Sunday, January 29, 2006

രാഘോണ്ണാ, താങ്ക്യൂ!

ഇംഗ്ലീഷ് ഭാഷാ പ്രയോഗ പ്രാവീണ്യം നിത്യാഭ്യാസത്തിലൂടെ ഉണ്ടായിക്കോട്ടെ എന്നു കരുതിയാവണം, ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ ഹിന്ദു പത്രം വരുത്തുമായിരുന്നു. ഗള്‍ഫില്‍ കമ്പോണ്ടറായ (ഇപ്പോള്‍ പ്രമോഷനായി ഡോക്ടറായിക്കാണും) അയല്‍വാസി രാഘവന്‍ പിള്ളയുടെ ഐഡിയയായിരുന്ന് അത്. ഇനിയുള്ളകാലം കേരളത്തില്‍ ഒരു ജോലി എന്നത് സ്വപ്നം മാത്രമാമണെന്നും, ഇംഗ്ലീഷറിയാത്തവന്‍ പുറംലോകത്തു പോകേണ്ടി വന്നാല്‍ കഷ്ടപ്പെടുമെന്നും, രാഘവന്‍ പിള്ള ഗള്‍ഫില്‍ എത്തിപ്പെടുന്നതുവരെ "നാട്ടിലെ പ്രധാന ഗള്‍ഫുകാര"നായിരുന്ന ഷുക്കൂര്‍ മുതലാളിയെ വരെ ഇംഗ്ലീഷറിയേണ്ട കാര്യം വരുമ്പോള്‍ സഹായിക്കുന്നത് താനാണെന്നും മാന്യ അയല്‍വാസി അച്ഛനെ ധരിപ്പിച്ചു.

ഒരു മുന്‍ പട്ടാളക്കാരന്‍ കൂടിയാണ് രാഘവന്‍ പിള്ള. ഇദ്ദേഹം പറയുമായിരുന്ന പട്ടാളക്കഥകള്‍ സ്വാഭാവികമായും അതിശയോക്തി കലര്‍ന്നവയായിരുന്നു. അതിനാല്‍, ഇദ്ദേഹത്തിന്‍റെ ഗള്‍ഫ് വീരചരിതം ഒന്നാം വാല്യമൊഴികെ മറ്റൊന്നും ഞങ്ങളുടെ ഗ്രാമത്തില്‍ വിറ്റഴിഞ്ഞിരുന്നില്ല. എങ്കിലും, ഇംഗ്ലീഷ് പഠനത്തിന്‍റെ ആവശ്യം കാര്യകാരണസഹിതം വിവരിച്ചതിന് പത്തില്‍ പത്തു മാര്‍ക്കും നല്‍കാന്‍ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു.

സ്പോര്‍ട്സ് റിപ്പോര്‍ട്ടിംഗ് ഒരു കലയാണെന്ന് മനസ്സിലാകുന്നത് ഹിന്ദുപ്പത്രത്തിലെ ചെസ്സ് റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോഴാണ്. ചെസ്സില്‍ കമ്പം കയറിയിക്കുന്ന കാലം. ഓഫീസില്‍ നിന്ന് പാതിരാത്രി കഴിഞ്ഞാണെത്തുന്നതെങ്കിലും അച്ഛന്‍ ചോദിക്കും:

ടാ, മോനേ, ഒന്ന് കരുക്കള്‍ നിരത്തീട്ട് ഒറങ്ങ്യാ പോരേ?

ഓ, സമ്മതം!

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പും മറ്റും ദാ നമ്മുടെ കണ്‍മുന്നില്‍ കാണുന്ന പോലെ ഹിന്ദു റിപ്പോര്‍ട്ടുചെയ്യുമായിരുന്നു. ഏതോ ഒരു സായിപ്പായിരുന്നു ലേഖകന്‍. പേരോര്‍മയില്ല. [എന്‍റെ ഓര്‍മയ്ക്ക് പിടിതരാതെ നിന്ന ഈ ലേഖകന്‍, മാന്വേല്‍ ആരണ്‍ എന്ന നാടന്‍ സായിപ്പാണെന്ന് യാത്രാമൊഴിയും ഉമേഷും പറഞ്ഞുതന്നു. നന്ദി.] (ഹിന്ദു വായനകൊണ്ടുണ്ടായ ഏക പ്രയോജനവും ഇതായിരുന്നു. നിത്യാഭ്യാസി ആനയെ എടുത്തില്ല.)

