ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, July 16, 2007

ഒന്നാം ബഞ്ചിലിരിക്കേണം, ഒന്നാമനായി വളരേണം

പതിനേഴു വര്‍ഷം നീണ്ട വിദ്യാഭ്യാസ കാലഘട്ടത്തില്‍ രണ്ടു വര്‍ഷം മാത്രമാണ് ഒന്നാം ബഞ്ചില്‍ ഒന്നാമതായി ഇരിക്കണമെന്ന മറ്റേമ്മയുടെ ഉപദേശം എനിക്കു പാലിക്കാനായത്.

ഒറ്റക്കാലില്‍ ഏന്തിനടന്നിരുന്ന ഷാജുദീനോട് ഒന്നാം ബഞ്ചിലെ ഒന്നാം സ്ഥാനം ഒഴിയാന്‍ പറഞ്ഞിട്ടുണ്ട്, ഒരിക്കല്‍. ഷാജുദീന്‍ മൂന്നില്‍ തോറ്റപ്പോള്‍ ഞാന്‍ ആരുമറിയാതെ സന്തോഷിച്ചു: അതുവരെ ഒന്നാം ബഞ്ചില്‍ രണ്ടാമതായിരുന്ന ഞാന്‍ നാലാം ക്ലാസില്‍ ഒന്നാം ബഞ്ചില്‍ ഒന്നാമതായി.

അഞ്ചാം തരത്തില്‍ പുതിയ സ്ഥലത്ത് പുതിയ സ്കൂളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഒന്നാം ബഞ്ചില്‍ എനിക്ക് ഇടം കിട്ടിയില്ല. എന്നാലും വീട്ടില്‍ പറഞ്ഞത് ഒന്നാം ബഞ്ചില്‍ ഒന്നാമതായാണ് ഇരിക്കുന്നതെന്നാണ്. അഞ്ചിലും ആറിലും രണ്ടാം ബഞ്ചില്‍ ഒന്നാമതായി. ഏഴാം ക്ലാസില്‍ എത്തി പഴയ പടി രണ്ടാം ബഞ്ചില്‍ ഒന്നാമതായി ഇരിപ്പുറപ്പിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇബ്രാഹിം കുഞ്ഞു സാര്‍ എനിക്ക് ഒന്നാം ബഞ്ചില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് പ്രമോഷന്‍ തന്നു.

എട്ടും ഒമ്പതും ക്ലാസുകളില്‍ ഒന്നാം ബഞ്ചിലിടം കിട്ടിയെങ്കിലും സ്ഥാനം രണ്ടാമതായിരുന്നു. പത്താം ക്ലാസില്‍ ബഞ്ച്: 2, സ്ഥാനം: 1 എന്നായി മാറി.

കോളജില്‍ പ്രി-ഡിഗ്രിക്കാര്‍ക്ക് സ്ഥിരമായി ക്ലാസ് റൂമോ ബഞ്ചുകളില്‍ സ്ഥിരം സ്ഥാനമോ ഉണ്ടാവാറില്ലായിരുന്നു. എന്നാലും ഒരിക്കല്‍ പോലും ഒരു ക്ലാസിലും ഒന്നാം ബഞ്ചില്‍ ഒന്നാമതായ ഓര്‍മ്മയില്ല. ഡിഗ്രിക്കാര്‍ക്ക് ഏതാണ്ട് സ്ഥിരമായ ക്ലാസുറൂം ഉണ്ടാവാറുണ്ട്. അങ്ങനെ, ഡിഗ്രിക്കാലത്ത് ഞാന്‍ മൂന്നാം ബഞ്ച്ചില്‍ (അവസാന ബഞ്ച്) ചിലപ്പോള്‍ ഒന്നാമതായും മറ്റു ചിലപ്പോള്‍ രണ്ടാമതായും ഇരുന്നു.

സ്ഥിരം ക്ലാസ് റൂമും ബഞ്ചില്‍ സ്ഥിരം സ്ഥാനവുമുള്ള പോസ്റ്റു ഗ്രാജ്വേഷന് അവസാന ബഞ്ചില്‍ ആദ്യ സ്ഥാനത്തായി ഞാന്‍ (അവിടം വരെയെത്തിയപ്പോഴേയ്ക്കും ബഞ്ചു മാറി കസേരയായിരുന്നു).

ഇനി ഇതൊക്കെ ആലോചിച്ചിട്ട് കാര്യമുണ്ടോ?

ഇല്ല എന്ന് തീര്‍ത്തു പറഞ്ഞു കൂട. ബിസിനസ് വീക്ക് എന്ന വാരികയില്‍ വന്ന ഈ ലേഖനമനുസരിച്ച്, മീറ്റിംഗുകളില്‍ നമ്മള്‍ പറയുന്നത് ആള്‍ക്കാര്‍ വിലവയ്ക്കണമെങ്കില്‍, നമ്മള്‍ എന്തു പറയുന്നു എന്നതിനോളം തന്നെ (അതോ അതിലുമുപരിയോ) എവിടെ ഇരിക്കുന്നു എന്നതും പ്രാധാന്യമര്‍ഹിക്കുന്നുവത്രേ.

