.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ വക കുസൃതികള്‍ കാണിക്കുന്നതിനു മുമ്പ് റ്റെം‍പ്ലേയ്റ്റ് ബായ്കപ്പ് ചെയ്യേണ്ടതാണ്.)

൧. ബ്ലോഗ്സ്പോട്ടിന്‍റെ ഡാഷ്ബോഡിലേയ്ക്ക് ലോഗിന്‍ ചെയ്യുക.



൨. ലോഗിന്‍ ചെയ്തു കഴിഞ്ഞ് നിങ്ങളുടെ ബ്ലോഗ് സെറ്റിംഗില്‍ ലേ ഔട്ട് എന്ന ലിങ്കില്‍ ക്ലിക്കുക.



൩. അടുത്തപടി എഡിറ്റ് എഛ്. റ്റി. എം. എല്‍ എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുകയാണ്.



൪. അടുത്ത പേജില്‍ എക്സ്പാന്‍ഡ് വിജെറ്റ് റ്റെം‍പ്ലേയ്റ്റ് എന്ന ചെക്ബോക്സ് ചെക്കു ചെയ്യുക.



൫. ഇനി, റ്റെം‍പ്ലേയ്റ്റിലുള്ളവ മുഴുവന്‍ സിലെക്റ്റ് ചെയ്യുക (മൌസ് കൊണ്ട് റൈറ്റ് ക്ലിക് ചെയ്ത് സിലെക്റ്റ് ഓള്‍ എന്നതില്‍ ക്ലിക് ചെയ്യണം). അതു കഴിഞ്ഞ് അവ കോപ്പി ചെയ്യണം (മൌസ് റൈറ്റ് ക്ലിക്, കോപ്പി).



൬. ഇങ്ങനെ കോപ്പി ചെയ്തത് ഒരു റ്റെക്സ്റ്റ് എഡിറ്ററില്‍ (നോട്പാഡ്) പേയ്സ്റ്റ് ചെയ്യുക.

൭. ഇനിയാണ് തന്ത്രപ്രധാനമായ ഭാഗം: നോട്പാഡില്‍ data:post.comments എന്ന വാക്കുകള്‍ ഉള്ള വരി കണ്ടു പിടിക്കുക. (ഇതിന് ഇങ്ങനെ ചെയ്താല്‍ മതിയാവും: നോട്പാഡ് വിന്‍ഡോയില്‍ കണ്‍‍ട്രോള്‍ കീയും ഹോം കീയും ഒന്നിച്ചമര്‍ത്തുക. ഇപ്പോള്‍ നിങ്ങള്‍ നോട്പാഡിന്‍റെ ആദ്യ വരിയിലെത്തി. ഇനി, കണ്‍‍ട്രോള്‍ കീയും കീബോഡിലെ F കീയും അമര്‍ത്തുക. Find എന്ന ഒരു ഡയലോഗ് മുന്നില്‍ വരും. Find what എന്ന് ചോദിക്കുന്നിടത്ത് data:post.comments എന്നത് വള്ളിപുള്ളി വിടാതെ ടൈപ്പ് ചെയ്യുക [ഇവിടുന്ന് കോപ്പി-പേയ്സ്റ്റ് ചെയ്താലും മതി]. എന്നിട്ട് Enter കീ അമര്‍ത്തുക.)

൮. ഈ വരിക്ക് തൊട്ടുമുമ്പും ശേഷവും ചിത്രത്തില്‍ കാണുന്ന പോലെ ol , li എന്നിവ ചേര്‍ക്കുക.



൯. ഇനി, ഇരുപതോളം വരികള്‍ക്കു ശേഷം, b:loop എന്നതുള്‍പ്പെടുന്ന വരി കണ്ടു പിടിക്കുക. ഈ വരിക്ക് തൊട്ടുമുമ്പും ശേഷവും ചിത്രത്തില്‍ കാണുന്ന പോലെ li, ol എന്നിവ ചേര്‍ക്കുക (ഇവിടെ li-യ്ക്കും ol-നും മുമ്പ് കാണുന്ന / മറക്കരുത്).



൧൦. ഇനി ഇതെല്ലാം നോട്പാഡില്‍ നിന്നും കോപ്പി ചെയ്ത് ബ്ലോഗര്‍ റ്റെം‍പ്ലേയ്റ്റിലേയ്ക്ക് പേയ്സ്റ്റ് ചെയ്യുക. എന്നിട്ട് റ്റെം‍പ്ലേയ്റ്റ് സേവ് ചെയ്യുക.

കമന്‍റുകളുടെ ക്രമനമ്പറുകള്‍ റെഡി.

Labels: ,

Saturday, March 31, 2007

പോസ്റ്റ് ലേബലുകള്‍: പ്രസക്തിയും പ്രാധാന്യവും

എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനായ ദേവന്‍റെ കമന്‍ററ എന്ന ബ്ലോഗിലെ ഇന്നത്തെ പോസ്റ്റിനുള്ള ലേബല്‍ കണ്ടപ്പോഴാണ് കുറച്ചുകാലമായി എഴുതണമെന്ന് കരുതിയ ഈ വിഷയം ഇന്നുതന്നെ എഴുതിയേക്കാം എന്ന് തോന്നിയത്.

മലയാളം ബ്ലോഗെഴുത്തിന് ഇന്ന് പ്രധാനമായും ബ്ലോഗ്സ്പോട്ടും വേഡ്പ്രസ്സുമാണല്ലോ ഉപയോഗിക്കുന്നത്. ഈ രണ്ടു സെര്‍വീസുകളും പോസ്റ്റുകള്‍ക്ക് ലേബല്‍ ഇടാനുള്ള മാര്‍ഗം എഴുത്തുകാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഈ സൌകര്യം കാര്യമായി ഉപയോഗപ്പെടുത്തുന്ന ബ്ലോഗര്‍മാര്‍ അധികമില്ല എന്നത് ഖേദകരമായ സത്യമാണ്.

കൊടകരപുരാണം, ലാപുട, മണ്ടത്തരങ്ങള്‍ തുടങ്ങി, പ്രധാനമായും ഒരു കേന്ദ്രീകൃത വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളുള്ളവര്‍ക്ക് ഓരോ പോസ്റ്റുകള്‍ക്കും ലേബലിടേണ്ടതിന്‍റെ ആവശ്യം അധികമില്ല. എന്നാല്‍, ഫോട്ടോഗ്രഫി, രാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, തുടങ്ങിയവ വിഷയമാകുന്ന ബ്ലോഗുകള്‍, ആ വിഷയങ്ങളെ അടുക്കും ചിട്ടയോടും കൂടി ഒരുക്കി വയ്ക്കാനും വായനക്കാരന് ഒരു പോസ്റ്റ് പെട്ടെന്ന് കണ്ടുപിടിക്കത്തക്ക വിധം കാറ്റഗറി തിരിച്ചു വയ്ക്കാനും പോസ്റ്റു ലേബലുകള്‍ ഉപയോഗിക്കാവുന്നതാണ്.

