ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, August 16, 2007

പെണ്‍‍വാക്കു കേട്ടാല്‍

‘പൊടി പിടിച്ചിരിക്കുന്ന ആ കോഫീ മേക്കര്‍ ഒന്നെടുത്തു തരുമോ?’

വാരാന്ത്യത്തില്‍ പതിവില്ലാതെ നേരത്തേ ഉറക്കമുണര്‍ന്ന്, രാവിലെ എഴുന്നേറ്റിട്ട് എന്തു ചെയ്യുമെന്നറിയാതെ വിഷണ്ണനായിരുന്ന എന്നോട് നല്ലപാതി ചോദിച്ചു. പാത്രം കഴുകിത്തരുമോ, തുണി അടുക്കി വയ്ക്കാന്‍ സഹായിക്കുമോ, വാക്വം ചെയ്യാമോ എന്നീ കര്‍മ്മങ്ങളെ വച്ചു നോക്കുമ്പോള്‍ തുലോം അധ്വാനം കുറഞ്ഞതാണെങ്കിലും ഒരു കാരണവുമില്ലാതെ അല്പം പോലും എനര്‍ജി പാഴാക്കുന്നതില്‍ താല്പര്യമില്ലാത്ത ഞാന്‍ ചോദിച്ചു:

‘അതിന് നീ കാപ്പി കുടിക്കാറില്ലല്ലോ!’
‘ഞാന്‍ കല്യാണത്തിനു മുമ്പ് കാപ്പിയേ കുടിച്ചിട്ടുള്ളൂ. എന്‍റെ വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ ചായയല്ല, കാപ്പിയാണ് കുടിക്കുന്നത് എന്നത് ശ്രദ്ധിച്ചിട്ടില്ലേ?’
‘ഇല്ല.’

ഇനി ഈ സംഭാഷണം അധികം നീണ്ടു പോകുന്നത് പന്തിയല്ല എന്നറിയാവുന്നതിനാല്‍ ഞാന്‍ സേവന സന്നദ്ധനായി. ഭാര്യയ്ക്ക് എന്തോ വലിയ ഉപകാരം ചെയ്യാന്‍ പോകുന്നു എന്ന ഭാവം അറിയാതെ എന്‍റെ മുഖത്തു കാണാറായി. അപ്പോഴാണ് വളരെ പ്രസക്തമായ മറ്റൊരു ചോദ്യം പൊന്തിവന്നത്:

‘അല്ലാ, എന്തിനാ കോഫീ മേയ്ക്കറില്‍ കോഫി ഉണ്ടാക്കുന്നത്? ചായയുണ്ടാക്കുന്നതുപോലെ, ആ ചായപ്പാത്രത്തില്‍ ഉണ്ടാക്കിയാല്‍ പോരേ?’
‘വെറുതേ എന്തിനാ ഗ്യാസിന് കാശുകളയുന്നത്? ഇവിടെ ഇലക്ട്രിസിറ്റിക്കല്ലേ വിലക്കുറവ്? അതുകൊണ്ട് കോഫീ മേക്കര്‍ തന്നെ നല്ലത്.’

ഞാന്‍ ഞെട്ടി. വീട്ടു സാധനങ്ങളുടെ വിലയെപ്പറ്റി യാതൊരൈഡിയയുമില്ലാതിരുന്ന ശ്രീമതി തന്നെയാണോ ഈ സംസാരിക്കുന്നത്? കഴിഞ്ഞ വീക്കെന്‍ഡില്‍ ‘വിനോദയാത്ര’ കണ്ടതിന്‍റെ ഫലം ഇത്ര വേഗം കണ്ടു തുടങ്ങിയെന്നോ?

‘മാത്രവുമല്ല, അന്നൊരിക്കല്‍ വാങ്ങിയ ഫില്‍ട്ടര്‍ പേപ്പര്‍ പാഴാക്കാതെ ഉപയോഗിക്കുകയും ചെയ്യാം!’

