ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, March 22, 2006

ആരായിത്തീരണം?

വളര്‍ന്നു വലുതാകുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന ചോദ്യം ആദ്യം ചോദിച്ചത് അഞ്ചാം ക്ലാസ്സില്‍ കണക്ക് വാധ്യാരായിരുന്ന സുലൈമാന്‍ സാറ് ആണ്.

സാറിനു വേറേ പണിയില്ലേ എന്ന മട്ടില്‍, ഞങ്ങള്‍ ആണായ്പിറന്നവരെല്ലാം ദൂരെക്കണ്ട വേട്ടാവുളിയന്‍ കൂട്ടില്‍ കണ്ണുനട്ടും, ഏഴ്. ബി-യില്‍ മലയാളം പഠിപ്പിക്കുന്ന ശാന്തട്ടീച്ചറിന്‍റെ പാട്ടില്‍ കാതുനട്ടും ഇരിപ്പായി. പെണ്‍കിടാങ്ങള്‍ എന്തൊക്കെയോ കുശുകുശുക്കുന്നു. ഏറ്റവും നല്ല ഉത്തരം പറഞ്ഞ് ആണുങ്ങളെ തറപറ്റിക്കാനുള്ള ഗൂഢാലോചനയാവണം. ആ ഒറ്റ ചിന്തയല്ലേയുള്ളൂ അവറ്റകളുടെ മനസ്സില്‍.

“ചോദ്യം എല്ലാരോടുമാണ്. ഞാന്‍ ഓരോരുത്തരോടായി ചോദിക്കുന്നതായിരിക്കും!” സാറ് നയം വ്യക്തമാക്കിയതോടെ ആണുങ്ങളുടെ കണ്ണും കാതും കൂട്ടത്തോടെ അഞ്ച്. എ-യിലേയ്ക്ക് തിരിച്ചെത്തി.

പിന്നെ വെപ്രാളമായി. എന്തു പറയും? രാജേഷ് കണ്ടക്ടര്‍ പണി ബുക്കു ചെയ്തു. സുരേഷ് ബാബുവിന് പേര്‍ഷ്യേ പോണം. റസാക്കിന് ഡ്രൈവറായാല്‍ മതി. അവനതു പറയാം. അവന്‍റച്ഛനു കാറുള്ളതല്ലേ? പ്രേം കുമാറിനു ബിസിനസ്സുകാരനാവണം. അതെന്തു കുന്ത്രാണ്ടമാണാവോ?

ശോഭയ്ക്ക് ടീച്ചറാവാനാണ് മോഹം. ഛെ, ഇനി സാറാവണമെന്നു പറഞ്ഞാല്‍ ശോഭ പറഞ്ഞതു കേട്ട് പറഞ്ഞതാണെന്നല്ലേ ഇവന്മാര്‍ പറഞ്ഞു നടക്കൂ. അല്ലെങ്കിലേ കൊഴപ്പം: ഷിബു ഇന്നാളു ചോദിച്ചേയുള്ളൂ, ഞാനെന്തിനാ ശോഭേം ബിന്ദൂനേം നോക്കിയിരിക്കുന്നതെന്ന്. അവര്‍ എന്നെയാ നോക്കുന്നത്, ഞാന്‍ അവരെയല്ല എന്നു പറഞ്ഞ് തല്‍ക്കാലം രക്ഷപ്പെട്ടു നില്‍ക്ക്വാ.

ബിന്ദു എന്താ പറഞ്ഞതെന്ന് ഞാന്‍ കേട്ടില്ല. “കൊള്ളാമല്ലോ, മിടുക്കി” എന്ന സാറിന്‍റെ മറുപടി മാത്രം കേട്ടു.

എനിക്കാരാവണം? പരിചിതമുഖങ്ങള്‍ മനസ്സിലോടിയെത്തി.

ആയിത്തീര്‍ന്നാല്‍ നാലാള് കുറ്റം പറയാത്ത ഒരുപാട് പേരുണ്ട്, പക്ഷേ, പലരും അദ്ധ്യാപകരാണ്. ശോഭ, ടീച്ചറാവണമെന്ന് പറഞ്ഞതോടുകൂടി വഴിയടഞ്ഞത് എന്‍റേതാണ്. സാമ്പന്‍ സാറും ഇബ്രാഹിം കുഞ്ഞ് സാറും ആകാന്‍ പറ്റിയ സാറന്മാരാണ്. പക്ഷേ എന്തു ചെയ്യാന്‍?

രവിയണ്ണന്‍ ഉള്‍പ്പടെ എല്ലാ ഡ്രൈവര്‍മാരും പുറത്ത്. റസാക്ക്, ഡ്രൈവര്‍ എടുത്തുകഴിഞ്ഞു. കരുണാകരന്‍ മാമനെപ്പോലെ രാഷ്ട്രീയക്കാരനായാലോ? വേണ്ട, തെരഞ്ഞെടുപ്പില്‍ നിന്ന് തോല്‍ക്കാന്‍ വയ്യ. കുമാറണ്ണനെപ്പോലെ റേഡിയോ നന്നാക്കുന്നയാളാവണമെന്നു പറയാം. പക്ഷേ, സുലൈമാന്‍ സാറ് അമ്മയെക്കാണുമ്പോള്‍ പറഞ്ഞുകൊടുത്താലോ? ആ കാരണം കൊണ്ട് സ്വര്‍ണപ്പണിക്കാരന്‍ രാജനും സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന രാജപ്പന്‍ മേശിരിയും മുറുക്കാന്‍ കടക്കാരന്‍ തുളസിയും ആവാന്‍ പറ്റില്ല. ചിട്ടിക്കാരന്‍ മൊണ്ണയാവണമെന്നു പറയാമെന്നു വച്ചാല്‍ അയാളുടെ യഥാര്‍ത്ഥ പേരറിയില്ല.

