ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, August 15, 2007

അതിരറിയാത്ത അയല്‍ക്കാര്‍

ഭൂലോകത്ത് ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന, അന്താരാഷ്ട്ര സംഘടനകളുടെ തര്‍ക്കപ്രദേശ പട്ടികയില്‍ സ്ഥാനം പിടിച്ച, അറുപതോളം അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ പത്തെണ്ണത്തിലെങ്കിലും വാദിയായോ പ്രതിയായോ ഇന്ത്യ ഭാഗഭാക്കാണ്. പതിമൂന്നു തര്‍ക്കങ്ങളില്‍ പങ്കാളിയായി ചൈന നമ്മുടെ മുന്നിലുള്ളതിനാല്‍ ‘ഏറ്റവും വലിയ വഴക്കാളി’ എന്ന പട്ടികയില്‍ നിന്ന് ഒഴിവായിക്കിട്ടി എന്നത് ആശ്വാസകരമാണെങ്കിലും അഭിമാനിക്കാവുന്ന സംഗതിയല്ല.

തര്‍ക്ക വിഷയമായ പ്രദേശങ്ങളെന്ന് വിളിക്കപ്പെടുന്നവയില്‍ ഇന്ത്യ ഉള്‍പ്പെടുന്നത് ഏതിലൊക്കെ എന്നു നോക്കാം. (ഭാരതീയ പൌരന്‍ എന്ന നിലയില്‍ ഭാരത സര്‍ക്കാറിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് ഈ വിഷയത്തില്‍ ലേഖകന്‍റെ അഭിപ്രായം. ഈ ലേഖനം, അന്താരാഷ്ട്ര സംഘടനകളുടെ കയ്യിലുള്ള തര്‍ക്കബാധിത പ്രദേശങ്ങളില്‍ ഇന്ത്യയുള്‍പ്പെടുന്നവയേതെന്ന് പരിശോധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ; ആരാണ് വാദി, ആരാണ് പ്രതി എന്ന് വിശകലനം ചെയ്യുന്നില്ല.)

അരുണാചല്‍ പ്രദേശ്: അരുണാചല്‍ പ്രദേശിലുള്ള ഇന്ത്യാ-ചൈന അതിര്‍ത്തി രേഖയാണ് മക്മഹന്‍ രേഖ. 1914-ലാണ് ഇത് നിലവില്‍ വന്നതെങ്കിലും 1930-ലാണ് ഇന്ത്യ ഇത് അംഗീകരിച്ചത്. ചൈന ഇതുവരെ മക്മഹന്‍ രേഖ അംഗീകരിച്ചതായി അറിവില്ല. പ്രശ്നഭരിതം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഇന്ത്യാ-ചൈനാ ബന്ധം നിര്‍വ്വചിക്കുന്നതില്‍ “ഒരു പുല്‍നാമ്പുപോലും വളരാത്ത” അരുണാചല്‍ പ്രദേശിലെ ഈ ഭാഗത്തിന് വലിയ പങ്കുണ്ട്. ഈ പ്രദേശത്തിന്‍റെ ഭരണം ഇന്ത്യയുടെ കൈവശമാണ്.

അക്സായി ചിന്‍: ജമ്മു കാഷ്മീരിന്‍റെ വടക്കു കിഴക്കുഭാണ് അക്സായി ചിന്‍ എന്നറിയപ്പെടുന്നത്. 1950-കളുടെ ആദ്യം ചൈന ഇവിടം അധീനത്തിലാക്കി. 1962-ല്‍ അക്സായി ചിന്‍ പൂര്‍ണ്ണമായും ചൈനയുടെ നിയന്ത്രണത്തിലായെന്ന് വിശ്വസിക്കപ്പെടുന്നു.

