Wednesday, February 13, 2008

പഴയലിപി എന്‍റെ പുതിയ ലിപി

സൂക്ഷ്മദൃക്കുകളായ സ്ഥിരം വായനക്കാര്‍ ഇനി മുതല്‍ എന്‍റെ പോസ്റ്റുകളില്‍ ചില ലിപി വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചെന്നു വരും.

എന്താണെന്നോ?

അവസാനത്തിന്‍റെ ആരംഭം എന്ന പോസ്റ്റില്‍, “അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യതയെപ്പറ്റിയുള്ള സംശയങ്ങള്‍ ശക്തമാക്കുന്ന [...] പ്രവണതകള്‍വഴി വലിയൊരു വായനക്കൂട്ടത്തെ നഷ്ടപ്പെടുത്തുന്നതു് കലാകൌമുദി തിരിച്ചറിയുമെന്നും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാപരവുമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് [...] പരസ്യമായി മാപ്പപേക്ഷിക്കാന്‍ [കലാകൌമുദിക്കു്] ബുദ്ധിയുദിക്കുമെന്നും” ഞാന്‍ പ്രത്യാശിച്ചിരുന്നു.

എന്നാല്‍, അതുല്യ റിപ്പോര്‍ട്ടു് ചെയ്യുന്നതു പ്രകാരം, “ബ്ലോഗും പ്രിന്‍റും രണ്ടു് മീഡിയ ആണെന്നും ബ്ലോഗിനെ/ബ്ലോഗേഴ്സിനെ കുറിച്ചു് ശ്രീ ഹരികുമാര്‍ എഴുതിയതിനെ സംബദ്ധിച്ചു് ഒരു മറുകുറിപ്പു്/വിസ്താരം കലാകൌമുദിയില്‍ അച്ചടിയ്ക്കണ്ട ആവശ്യമില്ലെന്നും” കലാകൌമുദി പത്രാധിപസമിതി തീരുമാനിച്ചിരിക്കുന്നു. (കലാകൌമുദി ന്യൂസ് എഡിറ്റര്‍ പി. ശശിധരന്‍ ആണ്, ശശിധരന്‍ നായര്‍ അല്ല. പത്രങ്ങള്‍ക്കു് തെറ്റിയാലും ബ്ലോഗര്‍മാര്‍ക്കു് തെറ്റാന്‍ പാടില്ല!)

അങ്ങേയറ്റം നിര്‍ഭാഗ്യകരമായ ഒരു പ്രവണതയാണു് കലാകൌമുദി തുടങ്ങിവച്ചിരിക്കുന്നതു്. ഈ ബ്ലോഗില്‍ ഇനിമുതല്‍ വരാന്‍ പോകുന്ന ലിപിപരമായ മാറ്റങ്ങള്‍ക്കു് ഈ സംഭവവുമായി ബന്ധമുണ്ടു്. ബന്ധമുണ്ടു് എന്നും മറ്റും പറയുന്നതു് സൂക്ഷിച്ചു വേണം. മാല പൊട്ടിച്ചോടിയ കള്ളനെപ്പിടിച്ചു് ചെള്ളയ്ക്കടിക്കുന്നതിനു പകരം ചന്തിച്ചടിച്ചതു് ശരിയായില്ല എന്ന മട്ടില്‍ കൈപ്പള്ളിയുടെ പ്രതിഷേധത്തെപ്പറ്റി ആറുവര്‍ഷമായി ആരോഗ്യകരമായ ബ്ലോഗിംഗിലേര്‍പ്പെട്ടിരിക്കുന്ന കെ. സന്തോഷ് കുമാര്‍ എഴുതിക്കണ്ടു. ഇതു് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. സഹോദരസ്നേഹത്തിന്‍റെ കാര്യം മുമ്പും അനുഭവിച്ചറിഞ്ഞിട്ടുണ്ടു്. കള്ളനെപ്പിടിച്ചു് അടികൊടുക്കുന്നതിനു പകരം വേദം വായിച്ചു കേള്‍പ്പിച്ചു എന്നു് ഈ പോസ്റ്റിനെപ്പറ്റി കെ. സന്തോഷ് കുമാര്‍ അഭിപ്രായപ്പെടാന്‍ സാദ്ധ്യതയുണ്ടു്.

കാര്യത്തിലേയ്ക്ക് വരാം. അച്ചടിമാദ്ധ്യമങ്ങളേയും റ്റൈപ്പു് റൈറ്റിംഗു് വ്യവസായത്തേയും സഹായിക്കാന്‍ കേരള സര്‍ക്കാര്‍ 1968-ല്‍ പുറപ്പെടുവിച്ചതും 1971 ഏപ്രില്‍ 15 മുതല്‍ നിലവില്‍ വന്നതുമായ ലിപി പരിഷ്ക്കരണ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ നിഷേധിക്കുന്നു. ഈ ഉത്തരവുപ്രകാരം ‘പുതിയ ലിപി’ എഴുതിപ്പഠിക്കാന്‍ നിര്‍ബ്ബന്ധിതനായ ഒരു വ്യക്തിയാണ് ഞാന്‍. അച്ചടിമാദ്ധ്യമങ്ങളെ സഹായിക്കാന്‍ നമ്മുടെ ഭാഷയെത്തന്നെ ബലികൊടുക്കാന്‍ തയ്യാറായ ആ തലമുറയോടു് അച്ചടിമാദ്ധ്യമങ്ങള്‍ നീതിവിരുദ്ധമായ നിലപാടെടുക്കുക വഴി, ഈ ഉത്തരവു് അനുസരിക്കാനുള്ള എന്‍റെ ബാദ്ധ്യതയും ഇല്ലാതാവുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ഭരണഘടനപ്രകാരം അനുസരിക്കാന്‍ ബാദ്ധ്യതയുള്ള നിയമങ്ങളുടെ പരിധിയില്‍ വരുന്നതല്ല ഈ ഉത്തരവെന്നാണു് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ ഈ പോസ്റ്റു് നിയമ ലംഘനത്തിനുള്ള ആഹ്വാനമല്ല എന്നു് വായനക്കാര്‍ മനസ്സിലാക്കുമല്ലോ.

താഴെപ്പറയുന്ന മാറ്റങ്ങളാണു് ഈ ബ്ലോഗില്‍ കാണാന്‍ കഴിയുക:

 1. സം‌വൃതോകാരത്തിനു് ചന്ദ്രക്കല മാത്രം ഇടുന്ന രീതി ഉപേക്ഷിച്ചു്, ഉ ചിഹ്നവും ചന്ദ്രക്കലയും ഇനിമുതല്‍ ഒരുമിച്ചുപയോഗിക്കുന്നതാണു്. റ്റൈപ്പു് സെറ്റിംഗു് എളുപ്പമാക്കാന്‍ വേണ്ടി അച്ചടിമാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ച രീതിയില്‍ നിന്നും വരുംതലമുറയെ രക്ഷിക്കാനുള്ള അപൂര്‍വ്വാവസരമാണു് ഇങ്ങനെ ചെയ്യുന്നതു വഴി ബ്ലോഗര്‍മാര്‍ക്കു് കൈവന്നിരിക്കുന്നതു്. നിത്യേനെയെന്നോണം എഴുതിക്കൂട്ടുന്ന അനേകായിരം പേയ്ജുകളില്‍ ഇപ്പറഞ്ഞ രീതി ഉപയോഗിക്കുമ്പോള്‍ ഇന്നത്തെ തലമുറയിലും വരും തലമുറയിലും ഉള്ളവര്‍ക്കായി ഇതു് പ്രചരിപ്പിക്കുകയാണു് നാം യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതു്.