പല്ലന്‍ ഗോപി നല്ലപോലെ പന്തുകളിക്കും. പക്ഷേ മോളിച്ചേച്ചിക്കും അമ്പിളിച്ചേച്ചിക്കും അവനെ പേടിയാണ്. അതുകൊണ്ട് അവനാവാന്‍ പറ്റില്ല. രാധാകൃഷ്ണന്‍ ചേട്ടന്‍ നല്ല മനുഷ്യനാണ്, പക്ഷേ വിക്കുണ്ട്. റേഷന്‍ കടയിലെ സുകുമാരണ്ണന്‍ എല്ലാവരേയും സഹായിക്കുന്നവനാണ്. അണ്ണന്‍, പക്ഷേ, സന്ധ്യയായാല്‍ വെള്ളമടിക്കും. അപ്പച്ചിയുടെ മകന്‍ വിജയണ്ണന്‍ നല്ലപോലെ പഠിക്കുമെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ വിജയണ്ണനാവണമെന്നു പറഞ്ഞാല്‍, അയാളാരാ എന്നു ചോദിച്ചാലോ? ഒരു ജോലിയുള്ള ആളിന്‍റെ പേരല്ലേ പറയാന്‍ പറ്റൂ. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന വിജയണ്ണനാവണമെന്നു പറയാന്‍ പറ്റില്ല. പഠിച്ചു വലുതായി വിജയണ്ണനും വെള്ളമടിച്ചാലോ? വെള്ളമടിക്കുന്ന കാരണം മൂലം മണിയന്‍ മാമന്‍, രാഘവനപ്പൂപ്പന്‍ എന്നിവരും ആവന്‍ പറ്റില്ല. കഷ്ടം, മണിയന്‍ മാമന്‍ ബോംബേയിലൊക്കെ പോയിട്ടുള്ള ആളായിരുന്നു.

ഉളിനാട്ടെ സാറ് എഞ്ചിനീയറാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അത് എന്തു ജോലിയാണെന്നറിയില്ല. നല്ല പാടുള്ള പണിയായിരിക്കും. സാറ് രാവിലെ ആറരയ്ക്ക് പോകും. ഇരുട്ടിയിട്ടേ വരൂ. അത്രേം വലിയ ആളാവണമെന്ന് പറഞ്ഞാല്‍ സുലൈമാന്‍ സാറ് കളിയാക്കിയാലോ? പുത്തന്‍ വീട്ടിലെ സുനിലണ്ണന്‍ നല്ലപോലെ വരയ്ക്കും. അണ്ണനു പക്ഷേ അടികിട്ടിയിട്ടുണ്ട്. അത് സുലൈമാന്‍ സാറിനും അറിയാമായിരിക്കും. പാറയ്ക്കലെ ശശിയണ്ണന്‍ ആകാന്‍ പറ്റിയ ആളായിരുന്നു. ഏയീയോ ആപ്പീസിലായിരുന്നു ജോലി. പക്ഷേ വിഷം കഴിച്ചു മരിച്ചു.

ഇനി ആലോചിക്കാന്‍ അധികം സമയമില്ല. എന്‍റെ അവസരം വരാറായി. രണ്ടാം ബഞ്ച് കാരനായിരുന്നതുകൊണ്ട് ആലോചിക്കാന്‍ ഇത്രയെങ്കിലും സമയം കിട്ടി (വായിക്കുന്നുണ്ടാവില്ലന്നറിയാം, എന്നാലും സോറി, അഞ്ചാം ക്ലാസ്സില്‍ ഞാന്‍ വെറും രണ്ടാം ബഞ്ചുകാരനായിരുന്നുവെന്ന് അമ്മ അറിയുന്ന സുദിനമാണല്ലോ ഇന്ന്).

കിട്ടിപ്പോയ്!

എനിക്ക് കുറുപ്പമ്മാവനാവണം!

കറുത്ത കൊമ്പന്‍ മീശയും ആറടിയോളം ഉയരവും അതിനു തക്ക തടിയും ഉള്ള, രാമന്‍റെ അച്ഛന്‍ ഗോപാലക്കുറുപ്പ് മാമന്‍ ആ ദേശത്തെ കള്ളന്മാരുടെ മാത്രമല്ല, ഞങ്ങള്‍ പീക്രിപ്പിള്ളേരുടേയും പേടിസ്വപ്നമായിരുന്നു. സാദാ പീക്രികള്‍ക്ക് സ്കൂളില്‍ പേകുമ്പോഴും മടങ്ങിവരുമ്പോഴും മാത്രമേ പോലീസ്കുറുപ്പിനെ കണ്ട് പനി പിടിക്കാന്‍ അവസരമുണ്ടായിരുന്നുള്ളൂ. അച്ഛന്‍റെ ഒരു അടുത്ത സുഹൃത്തായിരുന്നതിനാല്‍, കുറുപ്പമ്മാവന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരുമായിരുന്നു. അനിയനും ഞാനും മരക്കമ്പിന് നിക്കറിട്ടപോലെയുള്ള ഒന്നുരണ്ടു അളിയന്മാരുമടങ്ങുന്ന ഗുണ്ടാ സംഘത്തിന്‍റെ കാര്യം അതുമൂലം വളരെ കഷ്ടത്തിലായിരുന്നു.

ഇനി ഒന്നും ആലോചിക്കാനില്ല. ഞാന്‍ പോലീസ് ആകാന്‍ ആഗ്രഹിക്കുന്നു. അതും വെറും പോലീസല്ല, കുറുപ്പമ്മാവനെപ്പോലെയുള്ള പോലീസ്.

എന്‍റെ ഊഴം വരുന്നതിനുമുമ്പ് അടുത്തിരിക്കുന്ന അനില്‍ പോലീസാവണമെന്നു പറഞ്ഞാലോ? അവനോടു പറയാം, പോലീസ് ഞാന്‍ എടുത്തു എന്ന്. അപ്പോള്‍പ്പിന്നെ അവന് അതെടുക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ പതുക്കെ അനിലിനോടു പറഞ്ഞു:

“ഞാന്‍ പോലീസാവാന്‍ പോവാണ്. നീ അതെടുക്കരുത്. നീ സാറാവണമെന്ന് പറ.”
“പോടാ, നിക്ക് സാറാവണ്ട.”

സര്‍വവും നശിച്ചു. അവന്‍റെ നോട്ടം കണ്ടാലറിയാം, അവന്‍ പോലീസ് എടുക്കും.

