ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, April 06, 2008

ഫൊക്കാന വീണ്ടും

ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത് അമേരിക്ക (FOKANA) യുമായി ഇടപഴകിയപ്പൊഴൊന്നും എനിക്കു് നല്ല അനുഭവമുണ്ടായിട്ടില്ല. പണ്ടുമില്ല, ഇപ്പൊഴുമില്ല.

2000-ലെ ഫൊക്കാന കണ്‍‍വെന്‍ഷനില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവം ഇവിടെ വിവരിച്ചിട്ടുണ്ടു്.

2001-ല്‍ കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടന്‍റെ ഭാരവാഹിയായിരിക്കേയാണു് ഞാന്‍ ഫൊക്കാനയെ പിന്നീടു കണ്ടുമുട്ടുന്നതു്. ഫൊക്കാനയില്‍ ‘മെംബര്‍ അസ്സോസിയേഷന്‍’ ആവാന്‍ നൂറു ഡോളര്‍ ആണു് ഫീസ് ആയി നല്‍കേണ്ടുന്നതു്. ഈ തുക നല്‍കുന്നതിനു മുമ്പു്, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഒന്നറിയാമല്ലോ എന്നു കരുതി ഫൊക്കാനാ ജെനറല്‍ സെക്രട്ടറിയെ ഫോണ്‍ ചെയ്തു. (ആളിന്‍റെ പേരും സ്ഥലവും മറന്നു പോയി.)

ഞാന്‍ ആരാണെന്നു പരിചയപ്പെടുത്തിയ ശേഷം, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടെന്നും, മെംബര്‍ അസ്സോസിയേഷനുകള്‍ക്കു് ഫൊക്കാനയില്‍ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാം എന്നറിഞ്ഞാല്‍ കൊള്ളാമെന്നും അദ്ദേഹത്തോടു് പറഞ്ഞു.

‘ഫൊക്കാനയുടെ ന്യൂസ് ലെറ്റര്‍ കിട്ടുന്നില്ലേ?’ അദ്ദേഹം ആരാഞ്ഞു.
‘ഇല്ല.’
‘ഇനി മുതല്‍ അയച്ചു തരാം. അതില്‍ ഫൊക്കാനയെപ്പറ്റിയും അതിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പറയുന്നുണ്ടു്. അഡ്രസ് പറയൂ.’

ഞാന്‍ അഡ്രസ് പറഞ്ഞു തുടങ്ങി. പേരും സ്റ്റ്രീറ്റും പറഞ്ഞു കഴിഞ്ഞ് അപാര്‍ട്മെന്‍റ് നമ്പര്‍ പറഞ്ഞപ്പോള്‍ അതു് തടസ്സപ്പെടുത്തിക്കൊണ്ടു് ഫൊക്കാന ഭാരവാഹി പറഞ്ഞു:
‘അപ്പാര്‍ട്ടുമെന്‍റിലാണോ, വീടില്ലേ? ഞങ്ങളു് അപ്പാര്‍ട്ടുമെന്‍റിലുള്ളവര്‍ക്കു് ന്യൂസ് ലെറ്റര്‍ അയയ്ക്കാറില്ല.’
‘അങ്ങനെയാണോ? അതെന്താ?’
‘അപ്പാര്‍ട്ടുമെന്‍റിലുള്ളവര്‍ ഇടയ്ക്കിടയ്ക്കു് താമസം മാറും. അപ്പോഴൊക്കെ അഡ്രസ് അപ്ഡേറ്റ് ചെയ്യാന്‍ ആര്‍ക്കാ നേരം?’

അല്പം കല്ലുകടി തോന്നിയെങ്കിലും ഫൊക്കാനയില്‍ അംഗമായി തുടരാനുള്ള നൂറു ഡോളര്‍ അയച്ചു കൊടുത്തു. കാരണം അതു് എന്‍റെ തീരുമാനമല്ല; അസ്സോസിയേഷന്‍റെ തീരുമാനമാണല്ലോ.

