Wednesday, May 21, 2008

ഫിസിക്കല്‍ ആക്റ്റിവിറ്റി

കഴിഞ്ഞ ശനിയാഴ്ച വീണ്ടും ലങ്ക കിലുങ്ങി.

(ലിങ്കുകള്‍ തോറും പാറി നടന്നു് അറിവു സമ്പാദിക്കാന്‍ മടിയുള്ളവര്‍ക്കു് ഇതാ ഗുളികരൂപം. മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിച്ചവര്‍ ഈ ഗുളികരൂപം വായിക്കണമെന്നില്ല.

പണ്ടൊരിക്കല്‍ പളുങ്കു് എന്ന സിനിമയുടെ പ്രസക്തഭാഗങ്ങള്‍ റ്റി. വി.യില്‍ കണ്ടുകൊണ്ടിരുന്ന ഞാന്‍, “ഈ വീട്ടില്‍ ഇന്നേ വരെ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ?” എന്നു നായിക നായകനോടു ചോദിക്കുന്നതു കേട്ടു
ഞെട്ടുകയും, നായിക പറഞ്ഞതു് കുടുംബ പ്രവര്‍ത്തനം എന്നല്ല, കുടുംബ പ്രാര്‍ത്ഥന എന്നായിരുന്നുവെന്നു് പിന്നീടു് മനസ്സിലാക്കുകയുമുണ്ടായി. ഈ അസുഖത്തിനു് ഇംഗ്ലീഷു ഭാഷയില്‍ Mondegreen എന്നാണു് പറയുന്നതെന്നു് പറഞ്ഞുതന്നതു് രാജേഷ് വര്‍മ്മയാണു്. Mondegreen എന്നതിന്‍റെ മലയാള പരിഭാഷയായി രാജേഷിന്‍റെ സംഭാവനയാണു് “ലങ്ക കിലുങ്ങുക”.)

കേരളത്തിലെ ചില സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍, സീയാറ്റില്‍ മലയാളികളില്‍ പ്രമുഖരായ സന്തോഷ് നായരും സന്തോഷ് പടിയത്തും സന്തോഷ് മാത്യുവും, പിന്നെ, ഈയുള്ളവനും (എന്തൊരു വിനയം!) ജനക്കൂട്ടങ്ങളെ ഒഴിവാക്കി ജീവിച്ചുവരികയായിരുന്നെങ്കിലും സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ നിന്നും പുറത്തുവന്ന ദിവസമായതിനാലും നാട്ടില്‍ നിന്നും അമേരിക്കയ്ക്കു വന്നു ബോറടിച്ചിരിക്കുന്ന സുഹൃത്തുക്കളുടെ അച്ഛനമ്മമാര്‍ക്കു “എല്ലാരേയും കാണണമെന്നു” വാശിയായതിനാലും, ഈ സീസണിലെ ആദ്യത്തെ പുറം‍ലോക പാര്‍ട്ടിയായതിനാലുമാണു് ഇക്കഴിഞ്ഞ ശനിയാഴ്ച ഭാര്യയും മകനും ഞാനും യഥാസമയം പാര്‍ക്കിലെത്തി ഗോവിന്ദിന്‍റെ ഒന്നാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കുകൊണ്ടതു്.

സുഹൃത്തുക്കളോടു് ഉപചാരവാക്കുകളൊക്കെപ്പറഞ്ഞു് കട്‍ലറ്റും മറ്റു ചെറുതീറ്റസാധനങ്ങളുമിരിക്കുന്ന മേശനോക്കി പായവേ, ഒരു വശത്തുനിന്നു് കയ്യിലൊരു പിടിവീണു.

“എടോ, എങ്ങോട്ടാ ഈ ഓടുന്നേ?” സുഹൃത്തായ ഹരിയുടെ അച്ഛനാണു്.

“കഴിഞ്ഞ പ്രാവശ്യം കണ്ടതില്‍ നിന്നും വല്ലാതായല്ലോ!” ഭാര്യ സാധാരണ പറയാറുള്ള വാചകങ്ങള്‍ ഞാന്‍ കടമെടുത്തു.

“എടോ, I am 68. Do you think I will get better as I get older?”
“അച്ഛാ, ഇവര്‍ക്കൊക്കെ മലയാളം മനസ്സിലാവും, ട്ടോ!” ഹരി ഇടപെട്ടു.
“നീ പോടാ!”