 2. അക്ഷരങ്ങള്‍ ലാഭിക്കാനും (അതുവഴി മഷി ലാഭിക്കാനും) റ്റൈപ്പു് സെറ്റിംഗു് വേഗതകൂട്ടാനും വേണ്ടി അദ്ധ്യാപകന്‍, വിദ്യാര്‍ത്ഥി എന്നീ വാക്കുകള്‍ യഥാക്രമം അധ്യാപകന്‍, വിദ്യാര്‍ഥി, എന്നിങ്ങനെയെഴുതുന്നതു് സാധാരണയാണല്ലോ. ശീലം കാരണം ഇങ്ങനെ എഴുതിവന്ന ഞാന്‍, ഇനി മുതല്‍ (മഷി ലാഭിക്കേണ്ടതില്ലാത്തതിനാല്‍) അദ്ധ്യാപകന്‍, വിദ്യാര്‍ത്ഥി എന്നിങ്ങനെ എഴുതുന്ന രീതിയിലേയ്ക്കു് തിരിച്ചു പോകുന്നു.

 3. മുകളില്‍ പറഞ്ഞ അതേകാരണങ്ങളാലാണു് (ദേശാഭിമാനിപ്പത്രം സ്ഥിരമായി ഉപയോഗിക്കാറുള്ളതു പോലെ) നര്‍മം, വര്‍ഗം, സ്വര്‍ഗം, നിര്‍ദേശം തുടങ്ങിയ വാക്കുകളില്‍ നിന്നും ഇരട്ടിപ്പു് ഉപേക്ഷിക്കപ്പെട്ടതു്. ഇരട്ടിപ്പു് ഇല്ലാതെ അര്‍ത്ഥം മനസ്സിലാവുന്നിടങ്ങളില്‍ ഇരട്ടിപ്പു് ഉപേക്ഷിക്കാനായിരുന്നു എനിക്കു് അദ്ധ്യാപകരില്‍ നിന്നു് കിട്ടിയ നിര്‍ദ്ദേശം. എന്നാല്‍ ഇനിമുതല്‍ ഇത്തരം വാക്കുകകളില്‍ നിര്‍ബ്ബന്ധമായും ഇരട്ടിപ്പുപയോഗിച്ചു് നര്‍മ്മം, വര്‍ഗ്ഗം, സ്വര്‍ഗ്ഗം, നിര്‍ദ്ദേശം എന്നിങ്ങനെ എഴുതാനാണു് ഞാനാഗ്രഹിക്കുന്നതു്.

ഇവയ്ക്കു പുറമേ, നമുക്കു് ചെയ്യാവുന്ന മറ്റു കാര്യങ്ങള്‍:
 1. ഉ, ഊ, ഋ എന്നീ സ്വരങ്ങള്‍ വ്യഞ്ജനങ്ങളോടു ചേരുമ്പോള്‍ പ്രത്യേക ലിപികള്‍ രൂപമെടുക്കുന്ന ഇന്നത്തെ രീതിയ്ക്കു പകരം, അവയ്ക്കു് പ്രത്യേക ചിഹ്നങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണു് മുകളില്‍ പറഞ്ഞ ഉത്തരവിലെ ഒന്നാമത്തെ നിര്‍ദ്ദേശം. പണ്ടുമുതല്‍ തന്നെ ഈ നിര്‍ദ്ദേശം എഴുത്തില്‍ ഞാന്‍ പ്രാവര്‍ത്തികമാക്കിയിരുന്നില്ല. അഞ്ജലി ഓള്‍ഡു് ലിപി പോലുള്ള ഫോണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കു് ഇതില്‍ പുതുമ തോന്നുകയുമില്ല. മൈക്രോസോഫ്റ്റിന്‍റെ കാര്‍ത്തിക ഫോണ്ടു് പഴയലിപിയാക്കാന്‍, മിക്കവാറും അസാദ്ധ്യമെങ്കിലും, എന്നാലാവുന്ന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നടത്തുന്നതാണു്. അതുപോലെ, നിങ്ങള്‍ ഫോണ്ടു ഡിസൈനറാണെങ്കില്‍, നിങ്ങള്‍ നിര്‍മ്മിക്കുന്ന പുതിയ മലയാളം ഫോണ്ടുകള്‍ പഴയലിപിയിലുള്ളവയാണെന്നു് ഉറപ്പുവരുത്തുക.

 2. രേഫം എന്‍‍കോഡു ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ആ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുക. എഴുതുമ്പോഴും ബാനറുകളും മറ്റും ഡിസൈന്‍ ചെയ്യുമ്പോഴും രേഫം ഉപയോഗിക്കാവുന്നിടത്തൊക്കെ അങ്ങനെ ചെയ്യുക. (ര്‍ എന്ന ചില്ലിനു പകരം അതുകഴിഞ്ഞു വരുന്ന അക്ഷരത്തിന്‍റെ മുകളില്‍ . ഇടുന്നതിനെയാണു് രേഫം ഉപയോഗിക്കുന്നു എന്നു പറയുന്നതു്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ടു്.)

 3. ക്ക, ങ്ക, ങ്ങ, ച്ച, ഞ്ച, ഞ്ഞ, ട്ട, ണ്ട, ണ്ണ, ത്ത, ന്ത, ന്ന, പ്പ, മ്പ, മ്മ, യ്യ, ല്ല, വ്വ എന്നീ കൂട്ടക്ഷരങ്ങളൊഴികെയുള്ളവ ചന്ദ്രക്കലയിട്ടു് പിരിച്ചെഴുതിയാന്‍ മതി എന്ന നിര്‍ദ്ദേശം പാലിക്കാതിരിക്കുക. ഇപ്പോള്‍ത്തന്നെ, ക്ത, ശ്ച, ച്ഛ, ദ്ധ, തുടങ്ങിയ കൂട്ടക്ഷരങ്ങള്‍ കാര്‍ത്തിക ഫോണ്ടില്‍ പോലുമുണ്ടല്ലോ.

 4. റ്റ-യുടെ ഇരട്ടിക്കാത്ത വര്‍ണ്ണമാണു് T എന്ന അക്ഷരത്തെ മലയാളീകരിക്കുമ്പോള്‍ ഉപയോഗിക്കേണ്ടുന്നത്. ഈ വര്‍ണ്ണം ഭാഷയിലുണ്ടെങ്കിലും മലയാള ലിപിയിലില്ല. അതിനാല്‍ അച്ചടിക്കാര്‍ സൌകര്യാര്‍ത്ഥം (വീണ്ടും മഷി, സമയം എന്നീ സൂചനകള്‍ ശ്രദ്ധിക്കുക) അതിനെ ടി എന്നു് മലയാളീകരിച്ചു. ഇത് ഒഴിവാക്കി, ടെലിവിഷന്‍, പി. ടി. ചാക്കോ എന്നൊക്കെ എഴുതുന്നതിനു പകരം റ്റെലിവിഷന്‍, പി. റ്റി. ചാക്കോ എന്നൊക്കെത്തന്നെ എഴുതിത്തുടങ്ങുക. (ലേഖകന്‍ ഈ രീതിയാണു് കാലങ്ങളായി അവലംബിച്ചു വരുന്നതു്.) എബി ജോണ്‍ വന്‍‍നിലം എഴുതിയ ഈ പോസ്റ്റുകൂടി വായിക്കുന്നതു് നല്ലതായിരിക്കും. (മുകളില്‍ സൂചിപ്പിച്ച ഉദാഹരണങ്ങള്‍ എബി ജോണിന്‍റേതാണു്.)

