കഷ്ടം, സാറേ!
ഡോ. ഡി. ബഞ്ചമിന്‍ ചിന്ത.കോമില്‍ എഴുതിയ വാരഫലവും സാഹിത്യ വിമര്‍ശനവും എന്ന ലേഖനത്തിന് ഒരു കമന്‍റിടാന്‍ വളരെ ശ്രമിച്ചു. ഏതോ മുന്നുപാധികള്‍ തോറ്റത്രേ (Precondition Failed)! അതിനാല്‍ അതിന്‍റെ മറുപടി എഴുതിയതുപോലെ ഇവിടെ കൊടുക്കുന്നു.
കഷ്ടം, ഒരു ചെളി വാരിയെറിയലില്‍ നിന്നും അല്പം പോലും ഉയരുന്നില്ലെല്ലോ ബഞ്ച്മിന്‍ സാറേ, ഈ ജല്പനങ്ങള്‍!
കഷ്ടം, ഒരു ചെളി വാരിയെറിയലില്‍ നിന്നും അല്പം പോലും ഉയരുന്നില്ലെല്ലോ ബഞ്ച്മിന്‍ സാറേ, ഈ ജല്പനങ്ങള്‍!
- താങ്കളുടെ ആദ്യ ഖണ്ഡികയിലെ ധ്വനി മനസ്സിലായി. താങ്കള്‍ക്ക് മറുപടി പറയാന്‍, താങ്കള്‍ അവിശുദ്ധ കൂട്ടുകെട്ടായി പ്രഖ്യാപിച്ചവര്‍ ജീവിച്ചിരിപ്പില്ലാത്തത് നല്ലത്. എന്നാലും അല്പം പ്രതിപക്ഷബഹുമാനം അധ്യാപകര്‍ക്കും നല്ലതുതന്നെ. എം. കൃഷ്ണന്‍നായര്‍ എഴുതിത്തുടങ്ങിയ സാഹചര്യം കാണിച്ച് ആ എഴുത്തിനെ വിലയിരുത്തേണ്ട കാര്യമില്ല. അങ്ങ്, കേരള യൂണിവേഴ്സിറ്റിയുടെ ഉത്തുംഗ ശൃംഗങ്ങളിലിരുന്ന് എഴുതുന്ന കാരണം, ആ എഴുത്തുകള്‍ ഇനി ഉദാത്തമാണെന്നു വരുമോ?
- “എം. കൃഷ്ണന്‍ നായരുടെ പംക്തിക്ക് സാധാരണക്കരായ വായനക്കാര്‍ ധാരാളമുണ്ടെന്ന ധാരണയാണ് ഈ പ്രതികരണങ്ങള്‍ക്കു പിന്നില്‍” എന്നു എഴുതിയിരിക്കുന്നു. താങ്കള്‍ ഈ ലോകത്തിലല്ലേ ജീവിക്കുന്നത്? അല്ലെങ്കില്‍ ഇതാ കേട്ടോളൂ, എം. കൃഷ്ണന്‍ നായരുടെ പംക്തിക്ക് സാധാരണക്കരായ വായനക്കാര്‍ ധാരാളമുണ്ടായിരുന്നു. അതൊരു മിഥ്യാ ധാരണയല്ല, വെറും സത്യാവസ്ഥ മാത്രം. അതുകൊണ്ടുതന്നെ എഴുത്ത് വയറ്റിപ്പിഴപ്പാക്കാന്‍ നോക്കി നടക്കുന്നവര്‍ അദ്ദേഹത്തിന്‍റെ അഭിപ്രായത്തിനു വിലവച്ചിരുന്നു. “ഒട്ടൊരു ലൈംഗികതാ സപര്‍ശമോ നര്‍മസ്പര്‍ശമോ ഉള്ള ഭാഷയില്‍” അദ്ദേഹം എഴുതിയിരുന്നത് എത്ര നേരം വേണമെങ്കിലും കോട്ടുവായിടാതെ വായിച്ചു കൊണ്ടിരിക്കാമായിരുന്നു. താങ്കളുടെ ഈ കുഞ്ഞു ലേഖനം തന്നെ ഉറക്കം വരാതെ കണ്ണു മിഴിച്ചിരുന്ന് വായിച്ചത്, ഇതിനൊരു മറുകുറി എഴുതണമെന്നു തോന്നിയതുകൊണ്ടുമാത്രമാണ്. കൂട്ടത്തില്‍പ്പറയട്ടേ, “അത്യന്തം അതിശയോക്തി കലര്‍ത്തി ലാഘവത്തോടെ നടത്തുന്ന പരാമര്‍ശങ്ങള്‍” ഉണ്ടല്ലോ, അതു തന്നെയാണ് നമ്മള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയിരുന്നതും. (അല്ലാതെ അത് നമുക്ക് തിരിച്ചറിയാന്‍ കഴിയാതിരുന്ന ഒരു ‘സത്യ’മാണെന്ന് താങ്കള്‍ എഴുതിയത് സാഹിത്യാസ്വാദകരായ ഞങ്ങള്‍ സാധാരണക്കാരോടുള്ള താങ്കളുടെ അവജ്ഞ പുറത്തുകൊണ്ടു വരുന്നു. എന്നു മാത്രമല്ല, ഞങ്ങളെക്കുറിച്ചുള്ള താങ്കളുടെ ഈ മുന്‍വിധിയുണ്ടല്ലോ, അത് ഉപേക്ഷിക്കേണ്ടുന്ന സമയം അതിക്രമിച്ചു പോയിരിക്കുന്നു എന്നു ഇതിനാല്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു). താങ്കളുള്‍പ്പെടുന്ന (?) വിമര്‍ശക കേസരികള്‍ ശാസ്ത്രീയമായ രീതിയില്‍ നടത്തുന്ന കുത്തിക്കീറലുകള്‍ക്ക് വെറും അക്കാദമിക മൂല്യം മാത്രമേയുള്ളൂ. ഞാന്‍ മലയാള സാഹിത്യത്തില്‍ ഒരു ഡോക്റ്ററേറ്റ് എടുക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ മാത്രമേ താങ്കളുടെ ഈ ശാസ്ത്രീയ ശസ്ത്രക്രിയ എനിക്ക് താല്പര്യമായി ഭവിക്കൂ.
- മുകളില്‍ പറഞ്ഞ കാര്യം തന്നെ ഒന്നു കൂടി വിശദമാക്കാം (താങ്കള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാകണമല്ലോ). ആഴ്ചയില്‍ 100 കണക്കിനു വരുന്ന കഥകളുടേയും മറ്റിതര രചനകളുടേയും ഒരു സമ്പൂര്‍ണ്ണാപഗ്രഥനമല്ല, ഞങ്ങള്‍ എം. കൃഷ്ണന്‍നായരില്‍ നിന്നും പ്രതീക്ഷിച്ചത്. അദ്ദേഹത്തിന് സാധാരണക്കാരനായ ഒരു സാഹിത്യാസ്വാദകന്‍റെ മനസ്സുമായുള്ള താദാത്മ്യം കാരണം, അദ്ദേഹം “നല്ലത്” എന്ന് പറയുമ്പോള്‍ അത് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു നല്ല ശതമാനം വായനക്കാരുണ്ടായിരുന്നു. (ഇവിടെ, അങ്ങനെ ഉണ്ടായിരുന്നില്ല എന്നാണ് താങ്കള്‍ വാദിക്കുന്നതെങ്കില്‍, 40 കൊല്ലക്കാലം സാഹിത്യ വാരഫലം നിലനില്‍ക്കുമായിരുന്നില്ല എന്നതാണ് എന്‍റെ മറുപടി.) ഏറ്റവും കുറഞ്ഞ അപഗ്രഥനത്തിലൂടെ ഒരു കൃതി നല്ലതോ ചീത്തയോ എന്നു പറയുന്ന അദ്ദേഹത്തിന്‍റെ രീതി ഒരു പോരായ്മയല്ല, മറിച്ച് പല നിരൂപക കേസരികള്‍ക്കുമില്ലാത്ത ഒരു കഴിവാണ്. “ദേശീയമോ രാഷ്ട്രാന്തരീയമോ ആയ വിമര്‍ശന സങ്കല്‍പ്പങ്ങ”ളൊക്കെ വെറും അക്കാദമിക കാര്യങ്ങളാണു സാറേ, ഞങ്ങള്‍ സാധാരണക്കാര്‍ക്ക്.
- “ജീവിതത്തിലാദ്യമായൊരാളെഴുതിയ കഥയെ നോബല്‍ സമ്മാന ജേതാവായ ഒരെഴുത്തുകാരന്റെ കഥയുമായി താരതമ്യം ചെയ്തിട്ട് പുതിയ എഴുത്തുകാരന്റെ രചന പരിഹാസ്യമാം വിധം മോശമാണെന്ന് വിധിക്കുക. അതിന്റെ പേരില്‍ അയാളുടെ പ്രപിതാമഹന്മാരെ വരെ ആക്ഷേപിക്കുക. ഒരു കോടതിയും ഇന്നുവരെ ആര്‍ക്കും വിധിച്ചിട്ടില്ലാത്ത ക്രൂരമായ ശിക്ഷ വിധിക്കുയും ചെയ്യുക. - ഇതിനെയും വിമര്‍ശനമെന്നോ വിളിക്കേണ്ടത്?”