അനിലിന്‍റെ ഊഴം വന്നു. അവന്‍ എന്നെ നോക്കിക്കൊണ്ട് ചാടിയെഴുന്നേറ്റു പറഞ്ഞു: “നിക്ക് എസ്സൈ ആവണം സാറേ, ദേ ഇവന്‍ പോലീസാവാന്‍ ഇരിക്ക്വാ...”

സുലൈമാന്‍ സാറ് ചിരിച്ചു കൊണ്ട് ചോദിച്ചു: “ആണോ, നീ പോലീസാവാന്‍ ഇരിക്ക്വാണോ? നീയെന്തിനാടേ പോലീസാവണത്, നെനക്ക് നിന്‍റച്ഛനെപ്പോലായാപ്പോരേ?”

ഞാന്‍ എഴുന്നേറ്റ് അനിലിനേയും സാറിനേയും നോക്കി, പിന്നെ ഉറക്കെപ്പറഞ്ഞു: “ഞാന്‍ ഇവനോട് വെറുതേ പറഞ്ഞതാ സാറേ, എനിക്കെന്‍റച്ഛനെപ്പോലായാ മതി!”

Labels: ,

23 Comments:

  1. Anonymous Anonymous Wrote:

    കൊള്ളാം, എല്ലാവര്‍ക്കും കാണും കുട്ടിക്കാലത്തു ഇതുപോലെ ഓരോ ആഗ്രഹങ്ങള്‍. എന്നിട്ടു ആയിത്തീരുന്നതോ..(നന്നായി എഴുതി എന്നു പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ).

    ബിന്ദു

    March 22, 2006 5:24 PM  
  2. Blogger Manjithkaini Wrote:

    സാറന്മാര്‍ എന്തു ചോദിച്ചാലും ചെറുപ്പത്തിലെ ആഗ്രഹങ്ങളോടു നമ്മള്‍ സത്യസന്ധത പുലര്‍ത്താറില്ല എന്നതാണു സത്യം. പൌലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് തുടക്കത്തില്‍ ഈ വഴി ചിന്തിക്കുന്നുണ്ട്.
    ചുറ്റുപാടുകള്‍ കല്‍‌പിച്ചു നല്‍കുന്ന ഇഷ്ടങ്ങളുടെ പുറകേ പോയി നമ്മളൊക്കെ ആരൊക്കെയോ ആയിത്തീരുന്നു.
    എന്റെ നാട്ടില്‍ ഒരുവനുണ്ട്. സഹോദരങ്ങള്‍ എന്‍‌ജിനീയര്‍, ശാസ്ത്രജ്ഞന്‍, ഡോക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും അവന്റെ ആഗ്രഹം ബസ് കണ്ടക്ടര്‍ ആവുക എന്നതായിരുന്നു. നാട്ടിലൂടെ പോവുന്ന പ്രൈവറ്റ് ബസുകളുടെ പുറകില്‍ ചെന്ന് തൊട്ടുനോക്കുക തുടങ്ങിയവയായിരുന്നു കക്ഷിയുടെ ബാല്യകാല വിനോദങ്ങള്‍. വളര്‍ന്നപ്പോള്‍(അഞ്ചടിയില്‍ താഴെയുള്ളതിനാല്‍ വളര്‍ന്നു എന്നു പറയാനാവില്ല) പല ബസുകാരുടെ അടുത്തെത്തിയിട്ടും ആരും പണി കൊടുത്തില്ല. ഒടുവില്‍ ഞങ്ങളുടെ നാട്ടുകാരനായ ബസു മുതലാളി തന്നെ അവനു പണി കൊടുത്തു. ആദ്യ ദിവസങ്ങളില്‍ ദീര്‍ഘദൂര യാത്രാ ബസില്‍ കണ്ടക്ടര്‍ പണി ചെയ്ത് ഛര്‍ദ്ദിച്ചു കിടന്നു. എന്നിട്ടും കക്ഷി തളര്‍ന്നില്ല. വല്ലപ്പോഴും നാട്ടിലെത്തുമ്പോള്‍ “ഇനിയാരാ ടിക്കറ്റെടുക്കാന്‍“ എന്ന ചോദ്യവുമായി ടിയാന്‍ മുന്നിലെത്തുമ്പോള്‍ എനിക്കദ്ദേഹത്തോടു വല്ലാത്ത ബഹുമാനം തോന്നും. ആഗ്രഹത്തിന്റെ ഗ്ലാമര്‍ നോക്കാതെ ജീവിതകാലം മുഴുവന്‍ അതിനെ പ്രണയിച്ചു സ്വന്തമാക്കിയ മഹാന്‍.

    ചിലപ്പോള്‍ തോന്നാറുണ്ട് പൊലീസാകാന്‍ ആഗ്രഹിക്കാതെ പൊലീസാകുന്ന പൊലീസുകാരും, രാഷ്ട്രീയക്കാരനാകാന്‍ ആഗ്രഹിക്കാതെ രാഷ്ട്രീയത്തിലിറങ്ങുന്ന നേതാക്കന്മാരും, സന്യാസികളാകാന്‍ ആഗ്രഹിക്കാതെ സന്യസിക്കുന്ന സന്യാസികളുമൊക്കെയല്ലേ സകല കുഴപ്പങ്ങള്‍ക്കും കാരണം.

    മറ്റു ചിലപ്പോള്‍ തോന്നാറുണ്ട്, മോഹങ്ങളുടെ ഭാരമില്ലാതെ കാറ്റിലലയുന്ന കരിയിലപോലെ എവിടെയെങ്കിലും ചെന്നു തങ്ങിനില്‍ക്കുന്നതാണേറെ സംതൃപ്തമെന്നും. ഏ

    ഏതാണോ ശരി? ഏതാണോ തെറ്റ്? .

    അല്ല ഇവിടെന്തിന് ശരി തെറ്റുകള്‍. അല്ലേ.

    സന്തോഷ് പോസ്റ്റ് കുറേ ചിന്തിപ്പിച്ചു. നന്ദി.

    March 22, 2006 5:37 PM  
  3. Blogger myexperimentsandme Wrote:

    നല്ല അവതരണം...

