ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, March 31, 2007

പോസ്റ്റ് ലേബലുകള്‍: പ്രസക്തിയും പ്രാധാന്യവും

എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനായ ദേവന്‍റെ കമന്‍ററ എന്ന ബ്ലോഗിലെ ഇന്നത്തെ പോസ്റ്റിനുള്ള ലേബല്‍ കണ്ടപ്പോഴാണ് കുറച്ചുകാലമായി എഴുതണമെന്ന് കരുതിയ ഈ വിഷയം ഇന്നുതന്നെ എഴുതിയേക്കാം എന്ന് തോന്നിയത്.

മലയാളം ബ്ലോഗെഴുത്തിന് ഇന്ന് പ്രധാനമായും ബ്ലോഗ്സ്പോട്ടും വേഡ്പ്രസ്സുമാണല്ലോ ഉപയോഗിക്കുന്നത്. ഈ രണ്ടു സെര്‍വീസുകളും പോസ്റ്റുകള്‍ക്ക് ലേബല്‍ ഇടാനുള്ള മാര്‍ഗം എഴുത്തുകാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഈ സൌകര്യം കാര്യമായി ഉപയോഗപ്പെടുത്തുന്ന ബ്ലോഗര്‍മാര്‍ അധികമില്ല എന്നത് ഖേദകരമായ സത്യമാണ്.

കൊടകരപുരാണം, ലാപുട, മണ്ടത്തരങ്ങള്‍ തുടങ്ങി, പ്രധാനമായും ഒരു കേന്ദ്രീകൃത വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളുള്ളവര്‍ക്ക് ഓരോ പോസ്റ്റുകള്‍ക്കും ലേബലിടേണ്ടതിന്‍റെ ആവശ്യം അധികമില്ല. എന്നാല്‍, ഫോട്ടോഗ്രഫി, രാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, തുടങ്ങിയവ വിഷയമാകുന്ന ബ്ലോഗുകള്‍, ആ വിഷയങ്ങളെ അടുക്കും ചിട്ടയോടും കൂടി ഒരുക്കി വയ്ക്കാനും വായനക്കാരന് ഒരു പോസ്റ്റ് പെട്ടെന്ന് കണ്ടുപിടിക്കത്തക്ക വിധം കാറ്റഗറി തിരിച്ചു വയ്ക്കാനും പോസ്റ്റു ലേബലുകള്‍ ഉപയോഗിക്കാവുന്നതാണ്.

ലേബലുകള്‍ ഏറ്റവും പ്രയോജനപ്പെടുന്നത് അവിയല്‍ ബ്ലോഗുകളിലത്രേ. സൂര്യനു കീഴുലുള്ള വിഷയങ്ങളെല്ലാം ഒരു ബ്ലോഗില്‍ ഒതുക്കുന്നവര്‍ക്ക് ലേബലുകള്‍ ഒരനുഗ്രഹം തന്നെ. ഉദയസൂര്യന്‍റെ നാട്ടില്‍, കമന്‍ററ, ഓഫ് യൂണിയന്‍, വിവാഹിതര്‍ തുടങ്ങിയ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വിഷയത്തിനനുസരിച്ച് ലേബലിടുകയും ആ ലേബലുകള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യേണ്ടത് വായനക്കാരോട് ചെയ്യുന്ന വലിയ സേവനമായിരിക്കും.

ലേബലിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
  • പോസ്റ്റുമായി ബന്ധമുള്ള വാക്കോ, വാക്യമോ ലേബലിനായി ഉപയോഗിക്കുക. ഒറ്റവാക്കാണ് ഏറ്റവും കാമ്യം. (ഇത് നിയമമൊന്നുമല്ല. ‘കവിത’ എന്ന ലേബല്‍ ‘എന്‍റെ കവിതകള്‍’ എന്ന ലേബലിനേക്കാള്‍ മെച്ചമാണെന്നു മാത്രം. ‘നമുക്കിതൊക്കെ മതിയെന്നേ ഇതുതന്നെ കൊണ്ടുപോകാനുള്ള പാട്’ എന്ന നെടുങ്കന്‍ വാചകം ലേബലിനനുയോജ്യമാണോ എന്ന് എഴുത്തുകാരന്‍ ഒന്നുകൂടി ആലോചിക്കട്ടെ.)
  • ലേബല്‍ ഒരു കാറ്റഗറിയാണ്. ആ കാറ്റഗറിയില്‍ ഇനിയും പോസ്റ്റുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒരു കാറ്റഗറിയില്‍ (ഇടാനുദ്ദേശിക്കുന്ന ലേബലില്‍) ഒരു പോസ്റ്റേ എഴുതുന്നുള്ളൂ എങ്കില്‍ ആ ലേബല്‍ കഴിവതും ‘ജെനെറിക്’ ആക്കുക. (ഉദാ: ‘യാത്രാവിവരണം’ എന്നതാണ് ‘പൊന്മുടി യാത്ര’ എന്നതിനേക്കാള്‍ മെച്ചം. എന്നാല്‍ പല യാത്രകള്‍ വിവരിക്കുന്ന കുറുമാന്‍; ‘യൂറോപ്യന്‍ യാത്രകള്‍’, ‘ഡല്‍ഹിക്കു ചുറ്റും’ എന്നിങ്ങനെ ലേബലിടുന്നത് വായനക്കാര്‍ക്ക് സഹായകമാവുകയേയുള്ളൂ. എങ്കിലും അഗ്രിഗേറ്ററുകള്‍ക്ക് പഥ്യം ‘യാത്രാവിവരണം’ എന്ന ഒരച്ചില്‍ പണിഞ്ഞ വാക്കുതന്നെ.)
  • പോസ്റ്റിനു യോജിക്കുമെങ്കിലും ഭാവിയില്‍ (വായനക്കാര്‍ക്കോ എഴുത്തുകാരനോ) പ്രയോജനപ്രദമല്ലാത്ത വിധത്തിലുള്ള ലേബലുകള്‍ ഒഴിവാക്കുക. (ഉദാ: ‘ഇന്ന് എഴുതിയത്’, ‘അമ്പതാം പോസ്റ്റ്’ തുടങ്ങിയവയ്ക്ക് ഒരു ലേബല്‍ എന്ന നിലയില്‍ വലിയ സ്ഥാനമില്ല.)
  • തന്‍റെ എല്ലാ പോസ്റ്റിനും ചേരും എന്ന നിലയിലുള്ള ലേബലുകള്‍ ഒഴിവാക്കുക. (ഉദാ: റ്റി. കെ. സുജിത്തിന്‍റെ കാര്‍ട്ടൂണ്‍ ബ്ലോഗില്‍ ഏതെങ്കിലും ഒരു കാര്‍ട്ടൂണിന് ‘കാര്‍ട്ടൂണ്‍’ എന്ന ലേബലിടുന്നത് സഹായകമല്ല.)
  • അനുയോജ്യമെങ്കില്‍, ഒരു പോസ്റ്റിന് ഒന്നില്‍ കൂടുതല്‍ ലേബലുകള്‍ ഇടുന്നത് നല്ലതാണ്. (ഉദാ: ബ്ലോഗിനെപ്പറ്റി എഴുതുന്ന ഒരു ലേഖനത്തിന് ‘ബ്ലോഗ്’, ‘ലേഖനം’ എന്നീ ലേബലുകള്‍ ഉപയോഗിക്കാമല്ലോ.)
  • പോസ്റ്റിന്‍റെ പേരുതന്നെ ലേബലായി ഉപയോഗിക്കുന്നത് കടുത്ത അപരാധമൊന്നുമല്ലെങ്കിലും അതിനര്‍ഥം ആ പോസ്റ്റിന് പറ്റിയ കാറ്റഗറി വേറേ ഇല്ല എന്നാണല്ലോ. രണ്ടാമതാലോചിക്കേണ്ടുന്ന കാര്യം തന്നെ.
വായനക്കാര്‍ക്ക് സഹായകമാം വിധം കാറ്റഗറി തിരിച്ചു കഴിഞ്ഞാല്‍ അത് വായനക്കാര്‍ക്ക് ലഭ്യമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. (ബ്ലോഗ്സ്പോട്ടിലും വേഡ്പ്രസ്സിലും ഇതിനു മാര്‍ഗമുണ്ട്. ) ഇങ്ങനെ ഒരുക്കി വച്ചിട്ടുള്ള ഒരാളാണ് പെരിങ്ങോടന്‍. പെരിങ്ങോടന്‍റെ കവിതകളെല്ലാം ഒന്നുകൂടി വായിക്കണം എന്ന് തോന്നുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ചെന്ന് കവിത എന്ന കാറ്റഗറിയില്‍ ക്ലിക്ക് ചെയ്താല്‍ മതി. എത്ര അനായാസം, അല്ലേ?

ഇതിനെല്ലാം പുറമേ, ലേബലുകളെ ആശ്രയിച്ച് പോസ്റ്റുകളെ കാറ്റഗറി തിരിക്കുന്ന ഒരു അഗ്രിഗേറ്റര്‍ ഉണ്ടാകുന്ന നാളില്‍, പോസ്റ്റെഴുതുന്നയാള്‍ ഈമെയില്‍ ഫില്‍റ്ററുകളുടെ സഹായത്താല്‍ വിവിധ ഗ്രൂപ്പുകളിലേയ്ക്കും മറ്റും പോസ്റ്റും കമന്‍റും തിരിച്ചു വിടുന്നതിനു പകരം, ആ ജോലികൂടി യന്ത്രവല്‍ക്കരിക്കാന്‍ നമുക്കാവുകയും ചെയ്യും.