മൂന്നാമതായി, കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍, എറണാകുളം ചെല്ലാനം വില്ലേയ്ജില്‍ സുനാമിമൂലം വീടു നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങള്‍ക്കു വേണ്ടി വീടുവച്ചു കൊടുക്കുവാന്‍ ധനസമാഹരണം നടത്തിയിരുന്നു. ആ പണം, പരസ്യവും പത്രസമ്മേളനവും ആളാകലുമില്ലാതെ വീടു വയ്പിന്‍റെ മേല്‍നോട്ടക്കാര്‍ക്ക് എത്തിക്കാനൊരുങ്ങിയപ്പോളതാ ഫൊക്കാന രംഗത്തു വരുന്നു. സുനാമിമൂലം വീടു നഷ്ടപ്പെട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഫൊക്കാനയ്ക്കു് ബൃഹത്തായ പദ്ധതിയുണ്ടെന്നും അവരോടൊപ്പം ചേര്‍ന്നാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാമെന്നും അവര്‍ ഉറപ്പു തരുന്നു. എന്നിട്ടെന്തായി? യാതൊരു ‘ബൃഹദ്പദ്ധതി’യുമില്ലാതെ, കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ കൊടുത്ത തുകമാത്രം ആഘോഷത്തോടും പരസ്യഘോഷങ്ങളോടും കൂടി സംഭാവനചെയ്യുന്നു. പിന്നീടു് ഇക്കൂട്ടര്‍ ആ വഴിക്കു് തിരിഞ്ഞു നോക്കിയോ എന്നു എനിക്കുറപ്പില്ല.

ഫൊക്കാനക്കാര്‍ തങ്ങള്‍ സ്വരൂപിച്ചയച്ചെന്നു പറഞ്ഞ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ ഗതി ഇവിടെ വായിച്ചിട്ടുണ്ടാവുമല്ലോ. എന്തൊരു പരസ്യകോലാഹലമായിരുന്നു അതിനും!

എല്ലാം പഴയ കഥ. അങ്ങനെയിരിക്കുമ്പോഴാണു് ഈ മാര്‍ച്ച് ആറാം തീയതി ഫൊക്കാന പ്രസിഡന്‍റ് ശശിധരന്‍ നായരില്‍ നിന്നും എനിക്കൊരു ഈ-മെയില്‍ കിട്ടുന്നതു്.

2000-ലെ ഫൊക്കാന കണ്‍‍വെന്‍ഷനിലെ എന്‍റെ അനുഭവം വായിച്ചെന്നും അതില്‍ ഖേദമുണ്ടെന്നും എന്നാല്‍, ഫൊക്കാനയുടെ പതിമൂന്നാം ജൂബിലി ആഘോഷിക്കുന്ന സമയമായതിനാല്‍ ധാരാളം പേര്‍ ഓണ്‍ലൈന്‍ രെജിസ്റ്റ്രേഷന്‍ നടത്തുന്ന സമയത്തു്, ഗൂഗിളിലും മറ്റു സേര്‍ച് എന്‍‍ജിനുകളിലും ഫൊക്കാന എന്നു് സേര്‍ച് ചെയ്യുമ്പോള്‍ ഒന്നാമതായി കിട്ടുന്ന ലിങ്ക് എന്‍റെ അനുഭവം വിവരിക്കുന്ന പേയ്ജായതിനാല്‍ അതു് നീക്കാം ചെയ്യാമോ എന്നുമായിരുന്നു ഈ-മെയിലിന്‍റെ ഉള്ളടക്കം.

ഇതു് എനിക്കു് നേരിട്ടുണ്ടായ അനുഭവമാണെന്നും എനിക്കുണ്ടായ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പ്രയാസമാണെന്നും ഞാന്‍ സൂചിപ്പിച്ചു. ഫൊക്കാനയ്ക്കുള്ള ഇത്തരമൊരു ഇമേയ്ജ് മാറ്റുവാന്‍ പുതിയ ഭാരവാഹികള്‍ക്കാവട്ടെ എന്നും ഞാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഏറെ ആലോചനയ്ക്കുശേഷം ആ പേയ്ജ് മാറ്റാമെന്നും ഞാന്‍ ശശിധരന്‍ നായര്‍ക്ക് എഴുതി.

