Thursday, May 03, 2007

ഹൂ മൂവ്ഡ് മൈ ചീസ്

ഡോ. സ്പെന്‍സര്‍ ജോണ്‍സണ്‍ എഴുതിയ ‘ഹൂ മൂവ്ഡ് മൈ ചീസ്’* വായിച്ചിട്ടുണ്ടോ?

അധ്യാപികയായി ജോലിയാരംഭിച്ച്, മൂന്നു ദശാബ്ദത്തിലധികം അധ്യാപികയായി തുടര്‍ന്ന്, അധ്യാപികയായിത്തന്നെ വിരമിച്ച അമ്മയോടൊരിക്കല്‍ ഞാന്‍ ചോദിച്ചു: “ബോറടിക്കില്ലേ?”

ഇല്ലെന്നായിരുന്നു ഉത്തരം. പഠിപ്പിക്കുന്ന വിഷയം ഒന്നുതന്നെയെങ്കിലും പാഠ്യപദ്ധതികള്‍ മാറുന്നതിനാലും മിടുക്കരും മിടുമിടുക്കരുമായ കുട്ടികളെ ഓരോ കാലത്തായി വിദ്യ അഭ്യസിപ്പിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും സംതൃപ്തിയും മൂലവും ‘ഒരേ കാര്യം തന്നെ ചെയ്യുന്നു’ എന്ന തോന്നലുണ്ടാവില്ല എന്ന വിശദീകരണം എനിക്കിന്നും മനസ്സിലാകാതെ തുടരുന്നു.

അതു വച്ചു നോക്കുമ്പോള്‍ ഞാന്‍ ജോലിയാരംഭിച്ചിട്ട് അധിക നാളായിട്ടില്ല. എന്നാലും ഒരേ കാര്യം തന്നെ രണ്ടു-മൂന്നു കൊല്ലത്തില്‍ കൂടുതല്‍ ചെയ്യുന്നതോര്‍ക്കുന്നത് എനിക്ക് സങ്കല്പിക്കാനേ വയ്യ. അതുമാത്രമല്ല, രണ്ടുമൂന്നു റിവ്യൂകള്‍ കഴിഞ്ഞാലും ‘അക്കരപ്പച്ച’ തേടിപ്പോകാത്തവരോട് മാനേജര്‍മാര്‍ക്ക് പൊതുവേ ഒരു വിലയില്ലായ്മാ മനോഭാവം വന്നു തുടങ്ങും എന്നത് അധികം രഹസ്യമല്ലാത്ത രഹസ്യവുമാണ്.

അങ്ങനെ, മൈക്രോസോഫ്റ്റില്‍ ഞാന്‍ എന്‍റെ നാലാം ജോലിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ഓഫീസ് ലൈവ് ടീമിന്‍റെ ഗ്ലോബലൈസേഷന്‍ പ്രോഗ്രാം മാനേയ്ജര്‍ എന്നതാണ് എന്‍റെ പുതിയ ജോലി. ഗ്ലോബലൈസേഷനില്‍ താല്പര്യം ജനിക്കാനും ഓഫീസ് ലൈവ് ടീമിലേയ്ക്ക് ജോലിക്കപേക്ഷിക്കാനും കാരണം ബ്ലോഗു വായനയും ബ്ലോഗെഴുത്തും ബൂലോഗത്തിലെ ചില സൌഹൃദങ്ങളുമാണ് എന്നത് സ്മരണീയമാണ്.

മാര്‍ ഈവാനിയോസ് കോളജിന്‍റെ പ്രിന്‍സിപ്പലായിരുന്ന കൊട്ടാരത്തിലച്ചന്‍, പുതുതായി കോളജില്‍ ചേരുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് വര്‍ഷാവര്‍ഷം നടത്താറുണ്ടായിരുന്ന പ്രസംഗത്തില്‍ ഈ വരികള്‍ ഒരിക്കലും ഉണ്ടാവാതിരുന്നിട്ടില്ല:

ഗ്രീക്ക് ഫിലോസഫറായിരുന്ന പ്ലേറ്റോയുടെ അക്കാഡമിയുടെ പ്രവേശന കവാടത്തില്‍ ഇങ്ങനെയൊരു വാചകമുണ്ട്: ‘നിങ്ങള്‍ ഇവിടെ പ്രവേശിക്കുമ്പോള്‍ ഇവിടം എങ്ങനെയായിരിക്കുന്നുവോ, അതിലും നല്ല നിലയില്‍ ആക്കിയിട്ടുവേണം നിങ്ങള്‍ ഇവിടം വിട്ടുപോകേണ്ടത്’.**
അച്ചന്‍റെ ഉപദേശം അടുത്ത ടീമിലെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ.