ഇന്നു തന്നെ പോയി ഫില്‍റ്റര്‍ പേപ്പര്‍ വാങ്ങേണ്ട എന്നു വന്നതോടെ എന്‍റെ എതിര്‍പ്പിന് വീണ്ടും ബലമില്ലാതായി. ഞാന്‍ വീണ്ടും സേവന സന്നദ്ധനായി. ഭാര്യയ്ക്ക് എന്തോ വലിയ ഉപകാരം ചെയ്യാന്‍ പോകുന്നു എന്ന ഭാവം വീണ്ടും എന്‍റെ മുഖത്തു കാണാറായി.

ഗരാജിന്‍റെ ഭിത്തിയില്‍ ഞാന്‍ തന്നെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി സ്ഥാപിച്ച സ്റ്റോറേയ്ജ് തട്ടുകളുടെ ഏറ്റവും മുകളിലെത്തട്ടില്‍, ഇനി ഒരിക്കലും എടുക്കാന്‍ സാധ്യതയില്ലാത്തതും എന്നാല്‍ വലിച്ചെറിഞ്ഞുകളയാന്‍ തീരെ താല്പര്യമില്ലാത്തതുമായ ചവറുകളുടെ കൂട്ടത്തിലാണ് ബാച്ചിലര്‍ ലൈഫിന്‍റെ ബാക്കിപത്രമായ ആ കോഫീ മേയ്ക്കര്‍ ഇരിക്കുന്നത്. അതെടുത്ത് പൊടിതട്ടി, കഴുകിയെടുക്കുന്നത് ആനക്കാര്യമൊന്നുമല്ലെങ്കിലും അത്ര നിസ്സാരകാര്യമാണെന്ന് ഭാര്യയ്ക്ക് തോന്നാന്‍ പാടില്ല. അങ്ങനെയായാല്‍ ഇടയ്ക്കിടെ,‘ദേ, ഈ ഉരുളി എടുത്ത് ഏറ്റവും മുകള്‍ത്തട്ടില്‍ ഒന്നു വയ്ക്കാമോ?’ എന്ന് ആവശ്യപ്പെടുന്നേരം, ‘ങേ, ഏറ്റവും മുകള്‍ത്തട്ടിലോ? അതിനിനി കാര്‍ ഗരാജില്‍ നിന്നും പുറത്തിറക്കണം, ഏണി ചാരണം. ഒന്നാമതേ ആ ഏണിക്ക് ഒരു വളവുണ്ട്, ഇനി ഞാന്‍ കേറുമ്പോഴായിരുക്കും എല്ലാം കൂടി ഒടിഞ്ഞു വീഴുന്നത്. പിന്നെ ഉരുളിയെങ്ങാനും ഉരുണ്ട് താഴെ വീണാല്‍ പിന്നെ അതും പുലിവാല്’ എന്നു പറഞ്ഞ് തടി തപ്പാന്‍ നോക്കുമ്പോള്‍, ‘ഓ, ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഇന്നാള് എത്ര കൂള്‍ കൂളായിട്ടാണ് മുകളിലത്തെ തട്ടില്‍ നിന്നും കോഫീ മേക്കര്‍ എടുത്തത്’ എന്നെങ്ങാനും പറഞ്ഞാല്‍ കഴിഞ്ഞില്ലേ കഥ!

ആയതിനാല്‍, ‘ഏതു നിസ്സാര കാര്യം ചെയ്യുമ്പോഴും വിശദമായി ഒരുങ്ങുക. ശടപടേ ചെയ്തു തീര്‍ക്കാവുന്ന കാര്യമാണെന്ന ധാരണ ഭാര്യയുടെ മനസ്സില്‍ നിന്നു പാടേ അകറ്റുക’ എന്ന് ഭാര്യാസഹോദരന്‍ ഉപദേശിച്ചുതന്ന മന്ത്രം അനുസരിച്ച്,

‘കാറിന്‍റെ കീ എന്ത്യേ?’ എന്ന ചോദ്യത്തില്‍ ഞാന്‍ ആരംഭിച്ചു.
‘എന്നും വയ്ക്കുന്നിടത്തുണ്ട്’
‘അവിടെ കണ്ടില്ലല്ലോ. നീ അതെങ്ങാനും എടുത്ത് മോന് കളിക്കാന്‍ കൊടുത്തോ?’
‘കാറിന്‍റെ കീയെടുത്ത് കളിക്കാന്‍ കൊടുക്കാന്‍ എനിക്ക് വട്ടുണ്ടോ?’
‘അറിയില്ല!’