ലേബലുകള്‍ ഏറ്റവും പ്രയോജനപ്പെടുന്നത് അവിയല്‍ ബ്ലോഗുകളിലത്രേ. സൂര്യനു കീഴുലുള്ള വിഷയങ്ങളെല്ലാം ഒരു ബ്ലോഗില്‍ ഒതുക്കുന്നവര്‍ക്ക് ലേബലുകള്‍ ഒരനുഗ്രഹം തന്നെ. ഉദയസൂര്യന്‍റെ നാട്ടില്‍, കമന്‍ററ, ഓഫ് യൂണിയന്‍, വിവാഹിതര്‍ തുടങ്ങിയ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വിഷയത്തിനനുസരിച്ച് ലേബലിടുകയും ആ ലേബലുകള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യേണ്ടത് വായനക്കാരോട് ചെയ്യുന്ന വലിയ സേവനമായിരിക്കും.

ലേബലിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
  • പോസ്റ്റുമായി ബന്ധമുള്ള വാക്കോ, വാക്യമോ ലേബലിനായി ഉപയോഗിക്കുക. ഒറ്റവാക്കാണ് ഏറ്റവും കാമ്യം. (ഇത് നിയമമൊന്നുമല്ല. ‘കവിത’ എന്ന ലേബല്‍ ‘എന്‍റെ കവിതകള്‍’ എന്ന ലേബലിനേക്കാള്‍ മെച്ചമാണെന്നു മാത്രം. ‘നമുക്കിതൊക്കെ മതിയെന്നേ ഇതുതന്നെ കൊണ്ടുപോകാനുള്ള പാട്’ എന്ന നെടുങ്കന്‍ വാചകം ലേബലിനനുയോജ്യമാണോ എന്ന് എഴുത്തുകാരന്‍ ഒന്നുകൂടി ആലോചിക്കട്ടെ.)
  • ലേബല്‍ ഒരു കാറ്റഗറിയാണ്. ആ കാറ്റഗറിയില്‍ ഇനിയും പോസ്റ്റുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒരു കാറ്റഗറിയില്‍ (ഇടാനുദ്ദേശിക്കുന്ന ലേബലില്‍) ഒരു പോസ്റ്റേ എഴുതുന്നുള്ളൂ എങ്കില്‍ ആ ലേബല്‍ കഴിവതും ‘ജെനെറിക്’ ആക്കുക. (ഉദാ: ‘യാത്രാവിവരണം’ എന്നതാണ് ‘പൊന്മുടി യാത്ര’ എന്നതിനേക്കാള്‍ മെച്ചം. എന്നാല്‍ പല യാത്രകള്‍ വിവരിക്കുന്ന കുറുമാന്‍; ‘യൂറോപ്യന്‍ യാത്രകള്‍’, ‘ഡല്‍ഹിക്കു ചുറ്റും’ എന്നിങ്ങനെ ലേബലിടുന്നത് വായനക്കാര്‍ക്ക് സഹായകമാവുകയേയുള്ളൂ. എങ്കിലും അഗ്രിഗേറ്ററുകള്‍ക്ക് പഥ്യം ‘യാത്രാവിവരണം’ എന്ന ഒരച്ചില്‍ പണിഞ്ഞ വാക്കുതന്നെ.)
  • പോസ്റ്റിനു യോജിക്കുമെങ്കിലും ഭാവിയില്‍ (വായനക്കാര്‍ക്കോ എഴുത്തുകാരനോ) പ്രയോജനപ്രദമല്ലാത്ത വിധത്തിലുള്ള ലേബലുകള്‍ ഒഴിവാക്കുക. (ഉദാ: ‘ഇന്ന് എഴുതിയത്’, ‘അമ്പതാം പോസ്റ്റ്’ തുടങ്ങിയവയ്ക്ക് ഒരു ലേബല്‍ എന്ന നിലയില്‍ വലിയ സ്ഥാനമില്ല.)
  • തന്‍റെ എല്ലാ പോസ്റ്റിനും ചേരും എന്ന നിലയിലുള്ള ലേബലുകള്‍ ഒഴിവാക്കുക. (ഉദാ: റ്റി. കെ. സുജിത്തിന്‍റെ കാര്‍ട്ടൂണ്‍ ബ്ലോഗില്‍ ഏതെങ്കിലും ഒരു കാര്‍ട്ടൂണിന് ‘കാര്‍ട്ടൂണ്‍’ എന്ന ലേബലിടുന്നത് സഹായകമല്ല.)
  • അനുയോജ്യമെങ്കില്‍, ഒരു പോസ്റ്റിന് ഒന്നില്‍ കൂടുതല്‍ ലേബലുകള്‍ ഇടുന്നത് നല്ലതാണ്. (ഉദാ: ബ്ലോഗിനെപ്പറ്റി എഴുതുന്ന ഒരു ലേഖനത്തിന് ‘ബ്ലോഗ്’, ‘ലേഖനം’ എന്നീ ലേബലുകള്‍ ഉപയോഗിക്കാമല്ലോ.)
  • പോസ്റ്റിന്‍റെ പേരുതന്നെ ലേബലായി ഉപയോഗിക്കുന്നത് കടുത്ത അപരാധമൊന്നുമല്ലെങ്കിലും അതിനര്‍ഥം ആ പോസ്റ്റിന് പറ്റിയ കാറ്റഗറി വേറേ ഇല്ല എന്നാണല്ലോ. രണ്ടാമതാലോചിക്കേണ്ടുന്ന കാര്യം തന്നെ.
വായനക്കാര്‍ക്ക് സഹായകമാം വിധം കാറ്റഗറി തിരിച്ചു കഴിഞ്ഞാല്‍ അത് വായനക്കാര്‍ക്ക് ലഭ്യമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. (ബ്ലോഗ്സ്പോട്ടിലും വേഡ്പ്രസ്സിലും ഇതിനു മാര്‍ഗമുണ്ട്. ) ഇങ്ങനെ ഒരുക്കി വച്ചിട്ടുള്ള ഒരാളാണ് പെരിങ്ങോടന്‍. പെരിങ്ങോടന്‍റെ കവിതകളെല്ലാം ഒന്നുകൂടി വായിക്കണം എന്ന് തോന്നുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ചെന്ന് കവിത എന്ന കാറ്റഗറിയില്‍ ക്ലിക്ക് ചെയ്താല്‍ മതി. എത്ര അനായാസം, അല്ലേ?

