ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്ത ചിന്തകൾ

Friday, June 15, 2007

പലനാള്‍ കള്ളന്‍

വെറുതേയിരുന്നു പാട്ടു കേട്ടുകൊണ്ടിരുന്ന അച്ചുവിനെ പാര്‍ക്കില്‍ കൊണ്ടുപോയി അത്യധ്വാനം ചെയ്യിപ്പിച്ചിട്ട് തിരിച്ചു വന്ന് റ്റി. വി. ഭാഷ ഇംഗ്ലീഷിലേയ്ക്ക് മാറ്റിയാലോയെന്നാലോചിച്ച് റിമോട്ടില്‍ കൈ വച്ചപ്പോഴാണ് അത് സംഭവിച്ചത്:

“ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ നോക്കു മനുഷ്യാ!”

കേട്ടു നല്ല പരിചയമുള്ള സ്വരമാണെങ്കിലും, ഇതാരാണ് ഇത്ര സ്നേഹമില്ലാതെ സംസാരിക്കുന്നതെന്നറിയാന്‍ ചുറ്റും നോക്കിയ എനിക്ക് കാണാന്‍ കഴിഞ്ഞത്, “അമ്മേ, ദേവി”-യില്‍ ദേവിയായി അഭിനയിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന സീരിയല്‍ നടിയെപ്പോലെ സംഹാരരുദ്രരൂപം പൂണ്ടെന്ന് വരുത്തി നില്‍ക്കുന്ന നല്ലപാതിയെയാണ്. ആരോപിക്കപ്പെടാത്ത കുറ്റം സ്വമേധയാ സമ്മതിക്കുന്നത് ആത്മഹത്യാപരമാണെന്ന് അറിയാവുന്നതുകൊണ്ട്, ഞാന്‍ തല്ക്കാലം നിശ്ശബ്ദത പാലിച്ചു.

“കഷ്ടം, മാന്യന്‍ വന്നിരിക്കുന്നു!”

എനിക്ക് കാര്യം മനസ്സിലാവുന്നില്ല. എന്തായിരിക്കും കാരണം? അടുത്ത കാലത്തൊന്നും മാന്യത കുറഞ്ഞ എന്തെങ്കിലും ചെയ്തതായി ഓര്‍ക്കാന്‍ കഴിയുന്നില്ല. കാര്യമെന്തെന്ന് ഉടന്‍ അന്വേഷിക്കുന്നത് ബുദ്ധിയല്ല. അതിനാല്‍ തന്നെ ഞാന്‍ സ്പോര്‍ട്സ്‍സെന്‍റര്‍ കാണാനിരുന്നു.

നേരമേറെ കഴിഞ്ഞിട്ടും, “ഉറങ്ങുന്നില്ലേ?” എന്ന ചോദ്യം പോയിട്ട്, അമ്മയുടെയും കുഞ്ഞിന്‍റെയും അനക്കം പോലും കേള്‍ക്കാതായപ്പോള്‍ റ്റി. വി. ഓഫ് ചെയ്ത് ഞാനും ഉറങ്ങാന്‍ പോയി.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. മാനേജര്‍ റിവ്യൂ സ്കോര്‍ തന്നിട്ട് പറയുന്നതു പോലെയാണിത്: “ശ്രമിച്ചാല്‍ ഇതിലും നല്ല റിവ്യൂ കിട്ടാവുന്നതേയുള്ളൂ!”

“ഇതിലും കൂടുതല്‍ എന്താണ് ചെയ്യേണ്ടത്?”
“റ്റ്രൈ റ്റു എക്സീഡ് എക്സ്പെക്റ്റേഷന്‍സ് ഇന്‍ ഓള്‍ ഫ്രന്‍റ്സ്. മീറ്റിംഗ് ഓള്‍ യുവര്‍ ഗോള്‍സ് ആന്‍ഡ് എക്സീഡിംഗ് ഇന്‍ സം ഒഫ് ദെം ഈസ് നോട്ട് ഗുഡ് ഇനഫ്!”

