ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, January 12, 2008

പണം തരൂ, സ്ഥലം വിടൂ

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനം പവര്‍ഹൌസ് ജങ്ഷന്‍റെ മൂലയ്ക്കുണ്ടായിരുന്ന ‘മഹാരാജാ’യില്‍ നിന്നും 60 രൂപയ്ക്ക് ‘റെഡീമെയ്ഡ്’ ഷര്‍ട്ട് വാങ്ങിയിറങ്ങുമ്പോള്‍ നേരേ എതിരേ പലനിലകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പാര്‍ത്ഥാസിലേയ്ക്ക് ഇരുന്നൂറ്റമ്പതും മുന്നൂറും രൂപയ്ക്ക് ഷര്‍ട്ട് വാങ്ങാന്‍ കയറുന്നവരോടെനിക്ക് അസൂയയായിരുന്നു. പിന്നീട്, ചുവന്നുലഞ്ഞ സമത്വസുന്ദരമനോഹരലോകം മനസ്സില്‍ നിറഞ്ഞ നാളുകളിലെന്നോ അസൂയ പുച്ഛമായി മാറി.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, പാര്‍ത്ഥാസ് എന്ന കട നല്‍കുന്ന സൌകര്യം ഞാന്‍ ഉപയോഗപ്പെടുത്തിത്തുടങ്ങിയത്. ഓണത്തിനും ആണ്ടറുതിയ്ക്കും വാങ്ങുന്ന അത്യാവശ്യം തുണി ആഡംബരമല്ലെന്നും അതിന് പാര്‍ത്ഥാസ് നല്‍കുന്ന സൌകര്യം ഉപയോഗപ്പെടുത്താമെന്നും അങ്ങനെ ചെയ്യുന്നത് മൂലം ഞാന്‍ കരുതിയിരുന്നമാതിരി വിപത്തൊന്നും ഇഹലോകത്തില്‍ സംഭവിക്കാന്‍ പോകുന്നില്ലെന്നും എനിക്ക് ബോധ്യമായി.

ഞാനും കുടുംബവും പാര്‍ത്ഥാസിന്‍റെ വിശ്വസ്ത ഉപഭോക്താക്കളായി കഴിയവേയാണ് താഴെപ്പറയുന്ന സംഭവം അരങ്ങേറുന്നത്.

അതൊരു തിങ്കളാഴ്ചയായിരുന്നു. ‘എന്തരടേ അണ്ണാ, ഇത്രയും വലിയ ക്യൂകള്’ എന്ന ചോദ്യത്തിന് മറുപടി പറയണോ എന്നു ശങ്കിച്ചിരിക്കവേ, വന്നൂ ഉത്തരം: ‘നാളെ ക്രിസ്മസാണല്ലേ... അവധിയായതുകൊണ്ട് കുടിച്ചു തീര്‍ക്കാനാണണ്ണാ!’

ദേശീയ ഉപഭോക്തൃദിനം. പത്രങ്ങളായ പത്രങ്ങളിലൊക്കെ ഫുള്‍പേജ് പരസ്യം. പണമുള്ളവനാണ് രാജാവ്. വല്ലതും വന്നു വാങ്ങൂ, എന്നും വാങ്ങുന്നവന്‍ രാജാധിരാജന്‍.

ഇന്നത്തെ സാധാരണ ജൌളിവില വച്ചു നോക്കുമ്പോള്‍ 6000 രൂപ വെറും കപ്പലണ്ടി. എന്നാലും തെറ്റു തെറ്റാണല്ലോ.

‘സാര്‍, ഇത് തെറ്റാണല്ലോ? ഇങ്ങനെ അല്ലല്ലോ ഇവിടെ പതിവ്?’

പതിവുകാരനായാല്‍ പോരാ. 6000 രൂപയുടെ ബില്ലെവിടെ, ലക്ഷങ്ങളുടെ ബില്ലെവിടെ? 6000 രൂപ ചെലവാക്കുന്ന പതിവുകാരനോട് മതിപ്പു പോര.

‘നിങ്ങള്‍ക്കെന്തു വേണം?’ സ്വരം കനക്കുന്നു.
‘മാനേജരെ ഒന്നു കാണണം,’ ഉപഭോക്താവ് ആരായുന്നു.
‘മാനേജര്‍ ഇല്ല.’