ഇതിനെല്ലാം പുറമേ, ലേബലുകളെ ആശ്രയിച്ച് പോസ്റ്റുകളെ കാറ്റഗറി തിരിക്കുന്ന ഒരു അഗ്രിഗേറ്റര്‍ ഉണ്ടാകുന്ന നാളില്‍, പോസ്റ്റെഴുതുന്നയാള്‍ ഈമെയില്‍ ഫില്‍റ്ററുകളുടെ സഹായത്താല്‍ വിവിധ ഗ്രൂപ്പുകളിലേയ്ക്കും മറ്റും പോസ്റ്റും കമന്‍റും തിരിച്ചു വിടുന്നതിനു പകരം, ആ ജോലികൂടി യന്ത്രവല്‍ക്കരിക്കാന്‍ നമുക്കാവുകയും ചെയ്യും.

Labels: ,

Sunday, March 04, 2007

Yahoo’s Content Theft: A Protest (ചോരസാമ്രാജ്യം)

കക്കുമ്പോള്‍ ഒരു തരിനാണവും നടിക്കാ-
തൊക്കും പോല്‍ കഥ, വര, പാചകം; ചമയ്ക്കൂ!
കയ്യോടേ കളിപിടികൂടിലോ ക്ഷമിക്കും,
അയ്യോടാ! പലവഴിയാക്കിയോർ കടക്കും.

Despite many a call for a public apology (1, 2, and more) for lifting blog posts from a number of Malayalam blogs (1, 2, 3), Yahoo maintains that the subcontractor who provided content is at fault. The subcontractor, on the other hand, has already demonstrated its unprofessionalism in handling the issue (1, 2, 3).

The issue, at the moment, remains unresolved.

I protest against Yahoo’s unethical business practices in what is arguably one of the largest of its markets and demand an apology for violating bloggers’ copyrights.

(വൃത്തം: പ്രഹർഷിണി)

Labels: , , ,

Wednesday, February 28, 2007

കക്കാനും നില്‍ക്കാനും പഠിച്ചവര്‍

നമ്മുടെ പിന്നാമ്പുറത്തു നിന്ന് കറിവേപ്പില മോഷണം പോയിട്ട് മാസം ഒന്നാവാന്‍ പോകുന്നു. യാഹുവിന്‍റെ ബ്ലോഗു മോഷണത്തെപ്പറ്റി യാഹുവിനോട് പരാതിപ്പെട്ടു. ഞാനല്ല, എന്‍റെ കാര്യസ്ഥനാണ് മോഷ്ടാവ്, അവന്‍റെ കുത്തിനു പിടിക്കൂ എന്നു യാഹു. കാര്യസ്ഥന്‍ കുത്തിനു പിടിക്കാന്‍ നിന്നിട്ടു വേണ്ടേ? കയ്യബദ്ധമാണെന്ന് കാര്യസ്ഥന്‍റെ വീട്ടുകാര്‍.

അവസാനം ഇത് വലിയ കാര്യമാക്കാതെ തരമില്ലെന്നായി. ബൂലോഗ ക്ലബ്ബു പോലൊന്നുമല്ല പ്രസ്ക്ലബ്ബ്. അവിടെ എല്ലാരും ഒന്നാണ്. എന്തൊരു സഹോദര സ്നേഹം! കണ്ടു പഠിക്കണം.

“തെളിവ്?”
“ദാ, ഈ സൈറ്റുകള്‍ നോക്കൂ!”
“ഏ. പി. റിപ്പോര്‍ട്ടു ചെയ്തോ?”
“ഇല്ല. പക്ഷേ നിങ്ങള്‍ക്കാകാമല്ലോ.”
“ആകാം, മുട്ടടി കാരണം പറ്റുന്നില്ല. അടുത്ത തവണ ഉറപ്പ്.”
“അടുത്ത തവണയോ? ബ്ലോഗില്‍ നിന്നും അടിച്ചു മാറ്റുന്നതിന് അറുതി വരില്ലെന്നാണോ?”

യാഹുവിനെ അറിയിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കി പ്രതിഷേധിക്കാന്‍ മറ്റു വഴികള്‍ നോക്കി വരികയായിരുന്നു. മറ്റൊന്നിനുമല്ല, ഈ വഴിക്ക് പണമോ പ്രശസ്തിയോ ആഗ്രഹിച്ചല്ല. തെറ്റ് തെറ്റായിക്കാണാനുള്ള ആഗ്രഹം.

നാഴികയ്ക്ക് നാല്പതുവട്ടം നാടു നന്നാവില്ല എന്നു പറഞ്ഞാല്‍ പോര, അതിനു കാരണമാവുന്നതിനെതിരെ പ്രതികരിക്കണം, പ്രതിഷേധിക്കണം.

മാര്‍ച്ച് അഞ്ചിന് ഒരു കൂട്ട പ്രതിഷേധം. ഇനിയിതാവര്‍ത്തിക്കില്ല എന്ന ഉറപ്പോടെ, മാതൃകാപരമായി, മാന്യമായി പറഞ്ഞുതീരുന്നില്ലെങ്കില്‍, മാര്‍ച്ച് അഞ്ചിനുള്ള പ്രതിഷേധത്തില്‍ എല്ലാ മലയാളം ബ്ലോഗര്‍മാരും പങ്കുചേരാന്‍ അപേക്ഷിക്കുന്നു. അതുവഴി, അടഞ്ഞുതന്നെ കിടക്കുന്ന കണ്ണുകളില്‍ അല്പം വെളിച്ചം വീഴുന്നെങ്കില്‍ വീഴട്ടെ. പരസ്യമായ കുറ്റസമ്മതം, ഖേദപ്രകടനം. പിന്നെ മുതലിന്നുടമ ആവശ്യപ്പെടുന്നെങ്കില്‍ മാന്യമായ നഷ്ടപരിഹാരം.

കമ്യൂണിറ്റിയുടെ വിഷമം മാറ്റാന്‍ മാര്‍ച്ച് രണ്ടിന് കോടതി കൂടുന്നത്രേ. മുതലുടമയുമായി ഫോണിലും മെയിലിലും സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനിടയില്‍ അല്പം സമയം കിട്ടിയപ്പോള്‍ സമൂഹത്തിനെ തലോടാനെത്തിയതാണെന്നുമാണ് തസ്കരവീരന്‍റെ അറിയിപ്പ്. എന്‍റെ ഈ-മെയിലില്‍ കിട്ടിയതായതിനാല്‍ എന്നേയും ക്ഷണിച്ചിട്ടുണ്ട് എന്നു കരുതുന്നു.

