Sunday, September 09, 2007

ചായയുടെ പാചകക്രമം

ബ്ലോഗ് എന്ന അതീവ നൂതനമായ മാധ്യമത്തിലൂടെപ്പോലും വിവരിക്കാനും വിശദമാക്കാനും പ്രയാസമേറിയ ഒരു ‘പ്രത്യേക രാഷ്ട്രീയ സാഹചര്യം’ ഈ അടുത്ത കാലത്ത് ഈയുള്ളവന്‍റെ ഗൃഹത്തില്‍ സംജാതമായി. അതേത്തുടര്‍ന്ന്, വളരെക്കാലത്തിനു ശേഷം സ്വന്തമായി, പരസ്സഹായമില്ലാതെ, ചായയിടേണ്ടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി.

പല പാചക സൈറ്റുകളും/ബ്ലോഗുകളും കയറിയിറങ്ങിയെങ്കിലും നല്ല ചായ പോയിട്ട്, വെറും ചായ പോലും (വെറുഞ്ചായയല്ല. നമ്മുടെ നാട്ടില്‍ കട്ടന്‍ ചായയ്ക്ക് വെറുഞ്ചായ എന്ന് പറയാറുണ്ട്) ഉണ്ടാക്കുന്നതെങ്ങനെ എന്ന് കണ്ടെത്താനായില്ല. പല പാചകക്കാരും ചായയിടല്‍ അത്ര വലിയ കാര്യമാണെന്ന് കരുതിയിട്ടില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

ചായയുണ്ടാക്കാനറിയാത്തവര്‍ക്ക് ഇനി നിരാശരാവേണ്ട കാര്യമില്ല. ‘മിനി സ്ക്രീനില്‍ ആദ്യമായി ഇതാ’ എന്നൊക്കെ ചില ചാനലുകാര്‍ അലറും പോലെ, ‘ബ്ലോഗില്‍ ആദ്യമായി’ ഇതാ ചായയുടെ പാചകക്രമം പ്രസിദ്ധീകരിക്കുന്നു. ഭാവി തലമുറ പറയാനിരിക്കുന്ന അസംഖ്യം നന്ദികള്‍ ഞാന്‍ വിനയാന്വിതനായി ഏറ്റുവാങ്ങുകയാണ്.

പച്ചവെള്ളമൊരരത്തുടം പതിയെ വച്ചു തീയടിയിലിട്ടു, പി-
ന്നൊച്ചയോടതു തിളച്ചിടുമ്പൊഴതിലിറ്റു തേയില പകര്‍ത്തണം,
മെച്ചമാം പുതിയ പാലു, മൊട്ടു രുചികിട്ടുവാന്‍ സിതയൊരല്പവും
സ്വച്ഛമിങ്ങനെ പചിക്ക ചായ, യിനി, യിച്ഛയോടതു കുടിക്കുവിന്‍!


അയ്യേ, ചായയില്‍ ഏലയ്ക്ക ഇടേണ്ടേ എന്നൊക്കെ ചോദിക്കുന്നവരോട്: വേണ്ട. ഏലയ്ക്ക, ഇഞ്ചി തുടങ്ങിയവയിട്ട് എത്രയെത്ര കറികളാണ് നാം ഉണ്ടാക്കി വിടുന്നത്? ചായയെയെങ്കിലും വെറുതേ വിട്ടുകൂടേ?

ശ്ലോകം തിരുത്തി വെടിപ്പാക്കിത്തന്ന ഉമേഷ് മറ്റൊരു ചായക്കാര്യം പറയുകയുണ്ടായി (അതും നല്ല ചായയാണ്, കേട്ടോ!). അതിനാലാണ് ‘ഇന്‍റര്‍നെറ്റില്‍ ആദ്യമായി’ എന്നുപയോഗിക്കാതെ ‘ബ്ലോഗില്‍ ആദ്യമായി’ എന്ന് ഉപയോഗിച്ചിരിക്കുന്നത്.

വൃത്തം: കുസുമമഞ്ജരി.

13 പ്രതികരണങ്ങൾ:

 1. മൂര്‍ത്തി

  എനിക്കൊരു സ്റ്റ്രോങ്ങ് ചായ മധുരം കൂട്ടി....

 2. വക്കാരിമഷ്‌ടാ

  എനിക്കൊരു മീറ്റര്‍...

