Monday, September 24, 2007

ഒറ്റയ്ക്കാവുമ്പോള്‍

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് ഭയമാണ്. ഇരുണ്ട മുറികളിലെ നിശ്ശബ്ദതകളില്‍ എന്നെ കീഴ്പെടുത്താന്‍ പ്രേതങ്ങള്‍ ഒരുങ്ങുന്നുണ്ടാവാം. പഴുക്കടയ്ക്കാഭരണിയില്‍ കയ്യിടുമ്പോള്‍ തലയ്ക്കുമുകളില്‍ വവ്വാല്‍ക്കുഞ്ഞുങ്ങള്‍ പറന്നുമാറും. ചിലന്തിവലകള്‍ക്കും കൂറക്കൂട്ടങ്ങള്‍ക്കുമിടയില്‍ പഴയലിപികള്‍ നിറഞ്ഞുനില്‍ക്കും.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് വേദനയാണ്. ഉരുണ്ടു കൂടുന്ന സൂചിക്കുത്തുകള്‍ ഇടതു നെഞ്ചില്‍ ചേക്കേറുന്നു. സൌഹൃദഭാവം പൂണ്ടുവരുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഞാന്‍ അടിമപ്പെടുന്നു.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് ചീത്തകൂട്ടുകെട്ടുകളാണ്. പോളിഷ് പ്രോവെര്‍ബുകളും എന്‍. എന്‍. പിള്ളയും അബു നുവാസും എന്‍റെ മനസ്സിനെ പങ്കിലമാക്കുന്നു. ക്രീഡവര്‍ണ്ണനകളുടെ പേജുകള്‍ക്ക് എന്നെ നിത്യപരിചയമാണ്.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് ഉല്‍ക്കണ്ഠയാണ്. വേദനിപ്പിച്ചവരും വേദനിപ്പിക്കാനുള്ളവരും തമ്മിലുള്ള വടം വലിയില്‍ തോറ്റതാരാണെന്നറിയാനുള്ള ഉല്‍ക്കണ്ഠ. പറങ്കിമാവിന്‍ ചുവട്ടിലെ കരിയിലക്കൂട്ടങ്ങള്‍ക്ക് വേലി തീര്‍ക്കാനാവുന്നില്ലല്ലോ എന്ന ഉല്‍ക്കണ്ഠ.

ഒറ്റയ്ക്കാവുമ്പോള്‍ എന്‍റെ രാത്രികള്‍ക്ക് കൂടുതല്‍ കറുപ്പാണ്. സമയം തെറ്റിയെത്തുന്ന താരവും തിങ്കളും എന്നോട് അനീതി കാട്ടുന്നല്ലോ.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് നിറകണ്ണുകളാണ്. ഓര്‍മ്മകളുടെ ഓണമാണ് പിന്നെ. പുറത്ത് സൂര്യന്‍ കത്തിക്കാളുന്ന ശനിയാഴ്ചകളില്‍ ഉത്തരമറിയാത്ത ത്രികോണമിതി പ്രശ്നങ്ങള്‍ക്ക് ചങ്ങമ്പുഴക്കവിതയായിരുന്നല്ലോ കൂട്ടുവന്നത്.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് നിരാശയാണ്. മുപ്പത്തിമൂന്നു കൊല്ലം കൊണ്ടു വാങ്ങിക്കൂട്ടിയ മൂന്ന് അടിയും മൂന്നുകൊല്ലം കൊണ്ട് വിറ്റുതുലച്ച മുപ്പതോളം അടിയും പിച്ചും നുള്ളും ഒരുമിച്ച് ചേര്‍ത്തുവച്ചു വരച്ച ഗ്രാഫ് താഴേയ്ക്കുതന്നെ പോകുന്നു. ഇനി ഉയര്‍ച്ചയില്ലാത്തപോല്‍. കാലം-7, ഞാന്‍-1.

ഒറ്റയ്ക്കാവുമ്പോള്‍, പക്ഷേ, എനിക്ക് സ്നേഹവുമാണ്. കേള്‍ക്കേണ്ടവര്‍ കേള്‍ക്കാനില്ലാത്തപ്പോഴാണല്ലോ സ്നേഹവാക്കുകള്‍ പറയാന്‍ തോന്നുന്നത്!

14 പ്രതികരണങ്ങൾ:

 1. സിബു::cibu

  ആരെങ്കിലും ഓടിവരണേ.. ഒന്ന്‌ ഡിക്രിപ്റ്റ് ചെയ്തുതരണേ.. വായിച്ചിട്ട്‌ എന്തൊക്കെയോ ഉള്ളപോലെ.