 5. അച്ചടി മാദ്ധ്യമങ്ങളിലെഴുതുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ ‘പഴയ ലിപി’യില്‍ അച്ചടിച്ചു വരണമെന്നു് ശഠിക്കുക. (അച്ചു നിരത്താത്ത ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തില്‍ ഇതു സാദ്ധ്യമാണല്ലോ!)
കേവലം പ്രതിഷേധത്തിനുപരി, അച്ചടിമാദ്ധ്യമങ്ങള്‍ക്കു വേണ്ടി വെട്ടിയെറിഞ്ഞ മലയാളലിപിയെ അതിന്‍റെ പൂര്‍ണ്ണ സൌന്ദര്യത്തില്‍ എത്തിക്കുവാന്‍ നിങ്ങളും ഈ നിര്‍ദ്ദേശങ്ങളില്‍ ചിലതെങ്കിലും പാലിക്കുമെന്നു് വിശ്വസിക്കട്ടെ. ശീലിച്ചതേ പാലിക്കൂ എന്നും ചൊട്ടയിലേ ശീലം ചുടല വരെ എന്നും പറയുന്നതു് എത്രത്തോളം ശരിയാണെന്നു് നോക്കണമല്ലോ!

31 പ്രതികരണങ്ങൾ:

 1. Inji Pennu

  ഉഗ്രന്‍ ലേഖനം!

  നല്ലത് ഇതെങ്ങിനെ നല്ലത് + ഉ എന്ന് എഴുതും?

 2. നിഷ്ക്കളങ്കന്‍

  സന്തോഷ്
  സ്വാഗ‌താര്‍ഹം. എനിയ്ക്കും ഈ "പ‌ത്രലിപി" കണ്ടുകൂടാ. ഒറിജി‌നാലിറ്റിയിലേയ്ക്ക് തിരിച്ചുപോകാം. :)
  അതുപോലെ കൂട്ടിയെഴുത്ത്.
  "മ‌ണിച്ചിത്രപ്പൂട്ട്" എന്നത് "മണിചിത്രപൂട്ട്" എന്നു മതിയോ. കുട്ടിക്കൃ(കൃ)ഷ്ണ‌മാരാരുടെ ആളാല്ലാത്ത കാരണം ഞാന്‍ ഇപ്പോഴും മ‌ണിച്ചിത്രപ്പൂട്ട് എന്നേ എഴുതാറുള്ളൂ.

 3. നിഷ്ക്കളങ്കന്‍

  ചോദിയ്ക്കാന്‍ വിട്ടു. ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ യൂണിക്കോഡിനെക്കുറിച്ചും ഫോണ്ട് ഡിസൈനിംഗിനെക്കുറിച്ചും ഒരു ലേഖന‌മുണ്ട്. വായിച്ചിരുന്നോ?

 4. സന്തോഷ്

  ഇഞ്ചീ: റ്റ്രാന്‍സ്‍ലിറ്ററേയ്ഷന്‍ കീബോഡു് ഉപയോഗിക്കുന്നവര്‍ നല്ലതു് എന്നെഴുതാന്‍ നല്ലതു + ~ ഇടുക.

  മൈക്രോസോഫ്റ്റു് മലയാളം കീബോഡാണുപയോഗിക്കുന്നതെങ്കില്‍ നല്ലതു് എന്നെഴുതാന്‍ vndnlgd എന്നീ കീ-കള്‍ അമര്‍ത്തുക.

  നിഷ്കളങ്കന്‍: മ‌ണിച്ചിത്രപ്പൂട്ടു് തന്നെ എനിക്കു പത്ഥ്യം. മാതൃഭൂമി ആഴ്ചപ്പതിപ്പു് കണ്ടില്ലല്ലോ. ആരാണു് ലേഖനം എഴുതിയിരിക്കുന്നതു്?

 5. santhoshtr

  നല്ല തീരുമാനം സന്തോഷ്.
  പഴയലിപി എന്നതിനു പകരം തനതു് ലിപി എന്നാവും കൂടുതല്‍ അഭിഗാമ്യം എന്നാണെന്റെ അഭിപ്രായം.
  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആണവചില്ലിനെതിരെ ലേഖനമെഴുതിയിരിക്കുന്നതു് ഡോ: മഹേഷ് മംഗലാട്ടു് മാഷാണു്. സമയം ലഭിക്കുകയാണെങ്കില്‍ ഞാന്‍ സ്കാന്‍ ചെയ്തു് എന്റെ ബ്ലോഗില്‍ പോസ്റ്റാം.
  ഇഞ്ചിപ്പെണ്ണു്,
  inji penn എന്നതിനു പകരം inji pennu എന്നെഴുതുന്നതിന്റെ ലോജിക് ആലോചിച്ചിട്ടുണ്ടോ ? :)
  മൊഴിയില്‍ തു്= thu~
  സ്വനലേഖയില്‍: ചന്ദ്രക്കലയിട്ടാല്‍ കഴ്സറിനു താഴെവരുന്ന മെനുവില്‍ സംവൃതോകാരം സജഷനായി വരും.

 6. Sebin Abraham Jacob

  മലയാളം തനതുലിപിയില്‍ എഴുതുന്ന ഒരാളെന്ന നിലയിലും കുറേക്കാലമായി കമ്പ്യൂട്ടര്‍ എഴുത്തിലും തനതുലിപി പിന്തുടരുന്ന ഒരാളെന്ന നിലയിലും ഈ തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. രേഫം തിരികെ കൊണ്ടുവരണമെന്ന വാദത്തിനോടും നൂറുശതമാനം യോജിക്കുന്നു.

 7. സ്വാര്‍ത്ഥന്‍

  വളരെ ബോധിച്ചു...