കാറിന്‍റെ കീ കിട്ടി. കാറെടുത്ത് ഗരാജിന് വെളിയിലിട്ടു. കാറിലെ സിഡി, കസെറ്റ് തുടങ്ങിയ മാറ്റുക, എയര്‍ ഫ്രഷ്നര്‍ പുതുക്കുക, കാര്‍ വാക്വം ചെയ്യുക എന്നിങ്ങനെ മുന്‍‍ദിവസങ്ങളില്‍ മാറ്റിവച്ച വല്ല പണിയുമുണ്ടെങ്കില്‍ അത് ഇപ്പോള്‍ ചെയ്യുന്നത് ഉചിതമായിരിക്കും. അതുമൂലം കോഫീ മേയ്ക്കര്‍ എടുക്കുന്നത് പരമാവധി വൈകിക്കാന്‍ പറ്റും. നിങ്ങളുടെ ഭാര്യ, ‘ഇതൊക്കെ പിന്നെച്ചെയ്തൂടെ മനുഷ്യാ’ എന്നു പറഞ്ഞ് പിന്നാലേ വരുന്ന റ്റൈപ്പാണെങ്കില്‍ വണ്ടിയുടെ ഓണേഴ്സ് മാനുവല്‍ വായിക്കുന്നതാണ് ഉചിതം. മുകളില്‍ പറഞ്ഞ ചോദ്യം കേള്‍ക്കുന്നതും നിങ്ങള്‍ക്ക് ‘എടീ, നമ്മുടെ കാറിന്‍റെ ഡാഷ് ബോഡില്‍ ഒരു മഞ്ഞ ലൈറ്റ് കത്തുന്നു, അത് എന്താണെന്ന് വായിച്ചു നോക്കുവാ, എഞ്ചിനു വല്ല കുഴപ്പവുമുണ്ടോ ആവോ’ എന്നു പറഞ്ഞു തടിതപ്പാം.

പിന്‍ സീറ്റിനിടയില്‍ നിലത്തു തൂവിയിട്ടിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ മാറ്റി അവിടം ആവാസയോഗ്യമാക്കാനാണ് ഞാന്‍ തീരുമാനിച്ചത്. കൊടുക്കുന്ന ഭക്ഷണം കളയാതെ കഴിക്കാന്‍ മൂന്നുവയസ്സുകാരന്‍ മകന് ഇനിയും അറിയില്ല എന്നത് ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഭാര്യ അതേറ്റുപിടിച്ച് ഒരു ഇഷ്യൂ ആക്കാത്തത് എന്നില്‍ നിരാശ ഉളവാക്കാതിരുന്നില്ല. നോക്കൂ, ഇത് റ്റൈം വേയ്സ്റ്റിംഗ് റ്റെക്നീക്കുകളില്‍ ഒന്നു മാത്രം. നിങ്ങളുടെ ഭാവനയ്ക്കും സന്ദര്‍ഭത്തിനുമനുസരിച്ച് ഏതുവിഷയം വേണമെങ്കിലും ഇവിടെ അവതരിപ്പിച്ച്, ഭാര്യയെക്കൊണ്ട് അതേറ്റു പിടിപ്പിച്ച്, സമയം കളയാവുന്നതാണ്.