അതിനു ശേഷമാണ് ഞാന്‍ ദേശാഭിമാനിയിലെ ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അക്കാലത്ത് മലയാളത്തിലെ ഏറ്റവും നല്ല ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് ദേശാഭിമാനിയുടേതായിരുന്നു. ശക്തിധരന്‍ എന്നോ ശക്തിദാസ് എന്നോ മറ്റോ ആയിരുന്നു ലേഖകന്‍റെ പേര് എന്നാണ് എന്‍റെ ഓര്‍മ. [ലേഖകന്‍റെ പേര് രവീന്ദ്രദാസ് ആണെന്ന് തിരുത്തിത്തന്ന മന്‍ജിത്തിന് നന്ദി.] കാവ്യസുന്ദരവും ഭാവനാസുരഭിലവുമായ ചേതോഹര ഭാഷയാല്‍ ക്രിക്കറ്റിലെ അതികായന്മാരെയും മഹായുദ്ധങ്ങളേയും സുന്ദരനിമിഷങ്ങളേയും തന്‍റെ വാരാന്ത്യ ലേഖനങ്ങളിലൂടെ ഇദ്ദേഹം സാധാരണ മലയാളിക്കും സ്വന്തമാക്കിക്കൊടുത്തു. ദേശാഭിമാനി സ്ഥിരമായി വായിച്ചിട്ട് നാളേറെയായതിനാല്‍ ഇപ്പോള്‍ ആ പത്രത്തിന്‍റെ ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് എങ്ങനെയെന്ന് എനിക്കറിയില്ല.

ഈ ലേഖനം ഇത്രയും നിങ്ങള്‍ വായിച്ചെങ്കില്‍, സംശയിക്കേണ്ട, നിങ്ങള്‍ ഒരു കായികപ്രേമിയാണ്. അല്ലെങ്കില്‍ നിങ്ങളുടെ പേര് ദിവ്യ എന്നാണ്. ഏതായാലും പറഞ്ഞുവന്നകാര്യമിതാണ്: എന്‍റെ അഭിപ്രായത്തില്‍, ഇന്ന് ഏറ്റവും നന്നായി ക്രിക്കറ്റ് റിപ്പോര്‍ട്ടുകളും അവലോകനങ്ങളും ആംഗലഭാഷയിയില്‍ എഴുതുന്നത് ക്രിക്ഇന്‍ഫോയുടെ ഫീച്ചേഴ്സ് എഡിറ്ററായ ദിലീപ് പ്രേമചന്ദ്രനാണ്. ദിലീപ് പ്രേമചന്ദ്രന്‍റെ ലേഖനങ്ങള്‍ ഇവിടെയും ഇവിടെയും വായിക്കാം. ഈ ലേഖനങ്ങള്‍ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല വായനയാണ്.

14 പ്രതികരണങ്ങൾ:

 1. മന്‍ജിത്‌ | Manjith

  വിന്‍ഡോസ് തുറക്കുമ്പോള്‍ വരുന്ന സംഗീതം പോലെയാണ് സന്തോഷിന്റെ ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നത്. മലയാളം മറക്കാത്ത മറ്റൊരു ടെക്നോക്രാറ്റിനെ കണ്ടുമുട്ടിയതില്‍ സന്തോഷം.

  ദേശാഭിമാനിയുടെ സ്പോര്‍ട്സ് പേജുകള്‍ പ്രത്യേകിച്ച് സവിശേഷങ്ങളായ തലക്കെട്ടുകള്‍ എന്നെയും ആകര്‍ഷിച്ചിട്ടുണ്ട്. രവീന്ദ്രദാസ് എന്ന കേരളത്തിലെ ആദ്യ സ്പോര്‍ട്സ് എഡിറ്റര്‍ ആ കസേരയില്‍ ഇരിക്കുന്നിടത്തോളം അങ്ങനെതന്നെ ആയിരിക്കാനാണു വഴി. മറ്റു പല പത്രങ്ങളിലെയും(മലയാളം) ക്രിക്കറ്റ് റിപ്പോര്‍ട്ടിങ്ങ് അറുബോറാണ്. കളികണ്ടവര്‍ക്ക് അതൊന്നും വായിക്കാന്‍ തോന്നില്ല.

 2. .::Anil അനില്‍::.

  താങ്ക്യൂ :)

  മറ്റെന്തെങ്കിലും പരിമിതികള്‍ വിലക്കുന്നില്ല എങ്കില്‍ താങ്കളുടെ ബ്ലോഗര്‍ സെറ്റിങ്ങുകളില്‍ Comments --> Comment Notification Address : pinmozhikal@gmail.com ആക്കാമോ?
  Also, Email --> BlogSend Address :

 3. സന്തോഷ്

  എന്തു പരിമിതി? എല്ലാം പറഞ്ഞ പോലെ!