  മാതൃഭൂമിയില്‍ വന്ന ലേഖനം മെയില്‍ ചെയ്തിട്ടുണ്ടു്, ആവശ്യമെങ്കില്‍ പോസ്റ്റുക

 8. ശ്രീ

  നല്ല്ല തീരുമാനം.
  :)

 9. ഡാലി

  71 ലെ ലിപി പരിഷ്കരണത്തിനു ശേഷം പഠിച്ചീട്ടും എന്റെ എഴുത്തില്‍ അതിനും മുന്‍പത്തെ ലിപി തന്നെ വന്നു എന്നു് ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി. സംവൃതോകാരത്തിനു് ചന്ദ്രക്കല മാത്രം ഇടുന്നതും രേഫം ഉപയോഗിക്കാത്തതും ഒഴിച്ചു് ബാക്കി കാര്യങ്ങള്‍ എല്ലാം പഴയ ലിപി ആയിരുന്നു. റ്റെലിവിഷനും, ടെലിവിഷനും മാറി മാറി ഉപയോഗിച്ചിരുന്നു. ഇപ്പോ അതിനും ഒരു തീരുമാനമായി.
  ഒരു സംശയം. നമ്മള്‍ കൌമുദി എന്നു് എഴുതുന്നതു് പഴയതാണോ? കെട്ടുപുള്ളി ഇല്ലാത ‘കൌ‘ ആണു് ശീലിച്ചിരുന്നതു്. വരമൊഴിയില്‍ കെട്ടുപുള്ളിയില്ലാതെ കൌ എഴുതാന്‍ കഴിയില്ല എന്നതു് ആദ്യം ഒരു കല്ലുകടിയായിരുന്നു.

 10. നിഷ്ക്കളങ്കന്‍

  സന്തോഷ് ലേഖനം ദാ ഇവിടെ ഇട്ടിട്ടുണ്ട്. സ്കാന‌ര്‍ ഇല്ലായിരുന്നു. ഫോട്ടോയെടുത്താണ്.
  ഇന്റര്‍നെറ്റും യൂനിക്കോഡും മ‌ല‌യാള‌ഭാഷാപ്രശ്ന‌ങ്ങ‌ളും-ഡോ: മ‌ഹേഷ് മംഗ‌ലാട്ട്

 11. സിബു::cibu

  പുതിയ ലിപിയോട് ബഹുമാനമുള്ള ഒരാളാണ് ഞാന്‍. കുട്ടികളെ പഠിപ്പിക്കുന്നതും അതുതന്നെ. എന്നാലും എഴുതുന്നത്‌ ശീലം കൊണ്ട് പഴയലിപിയാണ്. അതില്‍ തന്നെയും സ്പെല്ലിംഗില്‍ പുതിയത്‌ തന്നെയേ ഉപയോഗിക്കാറുള്ളൂ. അതായത്‌, സംവൃതോകാരത്തിന് ചന്ദ്രക്കലമാത്രം; ‘സ്വര്‍ഗ’ത്തിന് ഒരു ‘ഗ’ യും ‘ര്‍’ എന്ന ചില്ലും. എന്നിങ്ങനെ. പഴയലിപിയോട് ഇഷ്ടമുള്ള ധാരാളം പേരെ ബ്ലോഗുകളില്‍ കാണാറുണ്ട്. എന്നാല്‍ എന്നേപ്പോലുള്ളവരാരെങ്കിലും ഉണ്ടോ? കാമ്പേനിംഗിനല്ല; വെറുതെ ഒന്നറിഞ്ഞിരിക്കാനാണ്.

 12. സന്തോഷ്

  ഡോ. മംഗലാട്ടിന്‍റെ ലേഖനം ഈ ലിങ്കില്‍ നിന്നും വായിച്ചു. അതു് സ്കാന്‍ ചെയ്തയച്ചു തന്ന നിഷ്ക്കളങ്കനും സ്വാര്‍ത്ഥനും നന്ദി.

  സന്തോഷ്: തനതു ലിപി എന്ന പ്രയോഗം വേണോ എന്നു് സംശയമുണ്ടു്. അപ്പോള്‍ ഗ്രന്ഥാക്ഷരങ്ങളില്‍ നിന്നുരിഞ്ഞുവന്ന ആദിമലയാള ലിപിയെ നാം എന്തു വിളിക്കും?

  ഡാലി, എഴുത്തില്‍ ഞാനും മിക്കപ്പോഴും പഴയ ലിപിയാണു് ഉപയോഗിച്ചിരുന്നതു്. അവള്‍ക്കു് അവനു് എന്നൊക്കെത്തന്നെ എഴുതിയിരുന്നു. (ക്കു്, ന്നു്, ണു് എന്നിവ അവസാനം വരുന്ന വാക്കുകള്‍ പ്രത്യേകിച്ചും.) ബ്ലോഗില്‍ മാത്രമാണു് സം‌വൃതോകാരത്തിനു് ചന്ദ്രക്കല മാത്രമായത്.

  ൌ ചിഹ്നം ആദ്യമൊക്കെ വല്ലായ്മയ്ക്കു് കാരണമായെങ്കിലും ഇപ്പോള്‍ ശീലമായി:)

  ശ്രീ, സെബിന്‍: നന്ദി.

  സിബൂ: ആശംസകള്‍!

 13. ViswaPrabha വിശ്വപ്രഭ

  തനതുലിപിയും ‘പുതിയ’ ലിപിയും കൂടി അങ്ങോട്ടുമിങ്ങോട്ടും പിടിച്ചുവലിച്ചു് വശംകെട്ടുപോയ വിദ്യാര്‍ത്ഥികളുടെ ഒരു തലമുറയിലാണു് എന്റെ പേരേടു്.

  3-‌ാം ക്ലാസ്സു് വരെ തനതുലിപിയില്‍ വായിക്കുകയും എഴുതുകയും ചെയ്തു. നാലില്‍ പാഠപുസ്തകങ്ങളൊക്കെ ‘പുതിയ’ലിപിയിലാണു് അച്ചടിച്ചുവന്നതു്. (അതിനുശേഷം എല്ലാ വര്‍ഷവും ഞങ്ങള്‍ ജയിച്ചുപോവുന്നതിനനുസരിച്ചു് ലിപിയും ഞങ്ങളോടൊപ്പം മാറിക്കൊണ്ടിരുന്നു. തൊട്ടുതാഴെയുള്ള ക്ലാസ്സുകള്‍ക്കു് തുടക്കം മുതലേ പുതിയ ലിപി ആയിരുന്നു എന്നു തോന്നുന്നു. മേലെ ക്ലാസ്സുകളില്‍ പഴയതും!) നാലില്‍ മലയാളം പഠിപ്പിക്കാന്‍ നേരം മാഷമ്മാര്‍ക്കും റ്റീച്ചര്‍മാര്‍ക്കുമായിരുന്നു ഞങ്ങളേക്കാള്‍ കണ്‍ഫ്യൂഷന്‍. എന്തായാലും ഞങ്ങളുടെ കൊല്ലക്കാര്‍ക്കു് ഒരു കണ്‍സഷന്‍ ഉണ്ടായിരുന്നു. ഇഷ്ടമുള്ളതുപോലെ പഴയലിപിയിലോ പുതിയ ലിപിയിലോ അതോ ഇടകലര്‍ത്തിയോ എഴുതാം. കൈയെഴുത്തുപുസ്തകത്തില്‍ പോലും ഒരു വ്യവസ്ഥയുമില്ലായിരുന്നു!