* പുസ്തകം വായിച്ചിട്ടില്ലാത്തവര്‍ ഇതു കാണുക.
** പ്രവേശന കവാടത്തില്‍ ഈ വാചകങ്ങള്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

31 പ്രതികരണങ്ങൾ:

 1. Pramod.KM

  സന്തോഷ് ചേട്ടന്‍ അഭിനന്ദനങ്ങള്‍!!

 2. ലാപുട

  അഭിനന്ദനങ്ങള്‍...ആശംസകള്‍...:)
  പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി...:)

 3. സു | Su

  അഭിനന്ദനങ്ങള്‍ :)


  ബൂലോകത്തിന്റെ പ്രവേശനകവാടത്തിലും അങ്ങനെയൊരു വാചകം ഉണ്ടായിരുന്നെങ്കിലെന്ന്, അല്ലെങ്കില്‍ ഉണ്ടെന്ന്, ഇവിടേക്ക് വരുന്നവര്‍ക്കും, ഇപ്പോഴുള്ളവര്‍ക്കും, തോന്നിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.

 4. ശിശു

  അഭിനന്ദനങ്ങള്‍.

 5. മുല്ലപ്പൂ || Mullappoo

  സന്തോഷേ,
  അഭിനന്ദനങ്ങള്‍.
  ബ്ലോഗ് സൌഹൃദങ്ങള്‍ നന്മ വരുത്തുന്നു എന്നു കേള്‍ക്കാനും ഒരു സുഖം.

 6. വേണു venu

  അഭിനന്ദനങ്ങള്‍ :)

 7. പൊതുവാള്

  'ഗ്ലോബലൈസേഷനില്‍ താല്പര്യം ജനിക്കാനും ഓഫീസ് ലൈവ് ടീമിലേയ്ക്ക് ജോലിക്കപേക്ഷിക്കാനും കാരണം ബ്ലോഗു വായനയും ബ്ലോഗെഴുത്തും ബൂലോഗത്തിലെ ചില സൌഹൃദങ്ങളുമാണ് എന്നത് സ്മരണീയമാണ്.'

  അതു പോലെ താങ്കള്‍ക്കു സ്വായത്തമായിരിക്കുന്ന പുതിയ പദവിയും അവിടെയിരുന്നു കൊണ്ടു ചെയ്യുന്ന കാര്യങ്ങളും ബൂലോഗത്തിനും കൂടി കൂടുതല്‍ ഉപയുക്തമാകട്ടെ എന്നാശംസിക്കുന്നു.

 8. മിടുക്കന്‍

  അപ്പളേ, ചെലവുണ്ട്..
  അഭിനന്ദങ്ങള്‍...
  ബുക്ക് വായിക്കുന്ന പതിവില്ല.. എങ്കിലും ഇത് വാങ്ങി വായിക്കുന്നുണ്ട്.

 9. കുറുമാന്‍

  സന്തോഷ്ജീ, അഭിനന്ദനങ്ങള്‍.....ഇനിയും ഉയര്‍ച്ചയിലേക്ക് മടുപ്പില്ലാതെ ഉയരാന്‍ കഴിയട്ടെ..

  ഹു മൂവ് മൈ ചീസിന്റെ മൊത്തം ഒരു പവര്‍ പോയിന്റ് പ്രെസന്റേഷന്‍ എന്റെ കയ്യില്ലുണ്ട്...വളരെ നല്ല, ഏവരും വായിക്കേണ്ട, കാണേണ്ട ഒന്ന്. വേണമെങ്കില്‍, ബൂലോക ക്ലബ്ബില്‍ ഇടാം, അല്ലേല്‍ സന്തോഷിനയച്ചു തരാം. താങ്കളുടെ ഈ പോസ്റ്റില്‍ തന്നെ അതൊന്നു പോസ്റ്റ് ചെയ്യൂ. മോട്ടിവേഷന്‍...........

 10. സുഗതരാജ് പലേരി

  സന്തോഷ്ജീ, അഭിനന്ദനങ്ങള്‍. :)

 11. Siju | സിജു

  പ്ലേറ്റോയുടെ അക്കാഡമിയുടെ വാതില്‍ക്കല്‍ ജ്യോമട്രി അറിയാന്‍ പാടില്ലാത്തവര്‍ ഇങ്ങോട്ട് കേറിപ്പോകരുത്("Nobody Destitute of Geometry May Enter") എന്ന് എഴുതി വെച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്. ഇങ്ങനെയുള്ളതായി അറിയില്ല. സേര്‍ച്ചിയിട്ടും കണ്ടില്ല.