അല്ല. താങ്കളുടെ ലേഖനത്തിലെ രണ്ടാമത്തെ ഖണ്ഡിക ഒരാവര്‍ത്തികൂടി വായിച്ചു നോക്കൂ. അപ്പോള്‍ താങ്കള്‍ക്ക് മനസ്സിലാവും ഇതിനെ എന്തു പേരിട്ട് വിളിക്കണമെന്ന്. സാറേ, ലേഖനങ്ങള്‍ ഒറ്റയിരുപ്പിലിരുന്ന് എഴുതൂ, എന്നാലേ എകാഗ്രത കിട്ടുകയുള്ളൂ. - “ഈ ആരോപണങ്ങളില്‍ ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാനോ വേണമങ്കില്‍ കോടതില്‍ വച്ചു സമര്‍ഥിക്കാനോ അദ്ദേഹം മെനക്കെട്ടില്ല. ”
ഒരു കൃതി മറ്റൊരു കൃതിയുടെ തനി അനുകരണമാണെന്നോ വിദൂരാനുകരണമാണെന്നോ പറയുമ്പോള്‍ത്തന്നെ അതിന്‍റെ കാരണവും എം. കൃഷ്ണന്‍നായര്‍ പറയാറുണ്ട്. (അങ്ങനെയല്ലാത്ത ഒരു ഉദാഹരണം കാണിച്ചു തരൂ.) പിന്നെ, കോടതി കയറി, അതിന്‍റെ കര്‍ത്താവിനെയോ, പബ്ലിഷരെയോ, ജഡ്ജിയേയോ ബോധിപ്പിക്കേണ്ടുന്ന ചുമതല വിമര്‍ശകനില്ല. ഇല്ലാക്കാര്യം പറഞ്ഞ് സ്വന്തം വിശ്വാസ്യത തകര്‍ക്കാന്‍ താങ്കള്‍ മുതിരുമോ? അനുകരണമാണെങ്കിലും ഇല്ലെങ്കിലും ഒരു കൃതി വായിക്കണോ വേണ്ടയോ എന്നു ആത്യന്തികമായി തീരുമാനിക്കേണ്ടത് വായനക്കാരനാണ്, കോടതികളല്ല. പിന്നെ താങ്കള്‍ പറയുന്ന താരതമ്യസാഹിത്യവും സ്വാധീനവും വേറേ, നാണമില്ലാത്ത മോഷണം വേറേ. താങ്കള്‍ ഇത്ര നാളും വായിച്ചു കൂട്ടിയതിനേക്കാളും ഒരു പക്ഷേ ഇനി വായിക്കാനിരിക്കുന്നതിനേക്കാളും പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള എം. കൃഷ്ണന്‍നായര്‍ക്ക് തരതമ്യസാഹിത്യവും സ്വാധീനവും മറ്റു നിരൂപണ സങ്കേതങ്ങളും ഇനി താങ്കള്‍ പറഞ്ഞുകൊടുത്തിട്ടു വേണമല്ലോ പഠിച്ചെടുക്കാന്‍. - ശ്രീ. പെരുമ്പടവും താങ്കളും “സ്വാധീന”മെന്ന് വിളിക്കുന്ന ആ സൌകര്യമുണ്ടല്ലോ, അതിനു തെളിവായി താങ്കള്‍ നിരുത്തുന്നത് വെറും നീര്‍ക്കുമിളകളാണ്. തര്‍ജമയുമായി തട്ടിച്ചു നോക്കി മൌലികത നിശ്ചയിക്കാനോ? നല്ല തമാശ! തര്‍ജമക്കാര്‍ക്ക് മറ്റൊന്നും നോക്കാനില്ല, പെരുമ്പടവത്തിന് പിടിക്കപ്പെടാതെ നോക്കാനുണ്ട്. അല്പം മൌലികത ഉണ്ടാവുമല്ലോ, പെരുമ്പടവമല്ലേ എഴുതുന്നത്? അദ്ദേഹം തര്‍ജമ ചെയ്തിരുന്നെങ്കില്‍ മറ്റു തര്‍ജമകളെക്കാള്‍ നന്നാവുമായിരുന്നു എന്നെനിക്കുറപ്പുണ്ട്.