  NBS, കറന്റ്, മംഗളോദയം, ആമിന ബുക്ക് സ്റ്റാള്‍ ഒക്കെ അപ്പോഴും പഴയലിപിയില്‍ തന്നെ. (പത്രങ്ങളില്‍ മനോരമയാണു് ആദ്യം പുതിയ ലിപി കൊണ്ടുവന്നതു്. 1975?). അക്കാലത്തായിരുന്നു ഏറ്റവും അധികം പുസ്തകം വായിക്കുകയും ചെയ്തിരുന്നതു്. പുതുമഴയത്തെ മലവെള്ളം പോലെ അക്ഷരങ്ങള്‍ കണ്ണുകളിലൂടെ ബോധധാരയിലേക്കു് കൂലംകുത്തി ഒഴുകിയിറങ്ങി. അവയുടെ രൂപങ്ങള്‍ തലച്ചോറിനുള്ളില്‍ സ്വയമേവ കൊത്തിവെയ്ക്കപ്പെട്ടു. അതുകൊണ്ടുതന്നെ തനതുലിപിയിലാണെന്റെ മലയാളപ്പെണ്ണിന്റെയുടയാട മുഴുവനും. പുതിയലിപിയെ ഒരിക്കലും അംഗീകരിക്കാന്‍ തോന്നിയിട്ടില്ല. എക്സ്പ്രസ്സ്, മാതൃഭൂമി തുടങ്ങിയവയുടെ (മോണോഗ്രാം/ലോഗോ പോലുള്ള) നീട്ടിവളച്ചെഴുതിയ പേരിന്റെ വടിവും നോക്കി എത്രയോ മണിക്കൂറുകള്‍ ഇരുന്നിട്ടുണ്ടാവണം അന്നൊക്കെ.

  എങ്ങാനും സിബു പഠിച്ചതു് ഇംഗ്ലീഷ് മീഡിയത്തിലോ മറ്റോ ആണോ? പലപ്പോഴും ഇന്നത്തെ കുട്ടികളോടു് അവര്‍ വായിക്കാനോ എഴുതാനോ ഇഷ്ടപ്പെടുന്ന ലിപിയെക്കുറിച്ചു് ചോദിക്കുമ്പോള്‍ അത്ഭുതകരമായിത്തോന്നും അവരുടെ മറുപടി. മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍ക്കു് (പലര്‍ക്കും) ഇപ്പോഴും തനതുലിപി തന്നെ പഥ്യം! പക്ഷേ ഇംഗ്ലീഷ് മീഡിയത്തില്‍ എഴുത്തു തുടങ്ങിവെച്ചവര്‍ക്കു് സാമാന്യേന ആഭിമുഖ്യം കുറവും. തുടക്കത്തിലേ പരിചയപ്പെട്ട എഴുത്തനുഭവമായിരിക്കാം ഇത്തരം വ്യത്യാസങ്ങള്‍ക്കു കാരണം.

  ഗൂഗിള്‍ സ്പ്രെഡ്ഷീറ്റില്‍ ഒരു പുതിയ ഫീച്ചര്‍ ചേര്‍ത്തിട്ടുണ്ട്. ഫോംസ്. അതുവെച്ച് ഒരു വോട്ടു ശേഖരണം പരീക്ഷിച്ചാലോ?

  സന്തോഷിന്റെ ഈ സമരം കൊള്ളാം. എന്നുമാത്രമല്ല, പരിപൂര്‍ണ്ണമായും ന്യായീകരിക്കാവുന്ന ഒരു തത്വശാസ്ത്രവും ഇതിലുണ്ടു്.
  ചിരകാലമായുള്ള അശ്രദ്ധ ശീലമായി മാറിയതിനാല്‍ എത്ര സമയം വേണ്ടിവരും എന്നറിയില്ല എനിക്കും മുഴുവനായും ഇങ്ങനെയൊരു ചുവടുമാറ്റം നടത്താന്‍. എന്തായാലും ഇന്നുമുതല്‍ അശ്രദ്ധയും അലസതയും കുറച്ചു് പരമാവധി സാവകാശമെടുത്ത്
  (1)സംവൃതോകാരത്തിനു് അതിനര്‍ഹതപ്പെട്ട കുനിപ്പും മീത്തലും (യഥാര്‍ത്ഥത്തില്‍ അതും പോര, ആരെങ്കിലുമുണ്ടോ നമുക്കൊരു പുതിയ ലിപിരൂപം തന്നെ കണ്ടുപിടിക്കാം!)
  (2)ചില്ലപ്പുറത്തിരട്ടിപ്പും
  (3)വേണ്ടിടത്തൊക്കെ അതിഖരത്തിനു ഖരവും ഘോഷത്തിനു മൃദുവും
  കൊടുക്കാന്‍ ശ്രദ്ധിക്കുന്നതായിരിക്കും.

  കൂടാതെ,

  1. നന്‍‌മ, നന്‌ മ എന്നീ രൂപഭേദങ്ങളെ അക്ഷന്തവ്യമായ അക്ഷരത്തെറ്റായി കണക്കാക്കുകയും നന്മ എന്നു മാത്രം എഴുതുകയും അംഗീകരിക്കുകയും ചെയ്യും. 1970-കാലം മുതല്‍ മാത്രം തുടങ്ങിവെച്ച ഇത്തരം അക്ഷരത്തെറ്റുകളെ ഒഴിവാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കും.


  2.നന്‍‌മകള്‍ എന്നാല്‍ നല്ല മകള്‍ എന്നും നന്മകള്‍ എന്നാല്‍ നന്മ എന്നതിന്റെ ബഹുവചനമായും വായിക്കും.

  3. ക്ഌപ്തമായും ഉപയോഗിക്കേണ്ട സ്വരചിഹ്നങ്ങളെ ൠ (ഓര്‍മ്മ) വിടാതെ ൠ (ആക്ഷേപം) ഭയക്കാതെ ഋദ്ധമായിത്തന്നെ ഉപയോഗിക്കും.

  എന്തായാലും, സ്വല്‍പ്പം വൈകിയാണെങ്കിലും, എബിയുടേയും സോമനാഥന്റേയും ലേഖനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നറിഞ്ഞ് സന്തോഷം തോന്നുന്നു.

 14. സിബു::cibu

  “ഗൂഗിള്‍ സ്പ്രെഡ്ഷീറ്റില്‍ ഒരു പുതിയ ഫീച്ചര്‍ ചേര്‍ത്തിട്ടുണ്ട്. ഫോംസ്. അതുവെച്ച് ഒരു വോട്ടു ശേഖരണം പരീക്ഷിച്ചാലോ?“

  അങ്ങനെ വോട്ടൊന്നും വേണമെന്ന്‌ തോന്നുന്നില്ല. പുതിയലിപിയുടെ കോളത്തില്‍ ഒരുവോട്ടേ വീഴാന്‍ വഴിയുള്ളൂ..

  “എങ്ങാനും സിബു പഠിച്ചതു് ഇംഗ്ലീഷ് മീഡിയത്തിലോ മറ്റോ ആണോ?“
  അല്ലേ അല്ല. ഞാന്‍ പറഞ്ഞല്ലോ ഞാനെഴുതുന്നത്‌ പഴയലിപി തന്നെയാണ് ഇപ്പോഴും എന്ന്‌. നമുക്കെല്ലാവര്‍ക്കും നമ്മുടെ നൊസ്റ്റാള്‍ജിയയോടാണല്ലോ താല്പര്യം. (എനിക്ക് നൊസ്റ്റാള്‍ജിയ കുറച്ച്‌ കുറവാണെന്ന്‌ കൂട്ടിക്കോളൂ.) പഴയലിപി വേണം എന്നുപറയുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തെ ലിപിയല്ലല്ലോ ഉദ്ദേശിക്കുന്നത്‌. നമ്മല്‍ ചെറുപ്പത്തില്‍ പരിചയിച്ച ആ ഒരു ലിപിയല്ലേ.