പകരക്കാരനും ഇല്ല. ഇപ്പോള്‍ നാഥനില്ലാക്കളരി. വരും. ചിലപ്പോള്‍ പത്തു മിനിറ്റിനുള്ളില്‍, ചിലപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്. ചിലപ്പോള്‍ ഇന്ന് വന്നില്ലെന്നും വരാം.

‘എങ്കില്‍ പരാതി ആരോടു പറയും?’
‘ആരോടു വേണമെങ്കിലും പറയാം. ഗവണ്മന്‍റില്‍ പരാതിപ്പെടൂ! ഇവിടെ ആളില്ല. ഇത് പരാതി എടുക്കുന്ന സ്ഥലമല്ല. ആളുകള്‍ വരുന്നു, തുണി വാങ്ങുന്നു, പൈസ തരുന്നു, പോകുന്നു.’
‘അപ്പോള്‍ ഇതുപോലുള്ള പ്രശ്നങ്ങള്‍?’

ഇന്നു വരെ ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ ആരും പറഞ്ഞിട്ടുമില്ല.

‘നിങ്ങള്‍ മാത്രമാണ് ഇതിത്ര വലിയ കാര്യമാക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇതിനു പിറകേ നടക്കാന്‍ സമയം കാണില്ല. കുമാര്‍ സാര്‍ വരുമ്പോള്‍ പറഞ്ഞു നോക്കൂ. പക്ഷേ ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല.’
‘കുമാര്‍ സാര്‍ ആണോ മാനേജര്‍?’
‘എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ സമയമില്ല. മാറി നില്‍ക്കൂ. നിങ്ങള്‍ക്കു വേറേ പണിയില്ലേ?’
‘ഇല്ല, ഇന്ന് ദേശീയ ഉപഭോക്തൃദിനമാണ്!’
‘ഒന്നു പോടോ...’

സംസാരം ശ്രദ്ധിച്ച് മറ്റു ‘സാധാരണക്കാര്‍’ ഞങ്ങള്‍ക്കു ചുറ്റും കൂടുന്നു. എന്തരടേ അപ്പികളേ? ഞങ്ങളുടെ വിവരണം കേട്ട് ചുറ്റും കൂടുന്നവരുടെ എണ്ണം അല്പാല്പമായി വര്‍ദ്ധിക്കുന്നു.

അപ്പോളതാ, കുമാര്‍ പ്രത്യക്ഷനാവുകയായി, ആരെടാ, എന്തെടാ സ്റ്റൈലില്‍ത്തന്നെ.

‘സര്‍, ദാ...’
‘എനിക്കൊന്നും കേള്‍ക്കണ്ട. നിങ്ങളെ ഉദ്ദേശിച്ചല്ല ഈ കട നടത്തുന്നത്.’

സുഹൃത്തുക്കളേ, കേട്ടില്ലേ? നമ്മള്‍ തുണി വാങ്ങാന്‍ വരുന്നവരെ ഉദ്ദേശിച്ചല്ലത്രേ ഈ കട!

‘എന്നാലൊരു കാര്യം ചെയ്യ്, കടയ്ക്കു പുറത്തിറങ്ങി നിന്ന് വിളിച്ചു പറയ്, ആള്‍ക്കാരിവിടെ കയറാതിരിക്കുമോ എന്നു നോക്കട്ടെ!’

ഞാന്‍ വിന്‍ഡോസ് മീഡിയ റ്റീമില്‍ ആയിരുന്നപ്പോള്‍ ഞങ്ങളുടെ Wall of Fame -ല്‍ സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ടായിരുന്ന ഈ വാചങ്ങള്‍ ഞാന്‍ ഓര്‍ത്തുപോയി:

A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption on our work. He is the purpose of it. He is not an outsider on our business. He is a part of it. We are not doing him a favor by serving him. He is doing us a favor by giving us an opportunity to do so.
Mahatma Gandhi
അങ്ങനെ ഞാന്‍ അവസാനമായി പാര്‍ത്ഥാസില്‍ പോയി. പാര്‍ത്ഥാസിന്‍റെ മാനേയ്ജുമെന്‍റില്‍ ‘പിടിപാടുള്ള’ ശ്രീമതി. ലതയോട് പറയണോ എന്ന് ആലോചിച്ചു. ഒരു പുനരാലോചനയില്‍, കുമാര്‍ ആവശ്യപ്പെട്ടതു പോലെ, കടയ്ക്കു പുറത്തിറങ്ങി നിന്ന് വിളിച്ചു പറയുന്നതില്‍ തെറ്റില്ല എന്നു കരുതി അങ്ങനെ ചെയ്യുന്നു.