പിറ്റേന്ന് രാവിലേയ്ക്ക് ഞാന്‍ ഇക്കാര്യം മറന്നിരുന്നില്ലെങ്കിലും മട്ടും ഭാവവും കണ്ടിട്ട്, മാന്യനാവാനുള്ള ആഹ്വാനത്തെപ്പറ്റി ഭാര്യ ഓര്‍ക്കുന്നതായി തോന്നിയില്ല.

ഓഫീസിലേയ്ക്കിറങ്ങും മുമ്പ് പത്രങ്ങളും മറ്റും ഒന്നു ഓടിച്ചു നോക്കാം എന്നു വച്ച് കമ്പ്യൂട്ടറിനുമുന്നില്‍ ചെന്നിരുന്ന എന്നെ എതിരേറ്റത് ഒരു മെസേജ് ബോക്സ് ആണ്. ഒരു നോവലെഴുതാനും മാത്രമുള്ള വിശേഷങ്ങളുള്‍ക്കൊള്ളിച്ച് പടച്ചു വിടാറുള്ള, താഴെ ചിത്രത്തില്‍ കാണുന്ന മാതിരിയുള്ള, വല്ല എക്സല്‍ മെസേജും ആയിരിക്കും എന്നു കരുതി അവഗണിക്കാമെന്ന് വച്ചു.(എക്സല്‍ മെസേജ് ബോക്സ്: ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ മെസേജ് ബോക്സ് വായിക്കാനുതകുന്ന വലിപ്പത്തിലാവും.)

(പൊടിക്കൈ: നേരമില്ലാത്ത നേരത്ത് ഏതെങ്കിലും ആപ്ലിക്കേഷന്‍ നിങ്ങളുടെ മുന്നില്‍ ഒരു മെസേജ് ബോക്സ് തുറന്നു വച്ചാല്‍, ആ മെസേജ് ബോക്സില്‍ ക്യാന്‍സല്‍ ബട്ടന്‍ ഉണ്ടെങ്കില്‍ മറ്റൊന്നും നോക്കാനില്ല, നേരേ ക്യാന്‍സല്‍ അമര്‍ത്തിക്കോളൂ. യാതൊന്നും സംഭവിക്കില്ല [സംഭവിച്ചു കൂട!] എന്നാല്‍ മെസേജ് ബോക്സില്‍ യെസ്/നോ ചോദ്യമാണെങ്കില്‍ ചോദ്യം വായിച്ചു നോക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.)

അങ്ങനെ മൌസ്, ക്യാന്‍സല്‍ ബട്ടന്‍റെ അരികിലേയ്ക്ക് യാന്ത്രികമായി നീങ്ങിയപ്പോഴല്ലേ വെണ്ടയ്ക്കാ വലിപ്പത്തില്‍ NOTICE എന്നെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുന്നത്. മാത്രമല്ല, ഇന്‍റര്‍നെറ്റ് എക്സ്പ്ലോളര്‍ എന്ന തലക്കെട്ടും.

നോട്ടീസിലെ ആദ്യവാചകം വായിച്ച് ഹുതാശനശ്ചന്ദനപങ്കശീതളമായിരുന്ന മനസ്സ് ഹുതാശനശ്ചന്ദനപങ്കശീതളമല്ലാതായിത്തീര്‍ന്നു. എന്നിട്ട് മനസ്സിരുത്തി നോട്ടീസ് മുഴുവന്‍ വായിക്കാനാരംഭിച്ചു:(ഡ്രൈവ്ക്ലീനര്‍ മെസേജ് ബോക്സ്: ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ മെസേജ് ബോക്സ് വായിക്കാനുതകുന്ന വലിപ്പത്തിലാവും.)

അപ്പോള്‍ ഇതായിരുന്നല്ലേ, “നന്നാവാന്‍ നോക്കൂ മനുഷ്യാ!” എന്ന ഉപദേശത്തിനു പിന്നിലെ ഗുട്ടന്‍സ്.

