ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, June 13, 2007

ഭൂരിപക്ഷത്തിനു തെറ്റിയാല്‍

When great changes occur in history, when great principles are involved, as a rule the majority are wrong. The minority are right.
എന്ന് Eugene V. Debs എവിടെയോ പറഞ്ഞിട്ടുണ്ടത്രേ.

ഒരു വിഷയത്തിനുമേല്‍ രണ്ടോ അതിലധികമോ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുമ്പോഴാണല്ലോ, ജനാധിപത്യ രീതിയില്‍ ഭൂരിപക്ഷ തീരുമാനം പോലെ നടക്കട്ടെ എന്ന സമവായം ഉയര്‍ന്നുവരുന്നത്.

ഭൂരിപക്ഷ തീരുമാനം പുനര്‍വിചിന്തനത്തിനെടുക്കാത്ത ഏതെങ്കിലുമൊക്കെ കൂട്ടങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ നമുക്കിടയില്‍ ഉണ്ടാവാനിടയില്ല. ഈ കൂട്ടങ്ങളിലെ അംഗത്വം ചിലപ്പോള്‍ നാം ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്നവയാവും, മറ്റു ചിലപ്പോഴാകട്ടെ നമ്മില്‍ അടിച്ചേല്‍‍പ്പിക്കപ്പെടുന്നവയും. നാളുകള്‍ (ദിവസങ്ങളോ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയോ) കഴിയുമ്പോള്‍ ഈ തീരുമാനങ്ങളില്‍ ചിലതെങ്കിലും ഒരു പുനരാലോചനയ്ക്കായി നമ്മുടെ മുന്നില്‍ വന്നു നിന്നേക്കാം.

കൂട്ടായി എടുത്ത തീരുമാനം ശരിയായിരുന്നാല്‍ പിന്നീടൊരിക്കലും നമ്മളില്‍ പലരും ആ തീരുമാനത്തെപ്പറ്റിയോ ആ തീരുമാനം എടുക്കുവാനുണ്ടായ കാരണത്തെപ്പറ്റിയോ അധികം ആലോചിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, താനുള്‍പ്പെടെയുള്ള ഒരു കൂട്ടം ഭൂരിപക്ഷാഭിപ്രായം നോക്കിയെടുത്ത തീരുമാനം തെറ്റായിപ്പോയി എന്നുവരുമ്പോഴാണ് നാം അതേപ്പറ്റി കൂടുതലാലോചിക്കുന്നതും തെറ്റില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതും.

നിങ്ങള്‍ കൂടി യോജിച്ച് ഭൂരിപക്ഷത്തോടൊപ്പം എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീട് മനസ്സിലാവുന്നു എന്നു കരുതുക. ഇതിനെ ഫലപ്രദമായി അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്ക് മുന്നില്‍ പല പാതകളുമുണ്ട്. ഉദാഹരണമായി,

നിഷേധം: അന്നത്തെ പരിമിതമായ അറിവ് മൂലമാണ് തെറ്റായ തീരുമാനമെടുത്തതെന്നും, ഇതേ സാഹചര്യങ്ങളില്‍, ഇതേ അറിവ് വച്ച് നിങ്ങള്‍ ഇതേ തീരുമാനമേ എടുക്കാന്‍ സാധ്യതയുള്ളൂ എന്നും വിലയിരുത്തി ഫയല്‍ മടക്കുക.

ആരോപണം: തന്‍റെ തീരുമാനത്തെ, മറ്റൊരാളുടെയോ, മറ്റുപലരുടേയുമോ അഭിപ്രായം തെറ്റായ രീതിയില്‍ സ്വാധീനിച്ചെന്നും, തനിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം കുറവായിരുന്നുവെന്നും ആരോപിക്കുക.

നിരാശ: തീരുമാനമെടുക്കേണ്ട സന്ദര്‍ഭത്തില്‍ ദീര്‍ഘവീക്ഷണമില്ലായ്മ കാണിച്ചതില്‍ പരം അബദ്ധം ജീവിതത്തിലുണ്ടാവാനില്ലെന്നും, പൊതുവേ വിവേകശാലിയെന്ന് കരുതിയിരുന്ന തനിക്ക് എങ്ങനെയാണ് ഇത്തരം അബദ്ധ തീരുമാനങ്ങളോടൊപ്പം യോജിക്കാന്‍ കഴിഞ്ഞതെന്നും ഓര്‍ത്ത് നിരാശയില്‍ മുങ്ങുക.