    വണ്ടികളിയായിരുന്നു ചെറുപ്പത്തിലെ എന്റെ ഇഷ്ട വിനോദം. നാക്ക് താഴോട്ട് വളച്ച് പല്ലിന്നിടയിൽ വെച്ച് “ശ്രൂം ശ്രൂം“ എന്ന് ഒച്ചയിട്ട്, ഗിയറൊക്കെ മാറ്റി, നിക്കർ ഊരിപ്പോകാതിരിക്കാൻ വാഴവള്ളികൊണ്ട് കെട്ടി...

    പിന്നെ രാത്രിയിൽ സെറ്റിയൊക്കെ അടുപ്പിച്ചിട്ട് ചാക്കുനൂലുകൊണ്ട് ജനലിന്റെ കൊളുത്തിൽ കെട്ടി അത് മണിയാക്കി....

    പേരക്കൊമ്പത്തും അതുപോലെ...

    ബസ്സിന്റെ പഴയ ടിക്കറ്റ് ബുക്ക് പലരീതിയിലും ഒപ്പിച്ച്...

    എന്നിട്ടും ഒന്നാം ക്ലാസ്സിൽ ഞാനെന്റെ കൂട്ടുകാരോട് പറഞ്ഞിരുന്നത് എന്റെ അച്ഛൻ പോലീസാണെന്നാണ്.

    അന്നേ തുടങ്ങിയതാ ഈ കൺഫ്യൂഷനും ആശങ്കയും ഉല്പ്രേക്ഷയും.

    ആഗ്രഹിക്കുന്നതുപോലെയൊക്കെ ആകണമെന്ന് ആഗ്രഹിക്കാതിരിക്കുക എന്നുള്ളതാണ് മനഃസമാധാനത്തിനുള്ള ഒരു മാർഗ്ഗമെന്ന് തോന്നുന്നു. ആഗ്രഹിക്കുക, ശ്രമിക്കുക, ആയില്ലെങ്കിൽ അടുത്ത വഴി നോക്കുക. പിന്നെ ചെയ്യുന്ന ജോലിയെന്തായാലും അതിൽ ഒരു ഇൻ‌വോൾവ്‌മെന്റ് വരുത്തുക. അത് ആസ്വദിച്ചു തന്നെ ചെയ്യുക. നമ്മുടെ സർക്കാർ ഓഫീസിലെ പ്യൂൺ തൊട്ട് ഓഫീസർ വരെയുള്ളവർ ഈ ഫിലോസഫി പിന്തുടരുന്നവരായിരുന്നെങ്കിൽ അത് പൊതുജനങ്ങളോടുള്ള അവരുടെ പെരുമാറ്റത്തിലും നിഴലിച്ചേനെ എന്നാണ് തോന്നുന്നത്.

    പക്ഷേ, നമ്മളൊക്കെ വെറും മനുഷ്യർ മാത്രമല്ലേ..

    March 22, 2006 5:42 PM  
  4. Blogger ദേവന്‍ Wrote:

    കുട്ടിക്കാലത്തും ചെറുപ്പത്തിലും എനിക്കു പ്രത്യേകിച്ച്‌ ആരും ആകണമെന്ന് തോന്നിയില്ല. അതുകൊണ്ടാണോ എന്തോ ഞാന്‍ പ്രത്യേകിച്ച്‌ ആരുമായതുമില്ല.

    എഞ്ചിനീയര്‍-ഡോക്റ്റര്‍ ഭ്രമം ഇത്രയുമില്ലാതിരുന എന്നാല്‍ ഉപരിപഠനമെന്നാല്‍ ഇതു രണ്ടില്‍ ഒന്നാണെന്ന പൊതു ജനാഭിപ്രായം നില നിന്നിരുന്ന സമയത്ത്‌ ഇതൊന്നുമാകാന്‍ തീരെ താല്‍പര്യമില്ലാതെ ഞാന്‍ ഓടിക്കളഞ്ഞു. ഐയ്യേ എസ്‌ എന്ന സൂപ്പര്‍ ക്ലാര്‍ക്കു പരീക്ഷയോ (ക്രെഡിറ്റ്‌ വീക്കെയെന്നിന്‌) സാദാ ബാങ്ക്‌ ക്ലാര്‍ക്ക്‌ പരീക്ഷയോ ഞാന്‍ എഴുതിയില്ല. തൊഴിലില്ലായ്മ വേതനവും വാങ്ങിയില്ല. യാദൃശ്ചികമായി തുറന്നുവന്ന വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.മഞ്ജിത്ത്‌ പറഞ്ഞതുപോലെ സാഹചര്യം എന്നെ ഇതൊക്കെയാക്കിയതാവും ആക്കിതീര്‍ത്തത്‌.

    ആരാകണം? ചെറുപ്പത്തില്‍ ആരും എന്നോടു ചോദിച്ചിട്ടില്ലാത്ത ചോദ്യം, ഞാന്‍ ഇന്നെന്നോടു ചോദിക്കുന്നു. ഉത്തരമില്ല. ഇനിയിപ്പോ ആരെങ്കിലും ആകാന്‍ ? ആവശ്യങ്ങളേറി. ജോലി വേണം, വീടു വേണം, വണ്ടി, കിണ്ടി, ടെലിഫോണ്‍, മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ്‌- ഇതെല്ലാം സമ്പാദിക്കുന്നതിനിടയില്‍ ആരെങ്കിലുമാകാന്‍ പറ്റുമോ?

    കേരളത്തില്‍ ഇന്ന് ആരുമാകാന്‍ കഴിയില്ല. എന്റ്രന്‍സ്‌ എഴുതുന്ന കുട്ടികളെക്കാള്‍ സീറ്റുകളുണ്ട്‌ എഞ്ജി-ഡോക്‌ മേഖലകളില്‍. ഇതിന്റെ ഫീസ്‌ കൊടുക്കാന്‍ ശേഷി മാത്രം മതി! അതിനു കഴിയാത്തവരുടേയെല്ലാം ജീവിതം 12 അം ക്ലാസ്സില്‍ വച്ചു തന്നെ തീര്‍ന്നു!