ആസാദ് കാശ്മീര്‍: ജമ്മു കാശ്മീര്‍ തര്‍ക്കത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമാണ് ആസാദ് കാശ്മീര്‍ പ്രശ്നം. 1950-കളിലെ ചെറുയുദ്ധങ്ങളുടെ പരിണതഫലമായി പാകിസ്ഥാനി സൈനികര്‍ ആസാദ് കാശ്മീര്‍ അധിനിവേശപ്പെടുത്തി. 1956-ല്‍ പാകിസ്ഥാന്‍ ഭരണഘടന ആസാദ് കാശ്മീരിനെ ഒരു പാകിസ്ഥാന്‍ സംസ്ഥാനമായി അംഗീകരിച്ചെങ്കിലും ഇന്ത്യ ഇത് അംഗീകരിക്കുകയോ പാകിസ്ഥാന്‍ അസംബ്ലിയില്‍ ആസാദ് കാശ്മീരിന്‍റെ പ്രാതിനിധ്യം ഉണ്ടാവുകയോ ചെയ്തിട്ടില്ല. ആസാദ് കാഷ്മീരിന് സ്വന്തമായി പ്രസിഡന്‍റും പ്രധാനമന്ത്രിയും നിയമനിര്‍മ്മാണ സഭയുമുണ്ട്.

പാക്-അധിനിവേശ കാഷ്മീര്‍: പാക്-അധിനിവേശ കാഷ്മീര്‍ എന്ന് ഇന്ത്യയും നോര്‍ത്-വെസ്റ്റ് ഫ്രണ്ടിയര്‍ റ്റെറിറ്റൊറി എന്ന് പാകിസ്ഥാനും വിളിക്കുന്ന കാഷ്മീരിന്‍റെ വടക്കു ഭാഗം ഇന്ത്യയുടേതാണെന്ന് ഇന്ത്യ അവകാശപ്പെടുന്നു. 1849-ല്‍ രണ്ടാം സിഖ് യുദ്ധം കഴിഞ്ഞാണ് ഈ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലാവുന്നത്. 1955 മുതല്‍ 1970 വരെ ഈ പ്രദേശം അവിഭക്ത പാകിസ്ഥാന്‍റെ ഭാഗമായിരുന്നു. അതിനുശേഷമാണ് സിയാചെന്‍ ഗ്ലേഷര്‍ പോയിന്‍റ് ഉള്‍പ്പെടുന്ന ഈ പ്രദേശം കൂടുതല്‍ സൈനിക നീക്കങ്ങള്‍ക്ക് കാരണമായി തുടരുന്നത്.

കൌഇരിക്: കിഴക്കന്‍ ഹിമാചല്‍ പ്രദേശും ചൈനയുമായുള്ള അതിര്‍ത്തി പ്രദേശമാണ് കൌഇരിക്. ഈ പ്രദേശവും തര്‍ക്ക വിഷയമായത് മക്മഹന്‍ രേഖ മൂലമാണ്.


ചിത്രം: കൌഇരിക്

ലാപ്താള്‍: ഉത്തരാഞ്ചലും ചൈനയുമായുള്ള അതിര്‍ത്തിയിലുള്ള ലാപ്താള്‍ പ്രദേശം പല ഭൂപടങ്ങളിലും വേറിട്ട പ്രദേശമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.


ചിത്രം: ലാപ്താള്‍

പാ-ലി-ചിയ-സ്സു: ജമ്മു-കാഷ്മീരിന്‍റെ തെക്കു കിഴക്കുഭാഗത്തായുള്ള ഈ പ്രദേശവും തര്‍ക്കവിമുക്തമല്ല.


ചിത്രം: പാ-ലി-ചിയ-സ്സു

സംഗ്: അക്സായി ചിന്‍ ഉള്‍പ്പെടുന്ന അതിര്‍ത്തിത്തര്‍ക്കത്തിലെ മറ്റൊരു പ്രധാന പ്രദേശമാണ് സംഗ്. ഉത്തരാഞ്ചലും ഹിമാചല്‍ പ്രദേശും വേര്‍തിരിയുന്ന കിഴക്കന്‍ അതിര്‍ത്തിയാണ് സംഗ് സ്ഥിതിചെയ്യുന്നത്.


ചിത്രം: സംഗ്

(ഭൂപടങ്ങള്‍ മാപ്‍പോയിന്‍റില്‍ നിന്നും.)