Labels: ,

18 Comments:

  1. Anonymous Anonymous Wrote:

    ഇതൊക്കെ നോക്കാന്‍ ആര്‍ക്കു നേരം?

    April 01, 2007 9:36 AM  
  2. Blogger Santhosh Wrote:

    സമയമുള്ളവര്‍ ചെയ്യട്ടെ, രമേഷേ. വായിച്ചതിനു നന്ദി.

    April 01, 2007 9:21 PM  
  3. Blogger myexperimentsandme Wrote:

    ഹയ്യോ, സന്തോഷേ, ഏത് കാറ്റഗറിയിലാണ് എന്നുള്ള ഉല്‍‌പ്രേക്ഷ കാരണം കൂടിയാണ് ഞാന്‍ അത്തരം വാചകക്കസര്‍ത്തുകള്‍ ലേബലുകളില്‍ കാണിച്ചിരുന്നത്. ശരിക്ക് പറഞ്ഞാല്‍ ലേബലിന്റെ പ്രാധാന്യം ശരിക്കങ്ങ് അറിയില്ലായിരുന്നു. ഇനി മുതല്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം. (പടബ്ലോഗില്‍ പഴയതുപോലെ തന്നെ :))

    April 03, 2007 2:39 PM  
  4. Blogger അപ്പു ആദ്യാക്ഷരി Wrote:

    ഇനി ശ്രദ്‌ധിക്കാം... നല്ല ലേഖനം.

    April 03, 2007 7:51 PM  
  5. Blogger Haree Wrote:

    This comment has been removed by the author.

    April 03, 2007 8:28 PM  
  6. Blogger Haree Wrote:

    നല്ല ലേഖനം. പലരും ലേബലുകള്‍ അതിന്റെ ഉപയോഗം ഉള്‍ക്കൊള്ളാതെ നല്‍കുന്നത് കണ്ടിട്ടുണ്ട്. ഇനിമുതലെങ്കിലും എല്ലാവരും ശ്രദ്ധിക്കുമെന്ന് കരുതാം.

    ലേബലുകള്‍ വളരെ നന്നായി ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും. ടാബുകളായി കാണിക്കുവാനുള്ള സഹായം ഇവിടെ ലഭ്യമാണ്.
    എന്റെ രണ്ട് ബ്ലോഗുകളിലും (ഗ്രഹണം, ചിത്രവിശേഷം) ഇത് ഉപയോഗിച്ചിട്ടുണ്ട്.

    ഇനി വെര്‍ട്ടിക്കല്‍ ടാബുകളായാണ് താത്പര്യമെങ്കില്‍, അതെങ്ങിനെ ആകര്‍ഷകമാക്കാമെന്ന് ഇവിടെയുണ്ട്.

    എനിക്കിതൊക്കെ പരിചയപ്പെടുത്തിയത്, ഇഞ്ചിയാണേ... അദ്ദേഹത്തെ ഈയിടെയായി ഇവിടെയെങ്ങും കാണാനില്ലല്ലോ!
    --

    April 03, 2007 8:32 PM  
  7. Blogger സു | Su Wrote:

    എന്തു ലേബലിട്ട് വിളിക്കും എന്നൊരു ചിന്ത എന്റെ ബ്ലോഗിലെ പല പോസ്റ്റുകള്‍ക്കും ഉള്ളതുകൊണ്ട്, ചില പോസ്റ്റൊക്കെ ലേബലില്ലാതെ തുറന്നുവിടും. ഇനി എല്ലാത്തിനും എന്റെ മനോധര്‍മ്മമനുസരിച്ച് ലേബലൊട്ടിക്കുന്ന കാര്യം ഏറ്റു. വായനക്കാര്‍ക്കും മനസ്സിലാവണമല്ലോ ഇതെന്ത് കുന്തം എന്ന്. ;)

    April 03, 2007 8:38 PM  
  8. Blogger മുസ്തഫ|musthapha Wrote:

    ഇതുവരെ ലേബലിനെ പറ്റി ചിന്തിച്ചിരുന്നില്ല, ഇനി
    ശ്രദ്ധിക്കാം, അതിനൊരവസരം ഒരുക്കിയ ലേഖകന് നന്ദി.

    നല്ല ലേഖനം :)

    April 03, 2007 11:30 PM  
  9. Blogger Unknown Wrote:

    ഉപകാരപ്രദമായ പോസ്റ്റ്.

