Thursday, March 09, 2006

ദൃക്സാക്ഷികളില്ലാതെ

“ആരാണ് സിരീഷ?” ഓഫീസറുടെ ശബ്ദം ഉയര്‍ന്നു.

ദൈവമേ! ജഡത്തിന്‍റെ പോക്കറ്റില്‍ നിന്നു കിട്ടിയ കത്തില്‍ എന്‍റെ പേരുണ്ട്!

ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. ശരീരമാസകലം ഒരു മരവിപ്പ്. പോലീസ്, കോടതി, ജയില്‍. മനസ്സില്‍ അവ്യക്ത ചിത്രങ്ങള്‍ കൂടിക്കലര്‍ന്നു. വടിവൊത്ത അക്ഷരത്തിലെഴുതിയ കത്തിന്‍റെ ഏതോ മൂലയില്‍ മനപ്പൂര്‍വ്വമെന്നപോലെ കുറിച്ചിട്ട എന്‍റെ പേരു മാത്രം എനിക്ക് വ്യക്തമായിക്കാണാം, കുറ്റാന്വേഷകന്‍ തെളിവുകള്‍ക്കുമുന്നില്‍ പിടിച്ച ഭൂതക്കണ്ണാടിയിലൂടെയെന്നപോലെ.

അവനെന്നോട് പ്രേമമാണെന്നാണ് സോണിയ പറയുന്നത്. ലഞ്ച് ബ്രേക്കിന് മൂര്‍ത്തിയുടെ ഓഫീസില്‍ വന്നിരിക്കുന്നത് എന്നെ കാണാനാണുപോലും. 'നിലാവത്ത് ഒറ്റയ്ക്കു നടക്കുമ്പോള്‍' എന്ന കഥയില്‍ പച്ചച്ചുരിദാറിട്ട്, മുടിപിന്നിയിട്ട്, എപ്പോഴും നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന നായിക ഞാനാണത്രേ. കഥകളോടും നോവലുകളോടും എനിക്ക് വലിയ പ്രതിപത്തിയില്ല. “ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ്” എന്നതിനു പകരം “മാഡ്‍നിംഗ് ക്രൌഡ്” എന്നതായിരുന്നില്ലേ കൂടുതല്‍ ഉചിതമായിരുന്നത് എന്ന ചോദ്യത്തിന് എനിക്ക് സാഹിത്യാസ്വാദനത്തിലല്ല ഭാവിയെന്നായിരുന്നു പ്രൊഫെസറുടെ മറുപടി.

ശനിയാഴ്ച അവധിയാണെങ്കിലും, എനിക്കു ജോലിത്തിരക്കാവുമെന്ന് പറഞ്ഞത് സിനിമാ പ്രോഗ്രാമില്‍ നിന്ന് തലയൂരാനാണ്. കമ്പനി വക ഫ്രീ ഡിന്നര്‍ ഒത്തല്ലൊ എന്നവന്‍ രണ്ട് തവണ പറഞ്ഞിട്ടും സോണിയ ചിരിച്ചില്ല; ഞാനും. “ഐ വില്‍ ഗിവ് യു കമ്പനി” എന്നു പറഞ്ഞപ്പോള്‍ വേണ്ട എന്നു പറയാമായിരുന്നു.

ഇനി പറഞ്ഞിട്ടെന്ത് കാര്യം?

“വരൂ, നമുക്കല്‍പ്പനേരം ബാല്‍ക്കണിയിലിരുന്ന് സംസാരിക്കാം.” അവന്‍ പറഞ്ഞു.
“ഇല്ല, എനിക്ക് നേരത്തേ വീട്ടിലെത്തണം.”
“അപ്പോള്‍ ജോലിയുണ്ടെന്നു പറഞ്ഞതോ?”

എട്ടാം നിലയിലുള്ള ഓഫീസിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേയ്ക്ക് നോക്കി നില്‍ക്കാന്‍ രസമാണ്. പ്രത്യേകിച്ചും തിരക്കേറുന്ന സന്ധ്യകളില്‍. ഇളം തണുപ്പേറ്റ് വെള്ളിരോമങ്ങള്‍ ഉണര്‍ന്നു നില്‍ക്കും. അകലെ യുറ്റിലിറ്റി ബില്‍ഡിംഗിന്‍റെ ജനാലകള്‍ ഓരോന്നായി സ്വയം കണ്ണുമിഴിച്ച് പുതിയ വര്‍ണ്ണരൂപങ്ങള്‍ ചമയ്ക്കും. ട്രാഫിക് ലൈറ്റിനായി കാത്തു കിടക്കുന്ന വാഹനങ്ങള്‍ അടുത്ത നീക്കത്തിനുള്ള അവസരം കാത്തു കിടക്കുന്ന ആനയും കുതിരയും കാലാളുമാവും. ഈ വാക്കുകളും വാക്യങ്ങളും ചേര്‍ത്ത് അവന്‍ എനിക്കൊരു കഥ പറഞ്ഞു തരും.