ഇതൊക്കെ കേട്ടുകൊണ്ടു് ജോജോയും സംഭാഷണത്തില്‍ പങ്കുചേര്‍ന്നു.

ഹരിയുടെ അച്ഛന്‍ തുടരുകയാണു്: “സന്തോഷിന്‍റെ മുടിയൊക്കെ അങ്ങുമിങ്ങും നരച്ചു തുടങ്ങിയല്ലോ... ഫിസിക്കല്‍ ആക്റ്റിവിറ്റിക്ക് കുറവുണ്ടൊ?” ചോദ്യം ചോദിച്ചു കഴിഞ്ഞു് ഒരു കള്ളച്ചിരിയും.

ഞാന്‍ ഒന്നു പരുങ്ങി. അച്ഛന്‍റെ പ്രായമുള്ള മാന്യ ദേഹമാണു്. ഇദ്ദേഹത്തോടു് എങ്ങനെയാണു് ഈ ചോദ്യത്തിനുത്തരം പറയുക. ഞാന്‍ സുഹൃത്തിനെ നോക്കി. പിന്നെ ഹരിയുടെ അച്ഛനെ നോക്കി. അതു കഴിഞ്ഞു് ചുറ്റും നോക്കി. പിന്നെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:

“ഏയ്, അങ്ങനെയൊന്നുമില്ല!”

ഹരിയുടെ അച്ഛനുണ്ടോ വിടുന്നു: “എന്നു വച്ചാല്‍?”

ഇനിയും മടിച്ചു നിന്നിട്ടു കാര്യമില്ല. എന്തും വരട്ടെയെന്നുവച്ചു ഞാന്‍ പറഞ്ഞു: “ഇല്ല!”

“എടോ താനൊക്കെ ഇങ്ങനെ തുടങ്ങിയാലെങ്ങനാ? വീട്ടിലൊരുത്തനുണ്ടു്, അവനോടു പറഞ്ഞിട്ടും ഒരു കാര്യവുമില്ല...”

“കഴിക്കാനെടുത്തിട്ടു വരാം,” സംഭാഷണം കേട്ടുകൊണ്ടിരുന്ന സുഹൃത്തിനെ ഒരു വിധത്തില്‍ ഞാന്‍ അവിടുന്നു മാറ്റി നിറുത്തി ചോദിച്ചു:
“ജോജോ, മേനോന്‍ സാറു് എന്തിനാ എന്‍റെ ഫിസിക്കല്‍ ആക്റ്റിവിറ്റിയെപ്പറ്റി ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുന്നതു്? ഹരിയോടു പറഞ്ഞിട്ടു കാര്യമില്ല പോലും!”

“എന്തു ഫിസിക്കല്‍ ആക്റ്റിവിറ്റി? സന്തോഷ് ഫിസിക്കല്‍ ചെക്കപ്പിനു് പോകാറുണ്ടോ എന്നല്ലേ സാറു് ചോദിച്ചതു്?”

11 പ്രതികരണങ്ങൾ:

 1. jinsbond007

  സത്യമായിട്ടും ഫിസിക്കല്‍ ആക്റ്റിവിറ്റിക്കു കുറവുണ്ടോ? അല്ല സംശയം ചോദിച്ചെന്നേയുള്ളൂ.

 2. ആഷ | Asha

  ഹ ഹ

  ആ ലിങ്ക് ഇനി നോക്കിയേച്ചും പോവാം.

 3. സന്തോഷ്

  മേനോന്‍ സാറിനോടു് പറഞ്ഞ അതേ ഉത്തരം തന്നെ jinsbond007-നോടും: “ഇല്ല!”

  ലിങ്കുകളില്‍ ക്ലിക്കി ആഷ ആകെ ചുറ്റിപ്പോയെന്നു തോന്നുന്നല്ലോ:)

 4. മെര്‍കുഷിയോ Mercutio

  ഓ ടി> mondegreenനെ പറ്റി. പൊന്നാന്നിയില്‍ ഒരു കുടിയപ്പാനി ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടു. അക്കാലത്ത് --1960ല്‍-- ഇറങ്ങിയ ഒരു ബോക്സ് ഓഫീസു വിജയമാ‍ായിരുന്ന Love in Tokyo. അതിലെ ഗാനങ്ങളെല്ലാം പ്രസിദ്ധമായിരുന്നു. അതിലെ ഒരു ഹിറ്റ് ഗാനം കുടിയപ്പാനി സ്കൂള്‍ ഡെയ്ക്ക് പാടിപോലും;

  ജപ്പാന്‍, ലവ് ഇന്‍ ടോക്യോ
  ലെ ഗയി ദില്‍ കുടിയപ്പാനി
  പാഗല്‍ മുജ്ജെ കര്‍ ദിയ...