 15. santhoshtr

  സന്തോഷ് , ആ ചില്ലക്ഷരം ഉപയോഗിച്ചെഴുതുന്ന ന്‍റെ [ന്‍+റെ]മാറ്റി ന്റെ [ന്+റെ]എന്നുകൂടി എഴുതിത്തുടങ്ങിയിരുന്നെങ്കില്‍....

  പിന്നെ ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലെഴുതുമ്പോള്‍ സംവൃതോകാരം അവസാനം ഉപയോഗിക്കേണ്ടതുണ്ടോ?
  ഉദാഹരണം:
  കീബോര്‍ഡ്-കീബോര്‍ഡു്
  മൈക്രോസോഫ്റ്റ്-മൈക്രോസോഫ്റ്റു്
  റാല്‍മിനോവ് ഇതിനേപ്പറ്റി ഒരു പോസ്റ്റിട്ടിരിയ്ക്കുന്നു, ഇവിടെ

  സിബു: പുതിയലിപിയുടെ കോളത്തില്‍ ഒരുവോട്ടേ വീഴാന്‍ വഴിയുള്ളൂ...
  :)

  പ്രത്യയത്തിലുള്ള ഇരട്ടിച്ച ‘ക’യ്ക്ക് മുമ്പ് യകാരം ചേര്‍ക്കുന്നതിനേപ്പറ്റി നിങ്ങളുടെയൊക്കെ അഭിപ്രായമെന്താണു്?
  അതായതു്:
  ഇരിക്കുന്നു: ഇരിയ്ക്കുന്നു
  സംസാ‍രിക്കുന്നു: സംസാരിയ്ക്കുന്നു
  വരക്കുന്നു:വരയ്ക്കുന്നു
  കുരക്കുന്നു;കുരയ്ക്കുന്നു
  എന്നിങ്ങനെ...
  നാണം മറക്കലാണോ നാണം മറയ്ക്കലാണോ എന്നാരോ ചോദിച്ചതു് ഓര്‍മ്മ വരുന്നു!

  വിപ്ലവാഭിവാദ്യങ്ങള്‍...!

 16. keralafarmer

  വെച്ച് വിളമ്പിത്തരുന്നത് തിന്ന് ശീലിച്ച ഞാന്‍ പലതും ഉപയോഗിച്ച് അവസാനം ഇന്‍സ്ക്രിപ്റ്റില്‍ അഭയം തേടി. പല ഇന്‍ഡ്യന്‍ ഭാഷകളും ഒരേരീതിയില്‍ ടൈപ്പ് ചെയ്യുവാന്‍ ഉത്തമം. പഴയ ലിപിയില്‍ പഠിത്തം മുഴുവന്‍ ആയിരുന്നു. ഇപ്പോഴും വെട്ടിമുറിക്കപ്പെട്ട മലയാളത്തെക്കാള്‍ പഴയ ലിപി ഇഷ്ടപ്പെടുന്നു.

 17. സന്തോഷ്

  ചില്ലക്ഷരം ഉപയോഗിച്ചെഴുതുന്ന ന്‍റെ എന്തിനാണ് മാറ്റുന്നതെന്നു് മനസ്സിലായില്ല. റ്റയുടെ ഇരട്ടിക്കാത്ത വര്‍ണ്ണമാണല്ലോ അവിടെ ഉപയോഗിക്കേണ്ടതു്. അതു് ലിപിയിലില്ലാത്തതിനാല്‍ റ-യുമായി മാറിപ്പോവാതിരിക്കാന്‍ ന്‍റ എന്നു തന്നെ (ചില്ലിന്‍റെ അടിയില്‍ റ) എഴുതുന്നതാണു് അഭികാമ്യം.

  ഇംഗ്ലീഷ് വാക്കുകള്‍ അതാതിന്‍റെ ഉച്ചാരണമനുസരിച്ചാണു് മാറ്റേണ്ടതു്. റാല്‍മിനോവ് പറഞ്ഞതിനോടു് പൂര്‍ണ്ണമായും യോജിക്കുന്നു. കീബോഡ്, മൈക്രോസോഫ്റ്റ് എന്നിങ്ങനെയാണു് വേണ്ടത്.

  ഇരട്ടിച്ച ക-യ്ക്കു മുമ്പു് യ-കാരം വേണോ എന്നു തീരുമാനിച്ചിരുന്നതു് ഒരു ലളിതമായ നിയമം വച്ചായിരുന്നു. ക്ക-യ്ക്കു മുമ്പു് ഇ കാരം വന്നാല്‍ എഴുതുമ്പോള്‍ യ-കാരം ചേര്‍ക്കേണ്ടതില്ല. അതുപ്രകാരം, ഇരിക്കുന്നു, സംസാ‍രിക്കുന്നു എന്നു പറയുന്നതാണു് ശരി.

  ഈ അടുത്ത കാലത്തു് ഡോ. കെ. വി. തോമസിന്‍റെ ‘ആധുനിക മലയാള ശൈലി’ എന്ന പൂസ്തകത്തില്‍ വായിച്ചതനുസരിച്ചു്, ഒരു നിയമം കൂടി പാലിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടു്:

  ക്ക വരുന്ന ക്രിയകളുടെ ഭൂതകാലരൂപം നോക്കുക. ഭൂതകാലരൂപം ച്ചു എന്നതിലാണു് അവസാനിക്കുന്നതെങ്കില്‍ അത്തരം ക്രിയകള്‍ യ-കാരത്തോടെ ഉച്ചരിക്കുകയും എഴുതുകയും വേണം.

  അങ്ങനെ വരുമ്പോള്‍ അടക്കുക ആണോ അടയ്ക്കുക ആണോ ശരി എന്നതു് സാന്ദര്‍ഭികമായി മാറി വരും. ‘കോപം അടക്കുക’ എന്നതാണു് വാചകമെകില്‍ ക്രിയയുടെ ഭൂതകാലരൂപം അടക്കി എന്നതാണല്ലോ. അതിനാല്‍ അടക്കുക മതി. എന്നാല്‍ നികുതി അടക്കുക എന്നതില്‍ ക്രിയയുടെ ഭൂതകാല രൂപം അടച്ചു എന്നായതിനാല്‍ (ച്ചു വില്‍ അവസാനിക്കുന്നതിനാല്‍) നികുതി അടയ്ക്കുക എന്നുതന്നെ പറയണം.

  ഈ നിയമമനുസരിച്ചു്, വരയ്ക്കുന്നു, കുരയ്ക്കുന്നു, (നാണം) മറയ്ക്കുന്നു, (പഠിക്കാന്‍) മറക്കുന്നു എന്നൊക്കെ വേണം പറയാന്‍.

 18. സന്തോഷ്

  ചിന്തോദ്ദീപകമായ കമന്‍റിട്ടതിനു് വിശ്വത്തിനു് നന്ദി പറഞ്ഞില്ലെങ്കില്‍ അതു് മഹാപരാധമാണു്. നന്ദി, വിശ്വം.