    കൊല്ലം ഗവേര്‍ണ്‍മന്റ്‌ സ്കൂള്‍ വിട്ടിറങ്ങി പോകുന്ന +2 കുട്ടികളെ ഞാന്‍ ഈയിടെ കുറേ നേരം നോക്കി നിന്നു. അവരെല്ലാം നാരാകാന്‍പോകുന്നവര്‍? ഇവരില്‍ ദേവരാജന്‍ മാസ്റ്റര്‍ എവിടെ? ലളിതാംബിക? സി കേശവന്‍? കുമ്പളത്തു ശങ്കുപ്പിള്ളയുണ്ടോ? ഇളം കുളം? ശ്രീകണ്ഠന്‍ നായര്‍? ജയന്‍? എവിടെ സ്റ്റേജില്‍ "എനിക്കുകൂടെ ആ ചെങ്കൊടിയൊന്നു തരിന്‍ മക്കളെ ഞാനൊരാണായി നട്ടെല്ലു വിവര്‍ത്തി ഇങ്കുിലാബ്‌ വിളിക്കട്ടേ" എന്ന ഡയലോഗാലെ ഒരു പുരുഷാരത്തെ മുഴുവന്‍ പൊട്ടിക്കരയിച്ച കാമ്പിശ്ശേരി?

    March 22, 2006 9:17 PM  
  5. Blogger രാജ് Wrote:

    എന്തെങ്കിലുമൊക്കെ ആകുവാന്‍ ആഗ്രഹിച്ചു കാണും, എന്തോ ഇന്നോര്‍ക്കുന്നില്ല. ആരെങ്കിലും ചോദിച്ചു കാണും “ആരായിത്തീരണമെന്നു്”, ഉത്തരങ്ങള്‍ ഇന്നോര്‍മ്മയിലില്ല. ദേവനെഴുതിയ പോലെ തുറന്നിട്ട ഏതെല്ലാമോ വഴിയിലൂടെ നടന്നു ആരെല്ലാമോ ആയിത്തീരുന്നു. ഇപ്പോള്‍ കൈയില്‍ കൂട്ടിനു ഒരു “വെറും” ഡിഗ്രീയുണ്ട്, അതുകൊണ്ടെന്തെങ്കിലും ആവുമെന്ന മോഹം പണ്ടുതൊട്ടേ എനിക്കില്ലായിരുന്നു. കരിയില കണക്കേ...

    ദേവന്റെ കമന്റിലെ അവസാനത്തെ വരികള്‍ വായിച്ചു ഞാന്‍ ഇന്നത്തെ ലോകത്തെ കുറിച്ചോര്‍ത്തു. പുതുമുഖങ്ങളുടെ ലോകമാണു് ഇന്നു്. ഒരു ഗാനം, ഒരു കവിത, എന്നിങ്ങനെ “ഒരു” പ്രകടനത്താല്‍ ആരൊക്കെയോ ആകുമെന്നു അവര്‍ പ്രതീക്ഷകള്‍ നല്‍കുന്നു. ആരും ഒന്നും ആകാതെ എന്നും പുതുമുഖങ്ങളായ് നിന്നുപോകുന്നു.

    March 22, 2006 9:33 PM  
  6. Blogger അരവിന്ദ് :: aravind Wrote:

    നല്ല വിഷയം, നല്ല പോസ്റ്റ്. പക്ഷേ ഇത് വായിച്ച് രസിച്ച് കഴിഞ്ഞ് സ്വയം ജീവിതത്തില്‍ ഒന്നു പുറകോട്ടു പോയി നോക്കുമ്പോള്‍..എന്തോ നിരാശ തോന്നുന്നു.

    ചെറുപ്പത്തില്‍ കൂലിപട്ടാളം ആകാനായിരുന്നു മോഹം.
    പിന്നെ ഇത്തിരി വളര്‍ന്നപ്പോ മുതല്‍ ഒറ്റ മോഹമേയുളൂ..ഒരു സംവിധായകനാകുക.
    നമ്പര്‍ വണ്‍ ഗ്രാന്‍ഡായി ചീറ്റി.സൈനികസ്കൂളില്‍ കിട്ടിയെങ്കിലും ഫിസിക്കലിനൌട്ട്. അറ്റന്‍ഷന്‍ നില്‍ക്കുമ്പോ കാല്‍‌മുട്ടുകള്‍ തമ്മില്‍ അധികം ഗ്യാപ്പ് ഇല്ലത്രെ. മാനുഫാക്ചറിംഗ് മിസ്റ്റേയ്ക്ക്.:-)

    നമ്പര്‍ ടു, ഇനിയും സമയമുണ്ടല്ലോ..ലോട്ടറികള്‍ മുടങ്ങാതെയെടുക്കുന്നു. :-)

    March 22, 2006 10:06 PM  
  7. Blogger കണ്ണൂസ്‌ Wrote:

    കലക്കി സന്തോഷേ..

    ചെറുപ്പത്തില്‍ അച്ഛനെപ്പോലെയാവാന്‍ ആശിച്ചു. വളര്‍ന്നപ്പോള്‍ ആരാവണം എന്ന് ശങ്കിച്ചു. ഇന്നിപ്പോ തോന്നുന്നു.. ആരായാലെന്താ, ആയില്ലെങ്കിലെന്താ.. എന്റെ മോളുടെ അച്ഛനായില്ലേ... :-)

    March 22, 2006 10:31 PM  
  8. Blogger myexperimentsandme Wrote:

    ദേവേട്ടൻ നോക്കിനിന്നതുപോലെ ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ ഞാനും നോക്കിനിന്നു, ബോയ്സ് സ്കൂൾ വിട്ടുവരുന്ന കുട്ടികളെ.... അക്കൂട്ടത്തിലെങ്ങാനും ഒരു വക്കാരിയെങ്കിലുമുണ്ടോ എന്ന്..... എവിടെ !