- എന്നെ ഏറ്റവും അമ്പരപ്പിച്ചത് താങ്കളുടെ ഉച്ചാരണ വിരോധമാണ്. തെറ്റ് തിരുത്തിക്കൊടുക്കുന്നതാണോ താങ്കള്‍ കണ്ട “ഭാഷാപരമായ പൊങ്ങച്ചം”? താങ്കളൊരധ്യാപകനാണോ? താങ്കള്‍ പഠിപ്പിച്ചുകൊടുക്കുന്ന കാര്യം കുട്ടികള്‍ ശരിയായി പഠിക്കാതെ, “സാറ് എങ്ങനെ വേണമെങ്കിലും പറഞ്ഞു തരാന്‍ ശ്രമിച്ചോ, ഞങ്ങള്‍ ഇങ്ങനയേ പറയൂ/പഠിക്കൂ” എന്നു പറയുന്ന വിദ്യാര്‍ത്ഥികളെയാണോ താങ്കള്‍ക്കിഷ്ടം? ഒരു ചൂരല്‍ക്കമ്പുമായി എം. കൃഷ്ണന്‍നായര്‍ താങ്കളുടെയടുത്തു വന്നില്ലല്ലോ, താങ്കള്‍ രക്ഷാകര്‍ത്താവെന്നാണൊ അല്ലയോ പറയുന്നതെന്ന് നൊക്കാന്‍? അദ്ദേഹം തന്‍റെ രീതിയില്‍ ശ്രമിച്ചു ഒരു ജനതയുടെ ഉച്ചാരണ/ഉപയോഗ വൈകല്യങ്ങള്‍ മാറ്റാന്‍. അതിന് താങ്കളുടെ ആക്ഷേപമല്ല അദ്ദേഹം അര്‍ഹിക്കുന്നത്. ഡോ. ബഞ്ചമിന്‍ ഒരു വാധ്യാരാണെങ്കില്‍, മഹുമാന്യനായ ശ്രീ. കൃഷ്ണന്‍നായര്‍, താങ്കള്‍ ഡോ. ഡി. ബഞ്ചമിനോട് ക്ഷമിച്ചാലും. താങ്കള്‍ ഏതോ നാട്ടില്‍ പോയി ഒരു ബനഡിറ്റോ ക്രോച്ചെയെപ്പിടിച്ചു കൊണ്ടുവന്നില്ലേ? ഇതാ ഗാന്ധിജി ഭാഷയെപ്പറ്റിപ്പറഞ്ഞത് കാണുക: “A language is an exact reflection of the character and growth of its speakers.”
വൈദേശിക പദങ്ങളുടെ ഉച്ചാരണത്തെപ്പറ്റി: താങ്കള്‍ വൈദേശിക പദങ്ങള്‍ തെറ്റായിത്തന്നെ ഉച്ചരിച്ചോളൂ. ഇടയ്ക്ക് കളിയാക്കപ്പെടുമ്പോള്‍, LKG-യില്‍ പഠിക്കുന്ന കൊച്ചുമോളോട് ചോദിച്ച് കൃത്യമായ ഉച്ചാരണം മനസ്സിലാക്കിക്കോളൂ. കഷ്ടം. പിന്നെ, താങ്കളുടെ “ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ സ്ഥലപ്പേരുകളെല്ലാം...” എന്ന ഉദാഹരണം. ഒന്നാലോച്ചു നോക്കൂ. ആ ഉദാഹരണത്തിന്‍റെ കാലികമായ പ്രസക്തിയില്ലായ്മ അപ്പോള്‍ മനസ്സിലാവും. “അന്യഭാഷ പഠിക്കുമ്പോള്‍ നമ്മുടെ ഉച്ചാരണശീലം ഒട്ടൊക്കെ അതില്‍ കടന്നു കൂടുമെന്ന അനിവാര്യത ഉദാരമനസ്സോടെ അംഗീകരിക്കുകയാണ് ഭംഗി.” ഇത് എല്ലാ പാഠങ്ങള്‍ക്കും ബാധകമാണോ? ജര്‍മന്‍ ചരിത്രം പഠിപ്പിക്കുമ്പോള്‍ നമ്മുടെ ചരിത്രം “ഒട്ടൊക്കെ അതില്‍ കടന്നു കൂടുമോ”? - താങ്കള്‍ എഴുതിയതില്‍ ഞാന്‍ യോജിക്കുന്ന ഒരേ ഒരു വാദം വാക്കുകള്‍ക്ക് കാലത്തിലൂടെ അര്‍ത്ഥപരിണാമവും രൂപപരിണാമവും സംഭവിക്കാറുണ്ട് എന്നതാണ്. അത് അംഗീകരിക്കാന്‍ എം. കൃഷ്ണന്‍നായര്‍ വിമുഖനായിരുന്നു. ഇവിടെ മാത്രമാണ് താങ്കള്‍ ഒരു ലേഖകനു വേണ്ടുന്ന പക്വത കാണിച്ചിട്ടുള്ളതും. ഇനി ഇതു മാത്രമായിരുന്നു ഒരു “കണ്‍വിന്‍സിംഗ് ഐറ്റം” ആയി താങ്കളുടെ പക്കല്‍ ഉണ്ടായിരുന്നത് എന്നു വരുമോ?