ഇതേപ്പറ്റി ഏകാംഗ കമ്മീഷന്‍ അന്വേഷണം തുടങ്ങുന്നതിനു മുമ്പ്, ഇതു തന്നെയാണ് പ്രതി എന്ന് ഉറപ്പു വരുത്തി. (ആരോപിക്കപ്പെടാത്ത കുറ്റം സ്വമേധയാ സമ്മതിക്കുന്നതില്‍ അര്‍ഥമില്ലാത്തതു പോലെ, പ്രതി ഇതല്ല എങ്കില്‍ വെറുതേ അന്വേഷിച്ച് സമയം കളയുന്നതെന്തിന്?)

ജോലിയും കുടുംബവും തകരാന്‍ എന്തിന് സൈറ്റുകള്‍ തോറും കയറിയിറങ്ങണം, ഇതുപോലുള്ള രണ്ട് സ്വയമ്പന്‍ മെസേജ് ബോക്സുകള്‍ കാണിച്ചാല്‍ പോരേ? ഈ മെസേജ് വന്നത് മ്യൂസിക് ഇന്‍ഡ്യ ഓണ്‍ലൈന്‍ എന്ന സൈറ്റില്‍ നിന്നാണെന്നും (അല്ലാതെ സത്യമായിട്ടും മറ്റേ സൈറ്റുകളില്‍ നിന്നല്ല എന്നും), ഡ്രൈവ് ക്ലീനര്‍ എന്നത് ‘സിസ്റ്റം ക്ലീനിംഗ്’ എന്ന പേരില്‍ ഉപയോക്താക്കളെ പറ്റിച്ചും (ഇതുപോലെ) പേടിപ്പിച്ചും ഇന്‍സ്റ്റോള്‍ ചെയ്യപ്പെടുന്ന സ്പൈവെയറാണെന്നും തെളിവു സഹിതം ബോധ്യപ്പെടുത്താന്‍ അധിക സമയം വേണ്ടി വന്നില്ല എന്നു പറയുന്നത് അമ്മയാണെ അതിശയോക്തിയല്ല.

Labels: , ,

11 അഭിപ്രായങ്ങള്‍:

 1. Blogger Haree | ഹരീ എഴുതിയത്:

  ഹെന്റമ്മേ, വിന്‍ഡോസ് ഡയലോഗ് ബോക്സ് കണ്ട് ഭാര്യ ഉപദേശിച്ചൂന്നോ!!! :)
  --

  Fri Jun 15, 07:05:00 PM 2007  
 2. Blogger ഉത്സവം : Ulsavam എഴുതിയത്:

  ഹഹ മെസ്സേജ് ബോക്സ് അത്രേം കുഴപ്പങ്ങള്‍ ഉണ്ടാക്കി അല്ലേ. സിസ്റ്റെം ഡോക്ടറ്, ഡ്രൈവ് ക്ലീനര്‍ എന്നീ പരോപകാരികള് ഇപ്പോ indiaglitz, thatsmalayalam എന്നിവയില്‍ നിന്നും ഇടക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായലും ഇത്രയല്ലേ പറ്റിയുള്ളൂ, മെസ്സേജ് ബോക്സിന്റെ യെസ്/നോ ഒന്നും ക്ലിക്ക് ചെയ്തില്ലല്ലോ..:-)

  Fri Jun 15, 07:29:00 PM 2007  
 3. Blogger സാല്‍ജോ+saljo എഴുതിയത്:

  അവസാനത്തെ ആ ആണയിടലില്‍ എന്തോ ഒരു പന്തികേടുണ്ടല്ലോ, മാഷെ ;)

  നല്ല രസം.!

  Fri Jun 15, 08:53:00 PM 2007  
 4. Blogger ഉമേഷ്::Umesh എഴുതിയത്:

  ഹഹഹ...

  ഈ ഭാര്യമാരെക്കൊണ്ടു് മനുഷ്യനു ജീവിക്കാന്‍ മേലാ എന്ന സ്ഥിതിയായല്ലോ.

  ആട്ടേ, കുടുംബപ്രവര്‍ത്തനമൊക്കെ നടക്കുന്നുണ്ടല്ലോ...