പണം മുടക്കുന്നവര്‍ക്ക് സേവനമേന്മ പ്രശ്നമല്ലാതാവുമ്പോള്‍ ചെലവഴിക്കുന്നതില്‍ മടികാണിക്കാത്ത മലയാളിയ്ക്ക് നഷ്ടമാവുന്നത് അനുകരണീയമായ ഉപഭോക്തൃസംസ്കാരമാണ്.

(ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല.)

Labels: ,

19 Comments:

  1. Blogger കൊസ്രാക്കൊള്ളി Wrote:

    ബൂലോക സുഹൃത്തേ, ബ്ലോഗ്‌മലയാളത്തില്‍ ഈയുള്ളവനും ഒരു വീടുണ്ടാക്കി താമസിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. താങ്കളും കുടുംബവും സുഹൃത്തുക്കളോടൊപ്പം കൊസ്രാക്കൊള്ളി എന്ന എന്റെ ബ്ലോഗ്‌ വസതിയിലേക്ക്‌ വരണമെന്നും അനുഗ്രഹിക്കണമെന്നും..... വിനയ പുരസ്സരം ......
    www.kosrakkolli.blogspot.com

    January 12, 2008 2:23 AM  
  2. Blogger aneel kumar Wrote:

    ഓരോ വകുപ്പിലെയും സാധനങ്ങള്‍ വിലയിടീക്കാന്‍ ക്യൂ. കാശു കൊടുക്കാന്‍ ക്യൂ. പിന്നെ പായ്ക് ചെയ്തു കിട്ടാന്‍ ക്യൂ.
    ഉപഭോക്താവിനോടുള്ള പെരുമാറ്റം വേണോങ്കിമതി എന്ന മട്ടും.

    January 12, 2008 3:23 AM  
  3. Blogger മൂര്‍ത്തി Wrote:

    നല്ല കച്ചവടം ഉള്ള ഇടങ്ങളില്‍ ഇതൊക്കെത്തന്നെയാണ് പതിവ്. “വേണമെങ്കില്‍ വാങ്ങിച്ചിട്ടു പോടേയ്”.

    January 12, 2008 5:13 AM  
  4. Blogger ഹരിത് Wrote:

    തിരുവനന്തപുരത്തെ മിക്ക വലിയ കടകളിലും ഇതു തന്നെയാണു സ്ഥിതി. വാങ്ങാന്‍ വരുന്ന മണ്ടനോട് ഒരു ശ്ത്രുവിനോടെന്നപോലെയാണ് പെരുമാറ്റം.

    January 12, 2008 5:36 AM  
  5. Blogger അങ്കിള്‍ Wrote:

    തൊട്ടടുത്തൂള്ള Big Bazar സന്തോഷ്‌ കണ്ടില്ലേ. പാര്‍ത്ഥാസ്സിന്റെ വയറ്റത്തടി തുടങ്ങിക്കഴിഞ്ഞു. ഒരല്‍പ്പം കൂടി ക്ഷമിക്കുക. സ്വയം നന്നായിക്കോളും.

    January 12, 2008 7:53 AM  
  6. Blogger Sethunath UN Wrote:

    ശ്ശോ ചുരിദാര്‍ മേടിയ്ക്കാനായി ദിവിടെത്തന്നെ പോയിട്ട് ഇപ്പ വന്നേയുള്ളൂ. കൊറച്ചു നേരത്തേ വായിച്ചിരുന്നേല്‍...
    “ഒരുമാതിരി വെറുതെ തരുന്നപോലുള്ള ഭാവം” എന്ന് കമന്റടിച്ചിട്ടാണ് ഞാനിറങ്ങിപ്പോന്നത് എന്നത് തികച്ചും യാദൃശ്ചികം

    January 12, 2008 8:20 AM  
  7. Blogger Haree Wrote:

    ഇന്നത്തെ സാധാരണ ജൌളിവില വച്ചു നോക്കുമ്പോള്‍ 6000 രൂപ വെറും കപ്പലണ്ടി. എന്നാലും തെറ്റു തെറ്റാണല്ലോ. - എന്തായിരുന്നു തെറ്റ്?