അടുത്തപടിയായി, കാലിലിട്ടിരുന്ന സ്ലിപ് ഓണ്‍ ചെരുപ്പ് മാറ്റി, ഷൂസ് ഇട്ടു. എന്തിനാണെന്ന് ഭാര്യ ചോദിക്കില്ല. ഇതിന്‍റെ കാരണം അവള്‍ ഒരു പതിനായിരം തവണം ഇതിനോടകം കേട്ടിട്ടുണ്ടല്ലോ. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ അതു ഒന്നുകൂടി പറയാം. ഉയരമുള്ള എവിടെ വലിഞ്ഞു കയറുമ്പോഴും കയ്യിലോ കാലിലോ ഊരി തെറിച്ചു പോകാവുന്ന ഒരു ഉപകരണവും ഉപയോഗിക്കരുതെന്ന് കോളജില്‍ നിന്നും നേയ്ചര്‍ ക്യാമ്പിന് (മലകയറാന്‍) പോയപ്പോള്‍ നമ്മുടെ ഗൈഡ് പറഞ്ഞിട്ടുണ്ടായിരുന്നു. അത് വകവയ്ക്കാതെ മലകയറിയ ജോമിയുടെ ഹാന്‍ഡ്ബാഗ് ഇലവീഴാപ്പൂഞ്ചിറയിലെ ഏതോ ഒരു ഗര്‍ത്തത്തിലൊളിച്ചു. പിന്നീടൊരിക്കല്‍, ബോബിയുടെ പുതിയ ബാറ്റാ ചെരുപ്പ് (വലതുകാലിലിടുന്നത്) മീന്മുട്ടിയില്‍ വച്ചു നഷ്ടപ്പെട്ടു. ഈ സംഭവം കഴിഞ്ഞതുമുതല്‍ കയ്യില്‍ കത്തി, സ്ക്രൂ ഡ്രൈവര്‍ എന്നിവയുമായോ, കാലില്‍ സ്ലിപ് ഓണ്‍ ചെരുപ്പുമായോ ഞാന്‍ ഏണിയിലോ, സ്റ്റെപ്പിംഗ് സ്റ്റൂളിലോ, മേശമേലോ കയറാറില്ല.

ഏണി ചാരി സ്റ്റോറേയ്ജ് തട്ടുകളുടെ മുകളിലുള്ള നിലയില്‍ നിന്നും അതിസൂക്ഷ്മമായി കോഫീ മേയ്ക്കറെ പുറത്തിറക്കുകയാണല്ലോ നമ്മുടെ പ്രഖ്യാപിത ലക്ഷ്യം. അതിനു തടസ്സങ്ങള്‍ പലതാണ്. ഒന്നാമതായി, വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ആദ്യമായി വാങ്ങിയ കമ്പ്യൂട്ടറിന്‍റെ അസ്ഥിപഞ്ജരം ഈ മുകള്‍ത്തട്ടിലാണ് പൊടിപിടിച്ചിരിക്കുന്നത്. അതു കളയാന്‍ വാമഭാഗം പലതവണ പ്രമേയം പാസാക്കിയതാണെങ്കിലും കടിഞ്ഞൂല്‍ക്കിടാവിനെ അങ്ങനെ കളയുവതെങ്ങനെ? ജീവിതത്തിലെ എത്രയെത്ര സുന്ദരസുരഭില മുഹൂര്‍ത്തങ്ങള്‍ക്ക് അവന്‍ സാക്ഷിയായില്ല! (കൂടുതല്‍ പറയുന്നില്ല.) ഇനി, കമ്പ്യൂട്ടര്‍ ചട്ടക്കൂടിനെ മാറ്റിയെന്നു തന്നെ വയ്ക്കുക. പിന്നെയുമുണ്ട് കടമ്പകള്‍. അമേരിക്കന്‍ ഐക്യനാടുകളില്‍ കാല്‍കുത്തിയതുമുതല്‍ നാളിതുവരെ വിവിധ ഇലക്ട്രോണിക്സ് കടകളില്‍ കയറിയിറങ്ങിയതിന്‍റെ പാര്‍ശ്വഫലമായി എങ്ങനെയോ ‘കൈവന്ന’ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ ചെറുകളിപ്പാട്ടങ്ങള്‍, വൈദ്യുതക്കമ്പിയിലൂടെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രം, പ്രവര്‍ത്തനം നിലച്ച പോക്കറ്റ് റേഡിയോകള്‍, എഴുപത്തേഴിനം വിഡിയോ കേബിളുകള്‍, അല്ലറചില്ലറ കണക്റ്ററുകള്‍ എന്നിവയടങ്ങിയ പെട്ടി ഭാരമേറിയതാണ്. ഇനി അതും എടുത്തുമാറ്റിയാല്‍, കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി കമ്പനി തരുന്ന കുഞ്ഞുകുഞ്ഞു ഉപഹാരങ്ങള്‍ നിറച്ച അധികം ഭാരമില്ലാത്ത ഒരു പെട്ടികൂടി മാറ്റിയാല്‍ കോഫീ മേയ്ക്കറിനെ മോചിതയാക്കാം.