  ഉണ്ടായാലും ഇല്ലെങ്കിലും ഭാവിയില്‍ അവിടെ നിന്നും വിട്ടു പോരുമ്പോള്‍ നല്ല നിലയില്‍ ആക്കിയിട്ട് തന്നെ പോരാന്‍ കഴിയട്ടെ..

 12. daly

  സത്യം. എനിക്ക് ജോലി പോയിട്ട് ഹോബി പോലും ഒരു കാലത്തിന‍പ്പുറം തുടര്‍ന്നു കൊണ്ട് പോകാനാവാറില്ല.

  പക്ഷേ, തൊട്ടുമുന്നുള്ള തലമുറയ്ക്ക് അത് അത്ര പ്രശ്നമായിരുന്നു എന്ന് തോന്നീട്ടില്ല. ഒരുപക്ഷേ ആ സ്ഥിരതയ്ക്കുള്ളില്‍ നിന്നു തന്നെ അവര്‍ വ്യതസ്ത കണ്ടത് കൊണ്ടായിരിക്കണം.

  ടീച്ചിങ്ങ് കാര്യത്തില്‍ പക്ഷേ സന്തോഷ് ചേട്ടന്റെ അമ്മ പറഞ്ഞത് ഇപ്പോ‍ഴും (എന്റെ കാര്യത്തീല്‍) ശരിയാ. ഒരോ വര്‍ഷവും ഒരോ പുതുമയുണ്ട്. കണ്ടുകൊണ്ടിരുന്ന മുഖങ്ങളല്ലാ പുതുവര്‍ഷത്തില്‍, 2 മാസം വെക്കേഷന്‍ കാലം വേറെ ജോ‍ലികളായിരിക്കും അതുകൊണ്ടൊക്ക്കെയാണോ എന്തോ.
  അപ്പോള്‍ പുതുജോലിയ്ക്ക് അഭിനന്ദനങ്ങള്‍

 13. തറവാടി

  അഭിനന്ദനങ്ങള്‍

  തറവാടി വല്യമ്മായി.

 14. അനാഗതശ്മശ്രു

  everytime I resign,they promote me.So I never quit..

  അഭിനന്ദനങ്ങള്‍

 15. അഞ്ചല്‍കാരന്‍...

  കൊട്ടാരത്തില്‍ അച്ചന്‍ അഞ്ചല്‍ സെന്റ് ജോണ്സ് കോളേജില്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തില്‍ നിന്നും ഇതു കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. “നിങ്ങള്‍ ഇവിടെ പ്രവേശിക്കുമ്പോള്‍ ഇവിടം എങ്ങനെയായിരിക്കുന്നുവോ, അതിലും നല്ല നിലയില്‍ ആക്കിയിട്ടുവേണം നിങ്ങള്‍ ഇവിടം വിട്ടുപോകേണ്ടത്’എന്ന കോട്ടിംഗ്.
  കൊട്ടാരത്തില്‍ അച്ചനെ ഓര്‍മ്മിപ്പിച്ചതിന് നന്ദി.
  പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.
  അഭിനന്ദനങ്ങള്‍
  കൂടുതല്‍ പ്രതീക്ഷിക്കുന്നു.

 16. ദേവന്‍

  അഭിനന്ദനങ്ങള്‍ സന്തോഷേ, പുതിയ കസേരയിലും എല്ലാ വിധ വിജയവും കൈവരട്ടെ.

  താങ്കളുടെ കഴിവുകളും സിദ്ധികളും പ്രത്യേകതകളും ചാലകശക്തിയായി കോര്‍പ്പറേറ്റ്‌ വിഷന്‍ കൈവരിക്കുന്നതിലേക്ക്‌ ഏറ്റവും അനുയോജ്യമെന്ന് ബോദ്ധ്യമുള്ള കസേരയില്‍ എത്തും വരെ സ്ഥാനം മാറിക്കൊണ്ടേയിരിക്കുക.

  ഈയിടെ കേട്ട കുട്ടിക്കഥ. കളിച്ചുകൊണ്ടിരുന്ന ഒട്ടകക്കുട്ടി പെട്ടെന്ന് ഓടി അമ്മയുടെ അടുത്തെത്തി.

  അമ്മേ, എനിക്കെന്തിനാണ്‌ മുതുകത്ത്‌ പൂഞ്ഞ്‌? ഭയങ്കര വൃത്തികേട്‌
  കുഞ്ഞേ, ദിവസങ്ങളോളം വെള്ളമില്ലാതെ അലയുമ്പോള്‍ അത്‌ നിന്റെ വാട്ടര്‍ബോട്ടിലാണ്‌.