From: Vinay Chhajlani
Date: Wednesday, February 28, 2007 1:27 AM
To: wdblog@webdunia.com
Subject: Malayalam Recipe Content


Dear Bloggers,

This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website ( http://malayalam.yahoo.in ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.

http://webdunia.wordpress.com

We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.

Thanks and Regards,
Vinay Chhajlani | CEO | Webdunia.com ( India) Pvt Ltd
ഉഷ്ണം ഉഷ്ണേന ശാന്തി എന്നായതു കൊണ്ടാണോ ബ്ലോഗിലെ കളവിന് ബ്ലോഗില്‍ വച്ചുതന്നെ ഒത്തുതീര്‍പ്പു നടത്തുന്നത്? സ്വന്തമായി നാലിഞ്ച് സ്ഥലമില്ലാത്തതിനാലാണല്ലോ വേഡ്പ്രസിന്‍റെ അടുക്കളയില്‍ പാര്‍ട്ടി വിളിച്ചിരിക്കുന്നത്. വിധി നിര്‍ണ്ണയിക്കുന്നത് എങ്ങനെയാണാവോ? ഭൂരിപക്ഷം നോക്കിയാണോ, അതോ ബ്ലോഗിലെ പുലികളുടെ/ജനപ്രിയ എഴുത്തുകാരുടെ അഭിപ്രായപ്രകാരമോ? (പുലി, ജനപ്രീതി എന്നൊക്കെ പറയുന്നത് ആപേക്ഷികമല്ലേ? ഇന്നത്തെ പുലി, നാളത്തെ എലി; മറിച്ചും.)

‘കുട്ടനും മുട്ടനും’ കഥ ഓര്‍ക്കുന്നത് നന്ന്. ചോരവാര്‍ന്നൊഴുകുന്ന നെറ്റിയും കാത്ത്, കുമ്പിളും കുത്തിയിരിക്കുന്നവരോട്: സദ്യയ്ക്ക് ഒരില കുറച്ച് വച്ചാല്‍ മതി. ആ വഴിക്ക് ഞാനില്ല.

Labels: ,

Sunday, September 03, 2006

ബൂലോഗ ക്ലബിന് സംഭവിക്കുന്നത്

ബൂലോഗ ക്ലബ് ചവറുകൂനയാണെന്നും അഴുക്കുചാലാണെന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ ഈയടുത്ത കാലത്തായി ഉയര്‍ന്നിരിക്കുകയാണല്ലോ. ബൂലോഗ ക്ലബ് ഇത് രണ്ടുമല്ല-ആവരുത്-എന്ന എളിയ അഭിപ്രായമാണ് എനിക്കുള്ളത്. ഈ ഗതി തുടര്‍ന്നാല്‍ ക്ലബിനെ പിന്മൊഴി സം‌വിധാനത്തില്‍ നിന്നും വിലക്കും എന്ന് ഏവൂരാന് പറയേണ്ടി വന്നിരിക്കുന്നു.

തത്ത്വദീക്ഷയില്ലാത്ത പുതിയ പോസ്റ്റുകളാണ് ഇത്തരം അഭിപ്രായങ്ങള്‍ക്ക് കാരണമായി ഭവിക്കുന്നത്. ക്ലബിലെ അംഗങ്ങളെ, “ചുമ്മാ വാ” എന്ന് പറഞ്ഞാണ് ക്ഷണിച്ചിരിക്കുന്നത്. ‘സഭ്യവും നിയമാനുസൃതവുമായ’ എന്തും പോസ്റ്റാം എന്ന ക്ഷണം, സഭ്യവും നിയമാനുസൃതവുമായ എല്ലാം ഇവിടെ പോസ്റ്റൂ എന്ന് വ്യാഖ്യാനിക്കുന്നതാണബദ്ധം. ബൂലോഗ ക്ലബില്‍ ഒരു പോസ്റ്റ് ഇടുന്നതിനു മുമ്പ്, രണ്ടാവൃ‍ത്തി ആലോചിക്കൂ എന്നാണെന്‍റെ അപേക്ഷ.

ക്ലബില്‍ കൂട്ടായ്മയ്ക്കാണ് സ്ഥാനം, വ്യക്തിക്കല്ല. ബൂലോഗര്‍ക്ക് പൊതുവായി ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയങ്ങളാവണം പോസ്റ്റു ചെയ്യാന്‍ ഏറ്റവും അനുയോജ്യം. ബൂലോഗം, മലയാളം, ഭാരതം എന്നിവയുമായി നേരിട്ട് ബന്ധമുള്ള പോസ്റ്റുകള്‍ അഭികാമ്യമത്രേ. മറ്റു ബ്ലോഗുകളില്‍ ഇടയ്ക്കിടെ ഉണ്ടാവാറുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ (ഏത് വിഷയത്തെപ്പറ്റിയായാലും) ബൂലോഗ ക്ലബിലേയ്ക്ക് പറിച്ചുനടുന്നത്, പിന്നീട് തപ്പിയെടുക്കാന്‍ സഹായകമാവും.

സ്വന്തം കൃതിയുടെ പരസ്യവും പുതിയ സങ്കേതങ്ങളുടെ പരീക്ഷണവും ക്ലബില്‍ കല്ലുകടിയാണ്. പരസ്പരം മുതുകു ചൊറിയലും അരോചകമാണ്. വിശേഷദിവസങ്ങളുടെ ആശംസകള്‍ ക്ലബില്‍ നിന്നും ഒഴിവാക്കാവുന്നതേയുള്ളൂ. ഇതിനെല്ലാമാണ് സ്വന്തം ബ്ലോഗുകള്‍ ഉപയോഗിക്കേണ്ടത്. കാണേണ്ടവന്‍ വന്നു കണ്ടുകൊള്ളും. വിശപ്പില്ലാത്തവനെ നിര്‍ബന്ധിച്ചൂട്ടിക്കേണ്ട കാര്യമില്ല.

കമന്‍റുകളുടെ എണ്ണം പോസ്റ്റിന്‍റെ വില അളക്കുന്നതിന് മാനദണ്ഡമാകാന്‍ പാടില്ല. എന്നാലും ബൂലോഗ ക്ലബിനുവേണ്ടി ഇതൊരു മാനദണ്ഡമാക്കാവുന്നതേയുള്ളൂ. കുറഞ്ഞത് അഞ്ച് കമന്‍റുകളെങ്കിലും ഇല്ലാത്ത പോസ്റ്റുകള്‍ ബൂലോഗ ക്ലബില്‍ വരേണ്ടതായിരുന്നില്ല എന്ന് എഴുത്തുകാര്‍ മനസ്സിലാക്കേണ്ടതാണ്.