  അന്നു മുതലാണു കുടിയപ്പാനി എന്നു പേരു വന്നതു. ശരിയായുള്ള വരികള്‍;

  ജപ്പാന്‍, ലവ് ഇന്‍ ടോക്യോ
  ലെ ഗയി ദില്‍ ഗുഡിയ ജപ്പാന്‍ കി...

  ഇങ്ങനെ അന്യ ഭാഷകളിലെ പാട്ടുകള്‍ തെറ്റിച്ചു പാടുന്നതിനു mondegreen പോലെയുള്ള ഒരു വാക്കാണു Soramimi.

 5. ബിരിയാണിക്കുട്ടി

  :)ഈ അഛന്മാരുടെ ഒരു കാര്യം!

  ബൈദബൈ, സിയാറ്റിലില്‍ താമസിക്കണമെങ്കില്‍ പേര്‌ സന്തോഷ് എന്നാക്കണോ? :)

  പിന്നെ അവസാനം പറഞ്ഞ ആള്‍ ചാലിശ്ശേരി ആണൊ?

 6. കണ്ണൂസ്‌

  ഇത് ലങ്ക കിലുങ്ങിയതൊന്നുമല്ല സന്തോഷേ, നല്ല ചങ്കു കലങ്ങുന്ന താങ്ങ് കിട്ടാഞ്ഞിട്ടാ. അല്ലെങ്കില്‍ പിന്നെ ഈ ഒരു വിഷയം കേള്‍ക്കാന്‍ മാത്രമേ ലങ്ക കിലുങ്ങൂ? :)

 7. സന്തോഷ്

  നന്ദി മെര്‍കുഷിയോ.

  ബിരിയാണിക്കുട്ടി: അതെ, ചാലിശ്ശേരി തന്നെ.

  കണ്ണൂസേ: ചെവിക്കാ കുഴപ്പം എന്നു കരുതിയിരിക്കുകയയിരുന്നു. ചങ്കിനാണല്ലേ? അതു കലക്കിയാല്‍ ശരിയാവും എന്നാണോ? :)

 8. പാഞ്ചാലി :: Panchali

  "കുടുംബ പ്രവര്‍ത്തനം, ഫിസിക്കല്‍ അക്റ്റിവിറ്റി ഇങ്ങനെ തുടരെ തുടരെ കണ്‍ഫ്യൂഷന്‍ വരുന്നതു ഒരു അസുഖമാണോ ഡോക്ടര്‍"?
  ചോദിച്ചു ഡോക്ടറോട്.

  "ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും"

  എന്നായിരുന്നു ഡോക്ടറുടെ മറുപടി...

  (o
  ---}-)) - )
  (o

  (don't get confused...എന്റെ പുതിയ സ്മൈലി തന്നെ...)

 9. ആഷ | Asha

  ലിങ്കുകളില്‍ ക്ലിക്കി ക്ലിക്കി ഞാനാകെ ചുറ്റി പോയി.:)

  പിന്നെ പാഞ്ചാ‍ലീ, അതു സ്മൈലിയാന്ന് പറഞ്ഞത് നന്നായി അല്ലേ പിന്നെ അതു വേറെ വല്ലതുമാണെന്ന് ആലോചിച്ച് അടുത്ത പോസ്റ്റ് വന്നേനേം.

 10. വഴിപോക്കന്‍ from CBI

  ഫിസിക്കല്‍ ആക്ട്ടിവിട്ടിയെ കുറിച്ചു ചോദിച്ചപ്പോള്‍ പരുങ്ങാന്‍ കാരണം? "മറ്റെ അച്ഛന്‍റെ" കഥക്ക് വല്ല മറുപടിയും ഡോക്ടര്‍ തന്നോ? ഇതെല്ലാം തമ്മില്‍ എന്തോ കണക്ഷന്‍സ് ഇല്ലേ? എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ?

 11. സന്തോഷ്

  വഴിപോക്കാ... വരികള്‍ക്കിടയില്‍ വായിക്കല്ലേ:)