Thursday, August 30, 2007

അമ്പട ഞാനേ!

മലയാളി ബ്ലോഗര്‍മാരുടെ എഴുത്തില്‍ ഞാന്‍ എന്ന വാക്കിന്‍റെ അതിപ്രസരം കാണണമെങ്കില്‍ മറ്റെങ്ങും പോകേണ്ട ആവശ്യമില്ല. ഇതാ, ഈയുള്ളവന്‍റെ ബ്ലോഗു തുറന്നുവച്ചു രണ്ടുവരി വായിച്ചാല്‍ മതി! സംസാരത്തിലും എഴുത്തിലും വര്‍ദ്ധിച്ചുവരുന്ന ഈ പ്രവണതയേക്കാള്‍ രസകരമെന്ന് തോന്നിയേക്കാവുന്ന മറ്റൊരു കാര്യമാണ്, പക്ഷേ, ഇവിടെ പ്രതിപാദ്യ വിഷയം.

പണ്ട് ഗോപാലപിള്ള സാറ് പറയാറുണ്ടായിരുന്നപോലെ; കുട്ടികളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്ന ഒരു അഭ്യാസമാണ് ഞാന്‍ നല്‍കാന്‍ പോകുന്നത്. എല്ലാവരും, ശബ്ദമുണ്ടാക്കാതെ ഉത്തരം കണ്ടു പിടിച്ച് ആര്‍ക്കും കാണിച്ചു കൊടുക്കാതെ ഉത്തരപ്പേപ്പറില്‍ എഴുതി പേപ്പര്‍ കമഴ്ത്തി വയ്ക്കുകയും പേന അടച്ചു വയ്ക്കുകയും ചെയ്യുക.

നമുക്കു കണ്ടുപിടിക്കാം:
(പണ്ടുകാലത്തെ മൂന്നാംക്ലാസ് സയന്‍സ് പാഠപുസ്തകത്തോട് കടപ്പാട്.)

൧. സ്വന്തമായി ബ്ലോഗുള്ളവര്‍ എല്ലാവരും അവരവരുടെ ബ്ലോഗ് തുറക്കുക (ബ്ലോഗില്ലാത്തവര്‍ സ്ഥിരം വായിക്കുന്ന ഏതെങ്കിലും നല്ല ബ്ലോഗ് തുറന്നു വയ്ക്കുക)

൨. “ഞാനും” എന്ന വാക്ക് (ഉദ്ധരണി ഉപേക്ഷിച്ച ശേഷം) ആ ബ്ലോഗില്‍ സേര്‍ച് ചെയ്യുക

൩. സേര്‍ച് റിസല്‍റ്റുകള്‍ ഓരോന്നായി പരിശോധിക്കുക

 • ‘ഞാനും’ എന്നത് മറ്റു ആളുകളോടൊപ്പമോ ജീവികളോടൊപ്പമോ അല്ല പ്രയോഗിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ അടുത്ത റിസല്‍റ്റിലേയ്ക്ക് നീങ്ങുക (ഉദാ: അതു തന്നെ ഞാനും ആലോചിച്ചു.)

 • ‘ഞാനും’ എന്ന വാക്കിനുശേഷം, തൊട്ടടുത്ത വാക്കുകളില്‍, മറ്റാരെയെങ്കിലും പറ്റി പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവയുടെ എണ്ണുമെടുക്കുക (ഉദാ: ഞാനും എന്‍റെ സുഹൃത്തും കൂടി അവിടെ പോയി.)

 • ‘ഞാനും’ എന്ന വാക്കിനു മുമ്പ്, തൊട്ടടുത്ത വാക്കുകളില്‍, മറ്റാരെയെങ്കിലും പറ്റി പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവയുടെ എണ്ണവും എടുക്കുക (ഉദാ: അനിയനും ഞാനും കൂടി കളിക്കുകയായിരുന്നു.)

ശരിതെറ്റുകളും പ്രയോഗസാധുതയും

ഞാനും സുഹൃത്തും എന്നു പറയുന്നതും സുഹൃത്തും ഞാനും എന്നു പറയുന്നതും തമ്മില്‍ ഭാഷാപരമായി വ്യത്യാസമൊന്നുമില്ല. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിദേശ/അന്യ ഭാഷകളില്‍ ‘ഞാനും’ എന്നത് അവസാനം പറയുന്നതിനാണ് പ്രയോഗസാധുതയെന്നു മാത്രം (ഉദാ: My friends and I എന്നതാണ് I and my friends എന്നതിനേക്കാള്‍ അംഗീകരിക്കപ്പെട്ട പ്രയോഗം). നിത്യേന നമ്മുടെ ജീവിതത്തില്‍ നിറയുന്ന ഞാനെന്ന ഭാവത്തിന്‍റെ ആധിക്യം വച്ചു നോക്കുമ്പോള്‍, ഇക്കാര്യത്തില്‍ മാത്രം വിദേശിയെ അനുകരിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നുന്നു.

11 പ്രതികരണങ്ങൾ:

 1. വക്കാരിമഷ്‌ടാ

  കുത്തിയിരുന്ന് ചെക്ക് ചെയ്തു.