മാര്‍ഗ്ഗതടസ്സമായി നിന്നവയെയൊക്കെ ഒന്നൊന്നായി എടുത്ത് താഴെയിറക്കി വച്ചിട്ടുവേണം, കോഫി മേയ്ക്കര്‍ എടുക്കാന്‍. അതിനും വേണമല്ലോ ഭാര്യാസഹായം. ഓരോ തവണയും എടുത്തുമാറ്റേണ്ട വസ്തുവുമായി കോണിയിറങ്ങിവന്ന് ആ വസ്തു (പെട്ടിയായാലും കമ്പ്യൂട്ടറിന്‍റെ അസ്ഥിപഞ്ജരമായാലും) നിലത്ത് ഒതുക്കിവച്ച് വീണ്ടും കോണികയറി ഈ ക്രിയ ആവര്‍ത്തിക്കുന്നതിനാല്‍ എത്രയോ പ്രായോഗികമാണ് ‘എടിയേ!’ എന്ന് വിളിച്ച് ഭാര്യാസഹായം തേടുന്നത്.

‘എടിയേ,’ ഞാന്‍ വിളിച്ചു.

എന്തൊക്കെയോ മുറുമുറുത്തുകൊണ്ട് ഭാര്യ രംഗത്തെത്തി.

‘ഞാന്‍ ഓരോരോ സാധനങ്ങളായി എടുത്തുതരും. നീ അത് നിലത്ത് ഒതുക്കി വയ്ക്കണം. ഈ മുന്നിലിരിക്കുന്ന പെട്ടികള്‍ മാറ്റിയാലേ കോഫീ മേയ്ക്കര്‍ എടുക്കാന്‍ പറ്റൂ.’
‘ഞാന്‍ ഇതും പിടിച്ചു നിന്നാല്‍ പറ്റില്ല. എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്.’
‘ഇതും പിടിച്ച് നില്‍ക്കണ്ട. ഞാന്‍ തരുന്നതിനെ തറയിലേയ്ക്ക് വച്ചാല്‍ മതി. നിനക്ക് കോഫീ മേയ്ക്കര്‍ എടുക്കണോ വേണ്ടേ?’

കോഫീ മേയ്ക്കര്‍ എടുക്കണമെന്നത് അവളുടെ ആവശ്യമായതിനാല്‍ ഞാന്‍ താഴേയ്ക്കെടുത്തു കൊടുത്ത വസ്തുക്കള്‍ ഒന്നൊന്നായി ഭാര്യ നിലത്തു വയ്ക്കാന്‍ സഹായിച്ചു.

‘ഇനി ഇത് തിരിച്ചു വയ്ക്കാനും എന്‍റെ സഹായം വേണ്ടി വരുമല്ലോ, അല്ലേ?’
‘പിന്നല്ലാതെ നിന്‍റെ ഉപ്പാപ്പന്‍ വന്നു സഹായിക്കുമോ?’