  സസ്നേഹം,
  സന്തോഷ്

 4. .::Anil അനില്‍::.

  സന്തോഷായി സന്തോഷ്!
  (ഇനി വേഡ് വെരിഫിക്കേഷന്‍ കൂടി ഇട്ടാല്‍...)

 5. nalan::നളന്‍

  ദേശാഭിമാനിയിലെ (FIFA) കപ്പ് വിവരണങ്ങളും ഓര്‍മ്മവരുന്നു..
  വാരാന്ത പതിപ്പുകളും എക്കാലത്തും മികച്ചതു് ദേശാഭിമാനിയുടേതായിരുന്നു എന്നാണെനിക്കു തോന്നിയിട്ടുള്ളതു്.‍

 6. സന്തോഷ്

  വേഡ് വെരിഫിക്കേഷനും ഇട്ടു. ഇപ്പോള്‍ എല്ലാം തികഞ്ഞ ഒരു പ്രതീതി!

  സസ്നേഹം,
  സന്തോഷ്

 7. യാത്രാമൊഴി

  സന്തോഷ്,
  ഹിന്ദുവില്‍ ചെസ് സംബന്ധിച്ച ലേഖനങ്ങള്‍ എഴുതിയിരുന്ന അര്‍വിന്ദ് ആരോണ്‍ (Arvind Aaron) ആണൊ താങ്കള്‍ ഉദ്ദേശിച്ച സായ്‌വ്? എങ്കില്‍ മൂപ്പരു നല്ല ഒന്നാന്തരം അണ്ണാച്ചി ആണു കേട്ടോ. ഇന്‍ഡ്യയുടെ ആദ്യത്തെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (1961) ആയിരുന്ന മാന്വെല്‍ ആരോണ്‍ (Manuel Aaron) എന്ന അണ്ണാച്ചിയുടെ പുള്ളൈ താന്‍ അര്‍വിന്ദ്. “അമ്പും വില്ലും“ ചാമ്പ്യന്‍ ആയിരുന്ന അര്‍ജ്ജുനന്‍പിള്ളയുടെ പേരില്‍ ഭാരത സര്‍ക്കാരു കൊടുക്കുന്ന എവാര്‍ഡ് മാന്വെല്‍ മൂപ്പര്‍ക്കും ഒരെണ്ണമുണ്ട്. എഴുതി എഴുതി അപ്പാവെക്കാള്‍ പേരെടുത്ത അര്‍വിന്ദ് അണ്ണാച്ചിയുടെ ലേഖനങ്ങള്‍ ഞാനും പണ്ട് വായിക്കാറുണ്ടായിരുന്നു. വമ്പന്‍‌മാരുടെ കരുനീക്കങ്ങള്‍ ചിലതൊക്കെ വെട്ടി പടമാക്കി സൂക്ഷിച്ചിരുന്നു. പക്ഷെ ഓരോ പുറപ്പാടിലും നഷ്ടപ്പെട്ട് പോകുന്ന, അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെടുന്ന ഭാണ്ഡക്കെട്ടുകളുടെ കൂട്ടത്തില്‍ അതും നഷ്ടമായി.

  ഇന്നിപ്പോള്‍ തിരക്കന്‍ ജീവിതവുമായുള്ള കരുനീക്കത്തില്‍ വളയപ്പെടുന്നതും കാത്ത് കഴിഞ്ഞുകൂടുമ്പോള്‍ നഷ്ടമായ ഭാണ്ഡക്കെട്ടുകളെക്കുറിച്ച് ഓര്‍ക്കാന്‍ താങ്കളുടെ ഈ ലേഖനം ഒരു നിമിത്തമായി. ഭാവുകങ്ങള്‍!

 8. ഉമേഷ്::Umesh

  1980-‘81 കാലഘട്ടത്തിൽ (ഞാൻ SSLC പാസ്സായ കാലം) ഇതുപോലെ ഒരാൾ പറഞ്ഞു് എന്റെവീട്ടിലും “ഹിന്ദു” വരുത്തിയിരുന്നു. എന്റെ വായനയും ചെസ്സിൽ ഒതുങ്ങിയിരുന്നു.

  ഹിന്ദുവിൽ രണ്ടുപേർ‍ ചെസ്സിനെപ്പറ്റി എഴുതിയിരുന്നു.

