Monday, February 05, 2007

കുടുംബ പ്രവര്‍ത്തനം

ലോകത്തിന്‍റെ ഒരു മൂലയില്‍ വസിക്കുന്ന പ്രവാസിയായതിനാല്‍ പതിനഞ്ചോ അതിലധികമോ വരുന്ന മലയാളം ചാനലുകള്‍ കാണാനുള്ള ഭാഗ്യം എന്‍റെ നല്ലപാതിക്ക് ഇല്ല. മുജ്ജന്മ സുകൃതത്തിന്‍റെ സ്റ്റോക്ക് എന്നെക്കെട്ടിയ വകയില്‍ തീര്‍ന്നു പോയതിനാലും കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ അധികം സുകൃതം ചെയ്തിട്ടില്ലാത്തതിനാലും എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ചാനലുകളായ കൈരളിയും സൂര്യയും മാത്രമാണ് നമ്മുടെ മലയാളം ദൂരദര്‍ശനമോഹങ്ങളെ ചെറുതായെങ്കിലും പൂവണിയിക്കുന്നത്.

ചൊറിഞ്ഞു കേറുന്ന പരിപാടികളുടെ ആധിക്യം കാരണം (ഉദാ: 1, 2), ന്യൂസിനും ക്രിക്കറ്റുകളിയുടെ തുണ്ടുകള്‍ കാണുന്നതിനും മാത്രമാണ് ഞാന്‍ ഇവയെ ആശ്രയിക്കാറ്. മറ്റെല്ലാ വീടുകളിലേയും പോലെ, ഒന്നും കണ്ടില്ലെങ്കിലും റ്റി. വി. ഓണ്‍ ആയിരിക്കണമെന്ന തത്വം കൃത്യമായി പാലിക്കുന്ന കൂട്ടരായതിനാല്‍ കൌതുകം ജനിപ്പിക്കുന്ന മറ്റുപരിപാടികളൊക്കെ കണ്ടു കഴിയുമ്പോള്‍ യാന്ത്രികമായി റ്റി. വി. ചാനല്‍ എണ്ണൂറോ എണ്ണൂറ്റിയൊന്നോ (സൂര്യയോ കൈരളിയോ) ആയി മാറും.

അങ്ങനെയുള്ള വൈകുന്നേരങ്ങളിലൊന്നിലാണ് ഞാന്‍ പളുങ്ക് എന്ന സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കാണുന്നത്.

അവതാരിക: “തൊട്ടതെല്ലാം പൊന്നാക്കുന്ന, മലയാള സിനിമാ സം‌വിധായകരില്‍ അഗ്രഗണ്യനായ ബ്ലസ്സി...”
ഞാന്‍: “ഓ, പിന്നേയ്... (ഭാര്യയോട്) എടീ, അഗ്രഗണ്യന്‍ എന്ന വാക്കിന്‍റെ അര്‍ഥമെന്താണെന്ന് നിനക്കറിയാമോ?”
ദിവ്യ: “പ്രധാനപ്പെട്ടവന്‍? മുന്‍‍നിരയിലുള്ളവന്‍? അങ്ങേയറ്റത്തവന്‍?”
ഞാന്‍: “ഏറ്റവും നല്ലവന്‍, വഴികാട്ടുന്നവന്‍, നേതൃത്വം നല്‍കുന്നവന്‍, സര്‍വശ്രേഷ്ഠന്‍, പ്രഥമഗണനീയന്‍, പൂജ്യസ്ഥാനീയന്‍, മേന്മയും തികവും ഔന്നത്യവും വൈശിഷ്ട്യവും കുലീനതയും നിറഞ്ഞവന്‍...”
ദിവ്യ: “പാവങ്ങളല്ലേ... ജീവിച്ചു പോട്ടെ. ഇന്ന് വേറേയാരേയും കിട്ടിയില്ലേ കുതിരകേറാന്‍?”