 19. santhoshtr

  ന്റ സന്തോഷിനു ശരിയായി കാണുന്നതു് കാര്‍ത്തിക ഫോണ്ടുപയോഗിയ്ക്കുന്നതുകൊണ്ടായിരിയ്ക്കാം. മീര, രചന എന്നിവയില്‍ ന്‍‌‌റ (ചില്ലിന്റെ അടിയില്‍ അല്ല) എന്നാണു് കാണുന്നതു്.

  "പ്രത്യയാദിക്കകാരത്തിന്‍
  മുന്‍പും താലവ്യയാഗമം"
  എന്ന കേരളപാണിനീയത്തിലെ നിയമമാണു് എന്നെ ആശയക്കുഴപ്പത്തിലാക്കുന്നതു്.
  താലവ്യസ്വരങ്ങള്‍ക്കു ശേഷം യകാരം വരുമെന്നാണു് പറയുന്നതു്.
  ഉദാഹരണം പറഞ്ഞിരിയ്ക്കുന്നതു് തലയ്ക്ക്, വലയ്ക്കുന്നു, തലയ്ക്കല്‍, ചിരിയ്ക്കുന്നു, ഹരിയ്ക്കുന്നു എന്നൊക്കെയാണു്.
  താലവ്യസ്വരം മുന്നില്‍ വരാത്തതുകാരണം കുറുക്കുന്നു, വെറുക്കുന്നു എന്നും. ഇതിലെല്ലാം ക്കയ്ക്ക് മുന്‍പ് വന്നിരിയ്ക്കുന്നതു് ഓഷ്ഠ്യ സ്വരമാണു്.

 20. Ralminov റാല്‍മിനോവ്

  നൊസ്റ്റാള്‍ജിയയ്ക്കു് വേണ്ടി സംവൃതോകാരം ഉപയോഗിക്കേണ്ടതില്ല (ഉപയോഗിയ്ക്കേണ്ടതില്ല (ഉപയോഗിച്ചു) എന്നാണല്ലേ സന്തോഷ് ? ഇംഗ്ലിഷ് മീഡിയത്തിലാണു് പഠിച്ചതു്.). കാര്യങ്ങള്‍ക്കു് വ്യക്തത വരുത്താന്‍ പറ്റുന്ന എന്തും നാമുപയോഗിക്കാറില്ലേ ? ഹൈഫന്‍, അണ്ടര്‍സ്കോര്‍...
  അംബിഗസ് ഓവര്‍ലോഡിങ് ഏതു് പ്രോഗ്രാമിങ് വ്യവസ്ഥയാണു് അംഗീകരിച്ചിട്ടുള്ളതു് ?
  അതിനാല്‍ ചന്ദ്രക്കല മാത്രമിട്ടു് സംവൃതോകാരമുണ്ടാക്കുന്ന സൂത്രത്തെ നമുക്കു് തള്ളിക്കളയാം. കാറ്റ് കാറ്റു് എന്നിവ വ്യത്യസ്തങ്ങളാണെന്നു് തിരിച്ചറിഞ്ഞു് വായിച്ചുപഠിക്കാം.

 21. Umesh::ഉമേഷ്

  സന്തോഷ് T.,

  അ താലവ്യമല്ല, കണ്ഠ്യമാണു്.

  അകുഹവിസര്‍ജ്ജനീയാനാം കണ്ഠ്യഃ : അ, കവര്‍ഗ്ഗം, വിസര്‍ഗ്ഗം ഇവ കണ്ഠ്യം.

  ഇചുയശാനാം താലവ്യഃ : ഇ, ചവര്‍ഗ്ഗം, യ, ശ ഇവ താലവ്യം.

  എബിയുടെ ഈ പട്ടികയില്‍ ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ടു്.

  പോസ്റ്റിലെ പ്രധാനവിഷയത്തെപ്പറ്റി എനിക്കു് ഒരു പോസ്റ്റു തന്നെ എഴുതാനുണ്ടു്. അതിനാല്‍ ഇവിടെ ഒന്നും എഴുതുന്നില്ല :)

 22. Umesh::ഉമേഷ്

  സന്തോഷ് T.,

  "പ്രത്യയാദിക്കകാരത്തിന്‍
  മുന്‍പും താലവ്യയാഗമം"

  എന്നു വെച്ചാല്‍ അകാരത്തിനു മുമ്പു് (ഇടത്തു വശത്തു്) എന്നല്ലേ അര്‍ത്ഥം? “രമയ്ക്കു്” എന്നതിലെപ്പോലെ? താലവ്യസ്വരത്തിനു ശേഷം എന്നല്ലല്ലോ.

  കേരളപാണിനീയം ഇപ്പോള്‍ കയ്യിലില്ല. നോക്കിയിട്ടു പറയാം.

 23. ഹരിത്

  നല്ല ഇന്‍ഫര്‍മേറ്റീവ് ആയ പോസ്റ്റ്. ഈ വിഷയത്തില്‍ നിരക്ഷരരായ എന്നെപ്പോലെ ഉള്ളവര്‍ക്കു വേണ്ടി വിഭിന്ന ഫോണ്ടുകള്‍ക്കു് സന്തോഷ് നിര്‍ദ്ദേശിക്കുന്ന എഴുത്തു്രീതി ഒരു താലികയാക്കി പോസ്റ്റ് ചെയ്‌തുകൂടേ? വളരെ ഉപയോഗപ്രദമായിരിക്കും ഇപ്പോഴും ‘ന്‍റെ’എന്നു നേരേചൊവ്വേ എഴുതാന്‍ പറ്റാത്ത ഞങ്ങള്‍ക്കു്.

 24. സന്തോഷ്

  റാല്‍മിനോവ്: ഉപയോഗിക്കുന്നു എന്നാണ് വേണ്ടതു്, ഉപയോഗിയ്ക്കുന്നു എന്നല്ല. ഇതിനു കാരണം ക്ക-യ്ക്കു മുമ്പു് ഇ കാരം വന്നാല്‍ എഴുതുമ്പോള്‍ യ-കാരം ചേര്‍ക്കേണ്ടതില്ല എന്ന ഒന്നാം നിയമം തന്നെ.

  കേരളപാണിനീയം എന്‍റെ കയ്യിലില്ല. ഉള്ളവര്‍ സഹായിക്കണം.

 25. Umesh::ഉമേഷ്

  ഉച്ചരിക്കുമ്പോള്‍ “എ” പോലെ ഉച്ചരിക്കുന്ന “അ”യും കേരളപാണിനി താലവ്യമായി കണക്കാക്കുന്നുണ്ടു്. (കേരളപാണിനീയം പീഠിക നാലാം ഭാഗം, 41-)ം ഖണ്ഡം) “തലയില്‍” എന്നു നമ്മള്‍ ഉച്ചരിക്കുന്നതു് “തലെയില്‍” എന്നല്ലേ? ഇങ്ങനെയുള്ള അകാരത്തെ താലവ്യമായി കണക്കാക്കണം (എകാരം കണ്ഠ്യതാലവ്യമാണു്.) ഇത്തരം അകാരവും പിന്നെ ഇകാരവും സന്ധിയില്‍ യകാരത്തെ ഉണ്ടാക്കുന്നു. താലവ്യസ്വരത്തിനു (ഇ, മുമ്പു പറഞ്ഞ അ) പിന്നില്‍ വരുന്നതു പ്രത്യയം ആണെങ്കില്‍ അതിന്റെ ആദ്യമുള്ള ക്കയ്ക്കു മുമ്പു യ ഉണ്ടാകും എന്നര്‍ത്ഥം.