  ഏലയ്ക്കാ, ജാതിയ്ക്കാ, കോവയ്ക്കാ (രാം മോഹന്റെ പോസ്റ്റോര്‍ത്തു, കോവയ്ക്കായും ചായയുടെ പാലും ഓര്‍ത്തപ്പോള്‍) മുതലായവയൊക്കെയിട്ട് നല്ല ശുദ്ധമായ ചായയെ അലമ്പാക്കുന്നവരോട് എനിക്കും യോജിപ്പില്ല. ചായ എന്ന് പറഞ്ഞാല്‍ വെള്ളം, പാല്, തേയില, പഞ്ചസാര. നതിംഗ് മോര്‍, നതിംഗ് ലെസ്.

  ചായയുണ്ടോ സഖാവേ ഒരു ഗ്ലാസ്സ് കാപ്പിയെടുക്കാന്‍...

 3. ദിവ (എമ്മാനുവല്‍)

  ‘ചായയെയെങ്കിലും വെറുതേ വിട്ടുകൂടേ‘ എന്ന് പാചകികളും ചിന്തിച്ചിരിക്കണം.

  ;-)

 4. ശ്രീ

  ചായയെയെങ്കിലും വെറുതേ വിട്ടുകൂടേ?
  കൊള്ളാം.
  :)

 5. സു | Su

  ഒരു ചായ വരട്ടെ എന്നാല്‍...

 6. വേണു venu

  എന്നലൊരു കട്ടന്‍‍ കുടിച്ചിട്ടു തന്നെ.:)

 7. ചൂടുവെള്ളത്തിന്റെ പാചകാക്രമണം

  പച്ചവെള്ളം എത്രയാന്നുവെച്ചാല്, പതിയെ വച്ചു തീയടിയിലിട്ടു, പി-
  ന്നൊച്ചയോടതു തിളച്ചിടുമ്പൊഴതു വാങിവെക്കണം


  :)

 8. അഗ്രജന്‍

  സന്തോഷ്,
  ചായയെയെങ്കിലും വെറുതേ വിട്ടുകൂടേ? :)

  വെറുഞ്ചായയുടെ ശരിയായ രുചി അറിയണമെങ്കില്‍ പഞ്ചസാര ചേര്‍ക്കാതെ കുടിക്കണം...
  സുലൈമാനി (വെറുഞ്ചായ) ഒരിറക്ക് കുടിച്ച് ഷുഗര്‍ ക്യൂബില്‍ നിന്നും ഒരു ചെറിയ കഷ്ണം കടിച്ച് നുണയുന്ന ഇറാനിയന്‍ കുടിക്കല്‍ രുചികരമായി തോന്നിയിട്ടുണ്ട്!

 9. പെരിങ്ങോടന്‍

  ചായയുടെ പരാക്രമം ;) അതോ ചായ ശ്ലോകത്തിന്റെയോ?

 10. ഹരിത്

  ആവശ്യങ്ങള്‍ കണ്ടുപിടിത്തങ്ങളുടെ തന്തമാര്‍ എന്നു ആരാണു പറഞ്ഞതു?

 11. Umesh::ഉമേഷ്

  ഹഹഹ!

  ആ കോഫിമേക്കര്‍ ചോദിച്ചപ്പോള്‍ എടുത്തുകൊടുത്തിരുന്നെങ്കില്‍ ഇങ്ങനെ തന്നെ ചായയിട്ടു കുടിക്കേണ്ട ഗതികേടുണ്ടാവുമായിരുന്നോ സന്തോഷേ? :)

  ചായയെപ്പറ്റി ശ്ലോകം കൂടി കണ്ടോളൂ.

 12. Pramod.KM

  ഇച്ഛയോടതുകുടിച്ചു നേരവുമതിക്രമിച്ചു പുനരുച്ചയായ്
  കാണ്മതില്ലിതുവരേക്കുമൂണു റെഡിയായതില്ലയൊ സഹോദരാ?:)

 13. Pramod.KM

  ഇല്ലയെങ്കിലൊരു ചെമ്പിലല്‍പ്പമെടു പച്ചരി,ഇനിയൊഴിക്കുക
  പച്ചവെള്ളമളവിച്ഛപോല്‍ ത്തിളവരുമ്പൊളെന്നെയറിയിക്കുക:)