  അപ്പോള്‍ ഈ ചാക്കുനാരുപോലത്തെ ഇമകളോ? എന്തൊരു വൈകൃതം?
  മണല്‍ക്കാറ്റടിക്കുമ്പോള്‍ അത്‌ കര്‍ട്ടനായി നിന്റെ കണ്ണുകള്‍ രക്ഷിക്കുന്നു മകനേ.

  അപ്പോ ഈ തോട്ടപോലെയുള്ള കാലുകളോ? കൂട്ടുകാര്‍ എന്നെ കളിയാക്കുന്നു
  ചൊരിമണലില്‍ പുതഞ്ഞു പോകുമ്പോള്‍ അത്‌ നിന്റെ ജീവന്‍ രക്ഷിക്കുന്നു.

  സഞ്ചി പോലെ ഉള്ള കുളമ്പുകള്‍ കണ്ട്‌ ആളുകള്‍ എന്നെ മന്തുകാലന്‍ എന്നു വിളിക്കുന്നു.
  അവ നീ മണലില്‍ പുതയാതിരിക്കാനുള്ള കുഷനല്ലേ എന്റെ മോനേ.

  ഈ അമ്മയ്ക്ക്‌ ഞാന്‍ ചോദിക്കുന്നതൊന്നും മനസ്സിലായില്ല. അമ്മേ, ഈ മൃഗശാലയില്‍ കിടക്കുന്ന എനിക്ക്‌ പൂഞ്ഞയും നീണ്ടകാലും ഇമയും ഒക്കെ എന്തിനാണെന്നാണു ഞാന്‍ ചോദിക്കുന്നത്‌, അമ്മയപ്പോള്‍‍ ഏതോ മരുഭൂമിയിലെ കാര്യം പറയുന്നു.

  ഗുണപാഠം. എപ്പോഴും അവനവന്റെ പ്രത്യേകതകള്‍ക്കു ചേരുന്ന ഇടത്തായിരിക്കുക.

 17. SAJAN | സാജന്‍

  അഭിനന്ദനങ്ങള്‍!
  ആശംസകള്‍!!

 18. കുട്ടന്‍സ്‌

  അഭിനന്ദനങ്ങള്‍ സന്തോഷ്ജി...

  കുറുമാന്‍‌ജി ആ പവര്‍ പോയന്റ് ഒന്നു പോസ്റ്റ് ചെയ്യൂ..

 19. ബിന്ദു

  അഭിനന്ദനങ്ങള്‍!!! :)ഇനിയും ഉയരങ്ങളില്‍ എത്തട്ടെ എന്നാശംസിക്കുന്നു.

 20. അശോക്

  Congratulations...

 21. കെവിന്‍ & സിജി

  സന്തോഷേ, വളരെ സന്തോഷം.

 22. വക്കാരിമഷ്‌ടാ

  അഭിനന്ദനങ്ങള്‍. ഇനിയും കൂടുതല്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ മാത്രം ഉയരങ്ങള്‍ ഉണ്ടാവട്ടെ.

  ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ പ്രൊമോഷന്‍ കിട്ടുമായിരുന്നോ... ആ

 23. ദിവ (diva)

  സന്തോഷ് ജീ അഭിനന്ദന്‍സ്

  :)

 24. സന്തോഷ്

  ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി സുഹൃത്തുക്കളെ!

  പ്രമോദ്, ലാപുട, ശിശു, മുല്ലപ്പൂ, വേണു, പൊതുവാള്‍, മിടുക്കന്‍, സുഗതരാജ്, തറവാടി, വല്യമ്മായി, അനാഗതശ്മശ്രു, സാജന്‍, കുട്ടന്‍സ്, ബിന്ദു, അശോക്, കെവിന്‍: നന്ദി.

  സു: മനോഹരമായ ആശ:)

  കുറുമാനേ, പവര്‍പോയ്ന്‍റ് ഷെയറുചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ചെയ്യൂ.

  സിജൂ: ആ വാചകങ്ങളുണ്ടോ എന്ന് ഞാനും ഒന്നു തിരഞ്ഞിരുന്നു. കണ്ടു കിട്ടിയില്ല. അതാണ് ഒരു ഡിസ്ക്ലെയ്മര്‍ കൊടുക്കാന്‍ കാരണം.

  ഡാലി: സ്വന്തം ജോലി ഇഷ്ടപ്പെടണം. അതു തന്നെ കാര്യം. ഇത്ര വര്‍ഷത്തില്‍ കൂടുതല്‍ ഇന്നത് ചെയ്യരുത് എന്നു പറയുന്നതിലൊന്നും കാര്യമില്ല.