    March 22, 2006 10:31 PM  
  9. Blogger അതുല്യ Wrote:

    മോഹിച്ചതാദ്യം മാറായില്‍ വീട്ടിലെ ഗീതയിടുന്ന പോലത്തെ ഒരു വെള്ളി പാദസരമാണു. വല്ലവരെ പോലെ എനിക്കും വേണം എന്നു തോന്നി തുടങ്ങുമ്പോഴുള്ള, ആദ്യത്തേ മോഹം. അതും 10 വയസ്സില്‍ വച്ച്‌. ആ പാദസരത്തിന്റെ 45 രുപയുണ്ടെങ്കില്‍, ഇപ്പോ, മരപ്പൊടി വീഴ്ത്തുന്ന ഉത്തരത്തീന്ന്, ആസ്പ്ത്രീന്ന് വലിച്ചെറിയുന്ന "X Ray sheets" ഇളക്കി മാറ്റി, പുതിയ ഓട്‌ മേയ്കാംന്ന് അമ്മ പരഞ്ഞപ്പോഴ്ണ്ടായ ആ ഒരു "priority setting" സെറ്റിംഗ്‌ മെത്തേട്‌ , ഇന്നും ജീവിത്തില്‍ കൊണ്ട്‌ നടക്കുന്നു. പിന്നെ ഈ ചുറ്റുപാടില്‍ എന്താവണം, എവിടെ പഠിയ്കണം എന്ന ചോദ്യങ്ങളൊന്നും മനസ്സില്‍ ഉയര്‍ന്ന് വന്നേ ഇല്ല. കിട്ടുന്ന അവധി ദിനങ്ങളില്‍, പിന്നാമ്പറത്തെ ചന്ദ്രക്കാരന്‍
    മാവിന്‍ ചോട്ടില്‍, കരിങ്കലുകൂട്ടി വച്ച്‌ ഞങ്ങള്‍ അമ്പലം കളിച്ചിരുന്നു. അതിലും വലിയ ഒരു ഉയര്‍ന്ന ഉദ്ദ്യോഗം മനസ്സില്‍ തോന്നിയിരുന്നില്ല. നേദിയ്ക്കാന്‍ എന്ന് പറയുമ്പോ, സീതമ്മ, രണ്ടോ, മൂന്നോ പഴം തന്നിരുന്നു. അതു തന്നെ കാരണം! പിന്നെ ദേവന്‍ പറഞ്ഞ പോലെ തുറന്നു കിടന്ന വഴികളിലൂടെ ഒക്കെ പോയി. ഒന്നും ആവാന്‍ ആഗ്രഹിയ്കാത്തത്‌ കൊണ്ട്‌, എത്തിപെട്ട സ്ഥലമാണു ലക്ഷ്യം എന്ന് ഇന്നും കരുതി പോകുന്നു.

    അപ്പുന്റെ അമ്മ മാത്രം എന്നതൊഴിച്ച്‌, ഞാന്‍ ഒന്നുമായില്ല സ്ഥിരമായിട്ട്‌.

    ഒരുപാട്‌ കഥാപാത്രങ്ങളെ വരുതിയില്‍ നിര്‍ത്തി.... വളരെ രമ്യതയില്‍ കൂട്ടിച്ചേര്‍ത്ത ഒരു രചന. നന്നായി ട്ടോ>

    March 22, 2006 11:05 PM  
  10. Blogger സു | Su Wrote:

    ആരെപ്പോലെ ആയാലും കുറച്ച് ദോഷങ്ങളും ഗുണങ്ങളും ഉണ്ടാകും. അതുകൊണ്ട് തന്നെ ആരെപ്പോലെയാവണം എന്നുള്ളതിനേക്കാള്‍ ഇപ്പോള്‍ ആരാണ് എന്ന് മനസ്സിലാക്കി ജീവിക്കുന്നതാണ് നല്ലത്.

    March 23, 2006 1:17 AM  
  11. Blogger Visala Manaskan Wrote:

    പ്രിന്റ് എടുത്തു. അഭിപ്രായം ശനിയാഴ്ച പറയാം.

    March 23, 2006 1:25 AM  
  12. Blogger അഭയാര്‍ത്ഥി Wrote:

    This comment has been removed by a blog administrator.

    March 23, 2006 2:18 AM  
  13. Blogger അഭയാര്‍ത്ഥി Wrote:

    നാം പണിയുന്ന മന്ദിരങ്ങല്‍ സ്മാരകങ്ങള്‍. നാം കേള്‍ക്കുന്ന സംഗീതമെല്ലാം അന്ത്യകൂദാശകള്‍
    നാം മിനുസപ്പെടുത്തിയെടുക്കുന്ന ഭാരിച്ച ഈ ശരീരം കീടങ്ങള്‍ക്കുള്ള സദ്യ .


    ആരും ആരുമാവുന്നില്ല. കളിമണ്ണു കുശവനോടു പറയുന്നു "പതുക്കെ ചവിട്ടു ഞാനും പണ്ടൊരു കുശവനായിരുന്നു".
    ഒമറ്‍ഖയ്യാം

    March 23, 2006 2:21 AM  
  14. Blogger ഉമേഷ്::Umesh Wrote:

    ഇതിനെപ്പറ്റി കമന്റെഴുതാന്‍ ഒത്തിരിയുള്ളതുകൊണ്ടാണു് ഇതുവരെ എഴുതാഞ്ഞതു്. ഇതു് ആദ്യമേ വായിച്ചിരുന്നു.

    ഇപ്പോഴും എഴുതാന്‍ തുടങ്ങിയാല്‍ ഒത്തിരിയാവും എന്ന ഭയമുള്ളതുകൊണ്ടു്, ഇത്രമാത്രം പറയുന്നു:

    ഒത്തിരിയൊത്തിരി നന്നായി സന്തോഷേ.

    March 23, 2006 3:00 AM  
  15. Blogger Kuttyedathi Wrote:

    സന്തോഷേ,

    ബ്ലോഗിനു 'ശേഷം ചിന്ത്യം' എന്നു പേരിട്ടതെന്തായാലും നന്നായി. എഴുതുന്ന ജോലിയേ സന്തോഷിനുള്ളൂ. വായിക്കുന്നവരിവിടെ പിന്നീടങ്ങോട്ടു ചിന്ത തന്നെ.

    പുട്ടും കടലയുമുണ്ടാക്കി വച്ചിട്ടാറി പോകാതെ കഴിക്കാന്‍ വായോ ന്നു വിളിച്ചു വിളിച്ചു മടുത്തപ്പോ രണ്ടു ചീത്ത പറയാന്‍ ചെന്ന എന്നെക്കൂടി പിടിച്ചിരുത്തി..'തനിക്കു ചെറുപ്പത്തിലാരാവനാരുന്നെടോ ആഗ്രഹം' എന്നു ചോദിച്ച്‌ പിന്നങ്ങോട്ട്‌ ഗ്രൂപ്പ്‌ ചിന്തയായി.