ക്ലബില്‍ പോസ്റ്റു ചെയ്യുന്നവര്‍ അക്ഷരത്തെറ്റുകള്‍ വരുത്തുന്നത് ക്ഷമയര്‍ഹിക്കാത്ത തെറ്റാണ്. അക്ഷരത്തെറ്റുകളുള്ള പോസ്റ്റുകള്‍ അവ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ എഴുത്തുകാര്‍ തിരുത്താത്തപക്ഷം, മറ്റൊന്നുമാലോചിക്കാതെ നീക്കം ചെയ്യാന്‍ ക്ലബില്‍ അഡ്മില്‍ റൈറ്റുള്ളവര്‍ തയ്യാറാവേണ്ടതാണ്. ബൂലോഗത്തിന്‍റെ കൂട്ടായ്മയുടെ കേന്ദ്രം എന്നൊക്കെ അച്ചടി മാധ്യമങ്ങള്‍ പുകഴ്ത്തിയ ക്ലബിലേയ്ക്ക് പുതുതായെത്തുന്ന വിരുന്നുകാരനെ അക്ഷരപ്പിശാച് കൊഞ്ഞനം കുത്തിക്കാണിക്കുമ്പോള്‍ “ഇതാണോ ഇവിടുത്തെ ഒരു നിലവാരം?” എന്ന് ചോദിച്ചുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇതൊരു പെരുമാറ്റച്ചട്ടമല്ല; അങ്ങനെ ഒന്ന് എഴുതിയുണ്ടാക്കാനുള്ള മുറവിളിയുമല്ല. എന്തിനുമേതിനും പെരുമാറ്റച്ചട്ടമില്ലെങ്കില്‍ തോന്നിയപോലെ ചെയ്തു ശീലിച്ചവര്‍ക്ക്, ആത്മസം‌യമനം പാലിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യമായാല്‍ ബൂലോഗ ക്ലബിലെ ചവറ്റുകുട്ട ഉപയോഗരഹിതമായി ഇരിക്കും; അത് അങ്ങനെ ഇരിക്കണം.

Labels: ,

Tuesday, August 15, 2006

വിന്‍ഡോസ് ലൈവ് റൈറ്റര്‍

ബ്ലോഗുകള്‍ എഴുതാനും പോസ്റ്റുചെയ്യാനും ഇപ്പോള്‍ അനവധി മാര്‍ഗങ്ങളുണ്ട്. നോട്ട്‍പാഡില്‍ എഴുതിയശേഷം അതില്‍ നിന്ന് കോപ്പി ചെയ്ത് ബ്ലോഗില്‍ പേയ്സ്റ്റ് ചെയ്യുകയാണ് ഞാന്‍ സാധാരണ ചെയ്യാറ്. എഴുതിയ ലേഖനം നോട്ട്‍പാഡില്‍ യൂണികോഡായി സം‍രക്ഷിക്കാമെന്ന മെച്ചവുമുണ്ട്. അടുത്തിടയായി, മൈക്രോസോഫ്റ്റ് വേഡില്‍ നിന്നും നേരിട്ട് ബ്ലോഗു പബ്ലിഷ് ചെയ്യാനനുവദിക്കുന്ന ഒരു പ്ലഗിന്‍ കാണാനിടയായി. മലയാളം എഴുതാന്‍ വേഡ് ഉപയോഗിക്കുമ്പോള്‍ ഇപ്പോള്‍ ചില അപാതകള്‍ ഉള്ളതിനാല്‍, ഞാന്‍ അത് ഉപയോഗിച്ച് നോക്കിയിട്ടില്ല. അപ്പോഴാണ് വിന്‍ഡോസ് ലൈവ് റ്റീം വിന്‍ഡോസ് ലൈവ് റൈറ്റര്‍ റിലീസ് ചെയ്തതായി അറിയാന്‍ കഴിഞ്ഞത്.

വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഉപയോഗിച്ച് ബ്ലോഗ് പബ്ലിഷ് ചെയ്യാം എന്നു മാത്രമല്ല, ബ്ലോഗ്സ്പോട്ട് ഉള്‍പ്പടെയുള്ള ബ്ലോഗിംഗ് സര്‍വീസുകളുപയോഗിക്കുന്നവര്‍ക്കുപോലും റ്റെം‍പ്ലേയ്റ്റുകളും ക്രമീകരണങ്ങളും മറ്റും മാറ്റിയും മറിച്ചും പലവിധമുള്ള പരീക്ഷണങ്ങളും നടത്താവുന്നതാണ്. ബീറ്റ (ബേറ്റ) എന്ന് കേട്ടാല്‍ ഞെട്ടാത്തവര്‍ക്ക് വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

Labels: ,

Thursday, July 13, 2006

ബ്ലോഗുകളുടെ വിശ്വാസ്യത

ഒരു മാധ്യമവും വായനക്കാരുടെയോ പ്രേക്ഷകരുടെയോ പൂര്‍ണവിശ്വാസ്യതയില്‍ പിറന്നുവീഴുന്നില്ല. പത്രങ്ങള്‍ എഴുതുന്നത് മുഴുവന്‍ വിശ്വാസയോഗ്യമല്ലാത്തതാണെന്നും ബ്ലോഗുകളെല്ലാം പരമസത്യങ്ങളാണെന്നും ഒരു വായനക്കാരനും പറയുമെന്നും തോന്നുന്നില്ല. വിശ്വാസ്യതയും പേരുമുള്ള പത്രങ്ങള്‍ വരുത്തുന്നത്ര തെറ്റുകള്‍, വിശ്വാസ്യതയും പേരുമുള്ള ബ്ലോഗുകളില്‍ കണ്ടെത്താനുള സാധ്യത കുറവായിരിക്കും എന്നുമാത്രമാണ് വാദം.

പത്ര, റ്റി. വി. മാധ്യമങ്ങളിലെന്നപോലെ ബ്ലോഗിലും വിശ്വാസ്യത ആര്‍ജിച്ചെടുക്കുന്നതാണ്. ഇന്ന് ഉപയോഗത്തിലിരിക്കുന്ന മാധ്യമങ്ങളില്‍ വിശ്വാസ്യത നേടിയെടുക്കാനും നഷ്ടപ്പെടുത്താനും ഏറ്റവും അനായാസം സാധ്യമാകുന്നത് ബ്ലോഗുകള്‍ക്കാണ്. കെട്ടിലും, മട്ടിലും, സൃഷ്ടിയിലുമുള്ള ഈ അനായാസതയാണ് മറ്റുമാധ്യമങ്ങളില്‍ നിന്ന് ബ്ലോഗുകളെ വേര്‍തിരിക്കുന്ന വലിയൊരു ഘടകം.