  ഞാനും സുഹൃത്തും - 1

  ലെവനും ഞാനും, ബ്ലോഗും ഞാനും, അവനും ഞാനും - 3

  പിന്നെ മൊത്തം “ഞാന്‍“ മാത്രം. തനി സ്വാര്‍ത്ഥന്‍ :)

  (“ഞാന്‍” എന്ന ബ്ലോഗര്‍ക്ക് സമര്‍പ്പണം)

  പണ്ട് കുത്ത് മൂന്നില്‍ കൂടുതല്‍ പാടില്ല എന്ന് സന്തോഷ് പറഞ്ഞതില്‍ പിന്നെ അറിയാതെ പോലും മൂന്നില്‍ കൂടുതല്‍ കുത്തിയിട്ടില്ല. നാലാം കുത്ത് മിക്കവാറും നെഞ്ചത്ത് തന്നെ. നല്ല അനുസരണയാണ് :)

 2. SHAN ALPY

  നന്‍മകള്‍ നേരുന്നു

 3. സന്തോഷ്

  ഞാനും എന്റെ പ്രിയസുഹൃത്തും എന്നത് വിട്ടു പോയോ വക്കാരീ? എന്നാലും മോശമില്ല: 3-2-ന് പരീക്ഷ വിജയിച്ചല്ലോ:)

 4. ബിരിയാണിക്കുട്ടി

  ഞാനും കുത്തിയിരുന്നു നോക്കി. ഭയങ്കര “ഞാനി” ആണീ ഞാനെന്നു മനസ്സിലായി.

  ഞാനും* -6
  *ഞാനും - പൂജ്യം

  ഇനി നന്നായിക്കോളാം. :)

 5. Umesh::ഉമേഷ്

  രണ്ടിനെതിരേ നാലു വോട്ടോടെ ഞാന്‍ മുന്നില്‍.

  ഒരു തവണ ഞാന്‍ പുറകിലായതല്ല. ഭര്‍ത്തൃഹരി ആക്കിയതാണു്.

  [ആക്കല്ലേ, ഭര്‍ത്തൃഹരീ...]

 6. രജീഷ് || നമ്പ്യാര്‍

  The Pursuit of Happyness എന്നൊരു സിനിമ ഇറങ്ങിയിരുന്നു - 'y' എന്നുള്ളത് കളര്‍ മാറ്റിയിട്ട്. 'i' ബോധപൂര്‍വം ഒഴിവാക്കിയതാണത്രെ.
  അതു പോലെ തന്നെ കുറച്ച് മുമ്പ് Times of India എഡിറ്റോറിയല്‍ പേജില്‍ എഴുതുന്ന ആള്‍ക്കാര്‍ മുഴുവന്‍ 'I' പ്രയോഗിക്കേണ്ടടത്തെല്ലാം 'i' ഉപയോഗിച്ച് ലേഖനമെഴുതിയിരുന്നു.

  ജീവന്‍ അഹംകാരമുക്തമാവുമ്പോള്‍ പ്രജ്ഞ ഉണരും, അല്ലെ?

 7. വക്കാരിമഷ്‌ടാ

  സന്തോഷേ, അപ്പോള്‍ എന്റെ ഉത്തരാസ്വയംവരക്കടലാസിലെ ഓരോ അരിമണിയും അരിച്ച് പെറുക്കിയോ? :)

  രജീഷ് നമ്പ്യാരുടെ കമന്റ് കണ്ടപ്പോള്‍ നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ഒരു പരസ്യം ഓര്‍മ്മ വന്നു. യൂറോപ്പിലെ ഒരു സ്കോളര്‍‌ഷിപ്പുമായി ബന്ധപ്പെട്ട്:

  E__ope

  What's missing?

 8. ഡാലി

  രണ്ടിനെതിരെ പൂജ്യത്തില്‍ പരീക്ഷ തോറ്റു. ഞാന്‍ എന്ന ഭാവം കണ്ട് ഞാന്‍ തന്നെ ഞെട്ടി. ഇനി ഞാന്‍ ‘ഞാന്‍ ‘ എന്നിടത്തെല്ലാം ഈ ലേഖിക എന്നെഴുതണമ്മല്ലോ.

  കുത്ത് രണ്ടില്‍ കൂടുതല്‍ ഇടാന്‍ വക്കാരിടെ പോലെ എനിക്കും പേടിയാണ്. ഇപ്പോ 'ഞാന്‍' പേടിയും.

 9. സു | Su

  ഇത് ഞാന്‍ കണ്ടിരുന്നില്ല. അമ്പട ഞാനേ എന്ന് പറഞ്ഞത് ഇതായിരുന്നു അല്ലേ?

 10. reanuka

  thank u... i am a +2 student(wayanad) so i don't have no more time.i try to make it correctly.eaniyum varanam...

 11. Glocalindia

  അത് കലക്കി! ആരും ഈ ക്രമം അത്ര കാര്യമാക്കാറില്ല. എന്നാല്‍ കാര്യമാക്കുന്ന ആളുകള്‍ക്ക് ശരിയായ ക്രമം കണ്ടില്ലെങ്കില്‍ കല്ലുകടി അനുഭവപ്പെടും. ഇടക്കിടയുള്ള “ഞാന്‍” പ്രയോഗങ്ങള്‍, ആവശ്യമില്ലാത്ത കര്‍മ്മണി പ്രയോഗം, തൊട്ടതിനും പിടിച്ചതിനും ആണ്‍ പ്രയോഗങ്ങള്‍* തുടങ്ങിയവയൊക്കെ ഒഴിവാക്കുന്നതാണ് ഇനിവരുന്ന കാലഘട്ടത്തിന് നല്ലതെന്ന് തോന്നുന്നു.

  *അവനവന്‍, ലേഖകന്‍ ഇവയ്ക്കൊക്കെ പകരമായി അവരവര്‍, രചയിതാവ് എന്നൊക്കെ ഉപയോഗിക്കാവുന്നതേയുള്ളൂ.

  - “ഞാന്‍ കരുതുന്നു” അല്ലെങ്കില്‍ “എനിക്ക് തോന്നുന്നു” എന്നല്ലല്ലോ ഞാന്‍ എഴുതിയിരിക്കുന്നതെന്ന് ഒരുവട്ടം കൂടി നോക്കട്ടെ! -

  ബെന്നി