അതേത്തുടര്‍ന്നു്, രണ്ടുമൂന്നു ദിവസം കൂടുമ്പോള്‍ FOKANA NEWS എന്ന പേരില്‍ ഫൊക്കാന കണ്‍‍വെന്‍ഷനെപ്പറ്റി വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഈ-മെയിലായി കിട്ടിത്തുടങ്ങി. ഒരാളുടേതൊഴികെയുള്ള എല്ലാ ഈ-മെയിലും bcc-യില്‍ ആയതിനാല്‍, ഇതു് വലിയ പ്രശ്നം സൃഷ്ടിച്ചില്ല.



അങ്ങനേയിരിക്കേയാണു്, ഏപ്രില്‍ 3-നു് FOKANA NEWS 7 എന്ന ഈ-മെയിലെത്തിയതു്. ഇത്തവണ, മെയില്‍ ഐഡികള്‍ bcc-യില്‍ വയ്ക്കുന്നതിനു പകരം 401 ഈ-മെയിലുകളും To ഫീല്‍ഡില്‍ തന്നെയാണുണ്ടായിരുന്നതു്. നമുക്കു് ഒട്ടും താല്പര്യമില്ലാത്ത ഒരു ഗ്രൂപ്പില്‍ നമ്മുടെ ഈ-മെയില്‍ ഐഡി പുറത്താക്കപ്പെട്ടിരിക്കുന്നു. പ്രതീക്ഷിച്ചതു പോലെ, കുറച്ചുപേര്‍ (ശശിധരന്‍ നായരുടെ അനുകൂലികളും എതിരാളികളും) അങ്ങോട്ടുമിങ്ങോട്ടും മെയില്‍ യുദ്ധം ആരംഭിച്ചു.

എന്‍റെ ഈ-മെയില്‍ ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന പാലിക്കാതെ വീണ്ടും മെയിലയയ്ക്കരുതു് എന്നു പറഞ്ഞപ്പോള്‍ ശശിധരന്‍ നായരുടെ ചുവന്ന വലിയ അക്ഷരത്തിലുള്ള മറുപടി:



My eyes are perfectly OK. You don't have to shout at me in large red color. എന്നു പ്രതികരിച്ച എനിക്കു കിട്ടിയ മറുപടി:



ഞാനാരാണു് എന്ന ചോദ്യത്തിനു് എമിലി ഡിക്കിന്‍സന്‍ പറഞ്ഞ ഈ വാക്കുകളല്ലാതെ മറ്റൊന്നും എനിക്കു് മറുപടിയായി മനസ്സില്‍ വരുന്നില്ല:

I'm nobody! Who are you?
Are you nobody, too?
Then there's a pair of us — don't tell!

ഇതിനിടയില്‍ ശശിധരന്‍ നായര്‍ക്കു് അനുകൂലമായും പ്രതികൂലമായും ‘എന്നെ ഈ ലിസ്റ്റില്‍ നിന്നും മാറ്റണേ’ എന്നു പറഞ്ഞുകൊണ്ടും ഒക്കെ ഈ-മെയിലുകള്‍ ഇപ്പോഴും പാറി നടക്കുന്നു. ആയിരത്തിലധികം മലയാളി കുടുംബങ്ങളുള്ള സീയാറ്റിലില്‍ നിന്നും 2006-ല്‍ ഫ്ലോറിഡയില്‍ നടന്ന ഫൊക്കാന കണ്‍‍വെന്‍ഷനു പങ്കെടുത്ത കുടുംബങ്ങളുടെ എണ്ണം മുപ്പത്തേഴാണു്. ഈ കണക്കിനു പ്രാതിനിധ്യ സ്വഭാവമുണ്ടെങ്കില്‍ ഫൊക്കാനയുടെ ഈ-മെയില്‍ കിട്ടിയ 401 പേരില്‍ ആ സംഘടനയെക്കുറിച്ചു താല്പര്യമുള്ളവര്‍ പതിനഞ്ചോളം പേര്‍ മാത്രമാനെന്നു കരുതേണ്ടി വരും. എന്നുവച്ചാല്‍ 401-ല്‍ 386 പേര്‍ക്കു് മറ്റെന്തോ വരാനിരുന്നതാണു്; അതു് ഇങ്ങനെ കുറേ ചവറു മെയിലുകളില്‍ ഒതുങ്ങിയെന്നു കരുതാം.