- എം. കൃഷ്ണന്‍നായരുടെ മറ്റു കൃതികളെല്ലാം മോശമാണ് എന്ന താങ്കളുടെ കണ്ടുപിടിത്തവും അപാരം തന്നെ. ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങളെ’ക്കുറിച്ചെഴുതിയ ലേഖനം, അതിന്‍റെ ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നു. എം. എ. വിദ്യാര്‍ത്ഥികള്‍ പഠിച്ച കൃഷ്ണന്‍നായരുടെ ‘മാജിക്കല്‍ റിയലിസം’ ഞാന്‍ വായിച്ചിട്ടില്ല. മാജിക്കല്‍ റിയലിസത്തെക്കുറിച്ചുള്ള അവസാന വാക്ക് എന്ന രീതിയിലാണോ എം. എ. വിദ്യാര്‍ത്ഥികള്‍ ഈ ലേഖനം പഠിച്ചിരുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്. ഏത് പഠന ലേഖനങ്ങളെടുത്താലും “അതിനേക്കാള്‍ നല്ലത്” കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. പ്രത്യേകിച്ച് മുണ്ടും മടക്കിക്കുത്തി കൊല്ലാനിരിക്കുന്നവര്‍ക്ക്. പണ്ട് പ്രീ-ഡിഗ്രിക്ക് എം. എന്‍. വിജയന്‍റെ “സ്വര്‍ണ്ണ മത്സ്യങ്ങള്‍” പഠിക്കാനുണ്ടായിരുന്നു. ഇപ്പോഴും ഏതെങ്കിലും ക്ലാസ്സില്‍ പഠിക്കാന്‍ കാണും. എം. എന്‍. വിജയനെതിരെ ഒരു ലേഖനമെഴുതുന്നയാളിന് സ്വര്‍ണ്ണ മത്സ്യങ്ങളെക്കാള്‍ ആ വിഷയം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്ന വേറൊരു ലേഖനം കണ്ടെത്താന്‍ വിഷമമുണ്ടാവില്ല. അത് മൂലം എം. എന്‍. വിജയന്‍റെ ധിഷണയ്ക്കോ, പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കോ യാതൊരബദ്ധവും വന്നു ചേരുന്നില്ലല്ലോ. (സാറ് ഇനിയും എഴുതൂ, ഭാവിയിലാരെങ്കിലും സാറിനേയും പഠിക്കും.)
6 Comments:
“ശ്രീ. പെരുമ്പടവും താങ്കളും “സ്വാധീന”മെന്ന് വിളിക്കുന്ന ആ സൌകര്യമുണ്ടല്ലോ, അതിനു തെളിവായി താങ്കള്‍ നിരുത്തുന്നത് വെറും നീര്‍ക്കുമിളകളാണ്.“ ബഞ്ചമിന്റെ ലേഖനത്തില്‍ പെരുമ്പടവം എങനെ കയറിവന്നു, സന്തോഷ്? അതോ എന്റെ കണ്ണുകാണായ്മയാണോ? ക്ഷമിക്കുക. പിന്നെ ഈ ലേഖനം ബഞ്ചമിന്‍, ക്ര്ഷ്നന്‍ നായര്‍ മരിക്കുന്നതിന് എത്രയോ മുന്‍പേ എഴുതിയതാണ് ട്ടോ. ചിന്തയില്‍പ്രസിദ്ധെകരിക്കാന്‍ താമസം വന്നതില്‍ ക്ഷമിക്കുക.
ആക്ഷേപിക്കാനെഴുതിയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ന്യായീകരണമല്ല. ഒരു കമന്റ് മാത്രം. -സു-
നന്നായി സന്തോഷേ. പിന്നെ, സുനില്‍ പറഞ്ഞതുപോലെ, ഇതെഴുതിയതു് കുറെക്കാലം മുമ്പായിരുന്നു എന്നു് ആലോചിക്കണം.