ദേഷ്യം: മേലില്‍ അക്കാര്യം സംസാരിച്ചു പോകരുതെന്ന് ശഠിക്കുക. ആ വിഷയം ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നവരോട് ദേഷ്യപ്പെടുകയും അവരെ ശത്രുക്കളായി പ്രഖ്യാപിക്കുകയും ചെയ്യുക.

സമ്മതം: അന്ന് ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കാനുള്ള തന്‍റെ തീരുമാനം തെറ്റായെന്ന് നിരുപാധികം സമ്മതിക്കുക.

കാലം തെറ്റെന്ന് തെളിയിക്കാത്ത തീരുമാനങ്ങളെടുക്കുന്നത് ചില്ലറക്കാര്യമല്ല. അതിന്, ചെറുതല്ലാത്ത ദീര്‍ഘവീക്ഷണം ആവശ്യമാണ്. നമ്മളില്‍ പലരും ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിട്ടിട്ടുള്ളവരായിരിക്കുമല്ലോ. നിങ്ങളുടെ ഇഷ്ട സമരായുധം നിഷേധമോ സമ്മതമോ?

Labels: ,

9 Comments:

  1. Blogger myexperimentsandme Wrote:

    ഓള്‍ ഓഫ് ദ എബൌവ്-ന് സ്കോപ്പുണ്ടോ?

    qw_er_ty

    June 13, 2007 2:55 PM  
  2. Blogger ബിന്ദു Wrote:

    ആദ്യം സമ്മതിക്കും, പിന്നെ നിരാശ തോന്നും. എന്താ ഇപ്പോ ഇങ്ങനെയൊക്കെ? :)

    June 13, 2007 7:54 PM  
  3. Blogger Paul Wrote:

    സമ്മതം -> നിഷേധം

    June 14, 2007 12:45 AM  
  4. Blogger മുസ്തഫ|musthapha Wrote:

    ജീവിതത്തില്‍ പല ഘട്ടങ്ങളും കടന്ന് വന്നതല്ലേ - അതോണ്ട്, സന്ദര്‍ഭാനുസരണം ആ 5 ആയുധങ്ങളും ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്!

    :)

    June 14, 2007 12:54 AM  
  5. Blogger Unknown Wrote:

    ആദ്യം സമ്മതം പിന്നെ നിഷേധം.

    June 14, 2007 1:36 AM  
  6. Blogger Adithyan Wrote:

    ഞാനെടുത്ത തീരുമാനം തെറ്റാറില്ലല്ലോ ;)

    qw_er_ty

    June 14, 2007 1:46 AM  
  7. Blogger വിചാരം Wrote:

    താങ്കളുടെ നിരീക്ഷണത്തോടു 100% വും യോജിക്കുന്നു പ്രത്യേകിച്ച് ദേഷ്യം..

    June 14, 2007 2:03 AM  
  8. Blogger Santhosh Wrote:

    എല്ലാര്‍ക്കും നന്ദി. ആദിത്യന്‍ പറഞ്ഞത് എത്ര ശരി.

    [സ്വന്തം അനുഭവം: ജോലിയിലാണെങ്കില്‍ നിഷേധവും വീട്ടില്‍ സമ്മതവും അംഗീകരിക്കപ്പെട്ടു കണ്ടിട്ടുണ്ട്. സ്വന്തം തീരുമാനത്തെ “own” ചെയ്യാത്ത ജീവനക്കാരനോടുള്ള താല്പര്യമില്ലായ്മയാവാം ജോലിയില്‍ നിഷേധത്തിനെ ജനകീയമാക്കുന്നത്.]

    June 14, 2007 6:01 PM  
  9. Blogger Cibu C J (സിബു) Wrote:

    ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

    June 27, 2007 10:10 PM  

Post a Comment

<< Home