ന്യൂ മൂര്‍ ദ്വീപ്: പര്‍ബാഷാ എന്നോ ന്യൂ മൂര്‍ ദ്വീപ് എന്നോ ഇന്ത്യയും തെക്കന്‍ താല്പതി ദ്വീപ് എന്ന് ബംഗ്ലാദേശും വിളിക്കുന്ന ഈ ചെറിയ പ്രദേശം ഹരിഭംഗാ നദി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നതിനടുത്ത്, 1970-ലെ പ്രളയത്തിന്‍റെ അനന്തരഫലമായുണ്ടായതാണ്. 1970-കളുടെ അവസാനം ബംഗ്ലാദേശ് മീന്‍പിടുത്തക്കാര്‍ ആള്‍വാസമില്ലാത്ത ഈ ദ്വീപില്‍ പോകാറുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. 1980-ല്‍ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന ഈ ദ്വീപില്‍ ഒരു ചെറിയ താവളം സ്ഥാപിച്ചതു മുതല്‍ സമാധാനപരമായി ഇതിന്‍റെ അവകാശത്തര്‍ക്കം അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കാലാപാനി: ഇന്ത്യ, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ സം‌യോജിക്കുന്ന കാലാപാനി പ്രദേശത്തുള്ള മൂന്നു ഗ്രാമങ്ങള്‍ 1962-ല്‍ ഇന്ത്യയുടെ കൈവശമായതോടെയാണ് ഈ പ്രദേശം തര്‍ക്കത്തിനാധാരമായത്. അതിര്‍ത്തിയായി പരിഗണിച്ചു വന്ന ശാരദാനദിയില്‍ (നേപ്പാളിന് ഇത് മഹാകാളീനദിയാണ്), 1997-ല്‍ ജലവൈദ്യുത പദ്ധതിയുണ്ടാക്കാനുള്ള നേപ്പാള്‍ പാര്‍ലമെന്‍റിന്‍റെ തീരുമാനത്തെത്തുടര്‍ന്ന് തര്‍ക്കം മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു.

തജ്കിസ്ഥാനുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്തതോടെ, ചൈന തങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളുടെ എണ്ണം പതിമൂന്നായി കുറച്ചിരിക്കുകയാണ്. ഇന്ത്യ പങ്കാളിയായ തര്‍ക്കങ്ങള്‍ അതേപടി തുടരുകയും മറ്റുരാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ചൈന പരിഹരിക്കുകയും ചെയ്താല്‍ ‘വലിയ വഴക്കാളിപ്പട്ടം’ (ശരിയായോ തെറ്റായോ) ഇന്ത്യയുടെ മേല്‍ പതിയും. വഴക്കാളികളായ അയല്‍ക്കാരുള്ളതാണ് ഇതിനു കാരണമെന്നത് നല്ലൊരു വാദമാണെങ്കിലും അത് വീണ്ടും വഴക്കടിക്കാനുള്ള ന്യായമാവാന്‍ പാടില്ല. സ്പര്‍ധയിലിരിക്കുന്ന രണ്ടു പേര്‍ക്കും അംഗീകൃതമായ സമവായം ഉണ്ടാവണമെങ്കില്‍ രണ്ടു കൂട്ടരും ത്യാഗത്തിന് തയ്യാറാവാതെ തരമില്ലല്ലോ. ഇന്ത്യയുള്‍പ്പെടുന്ന തര്‍ക്കങ്ങളുടെ പട്ടികയിലൂടെ കണ്ണോടിച്ചാല്‍, പകുതിയിലധികവും കൊടും തണുപ്പുറഞ്ഞു കിടക്കുന്ന ഉപയോഗരഹിതമായ ഭൂഭാഗങ്ങള്‍ക്കു വേണ്ടിയാണെന്നു കാണാം. പെട്ടെന്നൊരുനാള്‍ ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തിയാല്‍ ഏതെല്ലാം പ്രദേശമാവും “കൊണ്ടു പോട്ടെ!” എന്ന് നിങ്ങള്‍ കരുതുക?

Labels: ,

8 Comments:

  1. Blogger സു | Su Wrote:

    അങ്ങനെ അവരോട് ചോദിച്ചാല്‍, അവരേതൊക്കെയാണ്, കൊണ്ടുപോകട്ടെ എന്ന് പറയുക എന്ന് നോക്കീട്ട്, പറയാം. ;)

    August 15, 2007 8:41 PM  
  2. Blogger കണ്ണൂസ്‌ Wrote:

    കൊണ്ടുപോട്ടേ എന്ന് ഇന്ത്യയിലാര്‍ക്കും പറയാന്‍ പറ്റാത്തതിന്റെ കാരണം ഇതില്‍ മിക്കവയും ഭൂമിശാസ്ത്രപരമായി സൈന്യത്തിന്‌ വളരെ പ്രധാനപ്പെട്ട മേഖലകളാണ് എന്നതല്ലേ സന്തോഷേ? ഉപരിതലഭൂമി അയല്‍ രജ്യത്തിന്‌ വിട്ടുകൊടുക്കുക എന്നതിനര്‍ത്ഥം, ഏതു സമയത്തും കടന്നു വരാനുള്ള ഒരു വാതില്‍ തുറന്നിടുക എന്നതു തന്നെയാണ്‌.