അവനെന്നോട് സംസാരിക്കുമ്പോള്‍, ഒളിച്ചു വച്ചിരിക്കുന്ന പ്രണയത്തിന്‍റെ ഭയവും വേദനയും ആ കണ്ണുകളില്‍ തെളിഞ്ഞു വരും. ഞാന്‍ ചോദിച്ചു: “നമുക്ക് ഈ എട്ടാം നിലയില്‍ നിന്നും താഴേയ്ക്കു ചാടിയാലോ?” അവന്‍റെ വിടര്‍ന്നു വന്ന കണ്ണുകളില്‍ മൂഢധൈര്യത്തിന്‍റെ അക്ഷരക്കൂട്ടുകള്‍ ഞാന്‍ വായിച്ചു.

മനുഷ്യര്‍ക്ക് പറക്കാന്‍ കഴിയുമായിരുന്നെങ്കില്‍! എങ്കില്‍ ആകാശത്തിലും ട്രാഫിക് ജാം! ഇതേ ചോദ്യം ഞാന്‍ ഒരിക്കല്‍ അവനോട് ചോദിച്ചതോര്‍ക്കുന്നു. മേഘങ്ങള്‍ക്കിടയിലൂടെ ഒരു അപ്പൂപ്പന്‍‍താടിപോലെ, സര്‍വതന്ത്രസ്വതന്ത്രമായി പറന്ന്, പറന്ന്, പറന്ന്...

“ഞാന്‍ പോകുന്നു.”
“നഗര മധ്യത്തില്‍ അസുലഭമായിക്കിട്ടുന്ന ശാന്തത ഉപേക്ഷിച്ചോ?”
“പുകയൂതി കുതിച്ചുപായുന്ന കാറും ബസ്സും കണ്ടാല്‍ എനിക്ക് കവിത വരില്ല! നീയെന്തൊക്കെയാണോ അതിന്‍റെ നേരേ വിപരീതമാണ് ഞാന്‍.”
“അതെനിക്കറിയായ്കയല്ല. വിപരീതങ്ങളല്ലേ ആകര്‍ഷിക്കുന്നത്?”
“ശാസ്ത്രവും ജീവിതവും കൂട്ടിക്കുഴയ്ക്കാന്‍ നീ പണ്ടേ മിടുക്കനാണ്.”

സത്യത്തില്‍ അത് വെറുതേ കൊടുത്ത ഒരു കോം‍പ്ലിമെന്‍റായിരുന്നു. അവന്‍റെ പല രീതികളും എനിക്കറിയില്ലല്ലോ എന്ന് അല്പം കൌതുകത്തോടെയാണെങ്കിലും ഞാന്‍ ഓര്‍ത്തു.

“സമയം ഏഴര കഴിയുന്നു. നീ ഈയാഴ്ചത്തെ ഡെഡ്‍ലൈന്‍ മീറ്റ് ചെയ്യുമോ?” ഞാന്‍ വിഷയം മാറ്റാന്‍ വേണ്ടി ചോദിച്ചു.
“ശേഖര്‍ ഒരു സ്റ്റൂപിഡ് മനുഷ്യനാണ്. അയാളെന്താ എന്നെപ്പറ്റി കരുതിയിരിക്കുന്നത്? ഐ നോ സീപ്ലസ്പ്ലസ് ബെറ്റര്‍ ദാന്‍ ഹിം. ഹി ആന്‍ഡ് ഹിസ് ബംഗ്ലിംഗ്, ക്ലംസി മാനേജ്മെന്‍റ് ക്രാപ്പ്.”
“ഓ, ഷൂട്ട്! ഡിഡ് ഐ...?”

വേണ്ടിയിരുന്നില്ല. അവന്‍ കുറേനേരം അകലങ്ങളിലേയ്ക്ക് നോക്കിയിരുന്നു. ആ മുഖത്ത് ദേഷ്യവും നിരാശയും നിറഞ്ഞു. സോണിയ പറയുന്നത് ശരിയാണ്, ആവശ്യമില്ലാത്തിടത്ത് ഓരോന്ന് എഴുന്നെള്ളിക്കും ഞാന്‍.

“ഐ ഹാഫ് റ്റു ഗോ.”
“ഉം.” അവന്‍ അലസമായി മൂളി.