    6000 രൂപയുടെ ബില്ലെവിടെ, ലക്ഷങ്ങളുടെ ബില്ലെവിടെ? 6000 രൂപ ചെലവാക്കുന്ന പതിവുകാരനോട് മതിപ്പു പോര. - എന്തായിരുന്നു പ്രശ്നം?

    അങ്കിള്‍ പറഞ്ഞതുപോലെ ബിഗ്‌ബസാറ് ഒന്നു നോക്കൂ... ഷോപ്പിംഗ് തീരെ താത്പര്യമില്ലാത്ത ഞാനും ഷോപ്പിംഗ് അവിടുത്തേത് ആസ്വദിക്കുന്നു. മറ്റൊന്നും കൊണ്ടല്ല, നമ്മുടെ ഇഷ്ടത്തിന് സമയമെടുത്ത് എന്തുവേണമെങ്കിലും സെലക്ട് ചെയ്യാം... പിന്നെ ബില്ലു നല്‍കാന്‍ ക്യൂ നില്‍ക്കണം. എന്നു പറഞ്ഞാല്‍, തിരക്കുള്ള സ്ഥലങ്ങളില്‍ അതല്ലേ പ്രായോഗികമായ പോംവഴി?

    പ്രതികരിക്കാതിരിക്കുന്നതാണ് മാന്യത എന്നൊരു മനോഭാവമുണ്ട്... അതാണ് ആദ്യം മാറ്റേണ്ടത്.
    --

    January 13, 2008 12:23 AM  
  8. Blogger Satheesh Wrote:

    സന്തോഷ്ജീ, എന്താണ്‍ പ്രശ്നം എന്നത് എനിക്കങ്ങ് മനസ്സിലായില്ല. അതും കൂടി വിശദീകരിച്ചാല്‍ നന്നായിരുന്നു. എന്തായാലും എന്തോ പ്രശ്നം ഉണ്ടായി എന്ന് മനസ്സിലായി! പാര്‍ത്ഥാസില്‍ ഒരു തവണ കേറേണ്ട ദൌര്‍ഭാഗ്യം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇനി അങ്ങോട്ടില്ല എന്ന തീരുമാനം അന്നേ എടുത്തത് കൊണ്ട് പിന്നീട് വിഷമിക്കേണ്ടിവന്നിട്ടില്ല!

    January 13, 2008 4:30 AM  
  9. Blogger ദിലീപ് വിശ്വനാഥ് Wrote:

    കൊള്ളാം സന്തോഷ്. നമുക്ക് ഇങ്ങനെയൊക്കെയല്ലേ പ്രതികരിക്കാന്‍ പറ്റൂ..

    January 13, 2008 10:15 AM  
  10. Blogger കടവന്‍ Wrote:

    എന്താണ്‍ പ്രശ്നം എന്നത് എനിക്കങ്ങ് മനസ്സിലായില്ല. അതും കൂടി വിശദീകരിച്ചാല്‍ നന്നായിരുന്നു. എന്തായാലും എന്തോ പ്രശ്നം ഉണ്ടായി എന്ന് മനസ്സിലായി

    January 14, 2008 12:43 AM  
  11. Blogger കടവന്‍ Wrote:

    ഹരിത് said...
    തിരുവനന്തപുരത്തെ മിക്ക വലിയ കടകളിലും ഇതു തന്നെയാണു സ്ഥിതി. വാങ്ങാന്‍ വരുന്ന മണ്ടനോട് ഒരു ശ്ത്രുവിനോടെന്നപോലെയാണ് പെരുമാറ്റം.
    l learn business from north kerala!!!

    January 14, 2008 12:45 AM  
  12. Blogger Santhosh Wrote:

    എന്തായിരുന്നു പ്രശ്നം എന്ന് ചോദിച്ചവരുടെ ആകാംക്ഷ മനസ്സിലാവുന്നു.

    നിര്‍ഭാഗ്യവശാല്‍ ‘അണ്‍ഫെയര്‍ ബിസിനസ് പ്രാക്റ്റീസ്’ നടന്നു എന്നു മാത്രമേ ഇപ്പോള്‍ പറയാനാവുന്നുള്ളൂ (മറ്റു ചില കാരണങ്ങള്‍ കൊണ്ട്).