    August 15, 2007 11:23 PM  
  3. Blogger മൂര്‍ത്തി Wrote:

    വിവരങ്ങള്‍ക്ക് നന്ദി...
    കൊണ്ട് പോട്ടെ/പോകണ്ട എന്ന് പറയാന്‍ ഇത്രയും വിവരം മതിയോ?

    August 16, 2007 6:27 AM  
  4. Anonymous Anonymous Wrote:

    ....അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന സ്ഥലം...പണ്ട് അതിര്‍ത്തിത്തര്‍ക്കമുണ്ടായപ്പോള്‍ അദ്ദേഹം പറഞ്ഞതാണ്. ഇങ്ങനെ പറഞ്ഞതിനെച്ചൊല്ലി ഏറെ വാദ-പ്രതിവാദങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒന്നാലോചിച്ചാല്‍ എത്ര അര്‍ത്ഥവത്തായ അഭിപ്രായം.

    മൂര്‍ത്തിയുടെ ഒരു പോസ്റ്റില്‍ ആഗോള സമാധാന സൂചികയില്‍ ഭാരതത്തിന് 109-മത്തെ സ്ഥാനമാണെന്നു പറയുന്നുണ്ട്. എങ്ങനെ ആവാതിരിക്കും? എണ്ണിയാലൊടുങ്ങാത്ത ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടയില്‍ അയല്‍‌രാജ്യങ്ങളുമായും പ്രശ്നം.

    എന്നാല്‍ തര്‍ക്കസ്ഥലങ്ങള്‍ എല്ലാം വിട്ടുകൊടുക്കാ‍നും പറ്റില്ല. കണ്ണൂസ് പറഞ്ഞതുപോലെ തന്ത്രപ്രധാനമായ സ്ഥലങ്ങളാണ് ഇവയൊക്കെ.

    ..ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ്...എന്നു കാഷ്മീരിനെക്കുറിച്ച്. എങ്ങനെ ആ സ്ഥലം നാം വേണ്ടെന്നുവെയ്ക്കും?

    പക്ഷേ, ചര്‍ച്ചകളില്‍ക്കൂടി പരിഹാരം കണ്ടേ മതിയാകൂ. കുറച്ചു വിട്ടുവീഴ്ചകള്‍ക്കു തയ്യാറായാല്‍പോലും.

    August 16, 2007 11:05 AM  
  5. Blogger myexperimentsandme Wrote:

    ?വഴക്കാളികളായ അയല്‍ക്കാരുള്ളതാണ് ഇതിനു കാരണമെന്നത് നല്ലൊരു വാദമാണെങ്കിലും അത് വീണ്ടും വഴക്കടിക്കാനുള്ള ന്യായമാവാന്‍ പാടില്ല

    പക്ഷേ അപ്പുറത്ത് ചൈനയായിരിക്കുന്നിടത്തോളം കാലം അതൊരു വാദം തന്നെയാണെന്ന് തോന്നുന്നു. ചൈനയാണ് നമ്മളെക്കാളും മുന്നിലെന്നത് തന്നെ അതല്ലേ കാണിക്കുന്നത്? ചൈനയ്ക്ക് ജപ്പാനോടുവരെ പ്രശ്‌നമുണ്ട് ഇപ്പോഴും (ഒരു കര അതിര്‍ത്തി അല്ലാഞ്ഞിട്ടും)-ജപ്പാന്റെ കൈയ്യില്‍‌നിന്ന് ഉള്ള കാശെല്ലാം വാങ്ങിച്ചിട്ടും (ലോകമഹായുദ്ധം) ജപ്പാന്റെ അപ്പോളജി ആത്മാര്‍ത്ഥമല്ല എന്നല്ലേ ചൈന ഇപ്പോഴും പറയുന്നത്? ചൈനയില്‍ എന്ത് ലോക്കല്‍ പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കുന്നത് ഒരു ആന്റി-ജപ്പാന്‍ കലാപരിപാടിവഴിയാണ്.