നമ്മുടെ സംഭാഷണങ്ങള്‍ എപ്പോഴും എന്താണ് ഇങ്ങനെ അവസാനിക്കുന്നത്? എന്‍റെ മുന്നില്‍ ഇവന്‍ എന്താണിങ്ങനെ മൂഡിയാവുന്നത്? ഒന്നാലോചിച്ചാല്‍ ഈ ഭാവമാറ്റങ്ങള്‍ക്ക് കാരണം ഞാനാണെന്ന് തോന്നിപ്പോവും. മറ്റുള്ളവരുടെമുന്നില്‍ അവന്‍ എപ്പോഴും ചിരിക്കുന്നവനാണ്. തമാശകള്‍ പറയുകയും, പ്രാങ്കുകള്‍ ഒപ്പിക്കുകയും ചെയ്യുന്നവനാണ്. ഒരിക്കല്‍ മായാതോമസ് അവന്‍റെ ഏജന്‍റിനെപ്പോലെ എന്നോടു പറഞ്ഞതോര്‍ക്കുന്നു: “ഹി ഈസ് സച് എ ഗ്രെയ്റ്റ് ഗൈ, സോ കൂള്‍!” ഒരക്ഷരം മിണ്ടിയില്ല. മറുപടി ഒരു കഥയായി പ്രചരിക്കാന്‍ വൈകില്ല.

“ഐ ഹാഫ് റ്റു ഗോ റ്റൂ...”
“സീയൂ റ്റ്മോറോ.” ഞാന്‍ ബാല്‍ക്കണിയുടെ സുഖമുള്ള തണുപ്പില്‍ നിന്ന് ഓഫീസിന്‍റെ ഇളം ചൂടിലേയ്ക്ക് കയറി.

പാതി തുറന്നു കിടന്ന ജനലിലൂടെ അന്തിവെയില്‍ നെറ്റിയിലടിക്കുന്നു. തലയ്ക്കുമുകളില്‍ ഫാന്‍ പതിയെ ഓഫാകുകയാണ്. മുറ്റത്തു നിന്ന് എന്നെ വിളിച്ചതാരാണ്? വാതില്‍ തുറന്ന് പുറത്തു നില്‍ക്കുന്നതാരാണെന്ന് ആരും നോക്കാത്തതെന്താണ്?

ആരെങ്കിലും അയാളോടു പറയൂ, ഞാന്‍ നിരപരാധിയാണെന്ന്.

11 പ്രതികരണങ്ങൾ:

 1. evuraan

  നന്നായിരിക്കുന്നു..!!

 2. സു | Su

  കഥ നന്നായി :)

 3. അരവിന്ദ് :: aravind

  സന്തോഷ്..കഥ നന്നായി കേട്ടോ..

  (ജയന്‍ സ്റ്റൈല്‍ - സന്തോഷ് കഥകളെഴുതുകയായിരുന്നുവെങ്കീല്‍...
  എനിക്കു കമന്റു ചെയ്യാമായിരുന്നൂ...)

  കവിതകള്‍ ആസ്വദിക്കാവുന്നിടത്തോളം പരിണാമം എനിക്കു സംഭവിച്ചിട്ടില്ല :-) വായിക്കുന്നുണ്ട് എന്നാലും.

 4. Thulasi

  പ്രണയ ലേഖനങ്ങള്‍ പിന്നിട്‌ ഒരു കുരു
  ക്കാകും എന്നു കരുതി ഇപ്പോഴാരും പ്രണയ ലേഖനങ്ങള്‍ എഴുതാറില്ല പോലും. തനിക്കു നടന്നു പോകാനുള്ള വഴിയെകുറിച്ചു മാത്രം ചിന്തിക്കുന്നവര്‍. അതിലൊരുവന്റെ സ്വപ്നം ?

 5. പെരിങ്ങോടന്‍

  ഇതു കൊള്ളാം സന്തോഷ്! നന്നായി എഴുതിയിരിക്കുന്നു.

 6. ശനിയന്‍ \OvO/ Shaniyan

  :-) പാവം പോലീസ്‌.. ;-)

 7. കണ്ണൂസ്‌

  good one

 8. സന്തോഷ്

  ഏവൂരാന്‍, സൂ, പെരിങ്ങോടന്‍, കണ്ണൂസ്: നന്ദി!
  അരവിന്ദ്: വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.
  തുളസി: ഇപ്പോള്‍ ജാതിയും ഉപജാതിയും വരെ നോക്കിയാണല്ലോ പ്രേമം. ‘കുടുങ്ങില്ല’ എന്ന് ഉറപ്പുള്ള കുരുക്കുകള്‍ മാത്രം അണിയാനും.
  ശനിയന്‍: അതെ, പാവം!

  സസ്നേഹം,
  സന്തോഷ്

 9. nalan::നളന്‍

  ആശംസകളോടെ..

 10. സാക്ഷി

  സന്തോഷ്,
  കഥ ആദ്യമേ വായിച്ചിരുന്നു.
  ഭംഗിയായി പറഞ്ഞിരിക്കുന്നു.
  നല്ല ശൈലി. നല്ല ചിന്തകള്‍.

 11. സന്തോഷ്

  നളന്‍, സാക്ഷി: നന്ദി.