Labels: ,

11 Comments:

  1. Blogger Umesh::ഉമേഷ് Wrote:

    ഫൊക്കാനയെപ്പറ്റിയും അതിനുള്ളില്‍ നടക്കുന്ന വൃത്തികേടുകളെപ്പറ്റിയും കുതികാല്‍‌വെട്ടുകളെപ്പറ്റിയും അതിനെ അല്പമെങ്കിലും അറിയാവുന്നവര്‍ക്കു് അറിയാവുന്നതാണു്. അതിന്റെ പേരിലുള്ള ബഹളങ്ങളും അവിടെ പരിപാടി എന്നു പറഞ്ഞു് അവതരിപ്പിക്കുന്ന കലാഭാസങ്ങളെപ്പറ്റിയും.

    വീടില്ലാതെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്നവരോടുള്ള ചിറ്റമ്മനയം ഫൊക്കാനയിലും ഉണ്ടു് അല്ലേ? ഇങ്ങനെയുള്ള കുറേ വിവരമില്ലാത്ത മുതുകുരങ്ങന്മാരാണു് അമേരിക്കയിലെ പല മലയാളി സംഘടനകളുടെയും തലപ്പത്തെന്നറിയുന്നതു് ദുഃഖകരമാണു്. പിന്നെ പാവപ്പെട്ട മലയാളികളെ സഹായിക്കാന്‍ സംരഭങ്ങളെന്നു പറഞ്ഞു പത്രങ്ങളില്‍ വെണ്ടയ്കാ മുഴുപ്പുള്ള വാര്‍ത്തകളും അതിനോടൊപ്പം സായിപ്പിന്റെ കോട്ടും സൂട്ടും കൌപീനവുമിട്ട കുറേ പണ്ഡിതമ്മന്യരുടെ ഫോട്ടോയും!

    ഈ ലേഖനം നന്നായി. ഇങ്ങനെ പ്രതികരിക്കാന്‍ ആളില്ലാത്തതു കൊണ്ടാണു് ഇത്തരം പ്രവൃത്തികള്‍ തുടരുന്നതു്.

    അടുത്ത സേര്‍ച്ചുകളില്‍ ഇതും മുകളില്‍ത്തന്നെ വരട്ടേ :)

    April 06, 2008 6:41 PM  
  2. Blogger ദിലീപ് വിശ്വനാഥ് Wrote:

    ഫൊക്കാനയക്ക് ഹ്യൂസ്റ്റണിലുള്ള പേര് ഇവിടെ പറയാന്‍ പറ്റില്ല. വളരെ മോശമായ ഒരു ഇമേജ് ആണ് ഫൊക്കാനയ്ക്ക് ഉള്ളത്.

    ചെറുപ്പക്കാരെ അടുപ്പിക്കില്ല എന്നത് ഫൊക്കാനയുടെ ഒരു നയമാണ്.