ഉപ്പാപ്പന്‍ ഒരു സാങ്കല്പിക കഥാപാത്രമാണ്. ഭാര്യയ്ക്കും എനിക്കും ഉപ്പാപ്പന്മാരില്ല. എന്നാല്‍ ജനിപ്പിച്ച് വിട്ടവരെയോ അവരുടെ മാതാപിതാക്കളെയോ ഇങ്ങനെയുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ സംബോധന ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സാക്ഷിക്കുത്തു തോന്നാതെ വിളിക്കാന്‍ ഞങ്ങള്‍ കണ്ടെത്തിയ പദമാണ് ഉപ്പാപ്പന്‍. അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഇരുവര്‍ക്കും കാര്യം പിടി കിട്ടുന്നു, എന്നാല്‍ വീട്ടുകാരെ ആക്ഷേപിച്ച വ്യസനമൊഴിവാക്കുകയും ചെയ്യാം, എപ്പടി?

കരികാറുമാറി ചന്ദ്രിക തളിയുന്നതുപോലെ, ചുറ്റുമുണ്ടായിരുന്ന അനാവശ്യ വസ്തുക്കള്‍ മാറിയതോടെ കോഫീ മേയ്ക്കര്‍ ഏതാണ്ട് പൂര്‍ണ്ണമായും ദൃഷ്ടിയില്‍പ്പെട്ടു. രണ്ടുകയ്യാലേ കോഫീ മേയ്ക്കറെടുത്ത്, അതീവ ശ്രദ്ധയോടെ ഞാന്‍ ഏണിയില്‍ക്കൂടി താഴേയ്ക്കിറങ്ങിത്തുടങ്ങി.

പെട്ടെന്നാണത് സംഭവിച്ചത്. ഏണി അനങ്ങിത്തുടങ്ങുന്നു!

കാര്യവും, കാരണവും, അങ്ങനെയല്ല ഇങ്ങനെയാണ് ചെയ്യേണ്ടിയിരുന്നത് എന്ന വിശകലനവും ഒക്കെക്കഴിഞ്ഞ് കോഫീ മേയ്ക്കറും അതു വീണപ്പോള്‍ ഒപ്പം താഴെ വീണുപോകാതിരിക്കാന്‍ സ്റ്റോറേയ്ജ് തട്ടുകളിലൊന്നില്‍ കയറിപ്പിടിച്ചതിന്‍റെ ഫലമായി തകര്‍ന്നുവീണ തട്ടും തട്ടിനൊപ്പം വീണുപോയ തട്ടിലിരുന്ന മറ്റു സാധനങ്ങളും ഇവയെല്ലാം വന്നു വീണതു കാരണം പൊട്ടിത്തകര്‍ന്നു പോയ ഒന്നാം തരം ഡിന്നര്‍ സെറ്റും, നാലു വൈന്‍ ഗ്ലാസുകളും വരുത്തിവച്ച കോലാഹലമൊക്കെ പെറുക്കി മാറ്റി നടുവൊന്നു നിവര്‍ത്തിയപ്പോഴാണ്, ‘അല്ലെങ്കിലും കാപ്പിയൊന്നും ഉണ്ടാക്കാന്‍ എനിക്ക് പ്ലാനില്ലായിരുന്നു’ എന്ന പ്രസ്താവന കുളിര്‍കാറ്റുപോലെ എന്നെത്തഴുകി കടന്നുപോയത്.

Labels: ,

22 Comments:

  1. Blogger G.MANU Wrote:

    kunju kunju viseshangal...kollam

    August 16, 2007 10:33 PM  
  2. Blogger വേണു venu Wrote:

    രസകരമായി വീശേഷങ്ങള്‍‍ എഴുതിയിരിക്കുന്നു.:)

    August 17, 2007 2:08 AM  
  3. Blogger സു | Su Wrote:

    വിജ്ഞാനപ്രദമായ പോസ്റ്റ്. ഹിഹിഹി.

    എന്തെങ്കിലും ജോലി ഏല്‍പ്പിച്ചാല്‍, മെല്ലെ മെല്ലെ എടുക്കുന്നത്, അതു തീര്‍ന്നാല്‍ ഇനിയൊരു ജോലിയും കൂടെ എടുക്കേണ്ടിവരുമോന്ന് വിചാരിച്ചാണെന്നാണ് ഞാന്‍ കരുതിയത്.