വായിക്കാന്‍ സമയമില്ലാത്തവര്‍ക്കായി ഇതാ ചില വാചകത്തുണ്ടുകള്‍:

The moral of the story: Where you sit influences where you stand. ... As a rule, leaders like to sit at the end of the table facing the exit so no one can sneak up on them. ... sitting opposite the person leading the meeting tend to be Grumpy or Doc, or a combination of the two... Grumpy is openly argumentative and may be hard to control. Doc is the person who faces off against the leader to show off his or her intelligence. ... The person who sits on the leader's right is Happy—a yes-man. ... Managers should, for instance, place potential foes on their right. Suspected brownnosers may offer more frank opinions if they are on the opposite sides of a table.
ജോലിയുടെ ഭാഗമായി മീറ്റിംഗില്‍ പങ്കെടുക്കേണ്ടാത്തവരും ആണ്ടിലൊരിക്കലോ ആഴ്ചയിലൊരിക്കലോ ഒരു ടീം മീറ്റിംഗ് മാത്രമുള്ള ജോലിയുള്ളവരും മീറ്റിംഗില്‍ എവിടെ ഇരിക്കുന്നു എന്നതിലൊന്നും കാര്യമില്ല എന്നു പറഞ്ഞു ഇതിനെ പുച്ഛിച്ചു തള്ളിയേക്കാം. ‘ഒന്നാമനായി വളരുന്നതു’ പോട്ടെ, ദിവസം അഞ്ചു മീറ്റിംഗ് വീതമെങ്കിലും (മൂന്നെണ്ണം ആഹാരത്തിനു മുമ്പും രണ്ടെണ്ണം ആഹാരത്തിനു ശേഷവും) കഴിക്കുന്ന ഈയുള്ളവന്‍റെ ആരോഗ്യനില, ഈ ഉപദേശം സ്വീകരിച്ചാലെങ്കിലും നന്നാവുമോ എന്നു നോക്കട്ടെ.

Labels:

5 Comments:

  1. Blogger കുട്ടന്‍സ്‌ | S.i.j.i.t.h Wrote:

    പിന്‍ബെന്‍ചിലിരുന്നിരുന്ന് പഠനം ആസ്വദിച്ച് ഒടുവില്‍ ടീം മീറ്റിംഗുകളില്‍ പിന്‍ബെഞ്ചിലിരിക്കാം എന്നു വിചാരിച്ചപ്പോള്‍...പിന്‍ബെഞ്ചില്ല..പകരം റൌണ്ട് ടേബിള്‍ മാത്രം...

    :)
    സന്തോഷ്‌ജി...നന്നായിട്ടുണ്ട്...

    July 17, 2007 5:59 AM  
  2. Blogger Siju | സിജു Wrote:

    പ്രീഡിഗ്രി വരെ ഞാനും ഒന്നാം ബെഞ്ചുകാരനായിരുന്നു. ബിരുദം മുതല്‍ പിന്‍ബെഞ്ചും. ഉറങ്ങാന്‍ സൌകര്യം അതാണേന്നു മനസ്സിലായി.

    July 17, 2007 8:14 AM  
  3. Blogger myexperimentsandme Wrote:

    എട്ടിലുമൊമ്പതിലും പത്തിലും ഒന്നാം ബഞ്ചില്‍ അഞ്ചാമനായിരുന്നു (അതായത് രണ്ട് ബഞ്ചുകള്‍ക്കിടയിലുള്ള വഴിയുടെ ഓരത്ത്).

    പ്രീഡിഗ്രി (പ്രീഡിഗ്രിക്കൊക്കെ പോയിട്ടുണ്ട്)ക്ക് രണ്ടാം നിരയില്‍ മൂലയ്ക്കൊന്നാമന്‍ ആയിരുന്നു രണ്ടു കൊല്ലവും. ബിരുദത്തിന് നാലുവരികളില്‍ മൂന്നാം വരിയില്‍. പിന്നെ ഒന്നാം ബഞ്ചില്‍.

    ഒന്നാം ബഞ്ചിലിരുന്ന് ഉറങ്ങിയതിന് ഒമ്പത് തൊട്ട് എന്നെ സാറുമ്മാര് പിടിച്ചിട്ടുണ്ട്. ഒരു ടീച്ചര്‍ പോയി മുഖം കഴുകി വരാന്‍ പറഞ്ഞപ്പോള്‍ വേറൊരു സാര്‍ പറഞ്ഞത് സാരമില്ല, ഉറങ്ങിക്കോ കേട്ടോ എന്നാണ്.

    മീറ്റിംഗുകളില്‍ കമാ എന്നൊരക്ഷരം പറയാത്തതുകാരണം ഇടയ്ക്കിടയ്ക്ക് ഞാന്‍ എന്നെത്തന്നെ നുള്ളി നോക്കും, ഞാനവിടെ ഉണ്ടോ എന്നറിയാന്‍.

    സന്തോഷ്‌ജിയുടെ പോസ്റ്റുകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. നന്നായിരിക്കുന്നു.

    July 17, 2007 2:39 PM  
  4. Blogger സു | Su Wrote:

    ഹിഹിഹി. ലേഖനമൊക്കെ കൊള്ളാം. ഞാന്‍ ഒന്നാം ബെഞ്ചിലായിരുന്നു. എന്നിട്ടെന്തെങ്കിലും സംഭവിച്ചോ? ;)

    July 17, 2007 11:11 PM  
  5. Blogger മുസാഫിര്‍ Wrote:

    സന്തോഷ്,
    നല്ല ലേഖനം.ആത്മവിശ്വാസം വളരാന്‍ മുന്നിലെ സീറ്റില്‍ എപ്പോഴും ഇരിക്കുന്നത് നല്ലതാണെന്നു കേട്ടിട്ടുണ്ട്.

    ഓ ട്ടോ : സൂ ,പൊക്കം കുറഞ്ഞവരേയും എപ്പോഴും മുന്‍ ബഞ്ചില്‍ ഇരുത്താറുണ്ട്.

    July 19, 2007 2:44 AM  

Post a Comment

<< Home