Tuesday, January 20, 2009

നേരത്തേ പറഞ്ഞിരുന്നെങ്കില്‍

ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം രാത്രി 1:44. ഇനിയും കുറേ നേരമുണ്ടല്ലോ വെളുത്തുകിട്ടാന്‍ എന്നാലോചിച്ചു് തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചു. തോളിലെ വേദന കാരണം ഉറങ്ങാന്‍ പറ്റുന്നില്ല.

ഒന്നു മയങ്ങി; വീണ്ടും ഉണര്‍ന്നു. സമയം 1:56. ഇനിയും എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ല. ഭാര്യ എന്നു പറയുന്നവള്‍ക്കു് ഇതു വല്ലതും അറിയണോ? യാതൊരു കുലുക്കവുമില്ലാതെ കിടന്നുറങ്ങുന്നുണ്ടു്. വേദനമൂലം ഉറങ്ങാന്‍ കഴിയാതെ വിഷമിക്കുന്നതൊന്നും അറിയേണ്ടല്ലോ ഇവര്‍ക്കൊന്നും.

ഞാന്‍ വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇപ്പോള്‍ ഉറക്കം പോയിട്ടു് മയക്കം പോലും വരുന്നില്ല.

“അതേ, എനിക്ക് തോളില്‍ ഭയങ്കര വേദന,” ഞാന്‍ പതുക്കെ പറഞ്ഞു.

ആരു കേള്‍ക്കാന്‍?

“ഇവിടെ ബെന്‍‍ഗെ ഇരുപ്പുണ്ടോ?” അരണ്ട വെളിച്ചത്തില്‍ ഞാന്‍ തപ്പിത്തടഞ്ഞു. യാതൊരു മറുപടിയുമില്ല.

കുറച്ചു വെള്ളം കുടിക്കാം എന്നു കരുതിയപ്പോള്‍ വെള്ളപ്പാത്രം കാലിയാണ്. അര ഗ്ലാസ് വെള്ളമിരിപ്പുണ്ടു്.

“ഇതു് ഇന്നു് എടുത്തതാണോ, അതോ പഴയതോ?” ചോദ്യം ബധിരകര്‍ണ്ണങ്ങളിലേയ്ക്കു പറന്നകന്നു.

“ഹലോ? ഞാന്‍ പറയുന്നതു വല്ലതും കേള്‍ക്കുന്നുണ്ടോ?” ഞാന്‍ അല്പം കൂടി സ്വരമുയര്‍ത്തി.

“എന്താ?” എന്നു ചോദിച്ചുകൊണ്ടു് ഭാര്യ ഞെട്ടിയുണര്‍ന്നു.

“അപ്പോള്‍ ഞാന്‍ ചോദിച്ചതൊന്നും കേട്ടില്ലേ?”

“ഇല്ല. എന്തു പറ്റി?”

“എനിക്കേ തോളില്‍ നല്ല വേദനയുണ്ട്. ഉറങ്ങാന്‍ പറ്റുന്നില്ല. ബെന്‍‍ഗെ നോക്കി; കാണുന്നില്ല. ഈയിരിക്കുന്ന വെള്ളം പഴയതാണെന്നു് തോന്നുന്നു.”

“ഇതിനാണോ ഇവിടെക്കിടന്നു് പരവേശം കാണിക്കുന്നതു്? ആ പെയിന്‍ കില്ലര്‍ എടുത്ത് കഴിച്ചിട്ടു് കിടന്നാല്‍ പോരേ?”

“അതു ശരിയാണല്ലോ. ഞാന്‍ അക്കാര്യം ആലോചിച്ചതേയില്ല. ഇതെന്താ നിനക്കു് നേരത്തേ പറയാമായിരുന്നില്ലേ? വെറുതേ ഇത്രയും നേരം വെറുതേ വേദന തീറ്റിച്ചു!”

12 പ്രതികരണങ്ങൾ:

 1. Umesh::ഉമേഷ്

  ഇങ്ങനെയാവുമെന്നു നേരത്തേ പറഞ്ഞിരുന്നെങ്കിൽ വായിക്കാതിരിക്കാമായിരുന്നു.

  ഭാര്യയെ കുറ്റം പറയുന്നതു നിർത്തി വല്ല നല്ല പോസ്റ്റും എഴുതൂ സന്തോഷേ...

 2. സന്തോഷ്

  ങേ, ഇതിലും നല്ല പോസ്റ്റോ? ഉമേഷേ, വെറുതേ വാശിപിടിപ്പിക്കല്ലേ!