വര്‍ഷങ്ങളുടെ സദ്കൃത്യം (അതോ പരസ്യമോ) കൊണ്ട് നേടിയെടുക്കുന്നതാണ് പത്രങ്ങളുടെ പേരും വിശ്വാസ്യതയും. ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളെ ആശ്രയിച്ചും സ്വന്തം റിപ്പോര്‍ട്ടര്‍മാര്‍ ‘സംഭവസ്ഥലം’ സന്ദര്‍ശിച്ചും അല്ലാതെയും ‘ലൈവ്’ ആയും ഫയല്‍ ചെയ്യുന്ന വാര്‍ത്തകളിലെ ശരിതെറ്റുകള്‍ അന്വേഷിക്കാന്‍ കുറച്ചുകാലം മുമ്പുവരെ ആരും മിനക്കെട്ടിട്ടില്ല എന്നതാണ് സത്യം. ഇനി അഥവാ, തെറ്റുകള്‍ കണ്ടെത്തിയാലും അത് പത്രത്തെ അറിയിച്ച് തിരുത്തല്‍ പ്രസിദ്ധീകരിപ്പിക്കുന്നത് മുന്‍‍ഗണനയുള്ള ഒരു കാര്യമായി പലര്‍ക്കും അനുഭവപ്പെട്ടിരുന്നില്ല. ആളുകളുടെ പേരുകള്‍ മുതലായ ചില്ലറ തിരുത്തലുകളല്ലാതെ, കാര്യമായ ഒരു തെറ്റു തിരുത്തലും ഒരു പത്രത്തിലും ഞാന്‍ കണ്ടിട്ടില്ല. വന്‍ അബദ്ധങ്ങള്‍ എഴുതിപ്പിടിപ്പിച്ചിട്ട്, പിറ്റേന്ന് കുറച്ചുകൂടി ശരിയായ വാര്‍ത്ത അറിയിക്കുമ്പോഴും, തെറ്റ് സമ്മതിക്കലും ഖേദപ്രകടനവും നടത്തിയ സംഭവങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞുവരുന്നേയില്ല.

വസ്തുതകള്‍ ക്രോസ്ചെക്ക് ചെയ്യുന്നത് എളുപ്പമാവുകയും വാര്‍ത്താവിനിമയ രംഗം പുരോഗമിക്കുകയും ചെയ്തതോടെ ചെറിയ തെറ്റുകള്‍ പോലും പത്രത്തെ അറിയിക്കാനും വാര്‍ത്തകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനുമുള്ള പ്രവണത കൂടി വന്നു. പത്രങ്ങള്‍ ലൈവ് വിപ്ലവത്തോട് അത്ര ആവേശകരമായ പ്രതികരണം കാണിക്കാതിരുന്നപ്പോള്‍ പ്രതികരണങ്ങള്‍ക്ക് ഇന്‍സ്റ്റന്‍റ് മറുകുറി കിട്ടുന്ന മറ്റുമാധ്യമങ്ങള്‍ക്ക് പ്രചാരമേറി. റ്റി.വി. യിലെ ഫോണ്‍-ഇന്‍ പരിപാടികളുടെ പ്രചാരം ഈ വസ്തുതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

പത്രങ്ങളെ വിമര്‍ശിക്കുമ്പോള്‍
ദേശാഭിമാനിയേയും മനോരമയേയും വായനക്കാരന്‍ ഒരേ കണ്ണില്‍ കാണാറില്ലല്ലോ. രണ്ടു കൂട്ടര്‍ക്കും വ്യക്തമായ രാഷ്ട്രീയ/സസമൂഹിക അജണ്ടകളുള്ളതു കാരണം, പല വാര്‍ത്തകളും ആ മുന്‍‍വിധിയോടു കൂടി മാത്രമേ ഈ മാധ്യമങ്ങളില്‍ നിന്ന് വായിക്കാനാവൂ.

എന്നാല്‍, മാധ്യമങ്ങളുടെ വിശ്വാസ്യത ചര്‍ച്ച ചെയ്യുമ്പോള്‍ നാം ഈവക പ്രത്യക്ഷമായ പക്ഷപാത റിപ്പോര്‍ട്ടിംഗിനെ അല്ല പ്രധാനമായും വിമര്‍ശിക്കുന്നത്. അച്ചുതാനന്ദന്‍റെ ഭരണം കെങ്കേമമെന്ന് ദേശാഭിമാനിയും (അവരെഴുതുമോ?) മഹാമോശമെന്ന് വലതുപക്ഷ പത്രങ്ങളും എഴുതിവിടുന്നതിനെ പൊക്കിപ്പിടിച്ച്, ഒരു കൂട്ടര്‍ പറയുന്നത് തെറ്റ്, മറ്റൊരു കൂട്ടര്‍ പറയുന്നത് ശരി എന്ന് വാദിക്കലല്ല ലക്ഷ്യം. മറിച്ച്, തെറ്റായ കണക്കുകള്‍, പേരുകള്‍, സ്ഥിതിവിവരങ്ങള്‍, പ്രത്യേകിച്ച് യാതൊരന്വേഷണവും കൂടാതെ വായില്‍ തോന്നിയ മാതിരി പടച്ചു കൂട്ടുന്ന “ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറീസ്‍” എന്നിവയാണ് ഇവിടെ വിമര്‍ശന വിധേയമാക്കേണ്ടുന്നത്, ആക്കുന്നത്. എന്നു കരുതി, പത്രങ്ങള്‍ വരുത്തുന്ന വളരെ നിര്‍ദ്ദോഷമായ തെറ്റുകളെ പൊക്കിപ്പിടിച്ച് കൊണ്ടാടുന്നത് അനാവശ്യമാണുതാനും. (‘ഇന്‍ പ്രെയ്സ് ഓഫ് മിസ്റ്റേക്സ്’ എന്ന പേരില്‍ പ്രീ-ഡിഗ്രിക്ക് ഒരു പാഠം പഠിക്കാനുണ്ടായിരുന്നു. നിസ്സാര തെറ്റുകളുടെ പേരില്‍ പത്രമോഫീസിലേയ്ക്ക് വിളിച്ചും എഴുതിയും പരാതിപറയുന്നവര്‍ക്ക് വേറേ പണിയില്ലേ എന്ന ചോദ്യമായിരുന്നു ആ ലേഖനത്തില്‍. ആല്‍ഡസ് ഹക്സ്‍ലി ആയിരുന്നു ലേഖകന്‍ എന്നാണോര്‍മ. തെളിവു തരാന്‍ ലിങ്കൊന്നും തെരഞ്ഞിട്ട് കിട്ടുന്നില്ല.)