  ഞാന്‍ മുകളില്‍ അവസാനം എഴുതിയ കമന്റില്‍ തെറ്റുണ്ടു്. പ്രത്യയാദി+ക്കകാരത്തിന്‍ എന്നാണു കാരിക. അതിനെ പ്രത്യയാദിക്കു് + അകാരത്തിന്‍ എന്നു ധരിച്ചുപോയി. പുസ്തകം വായിച്ചപ്പോള്‍ മനസ്സിലായി.

  ഇവയെ ഉച്ചരിച്ചു നോക്കാതെ ഘടന കൊണ്ടു കാര്യം കമ്പ്യൂട്ടറിനെക്കൊണ്ടു മനസ്സിലാക്കിക്കേണ്ട സ്പെല്‍ ചെക്കര്‍ നിര്‍മ്മാതാവിന്റെ ജോലി അത്യന്തം ദുഷ്ക്കരം തന്നെ!

 26. വഴിപോക്കന്‍

  വായിക്കാനായി ഒരു ശ്രമം നടത്തി. പക്ഷെ യീ ലോല ഹൃദയനു താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ അപ്പുരതാണിത്. പരീക്ഷക്ക്‌ ചെയ്യുന്ന മാതിരി മൊഡ്യൂള്‍ വിട്ടു.....

 27. പേര്.. പേരക്ക...!

  കുറച്ചു ബുദ്ധിമുട്ടാണെങ്കിലും ഇനി നല്ലതു് എന്നു തന്നെ എഴുതി ശീലിക്കാം.
  ലേഖനം മികച്ചതു്!!

 28. Science Uncle - സയന്‍സ് അങ്കിള്‍

  സന്തോഷ് മാഷേ..
  മൈക്രോസോഫ്റ്റ് കീബോര്‍ഡ് എന്നു പറയുന്നെങ്കിലും അറബിക് കീബോര്‍ഡ് പോലെ ഇന്‍ഡ്യന്‍ ഭാഷകള്‍ക്ക് ഒരു ഹാര്‍ഡ്‌വെയര്‍ കീബോര്‍ഡ് കാണുന്നില്ലല്ലോ! കീയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചുള്ള പരിപാടി നിര്‍ത്തി ആര്‍ക്കെങ്കിലും ഒന്നിറക്കിക്കൂടേ? മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ മലയാളം സന്നിവേശിപ്പിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടൈപ്പ് ചെയ്യാന്‍ കീബോര്‍ഡ് എവിടെ? കീമാന്‍ തന്നെ ശരണം! മലയാള ഭാഷയെ ഇങ്ങനെ അരുകൊല നടത്തണോ?

 29. Anonymous

  http://www.malayalamresourcecentre.org/Mrc/literature/keralapaanineeyam/panineeyam.html യില്‍ കേരളപാണിനീയം ഉണ്ടെന്നു തോന്നുന്നു. എന്റെ കയ്യില്‍ ഫോണ്ട് ഇല്ലാത്തതിനാല്‍ വായിക്കാന്‍ കഴിയുന്നില്ല.

 30. സന്തോഷ്

  കേരളപാണിനീയത്തിന്‍റെ ലിങ്കിനു നന്ദി. ആവശ്യമായ ഫോണ്ടു് ഇവിടെയുണ്ടു്.

 31. Sebin Abraham Jacob

  സയന്‍സ് അങ്കിള്‍,

  സാധ്യതയുള്ള ഒരു കാര്യമാണു് മലയാളം കീബോര്‍ഡ് (ഹാര്‍ഡ്‌വെയര്‍) പുറത്തിറക്കുക എന്നതു്. എന്നാല്‍ മാനകമായ ഏതെങ്കിലും കീബോര്‍ഡ് ലേഔട്ട് അംഗീകരിച്ചുകൊണ്ടു് മാത്രമേ അതു നടക്കൂ. സി-ഡാക്‍ ഇന്ത്യന്‍ ഭാഷകള്‍ക്കായി വികസിപ്പിച്ച ഇന്‍സ്ക്രിപ്റ്റിനെ തള്ളിക്കളഞ്ഞുകൊണ്ടു് മംഗ്ലീഷ് കീബോര്‍ഡാണു് ഇന്നു് ഓണ്‍ലൈന്‍ മലയാള വ്യവഹാരങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നതു്. ഈ അവസ്ഥ മാറണമെങ്കില്‍ സ്കൂള്‍ തലത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ തന്നെ മലയാളം മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കുട്ടികളെ പഠിപ്പിച്ചാലേ മതിയാവൂ. ഇന്‍സ്ക്രിപ്റ്റിന്റെ വിപുലീകൃത ലിപിവിന്യാസ പ്രകാരം റാല്‍മിനോവ് ഒരു കീബോര്‍ഡ് ലേഔട്ട് ഡിസൈന്‍ ചെയ്തിട്ടുണ്ടു്. കൂട്ടക്ഷരങ്ങളും മറ്റും ഒറ്റ കീസ്ട്രോക്കില്‍ ലഭിക്കുന്നു എന്ന സൌകര്യവും മലയാള അക്ഷരങ്ങള്‍ അതായി തന്നെ കീ-ഇന്‍ ചെയ്യാമെന്ന പ്രത്യേകതയും ഇതിനുണ്ടു്. അതായതു് യന്ത്രത്തിനു് വേണ്ടി നമ്മള്‍ ട്രാന്‍സ്ലിറ്ററേഷന്‍ നടത്തേണ്ട കാര്യമില്ല. (കീമാന്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ മലയാളം ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ചു് എഴുതുന്നു. അതു് ഒന്നാമത്തെ ട്രാന്‍സ്ലിറ്ററേഷന്‍! യന്ത്രം അതു് മലയാളത്തിലേക്കാക്കുന്നു. അതു് രണ്ടാമത്തെ ട്രാന്‍സ്ലിറ്ററേഷന്‍! സാങ്കേതികമായി ഞാന്‍ ഈ പറഞ്ഞതു് ശരിയല്ലായിരിക്കാം. എന്നാലും ഫലത്തില്‍ അങ്ങനെതന്നെയാണു് കാര്യങ്ങള്‍)

  എന്തുകൊണ്ടു് മലയാളം മലയാളത്തിലെഴുതണം എന്നതിനു് എന്റെ വാദമുഖങ്ങള്‍ ഇവിടെ.

  റാല്‍മിനോവിന്റെ കീബോര്‍ഡ് ഇവിടെ.

  ഇന്‍സ്ക്രിപ്റ്റ് ലേഔട്ട് പ്രകാരം നിര്‍മ്മിക്കുന്ന കീബോര്‍ഡ് (ഹാര്‍ഡ്‌വെയര്‍) പുറത്തിറക്കി മാര്‍ക്കറ്റ് ചെയ്യാന്‍ സന്നദ്ധതയുള്ള ഒരു സംരംഭകരനെ ആണു് ആവശ്യം.