 3. Shalu

  പ്രിയ ഭര്‍ത്താവേ , ഉറങ്ങുന്നവരെ ഉണര്‍ത്തുന്നത് പാപം ആകുന്നു. അടുത്ത ജന്മം ഉറക്കം കിട്ടാതെ പണ്ടാരമടങ്ങും .
  (വേറൊരു സെയിം പിച്ച് ഭാര്യ )

 4. സന്തോഷ്

  ഷാലുവേ, എഴുതിവന്നപ്പോള്‍ എഴുതിയതിന്‍റെ അര്‍ത്ഥം പറയാനുദ്ദേശിച്ച കാര്യത്തില്‍ നിന്നും ഏറെ മാറിപ്പോയില്ലേ? :)

  (വായനക്കാരോടു്: സത്യമായും എനിക്കു് ഒരു ഭാര്യയേ ഉള്ളൂ. :))

 5. വഴിപോക്കന്‍

  ചെ, ഇതിനാണോ പെണ്ണിനെ വിളിച്ചുണര്‍ത്തിയത്. എല്ലാ വേദനകള്‍ക്കും ഉള്ള ഒറ്റമൂലി ആധുനിക ചിലന്തി ലോകത്തിലുള്ള‍ വിവരം അറിയില്ലേ? കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭാര്യയുടെ സ്വഭാവത്തില്‍ കുറ്റം കാണാതെ, ആ സ്വഭാവം തനിക്ക് എങ്ങിനെ മെച്ചപെടുത്താം എന്നാലോചിക്കൂ. അപ്പോള്‍ വേദനകളെല്ലാം പമ്പ കടക്കും.

  എന്നാലും, ആരായിരിക്കാം യീ shalu? സന്തോഷ് വളരെ ശക്തമായി പ്രതികരിച്ചിരിക്കുന്നു,

 6. ശ്രീ

  അത്രയല്ലേ പറഞ്ഞുള്ളൂ... ആശ്വാസം
  ;)

 7. ഹരിത്

  എങ്ങിനെയാ തോളില്‍ വേദനയുണ്ടായത്? ഇവിടെ ഷാലുവിനോടു പറഞ്ഞതുപോലെ ആരോടെങ്കിലും നേരില്‍ സംവദിച്ചോ?
  കണ്ടാലറിയാത്ത (സന്തോഷ് )പിള്ള..........കൊണ്ടാലറിയും.:)

 8. Umesh::ഉമേഷ്

  ഹരിത്,

  ലക്ഷ്മീദേവി തോളിൽ വന്നു കൂടുമ്പോഴാണു തോളിൽ വേദന വരുന്നതു്. (കട: ഐതിഹ്യമാല) അതുകൊണ്ടു് നനഞ്ഞ തോർത്തുമുണ്ടു് ഇട്ടും പെയിൻ കില്ലർ കഴിച്ചും അതു കളയല്ലേ സന്തോഷേ..

  പല്ലെടുത്തതിന്റെ പിറ്റേന്നും തോളുവേദന ഉണ്ടാവും. ബോധം കെടുത്തിയതിനു ശേഷം ദന്തഡോക്ടർമാർ സാധാരണ തോളിൽ ചവിട്ടിപ്പിടിച്ചുകൊണ്ടാണു് പല്ലു വലിച്ചു പറിക്കാറുള്ളതു് :)

  ഹരിത് അയ്യേയെസ്സിനു പഠിച്ചെന്നു പണ്ടൊരു കമന്റിൽ എഴുതിയിരുന്നല്ലോ. ഇതൊന്നും പഠിച്ചില്ലേ?:)

 9. ഹരിത്

  ഉമേഷ്, ഇപ്പോള്‍ മങ്ങാട്ടച്ഛന്‍ കഥ ഓര്‍മ്മ വന്നൂ! എന്താണീന്നെറയില്ല ഈയിടെയായി വല്ലാത്ത ഒരു അംനെഷ്യ! ഇപ്പോള്‍ ഐ ഏ എസ്സ് എഴുതി ജയിക്കുന്നവര്‍ക്കു ഈ കഥകളൊന്നും അറീയില്ല, പിന്നെയാണു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഐ ഏ എസ്സിനു പഠിച്ചു തോറ്റ എനിയ്ക്ക്!
  ആരോ പല്ലടിച്ചു പറിച്ചതാവാമെന്ന സൂചന ആദ്യകമന്‍റില്‍ത്തന്നെ ഞാന്‍ കൊടുത്തിര്രുന്നു. പിന്നെ ഇക്കൊണോമിക് ഫാളൌട്ടിന്‍റെ ഈ സമയത്ത് ലക്ഷ്മീദേവിയാവാനുള്ള സാദ്ധ്യത തീരെ കൂറവാണുതാനും
  :)

 10. സതീശ് മാക്കോത്ത്| sathees makkoth

  വേദനസംഹാരി കഴിക്കാൻ മാത്രേ ഭാര്യ പറഞ്ഞുള്ളൂ? ബാക്കി ഊഹിച്ചെടുത്തിരിക്കുന്നു:)

 11. Babu Kalyanam | ബാബു കല്യാണം

  ഉമേഷിന്റെ കമന്റ് കലക്കി :-)

 12. സന്തോഷ്

  ബാബൂ, ഉമേഷിന്‍റെ ആദ്യത്തെ കമന്‍റോ എട്ടാമതായി വന്ന കമന്‍റോ കലക്കിയതു്? :)