ഇതൊന്നും വകവയ്ക്കാതെ, റ്റി. വി.-ക്കാരി കസര്‍ത്തു തുടരുകയാണ്. ഇടയ്ക്കിടയ്ക്ക് സിനിമയുടെ ചില ഭാഗങ്ങള്‍ കാണിക്കുന്നുമുണ്ട്. പകുതി ശ്രദ്ധ റ്റി. വി. യിലാക്കി, ഞാന്‍ ക്രിക്ഇന്‍ഫോയില്‍ സ്കോട്‍ലന്‍ഡ് അയര്‍ലന്‍ഡിനെ തോല്പിച്ച വാര്‍ത്ത വായിക്കാനിരുന്നു. പെട്ടന്നാണ് മമ്മൂട്ടിയും നായികയും തമ്മിലുള്ള ഈ സംഭാഷണം ശ്രദ്ധിക്കുന്നത്:

നായിക: “ഈ വീട്ടില്‍ ഇന്നേ വരെ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ?”*

ഞാന്‍ ചെറുതായൊന്നു ഞെട്ടി. എന്തായിരിക്കും നായിക ഉദ്ദേശിച്ച ഈ ‘കുടുംബ പ്രവര്‍ത്തനം’?

റ്റി. വി. യില്‍ നോക്കിയപ്പോള്‍ മമ്മൂട്ടി കട്ടിലില്‍ കിടക്കുന്നു, നായിക തറയില്‍ പായ് വിരിച്ച് അതിലും. മുകളില്‍ പറഞ്ഞ ചോദ്യം ചോദിക്കാന്‍ പറ്റിയ സെറ്റപ്പ്.

ഞാന്‍ (ദിവ്യയോട്): “ഇന്നേ വരെ ഈ വീട്ടില്‍ എന്ത് നടന്നിട്ടുണ്ടോന്ന്?”
ദിവ്യ: “ആ... എന്തോ കുടുംബ...”

ഞാന്‍ മീഡിയാ സെന്‍റര്‍ റീവൈന്‍ഡ് ചെയ്തു. (ഷെയിം‍ലെസ് പ്ലഗ് എന്നതിന്‍റെ മലയാളം എന്താണാവോ: നാണമില്ലാത്ത പരസ്യം എന്നാണോ?) വീണ്ടും കേട്ടു നോക്കി.

ഞാന്‍: “കൊള്ളാം, വീട്ടില്‍ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോന്ന്! ഗ്രാമീണയായ നായിക ഇങ്ങനെ നേരേ വാ എന്ന രീതിയില്‍ ഭര്‍ത്താവിനോട് ‘പ്രവര്‍ത്തനമില്ലായ്മ’യെപ്പറ്റി പരാതി പറയുന്നതു കൊള്ളാമല്ലോ. ഇനി ഇതിലും വായില്‍ക്കൊള്ളാത്ത രണ്ട് ഡയലോഗ് മോളെന്നു പറയുന്ന പെങ്കൊച്ചിന്‍റെ വായില്‍ കൂടി തിരുകി വച്ചാല്‍ ബ്ലസ്സിക്ക് സം‌വിധായകരിലെ അഗ്രഗണ്യപദവി നിലനിറുത്താന്‍ ബുദ്ധിമുട്ടേയില്ല...”

“ആ റിമോട്ടിങ്ങു തന്നേ, ഞാന്‍ ഒന്നു കൂടെ കേള്‍ക്കട്ടെ.”
“ഇതൊന്നും അച്ചു കേള്‍ക്കേണ്ട, അവന്‍റെ ചെവി പൊത്തിക്കോ!” ഞാന്‍ തമാശയായി പറഞ്ഞു.

സീന്‍ റീവൈന്‍ഡാകുന്നു. ജൂറി പുറത്ത്: “അതേ, ആ ചെവി ഒന്ന് ഡോക്ടറെക്കാണിക്കുമോ? അവള്‍ ചോദിച്ചത്, ‘ഈ വീട്ടില്‍ കുടുംബ പ്രാര്‍ഥന നടന്നിട്ടുണ്ടോ’ എന്നാണ്!”

[*ഇതെഴുതുന്നതിനു മുമ്പ് നായികയുടെ ചോദ്യവും അതിനു മമ്മൂട്ടി നല്‍കുന്ന ഉത്തരവും ഒരിക്കല്‍ കൂടി കാണാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.]

20 പ്രതികരണങ്ങൾ:

 1. ഉമേഷ്::Umesh

  :)

 2. ശ്രീജിത്ത്‌ കെ

  സത്യത്തില്‍ സിനിമയില്‍ കുടുമ്പ പ്രവര്‍ത്തനം എന്നാണോ കുടുമ്പ പ്രാര്‍ത്ഥന എന്നാണോ നായിക പറയുന്നത്? ഞാന്‍ ഈ രംഗം ടി.വി.യില്‍ പല തവണയും തിയറ്ററില്‍ ഒരു തവണയും കണ്ടെങ്കിലും കുടുമ്പ പ്രവര്‍ത്തനം എന്നുതന്നെയാണ് എന്റെ ചെവിയില്‍ വീണത് എല്ലാത്തവണയും.