    April 03, 2007 11:52 PM  
  10. Blogger tk sujith Wrote:

    ലേബലിന്റെ പ്രാധാന്യം അറിഞ്ഞിരുന്നില്ല...ഇനി ശ്രദ്ധിക്കാം......നന്ദി.

    April 05, 2007 9:52 PM  
  11. Blogger Visala Manaskan Wrote:

    ശ്രദ്ധയില്‍ കൊണ്ടുവന്നതിന് നന്ദി സന്തോഷ്. ഗുഡ്.

    April 05, 2007 10:08 PM  
  12. Blogger Kiranz..!! Wrote:

    വളരെ ഉപകാരപ്രദമായ ലേഖനം,ഈയിടെയാണ് ലേബലിങ്ങിന്റെ ഉപയോഗം കൃത്യമായി മനസിലായത്,ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ എത്ര മനോഹരമായി അത് കാറ്റഗറൈസിംങ്ങിനു ഉപയോഗപ്പെടുമെന്നത് മനസിലായി.എല്ലാവര്‍ക്കുമായി ഇത് പങ്കുവെച്ചതിനു നന്ദി.

    April 05, 2007 10:39 PM  
  13. Blogger വിചാരം Wrote:

    വളരെ നല്ല ജ്ഞാനം ഇനിഒരു കൈ നോക്കാം

    April 05, 2007 10:50 PM  
  14. Blogger അലിഫ് /alif Wrote:

    സന്തോഷ്,
    ലേബലിങ്ങിന്‍റെ പ്രാധാന്യം കാട്ടിതരുന്ന നല്ല ലേഖനം. ഹരീ ഇത് ചിത്രവിശേഷത്തിലൊക്കെ ഉപയോഗിച്ച് കാണുമ്പോളാണതിന്‍റെ പ്രാധാന്യം ശരിക്കും മനസ്സിലായിതുടങ്ങിയത്.
    സിബു വിന്‍റെ ഈ കുറിപ്പില്‍ ലേബലുകള്‍ ഉപയോഗിച്ച് കാറ്റഗറി തിരിക്കാമോ എന്ന് ഒരു ആശയം ഉന്നയിച്ചിരുന്നെങ്കിലും ആ ചര്‍ച്ച അവിടെ വഴിമുട്ടിപോയതിനാല്‍ പിന്നെ ഒന്നും നടന്നില്ല.

    ആശംസകള്‍, സന്തോഷ്.

    April 05, 2007 11:32 PM  
  15. Blogger ആഷ | Asha Wrote:

    വളരെ പ്രയോജനപ്പെട്ട ലേഖനം. ഇത് വായിക്കുന്നതു വരെ ലേബലിന്റെ ഉപയോഗത്തെ കുറിച്ചു അറിയില്ലായിരുന്നു.

    ഹരിക്കും പ്രത്യേക നന്ദി ആ ലിങ്ക് തന്നതിനു.

    April 17, 2007 9:51 PM  
  16. Blogger ദേവന്‍ Wrote:

    ആദിക്കുള്ള ആശംസ വായിക്കാന്‍ വന്നപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. ലേബലുകളുടെ സാദ്ധ്യതകളെപറ്റി ചിന്തിച്ചിട്ടുപോലും ഇല്ലായിരുന്നു. മിക്കപ്പോഴും ലേബലേ കൊടുക്കാറില്ല. പഴയ പോസ്റ്റുകള്‍ക്കും ലേബലുകള്‍ മാറ്റിയിടാമല്ലോ,എന്റെ ബ്ലോഗുകളിലെല്ലാം ഒരു റേലേബലിങ്ങ് മഹായജ്ഞം നടത്തി കുട്ടപ്പനാക്കുന്നുണ്ട്.

    April 18, 2007 9:32 AM  
  17. Blogger വേണു venu Wrote:

    ഉപകാര പ്രദമായ ലേഖനം:)

    April 18, 2007 12:26 PM  
  18. Blogger ജ്യോതിര്‍മയി /ज्योतिर्मयी Wrote:

    ലേബലിന്റെ സാധ്യതകള്‍ ഇപ്പോഴേ ആലോചിച്ചുള്ളൂ, ഇപ്പോഴേ മനസ്സിലായുള്ളൂ.
    നോക്കട്ടെ, സ്വന്തം ബ്ലോഗില്‍ പയറ്റാമോ എന്ന്‌.

    പക്ഷേ...ആരും എന്റെ നെറ്റിയില്‍ ലേബലൊട്ടിക്കുന്നത്‌ എനിയ്ക്കിഷ്ടമല്ല, അപ്പോ ഞാനും ലേബലൊട്ടിക്കരുതല്ലോ എന്നൊരു ധര്‍മ്മസങ്കടം:)

    പോസ്റ്റിനു നന്ദി

    May 07, 2007 7:03 PM  

Post a Comment

<< Home