    അതുകൊണ്ട് ഇന്ത്യ-ചൈന തര്‍ക്കങ്ങളില്‍ ചൈനയുടെ സംഭാവനയ്ക്കുള്ളത് നോര്‍മലൈസ് ചെയ്തിട്ടേ ഇന്ത്യയുടെ റാങ്ക് നിശ്ചയിക്കാവൂ എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ തീര്‍ച്ചയായും, സന്തോഷ് പറഞ്ഞതുപോലെ അപ്പുറത്തെ വഴിക്കാളിയാണ് കാരണക്കാരന്‍ എന്നത് പൂര്‍ണ്ണമായും ശരിയായ ന്യായമല്ല-എങ്കിലും...

    August 16, 2007 12:07 PM  
  6. Blogger Santhosh Wrote:

    ‘കൊണ്ടു പോട്ടെ’ എന്നു ഞാനും പറയില്ല. (അതൊരു ഹൈപതെറ്റികല്‍ ചോദ്യമായിരുന്നു:)) എന്നാലും ന്യൂ മൂര്‍ ദ്വീപിനു വേണ്ടിയുള്ള കടും‍പിടുത്തം അല്പം കടന്നതല്ലേ?

    സൂ: നല്ല ഐഡിയ:)

    കണ്ണൂസും മൂര്‍ത്തിയും വക്കാരിയും പറഞ്ഞതിനോട് യോജിക്കുന്നു.

    ഗീത: എത്രനാള്‍ ചര്‍ച്ച ചെയ്യണം? ഒരിക്കലും പരിഹാരമുണ്ടാവില്ല എന്നറിഞ്ഞു കൊണ്ട് നമുക്ക് കല്പാന്തകാലത്തോളം ചര്‍ച്ച തുടരാം, അല്ലേ?

    August 16, 2007 1:25 PM  
  7. Anonymous Anonymous Wrote:

    ഒരു പ്രശ്നം (ആഭ്യന്തരമാണെങ്കിലും അന്താരാഷ്ട്രമാണെങ്കിലും), ഉണ്ടാകുമ്പോല്‍ അതിനു രണ്ടു പോംവഴിയേയുള്ളൂ. ഒന്നുകില്‍ സമാധാനത്തോടെ പരിഹാരം കാണുക. അല്ലെങ്കില്‍ യുദ്ധം.

    ആദ്യവഴി തേടാതെ, അക്രമത്തിന്റേയും ആയുധത്തിന്റേയും മാര്‍ഗ്ഗം ജനങ്ങളില്‍ അടിച്ചേല്പിക്കുന്നതു ചില കുടിലബുദ്ധികളാണ്. അവരില്‍ രാഷ്ട്രീയക്കാരുണ്ടാവും (എല്ലാവരും ഇത്തരക്കാര്‍ എന്നര്‍ത്ഥമില്ല), ആയുധക്കച്ചവടക്കാരുണ്ടാവും, കള്ളപ്പണക്കാരുണ്ടാവും. സമൂഹത്തില്‍ അസ്വസ്ഥത നിലനിന്നാലെ ഇത്തരക്കാര്‍ക്കു നിലനില്പുള്ളൂ. അതുതന്നെ കാരണം.

    ഇനി ആദ്യവഴി പ്രാവര്‍ത്തികമാക്കണമെങ്കില്‍, അതിനു ചര്‍ച്ചയല്ലാതെ വേറെന്തു മാര്‍ഗ്ഗം? “ it’s better to jaw, jaw, jaw than war, war, war.“ ചര്‍ച്ചില്‍ പറഞ്ഞതാണ്. പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍, ഇരുവശത്തേയും പ്രശ്നങ്ങള്‍ പരസ്പരം ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍, ചര്‍ച്ച നയിക്കണമെന്നു മാത്രം. അപ്പോള്‍ അത് അനുസ്യൂതം തുടരുന്ന ഒരു പ്രക്രിയ ആവില്ല.

    August 16, 2007 2:22 PM  
  8. Blogger Pramod.KM Wrote:

    അവര്‍ അവരുടെതെന്നും നമ്മള്‍ നമ്മളുടെതെന്നും പറയുന്ന സ്ഥലം (കട: ഇ.എം.എസ്) ചറ്ച്ചകളിലൂടെ അല്ലാതെ പരിഹരിക്കാന്‍ ഇന്ന് കഴിയില്ല.

    August 18, 2007 10:11 AM  

Post a Comment

<< Home