  അഞ്ചല്‍ക്കാരാ: കൊട്ടാരത്തിലച്ചനെ ഓര്‍ക്കുന്നുണ്ടല്ലേ.

  ദേവാ: കഥ അനുയോജ്യം.

  വക്കാരീ: ഇതിനെ പ്രമോഷന്‍ എന്നൊന്നും ഞാന്‍ വിളിക്കില്ല. എന്നാലും ബില്‍ ഗേറ്റ്സിനും എനിക്കുമിടയില്‍ (റിപ്പോര്‍ട്ടിംഗ് ചെയ്ന്‍) 9 ആള്‍ക്കാരുള്ളത്, പുതിയ ജോലിയിലെത്തുമ്പോള്‍ 6 ആയി കുറയും:)

 25. യാത്രാമൊഴി

  അഭിനന്ദനങ്ങള്‍ സന്തോഷ്!

 26. അചിന്ത്യ

  പ്രിയ സന്തോഷ്,
  അഭിനന്ദനങ്ങള്‍!
  മുളയ്ക്കുന്നത് ചിതലല്ല, മറിച്ച് വേരുകളാണെങ്കില്‍ സ്ഥിരത മടുപ്പല്ല ,ചിറകുകള്‍ക്ക് പോലുമുള്ള സാദ്ധ്യതയാണ് , ല്ലേ.

 27. santhosh balakrishnan

  ആശംസകള്...!

 28. Sneha

  Santoshji
  Going through ur blogs is always a new experience, enjoy reading your blogs very much, your flow with the matter and play of words are really great.keep doing well.other site sanpil.com needs to be maintained and updated,seems u dont take a look of it for quite sometime now.

 29. ജ്യോതിര്‍മയി

  സന്തോഷ് ജി :)

  അഭിനന്ദനങ്ങള്‍!
  ബോറടിയെപ്പറ്റി, പ്രസംഗിച്ചു ബോറടിപ്പിക്കുന്നില്ല. എന്നാലും ബോറടി, എന്നത്‌ അവനവന്റെ മാനസികാവസ്ഥയാണ്. അതു ജോലിയുടെ കുഴപ്പമല്ല.

  ദേവന്‍ ജി , കഥ പങ്കുവെച്ചതിനു നന്ദി. നല്ല കഥ.

  തന്റെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്താനുള്ള സാഹചര്യം എല്ലാര്‍ക്കും ഉണ്ടാവട്ടെ...

  qw_er_ty

 30. അപ്പു

  “മിടുക്കരും മിടുമിടുക്കരുമായ കുട്ടികളെ ഓരോ കാലത്തായി വിദ്യ അഭ്യസിപ്പിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും സംതൃപ്തിയും മൂലവും ‘ഒരേ കാര്യം തന്നെ ചെയ്യുന്നു’ എന്ന തോന്നലുണ്ടാവില്ല“

  സന്തോഷ് അമ്മ പറഞ്ഞ ഈ പാഠമാണ് എനിക്കേറെയിഷ്ടപ്പെട്ടത്. പുതിയ ജോലിയിലും താങ്കള്‍ക്ക് എല്ലാ വിജയവും ഉണ്ടാവട്ടെ.

 31. സന്തോഷ്

  എന്‍റെ നന്ദിപ്രകടന പ്രസംഗത്തിനു ശേഷം ഈ വഴികടന്നു പോയവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ഈയവസരം വിനിയോഗിക്കുന്നു.

  ദിവാ, യാത്രാമൊഴി, സന്തോഷ് ബാലകൃഷ്ണന്‍, സ്നേഹ, അപ്പു: നന്ദി.

  അചിന്ത്യച്ചേച്ചീ, ജ്യോതിടീച്ചറേ: നിങ്ങള്‍ അധ്യാപികമാര്‍ എന്നെത്തല്ലരുത്. അധ്യാപനം ബോറടിക്കുന്ന പണിയാണെന്ന് ഞാന്‍ പറഞ്ഞെങ്കില്‍, അത് ഞാന്‍ മനസ്സാ ഉദ്ദേശിച്ചതല്ല. എനിക്ക് അധ്യാപനം ബോറായി തോന്നിയേക്കാം. ഞാന്‍ ചെയ്യുന്ന പണി മറ്റൊരാള്‍ക്ക് ബോറായി തോന്നിയേക്കാം. ഇതൊക്കെ ആപേക്ഷികമല്ലേ. രണ്ടു പേര്‍ക്കും നന്ദി.