    April 06, 2008 7:03 PM  
  3. Blogger പാഞ്ചാലി Wrote:

    അര്‍ഹിക്കുന്ന രീതിയില്‍ അവഗണിക്കുകയാണ് ഈ അഭാസക്കൂട്ടത്തോടു എല്ലാ മലയാളികളും ചെയ്യേണ്ടത്. ഫൊക്കാന എന്ന് കേള്‍ക്കുന്നത് തന്നെ മലയാളിക്ക് നാണക്കേടായിരിക്കുന്നു. ഇവരുടെ കലാ കൊലപാതകങ്ങളില്‍ പങ്കു ചേരാനായി ഇപ്പോഴും നാട്ടില്‍ സാംസ്‌കാരിക രാഷ്ട്രീയ നായകന്മാര്‍ ഇടിച്ചുനില്ക്കുന്നതോര്ക്കുമ്പോള്‍ ‍സങ്കടം തോന്നുന്നു. അവര്‍ ഈ സംഭവങ്ങളൊന്നും അറിയാറില്ലേ?
    പിന്നെ ഇതു അമേരിക്കയിലെ മാത്രം അവസ്ഥയല്ല. അബുദാബിയിലെ ഒരു മലയാളി അസ്സോസ്സിയേഷന്റെ മീറ്റിങ്ങില്‍ പണ്ടു് കസ്സേരകള്‍ പറന്നു നടന്നതോര്‍ക്കുന്നു. മലയാളി അസ്സോസ്സിയേഷനുകളെ പാര്‍ട്ടി -ഗ്രൂപ്പ് രാഷ്ട്രീയം, ജാതി മത ജില്ല തിരിഞ്ഞുള്ള പോരാട്ടം എന്നിവ നടത്താനുള്ള വേദിയാക്കി മാറ്റിയിരിക്കുന്നു ഇക്കൂട്ടര്‍.

    വളരെ ആത്മാര്‍ത്ഥമായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അസ്സോസ്സിയേഷനുകളും ഇപ്പോഴും ഉണ്ടെന്നുള്ളകാര്യവും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു.

    April 06, 2008 9:25 PM  
  4. Blogger അരവിന്ദ് :: aravind Wrote:

    ഹഹഹഹ...പരിതാപകരം!
    ഈ ഫൊക്കാന മേലാളര്‍ പണ്ട് അരം+അരം =കിന്നരത്തിലെ ശ്രീനിവാസന്‍, മണിയന്‍‌പിള്ള സ്റ്റൈല്‍ മനോഭാവമുള്ളവരാണെന്ന് തോന്നുന്നു? അമേരിക്കയില്‍ താമസമായാല്‍ പഴയ തങ്കപ്പന്‍, റ്റി.എ.ആങ്ക്‌പാന്‍ ആയി മാറുമോ?
    സന്തോഷ്‌ജീ താനാര് എന്നതിനു മറുപടി കൊടുക്കാന്‍ എമിലി ഡിക്കന്‍സിനെയൊക്കെ എന്തിന് ഒക്കെയുപയോഗിക്കണം? നമ്മുടെ പപ്പുവിന്റെ ഡയലോഗ് കൊണ്ട് കൈകാര്യം ചെയ്യാവുന്നതേയുള്ളൂ?

    ഫൊക്കാനയെക്കുറിച്ച് നേരിട്ട് അറിയില്ല, എങ്കിലും വേറൊരു ഗ്ലോബല്‍ മലയാളി സംഘടനയുമായി ബന്ധപ്പെട്ട് എന്റെ അനുഭവവും കല്ലുകടി തന്നെയായിരുന്നു. പഥെറ്റിക്.

    ബ്ലോഗുകള്‍ വഴിയെങ്കിലും അമേരിക്കയിലെ മറ്റു മലയാളികള്‍‍ ഇതൊക്കെയറിയട്ടെ.

    April 06, 2008 11:54 PM  
  5. Blogger t.k. formerly known as thomman Wrote:

    നല്ല ലേഖനം. ഫോക്കാന, അമേരിക്കന്‍ മലയാളിക്ക് പേരുദോഷം വരുത്തുന്ന (പ്രത്യേകിച്ചും കേരളത്തിലൊക്കെ നമ്മളെ പ്രതിനിധീകരിച്ച് ഓരോന്ന് ചെയ്ത്) വെറുമൊരു ആഭാസമാണെന്ന് പണ്ടേ തോന്നിയിട്ടുണ്ട്. അവരുമായി ഉണ്ടായ അനുഭവം പങ്കുവച്ചതിന്ന് വളരെ നന്ദി.