ബ്ലോഗുകള്‍ക്ക് വിശ്വാസ്യത കൂടുന്നത് എന്തുകൊണ്ട്?
  • പലപ്പോഴും ‘സംഭവ സ്ഥലത്ത്’ പത്രറിപ്പോര്‍ട്ടര്‍ ഉണ്ടാവാനുള്ള സാധ്യതെയെക്കാളേറെയാണ് ബ്ലോഗര്‍ ഉണ്ടാവാനുള്ള സാധ്യത. മിനി-മൈക്രോസോഫ്റ്റ് ബ്ലോഗ് ഉദാഹരണമായെടുക്കുക. ഇത് ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരന്‍റെ ബ്ലോഗ് ആണ് (ആള്‍ ഇപ്പോഴും അജ്ഞാതന്‍). മൈക്രോസോഫ്റ്റ് മാനേജ്മെന്‍റിനെ വിമര്‍ശിക്കുന്നതില്‍ മുമ്പന്തിയിലാണ് ഇദ്ദേഹം. ഒരു പത്രലേഖകനു സാധ്യമാകാത്ത കാര്യമാണ് ഇദ്ദേഹം ചെയ്യുന്നത്. പത്രങ്ങള്‍ വരെ, പലപ്പോഴും ഇദ്ദേഹത്തെ ഉദ്ധരിച്ചാണ് മൈക്രോസോഫ്റ്റ് രഹസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ഉദാഹരണം ഇവിടെ.

  • സിബു പറഞ്ഞിട്ടുള്ളതു പോലെ, ബ്ലോഗുകളില്‍ തെറ്റുകള്‍ തിരുത്തപ്പെടാനുള്ള സാധ്യതയും അതിനുള്ള വേഗതയും വളരെ കൂടുതലാണ്. ബ്ലോഗില്‍ എഴുതി വിട്ട തെറ്റായ കാര്യം വായനക്കാര്‍ തിരുത്തിയ കഥ എല്‍ജി പറഞ്ഞിട്ടുണ്ട്. ഇനി സ്വാനുഭവം പറയാം. ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ. അതില്‍ എനിക്ക് അറിവില്ലാത്തതോ ഓര്‍മയില്ലാത്തതോ ആയ സംഗതികള്‍ എത്ര വേഗമാണ് തിരുത്തപ്പെട്ടത്. ബ്ലോഗുകളുടെ ഗുണം, “ഇന്‍ പ്ലെയ്സ്” തിരുത്തലുകള്‍ നല്‍കാമെന്നതാണ്. അതായത്, ഒരിക്കല്‍ തിരുത്തിയാല്‍, പിന്നെ ആ ലേഖനം വായിക്കുന്ന ആര്‍ക്കും ഈ തിരുത്ത് ലഭ്യമാണ്. പത്രങ്ങള്‍ക്കുള്ള ഒരു പരിമിതിയും ഇതാണ്. ഇന്നത്തെ പത്രത്തില്‍ കടന്നു കൂടിയ തെറ്റ് നാളത്തെ പത്രത്തിലാണ് തിരുത്തപ്പെടുക. അപ്പോള്‍ കുറേക്കാലം കഴിഞ്ഞ് ഇന്നത്തെപ്പത്രം മാത്രം നോക്കുന്നയാളിന് ആ തിരുത്ത് ലഭ്യമാകുന്നില്ല. ഈ സൌകര്യം ലഭ്യമായ ഓണ്‍ലൈന്‍ പത്രങ്ങള്‍ പോലും ഇത് ഉപയോഗപ്പെടുത്തിക്കണ്ടിട്ടില്ല.

  • കതിരും പതിരും തിരിച്ചറിയാന്‍ എളുപ്പം. ബ്ലോഗുകള്‍ ആര്‍ക്കും എന്തും എഴുതാനുള്ള ഇടങ്ങളാണെന്ന് ഒരു വിശ്വാസം ചിലേടങ്ങളിലെങ്കിലും നിലനില്‍ക്കുന്നു. ഇതില്‍ സത്യമില്ലാതില്ല. വിശ്വാസയോഗ്യമല്ലാത്ത ബ്ലോഗുകള്‍ക്കുദാഹരണം പലരും നിരത്തുകയുണ്ടായി. ഇത് ബ്ലോഗുകളുടെ മാത്രം കാര്യമല്ല. ഇന്‍റര്‍നെറ്റില്‍ അസത്യങ്ങളോ അര്‍ഥസത്യങ്ങളോ ആയ ഒരുപാട് കാര്യങ്ങള്‍ ഒരുപാടൊരുപാട് പേര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതിനുദാഹരണം ദേവന്‍ ഇവിടെ പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ വായനക്കാരന്‍, പത്രങ്ങളുടെ കാര്യത്തില്‍ സെലക്ടീവാകുന്നതു പോലെ, ബ്ലോഗുകളുടെ കാര്യത്തിലും സെലക്ടീവായേ തീരൂ. വളരെ ചിട്ടവട്ടങ്ങളോടെ നടത്തിപ്പോരുന്നവ മാത്രമേ വിശ്വാസയോഗ്യമാവൂ എന്നത് ബാലിശമായ വാദമാണ്. എന്തുമേതും തന്നിഷ്ടം പോലെ എഴുതിപ്പിടിപ്പിക്കാമെന്ന് ആള്‍ക്കാര്‍ ധരിച്ചു വച്ചിരിക്കുന്ന വിക്കിപ്പീഡിയയാണോ, അതോ റെഫറന്‍സിന് അവസാനവാക്കെന്ന് കരുതപ്പെടുന്ന എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്കയാണോ കൂടുതല്‍ കൃത്യമായത് എന്നത് തര്‍ക്കവിഷയമാണല്ലോ. നേച്ചര്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍, കൃത്യതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഈ രണ്ട് എന്‍സൈക്ലോപീഡിയകളും ഒരുപോലെയാണെന്ന് കണ്ടെത്തുകയുണ്ടായി. (ഈ പഠനം അശാസ്ത്രീയമാണെന്ന് എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്ക പറഞ്ഞിട്ടുണ്ട്. അതിലത്ഭുതമില്ല.)
നല്ല നാളേയ്ക്ക്
ഒരു കണക്കിന് നോക്കിയാല്‍ ഇത് ഒരു അനാവശ്യ ചര്‍ച്ചയാണ്. എന്നാലും ബ്ലോഗുകളുടെ, പ്രത്യേകിച്ച് മലയാളം ബ്ലോഗുകളുടെ പ്രചാരം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുത്സിതബുദ്ധിയോടും അല്ലാതെയും വിശ്വാസ്യതയുടെ പ്രശ്നം പല കോണില്‍ നിന്നും പൊങ്ങി വരാന്‍ സാധ്യത കാണുന്നു. ചാറ്റുറൂമുകള്‍ സൃഷ്ടിച്ച മോശം ഇമേജുകളാവാം, ഒരു പക്ഷേ, ഇന്‍റര്‍നെറ്റുമായി ബന്ധമുള്ളതെന്തും കാപട്യം നിറഞ്ഞതും അവിശ്വസനീയവും സുരക്ഷാരഹിതവുമാണെന്ന പൊതുധാരണയ്ക്ക് നിനാദം. ആ ധാരണ മാറ്റിയെടുക്കേണ്ടുന്നത് നമ്മുടെ കടമയാണ്. അതിലേയ്ക്ക് ഇത്തരം സം‌വാദങ്ങള്‍ സഹായകമാകണം എന്ന് ആശിക്കുന്നു. ഒപ്പം, പത്രങ്ങളുള്‍പ്പടെയുള്ള ഇതരമാധ്യമങ്ങളുടെ ഉത്തരവാദിത്തം ഓര്‍മിപ്പിക്കാനും ഈ ചര്‍ച്ച വഴിതെളിച്ചാല്‍ നന്ന്.