  ബൈ ദ വേ, നായികയായി അഭിനയിച്ച ലക്ഷ്മിക്ക് മലയാളം തീരെ അറിയില്ല. ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് പറ്റിച്ച പണിയാകും. കൂടുതല്‍ അറിയണമെങ്കില്‍ ബ്ലെസ്സിയോട് ചോദിക്കുക എന്ന പരിപാടിയില്‍ എഴുതി ചോദിക്കേണ്ടി വരുമെന്ന് തോന്നുന്നു.

 3. മുല്ലപ്പൂ

  ഹഹഹ
  സന്തോഷേയ്...

  (മനുഷ്യേരെ ചിരിപ്പിക്കാനിറങ്ങിയിരീക്കുവാ :D )

 4. കല്യാണി

  അത് കുടുംബ പ്രാറ്ത്ഥന എന്നായിരുന്നു എന്ന് തോന്നുന്നു.

  ശ്രീജിത്ത്: ലക്ഷ്മി ശര്‍മയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് പ്രവീണയാണ്. അവരോടു ചോദിച്ചാലും മതിയാവും :-)

  qw_er_ty

 5. സു | Su

  ഹിഹി...

  എന്താ ശരിക്കും ആ സിനിമയില്‍ പറഞ്ഞത്? കണ്ട ആരോടെങ്കിലും ചോദിക്കാം.

  കണ്ടവരുണ്ടോ? കേട്ടവരുണ്ടോ?.....

 6. അരവിന്ദ് :: aravind

  ഹഹ....
  ഇത് ഡി.വേലപ്പന്റെ കഥ പോലെയായല്ലോ....:-)

  ഓ..ഈ സന്തോഷ്ജീടെ ഒരു കാര്യം..ഒടനേ റിവൈന്‍ഡ് അടിച്ചു!!

  പണ്ട് അംബിക വേണുനാഗവള്ളീയോട് (സിനിമയിലാണേ!!) ചോദിച്ചു :
  “കുട്ടികള്‍ വേണ്ടേ നമുക്ക്?“
  അപ്പോ വേണുനാഗവള്ളി : “ഓ....ഞാന്‍ റെഡി.“

  അതോടെ നവോദയയില്‍ “ഓ...ഞാന്‍ റെഡി “ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അര്‍ത്ഥം വേറെയായി.

  ഈ പോസ്റ്റോടെ കുടുംബപ്രാര്‍ത്ഥനക്കും ആ ഗതിവരുമോ?
  ;-)

  കലക്കി!

 7. ഇടിവാള്‍

  സന്തോഷ്ജീ, ഹിഹി...

  കുടുംബാസൂത്രണം എന്നതിന്റെ വിപരീത പദമാണത് !

  കൈപ്പള്ളി തലയണയാക്കി വച്ചിരിക്കുന്ന ആ വെല്യ ബുക്കില്ലേ, അതിലേക്കു ചേര്‍ക്കാന്‍ കൊള്ളാം ;)

 8. കുറുമാന്‍

  സന്തോഷ് ഭായ്, സംശയം തോന്നിയാല്‍ അപ്പോള്‍ തന്നെ റിവൈന്റടിക്കുന്ന സ്വഭാവം കൊള്ളാം :)

 9. sandoz

  ഈ പടം കണ്ടതാ....അപ്പൊ ആ സീനിന്റെ ഇങ്ങനെയൊരു സാധ്യത ചിന്തയുടേ 7 ഗുണം പത്തയലത്‌ പോലും വന്നില്ലാ...സന്തോഷ്ജീ..ഭയങ്കരാ..ഹ..ഹ..ഹാ

 10. അലിഫ് /alif

  ഹ..ഹ..ഇനിയെന്തായാലും ഈ സിനിമ എന്നേലും കാണുമ്പോള്‍ ‘പ്രവര്‍ത്തന’ മായാലും ‘പ്രാര്‍ത്ഥന ‘ യായാലും ചിരിച്ച് പോകും. സന്തോഷ്, നന്നായി എഴുതിയേക്കുന്നു.