എനിക്കു പറയാനുള്ളതു് ബെഞ്ചമിന്റെ തെറ്റുകളെപ്പറ്റിയുള്ള അഭിപ്രായങ്ങളാണു്. മലയാളികളുടെ തെറ്റുകളെ തിരുത്തി കുട്ടികളെ നല്ല വഴി നടത്താന്‍ ശ്രമിച്ച പന്മന രാമചന്ദ്രന്‍ നായരെപ്പോലുള്ളവരെ “ശാസ്ത്രികള്‍” എന്നു വിളിച്ചു് അപമാനിക്കുന്നതു് ഒരു മലയാളാദ്ധ്യാപകനു യോജിച്ചതല്ല.
പക്ഷേ, ഈ അഭിപ്രായം അടുത്ത കാലത്തു വളരെ പ്രബലമായിട്ടുണ്ടു്. ഭാഷ ആശയവിനിമയത്തിനു മാത്രമുള്ളതാണെന്നും, വ്യാകരണം തൊട്ടുള്ള കാര്യങ്ങള്‍ അനാവശ്യമാണെന്നും മറ്റും.
സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ പദങ്ങളെ അപ്പാടെ സ്വാംശീകരിക്കുമ്പോള്‍ (തദ്ഭവങ്ങളെയല്ല ഉദ്ദേശിക്കുന്നതു്) അതാതു ഭാഷകളെ അല്പമെങ്കിലും മനസ്സിലാക്കുന്നതല്ലേ നല്ലതു്? കൃഷ്ണന്‍ നായരുടെ അത്രയും പോകണ്ടാ, എങ്കിലും ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ഒഴിവാക്കാമല്ലോ.
ഇങ്ങനെയുള്ള വിചക്ഷണന്മാര്‍ നമ്മുടെ വിദ്യാഭാസരംഗത്തുണ്ടായതുകൊണ്ടാവാം “പദ്ധതിയേതരം” തുടങ്ങിയ അമൂല്യപദങ്ങള്‍ മലയാളഭാഷയ്ക്കു കിട്ടിയതു്, അല്ലേ? അഷ്ടാദ്ധ്യായി പഠിക്കാന്‍ പറ്റാത്തതിന്റെ അപകര്‍ഷതാബോധം കൊണ്ടു് പന്മനയുടെ പുറത്തു കയറുന്നതെന്തിനു്?
കൃഷ്ണന്‍ നായര്‍ പറഞ്ഞിട്ടുള്ളതുപോലെ എല്ലാവരും ഉച്ചരിക്കണമെന്നു് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ഇങ്ങനെയാണു് ഒറിജിനല്‍ ഉച്ചാരണം എന്നു പറഞ്ഞുതരിക മാത്രമാണു് അദ്ദേഹം ചെയ്യുന്നതു്.
Jesus-നെ യേശു എന്നും Mary-യെ മറിയ എന്നും വിളിക്കുന്ന മലയാളി ക്രിസ്ത്യാനികള്‍ക്കു വിവരമില്ല എന്നു് ഞാന്‍ ഒരിക്കല്‍ വിശ്വസിച്ചിരുന്നു. പിന്നീടു് മലയാളികളുടെ ഉച്ചാരണമാണു് മൂലനാമങ്ങളോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നതു് എന്നറിഞ്ഞപ്പോള്‍ മലയാളത്തില്‍ ഇതു കൊണ്ടുവന്ന ഗുണ്ടര്‍ട്ടിനോടും മറ്റും വലിയ ബഹുമാനം തോന്നി. അതുകൊണ്ടു് ഇംഗ്ലീഷില്‍ പറയുമ്പോള്‍ ഞാന്‍ യേശു എന്നു പറയാറില്ലല്ലോ. അറിയുന്നതും ഉപയോഗിക്കുന്നതും രണ്ടു കാര്യമാണു്.