  1) സി. ജി. എസ്. നാരായണൻ: ചെസ്സ് പ്രോബ്ലങ്ങളെപ്പറ്റി. വളരെ നല്ല പം‍ക്തി. നാരായണനും എൻ. ശങ്കർ റാമും മറ്റും ഇന്ത്യയുടെ പേരു പുറത്തു കേൾപ്പിച്ച മികച്ച പ്രോബ്ലമിസ്റ്റുകളാണു്.

  2) മാനുവൽ ആരോൺ: കളികളെയാണു പുള്ളി പ്രതിപാദിച്ചിരുന്നതു്.

  അരവിന്ദ് എന്നാണു് എഴുതിത്തുടങ്ങിയതു് എന്നറിയില്ല. മാനുവൽ, മക്കളായ അരവിന്ദ്, അശോക് എന്നവരെ അവിടെയും ഇവിടെയും വെച്ചൊക്കെ കണ്ടിട്ടുണ്ടു്. അവർ‍ എൺപതുകളുടെ ആദ്യത്തിൽ “ചെസ്സ് മേറ്റ്” എന്നൊരു മാസിക തുടങ്ങിയിരുന്നു. അതു ഞാൻ പത്തു കൊല്ലത്തോളം വരുത്തിയിരുന്നു. ഇപ്പോഴും അതു് ഉണ്ടെന്നാണു് അറിവു്.

  അന്നു് Indian Express-ലും അല്പം മുമ്പു് Illustrated Weekly-യിലും ആർ. ബി. സാപ്രേയും എഴുതിയിരുന്നു. തുച്ഛവിലയ്ക്കു കിട്ടുമായിരുന്ന സോവിയറ്റ് പ്രസിദ്ധീകരണങ്ങളായ Soviet Union, Sport in the USSR എന്നീ മാസികകളിലും ചെസ്സ് പം‍ക്തികൾ ഉണ്ടായിരുന്നു.

  “യാത്രാമൊഴി” പറഞ്ഞതുപോലെ, ഓർ‍മ്മകളെ തൊട്ടുണർ‍ത്തിയതിനു നന്ദി.

  - ഉമേഷ്

 9. സന്തോഷ്

  മന്‍ജിത്‌: രവീന്ദ്രദാസ് എന്‍റെ വികലമായ ഓര്‍മയില്‍ ശക്തിധരനും ശക്തിദാസുമൊക്കെ ആയിപ്പോയി. ക്ഷമിക്കുക. ഒപ്പം ഒരുപാടു നന്ദിയും.

  യാത്രാമൊഴി, ഉമേഷ്: മാന്വേല്‍ ആരണ്‍ ആണ് ഞാന്‍ ഉദ്ദേശിച്ച (നിങ്ങള്‍ നാടന്‍ എന്ന് തെളിയിച്ച) സായിപ്പ്. നന്ദി!

  സസ്നേഹം,
  സന്തോഷ്

 10. അതുല്യ

  SSLC പാസ്സായ ശ്രീ ഉമേഷിനു എല്ലാരുടെയും വക ഭാവുകങ്ങൾ. സന്തോഷ്,പോസ്റ്റ് നന്നായിരിക്കുന്നു.

 11. vkn

  Wow! I love this blog. Why didnt I discover it before? Great writing chengathee :-) Will visit for more. Cheers!

 12. വിശാല മനസ്കന്‍

  " ഈ ലേഖനം ഇത്രയും നിങ്ങള്‍ വായിച്ചെങ്കില്‍, സംശയിക്കേണ്ട, നിങ്ങള്‍ ഒരു കായികപ്രേമിയാണ്. അല്ലെങ്കില്‍ നിങ്ങളുടെ പേര് ദിവ്യ എന്നാണ്."
  നൈസ്‌ ...‌.
  പക്ഷെ, ഞാൻ ഇത്‌ അവസാനം വരെ വായിച്ചത്‌, സന്തോഷ്‌ രസകരമായി പറഞ്ഞിരിക്കുന്നതുകൊണ്ടാണ്‌.

 13. സന്തോഷ്

  അതുല്യ, vkn, വിശാല മനസ്കന്‍: താങ്ക്യൂ, താങ്ക്യൂ!!

  സസ്നേഹം,
  സന്തോഷ്

 14. Reshma

  “അതുല്യ :: atulya said...
  SSLC പാസ്സായ ശ്രീ ഉമേഷിനു എല്ലാരുടെയും വക ഭാവുകങ്ങൾ“ -ഈ അതുല്യേച്ചി തുടരെ തുടരെ ഗോളടി ആണല്ലോ!!