 11. ::സിയ↔Ziya

  ഞാനാ പടം കണ്ടില്ല. എന്തായാലുംകുടുംബ പ്രവര്‍ത്തനമല്ലെന്നുറപ്പ്. അതിനു തെളിവ് നായകന്റെ രണ്ടു മക്കള്‍ തന്നെയാണ്.
  ‘ഒരുകാര്യം തന്നെ നിനച്ചിരുന്നാല്‍ കേള്‍ക്കുന്നതെല്ലാമതെന്നു തോന്നും’ മോനേ സന്തോഷീ...:)

 12. Inji Pennu

  ഈശ്വരാ, ഇങ്ങിനേം മനുഷ്യന്മാരുണ്ടൊ?:) :)

  അത് കുടുമ്പ പ്രാര്‍ത്ഥന എന്ന് തന്നെയാണ് പറഞ്ഞത്. അതൊരു നസ്രാ‍ണി വേര്‍ഡാണ്. നാമം ജപിച്ചിട്ടുണ്ടോയെന്ന് ഹിന്ദു വീടാണെങ്കി ചോദിച്ചെനെ.

  ഞാന്‍ പണ്ട് ‘കൊന്ത എത്തിക്കും’ എന്ന് പറഞ്ഞപ്പോള്‍ അന്തം വിട്ട് നിന്ന കൂട്ടുകാരീടെ മുഖം ഓര്‍മ്മ വരുന്നു :) അതെങ്ങിനെ എത്തിപിടിക്കും എന്നവള്‍ ആലോചിച്ചിട്ട്.

  പക്ഷെ ഈ പോസ്റ്റ് എന്തിന്റെയെങ്കിലും (വിശേഷങ്ങളുടെ) ഒരു സൂചനയാണൊ? :) :)

  സൂചന മാത്രം...സൂചന മാത്രം

  (നമ്മടെ ഡാലിക്കുട്ടി എന്തിയേ? മുദ്രവാക്യം വിളിക്കുമ്പൊ ഡാലിക്കുട്ടീനെ ഓര്‍മ്മ വരുന്നു)

 13. Rajesh R Varma

  സന്തോഷേ,

  ഇത്തരം തെറ്റിദ്ധാരണകള്‍ക്ക്‌ ഇംഗ്ലീഷില്‍ mondegreens എന്നും മലയാളത്തില്‍ "ലങ്ക കിലുങ്ങുക" എന്നും പറയും. "കല്ലില്‍ കൊത്തിവെച്ച കവിതേ, നിന്റെ കനകച്ചി ലങ്ക കിലുങ്ങിയതെങ്ങിനെ?" എന്നു കേട്ടിട്ടില്ലേ?

  പിന്നെ ഒരു കാര്യം. ജോലി ചെയ്തുകൊണ്ടും മറ്റും ടീവി കാണുന്നതു നല്ലതല്ല എന്നു വായിച്ചു. ടിവിയില്‍ പറയുന്ന കാര്യങ്ങള്‍ ഒരു ഹിപ്നോട്ടിക്‌ നിര്‍ദ്ദേശം പോലെ കൂടുതല്‍ മനസ്സില്‍ പതിയുമത്രേ. അപ്പോള്‍ അടുത്ത തവണ കടയില്‍ പോകുമ്പോള്‍ നമ്മള്‍ അറിയാതെ റീഗല്‍ തുള്ളിനീലത്തിനും സന്തോഷ്‌ ബ്രഹ്മിയ്ക്കും വേണ്ടി കൈ നീട്ടുന്നതു കാണാം.

  എന്നാ പോര്‍ട്ട്‌ലന്‍ഡിലേക്ക്‌?

 14. ikkaas|ഇക്കാസ്

  ഇതാണു സന്തോഷ് ഭായ്,
  ആവശ്യമില്ലാത്ത ഓരോന്നാലോചിച്ച് സിനിമ കണ്ടാലുള്ള കുഴപ്പം!! (പ്രാര്‍ഥനയും ഒരു പ്രവര്‍ത്തനമാണല്ലോ ഇപ്പൊ. അപ്പൊ തറ്റെന്നു പറയാനും ഒക്കില്ല) പടയപ്പാ!!

 15. കലേഷ്‌ കുമാര്‍

  സന്തോഷ് ഭായ്, കലക്കന്‍ പോസ്റ്റ്!

  “കുടുംബപ്രവര്‍ത്തനം” -പുതിയൊരു വാക്കായി!