കുറച്ചുനാള്‍ മുമ്പ് പെരിങ്ങോടരീ ലേഖനം ക്വോട്ട് ചെയ്തിരുന്നെങ്കിലും, സന്തോഷിന്റേതില്‍ നിന്നാണ് ഞാനിന്നാണ് ഞാനതു വായിക്കുന്നത്. ഇവിടെ പൊതുവെ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങളില്‍ നിന്നും വ്യത്യസ്തമായി നല്ലൊരു ലേഖനം എന്ന അഭിപ്രായമാണെനിക്ക്. കൃഷ്ണന്‍ നായരൊഴിച്ചുള്ളവരെ പറ്റിയുള്ള വ്യക്തിപരമായ പരാമര്‍ശങ്ങളെക്കുറിച്ചെന്തെങ്കിലും പറയാന്‍ മാത്രം ഒന്നും എനിക്കറിയില്ല. കൃഷ്ണന്‍നായരുടെ പംക്തി ഡോ. ബഞ്ചമിന്‍ എഴുതിയ പോലെ ഒക്കെ തന്നെ അല്ലേ. അങ്ങനെ ആയിരുന്നാല്‍ തന്നേയും എനിക്ക് വായിക്കാന്‍ ഇഷ്ടമുള്ള പേജുകള്‍ തന്നെയായിരുന്നു അവ. കൃഷ്ണന്‍നായര്‍ അന്തരിച്ച ഉടനെ ഇതെഴുതിയത്/പബ്ലിഷ് ചെയ്തത് അനുചിതമായി എന്ന അഭിപ്രായം എനിക്കുണ്ട്.
എന്നാല്‍ ഭാഷയെപറ്റിയുള്ള കാര്യങ്ങളില്‍ എന്റെ അഭിപ്രായം കൃത്യമായും ഡോ. ബഞ്ചമിന്റേതാണെന്ന് പ്രത്യേകം പറയേണ്ടതില്ല്ലല്ലോ. ഞാനും ഉമേഷും കൂടി നടത്തിയ വാഗ്വാദങ്ങളുടെ ലിങ്കിതാ.. പെരിങ്ങോടരുടേയും രാജേഷിന്റേയും അഭിപ്രായങ്ങള്‍ക്ക് മറുപടി ബാക്കിയാണ്.. എന്തായാലും വാരഫലം വായിക്കുമ്പോളെ അവസാനത്തില്‍ നിന്നു തുടങ്ങാം അല്ലേ :)
“കൃഷ്ണന്‍നായര്‍ അന്തരിച്ച ഉടനെ ഇതെഴുതിയത്/പബ്ലിഷ് ചെയ്തത് അനുചിതമായി എന്ന അഭിപ്രായം എനിക്കുണ്ട്.
“ ---സിബൂ, കൃഷ്നന്‍ നായര്‍ മരിക്കുന്നതിനു വളരെ മുന്‍പ് എഴുതിയ ലേഖനമാണിത്. ചിന്തയില്‍ ഡൊ.ബഞ്ചമിന്റെ 2 ലെഖനങള്‍ ഒന്നിച്ച് ഒരു ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്നത് ശരിയല്ല എന്നതിനാല്‍ അടുത്ത മാസത്തേയ്ക്ക് മാറ്റിവച്ചതാണ്. ഗുപ്തന്‍നായരെപ്പറ്റിയുള്ളത് ആദ്യവം അടുത്തമാസത്തില്‍ കൃഷ്നന്‍നായരെക്കുരിച്ചുമുള്ള ലെഖനങള്‍ ചിന്ത പ്രസിദ്ധെകരിച്ചു. കഷ്ടകാലത്തിന് ഗുപ്തന്‍ന്ആയരുടേതും കൃഷ്നന്‍ നായരുടേതും മരണവും അടുത്തടുത്തായി. അവര്‍ മുകളിലിരുന്നും ....
വളരെ സമചിത്തതയോടേ എഴുതിയത് എന്നാണെന്റെ തോന്നല്‍. -സു-
-സു-: പെരുമ്പടവത്തിന്‍റെ കാര്യം ബഞ്ചമിന്റെ ലേഖനത്തില്‍പ്പറയുന്നുണ്ട്. അതിന്‍റെ മറുപടി പറഞ്ഞു എന്നു മാത്രം.
ഉമേഷ്, -സു-: ഈ ലേഖനം കൃഷ്ണന്‍ നായര്‍ അന്തരിക്കും മുമ്പ് എഴുതിയതാണെന്നറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കില്‍ക്കൂടി, ഒന്നു രണ്ട് പരാമര്‍ശങ്ങളൊഴികെ ബാക്കിയുള്ള എന്‍റെ പ്രതികരണത്തില്‍ മാറ്റമുണ്ടാവുമായിരുന്നില്ല.
സിബു: ഭാഷ വളരട്ടെ. നാല് അന്യഭാഷാവാക്കുകള്‍ കടം കൊണ്ടു എന്നല്ലാതെ മലയാള ഭാഷ വളര്‍ന്നു എന്ന് ബഞ്ചമിന്‍ പറയുന്നതിന് എന്താണാധാരം? ഇക്കണക്കിനാണെങ്കില്‍ ഭാഷ വളരുകയല്ല, തളരുകയും മരിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല.