    തീരെ ചെറുപ്പത്തില്‍ പൈലറ്റാവണമെന്നാരുന്നു മോഹം. ഷോര്‍ട്‌ സൈറ്റ്‌ വന്നു മൂന്നാം ക്ലാസിലേ കണ്ണട വക്കേണ്ടി വന്നതോടെ ആ മോഹം നടക്കില്ലെന്നു മനസ്സിലായി. അപ്പോള്‍ പിന്നെ ജേര്‍ണലിസ്റ്റാവണമെന്നായി. സിനിമകളിലൊക്കെ ജേര്‍ണലിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി കൊന്നു കളയുന്ന കണ്ടതോടെ അതിനപ്പന്‍ വിടില്ലെന്നുറപ്പായി. അപ്പോള്‍ പിന്നെ ഐ ഏ എസ്‌ ആയി അടുത്തത്‌. ചന്തി നനയാതെ മീന്‍ പിടിക്കാന്‍ പറ്റുന്ന പണിയല്ല..കഷ്ടപ്പെട്ടാലെ അതു നടക്കൂ എന്നറിഞ്ഞപ്പോ അതും ഉപേക്ഷിച്ചു. ...അങ്ങനെ അങ്ങനെയെന്തെല്ല്ലാം ...

    ബാല്യകാല സ്മരണകളിലേക്കു തിരിച്ചു കൊണ്ടുപോയതിനു നന്ദി.

    March 23, 2006 7:04 AM  
  16. Blogger ഇന്ദു | Preethy Wrote:

    സന്തോഷേ,
    ഈ ചോദ്യം ഞാ‍ന്‍ എന്നോട് ഇപ്പോഴും ചോദിക്കുന്നു! ആരെങ്കിലുമൊക്കെ ആവാന്‍ ഇനിയും സമയമുണ്ടെന്ന്‌ സ്വയം ആശ്വസിപ്പിച്ച് പിന്നേയും അലസതയിലേക്കങ്ങനെ ഒഴുകി വീഴുന്നു!

    March 23, 2006 12:49 PM  
  17. Blogger nalan::നളന്‍ Wrote:

    സന്തോഷെ,
    നന്നായി, അവസാനിപ്പിച്ച രീതി കൊള്ളാം.
    സ്കൂളില്‍ വച്ച് ഇതേ ചോദ്യത്തിനുത്തരമായി ഞാനും പറഞ്ഞത് എന്റച്ഛനെപ്പോലെ പട്ടാളക്കാരനാവണമെന്നായിരുന്നു. ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തു. NDA യുടെ പടി വരെയെത്തി. പക്ഷെ അവര്‍ക്കുവേണ്ട വാക്സാമര്‍ത്ഥ്യവും ‘aggressiveness' ഉം നാണംകുണുങ്ങിയായ എനിക്കില്ലായിരുന്നു. പിന്നീട് ഈ അഗ്രസ്സിവ്‌നെസ്സിന്റെ ഉറവിടം അപകര്‍ഷതാബോധത്തില്‍ നിന്നാണെന്ന് ഞാനെന്ന മനോരോഗവിദഗ്ധന്‍ കണ്ടെത്തിയാശ്വസിച്ചു. അതിനുശേഷം പ്രത്യേകിച്ചൊരു റൂട്ടില്ലാതെ..
    അപ്പുവിനു നാലു വയസ്സുള്ളപ്പോള്‍ എന്റെയൊരു സുഹൃത്തിതേ ചോദ്യം ചോദിച്ചപ്പോള്‍, “എനിക്കു വലുതാകേണ്ട” എന്നു പറഞ്ഞു, കാരണമായി “വലുതായാല്‍ ടോയ്സും വച്ച് കളിക്കാന്‍ പറ്റില്ലല്ലോ” എന്നും. പക്ഷെ ഇപ്പോ അങ്ങനെയല്ല സയന്റിസ്റ്റാവണമെന്നാ. കൈയ്യീന്ന് പോയി..:(

    March 24, 2006 9:13 AM  
  18. Blogger Visala Manaskan Wrote:

    ഗ്രേയ്റ്റ്.

    വണ്ടിയിലിരുന്നായിരുന്നു ഇത് വായിച്ചത്. അപ്പോള്‍ തന്നെ വന്ന് കമന്റെഴുതാന്‍ കഴിയാഞ്ഞതില്‍ വിഷമം തോന്നി.

    വളരെ നന്നായി എഴുതിയിട്ടുണ്ട് എന്ന് പ്രത്യേകിച്ച് ഞാന്‍ പറയേണ്ടല്ലോ. ഒറ്റ പോസ്റ്റിങ്ങുകൊണ്ട് നാട്ടിലെ എല്ലാ പുലികളെയും പരിചയപ്പെടുത്തി. അടിപൊളീ.

    ഈ പോസ്റ്റിന് കമന്റെഴുതാന്‍ എനിക്കായിരം വിരലാണ്.

    എന്തായിത്തീരണം?
    പോലീസും പൈലറ്റും പട്ടാളവും ഒക്കെ സ്റ്റാന്റ് ബൈയായിരുന്നപ്പോള്‍ തന്നെ, സിനിമാ നോട്ടീസിടലും ടിക്കറ്റ് വാങ്ങലും ഗാനമേളക്ക് തമിഴ് പാട്ട് പാടുന്ന പാട്ടുകാരനവലും കണ്ടക്ടര്‍ പണിയും മോഹിച്ചിരുന്നു.(തുണിയുണക്കാനിടുന്ന അഴയില്‍ പിടിച്ച് ഞാനും ണീം ണീം റൈസ്...കഴിഞ്ഞാ പറയ്... പ്രാക്ടീസ് ചെയ്തിട്ടുണ്ട്)

    പിന്നെപ്പിന്നെ, രജനി ഫാനായതിന് ശേഷം, എന്ത് ജോലിയായാലും (*.കാരന്‍)നമുക്ക് കഴിവും പരിശ്രമിക്കാനുള്ള മൈന്റ് സെറ്റുമുണ്ടെങ്കില്‍ തിളങ്ങാമെന്നും, സുന്ദരിയും സുശീലയുമായ സ്ഥലത്തെ ഏറ്റവും വലിയ മുതലാളിയുടെ മകളെത്തന്നെ ലൈനാക്കാമെന്നും മനസ്സിലായി!!(അങ്ങിനെ വലിയ കമ്പനിയുടെ ചെയര്‍മാനൊക്കെയാകുമ്പൊള്‍ മെര്‍സിഡസില്‍ വന്നിറങ്ങി, നേരെ ഫാക്ടറിയുടെ അകത്ത് പോയി ഡ്രസ്സ് ചേയ്ഞ്ച് ചെയ്ത്, ലേബറ്മാരെപ്പോലെ ജോലിചെയ്യണമെന്നും മോഹിച്ചു)

    ഹവ്വെവര്‍, ഞാന്‍ വക്കാരി പറഞ്ഞ കൂട്ടത്തിലുള്ളതാണ്.