 16. evuraan

  ഞാന്‍ പണ്ട് ‘കൊന്ത എത്തിക്കും’ എന്ന് പറഞ്ഞപ്പോള്‍ അന്തം വിട്ട് നിന്ന കൂട്ടുകാരീടെ മുഖം ഓര്‍മ്മ വരുന്നു :) അതെങ്ങിനെ എത്തിപിടിക്കും എന്നവള്‍ ആലോചിച്ചിട്ട്.

  ഇഞ്ചീടെ കമന്റു് വായിച്ചു തലയറഞ്ഞു ചിരിച്ചു -- എങ്ങോട്ട് പിടിച്ചാലും ചായുന്ന ചായ്‌വേ?

  ഞാന് ഇവിടില്ല.

  കൊരട്ടി...

  കൊരട്ടി..

  qw_er_ty

 17. ബിന്ദു

  എനിക്കു വയ്യ. ഇങ്ങനേം ഉണ്ടൊ ആള്‍ക്കാര്‍? :)അച്ചുവിന്റെ ചെവി എന്തായാലും പൊത്തണം. ഇനിയിപ്പോ ആ സിനിമ എന്തായാലും ഒന്നു കാണണമല്ലൊ.

 18. സന്തോഷ്

  വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും, പതിവുപോലെ, നന്ദി!

  ഉമേഷ്, മുല്ലപ്പൂ, സു, ആലിഫ്, ഏവൂരാന്‍: :)
  ശ്രീജിത്തേ, എനിക്ക് ഇപ്പോഴും വിശ്വാസമായിട്ടില്ല. അതിനാലാണ് ഒന്നുകൂടി കാണണമെന്ന് പറഞ്ഞത്.
  കല്യാണി: ഉറപ്പാണല്ലോ.
  അരവിന്ദ്: അപ്പോള്‍ അതായിരുന്നല്ലേ രഹസ്യം:)
  ഇടിവാള്‍: അതുശരി, ആസൂത്രണംxപ്രവര്‍ത്തനം
  കുറുമാന്‍: വല്ലപ്പോഴുമൊന്നു റീവൈന്‍ഡു ചെയ്യേണ്ടേ?
  സാന്‍ഡോസ്: ഈ ചിന്ത വന്നില്ല അല്ലേ? അതാണ് കിഡ്നി വേണമെന്ന് പറയുന്നത്:)
  സിയ: അതായിരുന്നല്ലേ കാര്യം?
  ഇഞ്ചീ: കൊന്ത എന്തിനാ എത്തിക്കുന്നത്? ഇത് ഒന്നിന്‍റെയും സൂചനയല്ല!
  രാജേഷ്: ഹ ഹ... ‘ലങ്ക കിലുങ്ങുക’ ഒരു സംഭവമാണല്ലോ. പോര്‍ട്ട്ലന്‍ഡിലേയ്ക്ക് വരാം. യാത്രാമൊഴി പറഞ്ഞില്ലേ നമ്മള്‍ മീറ്റ് ചെയ്തു കഴിഞ്ഞു എന്ന്.
  ഇക്കാസ്: കറക്ട്...
  കലേഷ്: നന്ദി.
  ബിന്ദൂ: വീട്ടില്‍ കേള്‍ക്കുന്നതെല്ലാം പഠിക്കരുതെന്ന് അച്ചുവിനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

 19. Siju | സിജു

  ഇന്നലെയാ സിനിമ കണ്ടത്. ഈ പോസ്റ്റ് നേരത്തെ കണ്ടിരുന്നെങ്കിലി ഒന്ന് ശ്രദ്ധിക്കാമായിരുന്നു
  എന്നാലും ഞാന്‍ കേട്ടത് പ്രാര്‍ത്ഥനയാ..
  ഇനി ബാച്ചിലറായതു കൊണ്ടാണോയെന്നും അറിയില്ല :-)

 20. ആഷ | Asha

  പുതിയ പോസ്റ്റില്‍ വിവരിച്ചതിനാല്‍ ഇതിന്റെ സസ്പെന്‍സ് പോയി.

  ഒരു ലിങ്കില്‍ തൂങ്ങി ഇവിടെയെത്തിയപ്പോ 1,2 എന്നും പറഞ്ഞ് ഇവിടെം ലിങ്ക്.

  ഇന്ന് ലിങ്കില്‍ നിന്നും ലിങ്കിലേയ്ക്കൊരു സഞ്ചാരമാണെന്ന് തോന്നുന്നു.