 2. മയൂര

  "ഒറ്റയ്ക്കാവുമ്പോള്‍.." വായിച്ച് കഴിഞ്ഞ് വീണ്ടും കുറെ പാരഗ്രാഫ് കൂടെ മനസ്സില്‍ ഓടി എത്തി..:)

 3. sandoz

  പിള്ളേ...പെണ്ണുമ്പിള്ളേ തല്ലണ സ്വഭാവം ഉണ്ടല്ലേ...
  അതും മൂന്ന് കൊല്ലം കൊണ്ട്‌ മുപ്പത്‌ തവണ തല്ലിയല്ലേ ..ഭയങ്കരാ....കൊട്‌ കൈ....

 4. പടിപ്പുര

  ഒറ്റയ്ക്കാവാതിരിക്കട്ടെ.

 5. ശ്രീ

  “കേള്‍ക്കേണ്ടവര്‍ കേള്‍ക്കാനില്ലാത്തപ്പോഴാണല്ലോ സ്നേഹവാക്കുകള്‍ പറയാന്‍ തോന്നുന്നത്!“

 6. സു | Su

  എന്താ സംഭവം?

  ഒറ്റയ്ക്കാവുമ്പോള്‍ തലപുകഞ്ഞ് ആലോചനയാണ്. ഞാനെന്താ ഒറ്റയ്ക്കായിപ്പോയതെന്ന്!

 7. കുഞ്ഞന്‍

  ആരപ്പാ ഇവിടെ ഒറ്റക്കായത്..?

 8. രജീഷ് || നമ്പ്യാര്‍

  സിബുവേട്ടാ, സംഗതി സിംപിള്‍ :
  കഴിഞ്ഞ പോസ്റ്റ് വായിച്ചില്ലേ, വൃത്തത്തില്‍ ചായയുണ്ടാക്കുന്നതിന്റെ. സഹധര്‍മിണി കൂടെയില്ലൈ. എല്ലാമേ തനിയെ ശെയ്യ വേണ്ടും. അപ്പ്ളുണ്ടായ മനോവിഭ്രമം.

  അല്ലവാ പിള്ളച്ചേട്ടാ?
  (ഞാന്‍ ഓടണോ?)

 9. വക്കാരിമഷ്‌ടാ

  ചായയുണ്ടാക്കി, ബോംബെ വിളിക്കുന്നു, ഭാഷ അപൂര്‍ണ്ണം, ഒറ്റയ്ക്കാവുമ്പോള്‍...

  ഒറ്റയ്ക്കാവുമ്പോള്‍ തീറ്റയും ഒരു പ്രശ്‌നം തന്നെ.

  പടിപ്പുര പറഞ്ഞത് തന്നെ.

 10. ज्योतिर्मयी ജ്യോതിര്‍മയി

  ഇങ്ങനെ ‘സങ്കടിച്ചിരിയ്ക്കാതെ‘ വല്ലതുമൊക്കെ പഠിയ്ക്കൂ :)

  ഫ്രീയായിട്ടുപദേശിയ്ക്കാം :)

 11. എന്റെ ഉപാസന

  ഒറ്റക്കിരിക്കുന്നതിനേക്കാളും താല്പര്യമുള്ള ഒരു കാര്യം എനിക്കില്ല.
  ഓര്‍മകളില്‍ മുങ്ങിത്തപ്പുക അതാണ് അപ്പോള്‍ ചെയ്യുക.
  :)
  ഉപാസന

 12. രാവുണ്ണി

  സമയത്ത് ആഹാരം കിട്ടാത്തതിന്റെയാണിതെല്ലാം. ഓരോന്നു ശീലിച്ചുപോയില്ലേ.

 13. ഹരിത്

  കേള്‍ക്കേണ്ടവര്‍ അടുത്തില്ലെങ്കിലും ബ്ലോഗ് വായിക്കും എന്നു അറിഞ്ഞുകൊണ്ടുള്ള ഒരു പൂഴിക്കടകന്‍ സ്നേഹപയറ്റല്ലേ ഇത്. !!!!വേല മനസ്സിലിരിക്കട്ടെ പിള്ളേച്ചാ...

 14. മൂര്‍ത്തി

  നല്ല രീതിയില്‍ ഒറ്റയ്ക്കിരിക്കാന്‍ പഠിച്ചാല്‍ ജീവിതതിലെ പലപ്രശ്നവും ഇല്ലാതാ‍വും. നമ്മളെക്കൊണ്ട് മറ്റുള്ളവര്‍ക്കുള്ള ശല്യമെന്കിലും കുറയുമല്ലോ. :)ദിവസേന കുറച്ച് നേരമെങ്കിലു ഒറ്റക്കിരിക്കുന്നത് നല്ലതാണ്.

  നന്നായി എഴുതിയിട്ടുണ്ട്..ഒറ്റയ്ക്കെഴുതിയതല്ലേ?