  [മലയാളം ടീവി കാണുന്നുണ്ടല്ലോ എന്നര്‍ത്ഥം:)]

  Fri Jun 15, 11:26:00 PM 2007  
 5. Blogger ദില്‍ബാസുരന്‍ എഴുതിയത്:

  ഹ ഹ..
  സന്തോഷേട്ടാ.. ഓരോരോ പുകിലുകളേയ്.. :-)

  qw_er_ty

  Fri Jun 15, 11:41:00 PM 2007  
 6. Blogger വിന്‍സ് എഴുതിയത്:

  hahaha kollaam.

  Sat Jun 16, 08:17:00 AM 2007  
 7. Blogger Siju | സിജു എഴുതിയത്:

  ഇതാണ് ബാച്ചിലേഴ്സ് ആകുന്നതിന്റെ ഒരു അഡ്വാന്റേജ്.. :-)

  Sat Jun 16, 01:17:00 PM 2007  
 8. Blogger Inji Pennu എഴുതിയത്:

  >>ഈ ഭാര്യമാരെക്കൊണ്ടു്

  ഉമേഷേട്ടാ? എന്തുവാണിത്?
  ‘ഭാര്യമാര്‍’-- ബഹുവചനം? ;)

  സന്തോഷേട്ടാ
  ഉവ്വുവ്വേ. വിശ്വസിച്ചു. എല്ലാം വിശ്വസിച്ചു. പെണ്ണുങ്ങളും കമ്പ്യൂട്ടര്‍ ഉപയോഗിച്ചിട്ട് ഇതുപോലെ ഒക്കെ വന്നതായി എവിടേം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാട്ടാ. ചുമ്മാ കുടുമ്മത്തിരിക്കണോരെ കുറ്റം ചാ‍രണംട്ടൊ എപ്പളും :)

  Sat Jun 16, 01:23:00 PM 2007  
 9. Blogger ബിന്ദു എഴുതിയത്:

  ഉവ്വുവ്വേ... മ്യൂസിക്‌ ഇന്‍ഡ്യാ ഓണ്‍ലൈന്‍ ഒക്കെ ഞങ്ങളും ഉപയോഗിക്കുന്നതാണേ... ;)

  Sat Jun 16, 01:27:00 PM 2007  
 10. Blogger Manu എഴുതിയത്:

  സിമിലര്‍ ഒരു പറ്റിവിടെയും പറ്റീട്ട്ണ്ടേ... ഭാര്യയല്ല. ഒരു മുതിര്‍ന്ന സുഹൃത്ത്. ഫ്രീ ഫയല്‍ ഹോസ്റ്റിംഗ് ഉള്ള മിക്കവാറും സൈറ്റുകളില്‍ റ്റെക്സ്റ്റ് മാത്രമല്ല ചിലപ്പോള്‍ പടങ്ങളും ഉണ്ടാവും..മനുഷ്യന്റെ നാണംകെടുത്താന്‍. നന്നായി കുറിപ്പ്.

  ഓഫ്. ഇഞ്ചിയേ..ഭാര്യമാര്‍ എന്ന് ഉമേഷ് ഗുരുക്കള്‍ ഉദ്ദേശിച്ചതെന്താണെന്ന് ഇഞ്ചിയുടെയും ബിന്ദുവിന്റെയും കമന്റ് കണ്ടപ്പോള്‍ മനസ്സിലായി. സന്തോഷേട്ടന്റെ ‘രമണി’ മാത്രം അല്ല കഥാപാത്രം എന്നുള്ളതിനു തെളിവ് വേറേ വേണോ. ..പാവം ഭര്‍ത്താക്കന്മാര്‍ (ബഹുവചനം !!!).
  **************
  ഭാഗ്യവാന്മാര്‍ ഞങ്ങള്‍ ബാച്ചികള്‍ എന്ന് ആത്മഗതം. :)

  Sat Jun 16, 01:39:00 PM 2007  
 11. Blogger വിനയന്‍ എഴുതിയത്:

  കൊള്ളാം

  Tue Jun 19, 04:41:00 AM 2007  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home