Labels: ,

Wednesday, January 18, 2006

How do I read your blog?

I thought of posting a bit of FAQs and some good information about making the blog more readable.

If you see rectangles (a series of  in place of characters) in this page where it should have been Malayalam letters, or if you see Malayalam written with Viramas (chandrakkala) everywhere with occasional rectangles mainly for Chillu forms, please go through this document to get started.

All rectangles: that means you do not have any of the UNICODE Malayalam font installed in your machine.
Malayalam written with Viramas everywhere: that means you have a UNICODE font, but either the font is not the font that I use in this blog, or not completely conformant to UNICODE and Govt standards (see below), or there is a bug in one of the Windows components namely USP10.DLL (all are likely).



For writing and for testing the layout of my blog, I use Windows XP SP2 (and Windows Vista if something is broken on XP SP2). The font I use Kartika comes with Windows XP SP2 or later. I have no way of testing the blog in a non-Windows platform.

If you have Windows 9x, Windows NT, or Windows 2000, then you need to get a Malayalam UNICODE font from elsewhere. I can’t send you or put a link to download the Kartika font. Microsoft does not support Malayalam on Win2K or Win9x. Fonts that ship with Windows fall under the Windows End User License Agreement (EULA); redistribution is not permitted.

There are some UNICODE fonts that you will be able to download for free. A simple search yields this page (among others) that lists a number of UNICODE fonts: http://www.travelphrases.info/gallery/Fonts_Malayalam.html. Here’s another link that you may want to take a look: http://salrc.uchicago.edu/resources/fonts/malayalamfonts.html.

I do have Windows XP, but I don’t see Kartika in the fonts list. Why?


The most common reason would be that you haven’t installed the files for complex scripts. Open up Control Panel; bring up Regional and Language Options. In the Languages tab, check the box for “Install files for complex script and right-to-left languages (including Thai).



Why am I seeing some common conjuncts being separated with ‘Viramas’ even after I use Kartika font?


There can be two reasons:
  1. You haven’t set your default Malayalam font in your browser to Kartika yet.
    In IE, Go to Tools -> Internet Options. Click on the Fonts button located towards the bottom of the dialog box. In the Language Script combo box, choose Malayalam. Click on Kartika or an available UNICODE Malayalam font and press OK. Press OK again to dismiss the Internet Options dialog.
  2. Or, if you have already set your default Malayalam font to Kartika, then the problem may be caused by the USP10.DLL in your machine being outdated. If you have USP10.DLL version 1.420.2600.2180 or better in your Windows directory, you will see most of the conjuncts as it is. I said most of the conjuncts because I know ണ്ട is still shown with Virama. This is fixed in Windows Vista. I will update this page if and when a fix is made available for XP.
    Note: Microsoft Office also ships USP10.DLL. The DLL on your Windows\System32 directory is shipped by the Windows team, so that DLL should have undergone more thorough testing than the one shipped with Office.

How do I write Malayalam using my keyboard?


Add the Input Language Malayalam to your machine by going through these steps:
Open up Control Panel; bring up Regional and Language Options. In the Languages tab, click on the Details button in the Text services and input languages group. In the Settings tab of the dialog that comes up, click on the Add button.



Choose Malayalam as the Input language. Accept all the defaults.



Once this is done, you will see a Language bar on the bottom right side of your Taskbar.



If you click Alt+Shift, the language bar toggles between English and Malayalam. This is a per application setting, so you can choose when to switch when the application has input focus.

Now, the Malayalam keyboard layout for Karthika can be found here: http://www.microsoft.com/globaldev/keyboards/kbdinmal.htm.



Hover your mouse over Shift and you can see what yields when you press Shift.



Why did you choose Kartika as your font for your blog?


Because it is made by Microsoft and it follows all the recommendations of the linguistic department of Kerala and the Technology Development for India Languages (TDIL). Make the conformance comparison between Microsoft’s adaptation (http://tdil.mit.gov.in/MalayalamCodeChartApr02.pdf) and the officially accepted UNICODE version (http://www.unicode.org/charts/PDF/U0D00.pdf).

Kartika does not have single key strokes for Chillu forms and conjuncts. Why?


This is because the Govt. of India recommended that Indic keyboard layout should not carry these. If Microsoft put additional characters, Microsoft will no longer be in conformance with the recommendation.

Why are some conjuncts not so intuitive when using Kartika? For example, ങ്ക is ങ് + ക in Kartika where it is logical to think that ന് + ക or മ് + ക as ങ്ക.


This is because the TDIL specification states so. Read the document here: http://tdil.mit.gov.in/MalayalamScriptDetailsApr02.pdf.

How do I type Chillu forms in Kartika?


Kartika, like many other UNICODE fonts, use the help of Zero Width Jointer (ZWJ) to represent Chillu forms. You can get to ZWJ by pressing Ctrl + Shift + 1 (the digit 1). (For more information look at http://www.unicode.org/review/pr-37.pdf)

So,
ന്‍ is ന് + ZWJ
ല്‍ is ല് + ZWJ and so on.

I do not like the Kartika keyboard layout. What are my options?


Well, you can use Microsoft Keyboard Layout Creator (MSKLC) to create your own variant of the layout that ships with Windows. http://www.microsoft.com/globaldev/tools/msklc.mspx.

Do you work on these areas at Microsoft?


No. I have received considerable help from these people at Microsoft: Peter Constable, a Program Manager with the Windows Globalization team, Pradeep Parappil, a Program Manager with Windows India R&D, and Vinay Sampath Kumar from the Windows team.

Labels: , ,