    നമ്മള്‍ ഏതവസ്ഥയിലായിരുന്നാലും ലോകത്ത് നമ്മേക്കാളും ദുരിതമനുഭവിക്കുന്നവര്‍ കോടിക്കണക്കിനുണ്ട് എന്ന വിശ്വാസം ഏത് ജോലിയിലും രസം കണ്ടെത്താമെന്ന ധാരണയിലെത്തിച്ചു.

    സി.എ.ക്കാരനായി ദുബായില്‍ വരാന്‍ മോഹിച്ച (അതിമോഹം) എനിക്ക്, വിസ വന്നപ്പോള്‍ ടി.എ. തോമാച്ചന്‍ സി.എ.യുടെ പാട്ടുരായ്കാലുള്ള ഓഫീസിലെ ഗുസ്തി രണ്ടുമാസം പോലുമായിരുന്നില്ല. രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്പിച്ചതും പെത്തഡിന്‍ ..എന്ന അവസ്ഥ. ഞാനിങ്ങോട്ട് പോന്നു.

    ‘ഇപ്പോള്‍‘ പ്രത്യേകിച്ചൊന്നുമാവാന്‍ തോന്നുന്നില്ല.
    ഇങ്ങിനെയൊക്കെയങ്ങിനെയങ്ങിനെ.. സ്മൂത്തായി...ആരെക്കൊണ്ടും പരാതി പറയിക്കാതെ....

    March 24, 2006 8:38 PM  
  19. Anonymous Anonymous Wrote:

    നല്ല പോസ്റ്റ്, വിശാലന്റെ അതിലേറെ നല്ല കമന്റ്‌. ചിന്തിക്കാന്‍ അന്നും ഇന്നും തലയില്‍ ഒന്നുമില്ലാത്തതിനാല്‍ ഒരു നെടുവീര്‍പ്പിലൊതുക്കി. -സു-

    March 25, 2006 12:18 AM  
  20. Blogger രാജീവ് സാക്ഷി | Rajeev Sakshi Wrote:

    കുട്ടിക്കാലത്ത് ചേട്ടന്‍ ചിത്രം വരയ്ക്കുന്നതുപോലെ വരയ്ക്കണമെന്നായിരുന്നു എന്നും ഞാന്‍ ആഗ്രഹിച്ചിരുന്നത്. അന്നൊക്കെ ഞാന്‍ വരച്ച ചിത്രങ്ങള്‍ ചേട്ടന്‍ വരച്ചത് നോക്കി വരച്ചതുമാത്രമായിരുന്നു. പിന്നെയെപ്പോഴോ ചേട്ടന്‍ തീരെ വരയ്ക്കാതായി. ഒരു വഴികാട്ടിയുടേയും വിമര്‍ശകന്‍റേയും റോളിലേക്കു ചേട്ടന്‍ പിന്മാറുകയായിരുന്നു. അന്ന് ചേട്ടന്‍ പെയിന്‍റും ക്യാന്‍വാസുമില്ലാതെ വെള്ളപേപ്പറില്‍ പെന്‍സില്‍ കൊണ്ട് കോറിയിട്ട ‍ചിത്രങ്ങളാണ് എന്‍റെ വഴികാട്ടികള്‍. എനിക്കുറപ്പാണ് ഇന്നും അതുപോലെ വരയ്ക്കാന്‍ എനിക്കു കഴിയില്ല.

    സന്തോഷ് വളരെ വളരെ വളരെ നല്ല പോസ്റ്റ്. നന്ദി.

    March 25, 2006 12:48 AM  
  21. Blogger Santhosh Wrote:

    വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി. എല്ലാവരേയും ഒരല്പനേരം കുട്ടിക്കാലത്തേയ്ക്ക് കൊണ്ടുപോകാനും അക്കാലത്തെ ആഗ്രഹങ്ങളിലേയ്ക്കൊന്നു തിരിഞ്ഞു നോക്കിക്കാനും വഴിയായതില്‍ സന്തോഷമുണ്ട്.

    കുട്ടിക്കാലത്തെ ആഗ്രഹങ്ങളും മോഹങ്ങളും പങ്കുവച്ചവര്‍ക്ക് പ്രത്യേക നന്ദി. കമന്‍റുകള്‍ ഒരു പോസ്റ്റിനെ എങ്ങനെ സമ്പൂര്‍ണ്ണമാകാന്‍ സഹായിക്കുന്നു എന്നതിന് ഒരുദാഹരണം കൂടിയായി.

    സസ്നേഹം,
    സന്തോഷ്

    March 25, 2006 1:07 PM  
  22. Anonymous Anonymous Wrote:

    Santhoshji
    That was a well written childhood experience.wondering about your thoughts, getting in to different personalities and your final choice.enjoy reading you blogs, simple and enjoyable ones.keep posted

    December 16, 2006 12:53 AM  
  23. Blogger അഗ്രജന്‍ Wrote:

    വലുതാവണം എന്നേ ആഗ്രഹിച്ചിരുന്നുള്ളൂ... ഇന്നിന്നതുപോലെ ആവണം എന്നൊന്നും തോന്നിയിരുന്നില്ല എന്നു തോന്നുന്നു...

    [ഈ പോസ്റ്റ് വന്ന കാലത്ത് ഞാന്‍ ബ്ലോഗറായിരുന്നില്ല :)]

    July 27, 2008 4:06 AM  

Post a Comment

<< Home