    April 07, 2008 7:04 PM  
  6. Blogger Radheyan Wrote:

    പഴയ അനുഭവം എടുത്ത് പിന്നെയും ഇട് ചേട്ടാ.ഫോ എന്ന് സേര്‍ച്ച് ചെയ്താല്‍ അതു വരണം, ദേ ലവന്‍ എഴുതിയതിലും വെണ്ടക്ക വലുപ്പത്തില്‍..

    ഫോക്കാന എന്ന പേര്‍ തന്നെ ഒരു തെറിയിലേക്ക് പ്രാസമൊപ്പിക്കാന്‍ പറ്റുന്ന രീതിയില്‍ കണ്ടുപിടിച്ച ഫൊണ്ടര്‍മാര്‍ക്ക് നമോവാകം

    April 07, 2008 11:37 PM  
  7. Blogger രാവുണ്ണി Wrote:

    സമയോചിതം. ഒരുതരത്തില്‍ പൊങ്ങച്ചത്തിന്റെ കുറ്റിയില്‍ കിടന്നുതിരിയുന്ന ഒരു സമൂഹത്തിനു പറ്റിയ സംഘടന തന്നെ ഫൊക്കാന. പ്രവാസികളുടെ പുതിയ തലമുറയിലുള്ളവരെങ്കിലും ഇവരെ നിഷേധിക്കേണ്ട സമയം കഴിഞ്ഞു.

    April 08, 2008 12:39 PM  
  8. Blogger ഹരിത് Wrote:

    ഫൊക്കാന എന്നാല്‍ വെള്ളാനപോലെ ഒരു സംഗതിയാണെന്നു പുടികിട്ടി.ഇതു പോക്കാണെന്നു മനസ്സിലായി.

    April 08, 2008 6:22 PM  
  9. Anonymous Anonymous Wrote:

    പ്രിയ സന്തോഷ്,
    ആ ഫോകാന ആര്‍ട്ടിക്കിള്‍ ദയവായി മാറ്റരുത്. ഫോകാന അത് ചെയ്യാന്‍ പോകുന്നു ഇതു ചെയ്യാന്‍ പോകുന്നു എന്ന് ഇടക്കിടക്ക് പത്രങ്ങള്‍ വെണ്ടക്ക അക്ഷരത്തില്‍ അച്ചടിച്ചത് വായിക്കുമ്പോള്‍ വിചാരിക്കും യീ പത്രങ്ങള്‍ അവര്‍ മുമ്പു പറഞ്ഞ മോഹന വാഗ്ദാനങ്ങള്‍ പാലിക്കതതിനെ കുറിച്ചു ആരും ഇതു വരെ എന്തെ ഒന്നും എഴുതാത്തത് എന്ന്. ആ ഒരു വലിയ വിടവ് കുറച്ചെങ്കിലും അടക്കാന്‍ ആ മനോഹര ലേഖനത്തിന് കഴിയട്ടെ.

    April 08, 2008 9:13 PM  
  10. Blogger ദിവാസ്വപ്നം Wrote:

    "ചെറുപ്പക്കാരെ അടുപ്പിക്കില്ല എന്നത് ഫൊക്കാനയുടെ ഒരു നയമാണ്"

    കൊടുകൈ വാല്‍മീകീ :-) ഫൊക്കാന മാത്രമല്ല, ഉമേഷ്ജി പറഞ്ഞ പല മുതുകുരങ്ങന്‍-സംഘടനകളുടെയും നയം അതുതന്നെയാണ്.

    April 09, 2008 8:58 PM  
  11. Anonymous Anonymous Wrote:

    പിളര്‍ന്ന ഫൊകാനയെ കുറിച്ച്

    http://kalavedhi.com/sibidavid/01.html

    June 18, 2008 5:44 AM  

Post a Comment

<< Home