    August 17, 2007 2:52 AM  
  4. Blogger ഉറുമ്പ്‌ /ANT Wrote:

    കര്‍ത്താവ്‌ പണ്ട് എന്റെ ഒരു വാരിയെല്ല്‌ അടിച്ചു മാറ്റി ഉണ്ടാക്കിയ ജന്മമാണ്‌ ഈ സ്ഥാനത്തെങ്കില്‍, ആ പൊട്ടിയ ഡിന്നര്‍ സെറ്റിനു പകരം കാറുതന്നെ തന്നെ തകര്‍ത്തേനെ.! അതുകൊണ്ട് ഇത്തരം അവസരങ്ങളില്‍ ഉറക്കം നടിച്ചു കിടക്കുന്നതാണ്‌ കൂടുതല്‍ നന്ന്‌.
    പൊട്ടിയത്‌ ഡിന്നര്‍സെറ്റാണെങ്കിലും കാശ് എന്റെതല്ലേ!

    August 17, 2007 3:49 AM  
  5. Blogger സഹയാത്രികന്‍ Wrote:

    ഹി...ഹി...ഹി... സൂ ചേച്ചി പറഞ്ഞ പോലെ വിജ്ഞാനപ്രദം തന്നെ... വരും കാലങ്ങളില്‍ ഞങ്ങളേപ്പോലുള്ളവര്‍ക്ക് ഉപകരിച്ചേക്കാം.....

    August 17, 2007 5:20 AM  
  6. Blogger ബിന്ദു Wrote:

    മടിയന്‍ മലചുമക്കും എന്നു പണ്ടാരോ പറഞ്ഞതു ഇതുപോലെ വല്ലതും സംഭവിച്ചപ്പോഴായിരിക്കുമല്ലേ?

    August 17, 2007 6:19 AM  
  7. Blogger Satheesh Wrote:

    ഹഹഹ!!!
    കുറെ പഠിക്കാനുണ്ടല്ലോ ഈ പോസ്റ്റില്‍! :)

    August 17, 2007 8:10 AM  
  8. Blogger ശ്രീ Wrote:

    :)

    August 17, 2007 9:54 AM  
  9. Blogger K.V Manikantan Wrote:

    :):):):)

    August 17, 2007 10:45 AM  
  10. Blogger ബാജി ഓടംവേലി Wrote:

    നല്ല വിവരണം

    August 17, 2007 11:23 AM  
  11. Blogger ദിവാസ്വപ്നം Wrote:

    :-)

    അടിസ്ഥാനപരമായി, വാരാന്ത്യത്തില്‍ നേരത്തേ എഴുനേല്‍ക്കാതിരിക്കുക എന്നൊരു പരിഹാരമേ ഇതിനു കാണുന്നുള്ളൂ. താമസിച്ചെണീറ്റ് അധികം വൈകാതെ, എവിടെയെങ്കിലും പുറത്ത് ചുറ്റിക്കറങ്ങാന്‍ കൊണ്ടുപോകുകയാണ് മറ്റൊരു പോംവഴി.

    എന്നാലും, പോസ്റ്റിലെ ടിപ്സിന് വളരെ നന്ദി; ഉപകാരപ്പെടും.

    August 17, 2007 12:40 PM  
  12. Blogger myexperimentsandme Wrote:

    സംഭവം വായിച്ച് വായിച്ച് വായിച്ച് വന്ന് ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കളിമാക്സ് തന്ന രസമാണോ ഒരാള്‍ നടുവും തല്ലി വീണു എന്നറിയുമ്പോള്‍ കിട്ടുന്ന തികച്ചും മനുഷ്യസഹജമായ, നിഷ്‌കളങ്കമായ, കളങ്കമൊട്ടുമില്ലാത്ത സന്തോഷമാണോ ഏതാണ് മുന്നിട്ട് നില്‍‌ക്കുന്നതെന്നറിയില്ല, നല്ലവണ്ണം രസിച്ചു (രണ്ടാമത്തേതാവാനാണ് കൂടുതല്‍ സാധ്യത) :)

    August 17, 2007 1:54 PM  
  13. Blogger സാരംഗി Wrote:

    ‘അല്ലെങ്കിലും കാപ്പിയൊന്നും ഉണ്ടാക്കാന്‍ എനിക്ക് പ്ലാനില്ലായിരുന്നു’

    ഇതുവായിച്ചാണ്‌ ഏറെ ചിരിച്ചത് സന്തോഷെ.