    പാര്‍ത്ഥാസും കേരളത്തിലെ മറ്റു വ്യവസായ ഭീമന്മാരും കൈക്കൊള്ളുന്ന ഉപഭോക്തൃവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉണര്‍ന്നിരിക്കുന്നതിനും അവ വെളിച്ചത്തു കൊണ്ടുവരുന്നതിനും ഈ പോസ്റ്റ് സഹായകമാവുമെന്ന് കരുതട്ടെ.

    January 14, 2008 7:30 AM  
  13. Blogger അങ്കിള്‍ Wrote:

    സന്തോഷേ, ഞാനിവിടെ ഒന്നും രണ്ടുമല്ല നാലു പോസ്റ്റാണ് ഉപഭോക്തൃ നിയമത്തിനെപറ്റിയും, അതുമായുള്ള പ്രശ്നങ്ങളെപറ്റിയും എഴുതിയിരുന്നത്‌. അതിലൊന്നു പോലും പ്രയോജനപ്പെടുത്താമായിരുന്നില്ലേ.

    January 14, 2008 8:24 AM  
  14. Blogger ഗീത Wrote:

    പാര്‍ത്ഥാസ് പണക്കാരുടെ മാത്രമല്ല പൊങ്ങച്ചക്കാരുടെ കൂടെ കടയാണ്.
    അതായത്, പണമില്ലെങ്കിലും പൊങ്ങച്ചം പറയണമെന്നുള്ളവരും അവിടെയാണ് പോകുക. അവരെങ്ങനെ പ്രതികരിക്കും?
    പാര്ത്ഥസില്‍ നിന്ന് വാങ്ങിയാല്‍ quality assured ആണ് എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ എനിക്കു നേരെതിരിച്ചുള്ള അനുഭവവും ഉണ്ടായിട്ടുണ്ട്. ഭയങ്കര വില കൊടുത്തു വാങ്ങിയ ഒരു ചുരിദാര്‍ ഒരു നനപ്പ് കഴിഞ്ഞപ്പോള്‍ നിറമിളകിപ്പിടിച്ച് വെളിയില്‍ ഇടാന്‍ കൊള്ളാതായി.
    എല്ലാ അഹങ്കാരങ്ങള്‍ക്കും ഒരു അന്ത്യമുണ്ടാകും സന്തോഷ്....
    Pride goes before a fall... എന്നാണല്ലോ.

    January 16, 2008 4:39 AM  
  15. Anonymous Anonymous Wrote:

    ഇതൊരു ഒറ്റപ്പെട്ട സംഭവമ്മല്ല... എല്ലാവരോടും ഇങ്ങനെയാണെങ്കില്‍ പാര്‍ത്ഥാസ് അടച്ചു പൂട്ടേണ്ട സമയമായല്ലൊ...

    -മറ്റൊരു അനുഭവസ്ഥന്‍

    January 19, 2008 4:08 AM  
  16. Anonymous Anonymous Wrote:

    There is some conspricay here, whats real problem its not revealed, comparing to other shops Parthas is better especially kids wear, they also replace damaged goods, considering the crowd and the fate of salesman standing for more than 12 hours a day they behave very gently. Also software mistake is not possible, then where is the problem?

    Parthas people are better than Reymonds, alukkas etc. But Akash ganga Gwalior Rayons is my preferred shop, for gents , quality clothes, apt behaviour.

    January 29, 2008 2:13 AM  
  17. Blogger Unknown Wrote:

    Apology letter, http://www.snopes.com/business/consumer/bedbug.asp
    Customer Service Culture, http://www.snopes.com/business/consumer/badhotel.asp

    March 09, 2008 12:39 AM  
  18. Anonymous Anonymous Wrote:

    bad bad experience. did u tell latha??? mgt il pidimurukkiyo??

    March 31, 2008 9:45 PM  
  19. Blogger Santhosh Wrote:

    ഇല്ലമ്മൂമ്മേ, ശ്രീമതി ലതയോടു് പറഞ്ഞില്ല. ഉപഭോക്താവിന്‍റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന രീതി ആ മാനേയ്ജുമെന്‍റിനു് ഉള്ളതായി അനുഭവപ്പെടാത്തതിനാല്‍ അങ്ങനെ ചെയ്തില്ല.

    March 31, 2008 10:17 PM  

Post a Comment

<< Home