ബഞ്ചമിന്‍ ഉള്‍പ്പെട്ട കമ്മിറ്റി ശ്രീ. ഗുപ്തന്‍ നായര്‍ക്ക് സമ്മാനം പ്രഖ്യാപിക്കുന്നു. അതിനോട് വിയോജിച്ചു എന്നതാണോ കൃഷ്ണന്‍ നായര്‍ക്കെതിരെ തുനിഞ്ഞിറങ്ങാന്‍ കാരണം? അതോ, ഇന്‍ഫീരിയോറിറ്റി കോംപ്ലക്സോ? വ്യക്തികളെക്കാളുപരി അവരുടെ ചെയ്തികളെ (കൃതികളെ) വിമര്‍ശിക്കാനാവാത്തതാണ് നമ്മുടെ നിരൂപണ വൃന്ദത്തിന്‍റെ പോരായ്മ.
-സു-, ലേഖനം പ്രസിദ്ധീകരിച്ചത് മൂലം ‘ചിന്ത’യുടെ നിലവാരം താണു എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. (ചിന്തയെ താങ്കള്‍ ന്യായീകരിക്കുന്നതായി തോന്നി.)
ഞാന്‍ ചിന്തയെ ന്യായീകരിക്കുന്നുണ്ട് എന്നുതോന്നിയതില്‍ അപാകതയില്ല. ന്യായീകരിക്കുന്നുണ്ട്.“അനുചിതമായി എന്ന അഭിപ്രായം എനിക്കുണ്ട്.
“-ഇതു പറഞത് സിബുവാണ്, അതിന് ചെറിയ ഒരു ക്ലാരിഫിക്കേഷന്‍ എന്നു മാത്രമേ എന്റെ മറുപടികൊണ്ട് ഉദ്ദേശമുണ്ടായിരുന്നുള്ളൂ.സിബുവും നിലവാരത്തെക്കുറിച്ചൊന്നും പറഞിട്ടില്ല (ഞാന്‍ ഉദ്ദേശിച്ചിട്ടുമില്ല) അതിനാല്‍ ഇതിന്മേല്‍ കൂറ്റുതല്‍ എഴുതുന്നില്ല.
കൃഷ്നന്‍ നായരുടെ വിമര്‍ശനരീതിയെപ്പറ്റി സമചിത്തതയോടേയാണ് ബഞ്ചമിന്‍ എഴുതിയിരിക്കുന്നത് എന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ഗുപ്തന്‍ നായര്‍ക്ക് സമ്മാനം കിട്ടിയപ്പോള്‍ കൃഷ്നന്‍ നായരെന്തിന് തെറിപറയുന്നു?പലപ്പോഴും സഭ്യേതരഭാഷകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ..ഓര്‍മ്മ തെറ്റൂണ്ടായെങ്കില്‍ ക്ഷമിക്കണേ.ഈ കൃഷ്നന്‍ന്ആയര്‍ തന്നെയാണ് ഗദ്യത്തില്‍ ഗുപ്തന്‍ന്ആയരെപ്പോലെ എഴുതാന്‍ ഇന്ന് മലയാളത്തില്‍ ആരുമില്ല എന്ന് എഴുതിയത്. എഴുത്തച്ഛന്‍ പുരസ്കാരത്തിന്റെ പിന്നിലെക്കളികള്‍ ഒന്നുമെനിക്കറിയില്ല, പക്ഷെ ഇത്തരം പുരസ്കാരങ്ില്‍ “കളി”യുണ്ടെന്ന് അറിയാം. ഇവര്‍ തമ്മിലുള്ള സ്പര്‍ദ്ധയെപ്പറ്റി എം.ജി.ശശിഭൂഷണും (ഗുപ്തന്‍ നായരുടെ മകനല്ലേ?)മുരളീകൃഷ്നയും കലാകൌമുദി വാരികയില്‍ എഴുതിയിട്ടുണ്ട്. സത്യത്തില്ിത്ഒന്നും കലാപരമായ സ്പര്‍ദ്ധയല്ല എന്നാണെനിക്ക് തോന്നീട്ടുള്ളത്. തികച്ചും വ്യക്തിപരം.കലാകൌമുദി ലേഖനങള്‍ വേണമെങ്കില്‍ ഈമെയില്‍ ചെയ്തുതരാം.
(-സു- എന്നാല്‍ സുനില്‍ വായനശാല ബ്ലോഗ്സ്പോട്.കൊം)ente email: എംബിസുനില്‍കുമാര്‍@യാഹൂ.കൊം
Post a Comment
<< Home