    August 17, 2007 6:46 PM  
  14. Blogger ദേവന്‍ Wrote:

    വീണിട്ട് ഒന്നും പറ്റിയില്ലേ? മോശം മോശം. ആ സ്വാര്‍ത്ഥനെ കണ്ട് പഠിക്കൂ.

    August 18, 2007 1:45 AM  
  15. Blogger Areekkodan | അരീക്കോടന്‍ Wrote:

    ഹഹഹ!!!
    ഇഷ്ടായി...

    August 18, 2007 2:38 AM  
  16. Blogger ജ്യോതിര്‍മയി /ज्योतिर्मयी Wrote:

    സന്തോഷായീ...

    പെണ്‍വാക്കു കേട്ടാലിങ്ങനെ... അപ്പൊ കേട്ടില്ലാരുന്നെങ്കിലോ?
    ഹേയ്, പറഞ്ഞുബുദ്ധിമുട്ടണ്ട...ബ്ലോഗിന്റെ തലക്കെട്ടുവായിച്ചോളാം:)

    വെറുതെയല്ല... ഇങ്ങനെ നാഴികയ്ക്കു മുപ്പത്തഞ്ചുവട്ടം “ശേഷം ചിന്ത്യം...ശേഷം ചിന്ത്യം” എന്നുരുവിട്ടുകൊണ്ടിരിക്കുന്നതല്ലേ!

    എല്ലാ കള്ളന്മാരും കണക്കാ...

    August 18, 2007 3:09 AM  
  17. Blogger ഡാലി Wrote:

    ഹ ഹ ഹ വീണിതല്ലോ കിടക്കുന്നു ധരണിയില്‍..

    പെണ്‍‌വാക്ക് കേക്കുമ്പോള്‍ കുനുഷ്ട് ചിന്തിക്കരുത്. ചിന്തിച്ചാല്‍ ശേഷ്യം ചിന്ത്യം.

    സ്ലിപ്പര്‍മാറ്റി ഷൂസിടുന്നതിനു പറഞ്ഞ കാരണം .. ഹെന്റമ്മേ!

    August 18, 2007 3:07 PM  
  18. Blogger Sathees Makkoth | Asha Revamma Wrote:

    എന്റെല്ലാം അടവുകളെടുത്താലാണ് ഒന്ന് ജീവിച്ച് പോകാന്‍ പറ്റുന്നത്.
    രസകരമായി.

    August 19, 2007 5:22 AM  
  19. Blogger ഉപാസന || Upasana Wrote:

    നന്നായിട്ടുണ്ട് ഭായ്...
    കോഫീ മേക്കര്‍ ശരിക്കും കോഫി ഉണ്ടാക്കുമോ.
    I mean quality.
    :)
    sunil

    August 20, 2007 5:23 AM  
  20. Anonymous Anonymous Wrote:

    Santhosh aaloru pen virodhi aanallo. bharya ippolum koode undo. penninte veettil thamasichalulla prashnagale patti achante peril oru blog jhan ivide orkatte.

    August 29, 2007 12:16 AM  
  21. Blogger ആഷ | Asha Wrote:

    അധികം കുനിഷ്ടാലോചിച്ചാല്‍ ഇങ്ങനെ തന്നെ വരും :)

    September 24, 2007 7:39 PM  
  22. Blogger Babu Kalyanam Wrote:

    :-))

    December 14, 2008 9:09 AM  

Post a Comment

<< Home